Sunday, 3 February 2019

സണ്ണി
സത്യനാഥനാണ് പറഞ്ഞത് , സണ്ണി നഗരത്തിലെ ഒരു ഹോസ്പിറ്റലില്‍   ഉണ്ട് .അല്‍പ്പം സീരിയസ് ആണെന്ന് തോന്നുന്നു.

 അയാള്‍ ഒരു ബന്ധുവിനെയും കൊണ്ട് ആശുപത്രിയില്‍ പോയതായിരുന്നു . അപ്പോഴാണ് ക്ഷീണിച്ച് അവശനായ സണ്ണിയെ ഒരു വീല്‍ ചെയറില്‍ കൊണ്ട് പോകുന്നത് കണ്ടത് .  ഭാര്യ മാത്രമേ കൂടെയുണ്ടായിരുന്നുള്ളൂ. സംസാരിക്കാന്പറ്റിയില്ല.
            
  സണ്ണിക്ക് അസുഖമാണ് എന്നൊരു ശ്രുതി സുഹൃത്തുക്കളുടെ ഇടയില്പരന്നിരുന്നു. വിവരം അറിയാന്വിളിച്ചവര്ക്കൊന്നും മറുപടി കിട്ടിയില്ല. ലാന്റ് ഫോണ്നിലവിലില്ല എന്ന അനൌണ്സ്മെന്റ് മാത്രം. അടുത്തു താമസിച്ചിരുന്ന ജോര്ജ്ജാണ് പറഞ്ഞത്. സണ്ണിക്ക് ക്യാന്സറാണ്. പുറത്തെവിടെയോ ആണ് ചികിത്സ. വിവരം കേട്ട് ജോര്ജ്ജ് വിളിച്ചിരുന്നു .ആരും ടെലഫോണ്എടുത്തില്ല. ജോര്ജ്ജ് അന്വേഷിച്ചു ചെന്നു. വീടിനകത്ത് സണ്ണിയുടെ സംസാരം കേട്ട പോലെ തോന്നി. ബെല്ലടിച്ചു  കുറച്ചു നേരം കഴിഞ്ഞു ഒരു തടിച്ച സ്ത്രീ വന്നു. ഇവിടെ ആരുമില്ല എന്ന് പറഞ്ഞു വാതിലടച്ചു പോയി. കുറച്ചു നേരം നിന്ന് അയാള്പിന്തിരിഞ്ഞു.  പോരുമ്പോള്എതിര്വശത്തെ വീട്ടിലെ വൃദ്ധനാണ് പറഞ്ഞത്.

അവര്ക്ക് ആരെയും കാണുന്നത് ഇഷ്ടമല്ല 
            
         ധാരാളം സുഹൃത്തുക്കള്ഉള്ള ആളായിരുന്നു സണ്ണി. ഡിപ്പാര്‍ട്ട്മെന്‍റിലും പുറത്തും ധാരാളം സുഹൃത്തുക്കള്‍ . ഡിപ്പാര്‍ട്ട്മെന്‍റ്  ജോലിക്കു പുറമെ അയാള്‍ പല സംരംഭങ്ങളും തുടങ്ങി. കഠിനമായി അദ്ധ്വാനിച്ചു. രാത്രി വൈകിയും ഓരോരോ ജോലികള്‍ ചെയ്തു.
             

         ധാരാളം പൈസ ഉണ്ടാക്കുകയും ചെയ്തു. പെണ്‍ കുട്ടികള്‍ രണ്ടു പേരെയും നല്ല നിലയില്‍ വിവാഹം കഴിപ്പിച്ചു.  മകന് വിദേശത്തു   ജോലിയും കിട്ടി. സണ്ണിയും അദ്ധ്യാപികയായിരുന്ന ഭാര്യയും റിട്ടയര്‍ ചെയ്തു. റിട്ടയര്‍മെന്‍റിന് കിട്ടിയ പൈസ കൊണ്ട് നഗരത്തില്‍ പല പ്ലോട്ടുകളും വാങ്ങി. സണ്ണി എപ്പോഴും തിരക്കിലായിരുന്നു.
            

        ഒരിക്കല്‍ കണ്ടപ്പോള്‍ എന്നോടു പറഞ്ഞു . “സ്വര്‍ണ്ണം ബാങ്കില്‍ വെച്ചു കാര്‍ഷിക വായ്പ്പയെടുത്താല്‍ 4 ശതമാനം പലിശയേ ഉള്ളൂ ,അത് നമ്മുടെ സോസൈറ്റിയില്‍    ഇട്ടാല്‍ 12 ശതമാനം കിട്ടും. “ അതായിരുന്നു സണ്ണി.
ആ സണ്ണിയാണ് പെട്ടെന്നു പൊതു സൌഹൃദങ്ങളില്‍ നിന്നു അപ്രത്യക്ഷനായത് .
             
       ബാബുവിനെയും കൂട്ടിയാണ് ഹോസ്പിറ്റലിലേക്ക് പോയത്. ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു സണ്ണി. ആരാടാ എന്നു ചോദിച്ചാല്‍  മീശ ഒന്നു പിരിച്ചു എന്താടാ എന്നു ചോദിക്കുന്ന സണ്ണി , പതുക്കെ തിരിഞ്ഞു ഞങ്ങളെ നോക്കി കണ്ണിറുക്കുന്ന സണ്ണി , ആ സണ്ണിയുടെ ഒരു നിഴലാണ് ഹോസ്പിറ്റല്‍ ബെഡില്‍ കണ്ടത്. ടീച്ചര്‍ സണ്ണിയുടെ പുറം തടവിക്കൊടുക്കുകയായിരുന്നു.  ഞങ്ങളെക്കണ്ടതും തെല്ല് അവിശ്വസനീയമായി ടീച്ചര്‍ ഒന്നു നോക്കി. കൂടെ എങ്ങിനെ അറിഞ്ഞു എന്നൊരു ചോദ്യവും.

            കസേരയില്‍ ഇരിക്കാന്‍ പോയ എന്നോടു അടുത്ത് ബെഡില്‍ ഇരിക്കാന്‍ പറഞ്ഞു സണ്ണി.
             
          ചികില്‍സ വെല്ലൂര്‍ ആയിരുന്നു. ഇനി പാലിയേറ്റീവ് ശുശ്രൂഷ മതിയെന്ന് പറഞ്ഞു വിട്ടതാണ്. വീട്ടില്‍ അവര്‍ എന്തു ചെയ്യാനാണ്? അത് കൊണ്ട് നഗരത്തിലെ   ആശുപത്രിയില്‍ അഡ് മിറ്റാക്കി. ടെസ്റ്റുകളും പുതിയ ചികില്‍സകളും ഇല്ലാത്ത രോഗിയെ  ഇവര്‍ക്കും വേണ്ടാ. പോകാന്‍ നിര്‍ബ്ബന്ധിക്കുന്നു. റൂം റെന്റ്റു മൂന്നിരട്ടിയാക്കി........
             
           വെറുതെ മക്കളുടെ കാര്യം തിരക്കി. മകന്‍ കഴിഞ്ഞ ആഴ്ച വന്നിരുന്നു. നാലു ദിവസം കൂടെ നിന്നു. തിരിച്ചു പോയില്ലെങ്കില്‍ ജോലി പോകും. നിസ്സഹായനാണ്. ബന്ധുക്കളെല്ലാം അയാളെ കുറ്റപ്പെടുത്തുന്നു. അയാളുടെ നിസ്സഹായത ടീച്ചര്‍ക്കറിയാം. പത്തനം തിട്ടയിലുള്ള മകള്‍ അങ്ങോട്ട് കൊണ്ട് ചെന്നാല്‍ നോക്കാം എന്നു പറയുന്നു. ഗള്‍ഫില്‍ ഉള്ള മകള്‍ക്ക്  കുട്ടികളുടെ പഠിത്തം പ്രശ്നമാണ് ......
           
           “ആരും വേണ്ടാ ഞാന്‍ നോക്കിക്കോളാം “ ടീച്ചര്‍ പറഞ്ഞു നിര്‍ത്തി. രണ്ടു പേരുടെയും പെന്‍ഷനുണ്ട് . അതൊരു വലിയ തുകയാണെന്നാണ് കരുതിയിരുന്നത്.  പക്ഷേ തികയുന്നില്ല. ഏതെങ്കിലും പ്ലോട്ട് വില്‍ക്കാം എന്നു വെച്ചാല്‍ ഇപ്പോള്‍ വില തീരെ ഇല്ല.

            ചില സന്ദര്‍ഭങ്ങളില്‍  മൌനമാണ് ഉചിതം. ഞാന്‍   സണ്ണിയുടെ കൈ പിടിച്ച് ആ കണ്ണുകളിലേക്ക്  നോക്കി വെറുതെ ഇരുന്നു. പെട്ടെന്നു സണ്ണി വിതുമ്പി. അയാള്‍ ലജ്ജയില്ലാതെ കരഞ്ഞു. ഒരു നിമിഷം എന്തു ചെയ്യണമെന്ന്  അറിയാതെ ഞാന്‍ നിസ്സഹായനായി. അപ്പോഴാണ് ടീച്ചര്‍ പറഞ്ഞത് –പഴയ സുഹൃത്തുക്കളേ കണ്ടാല്‍ സണ്ണി കരയും. എത്ര പറഞ്ഞാലും മാറ്റമില്ല.

            ഞാന്‍ ആ കയ്യില്‍ മുറുക്കിപ്പിടിച്ചു.  ആ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. സണ്ണീ തനിക്ക് സുഖമില്ല . നമ്മള്‍ ചികില്‍സിക്കുന്നു. ചിലപ്പോള്‍ നമ്മള്‍ രക്ഷപ്പെട്ടേക്കും. അല്ലെങ്കില്‍ നമ്മള്‍ മരിച്ചേക്കാം. പുല്ല്, മരിക്കട്ടെടോ. ഇത്രയും കാലം അന്തസ്സായി ജീവിച്ചു. ആരെയും പറ്റിച്ചില്ല. കഠിനമായി അദ്ധ്വാനിച്ചു . സമ്പാദിച്ചു. ഒരുത്തന്‍റെ മുന്നിലും തല കുനിച്ചില്ല.  ആരുടേയും ഔദാര്യവും പറ്റിയിട്ടില്ല. ആ തല ഉയര്‍ന്നു തന്നെ നില്‍ക്കട്ടെ. എന്നെക്കണ്ടപ്പോള്‍ സണ്ണി പൊട്ടിക്കരഞ്ഞു എന്നു ഒരുത്തനെക്കൊണ്ടും പറയിക്കരുത്........

സണ്ണി ചിരിച്ചു. ഞങ്ങള്‍ക്ക് സന്തോഷമായി. ഒരു മണിക്കൂറിലേറെ അവിടെ ഇരുന്നു ,ധാരാളം വര്‍ത്തമാനം പറഞ്ഞതിന് ശേഷമാണ് ഞങ്ങള്‍ പിരിഞ്ഞത്. പോരുമ്പോള്‍  ഇനിയും വരണമെന്ന് പറഞ്ഞു സണ്ണി.

അന്ന് രാത്രി സണ്ണി മരിച്ചു .

Monday, 12 November 2018

മുതലാളിപ്പള്ളി
            പെന്‍ഷന്‍ പറ്റി പിരിഞ്ഞാല്‍  ദിവസവും രാവിലെ പള്ളിയില്‍ പോകണം എന്ന് ഒരാശ ശ്രീമതി പണ്ടേ പറയുന്നതാണ്. എനിക്കു വിരോധം ഒന്നുമില്ല. പക്ഷേ പത്തു പന്ത്രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ആ ആശ അതേ പോലെ നില്‍ക്കുകയാണ്. 200 മീറ്റര്‍ പോയാല്‍ ഒരു പള്ളിയുണ്ട്. പോരെങ്കില്‍ അയല്‍ വാസികളായ രണ്ടു കുടുംബക്കാര്‍ എന്നും രാവിലെ കൂര്‍ബ്ബാനക്ക് പോകുന്നുമുണ്ട്. പക്ഷേ ശ്രീമതിയുടെ ആഗ്രഹം നടന്നിട്ടില്ല.

അയാള്‍ക്ക് എന്നെയും കൊണ്ട് പോകണം.

         എനിക്കു കുരിശ് കാണുമ്പോള്‍ ചെകുത്താനെ കാണുന്നത് പോലെയുള്ള തോന്നല്‍ ഒന്നുമില്ല. വേണ്ടവര്‍ പോകട്ടെ, വേണ്ട പുണ്യം നേടട്ടെ എന്നാണ് എന്‍റെ ഒരു ലൈന്‍ . അത് ഇപ്പോള്‍ ഏത് മത വിശ്വാസിയോടും എന്‍റെ ഒരു ലൈന്‍ അതാണ്. എന്നെ നിര്‍ബ്ബന്ധിക്കരുത്.  സ്വര്‍ഗ്ഗത്തില്‍ തന്നെ പോകണം എന്നൊരു നിര്‍ബ്ബന്ധവുമില്ലാത്ത ഒരു പാവമാണ് ഞാന്‍.

          അല്ലെങ്കില്‍ തന്നെ ഈ പ്രാര്‍ഥന എന്ന് കേള്‍ക്കുമ്പോഴേ എനിക്കു ഉറക്കം വരും. അത് കുട്ടിയായിരിക്കുമ്പോഴേ അങ്ങിനെയാണ്. പണ്ട് പറഞ്ഞിട്ടുള്ള ചതുരുപായങ്ങളും മാതാപിതാക്കള്‍ എന്‍റെ നേരെ പ്രയോഗിച്ചിട്ടുണ്ട്.  ഉപദേശങ്ങളും അടി , ഇടി, നുള്ളിപ്പറി തുടങ്ങിയ ദണ്ഡനങ്ങളും ലോഭമില്ലാതെ പ്രയോഗിച്ചിട്ടുണ്ട്. എഴുന്നേല്‍പ്പിച്ചു നിര്‍ത്തുക ,തലയില്‍ കിണ്ടിയിലെ വെള്ളം അപ്പാടെ കമിഴ്ത്തുക തുടങ്ങിയ ശിക്ഷകളും എന്നെ നന്നാക്കിയില്ല. ഞാന്‍ നിന്നും നനഞ്ഞും വീണ്ടും ഉറങ്ങി.

           സത്യം പറഞ്ഞാല്‍ എനിക്കു പ്രാര്‍ഥിക്കാന്‍ പ്രത്യേകമായി ഒന്നുമില്ല. സര്‍വ്വ ചരാചരങ്ങളെയും പാലിച്ച് വളര്‍ത്തുന്ന ദൈവത്തോട് ഈ പാവം ഞാന്‍ പ്രത്യേകിച്ചു എന്തെങ്കിലും പ്രാര്‍ഥിക്കേണ്ടതുണ്ടോ? അവന്‍റെ തലയില്‍ ഇടിത്തീ വീഴണം, അവനെ കൂത്ത് പാള എടുപ്പിക്കണം എന്നൊക്കെ പ്രാര്‍ഥിക്കുന്നത് ഒരു വക തേര്ഡ് റേറ്റ് ഇടപാടല്ലേ. തമ്പുരാന്‍ വെറുതെ ചിരിക്കും. മൂപ്പര്‍ക്കെല്ലാം  അറിയാം .പ്രത്യേക ചോദ്യവും കരച്ചിലും ഒന്നും വേണ്ട. അതാണ് എന്‍റെ ഒരു തോന്നല്‍. പോരെങ്കില്‍ ദൈവം സര്‍വ്വ വ്യാപിയല്ലേ . ഇനി അഥവാ പ്രാര്‍ഥിക്കണം എന്നുണ്ടെങ്കില്‍ തന്നെ നമ്മുടെ വീട്ടിലിരുന്നു സ്വസ്ഥമായി പ്രാര്‍ഥിച്ചാല്‍ പോരേ?

         പക്ഷേ ശ്രീമതി ചിലപ്പോള്‍ വയലന്‍റ്  ആകും . ഞായറാഴ്ച കൂര്‍ബ്ബാന കണ്ടിട്ട് മാസം ഒന്നായി, രണ്ടായി എന്നൊക്കെ ചൊറിയാന്‍ വരും. സത്യത്തില്‍ അവളുടെ ആത്മീയ കാര്യങ്ങള്‍ നോക്കേണ്ട ബാദ്ധ്യത എനിക്കുണ്ട്. പാവം. വേഗം റെഡിയായി ടൌണിലെ പള്ളിയിലേക്ക് തിരിക്കും. അവിടെ പോയാല്‍ രണ്ടുണ്ട് കാര്യം. പള്ളി എ സി യാണ്. ഇരിക്കാന്‍ നല്ല രസികന്‍ ചാരു ബഞ്ച്. എനിക്കു ഏകാഗ്രമായി ധ്യാനിക്കാം.  ടൌണിലെ പള്ളിയില്‍ പോകുന്നത് സത്യത്തില്‍ ഒരു പാക്കേജ് ആണ് . രാവിലെ പാരഗണില്‍ നിന്നു ടിഫിന്‍, അത് കഴിഞ്ഞു എ സി കൂര്‍ബ്ബാന , പിന്നെ ബീച്ചിലൂടെ ഒരു സവാരി . അത് കഴിഞ്ഞു ഒരു സിനിമ. ഉച്ചയൂണും കഴിഞ്ഞു വീട്ടിലേക്ക് പോരും. കുഴപ്പമില്ല.

             ഇന്ന് പക്ഷേ ശ്രീമതി പറഞ്ഞു  “ നമുക്ക്  മുതലാളിപ്പള്ളിയില്‍ പോകാം “ പരോപകാരിയും നല്ലവനുമായ ഒരു ഗള്‍ഫ് മുതലാളി പണിയിച്ചു കൊടുത്ത പള്ളിയാണ്. കവാടത്തില്‍ മുതലാളിയുടെ പേരുണ്ട്. മുതലാളിയുടെ മാത്രമല്ല ഭാര്യയുടെ, മക്കളുടെ , മരുമകന്‍റെ, എന്തിന് കൊച്ചു മക്കളുടെ വരെ പേര് ആലേഖനം  ചെയ്തിട്ടുണ്ട്. അദ്ദേഹം ഡിസൈന്‍ ചെയ്തു  നിര്‍മ്മിച്ചു കൊടുത്തതാണ്.  അഞ്ചു കോടിയാകും എന്നൊക്കെയാണ്  പണി തുടങ്ങുമ്പോള്‍ കേട്ടത്. തീര്‍ന്നപ്പോള്‍ 12 കോടിയായി , 15 കോടിയായി എന്നൊക്കെ കേട്ടിരുന്നു. എന്തോ ,കുശുമ്പു കൊണ്ടാകും ഞാന്‍ പോയില്ല.

          ഇന്നെന്തോ, മുതലാളിപ്പള്ളിയില്‍ പോകണം എന്ന ശ്രീമതിയുടെ ആഗ്രഹം സാധിച്ചു കൊടുക്കാം എന്ന് തീരുമാനിച്ചു. ഈ വയസ്സു കാലത്ത് ഞാനല്ലാതെ ആരാണ് അവള്‍ക്കൊരു തുണ?

              സത്യം പറയാമല്ലോ സംഗതി സൂപ്പര്‍ ആണ് കേട്ടോ. പള്ളിയുടെ അകം ശരിക്കും മനോഹരമാണ് . ലൈറ്റെല്ലാം ഇട്ടപ്പോള്‍  ഉള്ള  മാസ്മരികത ഒന്നു വേറെ തന്നെ. ചില ഭാഗങ്ങളൊക്കെ സ്വര്‍ണ്ണം പൊതിഞ്ഞതാണോ എന്ന് തോന്നിപ്പോകും. നല്ല സീറ്റിങ് അറേഞ്ച്മെന്‍റ്  . എല്ലാവര്ക്കും  സുഖ ശീതളിമ പകരുന്ന ഒറ്റ ഫാന്‍.  ഞാന്‍ സര്‍വ്വാംഗ പുളകിതനായി. കൂര്‍ബ്ബാന കഴിഞ്ഞു ശ്രീമതി തട്ടി വിളിച്ചപ്പോഴാണ് ഞാന്‍ ധ്യാനത്തില്‍ നിന്നു ഉണര്‍ന്നത്.

             ഞാന്‍ എന്താണ് പ്രാര്ഥിച്ചത്? നല്ല ഓര്‍മ്മയില്ല. മുതലാളിക്ക് ഒന്നിന് പത്തായി കൊടുക്കണമേ എന്നായിരിക്കും .അല്ലാതെ എന്തു പ്രാര്‍ഥിക്കാന്‍? വെട്ടത്താന്‍

Related Posts Plugin for WordPress, Blogger...