Google+ Followers

Monday, 30 December 2013

ക്ലിയോപാട്ര
   
ഞാന്‍ ഇന്നലെ ക്ലിയോപാട്രയെ കണ്ടു. കൊശവന്‍ കൃഷ്ണപ്പിള്ളയുടെ ശ്രീകൃഷ്ണാ ലോഡ്ജിന്‍റെ മുന്നിലൂടെ പോകുന്ന രാജവീഥിയിലൂടെ സായാഹ്ന സവാരിക്കിറങ്ങിയതായിരുന്നു തമ്പുരാട്ടി.      ആറാം നമ്പര്‍ മുറിയുടെ മുന്നില്‍ ,വിടരാത്ത ചെമ്പരത്തിപ്പൂ മാത്രം പൂക്കുന്ന എന്‍റെ പൂന്തോട്ടത്തിലേക്കു നോക്കിയിരിക്കുകയായിരുന്നു ഞാന്‍. എന്‍റെ മുന്നില്‍ മാദക സൌന്ദര്യം കൊണ്ട് ലോകത്തെ വിഭ്രമിപ്പിച്ച മാദകത്തിടമ്പു. കണ്‍മുന കൊണ്ട് ചക്രവര്‍ത്തിമാരെ അമ്മാനമാടിയ മായാമോഹിനി.

   

എന്‍റെ സ്വപ്നങ്ങളിലെ മഹാറാണി ഇളം മഞ്ഞ സാരി ചുറ്റിയിരുന്നു. കയ്യില്‍ കരി വളകള്‍ .കവിളില്‍ പൌഡര്‍  .ചുണ്ടില്‍ ലിപ്സ്റ്റിക്ക്. (എന്‍റെ പ്രണയിനി ചെയ്യുന്നതുപോലെ വിടരാത്ത ഒരു ചെമ്പരത്തിപ്പൂ മഹാറാണിക്ക് ചൂടാമായിരുന്നു. )

   

മഹാറാണി തനിച്ചല്ല. ചുറ്റും ഏഴെട്ട് അകമ്പടിക്കാര്‍ . കൈലിമുണ്ടും വട്ടക്കെട്ടും വേഷം. ചുണ്ടില്‍ ബീഡിക്കറ. ഇവരുടെ  വാളുകള്‍ എവിടെപ്പോയി?എനിക്കാകെ വിഷമമായി.

എവിടെ വാളുകള്‍  ?

എവിടെ വെണ്‍ ചാമരം ?

എവിടെയാണ് പന്തികേട് ?ഒരു മണിക്കൂര്‍ കഴിഞ്ഞു മഹാറാണി തിരിച്ചെഴുന്നെള്ളി. ദ്രുതഗതിയിലായിരുന്നു ചലനം. കയ്യില്‍ കരിവളകളില്ല. ചുണ്ടില്‍ ലിപ്സ്റ്റിക്ക് ഇല്ല.സര്‍വ്വോപരി- അകമ്പടിക്കാരില്ല.പരിഷകള്‍ എവിടെപ്പോയി?“തമ്പുരാട്ടീ........” സ്വരം എന്‍റെ കണ്ഠത്തില്‍ തടഞ്ഞു.

എന്‍റെ മഹാറാണി തിരിഞ്ഞു നോക്കി. വേദന കലര്‍ന്ന ഒരു മന്ദഹാസം സമ്മാനിച്ചു നടന്നു നീങ്ങി.

“എന്‍റെ പൊന്നു തമ്പുരാട്ടീ .......”(1970ല്‍ എഴുതിയത്)

വെട്ടത്താന്‍

 


Friday, 13 December 2013

ഒരു പ്രണയ ഗീതം.(ഇതൊരു പഴയ കവിതയാണ് (?) വിദ്യാര്‍ത്ഥി കാലത്തുള്ളത്. പ്രണയം  ക്ലച്ച് പിടിക്കാതിരുന്നത് കൊണ്ട് കവിയുടെ (കവിതയുടെ ) കൂമ്പു വാടിപ്പോയി. )

ഓര്‍മ്മയില്‍ നിന്നു എടുത്തെഴുതുന്നു.…


ഉല്‍ക്കടം ഹൃത്തിന്‍ മോഹം 

ചിറകിട്ടടിക്കുന്നെന്‍

സ്വപ്നചാരിണിപ്പക്ഷി

നിന്നടുത്തണയുവാന്‍


ഉല്‍സ്സുകം മമ ഹൃത്തിന്‍

തന്ത്രിയിലോരായിരം

രാഗമാലികള്‍

നിന്‍ കഴുത്തിലണിയുവാന്‍.
ഉണരുമവാച്യാമാം

രോമഹര്‍ഷങ്ങളെത്ര

നിന്‍ നറും ചിരി തന്നില്‍

ചിരം ജീവിയായ്ത്തീരാന്‍ .
അലറും തിരകളെ

ന്നലയാഴിയിലെത്ര

അഭയം തീരങ്ങളില്‍

നുരയായലിയുവാന്‍.......

വെട്ടത്താന്‍
 

Friday, 25 October 2013

കാര്യങ്ങള്‍ മാത്തന്‍ ഏഡ് തീരുമാനിച്ചാല്‍ മതി (യോ?)
   കാര്യങ്ങളുടെ പോക്ക് കാണുമ്പോള്‍, എല്ലാം നമ്മുടെ ഹെഡ് കോണ്‍സ്റ്റബിള്‍ മാത്തന്‍ അങ്ങുന്നു തീരുമാനിക്കുന്ന പഴയ അവസ്ഥ വീണ്ടും വരുന്നോ എന്നൊരു സംശയം.

    സ്വാതന്ത്ര്യം കിട്ടി, ആറ് പതിറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ അവിടെയും ഇവിടെയും പതുങ്ങി നിന്നിരുന്ന പഴയ പോലീസുകാരും സര്ക്കാര്‍ സേവകരും കച്ചേരിയിലെ അങ്ങത്തമാരും വീണ്ടും അധികാരം കയ്യാളാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ഭരണാധികാരികള്‍   നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ പാടില്ല. എല്ലാം തങ്ങള്‍ കരുതുന്നത് പോലെയാകണം, അല്ലെങ്കില്‍ കേസ്സെടുത്തു അകത്താക്കും എന്നതാണു പുതിയ ലൈന്‍. രാഷ്ട്രീയക്കാരെല്ലാം അഴിമതിക്കാരും കോടതിയിലും പോലീസിലും മീശപിരിച്ചിരിക്കുന്നവര്‍ നിസ്വാര്‍ത്ഥ സേവകരും ആണെന്നാണ്  അവരുടെ ഭാവം. പൊതുവേ രാഷ്ട്രീയക്കാരുടെ അഴിമതി അനുഭവിച്ചു മടുത്ത ജനത്തിന്‍റെ കയ്യടിയും അവര്‍ക്ക് കിട്ടുന്നുണ്ട്. പക്ഷേ ഈ പോക്ക് എങ്ങോട്ടാണ്?

Wednesday, 9 October 2013

മരണവുമായി മുഖാമുഖം
    അനുഭവം ഗുരു” എന്നു പറഞ്ഞത് ആരാണ്? ആരാണെങ്കിലും അത് പൊളിയാണ്. മനുഷ്യന്‍ അനുഭവത്തില്‍ നിന്നും ഒന്നും പഠിക്കുന്നില്ല.  ചുരുങ്ങിയത് എന്‍റെ കാര്യത്തിലെങ്കിലും അതാണു സത്യം. സ്വാഭാവികമായുള്ള എടുത്തുചാട്ടം എന്നെ പല അപകടങ്ങളിലും കൊണ്ടെത്തിച്ചിട്ടുണ്ട്. വീണ്ടുവിചാരത്തിന്‍റെ നിമിഷങ്ങളില്‍ അത്തരം സ്വഭാവം ആവര്‍ത്തിക്കില്ല എന്നു സ്വയം പറഞ്ഞു ഉറപ്പിക്കുമെങ്കിലും പലപ്പോഴും എനിക്കു നിയന്ത്രണം വിട്ടു പോകും.

Sunday, 1 September 2013

നമുക്ക് പ്രതീക്ഷിക്കാം.

    നമ്മുടെ നാട് വളരെ വിഷമം പിടിച്ച ഒരു കാലഘട്ടത്തിലൂടെ കടന്നു പോകുകയാണ്. ഒരു പക്ഷേ 1991ന്‍റെ ഒരു തനിയാവര്‍ത്തനം ആണോ വരുന്നത് എന്നൊരു സംശയം പലരുടേയും മനസ്സിലുണ്ട്. അന്ന് ഇന്ത്യാ മഹാരാജ്യത്തിന്‍റെ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ രാജ്യത്തിന്‍റെ ഭണ്ഡാരത്തില്‍ ആകെയുണ്ടായിരുന്ന 67 ടണ്‍ സ്വര്‍ണ്ണം പണയം കൊടുത്തു ഐ.എം.എഫില്‍ നിന്നു 2.3 ബില്ല്യണ്‍ ഡോളര്‍ കടം വാങ്ങി. നമ്മുടെ വിദേശ നാണയ ശേഖരം വെറും 1.2 ബില്ല്യണ്‍ ഡോളര്‍ മാത്രമായിരുന്നു. പണം കിട്ടാനുള്ളവര്‍ മുറവിളി കൂട്ടുമ്പോള്‍ ആകെയുള്ള ഒരു തരി പൊന്ന് പണയം വെച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഗൃഹനാഥന്‍റെ വഴിയേ രാജ്യത്തിന്‍റെ പ്രധാനമന്ത്രിക്കും ഉണ്ടായിരുന്നുള്ളൂ.

Sunday, 4 August 2013

അടയ്ക്കാകുരുവിയുടെ രോദനം.

    ഉച്ചക്ക് രണ്ടുമണി തൊട്ട് മൂന്നുവരെയാണ് ഞങ്ങള്‍ക്ക് പവര്‍ കട്ട്. വല്ലാത്ത സമയം. ഒരു ഇല അനങ്ങാത്ത നിശ്ചലതയില്‍ വേവുകയാണ് മനുഷ്യര്‍. പുരുഷന്‍മാര്‍ക്ക് വെറുമൊരു കള്ളിമുണ്ട് ഉടുത്തു ഉഷ്ണത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കാം. സ്ത്രീകളുടെ കാര്യം കഷ്ടം തന്നെ. കാലാവസ്ഥക്കനുസരിച്ച് ഒരു ഒറ്റമുണ്ട് ഉടുത്തു വീട്ടിനുള്ളില്‍പോലും നില്ക്കാന്‍ വയ്യ. ആരെങ്കിലും അറിയുകയോ കാണുകയോ ചെയ്താല്‍ മാനം പോകും. പതിറ്റാണ്ടുകള്‍ മുന്പ് വരെ ഒരു വലിയ സമൂഹത്തിനു മാറു മറയ്ക്കാന്‍ പോലും അനുവാദം ഇല്ലാതിരുന്ന നാടാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. വിയര്‍പ്പ് വീണു നനഞ്ഞൊട്ടിയ തുണികളുമായി എരിപൊരി കൊള്ളാനാണ് അവരുടെ വിധി.

Friday, 12 July 2013

അന്നമ്മ
            ഞാനും ഭാര്യയും കൂടി അന്നമ്മച്ചേടത്തിയെ കാണാന്‍  പോയതായിരുന്നു. നഗരത്തിലെ ഒരു  വൃദ്ധ മന്ദിരത്തിലായിരുന്നു അവര്‍.    കൂടെ അനുജത്തി, ഞങ്ങള്‍ “പൊട്ടിച്ചേടത്തി” എന്നു വിളിച്ച് വന്ന ബ്രിജീത്താച്ചേടത്തിയുമുണ്ട്. പരുപരുത്ത തുണിയുടെ നൈറ്റി ധരിച്ച വൃദ്ധകളും പരുക്കന്‍ തുണികൊണ്ടുള്ള കുപ്പായവും കള്ളിമുണ്ടും ധരിച്ച വൃദ്ധന്മാരും അവിടവിടെ കൂടി നില്‍ക്കുകയോ എന്തെങ്കിലും ചെറു പണികള്‍ എടുക്കുകയോ ചെയ്യുന്നുണ്ട്.

Friday, 28 June 2013

കവി   
    ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു  . ഒരു കല്യാണം ഉറപ്പിക്കല്‍. ലളിതമായ ചടങ്ങാണു. കുറച്ചു പേരെ ഉള്ളൂ.  കാപ്പിയൊക്കെ കുടിച്ചു അവിടെയുള്ള കാരണവന്‍മാരോട് “കത്തി” വെച്ചു ഇരിക്കയായിരുന്നു ഞാന്‍. പെണ്‍ വീട്ടുകാര്‍ വരാന്‍ ഇനിയും സമയമുണ്ട്. അതുവരെ സമയം പോക്കണം. അകത്തെവിടെയോ നിന്നു കടമ്മനിട്ട സ്റ്റൈലില്‍ ഉള്ള ഒരു ആലാപനം കേള്‍ക്കാം. ഇടക്കിടക്ക് അത് ആവര്‍ത്തിക്കുന്നുമുണ്ട്. കേള്‍ക്കാനൊരു സുഖമൊക്കെയുണ്ട്. എന്താണ് സംഭവം എന്നു ആലോചിച്ചിരിക്കെ ഒരാള്‍ ബാബുവിനെ കൂട്ടിക്കൊണ്ടുവന്നു. ചെറുക്കന്‍റെ അമ്മാവനാണ് കക്ഷി. മൂപ്പര്‍ എഴുതി ആലപിച്ച കവിത എങ്ങിനെയുണ്ടെന്ന് നോക്കണം.

Wednesday, 12 June 2013

ഓമന
    രാവിലെ തന്നെ ഓഫീസിലെത്തി ജോലി തുടങ്ങിയതായിരുന്നു അയാള്‍. മറ്റുള്ളവര്‍ വരുന്നതിന് മുന്‍പുള്ള ഒന്നൊന്നര മണിക്കൂര്‍, ശാന്തമായി ജോലി ചെയ്യാന്‍ ഏറ്റവും പറ്റിയ സമയമാണ്. സന്ദര്‍ശകരോ ഫോണ്‍ വിളിയോ ഇല്ലാത്ത സമയം. പോരെങ്കില്‍ പ്രഭാതത്തിലെ സുന്ദരമായ അന്തരീക്ഷവും. മൊബൈല്‍ റിങ്ങ് ചെയ്തപ്പോള്‍ ഭാര്യയാവുമെന്ന് കരുതി. ഓഫീസില്‍ എത്തിയിട്ട് തിരിച്ചുവിളിച്ചില്ലെങ്കില്‍  അവര്‍ക്ക് സ്വസ്ഥതയില്ല. നോക്കുമ്പോള്‍ വേറെ ഏതോ നമ്പറാണ്. അയാള്‍ ഫോണ്‍ എടുത്തു.

Saturday, 25 May 2013

ചക്കിന് വെച്ചത്.

        ശ്രീശാന്ത് വാതുവെപ്പുകാരുടെ കൂടെ ചേര്‍ന്നോ, ഒത്തു കളിച്ചോ എന്നൊന്നും എനിക്കറിയില്ല. ഒരു മലയാളി എന്ന നിലയില്‍ അയാളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിക്കാറുണ്ട്. ശ്രദ്ധിക്കാറുണ്ട്. അയാളുടെ പ്രതിഭയില്‍ ആര്‍ക്കും സംശയമുണ്ടാകേണ്ട കാര്യമില്ല. സൌരവ് ഗാംഗുലി പറഞ്ഞത് പോലെ ഏറ്റവും നല്ല ഫാസ്റ്റ് ബൌളര്‍മാരില്‍ ഒരാളാണ് ശ്രീശാന്ത്. പക്ഷേ തുടക്കം തൊട്ടേ വിവാദവും അയാളുടെ കൂടെയുണ്ട്. കൂടുതലും അയാളുടെ കയ്യിലിരിപ്പുകൊണ്ടു തന്നെയാണ്. പിന്നെപ്പിന്നെ അയാളെന്തുചെയ്താലും അത് കുറ്റമായി മാറുകയും ചെയ്തു. മലയാളികളുടെ ഇടയിലും ശ്രീ ജനപ്രിയനല്ല. നമ്മുടെ നാടന്‍ ക്രിക്കറ്റര്‍മാരും അയാളുടെ മിടുക്ക് പ്രകീര്‍ത്തിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. അയാളുടെ കുറവുകളെക്കുറിച്ച് എന്നും കേള്‍ക്കാറുമുണ്ട്. ഒരു പെര്‍വേര്‍ട്ടഡ് ജീനിയസ് ആണ് അയാള്‍ എന്നാണ് സ്വയം തോന്നിയിട്ടുള്ളത്. ആളുകളെ വെറുപ്പിക്കാന്‍ അയാള്‍ക്കൊരു പ്രത്യേക കഴിവ് തന്നെയുണ്ട്. അതുകൊണ്ടു തന്നെയാവും തന്‍റെ കുറ്റങ്ങള്‍ക്കും കുറവുകള്‍ക്കും അര്‍ഹിക്കുന്നതിലും ഏറെ അളവില്‍ പഴി അയാള്‍ക്ക് കേള്‍ക്കേണ്ടി വരാറുള്ളത്.

Monday, 22 April 2013

ശകുന്തളാദേവിക്ക് ആദരാഞ്ജലികള്‍.

    രാവിലെ 6.05ന്‍റെ റേഡിയോ വാര്‍ത്തയില്‍ ശകുന്തളാദേവിയുടെ മരണ വാര്‍ത്ത കേട്ടപ്പോള്‍ പെട്ടെന്നു എന്‍റെ മനസ്സ്  വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് പോയി.

Saturday, 20 April 2013

കാണാതെ പോകുന്ന വാര്‍ത്തകള്‍

    വാര്‍ത്ത എന്നാല്‍ വിവാദം അല്ലെങ്കില്‍ അപവാദം എന്നു വ്യവഹരിക്കാവുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. മറ്റെല്ലാ രംഗങ്ങളിലുമുള്ള മൂല്യച്യുതി മീഡിയായെയും ബാധിച്ചു എന്നു വേണമെങ്കില്‍ പറഞ്ഞൊഴിയാം. പക്ഷേ യാഥാര്‍ത്ഥ്യം അതിലും ഭീകരമാണ്. നമ്മുടെ ദേശീയ മീഡിയാകള്‍ വെറും ചവറുകളായി മാറിയിട്ടു കുറച്ചുകാലമായി. എണ്ണപ്പെട്ടവരെന്നും ജനാധിപത്യത്തിന്‍റെ കാവല്‍ ഭടന്മാരെന്നും വിശേഷിപ്പിക്കപ്പെട്ടിരുന്ന പലരും വെറും അധികാര ദല്ലാള്‍മാരാണെന്നും അവരുടെ സ്കൂപ്പുകള്‍ പലതും പെയ്ഡ് ന്യൂസുകളാണെന്നും നാമറിഞ്ഞു. ചിലരെ ഉയര്‍ത്താനും മറ്റ് ചിലരെ ഇകഴ്ത്താനുമുള്ള ഉപാധി മാത്രമായി മീഡിയാ മാറിക്കഴിഞ്ഞു.

Wednesday, 20 March 2013

ചില കുടുംബ കാര്യങ്ങള്‍.

    ഇന്നലെ കാലത്ത് എനിക്കു ഒരു സന്ദര്‍ശകനുണ്ടായിരുന്നു. എന്‍റെ    നാട്ടുകാരനും അയല്‍ക്കാരനുമാണ്. വല്ലപ്പോഴും വരും. സ്വന്തം പ്രശ്നങ്ങളുടെ കെട്ടഴിക്കും. വേറൊരാളോടാണ് പറയുന്നതെന്ന് പരിഗണിക്കാതെ എല്ലാം വിട്ടു പറയും. എന്‍റെ ഭാര്യക്ക് കക്ഷിയെ അത്ര പിടിക്കില്ല. അയാളുടെ ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും കുറ്റങ്ങള്‍ തുറന്നടിക്കുന്നത് കൊണ്ടാണ്. പിന്നെ, വന്നാല്‍ ഉടനെ ഒന്നും പോകില്ല. ഔചിത്യം നോക്കാതെ ചടഞ്ഞു കൂടുന്നവരെ “അളിയന്‍” എന്നാണവള്‍  വിളിക്കുക. അളിയന്‍മാര്‍ ഓരോ സ്ഥലത്തും ഉണ്ടാവാറുണ്ട്. മറ്റുള്ളവരുടെ സാഹചര്യം മനസ്സിലാക്കാതെ ചടഞ്ഞു കൂടുന്നവര്‍. ബാബുവിനും ഞങ്ങളുടെ ഇടയിലെ വിളിപ്പേര് “അളിയന്‍” എന്നു തന്നെ.  
    രണ്ടു ദിവസം മുന്‍പ് ബാബു വിളിച്ചിരുന്നു. അയാളുടെ ജ്യേഷ്ഠന്‍റെ ഭൂമി ഒരു കേസില്‍ പെട്ടു നഷ്ടപ്പെട്ടു. കേറിക്കിടക്കാന്‍ കൂരയില്ലാതായി. തല്‍ക്കാലം മകളുടെ വീട്ടില്‍ കൂടുകയാണ് ,അയാള്‍ അങ്ങോട്ട് പോകുകയാണ് എന്നു പറഞ്ഞു. ബാബുവിന്‍റെ സഹോദരന്‍ ഒരു നല്ല മനുഷ്യനായിരുന്നു. അങ്ങിനെയുള്ളവരെയാണല്ലോ കുബുദ്ധികള്‍ക്ക് എളുപ്പം പറ്റിക്കാന്‍  കഴിയുക. എനിക്കു വിഷമം തോന്നി. ഞങ്ങളുടെ നാട്ടില്‍ ആയിരുന്നപ്പോള്‍ ഒരു വിധം നല്ല നിലയില്‍ കഴിഞ്ഞിരുന്നവരാണ്. കഠിനാദ്ധ്വാനിയായിരുന്നു ബാബുവിന്‍റെ ചേട്ടന്‍.   അയാളുടെ വിയര്‍പ്പ് വീണു കുതിര്‍ന്ന മണ്ണായിരുന്നു അവരുടേത്. അവരുടെ അച്ഛന്‍റെ  പിടിവാശിക്ക് ആ ഭൂമി വിറ്റു നാട് വിട്ടതാണ്. വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം കാണുമ്പോള്‍  ബാബു നഗരത്തിലെ  ആശുപത്രിയില്‍ ജോലിയാണ്. മകളെ കല്യാണം കഴിച്ചു അയച്ചു. മകന് വിവാഹം അന്യോഷിക്കുന്നു. അല്ലലില്ലാത്ത ജീവിതം. ഒരു വിഷമം മാത്രം മകന്‍റെ പഠിത്തം അങ്ങ് ശരിയായില്ല. അംഗീകാരമില്ലാത്ത ഒരു പ്രൈവറ്റ് കോഴ്സ്  പഠിച്ചു ഒരു ചെറിയ ജോലിയുമായി കഴിയുകയാണ് പയ്യന്‍.

    ഒരു വര്‍ഷം മുന്‍പ് ബാബു വന്നിരുന്നു. രണ്ടു മണിക്കൂര്‍ സമയം അയാള്‍ തന്‍റെ ജീവിതത്തിന്‍റെ മാറാപ്പു എന്‍റെ മുന്നില്‍ തുറന്നിട്ടു. മകന്‍റെ കല്യാണം ശരിയാവുന്നില്ല. നല്ല നല്ല ആലോചനകള്‍ വരുന്നുണ്ട്. പക്ഷേ പയ്യന്‍ അടുക്കുന്നില്ല. തീരെ നിസ്സാര കാരണങ്ങള്‍ പറഞ്ഞു ഒഴിവാക്കിക്കളയുന്നു. അവന്‍റെ കുറവുകള്‍ അവന്‍ അറിയുന്നില്ല. പോരെങ്കില്‍ അവന് തീരെ അനുസരണയില്ല. അച്ഛനോടും അച്ഛന്‍റെ    വാക്കിനോടും ഒരു ബഹുമാനവുമില്ല. മകന്‍ അച്ഛനെ കൈകാര്യം ചെയ്യുമോ  എന്നു ഭയക്കുന്നു എന്നുവരെ അയാള്‍ പറഞ്ഞു വെച്ചു. ഞാന്‍ അയാള്‍ക്ക് ആത്മ വിശ്വാസം പകരുന്ന വിധത്തില്‍ സംസാരിച്ച് പതുക്കെ ഒഴിവാക്കി വിട്ടു.

    അഞ്ചു മാസം മുന്‍പായിരുന്നു ബാബുവിന്‍റെ മകന്‍റെ വിവാഹം.   കൊള്ളാവുന്ന ഒരു കുടുംബത്തില്‍ നിന്നാണ്. പെണ്‍കുട്ടി നഗരത്തിലെ  ഒരാശുപത്രിയില്‍ ജോലി ചെയ്യുന്നു. ബി.എസ്.സി നേഴ്സാണു.   ബാബുവും ഭാര്യയും അതീവ സന്തുഷ്ടരായി കാണപ്പെട്ടു. മാതാപിതാക്കള്‍  പെണ്‍ മക്കളെ കല്യാണം കഴിച്ചു വിടുമ്പോള്‍ പയ്യന്‍റെ വിദ്യാഭ്യാസ  യോഗ്യതയൊന്നും നോക്കാറില്ലെ എന്നൊരു കുശുമ്പു മനസ്സില്‍  മുളപൊട്ടിയെങ്കിലും ഞാനതടക്കി. ബാബുവിന്‍റെ ജീവിതം  സന്തോഷകരമായിരിക്കട്ടെ എന്നു മനസ്സില്‍ ആശംസിക്കുകയും ചെയ്തു.

    എന്‍റെ മുന്നിലിരിക്കുന്ന ബാബുവിനെ നോക്കുമ്പോള്‍ ഞാന്‍ കാണുന്നത് അയാളുടെ അച്ഛനെയാണ്.അത്രയും തടിയില്ല പക്ഷേ ആറടിക്ക് മേലുള്ള ഉയരവും സ്വാര്‍ത്ഥത ഒളിഞ്ഞിരിക്കുന്ന കണ്ണുകളും ഒരു കൌശലക്കാരന്‍റെ മുഖവും ബാബുവിന് പകര്‍ന്നു കിട്ടിയിട്ടുണ്ട്. ആരോടും സ്നേഹമില്ലാത്ത, ഒരു വെറും സ്വാര്‍ത്ഥനായിരുന്നു ആ മനുഷ്യന്‍. മക്കളോ നാട്ടുകാരോ അയാളെപ്പറ്റി നല്ലതൊന്നും പറഞ്ഞുകേട്ടിട്ടില്ല. മൂത്തമകന്‍റെ ഭാര്യ അയാളുടെ ക്രൂരതകളെപ്പറ്റിപറഞ്ഞു കരയുമായിരുന്നു. മരിക്കുന്നതുവരെ അയാള്‍ മക്കളെ പീഡിപ്പിച്ച് കൊണ്ടിരുന്നു. അയാളുടെ മരണം മക്കള്‍ക്ക് ആശ്വാസമായിരുന്നു എന്നു തന്നെ പറയാം. ആയ കാലത്ത് തല ഉയര്‍ത്തി നടന്ന അയാള്‍ പരിഹാസ്യനായാണ് മരിച്ചത്. അയാളെ കാണാതെ പരിചയക്കാര്‍ ഒഴിഞ്ഞു മാറുമായിരുന്നു. എന്നാലും ദിവസവും പുതിയ താമസസ്ഥലത്ത് നിന്നു മൂന്നു മൈല്‍ നടന്നു അയാള്‍ ഞങ്ങളുടെ നാട്ടിലെത്തും. ആദ്യകാലങ്ങളില്‍ സുഹൃത്തുക്കളുടെ കടകളായിരുന്നു അയാളുടെ വിഹാരരംഗം. പിന്നെ പിന്നെ എന്നും ബസ് സ്റ്റോപ്പില്‍ കാണുന്ന ഒരു കിഴവനെന്ന പേര് അയാള്‍ക്ക് വീണു. ആരെങ്കിലും പരിചയക്കാരെ കണ്ടാല്‍ ചെറു തുകകള്‍ ചോദിക്കാന്‍ അയാള്‍ക്ക് മടിയില്ലാതായി. 

    “എന്താണ് പ്രശ്നം”? ബാബു വിസ്തരിച്ചിരുന്നു. എന്നിട്ട് ചിരിച്ചുകൊണ്ടു പറഞ്ഞു “മരണ ഭീതി, എന്‍റെ മകന്‍ എന്നെ കൊല്ലുമോ എന്ന ഭീതി.”  തരിച്ചിരിക്കുന്ന എന്നെ നോക്കി അയാള്‍ പറഞ്ഞു. മകനെക്കൊണ്ടു വലിയ പ്രശ്നമായിരിക്കുന്നു. ചിലപ്പോള്‍ അവന്‍ വല്ലാതെ വയലന്‍റ് ആകുന്നു. മറ്റൊരു നഗരത്തില്‍ ജോലിചെയ്തിരുന്ന മകനെ ഇവിടെ കൊണ്ടുവന്നു ജോലി വാങ്ങിക്കൊടുത്തു. ഇപ്പോള്‍ അയാളെക്കൊണ്ട് ഒരു രക്ഷയുമില്ല. പോരെങ്കില്‍ ഭാര്യക്ക് തീരെ സുഖമില്ല.

“അയാളുടെ കല്യാണം കഴിഞ്ഞതല്ലെ ഉള്ളൂ. അയാള്‍ ഭാര്യയോട് എങ്ങിനെയാണ്?
“അതല്ലേ തമാശ. അയാള്‍ക്ക് അവളെ തീരെ വിശ്വാസമില്ല. അവളുടെ ബന്ധുക്കളായ പുരുഷന്മാരോട് സംസാരിക്കുന്നതു ഇഷ്ടമല്ല. അല്ലെങ്കിലും അവന് ചേര്‍ന്ന പെണ്ണാണോ അവള്‍? കണ്ടാല്‍ ഒരു വര്‍ക്കത്തില്ല. പോയി കണ്ടതെ അവന് ഇഷ്ടപ്പെട്ടു എന്നു പറഞ്ഞു. ഞങ്ങള്‍ നടത്തിക്കൊടുത്തു. അത്രയേ ഉള്ളൂ.”
“പെണ്‍ കുട്ടി കാണാന്‍ അത്ര മോശമല്ലല്ലോ”
“അത്ര മോശമല്ല ,എന്നാലും അവന്‍റെ അത്ര സൌന്ദര്യമില്ല.”
“അത് ശരി, പ്രീഡിഗ്രീ തോറ്റ് ഒരു കടലാസ് കോഴ്സും പാസ്സായി മാസം അയ്യായിരം വാങ്ങുന്ന അവന് കിട്ടിയ ലോട്ടറിയല്ലേ ഈ പെണ്‍ കുട്ടി ”?
“കാര്യം ഒക്കെ ശരിയാണ് പക്ഷേ അവന് മനസ്സിലാവണ്ടേ? ഒഴിഞ്ഞു പോകുന്നെങ്കില്‍ പോകട്ടെ എന്നൊരു മട്ടാണ് അവന്.
“അവര് തമ്മില്‍ എപ്പോഴും വഴക്കാണോ?”
“അതല്ലേ തമാശ ചിലപ്പോള്‍ വലിയ സ്നേഹമാണ്. ഞങ്ങള്‍ ഇരിക്കുന്നു എന്ന തോന്നല്‍ പോലുമില്ല”
“അതെന്താ”
കഴിഞ്ഞ ദിവസം ഞങ്ങള്‍ എല്ലാവരും കൂടി ടി.വി കണ്ടുകൊണ്ടിരിക്കുമ്പോള്‍ അവള്‍ അവന്‍റെ മടിയില്‍ കിടന്നു.
താനെവിടെയായിരുന്നു ഇരുന്നതു ?
ഞാന്‍ മുന്നില്‍.
അവരോ?
അവര്‍ ഏറ്റവും പുറകില്‍.
താനെന്തിനാ തിരിഞ്ഞു നോക്കിയത്?
ഞാനല്ല ,അമ്മയാണ് കണ്ടത്.
പെണ്‍ കുട്ടി ഗര്‍ഭിണിയാണോ?
അതല്ലേ തമാശ. ദൈവം നീതിമാനാണ് എന്നതിന് വേറെ തെളിവ് വേണ്ട.
അതെന്താ 
എന്തായിരുന്നു അവളുടെ ഗര്‍വ്വ്. എന്തൊക്കെയാണ് പറഞ്ഞുകൂട്ടിയത് .ദൈവം പൊറുത്തില്ല.
എന്താ അവള്‍ പറഞ്ഞത്.
ഞാനെന്‍റെ മോനേ നാടന്‍ കോഴിയെപ്പോലെ അഴിച്ചുവിട്ടു വളര്‍ത്തും.ഒരിക്കലും ബ്രോയിലര്‍ കോഴിയെപ്പോലെ കൂട്ടിലിട്ട് വളര്‍ത്തില്ല എന്നു. ആ അഹമ്മതി ദൈവം ക്ഷമിച്ചില്ല.
ദൈവം എന്താ ചെയ്തത്?
നാലുമാസം കഴിഞ്ഞപ്പോള്‍ പിന്നെ കുട്ടിക്ക് വളര്‍ച്ചയില്ല. അവസാനം ടെര്‍മിനേറ്റ് ചെയ്യേണ്ടി വന്നു.
ഞാന്‍ ബാബുവിന്‍റെ മുഖത്തേക്ക് നോക്കി.ആ മുഖത്ത് ദുഖത്തിന്‍റെ ലാഞ്ചനപോലുമില്ല. എതിരാളിയെ തോല്‍പ്പിച്ചവന്‍റെ ഗര്‍വ്വ് മാത്രം.
“തന്‍റെ മകന് ദുഖമുണ്ടായില്ലെ?”
അതിനു അവന് മറ്റാരോടെങ്കിലും സ്നേഹമുണ്ടായിട്ടു വേണ്ടേ?
അവന് തന്‍റെ അച്ഛന്‍റെ ഛായയാണുള്ളത് .സ്വഭാവവും അതുപോലെ തന്നെ. തികഞ്ഞ സ്വാര്‍ത്ഥന്‍. ഇങ്ങിനെയുള്ളവര്‍ വിവാഹം കഴിക്കരുത്.
ഞാന്‍ പക്ഷേ അങ്ങിനെയല്ല.
ഞാന്‍ പറഞ്ഞില്ലല്ലോ. ആട്ടെ, മകന് അമ്മയെ ഇഷ്ടമാണോ?
പിന്നെ. ഇരുപത്തഞ്ചു വയസ്സു വരെ അമ്മയുടെ കൂടെയല്ലേ കിടന്നിരുന്നത്.
മകന്‍ കല്യാണം കഴിച്ചതിന് ശേഷമാണോ  ഭാര്യക്ക് സുഖമില്ലാതായത്.  
ഒരു തലവേദന. മാറുന്നില്ല.
ഭാര്യ പോയാല്‍   ഇവന്‍ പിന്നേയും അമ്മയുടെ കൂടെയാവുമോ കിടപ്പ്?
പെട്ടെന്നു ബാബുവിന് ഞാന്‍ കളിയാക്കുകയാണോ എന്നൊരു തോന്നല്‍. ആ മുഖം മുറുകി.
“ബാബു ഞാന്‍ കളിയാക്കിയത് തന്നെയാണ്. നിങ്ങള്‍ക്ക് ആ ചെറുപ്പക്കാരുടെ ജീവിതത്തില്‍ നിന്നു ഒഴിഞ്ഞു പോകാന്‍ പറ്റുമോ?”
ഒഴിഞ്ഞു പോകാനോ? ഞങ്ങളോ? അവളല്ലെ ഒഴിഞ്ഞു പോകേണ്ടത്?

ഞാനൊന്നും മിണ്ടിയില്ല. മിണ്ടിയിട്ടു കാര്യമില്ല.

വെട്ടത്താന്‍

Related Posts Plugin for WordPress, Blogger...