Monday 12 November 2018

മുതലാളിപ്പള്ളി




            പെന്‍ഷന്‍ പറ്റി പിരിഞ്ഞാല്‍  ദിവസവും രാവിലെ പള്ളിയില്‍ പോകണം എന്ന് ഒരാശ ശ്രീമതി പണ്ടേ പറയുന്നതാണ്. എനിക്കു വിരോധം ഒന്നുമില്ല. പക്ഷേ പത്തു പന്ത്രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ആ ആശ അതേ പോലെ നില്‍ക്കുകയാണ്. 200 മീറ്റര്‍ പോയാല്‍ ഒരു പള്ളിയുണ്ട്. പോരെങ്കില്‍ അയല്‍ വാസികളായ രണ്ടു കുടുംബക്കാര്‍ എന്നും രാവിലെ കൂര്‍ബ്ബാനക്ക് പോകുന്നുമുണ്ട്. പക്ഷേ ശ്രീമതിയുടെ ആഗ്രഹം നടന്നിട്ടില്ല.

അയാള്‍ക്ക് എന്നെയും കൊണ്ട് പോകണം.

         എനിക്കു കുരിശ് കാണുമ്പോള്‍ ചെകുത്താനെ കാണുന്നത് പോലെയുള്ള തോന്നല്‍ ഒന്നുമില്ല. വേണ്ടവര്‍ പോകട്ടെ, വേണ്ട പുണ്യം നേടട്ടെ എന്നാണ് എന്‍റെ ഒരു ലൈന്‍ . അത് ഇപ്പോള്‍ ഏത് മത വിശ്വാസിയോടും എന്‍റെ ഒരു ലൈന്‍ അതാണ്. എന്നെ നിര്‍ബ്ബന്ധിക്കരുത്.  സ്വര്‍ഗ്ഗത്തില്‍ തന്നെ പോകണം എന്നൊരു നിര്‍ബ്ബന്ധവുമില്ലാത്ത ഒരു പാവമാണ് ഞാന്‍.

          അല്ലെങ്കില്‍ തന്നെ ഈ പ്രാര്‍ഥന എന്ന് കേള്‍ക്കുമ്പോഴേ എനിക്കു ഉറക്കം വരും. അത് കുട്ടിയായിരിക്കുമ്പോഴേ അങ്ങിനെയാണ്. പണ്ട് പറഞ്ഞിട്ടുള്ള ചതുരുപായങ്ങളും മാതാപിതാക്കള്‍ എന്‍റെ നേരെ പ്രയോഗിച്ചിട്ടുണ്ട്.  ഉപദേശങ്ങളും അടി , ഇടി, നുള്ളിപ്പറി തുടങ്ങിയ ദണ്ഡനങ്ങളും ലോഭമില്ലാതെ പ്രയോഗിച്ചിട്ടുണ്ട്. എഴുന്നേല്‍പ്പിച്ചു നിര്‍ത്തുക ,തലയില്‍ കിണ്ടിയിലെ വെള്ളം അപ്പാടെ കമിഴ്ത്തുക തുടങ്ങിയ ശിക്ഷകളും എന്നെ നന്നാക്കിയില്ല. ഞാന്‍ നിന്നും നനഞ്ഞും വീണ്ടും ഉറങ്ങി.

           സത്യം പറഞ്ഞാല്‍ എനിക്കു പ്രാര്‍ഥിക്കാന്‍ പ്രത്യേകമായി ഒന്നുമില്ല. സര്‍വ്വ ചരാചരങ്ങളെയും പാലിച്ച് വളര്‍ത്തുന്ന ദൈവത്തോട് ഈ പാവം ഞാന്‍ പ്രത്യേകിച്ചു എന്തെങ്കിലും പ്രാര്‍ഥിക്കേണ്ടതുണ്ടോ? അവന്‍റെ തലയില്‍ ഇടിത്തീ വീഴണം, അവനെ കൂത്ത് പാള എടുപ്പിക്കണം എന്നൊക്കെ പ്രാര്‍ഥിക്കുന്നത് ഒരു വക തേര്ഡ് റേറ്റ് ഇടപാടല്ലേ. തമ്പുരാന്‍ വെറുതെ ചിരിക്കും. മൂപ്പര്‍ക്കെല്ലാം  അറിയാം .പ്രത്യേക ചോദ്യവും കരച്ചിലും ഒന്നും വേണ്ട. അതാണ് എന്‍റെ ഒരു തോന്നല്‍. പോരെങ്കില്‍ ദൈവം സര്‍വ്വ വ്യാപിയല്ലേ . ഇനി അഥവാ പ്രാര്‍ഥിക്കണം എന്നുണ്ടെങ്കില്‍ തന്നെ നമ്മുടെ വീട്ടിലിരുന്നു സ്വസ്ഥമായി പ്രാര്‍ഥിച്ചാല്‍ പോരേ?

         പക്ഷേ ശ്രീമതി ചിലപ്പോള്‍ വയലന്‍റ്  ആകും . ഞായറാഴ്ച കൂര്‍ബ്ബാന കണ്ടിട്ട് മാസം ഒന്നായി, രണ്ടായി എന്നൊക്കെ ചൊറിയാന്‍ വരും. സത്യത്തില്‍ അവളുടെ ആത്മീയ കാര്യങ്ങള്‍ നോക്കേണ്ട ബാദ്ധ്യത എനിക്കുണ്ട്. പാവം. വേഗം റെഡിയായി ടൌണിലെ പള്ളിയിലേക്ക് തിരിക്കും. അവിടെ പോയാല്‍ രണ്ടുണ്ട് കാര്യം. പള്ളി എ സി യാണ്. ഇരിക്കാന്‍ നല്ല രസികന്‍ ചാരു ബഞ്ച്. എനിക്കു ഏകാഗ്രമായി ധ്യാനിക്കാം.  ടൌണിലെ പള്ളിയില്‍ പോകുന്നത് സത്യത്തില്‍ ഒരു പാക്കേജ് ആണ് . രാവിലെ പാരഗണില്‍ നിന്നു ടിഫിന്‍, അത് കഴിഞ്ഞു എ സി കൂര്‍ബ്ബാന , പിന്നെ ബീച്ചിലൂടെ ഒരു സവാരി . അത് കഴിഞ്ഞു ഒരു സിനിമ. ഉച്ചയൂണും കഴിഞ്ഞു വീട്ടിലേക്ക് പോരും. കുഴപ്പമില്ല.

             ഇന്ന് പക്ഷേ ശ്രീമതി പറഞ്ഞു  “ നമുക്ക്  മുതലാളിപ്പള്ളിയില്‍ പോകാം “ പരോപകാരിയും നല്ലവനുമായ ഒരു ഗള്‍ഫ് മുതലാളി പണിയിച്ചു കൊടുത്ത പള്ളിയാണ്. കവാടത്തില്‍ മുതലാളിയുടെ പേരുണ്ട്. മുതലാളിയുടെ മാത്രമല്ല ഭാര്യയുടെ, മക്കളുടെ , മരുമകന്‍റെ, എന്തിന് കൊച്ചു മക്കളുടെ വരെ പേര് ആലേഖനം  ചെയ്തിട്ടുണ്ട്. അദ്ദേഹം ഡിസൈന്‍ ചെയ്തു  നിര്‍മ്മിച്ചു കൊടുത്തതാണ്.  അഞ്ചു കോടിയാകും എന്നൊക്കെയാണ്  പണി തുടങ്ങുമ്പോള്‍ കേട്ടത്. തീര്‍ന്നപ്പോള്‍ 12 കോടിയായി , 15 കോടിയായി എന്നൊക്കെ കേട്ടിരുന്നു. എന്തോ ,കുശുമ്പു കൊണ്ടാകും ഞാന്‍ പോയില്ല.

          ഇന്നെന്തോ, മുതലാളിപ്പള്ളിയില്‍ പോകണം എന്ന ശ്രീമതിയുടെ ആഗ്രഹം സാധിച്ചു കൊടുക്കാം എന്ന് തീരുമാനിച്ചു. ഈ വയസ്സു കാലത്ത് ഞാനല്ലാതെ ആരാണ് അവള്‍ക്കൊരു തുണ?

              സത്യം പറയാമല്ലോ സംഗതി സൂപ്പര്‍ ആണ് കേട്ടോ. പള്ളിയുടെ അകം ശരിക്കും മനോഹരമാണ് . ലൈറ്റെല്ലാം ഇട്ടപ്പോള്‍  ഉള്ള  മാസ്മരികത ഒന്നു വേറെ തന്നെ. ചില ഭാഗങ്ങളൊക്കെ സ്വര്‍ണ്ണം പൊതിഞ്ഞതാണോ എന്ന് തോന്നിപ്പോകും. നല്ല സീറ്റിങ് അറേഞ്ച്മെന്‍റ്  . എല്ലാവര്ക്കും  സുഖ ശീതളിമ പകരുന്ന ഒറ്റ ഫാന്‍.  ഞാന്‍ സര്‍വ്വാംഗ പുളകിതനായി. കൂര്‍ബ്ബാന കഴിഞ്ഞു ശ്രീമതി തട്ടി വിളിച്ചപ്പോഴാണ് ഞാന്‍ ധ്യാനത്തില്‍ നിന്നു ഉണര്‍ന്നത്.

             ഞാന്‍ എന്താണ് പ്രാര്ഥിച്ചത്? നല്ല ഓര്‍മ്മയില്ല. മുതലാളിക്ക് ഒന്നിന് പത്തായി കൊടുക്കണമേ എന്നായിരിക്കും .അല്ലാതെ എന്തു പ്രാര്‍ഥിക്കാന്‍?



 വെട്ടത്താന്‍

Related Posts Plugin for WordPress, Blogger...