Sunday, 4 August 2013

അടയ്ക്കാകുരുവിയുടെ രോദനം.





    ഉച്ചക്ക് രണ്ടുമണി തൊട്ട് മൂന്നുവരെയാണ് ഞങ്ങള്‍ക്ക് പവര്‍ കട്ട്. വല്ലാത്ത സമയം. ഒരു ഇല അനങ്ങാത്ത നിശ്ചലതയില്‍ വേവുകയാണ് മനുഷ്യര്‍. പുരുഷന്‍മാര്‍ക്ക് വെറുമൊരു കള്ളിമുണ്ട് ഉടുത്തു ഉഷ്ണത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കാം. സ്ത്രീകളുടെ കാര്യം കഷ്ടം തന്നെ. കാലാവസ്ഥക്കനുസരിച്ച് ഒരു ഒറ്റമുണ്ട് ഉടുത്തു വീട്ടിനുള്ളില്‍പോലും നില്ക്കാന്‍ വയ്യ. ആരെങ്കിലും അറിയുകയോ കാണുകയോ ചെയ്താല്‍ മാനം പോകും. പതിറ്റാണ്ടുകള്‍ മുന്പ് വരെ ഒരു വലിയ സമൂഹത്തിനു മാറു മറയ്ക്കാന്‍ പോലും അനുവാദം ഇല്ലാതിരുന്ന നാടാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. വിയര്‍പ്പ് വീണു നനഞ്ഞൊട്ടിയ തുണികളുമായി എരിപൊരി കൊള്ളാനാണ് അവരുടെ വിധി.

    കുറച്ചു നേരമായി ഒരു ചെറുകിളിയുടെ രോദനം കേള്‍ക്കാം. ഭാര്യയാണ് പറഞ്ഞത് ,അത് വെള്ളം കിട്ടാതെ കരയുകയാണ്. ഞാന്‍ മുറി തുറന്നു പുറത്തു ചെന്നു നോക്കി. നിത്യവഴുതനപ്പന്തലിന്‍റെ ചോട്ടിലിരിക്കുന്ന ബക്കറ്റിന്‍റെ മുകളില്‍ ഇരുന്നു ആ കിളി ദീന ദീനം കരയുന്നു. ബക്കറ്റില്‍ പകുതി വെള്ളമുണ്ട്. പക്ഷേ കുഞ്ഞുകിളിക്കൂ എത്തുകയില്ല. കഥയിലെ കാക്ക ചെയ്തതുപോലെ ബക്കറ്റില്‍ കല്ലുകളിട്ട് ജലനിരപ്പ് ഉയര്‍ത്താന്‍ അതിനു ത്രാണിയുമില്ല. എന്നെക്കണ്ടതെ അതിന്‍റെ തേങ്ങലിന്‍റെ ശക്തി കൂടി. ഞാന്‍ പതുക്കെ നടന്നു ചെന്നു ബക്കറ്റിലെ ജലം ഒരു കപ്പില്‍ നിറച്ചു വെച്ചു. ഞാന്‍ പോകാന്‍ പോലും കാത്തിരിക്കാതെ ആ കുഞ്ഞുകിളി പറന്നു വന്നു കപ്പില്‍ ഇരുന്നു വെള്ളം കുടിക്കാന്‍ തുടങ്ങി. ദാഹവും ക്ഷീണവും  മൂലം ജീവികള്‍ തനതു സ്വഭാവം തന്നെ മറക്കുമെന്ന് കുമാരനാശാന്‍ ചണ്ഢാല ഭിക്ഷുകിയില്‍ പറഞ്ഞുവെച്ചത് ഞാനോര്‍ത്തു. ഇരയും വേട്ടക്കാരനും വരെ ഈ അവസ്ഥയില്‍ സഹവര്‍ത്തിത്തത്തിന് തയ്യാറാകും. നമ്മുടെ ചില പീഡനക്കേസുകള്‍ വിലയിരുത്തിയ മാന്യദേഹങ്ങള്‍ക്ക് ഒരു പക്ഷേ ഈ ലോകതത്വം അറിയില്ലായിരിക്കാം.

    കുഞ്ഞിക്കിളികളുടെ രോദനം നമുക്ക് ചുറ്റുമുണ്ട്. നിസ്സഹായരായ ചെറുജീവികള്‍. മൂന്നും നാലും വയസ്സുമാത്രം പ്രായമുള്ള കുഞ്ഞുങ്ങളുടെ, പ്രത്യേകിച്ചു പെണ്‍ കുഞ്ഞുങ്ങളുടെ ദീനരോദനം നമ്മള്‍ ഇടയ്ക്കിടക്ക് കേള്‍ക്കുന്നു. കൊച്ചുകുഞ്ഞുങ്ങളുടെ മേലുള്ള ലൈംഗീക അതിക്രമങ്ങള്‍ നാണം കെടുത്തുന്ന ഒരു സമൂഹമാണ് നമ്മുടേത്. അതിലെ പ്രതികളെല്ലാം മാനസിക രോഗികളാണെങ്കില്‍ നമ്മുടെ സമൂഹത്തില്‍ മാനസിക രോഗികളുടെ ആധിക്യം ഉണ്ടെന്ന് പറയേണ്ടി വരും. പുരുഷന്മാരില്‍ വളരെപ്പേര്‍ക്ക് ലൈംഗീകകാര്യങ്ങളില്‍ മാനസിക വൈകൃതം ഉണ്ടെന്ന് വരുന്നത് ഒരു പരിഷ്കൃത സമൂഹത്തിനും ഭൂഷണമല്ല.
  
 എന്തുകൊണ്ടാണ് നമ്മുടെ പുരുഷന്മാര്‍ സ്ത്രീകളെ അന്യഗ്രഹജീവികളെപ്പോലെ പരിഗണിക്കുന്നത്?. അവര്‍ക്ക് വേണ്ടി സദാചാരത്തിന്‍റെ ഏകപക്ഷീയ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത്? നൈറ്റിയായാലും ചുരിദാറായാലും സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ വരുന്ന മാറ്റങ്ങളോരോന്നും സമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് നന്നേ ചെറുപ്പത്തിലെ വേര്‍തിരിവിന്‍റെ പീഡനമുറ തുടങ്ങുന്നത്? സ്കൂളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേറെ വേറെ ലിസ്റ്റ് എന്തിനാണ്? അക്ഷരമാലാക്രമം അനുസരിച്ചു ആണ്‍ കുട്ടികളെയും പെണ്‍ കുട്ടികളെയും ഇടകലര്‍ത്തി എഴുതുന്നതിന് പകരം അവരെ പ്രത്യേക കള്ളികളില്‍ ഒതുക്കുന്നത് ആര്‍ക്കുവേണ്ടിയാണ്?. ക്ലാസ്സ് മുറികളില്‍ ആണ്‍ കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും വെവ്വേറെയാണ് ഇരിപ്പിടങ്ങള്‍. ആണ്‍ പെണ്‍ ഭേദമില്ലാതെ അവര്‍ അടുത്തിരുന്നാല്‍ നമ്മുടെ സംസ്കാരം ഇടിഞ്ഞു പൊളിഞ്ഞു പാളീസാകുമോ? സംസ്കാരസമ്പന്നരാണ് എന്നാണ് പൊതുവേ നമ്മുടെ ഭാവം. നമ്മള്‍ വിദ്യാസമ്പന്നരുമാണ്. വിദ്യാഭ്യാസവും സംസ്കാരവുമില്ലാത്തവരെന്നു നാം ആക്ഷേപിക്കുന്ന സംസ്ഥാനങ്ങളിലെ ബസ്സുകളില്‍ പുരുഷന്മാരും സ്ത്രീകളും അടുത്തടുത്ത സീറ്റില്‍ ഇരുന്നു യാത്രചെയ്യുന്നുണ്ട്. സ്ത്രീകള്‍ക്ക് മാനഭയവും പ്രാണഭയവും ഇല്ല. നേരെമറിച്ച് സ്ത്രീകളുടെ അടുത്തിരുന്ന വിദേശി, തല്ലുകൊണ്ട ചരിത്രമാണ് നമ്മുടേത്. ഒരു സ്ത്രീയെ കാണുമ്പോള്‍ മറ്റൊരിടത്തും ഇല്ലാത്തവിധം നമ്മുടെ പുരുഷന്മാര്‍ തുറിച്ചു നോക്കുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് സ്ത്രീ തന്നെപ്പോലെയുള്ള ഒരു മനുഷ്യജീവി മാത്രമാണു എന്നു മലയാളിപ്പുരുഷന്‍മാര്‍ക്ക് കരുതാന്‍ കഴിയാതെ വരുന്നത്?

    കാരണങ്ങള്‍ നന്നേ ചെറുപ്പത്തിലെ തുടങ്ങുന്നു. ആണ്‍ കുട്ടിയെ ശിക്ഷയുടെ ഭാഗമായി പെണ്‍ കുട്ടികളുടെ ബഞ്ചിലിരുത്തുന്ന അദ്ധ്യാപകന്‍ ഒരു വലിയ സാമൂഹ്യ പാഠമാണ് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നത്. പെണ്‍ കുട്ടിയുടെ ഒപ്പമിരിക്കുന്നത് ആണ്‍   കുട്ടിക്ക് അപമാനകരമാണ്. അങ്ങിനെ ചെയ്യുമ്പോള്‍ അവന്‍റെ സ്റ്റാറ്റസ് ഇടിയുന്നു. അതായത് അവനെ അപേക്ഷിച്ച് അവളുടേത് ഒരു നീച ജന്‍മമാണ്. മെയില്‍ ചൌവ്വനിസത്തിന്‍റെ ആദ്യപാഠങ്ങള്‍ക്ക് വിത്തിട്ട് കഴിഞ്ഞു. വീട്ടിലും പാഠങ്ങള്‍ക്കു മാറ്റമില്ല. ഭക്ഷണത്തിന്‍റെ കാര്യത്തിലായാലും വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിലായാലും മകള്‍ക്ക് സ്ഥാനം മകന് പുറകില്‍ തന്നെയാണ്.പഠിക്കാന്‍ അത്രയൊന്നും മിടുക്കനല്ലാത്ത മകന്‍ മെച്ചപ്പെട്ട  കോഴ്സുകള്‍ക്ക് ചേരുമ്പോള്‍ മിടുക്കിയായ മകള്‍  പരമ്പരാഗത കോഴ്സുകളില്‍ സംതൃപ്തയാവേണ്ടി വരുന്നു. പ്രത്യേക ഭക്ഷണങ്ങള്‍ വീട്ടിലെ പെണ്‍ കുട്ടിക്ക് കൊടുക്കാതെ ആണ്‍ മക്കള്‍ക്ക് സ്വകാര്യമായി വിളമ്പുന്നത് അമ്മായി അമ്മമാര്‍ മാത്രമല്ല, പല അമ്മമാരും അത് തന്നെയാണ് ചെയ്യുന്നത്. ഒട്ടു മിക്ക മാതാപിതാക്കളും പറ്റുന്ന ആദ്യ സന്ദര്‍ഭത്തില്‍ തന്നെ പെണ്‍ മക്കളുടെ വിവാഹം നടത്തി ഉത്തരവാദിത്വം കയ്യൊഴിയാന്‍ നോക്കുന്നു. അവള്‍ക്കൊരു ജോലി ലഭിച്ചു സ്വന്തം കാലില്‍ നില്‍ക്കാന്‍ കെല്‍പ്പുള്ളവളാക്കിയിട്ടു മതി വിവാഹം എന്നു നമ്മുടെ ഭൂരിപക്ഷം മാതാപിതാക്കളും കരുതുന്നില്ല. എന്തിനേറെ പറയുന്നു, ഭൂരിപക്ഷം പെണ്‍ കുട്ടികളും പിറന്ന വീടിനെ സ്വന്തം വീടായിത്തന്നെ കരുതുന്നില്ല. ലോകമെങ്ങും ഉള്ള സ്ത്രീകള്‍ പുരുഷനൊപ്പം വളരുന്നതിന് ഇടയിലാണ് പരിഷ്കൃതം എന്നു സ്വയം കരുതുന്ന ഒരു സമൂഹം ഈ വിധം ജീര്‍ണ്ണിക്കുന്നത്.

    നമ്മുടെ ആണ്‍ കുട്ടികള്‍ പെണ്‍ കുട്ടികളോട് ഇടപഴകാതെ വളരുന്നത് വല്ലാത്ത സാമൂഹ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. എന്താണ് അവളില്‍ ഉള്ളത് എന്നു അറിയാനുള്ള   ജിജ്ഞാസ ആണ്‍ കുട്ടികളിലും പുരുഷന്മാരിലും നിറയുന്നു. കുട്ടികളായിരിക്കുമ്പോഴേ ഇടപഴകി വളര്‍ന്നാല്‍ മാത്രമേ തന്നെപ്പോലെതന്നെയുള്ള ഒരു മനുഷ്യജീവിയാണ് പെണ്‍ കുട്ടി എന്നു ആണ്‍ കുട്ടികള്‍ക്ക് മനസ്സിലാവുകയുള്ളൂ. ഉന്നതസോപാനത്തില്‍ പ്രതിഷ്ഠിക്കാനോ ചവിട്ടി അരയ്ക്കാനോ ഉള്ളതല്ല  അവളുടെ ജന്മം എന്ന തിരിച്ചറിവു ഉണ്ടാവുകയുള്ളൂ. അവളെ കാണുമ്പോള്‍ അന്യഗ്രഹ ജീവികളെ കാണുന്നത് പോലെ തുറിച്ചു നോക്കാതിരിക്കാന്‍ കഴിയുകയുള്ളൂ.

    കുട്ടികള്‍ ഒന്നിച്ചു വളര്‍ന്നാല്‍ സദാചാരം ഇടിയും എന്നു മുറവിളികൂട്ടുന്നവര്‍ തെറ്റായ ധാരണകള്‍ പുലര്‍ത്തുന്നവരാണ്. തങ്ങളുടെ പെണ്‍ മക്കള്‍ക്ക് വേണ്ട പരിഗണനയോ വിദ്യാഭ്യാസമോ കൊടുക്കാന്‍ വിമുഖത കാട്ടുന്നവര്‍. ലൈംഗീക അതിക്രമങ്ങള്‍ നേരിടുന്ന കൊച്ചുകുഞ്ഞുങ്ങളുടെ രോദനം എന്നാണിവരുടെ കര്‍ണ്ണപുടങ്ങളിലെത്തുക?


http://vettathan.blogspot.in      

40 comments:

  1. This comment has been removed by the author.

    ReplyDelete
  2. വളരെ ഗൗരവമേറിയ ഒരു വിഷയം. നാം ഈ രീതിയില്‍ മാതൃക കാണിക്കുമെങ്കില്‍ അത് ഒരാളെങ്കിലും പിന്തുടര്‍ന്നേക്കാം. പുരോഗമനമെന്നത് ചെറിയ കാല്‍വയ്പുകളിലൂടെ മുന്നേറുന്ന ഒന്നാണ്

    ReplyDelete
    Replies
    1. സ്വന്തം കാലില്‍ നില്‍ക്കാന്‍ ഒരു ജോലി വേണം എന്നു പെണ്‍ കുട്ടികളെ ചെറുപ്പം മുതല്‍ ബോധവല്‍ക്കരിച്ച ഒരു പിതാവാണ് ഞാന്‍. എത്ര സമ്പത്തു ഉണ്ടെങ്കിലും വീട്ടുകാരി വെറും അടുക്കളക്കാരി മാത്രമായി താഴുന്നത് ധാരാളം കണ്ടിട്ടുണ്ട്.

      Delete
  3. This comment has been removed by the author.

    ReplyDelete
  4. a serious subject, to be discussed

    ReplyDelete
    Replies
    1. ശരിയാണ് രാജീവ്, കുടുംബവും സമൂഹവും ഇന്നത്തെ അവസ്ഥക്ക് കാരണമാണ്.

      Delete
  5. Replies
    1. നന്ദി ഡോക്റ്റര്‍.

      Delete
  6. അരുമകളായ കുഞ്ഞിളം കിളികളുടെ കിളിക്കൊഞ്ചലുകളില്‍ സ്നേഹവും,ദയയും,നന്മയും ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍......
    താന്‍ മൃഗമല്ല,വിവേകമുള്ള മനുഷ്യനാണെന്ന ചിന്ത ഉദിച്ചിരുന്നുവെങ്കില്‍....
    അതിനുവേണ്ടത്‌ ബോധവല്‍ക്കരണവും വെട്ടത്താന്‍സാര്‍ പറഞ്ഞതുപോലെ
    കാലാനുസൃതമായ മാറ്റവുമാണ്‌.അതിന്‍റെ തുടക്കം കുടുംബങ്ങളില്‍നിന്നും,
    വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നുമായിരിക്കണം...
    ആശംസകള്‍

    ReplyDelete
    Replies
    1. ആണ്‍ കുട്ടികളും പെണ്‍ കുട്ടികളും ചെറുപ്പം തൊട്ടേ ഇടപഴകി ജീവിച്ചാല്‍ മാത്രമേ ഇന്നത്തെ അവസ്ഥ മാറൂ.

      Delete
  7. ഗൗരവപൂര്‍വ്വം ചിന്തിക്കേണ്ട വിഷയമാണ് നല്ലൊരു മുഖവുരയോടെ അവതരിപ്പിച്ചത്. എന്നാല്‍ കുടുംബങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നല്‍കുന്ന വിവേചനം കേരളീയ സമൂഹത്തില്‍ അത്ര ശക്തമാണോ. ഇന്നത്തെ കേരളീയര്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യമായ പരിഗണനയും, അവസരങ്ങളും നല്‍കുന്നില്ലേ.....

    ReplyDelete
    Replies
    1. ഞാനും ആദ്യം അങ്ങിനെ കരുതിയിരുന്നു. പക്ഷേ ചുറ്റുമുള്ള ഓരോ കുടുംബവും എടുത്തു പരിശോധിച്ചപ്പോള്‍ സ്നേഹം കൂടുതലും നാവിലാണെന്ന് തോന്നി. പ്രത്യേകിച്ചും പെണ്‍ മക്കളെ വേഗം കല്യാണം കഴിപ്പിച്ചു വിടാന്‍ പല സുഹൃത്തുക്കളും കാണിക്കുന്ന വെപ്രാളം അരോചകമായിത്തന്നെ തോന്നി.

      Delete
  8. പ്രസക്തമായ വിഷയം പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍ വരെ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാകുന്ന,നാട് ഭരിക്കുന്നവരുടെയും ഭരിക്കാനിരിക്കുന്നവരുടെയും ലൈംഗിക അഴിഞാട്ടത്തിന്റെ കഥകള്‍ നിത്യവാര്‍ത്തയാകുന്ന ഒരു നാടായി സാക്ഷര സുന്ദര കേരളം മാറിയിട്ടും ഇതൊക്കെ സാധാരണ എന്ന പോലെ നടിക്കാന്‍ നമുക്കാവുന്നു....സത്യം പറഞ്ഞാല്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കുഞ്ഞു പിറന്നു വീഴുന്നത് മുതല്‍ ഇന്ന് വെവലാതിയിലാണ്.മുമ്പൊക്കെ കോളേജില്‍ പഠിക്കുന്ന കാലത്ത് മാത്രം ഉണ്ടായിരുന്നു വല്ല പ്രേമത്തിലും കുടുങ്ങുമോ എന്ന ഭയം ഇന്നത്‌ വീട്ടകങ്ങളില്‍ പോലും ഉറ്റ ബന്ധുക്കളാല്‍ തന്നെ നമ്മുടെ കുഞ്ഞുങ്ങള്‍ വെട്ടയാടപ്പെടുമോ എന്ന ഭയമായി സ്വസ്ഥത ഇല്ലാതായി മാറിയിരിക്കുന്നു.

    ReplyDelete
  9. പെണ്‍ കുട്ടികള്‍ക്ക് വീട്ടില്‍ കിട്ടാത്ത സുരക്ഷിതത്വവും സ്നേഹവും പുറത്തു നിന്നു എങ്ങിനെ കിട്ടാനാണ്? എത്രയോ കുടുംബങ്ങളില്‍ സ്ത്രീ ഭര്‍ത്താവിന്‍റെയും പിന്നെ മക്കളുടെയും വേലക്കാരി മാത്രമായി ചുരുങ്ങുന്നു? എല്ലാം വീട്ടില്‍ നിന്നും സ്കൂളില്‍ നിന്നും തുടങ്ങണം.

    ReplyDelete
  10. ചിന്തിക്കേണ്ട വിഷയം തന്നെയാണ്. നമ്മുടെ സമൂഹത്തിന്‍റെ കാഴ്ചപ്പാടില്‍ തന്നെ പ്രശ്നങ്ങളുണ്ട്. എവിടെ എങ്ങനെ തുടങ്ങും എന്നതാണ് പ്രധാനം. സ്ത്രീ പുരുഷന് വിധേയയായിരിക്കനം എന്ന് മത ഗ്രന്ഥങ്ങളില്‍ പറയുന്നതിനെ ഓരോരുത്തര്‍ക്കും തോന്നുന്ന രീതിയില്‍ വളച്ചും ഒടിച്ചും ചതച്ചും എടുക്കുന്നു.ചാണ്ടി അയയുമ്പോള്‍ തൊമ്മന്‍ എന്നപോലെ സര്‍ക്കാര്‍ ഇടപെട്ടാല്‍ മതം പിടിമുറുക്കും.
    സ്വന്തം കുടുംബങ്ങള്‍ തന്നെയാവണം ഏറ്റവും വലിയ വിദ്യാലയം.

    ReplyDelete
    Replies
    1. അതാണ് ശരി. വീട്ടില്‍ നിന്നാണ് തുടങ്ങേണ്ടത്.

      Delete
  11. Eniyulla thalamura engilum karyangal manassilakkatte. mary.

    ReplyDelete
    Replies
    1. നമുക്ക് പ്രതീക്ഷിക്കാം.

      Delete
  12. നല്ല വിഷയം . നല്ല നിരീക്ഷണങ്ങൾ .

    ReplyDelete
  13. നന്ദി സുഹൃത്തെ

    ReplyDelete
  14. ഒരു സാമൂഹികനിലവാരത്തില്‍ വിദ്യാഭ്യാസം, അവബോധനം, സന്മാര്‍ഗ്ഗപാഠം എന്നിവയൊക്കെ പരീക്ഷിച്ചുനോക്കാമെങ്കിലും ഈ അളവിലുള്ള അരാജകത്വത്തിന് പരിഹാരമുണ്ടാകണമെങ്കില്‍ വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നീതിനിര്‍വ്വഹണം കൂടിയേ തീരൂ. ഒരു സാമൂഹിക ഇടപെടല്‍കൊണ്ടു മാത്രം പരിഹരിക്കാനാവാത്തവിധത്തില്‍ ഈ ജീര്‍ണ്ണത സ്ഥാപിതവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു എന്നാണെനിക്കു തോന്നുന്നത്.


    ReplyDelete
    Replies
    1. നിയമത്തിന്‍റെ ശക്തമായ ഇടപെടല്‍ ഉണ്ടായെ തീരൂ. നിയമം പക്ഷേ മിക്കവാറും പുരുഷന്‍റെ കൂടെയാണ്.

      Delete
  15. എല്ലാ കാര്യങ്ങളും തികച്ചും പ്രസക്തം.. ഗൌരവതരം. വളരെ ഭംഗിയായി എഴുതുകയും ചെയ്തു.. പെണ്‍കുട്ടി എന്ന നിലയിലും സ്ത്രീ എന്ന നിലയിലും ഞാന്‍ അനുഭവിച്ച അനുഭവിച്ചുകൊണ്ടിരിക്കുന്ന സകല വിവേചനങ്ങളും മുന്‍നിറുത്തിക്കൊണ്ട് പറയട്ടെ... എഴുതിയത് കുറഞ്ഞുപോയെങ്കിലേ ഉള്ളൂ.. എല്ലാം ഇങ്ങനെയൊക്കെത്തന്നെയാണ്...

    ReplyDelete
    Replies
    1. കുഴപ്പം കുടുംബത്തില്‍ നിന്നു തന്നെയല്ലേ തുടങ്ങുന്നത്?

      Delete
  16. നല്ല പോസ്റ്റ്‌... വളരെ വ്യക്തമായി കാര്യങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നു. "അവന്‍ ആണ്‍കുട്ടിയാണ്, പെണ്ണല്ലേ നീയ്‌..." എന്നതില്‍ തുടങ്ങുന്നു.

    ReplyDelete
  17. ആ കുഞ്ഞികുരുവിയിൽ ഞാനെന്റെ മകളെ കാണുന്നു..വളരെ നല്ല ലേഖനം .

    ReplyDelete
    Replies
    1. കാഴ്ചപ്പാടില്‍ ഒരു മാറ്റം അത്യാവശ്യമായിരിക്കുന്നു.

      Delete

  18. ‘കുഞ്ഞിക്കിളികളുടെ രോദനം നമുക്ക് ചുറ്റുമുണ്ട്...
    നിസ്സഹായരായ ചെറുജീവികള്‍. മൂന്നും നാലും വയസ്സുമാത്രം പ്രായമുള്ള കുഞ്ഞുങ്ങളുടെ, പ്രത്യേകിച്ചു പെണ്‍ കുഞ്ഞുങ്ങളുടെ ദീനരോദനം നമ്മള്‍ ഇടയ്ക്കിടക്ക് കേള്‍ക്കുന്നു.

    കൊച്ചുകുഞ്ഞുങ്ങളുടെ മേലുള്ള ലൈംഗീക അതിക്രമങ്ങള്‍ നാണം കെടുത്തുന്ന ഒരു സമൂഹമാണ് നമ്മുടേത്. അതിലെ പ്രതികളെല്ലാം മാനസിക രോഗികളാണെങ്കില്‍ നമ്മുടെ സമൂഹത്തില്‍ മാനസിക രോഗികളുടെ ആധിക്യം ഉണ്ടെന്ന് പറയേണ്ടി വരും.

    പുരുഷന്മാരില്‍ വളരെപ്പേര്‍ക്ക് ലൈംഗീകകാര്യങ്ങളില്‍
    മാനസിക വൈകൃതം ഉണ്ടെന്ന് വരുന്നത് ഒരു പരിഷ്കൃത സമൂഹത്തിനും ഭൂഷണമല്ല.“


    വളരെ ഗൌരവമേറിയ ഒരു
    സാമൂഹ്യ പ്രശ്നം തന്നെയാണിത് കേട്ടൊ സർ

    ReplyDelete
  19. നന്ദി മുകുന്ദന്‍ ജി

    ReplyDelete
  20. വളരെ നല്ല ലേഖനം. കൂടുതല്‍ പേര്‍ വായിക്കട്ടെ . പങ്കു വയ്ക്കുന്നു.

    ReplyDelete
  21. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അച്ചിട്ടവിധം ശരിയാണ്‌.വേർതിരിവില്ലാത്ത ഒരു പുതുജനത നമ്മുക്കുണ്ടാകുമെന്ന് പ്രത്യാശിക്കാം. അതിന്‌ തുടക്കമിടുന്നത് ഓരോരുത്തരുടേയും കുടുംബങ്ങളിൽ നിന്നും തന്നെയാകണം.അപ്പോൽ സമൂഹവും നന്നാകും.

    ReplyDelete
    Replies
    1. ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും സ്വന്തം വീട്ടില്‍ തുല്യത ഇല്ലെങ്കില്‍ പിന്നെ ആരോട് പരാതിപ്പെടാനാണ്?

      Delete
  22. ശ്രദ്ധേയമായ നിരീക്ഷണങ്ങൾ.

    ReplyDelete
    Replies
    1. ബഷീര്‍,ഈ വരവിന് പ്രത്യേകം നന്ദി.

      Delete
  23. അതെ !
    മുകളില പറഞ്ഞ അഭിപ്രായങ്ങൾ ഒക്കെത്തന്നെയാണ് പറയാനുള്ളത്.

    ReplyDelete
  24. നന്ദി,ശിഹാബ്

    ReplyDelete

Related Posts Plugin for WordPress, Blogger...