Thursday, 16 August 2012

പരസ്സഹായം ജീവിത വ്രതമാക്കിയവര്‍




    പുതിയ സീറ്റില്‍ ഞാന്‍ ചാര്‍ജെടുക്കുമ്പോള്‍ പഴയ ഓഫീസ്സര്‍ ഒരു ചെറുപ്പക്കാരനെ എനിക്കു പരിചയപ്പെടുത്തി. “ഇത് മിസ്റ്റര്‍ ചുരുളി ,നമ്മുടെ ഓഫീസ്സ്  യഥാര്‍ത്ഥത്തില്‍ മുന്നോട്ട് കൊണ്ട് പോകുന്നത് ഇയാളാണ്” ഉയരം കുറഞ്ഞു തടിച്ചു കൊഴുത്തൊരു കാളക്കുട്ടിയുടെ ചേലുള്ള ആ ചെറുപ്പക്കാരന്‍, പറഞ്ഞത് ശരിയാണെന്ന മട്ടില്‍ എന്നെ നോക്കി പുഞ്ചിരിച്ചു.


    ഒരു പുതിയ സ്ഥലത്തു ചാര്‍ജെടുക്കുമ്പോള്‍ ജോലിയെക്കുറിച്ചും അവിടുത്തെ എല്ലാ തലത്തിലുമുള്ള ജീവനക്കാരെക്കുറിച്ചും അന്യോഷിക്കുന്നത് സാധാരണമാണ്. പക്ഷേ ഒന്നും മുന്‍വിധിയോടെ ആകാതിരിക്കാന്‍ ശ്രമിക്കാറുണ്ട്. ഇത് എനിക്കൊട്ടും താല്‍പ്പര്യമില്ലാത്ത പോസ്റ്റിങ് ആയിരുന്നു.പൊതുവേ ഓഫീസ് ജോലിയില്‍ത്തന്നെ താല്‍പ്പര്യമില്ല. പുതിയ ടെക്നോളജിയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റാണ് ഞാന്‍ ചോദിച്ചതു. പക്ഷേ കിട്ടിയതു പ്ലാനിങ്.പ്ലാനിങ് സന്തോഷമുള്ള ഒരു ജോലിയാണ്.അത് പക്ഷേ ഏറിയാല്‍ ഒരു മാസത്തെ സമയം വേണ്ട പണിയാണ്. എസ്റ്റിമേറ്റുകള്‍, ടെണ്ടറുകള്‍, സ്റ്റോര്‍, ,കോണ്ട്രാക്റ്റര്‍ ബില്ലുകള്‍ ഇവയൊക്കെയാണ് യഥാര്‍ത്ഥ ജോലികള്‍. ഇരുപതോളം സ്റ്റാഫും അഞ്ചു എസ്.ഡി.ഇ മാരുമുള്ള ഓഫീസ്സ്.അനുബന്ധമായി ചീഫ് അക്കൌണ്ട്സ് ഓഫീസറുടെ നേതൃത്വത്തില്‍ അക്കൌണ്ട്സിന്‍റെ ഒരു വിംഗ്. ബില്‍ ചെക്ക് ചെയ്യലും പാസ്സാക്കലുമാണ് ഞങ്ങളുടെ സാധാരണ ജോലി.കോഴിക്കോട് വയനാട് ജില്ലകളിലുള്ള കേബിള്‍ ബില്ലുകളും അനുബന്ധ ബില്ലുകളും കെട്ടിക്കിടക്കുന്നു.പുതിയ മെഷര്‍മെന്‍റ് ബുക്കിലെ കോംപ്ലീക്കേഷനുകള്‍ ജീവനക്കാര്‍ തന്നെ മനസ്സിലാക്കി വരുന്നതേയുള്ളൂ.

    എന്‍റെ മുന്‍ ഗാമി ഒരു വര്‍ഷമേ ആ കസേരയില്‍ ഇരുന്നുള്ളൂ.മാറാന്‍ താത്പര്യമില്ലാതിരുന്ന അദ്ദേഹത്തെ മാറ്റിയിട്ടാണ് ഇഷ്ടമില്ലാതിരുന്ന എന്നെ ആ കസേരയില്‍ പിടിച്ച് ഇരുത്തിയത്.സാധാരണ എട്ടരയ്ക്ക് മുമ്പു ഞാന്‍ സീറ്റിലെത്തും. ഞാന്‍ ചെല്ലുമ്പോള്‍ ചുരുളി സീറ്റിലുണ്ടാവും.ഒന്നു രണ്ടു പേരോഴിച്ചുള്ളവര്‍ എല്ലാവരും സമയത്തിന് ഓഫീസ്സിലെത്തുന്നവരാണ്.സമയ നിഷ്ഠയുടെ കാര്യത്തില്‍ എന്‍റെ മുന്‍ ഗാമി കടു കട്ടിയായിരുന്നു.അക്കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയും വേണ്ടെന്ന് ഞാനും തീരുമാനിച്ചു.

    ആദ്യ ദിവസങ്ങളില്‍ തന്നെ എനിക്കൊരു കാര്യം മനസ്സിലായി.ചുരുളി നന്നായി അദ്ധ്വാനിക്കുന്ന ഒരു ചെറുപ്പക്കാരനാണ്.രാവിലെ എട്ടരക്ക് ഞാന്‍ വരുമ്പോള്‍ അയാള്‍ സീറ്റിലുണ്ടാവും.വൈകുന്നേരം താമസിച്ചാണ് പോകുക.എന്‍റെ മുന്നില്‍ എത്തുന്ന ബില്ലുകളില്‍ നല്ലൊരു ശതമാനം അയാള്‍ ചെക്ക് ചെയ്തു വിടുന്നതാണ്.മുന്‍ഗാമി പറഞ്ഞത് പോലെ ഓഫീസ്സിന്‍റെ നട്ടെല്ലാണ് അയാള്‍. ചുണ്ടില്‍ എപ്പോഴും ഒരു പുഞ്ചിരിയുള്ള ആ ചെറുപ്പക്കാരനെ എനിക്കിഷ്ടമായി.കൂടാതെ അയാള്‍ നല്ലൊരു ഗായകനുമാണ്. രാവിലെ ഞാന്‍ സീറ്റിലിരുന്നാല്‍ പത്തു മിനുട്ടിനുള്ളില്‍ ഏതെങ്കിലും ഒരു ഫയലുമായി ചുരുളി എത്തും. “സര്‍, ഒരു ഒപ്പ് വേണം   “സര്‍ ഇതൊന്നു അപ്രൂവ് ചെയ്യണം” അയാള്‍ കാര്യങ്ങള്‍ വിശദീകരിക്കും .ഒപ്പ് വാങ്ങിയ ഫയലുമായി ഉടനെ പോകുകയും ചെയ്യും. ഞാന്‍ പുതിയ ആളാണ്.ഓഫീസ് ചുമതലകള്‍ സര്‍വ്വീസില്‍ ഉണ്ടായിട്ടില്ല എന്നു തന്നെ പറയാം. തീരെ താല്‍പ്പര്യം ഇല്ലാത്ത ഒരു മേഖലയുമാണ്.പോസ്റ്റ് ചെയ്ത സ്ഥിതിക്ക് മോശമാകരുതു എന്നൊരു വാശിയുമുണ്ട്.ക്രമേണ ഞാന്‍ ഫയലുകളുടെ തടാകത്തില്‍ നീന്തല്‍ തുടങ്ങി.

    അധികം താമസിയാതെ ഒരു കാര്യം എനിക്കു മനസ്സിലായി.ചുരുളി കൊണ്ടുവരുന്നതെല്ലാം കോണ്ട്രാക്റ്റര്‍മാരെ സഹായിക്കാനുള്ള കടലാസ്സുകളാണ്.അതില്‍ പലതും ന്യായവുമാണ്.പക്ഷേ കമ്പനിയുടെ ന്യായം പറയുന്ന കടലാസ്സുകളൊന്നും ഒപ്പുവെയ്ക്കാന്‍ അയാള്‍ കൊണ്ടുവരാറില്ല. എനിക്കു ഒരു ദുസ്വഭാവമുണ്ട്.ആളുകളെ വിശ്വസിച്ചാല്‍ പൂര്‍ണ്ണമായി വിശ്വസിക്കും.ഒരിക്കല്‍ സംശയം തോന്നിയാല്‍ അടിവേരു വരെ മാന്തി പരിശോധിക്കും.ഒരു ദിവസം രാവിലെ ചുരുളി കൊണ്ടുവന്ന ഫയല്‍ ഞാന്‍ ഒപ്പ് വെച്ചില്ല. “അവിടെ വെച്ചേക്കൂ,ഞാനൊന്നു നോക്കട്ടെ” എന്നു പറഞ്ഞുവിട്ടു.അത്യാവശ്യമാണെന്ന് അയാള്‍ പറഞ്ഞെങ്കിലും ഞാന്‍ വഴങ്ങിയില്ല. ഞാന്‍ അയാളുടെ ചാര്‍ജുള്ള എസ്.ഡി.ഇ സുമയുമായി സംസാരിച്ചു.അവര്‍ക്കും ഒന്നേ പറയാനുള്ളൂ.ചുരുളി നന്നായി ജോലി ചെയ്യും.പക്ഷേ അയാളുടെ കൂറ് ആരോടാണ്? ഏതായാലും അയാള്‍ പുട്ട് അപ്പ് ചെയ്യുന്ന ഫയലുകള്‍ വിശദമായി പരിശോധിക്കാം എന്നു സുമ ഏറ്റു.സുമ മിടുക്കിയാണ്.നിശ്ശബ്ദയായി ഇരുന്നു കൃത്യമായി ജോലി ചെയ്യും.ജോലിയെ ഉള്ളൂ.വലിയ ജോലിക്കാരിയാണെന്ന് പറയിക്കാനുള്ള പബ്ലിക് റിലേഷനൊന്നുമില്ല.

    രണ്ടുനാള്‍ കഴിഞ്ഞു. ഒരു പതിനൊന്നുമണിക്ക് ഓഫീസിന് മുന്നില്‍ ഒരാള്‍ക്കൂട്ടം.യൂണിയന്‍ നേതാവ് വിജയകുമാറിന്‍റെ നേതൃത്വത്തില്‍ കുറച്ചുപേര്‍ കൂട്ടം കൂടി നില്ക്കുന്നു.വിജയ്കുമാര്‍ എന്‍റെ സുഹൃത്താണ്.ഞങ്ങള്‍ രണ്ടുപേരും ക്വാര്‍ട്ടേഴ്സിലായിരുന്നു താമസം.സ്വന്തം ജോലി ഭംഗിയായി ചെയ്യുന്ന ഒരു യൂണിയന്‍ നേതാവ് . ഞാന്‍ വിജയകുമാറിനെ ക്യാബിനിലേക്ക് വിളിച്ച് കാര്യം തിരക്കി.എന്‍റെ ഓഫീസിലാകേ കൈക്കൂലിക്കാരാണത്രേ.കാര്യങ്ങള്‍ വിശദമായി ചോദിച്ചു മനസ്സിലാക്കി. ചിലര്‍, അല്ല ഒരാള്‍ കോണ്‍ട്രാക്റ്ററുടെ കയ്യില്‍ നിന്നു പരസ്യമായി പൈസ വാങ്ങി പോലും. നിര്‍ബ്ബന്ധിച്ചപ്പോള്‍ അയാള്‍ ചുരുളിയുടെ പേര് പറഞ്ഞു.വേണ്ടത് ചെയ്യും എന്നു ഉറപ്പ് കൊടുത്തു ഞാന്‍ വിജയകുമാറിനെ യാത്രയാക്കി.

    എന്‍റെ ഓഫീസ് ജീവിതത്തില്‍ ഞാന്‍ മനസ്സിലാക്കിയ ഒരു കാര്യമുണ്ട്.ഏതാണ്ടെല്ലാ ജീവനക്കാരും സത്യസന്ധരാണ്. മാര്‍ക്കിന്‍റേ അടിസ്ഥാനത്തിലായിരുന്നു ബി.എസ്.എന്‍.എല്‍ ആകുന്നതിന് മുമ്പു ജീവനക്കാരെ തിരഞ്ഞെടുത്തിരുന്നത്.ഒട്ടു മിക്കവരും ബിരുദധാരികള്‍.അഞ്ചോ പത്തോ മാര്‍ക്കിന്‍റെ വ്യത്യാസത്തില്‍ ഒരാള്‍ ജീവനക്കാരനും അടുത്തയാള്‍ ഓഫീസറും ആകും.മിടുക്കും കാര്യക്ഷമതയും ചിലപ്പോള്‍ തിരിച്ചാകും. അത് പക്ഷേ അനിവാര്യമാണ്.ഒന്നും ചെയ്യാന്‍ നിവര്‍ത്തിയില്ല. പൊതുവേ സര്ക്കാര്‍ സര്‍വ്വീസില്‍ കാണുന്ന കൈക്കൂലി ഞങ്ങളുടെ ഓഫീസുകളില്‍ സാധാരണമല്ല.അത്തരം ആരോപണങ്ങളെ അപമാനമായിട്ടു കാണുന്നവരാണ് കൂടുതലും.പക്ഷേ ഫീല്‍ഡില്‍ താഴെക്കിടയിലുള്ളവരുടെ ഇടയില്‍ അങ്ങിനെയാവണമെന്ന് നിര്‍ബ്ബന്ധമില്ല.ജീവനക്കാരെ അഴിമതിക്കാരാക്കുന്നതില്‍ ജനങ്ങള്‍ക്കും മോശമല്ലാത്ത പങ്കുണ്ട്.

    കുറച്ചുകഴിഞ്ഞു ഞാന്‍ ചുരുളിയെ വിളിപ്പിച്ചു.പതിവ് പോലെ മുഖം നിറയെ ചിരിയുമായി അയാള്‍ വന്നു. അയാളെ ഇരുത്തി സാവധാനം എന്താണ് പ്രശ്നമെന്ന് ചോദിച്ചു.കോണ്ട്രാക്റ്റര്‍മാര്‍ക്ക് എം.ബുക്ക് എഴുതി കൊടുക്കുന്നതു അയാളുടെ ഭാര്യ ആണത്രെ, (എന്നു വെച്ചാല്‍ അയാള്‍ തന്നെ) അതിന്റെ പൈസ മൂത്രപ്പുരയില്‍ വെച്ചു വാങ്ങിയത് ആരോ കണ്ടു. (അത്രയേ ഉള്ളൂ) അതിനാണ് ഈ ബഹളം.മെഷര്‍മെന്‍റ്, ഫീല്‍ഡ് ഓഫീസര്‍ എഴുതേണ്ടതാണ്.പലപ്പോഴും കോണ്‍ട്രാക്റ്റര്‍ ആരെക്കൊണ്ടെങ്കിലും എം.ബുക്കും ബില്ലുമെഴുതിച്ചു ഫീല്‍ഡ് ഓഫീസറുടെ ഒപ്പ് വാങ്ങിക്കുകയാണത്രേ.ഞാനും കുറച്ചുകാലം ഫീല്‍ഡില്‍ ജോലി ചെയ്തിട്ടുണ്ട്.പക്ഷേ ഈ വിവരം എനിക്കു പുതിയതായിരുന്നു. ഈ സീറ്റിലേക്ക് വരേണ്ടിയിരുന്നില്ല എന്ന തോന്നല്‍ ശക്തമായി.കാര്യങ്ങള്‍ മനസ്സിലായെങ്കിലും ചുരുളിക്കെതിരെ നടപടി എടുക്കാന്‍ എനിക്കു നിര്‍വ്വാഹമില്ല. “വീട്ടിലെ ഇടപാട് വീട്ടില്‍ ,ഓഫീസില്‍ ഇത്തരം കാര്യങ്ങള്‍ പാടില്ല”  എന്നൊരു താക്കീതു കൊടുത്തു ഞാനയാളെ പറഞ്ഞു വിട്ടു. 

    ഇതിനിടെ എനിക്കു മുന്‍ പരിചയമുള്ള ഒരു കോണ്ട്രാക്റ്റര്‍ ഒരു വിവരം തന്നു. എം.ബുക്ക് എഴുതിക്കൊടുക്കുന്ന വകയില്‍ ചുരുളിക്ക് വലിയ സംഖ്യ കിട്ടുന്നുണ്ടത്രേ. അയാള്‍ പറഞ്ഞ സംഖ്യ എനിക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അത്രയൊക്കെ കൊടുക്കാന്‍ കോണ്ട്രാക്റ്റര്‍മാര്‍ക്ക് എങ്ങിനെ കഴിയും? അവര്‍ക്ക് അതിന്‍റെ ഗുണമുണ്ടെന്ന് കൂട്ടിക്കൊളൂ എന്നായിരുന്നു അയാളുടെ മറുപടി. എത്ര നിര്‍ബ്ബന്ധിച്ചിട്ടും കൂടുതലൊന്നും വെളിപ്പെടുത്താന്‍ അയാള്‍ തയ്യാറായില്ല. ഞാന്‍ ബില്ലുകള്‍ പ്രീ ചെക്ക് ചെയ്യുന്ന രാധാകൃഷ്ണനെയും സുമയെയും വിളിച്ച് സംസാരിച്ചു. ബില്‍ ചെക്ക് ചെയ്യാന്‍ രാധാകൃഷ്ണന് ജന്മസിദ്ധമായ ഒരു മിടുക്കുണ്ട്. അയാളുടെ കണ്ണു വെട്ടിച്ചു ബില്ലു പാസ്സാക്കുകയെന്നത് അത്ര എളുപ്പമല്ല. നൂറു ശതമാനം കമ്മിറ്റ്മെന്‍റുള്ള ഒരുദ്യോഗസ്ഥനാണയാള്‍. നമുക്ക് അയാളെ വിശ്വസിക്കാം.ഞങ്ങള്‍ എത്ര ആലോചിച്ചിട്ടും ബില്ലെഴുതുന്നവനും കോണ്ട്രാക്റ്റര്‍ക്കും ഒരു പോലെ ഗുണം ചെയ്യുന്ന ആ തിരിമറി എന്താണെന്ന് മനസ്സിലായില്ല. ഏതായാലും ചുരുളിയുടെ മുദ്ര പതിഞ്ഞ എല്ലാ ബില്ലുകളും സൂക്ഷ്മമായി പരിശോധിക്കാന്‍   തീരുമാനമായി. മറ്റുള്ള സീറ്റുകളിലെ ബില്ലുകള്‍ ചെക്ക് ചെയ്തു സഹായിക്കുന്ന ചുരുളിയുടെ നല്ല മനസ്സ് ഇനി വേണ്ടെന്നും ഞങ്ങള്‍ തീരുമാനിച്ചു.

    അടുത്ത ദിവസം  രാധാകൃഷ്ണന് ഒരു കോണ്ട്രാക്‍റ്റാരോടു പ്രത്യേക മമതയുണ്ടെന്നുള്ള ആരോപണവുമായി ചുരുളി എന്‍റെയടുത്ത് വന്നു.രാധാകൃഷ്ണന്‍ അക്കൌണ്ട്സ് വിങ്ങിലുള്ള ആളാണ്.വിശദമായി അന്യോഷിച്ചു എങ്കിലും അയാളെക്കുറിച്ച് ആരും മോശമായി ഒന്നും പറഞ്ഞില്ല.എത്ര അന്യോഷിച്ചിട്ടും ചുരുളിയുടെ എം.ബുക്ക് തിരിമറി ഞങ്ങള്‍ക്ക് ഉടനെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. അതിനു എ.ടി.വിങ്ങില്‍ (സമര്‍പ്പിക്കപ്പെട്ട ബില്ലുകളിലെ ജോലികള്‍ വീണ്ടും പരിശോധിക്കുന്ന വിഭാഗം) സമര്‍ത്ഥനായ ചന്ദ്രന്‍ എന്ന  ചെറുപ്പക്കാരന്‍ വരേണ്ടി വന്നു.തുടര്‍ ബില്ലുകളില്‍ നേരത്തെ സബ്മിറ്റ് ചെയ്ത ബില്ലില്‍ ക്ലെയിം ചെയ്ത കുറച്ചു ജോലികള്‍ വീണ്ടും വീണ്ടും ഉള്‍പ്പെടുത്തുക എന്നതായിരുന്നു തന്ത്രം.നൂറു കണക്കിനു മെഷര്‍മെന്‍റുകളുടെ ഇടയില്‍ പഴയ ഏതെങ്കിലും ബില്ലുകളിലെ ജോലികള്‍ കൂട്ടിച്ചേര്‍ക്കുക. ഒരു ജോലിക്കു പല ബില്ല്, പല പേമെന്‍റ് എന്നതായിരുന്നു സൂത്രം.ഈ കള്ളത്തരം വിശദമായ വിവരങ്ങളോടെ ചന്ദ്രന്‍ റിപ്പോര്‍ട്ട് ചെയ്തു. ചുരുളിയെ ചോദ്യം ചെയ്തപ്പോള്‍ അയാള്‍ക്കൊന്നുമറിയില്ല. കിട്ടിയ മെഷര്‍മെന്‍റ് എഴുതിക്കൊടുക്കുക മാത്രമേ അയാള്‍ ചെയ്തിട്ടുള്ളൂ. വേണ്ട വിധത്തില്‍ പെനാല്‍റ്റി അടിച്ചു കോണ്ട്രാക്റ്റര്‍മാരെ കൈകാര്യം ചെയ്തതോടെ ആ പ്രശ്നം തല്‍ക്കാലം പരിഹരിച്ചു.

    എന്തുകൊണ്ടാണ് ചുരുളിമാര്‍ ഉണ്ടാകുന്നത്?കുറച്ചുകാലം മുമ്പു വയനാട്ടില്‍ വളരെ മിടുക്കനായ ഒരു ചെറുപ്പക്കാരന്‍ നിയമനത്തട്ടിപ്പിന് പിടിയിലാകുന്നത് നമ്മള്‍ കണ്ടു. ആ ഓഫീസ്സിന്‍റെ നട്ടെല്ലായിരുന്നു അയാള്‍.ആ ജീവനക്കാരന്‍  രാത്രി വൈകിയും ജോലി ചെയ്യുമായിരുന്നു.ഓഫീസ്സറുടെ പാസ് വേര്‍ഡുകള്‍ അയാളാണ് ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഒരു കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലുണ്ടായ സംഭവവും സമാനമാണ്.അവനവന്‍റെ ജോലികള്‍ ഉത്തരവാദിത്വത്തോടെ നിറവേറ്റാതെ, എല്ലാം കീഴ്ജീവനക്കാര്‍ക്ക് വിട്ടുകൊടുക്കുന്ന മേലധികാരികളാണ് യഥാര്‍ത്ഥ പ്രതികള്‍.അത്തരക്കാരെയാണ് ശിക്ഷിക്കേണ്ടത്. പക്ഷേ ദൌര്‍ഭാഗ്യമെന്നു പറയട്ടെ,അത് സംഭവിക്കുന്നില്ല. സ്വാഭാവികമായും ചുരുളിമാര്‍ അരങ്ങ് വാഴുന്നു.

www.vettathan.blogspot.com

13 comments:

  1. ഹഹ.. ചുരുളി ആളു കൊള്ളാം. ഇതുപോലെ പല ചുരുളിമാരെയും ഞാന്‍ ബിഎസ്‌എന്‍എല്‍ കാന്റീനുകളില്‍ കണ്ടിടുണ്ട്. പല ടെലികോം ഓപ്പറേറ്റര്‍മാരുടെ ഇടയില്‍ വര്‍ക്ക്‌ ചെയ്തിട്ടുള്ള എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യമുണ്ട്, നല്ല രീതിയില്‍ ഇടപെട്ടു കഴിഞ്ഞാല്‍, ബിഎസ്‌എന്‍എല്‍ പോലെ ഇത്രയും നല്ല ഒരു ക്ലയന്റ് വേറെയില്ല. ചില മോശം ഉദ്യോഗസ്ഥര്‍ ഉണ്ട് എന്നത് മറക്കുന്നില്ല. എങ്കിലും ബിഎസ്‌എന്‍എല്‍ Acceptance Test (AT), അത് ഇത്തിരി ഭയങ്കരം തന്നെയാണ്.

    ReplyDelete
  2. ബി.എസ്.എന്‍.എല്ലുകാരെ പറ്റി നല്ലത് പറഞ്ഞതിന് നന്ദി.ചുരുളിമാരുടെ എണ്ണം പൊതുവേ കുറവാണ്.ബഹുഭൂരിപക്ഷവും അഭിമാന ബോധമുള്ളവരാണ്.ഞാന്‍ പതിമൂന്നു വര്‍ഷം ഇന്സ്റ്റാളറായിരുന്നു.വളരെ AT കൊടുത്തിട്ടുണ്ട്.കേടുവന്നാല്‍ മാറ്റിയിടുന്ന ഇന്നത്തെ രീതി ഇല്ലാതിരുന്ന കാലത്ത് നന്നാക്കിയെടുക്കുക എന്നൊരു മാര്‍ഗ്ഗമേ ഉണ്ടായിരുന്നുള്ളൂ.ഐ.ടി.ഐ തന്നിരുന്നത് തീരെ ഗുണനിലവാരം കുറഞ്ഞ ഉപകരണങ്ങളും.ഞങ്ങളുടെ ഗതികേട് ഒന്നു ഓര്‍ത്ത് നോക്കൂ.

    ReplyDelete
  3. ഇത്തരം അന്തര്‍നാടകങ്ങളെക്കുറിച്ച് കേട്ടറിവ്‌ മാത്രമേ ഉള്ളു. പറഞ്ഞത്‌ ശരിയാണ്. ഓരോരുത്തവരും അവരവരുടെ ജോലി കൃത്യമായി ചെയ്യാതെ മറ്റുള്ളവരെ വിശ്വസിക്കുകയും അനാവശ്യമായ മുന്‍ധാരണയോടെ വിലയിരുത്തുകയും ചെയ്യുമ്പോള്‍ ചുരുളിമാര്‍ക്ക് അവരുടെ ഭാഗം നന്നായി നടത്തിയെടുക്കാം. അല്ലെങ്കിലും മറ്റുള്ളവരെ കയ്യിലെടുത്താണല്ലോ കൊള്ളകള്‍ നടത്താന്‍ എളുപ്പം. ഓരോ വിഭാഗവും ആ വിഭാഗത്തിന്റെ പള്‍സ് മനസ്സിലാക്കി നീങ്ങുന്ന സൂത്രക്കാര്‍..

    ReplyDelete
    Replies
    1. പല പ്രമാദ കേസ്സുകളിലും യഥാര്‍ത്ഥ കുറ്റവാളികള്‍ അവനവന്റെ ജോലി ഉത്തരവാദിത്വത്തോടെ നിര്‍വ്വഹിക്കാത്ത മേലുദ്യോഗസ്ഥരാണ്.

      Delete
  4. വളരെ നല്ല ഒരു പോസ്റ്റ്‌...എല്ലാ ഓഫീസിലും ഉണ്ടാവും ഇതുപോലുള്ള ആളുകള്‍..

    മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നവരുടെ കാര്യശേഷിയെ പറ്റിയുള്ള സംശയം സത്യമാണ്..നന്നായി പഠിച്ചു പരീക്ഷ എഴുതി പാസാകുന്നവന്‍ ചിലപ്പോള്‍ ജോലി ചെയ്യാന്‍ കഴിവില്ലാത്തവന്‍ ആയേക്കാം എന്ന് തോനുന്നു.

    ReplyDelete
    Replies
    1. ചിലര്‍ വെറും പുസ്തകപ്പുഴുക്കളാണ്.പുസ്തകം കരണ്ട് മാര്‍ക്ക് വാങ്ങിയിട്ടുണ്ടാവും.ഒരു ഗുണവുമില്ല.

      Delete
  5. ഏതു വകുപ്പുകളിലുമുള്ള ഓഫീസുകളില്‍നിന്നും കാര്യങ്ങള്‍ നേടിയെടുക്കുന്നതിനായി ഇത്തരം ചുരുളിമാരെ സ്വാധീനിക്കുന്ന ചില
    വിരുതന്മാരുണ്ട്..........
    ഓഫീസിലെ അന്തര്‍നാടകങ്ങളും,അതിന്‍റെ പര്യവസാനവും വളരെ
    വിശദമായി തന്നെ vettathan sir അവതരിപ്പിച്ചിരിക്കുന്നു.
    വളരെ നല്ല പോസ്റ്റ്.

    ReplyDelete
    Replies
    1. ഇതൊരു പരസ്പര സഹായ സംഘമാണ്.എതിര്‍ക്കുന്നവരെ അപവാദം പറഞ്ഞു നാറ്റിക്കും.

      Delete
  6. സര്‍വീസ് സ്റ്റോറികള്‍ വായിക്കുമ്പോഴാണ് ഇതൊക്കെ അറിയുന്നത്
    100 ശതമാനം കമ്മിറ്റ്മെന്റുള്ളവരെപ്പറ്റി വായിക്കുന്നത് ഒരു സന്തോഷമാണ്

    ReplyDelete
    Replies
    1. അങ്ങിനെ ധാരാളം പേരുണ്ട് അജിത്ത്.നിശ്ശ്ബ്ദമായിരുന്നു അവനവന്റെ ജോലി കൃത്യമായി ചെയ്യുന്നവര്‍.ലോബ്ബിയിങ് വശമില്ലാത്തവര്‍.അവരാണ് ഏത് ഡിപ്പാര്‍ട്മെന്‍റിന്‍റെയും കരുത്ത്.

      Delete
  7. ഈ ചുരുളി ആള്‍ ഒരു ഭയങ്കരന്‍ തന്നെ അല്ലെ ആശംസകള്‍

    ReplyDelete
  8. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു....(ആദ്യ കഥ, ബഷീറും ബീവിയും ചെന്ന് ചാടിയ ഗുലുമാല്‍ വായിക്കാന്‍ ക്ഷണിക്കുന്നു)

    ReplyDelete
  9. ചുരുളി ആള് കൊള്ളാമല്ലോ. പറഞ്ഞുവന്നപ്പോള്‍, ഏതാണ്ട് വെട്ടത്താന്‍ സര്‍ എഴുതിയ സ്വഭാവം തന്നെ എന്റെയും - വിശ്വസിച്ചാല്‍ അങ്ങോട്ട്‌ വിശ്വസിച്ചുകളയും, സംശയിച്ചാല്‍ അത് മാറാന്‍ ബുദ്ധിമുട്ടാണ്.
    Updated blog:
    http://drpmalankot0.blogspot.com

    ReplyDelete

Related Posts Plugin for WordPress, Blogger...