ആ
വര്‍ഷത്തെ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡീസിന്‍റെ ലിസ്റ്റില്‍
ദാമോദരന്‍റെ പേര് കണ്ടപ്പോള്‍ എനിക്കു വല്ലാത്ത ആഹ്ലാദം തോന്നി. ദാമോദരന്‍ എന്‍റെ
സുഹൃത്താണ്. ഞങ്ങള്‍ ഒരുമിച്ച് ഒരു ക്ലബ്ബില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ചാറ് വര്‍ഷത്തെ പരിചയവും സൌഹൃദവുമുണ്ട്.
കുടുംബവുമായും പരിചയത്തിലാണ്. രമണിയുടെ അച്ഛന്‍ കുഞ്ഞുണ്ണി നായരുടെ തോട്ടം എന്‍റെ
കൃഷിയിടത്തിന് അടുത്താണു . അങ്ങിനെയും
പരിചയമുണ്ട്.
ദാമോദരന്‍
എയര്‍പോര്‍ട്ടിലെ കസ്റ്റംസ് വിഭാഗത്തിലായിട്ടു രണ്ടു മൂന്നു കൊല്ലമായി. അതിനു മുന്‍പ് സെന്‍ട്രല്‍
എക്സൈസിലായിരുന്നു. അദ്ദേഹം എന്‍റെ വീട്ടില്‍ വന്നിട്ടുണ്ട്. ഞാന്‍ ആ വീട്ടിലും പോയിട്ടുണ്ട്. ഞങ്ങളുടെ
ഇടയില്‍ ഊഷ്മളമായ ഒരു സൌഹൃദം നില നിന്നിരുന്നു എന്നു പറയാം. ഒരിക്കല്‍ വേറൊരു സ്ഥലത്തെ ഒരു കുഴല്‍പ്പണക്കാരന്‍റെ
വിവരങ്ങള്‍ സംഘടിപ്പിച്ചു കൊടുക്കാമോ എന്നു ചോദിച്ചു ദാമോദരന്‍ എന്‍റെ വീട്ടില്‍
വന്നു. നിയമപരമായിത്തന്നെ അത് ചെയ്യാമല്ലോ എന്നായിരുന്നു എന്‍റെ നിലപാട്.
നിയമപരമായി പോകുമ്പോള്‍ വിവരം പുറത്താകാന്‍ സാദ്ധ്യതയുണ്ട് എന്ന മറുപടിയിലും അല്‍പ്പം
കാര്യമുണ്ട് എന്നെനിക്ക് തോന്നി. ഞാന്‍ ഒരു സുഹൃത്തിനെ അദ്ദേഹത്തിന്
പരിചയപ്പെടുത്തി കൊടുത്തു. മറ്റൊരിക്കല്‍ സമീപകാലത്ത് അതി സമ്പന്നനായ ഒരു
വ്യക്തിയുടെ ടെലഫോണ്‍ അനധികൃതമായി ചോര്‍ത്താന്‍ അദ്ദേഹമെന്‍റെ സഹായമന്യോഷിച്ചു
വന്നു. കള്ളപ്പണക്കാര്‍ക്കും രാജ്യദ്രോഹികള്‍ക്കും എതിരെ ദാമോദരന്‍ നടത്തുന്ന
ശ്രമങ്ങളില്‍ എനിക്കു മതിപ്പ് തോന്നി. പക്ഷേ ആവശ്യപ്പെടുന്നത് നിയമ വിരുദ്ധമായ
കാര്യങ്ങളാണ്. ഉദ്ദേശം ശരിയാണെങ്കിലും മാര്‍ഗ്ഗം തെറ്റാണ്. എനിക്കു അത്തരം
കാര്യങ്ങളില്‍ ഇടപെടാന്‍ വയ്യ. പോരെങ്കില്‍ ഞാന്‍ ടെലഫോണ്‍ എക്സ്ചേഞ്ചില്‍ അല്ല
ജോലി ചെയ്യുന്നത്. എക്സ്ചേഞ്ചിലെ അധികാരിയെ കാണാന്‍ ഞാന്‍ അദ്ദേഹത്തെ ഉപദേശിച്ചു.
ഇതിനിടെ
എനിക്കു ട്രാന്‍സ്ഫര്‍ ആയി. ഞാന്‍ കോഴിക്കോട് താമസവുമായി. ദാമോദരനുമായുള്ള ബന്ധം
മുറിഞ്ഞുപോയി എന്നു പറയാം. കാരണം അയാള്‍ക്ക് എയര്‍ പോര്‍ട്ടിലാണ് ജോലി. ഞാന്‍
ടൌണിലും. പൊതുവേ തമ്മില്‍ കാണലില്ല. ഒരിക്കല്‍ കോഴിക്കോട് വെച്ചു യാദൃച്ഛികമായി
കണ്ടുമുട്ടിയപ്പോള്‍ മറ്റ് പലതും സംസാരിച്ച കൂട്ടത്തില്‍ പഴയ ധനികനെക്കുറിച്ചുള്ള
അന്യോഷണത്തിന്‍റെ കാര്യം ഞാന്‍ എടുത്തിട്ടു. ദാമോദരന്‍റെ മറുപടി എന്നെ ഞെട്ടിച്ചു.
അയാള്‍ പുത്തന്‍ പണക്കാരന്‍റെ ആരാധകനായതു പോലെ തോന്നി. ദാമോദരന്‍റെ മേലധികാരി
കസ്റ്റംസ് കളക്റ്റര്‍ ധനികന്‍റെ ഗള്‍ഫിലെ വീട് സന്ദര്‍ശിച്ചതിനു ശേഷം പറഞ്ഞ
വാക്കുകള്‍ അയാളെന്നോട് ആവര്‍ത്തിച്ചു. “ He is not simply a rich man, he is a sheikh there”. ധാരാളം സമ്പത്തു കണ്ടിട്ടുള്ള ഉത്തരേന്ത്യക്കാരനായ കളക്റ്റര്‍ അങ്ങിനെ
പറയണമെങ്കില്‍ ആ സമ്പത്തു നമ്മുടെയൊക്കെ ധാരണക്ക് അപ്പുറമാകുമെന്നും ദാമോദരന്‍
പറഞ്ഞു വെച്ചു. ഞങ്ങള്‍ വീട്ടുകാര്യങ്ങളൊക്കെ പറഞ്ഞു പിരിഞ്ഞു. ഒരു കാര്യം എനിക്കു
അതിശയകരമായി തോന്നി. ദാമോദരന്‍റെ കുട്ടികള്‍ പ്രസ്തുത ധനികന്‍ അതി സമ്പന്നര്‍ക്കുവേണ്ടി
നടത്തുന്ന സ്കൂളിലാണ് പഠിക്കുന്നത്.
എങ്കിലും
പ്രസിഡണ്ടിന്‍റെ അവാര്‍ഡ് നേടിയവരുടെ ലിസ്റ്റില്‍ ആ പേര് കണ്ടപ്പോള്‍ എനിക്കു
സന്തോഷം അടക്കാനായില്ല. അത് ഒരു ജീവനക്കാരന് കിട്ടാവുന്നതില്‍ ഏറ്റവും വലിയ
അംഗീകാരമാണ്. ഒന്നു അനുമോദിക്കാന്‍
വീട്ടില്‍ വിളിച്ചെങ്കിലും ആരും ടെലഫോണ്‍ എടുക്കുന്നില്ല. ബന്ധുക്കളോടും
സുഹൃത്തുക്കളോടും വിവരം പങ്കുവെച്ചു ഞാന്‍ എന്‍റെ സന്തോഷം അടക്കി.
രണ്ടു
മാസം കഴിഞ്ഞു ഒരു ദിവസം പത്രത്തില്‍ കണ്ട വാര്‍ത്ത എന്നെ നടുക്കിക്കളഞ്ഞു.
ദാമോദരനെ പോലീസ് അറസ്റ്റ് ചെയ്ത വിവരമായിരുന്നു അത്. തലേന്ന് രാത്രി ദാമോദരന്‍റെ
വീട്ടില്‍ റെയിഡ് നടന്നു. പതിനാല് ലക്ഷം രൂപ കാഷ് കണ്ടെടുത്തു. അറസ്റ്റിലായ അയാളെ
കോടതി പതിനഞ്ചു ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. പോലീസ്സ്കാരുടെ കൂടെ തല കുമ്പിട്ടു
നില്‍ക്കുന്ന ദാമോദരന്‍റെ രൂപം സത്യത്തില്‍ എന്‍റെ മനസ്സുലച്ചു. ഒരു ശത്രുവിനു പോലും
സംഭവിക്കരുതേ എന്നു ആശിക്കുന്ന അവസ്ഥയാണത്. കേസ്സിന്‍റെ വിശദവിവരങ്ങള്‍ പത്രത്തില്‍
ഉണ്ടായിരുന്നു. ഒരു വലിയ കള്ളപ്പണക്കാരനെ കേസ്സില്‍ നിന്നൊഴിവാക്കാന്‍ ദാമോദരനും
അയാളുടെ കസ്റ്റംസ് കളക്റ്റരും കൂടി വാങ്ങിയ മുപ്പത്തഞ്ചു ലക്ഷത്തില്‍
പെട്ടതായിരുന്നു കണ്ടെടുത്ത പൈസ. കസ്റ്റംസ് കളക്റ്ററേ പക്ഷേ പോലീസിന് കിട്ടിയില്ല.
അയാള്‍ കൈക്കൂലിയായി കിട്ടിയ തുകയും കൊണ്ട് രണ്ടു മണിക്കൂര്‍ മുന്‍പുള്ള
ഫ്ലൈറ്റില്‍ രക്ഷപ്പെട്ടിരുന്നു. അയാള്‍ യഥാര്‍ത്ഥത്തില്‍ ട്രാന്‍സ്ഫര്‍ ആയി
പോകുന്ന പോക്കിലാണ് കള്ളപ്പണക്കാരനെയും പറ്റിച്ചു കടന്നു കളഞ്ഞത്.
ഞാന്‍
നാട്ടിലെ സുഹൃത്തുക്കളേ വിളിച്ച് വിവരങ്ങള്‍ തിരക്കി. നാട്ടില്‍ എല്ലാവര്ക്കും ആ
വാര്‍ത്ത തികച്ചും അവിശ്വസനീയമായിരുന്നു. അവരറിയുന്ന ദാമോദരന്‍ അങ്ങിനെ ഒരാളല്ല. എല്ലാവരോടും
നന്നായി പെരുമാറുന്ന, ഏത് പൊതു കാര്യത്തിനും മുന്‍പില്‍ നില്‍ക്കുന്ന
ഊര്‍ജ്ജസ്വലനായ ഒരാളായിരുന്നു അദ്ദേഹം. അയാള്‍ക്ക് എവിടെയാണ് പിഴച്ചത്? ദാമോദരന് രണ്ടു മൂന്നു മാസം
റിമാണ്ടിലായിരുന്നു. പിന്നെ എപ്പോഴോ അയാള്‍ക്ക് ജാമ്യം കിട്ടിയെന്നും പക്ഷേ
അങ്ങിനെ പുറത്തിറങ്ങാറില്ലെന്നും സുഹൃത്തുക്കള്‍ പറഞ്ഞറിഞ്ഞു. ദാമോദരന്‍റെ മക്കള്‍
സ്കൂള്‍ മാറി ദൂരെയെവിടെയോ ഉള്ള സ്കൂളിലാണ് പഠിക്കുന്നതെന്നും കേട്ടു. ഒരു രാത്രി
ഇരുട്ടി വെളുത്തപ്പോഴേക്കും അയാള്‍ സമൂഹത്തില്‍ നിന്നു ഉള്‍വലിഞ്ഞു. സമൂഹം അയാളെ
തൊഴിച്ചു പുറത്താക്കി എന്നും പറയാം. നമ്മുടെ സമൂഹം അങ്ങിനെയാണ്. ഒരാള്‍ ഏത് മാര്‍ഗ്ഗത്തിലൂടെയും
പൈസ ഉണ്ടാക്കിയാല്‍ മതി. നാലാള്‍ അയാളെ ബഹുമാനിക്കും. ഏത് സദസ്സിലും അയാള്‍
ആദരണീയനാവും. പക്ഷേ ,പിടിക്കപ്പെട്ടാല്‍, ശിക്ഷിക്കപ്പെട്ടാല്‍ പിന്നെ കുഷ്ഠരോഗിയെപ്പോലെ അകറ്റി നിര്‍ത്തൂം.
കാല പ്രവാഹത്തില്‍ ഞാന്‍ ദാമോദരനെ മറന്നു.
ദാമോദരന്‍റെ കേസ്സിനെക്കുറിച്ചും
പിന്നീടൊന്നും കേട്ടില്ല. മൂന്നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തീരെ യാദൃച്ഛികമായി പഴയ
സുഹൃത്തിനെ കണ്ടു. കുശലാന്യോഷണങ്ങള്‍ക്ക് ശേഷം ഞാന്‍ ജോലിയെക്കുറിച്ച് തിരക്കി.
അയാളുടെ ജോലിക്കു കുഴപ്പമൊന്നും സംഭവിച്ചില്ല. മാത്രമല്ല ദാമോദരനു പ്രൊമോഷനും ആയി.
അയാള്‍ ടൌണില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. സുഹൃത്തിനു കുഴപ്പം
ഒന്നുമുണ്ടാകാതിരുന്നതില്‍ എനിക്കു സന്തോഷം തോന്നി. അതേ സമയം തന്നെ എത്ര വലിയ
അഴിമതിയും വെറുതെ മാഞ്ഞുപോകുന്ന യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാന്‍ വല്ലാതെ വിഷമവും തോന്നി.
രാഷ്ട്രപതി
വിശിഷ്ട സേവനത്തിന് ആദരിച്ച വ്യക്തിയാണ് രണ്ടു മാസത്തിനു ശേഷം കൊടിയ അഴിമതിക്ക്
ജെയിലിലാവുന്നത്. ആളുകളെ അവാര്‍ഡുകളും ബഹുമതികളും കൊടുത്തു ആദരിക്കുന്ന നമ്മുടെ
വ്യവസ്ഥ എത്ര ദയനീയമായിരിക്കുന്നു. അയാള്‍ ആ രണ്ടു മാസം കൊണ്ട് മോശമായതാകാന്‍
വഴിയില്ല. അപ്പോള്‍ അയാളെ ആ ആദരവിന് നാമ നിര്‍ദ്ദേശം ചെയ്തവരുടെ കഥയോ?
കൊള്ള സംഘങ്ങള്‍ അവാര്‍ഡുകളും ബഹുമതികളും
വീതം വെക്കുന്ന സ്ഥലമായി നമ്മുടെ നാട് മാറിയിരിക്കുന്നു ഒരു പുരസ്കാരം ,അത് കിട്ടുന്ന ആളെ മാത്രമല്ല കൊടുക്കുന്ന ആളെയും വെളിച്ചത്തിലേക്ക് മാറ്റി
നിര്‍ത്തൂം എന്നു പറയുന്നതു വെറുതെയല്ല..
രണ്ടു
മാസം മുന്‍പു തികച്ചും യാദ്രുച്ഛികമായാണ് ദാമോദരനെ വീണ്ടും കണ്ടത്. ഒരു യാത്ര കഴിഞ്ഞു വരുമ്പോള്‍ അതേ
ട്രെയിനില്‍ അയാളുമുണ്ടായിരുന്നു. അയാള്‍ പട്ടണത്തില്‍ തന്നെയാണ് താമസം. നാട്
വിട്ടിട്ടു അഞ്ചാറ് വര്‍ഷമായി.എനിക്കു അത്ഭുതം തോന്നി. ഇത്ര അടുത്തായിട്ടും ഞങ്ങള്‍
കണ്ടില്ലല്ലോ.ദാമോദരനും ഭാര്യയും മകന്‍റെ വിവാഹത്തിനുള്ള ഒരുക്കങ്ങളിലായിരുന്നു. അവര്‍
ഞങ്ങളെ മകന്‍റെ വിവാഹത്തിന് ക്ഷണിച്ചു. പങ്കെടുക്കണമെന്ന്
പ്രത്യേകം ആവശ്യപ്പെട്ടു. പറഞ്ഞത് പോലെ വിശദ വിവരത്തിന് പിന്നീട് എസ്.എം.എസ്സും
അയച്ചു.
എന്തോ
ആ വിവാഹത്തില്‍ പങ്കെടുക്കാന്‍ എനിക്കു തോന്നിയില്ല.
www.vettathan.blogspot.com
നല്ലത് ചെയ്യണമെന്നും നല്ലത് പോലെ മാത്രം ജീവിക്കണമെന്ന് ആഗ്രഹിച്ചാലും ചിലപ്പോള്‍ മരണഭയം ഒഴിവാക്കി ജീവിക്കേണ്ടി വരുമ്പോള്‍ കൈക്കൂലി വാങ്ങിക്കാതെ അല്ലെങ്കില്‍ വഴിവിട്ട് ജീവിക്കാതെ തരമില്ലെന്ന അവസ്ഥയും ഇന്നുണ്ട്. അത്തരത്തിലായിരിക്കാം ദാമോദരന്റെ അനുഭവം.
ReplyDeleteറാംജി ആദ്യ കമന്‍റിന് പ്രത്യേകം നന്ദി.ഞാനറിയുന്ന ദാമോദരന്‍ ദുര മൂത്ത ഒരു കൈക്കൂലിക്കാരനായിരുന്നില്ല.കസ്റ്റംസിലെ ജോലി അയാളെ മാറ്റി എന്നു തോന്നുന്നു.
Deleteഇതു നടന്ന കാര്യമാണോ... എന്താ ചെയ്ക. സഹചര്യങ്ങളും ദുരയും മനുഷ്യനെ മാറ്റാം
ReplyDeleteആളുടെ പേരോഴിച്ചു ബാക്കിയെല്ലാം സത്യം.ഇതുപോലൊരു സംഭവത്തിന് ശേഷം ഒരു കുഴപ്പവുമില്ലാതെ അയാള്‍ ജോലിയില്‍ തിരിച്ചു കയറി.താമസിയാതെ പ്രൊമോഷനും കിട്ടി.അയാളുടെ മേലധികാരികള്‍ എന്തു തരം ആള്‍ക്കാരാണ്?
Delete"നമ്മുടെ സമൂഹം അങ്ങിനെയാണ്. ഒരാള്‍ ഏത് മാര്‍ഗ്ഗത്തിലൂടെയും പൈസ ഉണ്ടാക്കിയാല്‍ മതി. നാലാള്‍ അയാളെ ബഹുമാനിക്കും. ഏത് സദസ്സിലും അയാള്‍ ആദരണീയനാവും. പക്ഷേ ,പിടിക്കപ്പെട്ടാല്‍, ശിക്ഷിക്കപ്പെട്ടാല്‍ പിന്നെ കുഷ്ഠരോഗിയെപ്പോലെ അകറ്റി നിര്‍ത്തും."
ReplyDeleteകാലികപ്രസക്തിയുള്ള കാര്യമാണ് സാര്‍ ഈ ഖണ്ഡികയിലൂടെ
പ്രകാശിപ്പിച്ചിരിക്കുന്നത്.തീര്‍ച്ചയായും സത്യസന്ധതയും, സ്വാര്‍ത്ഥതയില്ലാത്ത കൃത്യനിര്‍വ്വഹണബോധവും ഉള്ള മേലധികാരികളും, ഭരണാധികാരികളും ഉണ്ടെങ്കില്‍ കുറയേറെ ക്രമക്കേടുകള്‍ ഇല്ലാതാകും.
ഞാന്‍ മാത്രം നോക്ക്യ രാജ്യൊന്നും നന്നാവാന്‍ പോണില്ല്യ എന്ന
ചിന്താഗതിയുള്ളവരാണ് ഭൂരിപക്ഷവും.അവര്‍ മുതലെടുക്കുന്നു.
"പൂമ്പൊടിയേറ്റു കിടക്കും കല്ലിന് സുഗന്ധവും"
മാലിന്യം ചുമക്കുന്ന മണ്ണിന് ദുര്‍ഗന്ധവും ക്രമേണ വന്നുചേരും.
ആശംസകള്‍
തങ്കപ്പന്‍ ചേട്ടാ അയാളുടെ നാട്ടില്‍ അയാള്‍ക്ക് വിലയില്ലാതായി.കുടുംബവുമായി നഗരത്തിലേക്ക് കൂടുവിട്ടു കൂട് മാറേണ്ടി വന്നു.ഈ കേസ്സില്‍ അയാളുടെ മേലധികാരിയായിരുന്നു പെരും കള്ളന്‍.
Deleteഅനുഭവങ്ങൾ പാളിച്ചകൾ എന്ന് രണ്ട് വാക്കിൽ പറയാനാണെനിക്ക് താല്പര്യം...
ReplyDeleteഅയാളൊരു ദൂഷിത വലയത്തില്‍ പെട്ടതുപോലെയാണ് തോന്നിയത്.
Deleteചിലര്‍ സാഹചര്യങ്ങള്‍ ഉണ്ടാക്കുന്ന പ്രലോഭനങ്ങളില്‍ അകപ്പെട്ട് കുറ്റം ചെയ്തു പോകുന്നു..കുറിപ്പ് വളരെ നന്നായി. അഭിനന്ദനങ്ങള്‍.
ReplyDeleteശരിയാണ്.അഴിമതി പൊതുസ്വൊഭാവമായ ഇടങ്ങളില്‍ ചെന്നു പെട്ടാല്‍ കൂടെ നീന്താനെ പലര്‍ക്കും കഴിയൂ.
Delete‘ആളുകളെ അവാര്‍ഡുകളും ബഹുമതികളും കൊടുത്തു ആദരിക്കുന്ന നമ്മുടെ വ്യവസ്ഥ എത്ര ദയനീയമായിരിക്കുന്നു. അയാള്‍ ആ രണ്ടു മാസം കൊണ്ട് മോശമായതാകാന്‍ വഴിയില്ല. അപ്പോള്‍ അയാളെ ആ ആദരവിന് നാമ നിര്‍ദ്ദേശം ചെയ്തവരുടെ കഥയോ? കൊള്ള സംഘങ്ങള്‍ അവാര്‍ഡുകളും ബഹുമതികളും വീതം വെക്കുന്ന സ്ഥലമായി നമ്മുടെ നാട് മാറിയിരിക്കുന്നു ഒരു പുരസ്കാരം ,അത് കിട്ടുന്ന ആളെ മാത്രമല്ല കൊടുക്കുന്ന ആളെയും വെളിച്ചത്തിലേക്ക് മാറ്റി നിര്‍ത്തൂം എന്നു പറയുന്നതു വെറുതെയല്ല..‘
ReplyDeleteഈ ദാമോദരേട്ടനെ നല്ല ആമോദത്തോടെ തന്നെ വായിച്ചറിഞ്ഞു കേട്ടൊ ഭായ്
ഈ വായനക്ക് ഹൃദയം നിറഞ്ഞ നന്ദി.
Delete