Showing posts with label anubhavam. Show all posts
Showing posts with label anubhavam. Show all posts

Tuesday, 3 January 2012

ചില നക്സലൈറ്റ് പരീക്ഷണങ്ങള്‍



                    അതി രാവിലെ വാതിലില്‍ മുട്ടുന്നത്   കേട്ടാണ് ഉണര്‍ന്നത്.മുന്നില്‍ ഹമീദ്.കൊശവന്‍സ് ലോഡ്ജിലെ രണ്ടാമത്തെ വിദ്യാര്‍ഥി.
"എന്താടാ അതിരാവിലെ?"
അവന്‍ എന്‍റെ മുറിയില്‍ കയറി വാതില്‍ ചാരി .
"ചേച്ചി  നമ്മള്‍ ഉദ്ദേശിക്കുന്നതുപോലെയല്ല.  ആള് പെഴയാ
എന്ത് പറ്റി.
ഇന്നലെ രാത്രീ ,ഒരു പന്ത്രണ്ടര കഴിഞ്ഞപ്പോള്‍ അവര് വാതില്‍ തുറന്നു.ഒരാളെ ഇറക്കി വിട്ടു.ലൈറ്റ് ഇടാതെയാണ് അയാളെ പുറത്തിറക്കി വിട്ടത്.
നീ എങ്ങിനെയാ ഇത് കണ്ടത്?
ശബ്ദം കേട്ട് ഞാന്‍ എഴുന്നേറ്റു ജനാലയില്‍ കൂടി നോക്കുമ്പോള്‍ ,അവര് രഹസ്യമായി അയാളെ ഇറക്കി വിടുന്നു.
എന്തെങ്കിലുമാവട്ടെ.നമുക്കെന്താ?"

                   റോഡിന്‍റെ ഇരു വശങ്ങളിലുമായാണ് ഞങ്ങളുടെ താമസം.ടൌണില്‍ ഹോട്ടല്‍ നടത്തുന്ന മാധവന്‍ നായര്‍ക്കു ഭാര്യയും മൂന്നു കുട്ടികളുമുണ്ട് .മാധവന്‍ നായര്‍ അറിയപ്പെടുന്ന നക്സലൈറ്റു അനുഭാവിയാണ്.രാത്രി എപ്പോഴെങ്കിലുമേ വീട്ടില്‍ വരൂ.ഹോട്ടലും രാഷ്ട്രീയവും ആണ് പ്രധാനം.ഭേദപ്പെട്ട മദ്യപാനിയുമാണ്.ഞങ്ങള്‍ക്ക് അന്യോന്യം അറിയാം.
മുപ്പത്തഞ്ചു -നാല്‍പ്പതു വയസ്സുള്ള ചേച്ചി ആ പ്രായത്തിലും നല്ല സുന്ദരിയാണ്.മക്കള്‍ -കുമാരി ആറാം ക്ലാസ്സില്‍.ജയ നാലില്‍. പ്രസാദ് രണ്ടില്‍.ചേച്ചിയും മക്കളുമായി ഞങ്ങള്‍ നല്ല സൌഹൃദത്തിലാണ്.വൈകുന്നേരങ്ങളില്‍ സൗഹൃദം കൂടാന്‍ കുട്ടികളെത്തും .മൂന്നു പേരും നല്ല മിടുക്കരാണ്.........

                      പിറ്റേന്ന് രാവിലെയും കതകില്‍ മുട്ടുന്നത് കേട്ടാണ് ഞാനുണര്‍ന്നത്.മുന്നില്‍ ഹമീദ്.അവന്‍ പതിഞ്ഞ ശബ്ദത്തില്‍ എന്നെ പുറത്തേക്കു വിളിച്ചു.മാധവന്‍ നായരുടെ വീടും പരിസരവും പോലീസ് വളഞ്ഞിരിക്കുന്നു.ഒരു പത്തു മുപ്പതു പേരെങ്കിലും ഉണ്ട്.രണ്ടു എസ്.ഐ.മാരും സര്‍ക്കിളും   റിവോള്‍വര്‍ കയ്യില്‍ എടുത്തു പിടിച്ചിട്ടുണ്ട്.വീട് പരിശോധിക്കുകയാണ്.മാധവന്‍ നായര്‍ വീടിന്‍റെ ഇളം തിണ്ണയിലിരുന്നു ബീഡി വലിക്കുന്നു.ഭയന്ന കുട്ടികളെ ചേച്ചി ചേര്‍ത്ത് പിടിച്ചിട്ടുണ്ട്.ഒരു അര മണിക്കൂര്‍ കൊണ്ട് പരിശോധന തീര്‍ന്നു.തിരിച്ചു പോകാനിറങ്ങിയ സര്‍ക്കിളിനെ നായര്‍ തടഞ്ഞു.ഒന്നും രണ്ടും പറഞ്ഞു വഴക്കായി.സുഹൃത്തുക്കളായ ചില പോലീസുകാര്‍ എങ്ങിനെയോ "മാച്ചേട്ടനെ "  സമാധാനിപ്പിച്ചു .

                ഈ സമയം കൊണ്ട് ചെറിയൊരാള്‍ക്കൂട്ടമായി .ലോഡ്ജിലെ അന്തേവാസികളും,അയല്‍പക്കക്കാരും അടങ്ങിയ ചെറു സദസ്സിനു മുന്‍പില്‍ നായര്‍ വാചാലനായി."അവര് മൂഞ്ചും,അവര് ഫിലിപ്പ് .എം.പ്രസാദിനെ തപ്പിയിറങ്ങിയതാ,മൂഞ്ചത്തെ ഉള്ളൂ ."

              പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണം നടന്ന കാലമാണ്.കുന്നിക്കല്‍ നാരായണനും,മന്ദാകിനിയും ,അജിതയുമെല്ലാം പോലീസ് പിടിയിലായി.വര്‍ഗ്ഗീസിനെ കൊന്നു കഴിഞ്ഞു.ഫിലിപ്പ് .എം.പ്രസാദിനെ മാത്രം പിടികിട്ടിയിട്ടില്ല.ഇവിടെയും പോലീസിനു പിഴച്ചു.കാരണം
പോലീസുകാര്‍ തന്നെ ഒറ്റുകാരായുണ്ടായിരുന്നു.

                ദ്രവിച്ച സാമൂഹ്യ വ്യവസ്ഥിതിക്കു  എതിരായി ഏതാനും മനുഷ്യര്‍ സ്വയം ബലികൊടുത്ത കാലമായിരുന്നു അത്‌.അവിടുന്നും ഇവിടുന്നും സംഘടിപ്പിച്ച നാടന്‍ തോക്കുകളുമായി വിപ്ലവം നടത്താന്‍ പുറപ്പെട്ടവര്‍.മാവോ സേതുങ്ങിനെ ആചാര്യ സ്ഥാനത്ത്  നിര്‍ത്തി വിപ്ലവത്തിന്‍റെ കാഞ്ചി വലിച്ചവര്‍. എല്ലാവരും പിടിക്കപ്പെട്ടു.പ്രസാദ് ഒഴികെ.

              മാധവന്‍ നായര്‍ അമ്പതു കഴിഞ്ഞ കൃശ ഗാത്രനാണ്.മിക്കപ്പോഴും അല്‍പ്പം കഴിച്ചിട്ടുമുണ്ടാവും.പക്ഷെ ആളൊരു പഴയ കാല സിംഹം തന്നെ.വൈകുന്നേരം തന്‍റെ രണ്ടു അള്‍സേഷന്‍ നായ്ക്കളുമായി നായര്‍ പോലീസ് ക്ലബ്ബിലേക്ക് ചെന്നു.നായരുടെ അള്‍സേഷന്‍ നായ്ക്കള്‍  പ്രസിദ്ധരാണ്.സിനിമകളിലൊക്കെ വന്നിട്ടുണ്ട്.കണ്ടാലേ ഭയമാകും.നായ്ക്കളുമായി നേരെ അകത്തേക്ക് കയറി.സര്‍ക്കിളിന്‍റെ നേരെ ചെന്നു.പലരും സമാധാനിപ്പിക്കാനും,പിന്തിരിപ്പിക്കാനും നോക്കുന്നുണ്ട്.പക്ഷെ ഫലമില്ല.അപകടം മണത്ത സി.ഐ.തോക്കെടുത്തു.ചീത്ത വിളിക്കുന്ന നായരുടെയും മുറുമുറുക്കുന്ന നായ്ക്കളുടെയും  മുന്നില്‍  സര്‍ക്കിള്‍ ആകെ പതറി.എല്ലാവരും കൂടി മാച്ചേട്ടനെ ഒരു വിധം സമാധാനിപ്പിച്ചു പറഞ്ഞു വിട്ടു.

                ഇതിനിടെ പത്ത് കിലോമീറ്റര്‍ അകലെ ഒരു ഗ്രാമത്തില്‍ നിന്നു ഫിലിപ്പ്.എം.പ്രസാദ് പോലീസ് പിടിയിലായി.

                നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളും,പത്രക്കാരും നക്സലൈറ്റുകളെ ഭീകരന്മാരും കൊലപാതകികളുമായാണ് അവതരിപ്പിച്ചത്.ജനങ്ങളുടെ സ്വൈര ജീവിതം അസാധ്യമാക്കുന്ന തെമ്മാടികള്‍.പക്ഷെ നാട്ടിലെ ചിന്തിക്കുന്ന യുവത്വത്തിനു അവര്‍ വിമോചകരായി.സ്വയം നഷ്ട്ടപ്പെടുത്തി അവര്‍ ചെയ്ത  cleaning സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കി.കൊള്ളപ്പലിശക്കാര്‍ക്കും, മാടമ്പി മാര്‍ക്കും നിലപാട് മാറ്റേണ്ടി വന്നു.

               യുവാക്കള്‍ നക്സലൈറ്റുകളുടെ ആരാധകരായി.സമൂഹത്തിനു വേണ്ടി സ്വയം നശിക്കുന്ന അവരോടു എനിക്കും ആരാധന തോന്നി.നാടന്‍ തോക്കുമായി വിപ്ലവം നടത്തുന്നത് അസാധ്യമാണ് എന്ന് മനസ്സിലാക്കാഞ്ഞിട്ടല്ല.ഇന്ത്യയുടെ പൈതൃകം ഇത്തരം സാഹസങ്ങള്‍ക്ക്‌ അനുയോജ്യമല്ല എന്നറിയുകയും ചെയ്യാം.പക്ഷെ നടക്കാത്ത കാര്യത്തിനു വേണ്ടി ആണെങ്കിലും,ഒരു വിശ്വാസത്തിന്‍റെ പേരില്‍ സ്വന്തം ജീവിതം നഷ്ട്ടപ്പെടുത്തുന്നവരെ വെറുതെ തള്ളിക്കളയാന്‍ വയ്യ.

                 അവധി ദിവസങ്ങളില്‍ മാധവന്‍ നായരുമായി രാഷ്ട്രീയം പറഞ്ഞിരിക്കുന്നത് ഒരു പതിവായി.പല കാര്യങ്ങളും ഞങ്ങള്‍ കണ്ടത് വ്യത്യസ്തമായി തന്നെയാണ്.അങ്ങിനെയിരിക്കുമ്പോള്‍ മാച്ചേട്ടന്‍ കുറച്ചു പുസ്തകങ്ങള്‍ കൊണ്ട് തന്നു.അന്ന് നിരോധിക്കപ്പെട്ടിരുന്ന മാവോയുടെ ചില രചനകള്‍.ഒരു പുതു ക്രിസ്ത്യാനിയുടെ ഉത്സാഹത്തോടെ  ഞാനതെല്ലാം വായിച്ചു തീര്‍ത്തു.

                മാവോയെ മുന്‍ നിര്‍ത്തി ഇന്ത്യന്‍ വിപ്ലവകാരികള്‍ നടത്തുന്നത് ഒരു പാഴ് വേലയാണ് എന്നെനിക്കു മനസ്സിലായി.മാവോ എഴുതി -വിപ്ലവം ഒരിക്കലും ഇറക്കുമതി ചെയ്യാനുള്ളതല്ല.ഓരോ രാജ്യത്തിനും വിപ്ലവത്തിന്റെ വഴികള്‍ വേറെ വേറെയാണ്.അത്‌ ആ മണ്ണില്‍ നിന്നു ,ആ സംസ്കാരത്തില്‍ നിന്നു പൊട്ടിക്കിളുര്‍ത്തു വരണം........(ഓര്‍മ്മയില്‍ നിന്നു എഴുതിയതാണ്.)

              മാര്‍ഗ്ഗം ശരിയല്ലായിരുന്നു എങ്കിലും,ചെയ്തത് പലതും തെറ്റായിരുന്നു എങ്കിലും,ഒരു നല്ല നാളെ സ്വപ്നം കണ്ട വിപ്ലവകാരികളെ,നിങ്ങള്‍ക്ക്‌ ഒരു വൈറ്റ് സല്യുട്ട് .
http://vettathan.blogspot.com

Thursday, 8 December 2011

സാറന്മാരും തൊഴിലാളികളും.

        നമ്മുടെ വലിപ്പം പ്രധാനമായും നമ്മുടെ മനസ്സിലാണ്.താനൊരു  സംഭവമാണെന്ന് ആര്‍ക്കെങ്കിലും തോന്നിപ്പോയാല്‍ പിന്നെ രക്ഷയില്ല.ആ ഉന്നത സോപാനത്തില്‍ നിന്നിറങ്ങാന്‍ വയ്യ.എത്ര കഷ്ട്ടപ്പെട്ടിട്ടാണെങ്കിലും അവിടെ അള്ളിപ്പിടിച്ചിരിക്കണം. നിങ്ങള്ക്ക് തോന്നും വല്ല രാഷ്ട്രീയക്കാരന്റെയും കഥയാണെന്ന്. അല്ല ,ഇത് നമ്മള്‍ ഓരോരുത്തരുടെയും വിധിയാണ്.

Saturday, 3 December 2011

ഒരു ടെലഫോണ്‍ ടാപ്പിങ്ങിന്റെ കഥ


"സര്‍,നിങ്ങളുടെ ആളുകള്‍ എന്റെ ടെലഫോണ്‍ ടാപ്‌ ചെയ്യുന്നുണ്ട് " ആകെ പതറിയ ഒരു സ്ത്രീ ശബ്ദം.അവരുടെ സംഭാഷണം വള്ളി പുള്ളി തെറ്റാതെ റിക്കാര്‍ഡ് ചെയ്തു അവരെ കേള്‍പ്പിച്ചുവത്രേ.

Saturday, 26 November 2011

പൊതു മരാമത്ത് വകുപ്പില്‍ ഒന്നാം ദിവസം.









                   പഠിച്ചിരുന്ന കാലത്ത് ഒരു പി എസ് സി പരീക്ഷ എഴുതിയിരുന്നതുകൊണ്ടു മുപ്പത്തിയെട്ടു വര്ഷം മുന്‍പ് പി. ഡബ്ലി. ഡി യില്‍ ഒരു ഗുമസ്തപ്പണി കിട്ടി.ആദ്യ ശമ്പളം നൂറ്റിയിരുപത്തിയെട്ടു രൂപ.ആറു   മാസം കഴിഞ്ഞു (ശമ്പള പരിഷ്ക്കരണം കഴിഞ്ഞു ശമ്പളം 168 രൂപ) ഞാനത് കളഞ്ഞു, എല്‍ .ഐ. സി യില്‍ ഒരു എംപ്ലോയിമെന്റ് പണി കിട്ടി പോയി.(ശമ്പളം 372 രൂപ  ).കഥ അതല്ല .

Tuesday, 8 November 2011

ഗോപാലകൃഷ്ണന്റെ മൂന്നു മാസം.







ഭാവി അറിയാനുള്ള മോഹം എല്ലാവരിലും ഉണ്ട്.ഇതിലൊന്നും വിശ്വാസമില്ല എന്ന് പറയുന്നവര്‍ പോലും , ഭാവി എന്താകും എന്ന് അറിയാന്‍ കൊതിക്കുന്നവരാണ്‌.ഹസ്ത രേഖാ,ജ്യോതിഷം എന്ന് വേണ്ട ബ്ലാക്ക് മാജിക് വരെ ആളുകളെ ആകര്‍ഷിക്കുന്നു.പഠിച്ചിരുന്ന കാലത്ത് അറിയപ്പെടുന്ന ഒരു ഹസ്ത രേഖാ ശാസ്ത്രജ്ഞനായിരുന്ന എനിക്ക് ചില വിശേഷാനുഭവങ്ങളും ഉണ്ട്.ക്ലാസ് എടുത്തു കൊണ്ടിരുന്ന, കന്യാസ്ത്രീ   ലക്ചറര്‍ പത്ത് മിനുട്ട് മുന്പ് ക്ലാസ് നിര്‍ത്തി എന്റെ നേരെ കൈ തുറന്നതാണ് അതിലൊന്ന്.

Friday, 21 October 2011

ടാക്സി ഡ്രൈവര്‍മാര്‍ സദാചാരം നടപ്പാക്കിയപ്പോള്‍

നമ്മുടെ ഓട്ടോക്കാരും സകലമാന വായിനോക്കികളും സദാചാരം നടപ്പാക്കാന്‍ വെമ്പല്‍ കൊള്ളുന്ന കാലമാണിത്."കൊച്ചിയെ ബാംഗ്ലൂരാക്കാന്‍ സമ്മതിക്കില്ല" എന്നൊക്കെയുള്ള പ്രസ്താവനകള്‍ കേട്ടിട്ടില്ലേ.നിങ്ങള്ക്ക് തോന്നാം ഈ സദാചാര  പോലീസു ഇന്നത്തെ ഒരു പ്രതിഭാസമാണെന്ന്.പക്ഷെ സത്യം  മറ്റൊന്നാണ്. നമ്മുടെ നാട്ടില്‍ പാപികളെക്കാള്‍  കൂടുതല്‍ ധര്‍മ്മം സംരക്ഷിക്കാനിറങ്ങിയ നല്ല മനുഷ്യരുണ്ട്‌.ഇന്ന് മാത്രമല്ല എന്നും. 

സംശയമുണ്ടെങ്കില്‍ ഈ കഥ ഒന്ന് കേള്‍ക്കു.

Wednesday, 31 August 2011

ഒരു അഖില കേരള ചെറുകഥാ മത്സരത്തിന്റെ കഥ.



     നാല്‍പ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.തൊടുപുഴയില്ഒരു സഹൃദയ വേദി ഉണ്ടായിരുന്നു.പില്ക്കാലത്ത് നാടകങ്ങളിലൂടെ പ്രസിദ്ധനായ ടി.എം.അബ്രാഹവും ഞാനുമായിരുന്നു പ്രധാന പ്രവര്ത്തകര്‍. എന്‍‍.എന്‍‍.പിള്ളയെപ്പോലുള്ള എഴുത്തുകാരെ കൊണ്ടുവന്നു സിംപോസിയങ്ങളും മറ്റു ചര്‍ച്ചകളും നടത്താന്ഞങ്ങള്ക്ക് കഴിഞ്ഞു.സാഹിത്യത്തില്‍ താത്പര്യമുള്ള ധാരാളം പേര് ഇതിലൊക്കെ പങ്കെടുക്കുകയും ചെയ്തിരുന്നു.

Wednesday, 15 June 2011

ചാക്കോച്ചന്റെ ഒരു ദിവസം

ചാക്കോച്ചനു സ്വര്‍ഗ്ഗ രാജ്യം ലഭിക്കുമോ ?
കിട്ടാതിരിക്കുമോ?
      അടുത്ത കാലത്ത് എന്നെ മഥിക്കുന്ന ഒരു വലിയ പ്രശ്നമാണിത്. ദൈവം അങ്ങിനെ കരുണ കാണിക്കാതിരിക്കുമോ? എത്ര മാത്രം സ്തോത്രങ്ങളാണ് ഓരോ ദിവസവും ചാക്കോച്ചന്‍    ചൊല്ലുന്നത് ? രാവിലെ അഞ്ചു മണിക്ക് എഴുന്നേല്‍ക്കും. പത്തു മിനുട്ടുകൊണ്ട് റെഡി ആകും. പിന്നെ ബൈബിള്‍ എടുത്തു എകാഗ്രതയോടെ  ഉള്ള പാരായണമാണ്. വെറും വായന അല്ല. ചാക്കോച്ചന്‍റെ ഹൃദയം ശരിക്കും ദൈവത്തിങ്കലേക്കു എത്തും. ഈ ഭൂമിയും അതിലെ മായകളും അയാളുടെ മനസ്സിന്‍റെ കോണില്‍ പോലും ഇടം കിട്ടാതെ ഏതോ തമോഗര്‍ത്തങ്ങളിലലയും. എന്തിനു, തൊട്ടടുത്ത മുറിയിലെ കട്ടിലില്‍ കിടക്കുന്ന ഭാര്യ സുമ പോലും അയാളുടെ മനസ്സില്‍ ഉണ്ടാവില്ല.
Related Posts Plugin for WordPress, Blogger...