Tuesday, 24 April 2012

വന്മരം മറിഞ്ഞു വീണപ്പോള്‍




 വൈകുന്നേരം ഒരു യാത്രയുണ്ടായിരുന്നു.അതുകൊണ്ടു ഞാനന്ന് ഓഫീസ്സില്‍ പോയില്ല.ശ്രീമതിയും കുട്ടികളും സ്കൂളില്‍ പോയി.  സമയം പന്ത്രണ്ടു മണിയായിട്ടില്ല.റേഡിയോയിലൂടെ വരുന്ന ക്രിക്കറ്റ് കമന്‍ററിയും കേട്ടു വെറുതെ കിടക്കുകയായിരുന്നു ഞാന്‍.കളി മുറുകി വരുന്നു.പെട്ടെന്നു കമന്‍ററിക്ക് പകരം ഉപകരണ സംഗീതം,അതും ചെറിയ ദു:ഖഛവിയിലുള്ളത് കേള്‍ക്കാന്‍ തുടങ്ങി.
    ഒരുപക്ഷേ ലിങ്ക് പോയതാവും എന്നുകരുതി കാത്തിരുന്നു.ലിങ്ക് പോയാല്‍ റേഡിയോക്കാര്‍ വിവരം പറയേണ്ടതാണ്. ഞാന്‍ സ്റ്റേഷനുകള്‍ മാറ്റി നോക്കി.എല്ലായിടത്തും നേര്‍ത്ത സംഗീതം മാത്രം.പെട്ടെന്നു എന്തോ ഒരു സംശയം.ഞാനുടനെ ബി.ബി.സി ട്യൂണ്‍ ചെയ്തു. വാര്‍ത്ത കേട്ടു എന്‍റെ തല കറങ്ങുന്നതുപോലെ തോന്നി.ഒരു ഷര്‍ട്ട് എടുത്തിട്ടു ഞാന്‍ ഞങ്ങളുടെ അങ്ങാടിയിലേക്ക് ഓടി.ആദ്യം കണ്ട ആളോടുതന്നെ വിളിച്ച് കൂവി.

“ഇന്ദിരാ ഗാന്ധിയെ വെടിവെച്ചു കൊന്നു”.
     
    ഞാനൊരിക്കലും ശ്രീമതി ഗാന്ധിയുടെ ആരാധകനായിരുന്നില്ല.അവരുടെ ജനപ്രിയ നടപടികളില്‍ ഒട്ടും മതിപ്പു തോന്നിയിട്ടുമില്ല. മറിച്ച്,അവരുടെ പല നടപടികളും ജനാധിപത്യ വിരുദ്ധമായിരുന്നു എന്നു ഉറച്ചു വിശ്വസിച്ചിരുന്നു.അടിയന്തിരാവസ്ഥ നമ്മുടെ ജനാധിപത്യത്തിനേറ്റ ഏറ്റവും വലിയ അടിയായിത്തന്നെ കരുതി.രാവിലെ പത്രത്തില്‍ “ഇന്ന് ഞാന്‍ ജീവിച്ചിരിക്കുന്നു.നാളെ ഒരുപക്ഷേ ഞാനുണ്ടാവില്ല. എന്‍റെ അവസാനത്തുള്ളി രക്തം വരെ എന്‍റെ നാടിന് നല്കും” എന്ന പ്രസംഗം ആസ്വദിച്ച് വായിച്ചു.

   പക്ഷേ ഇപ്പോള്‍ എനിക്കാകെ തളര്‍ച്ച തോന്നുന്നു.വീട്ടില്‍ തിരിച്ചുവന്നു റേഡിയോയില്‍ പരതി.നമ്മുടെ നിലയങ്ങളില്‍ എല്ലാം ഉപകരണ സംഗീതമേ ഉള്ളൂ.ഞാന്‍ ബി.ബി.സിയും വോയിസ് ഓഫ് അമേരിക്കയും  തപ്പി. (സര്ക്കാര്‍ മാധ്യമങ്ങളെ വിശ്വാസമില്ലാതെ അടിയന്തിരാവസ്ഥക്കാലത്ത് തുടങ്ങിയതാണ് ഈ പരിപാടി).കൂടുതല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നുതുടങ്ങി.സിഖുകാരായ അംഗരക്ഷകരാണ് വെടിവെച്ചത്.സുവര്‍ണക്ഷേത്രത്തിലെ സൈനീക നടപടിയിലും,ഭീന്ദ്രന്‍വാലായെ വധിച്ചതിലുമുള്ള പ്രതിഷേധമാണ്.എനിക്കു ഇരുപ്പുറച്ചില്ല. ഒരു  നിമിഷംകൊണ്ടു ഇന്ദിര എന്‍റെ ശത്രുവല്ലാതായി.”ഇന്ത്യയെന്നാല്‍ ഇന്ദിരയാണ്” എന്ന ഒരു വൈതാളികന്‍റെ പ്രസ്താവനയേ പുശ്ചത്തോടെ മാത്രം കണ്ടിരുന്ന എനിക്കു ഇന്ദിര ഇന്ത്യ തന്നെയാണെന്ന് തോന്നി.സകല സിഖുകാരും എന്‍റെ ശത്രുക്കളായി.ഒരു സിഖുകാരനെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ എന്നു ഞാനും ആഗ്രഹിച്ചു
    
    വിവരങ്ങളറിയാതെ ഇത്രയും കഷ്ടപ്പെട്ട ഒരു കാലമില്ല.എന്‍റെ നാട്ടില്‍ ഒരിടത്തും ഫോണില്ല.തിരുവനന്തപുരം-മാംഗ്ലൂര്‍-ബോംബേ മൈക്രോവേവ് ലിങ്കിന്‍റെ ഭാഗമായി വെള്ളയില്‍ സ്റ്റേഷനില്‍ ഒരു ടി.വി.യുണ്ട്.അതേ കണ്ടിട്ടുള്ളൂ.നാല്‍പ്പത്തഞ്ചു കിലോമീറ്റര്‍ അകലെയുള്ള നഗരത്തിലെ സുഹൃത്തുക്കളേ ബന്ധപ്പെടാനാവാതെ ,ഒരു വിവരവും അറിയാന്‍ വഴിയില്ലാതെ,കണ്ണില്‍കണ്ട റേഡിയോ സ്റ്റേഷനുകള്‍ ഒക്കെ ട്യൂണ്‍ ചെയ്തു,  മുറിഞ്ഞ മനസ്സുമായ് ഞാനിരുന്നു.നാലുമണിയോടെയാണ് നമ്മുടെ റേഡിയോ മിസ്സസ്സ് ഗാന്ധിയുടെ മരണവാര്‍ത്ത പുറത്തു വിട്ടത്.
     
    പിറ്റെന്നു പത്രം വന്നപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതു.ഇന്ത്യാ മഹാരാജ്യത്തിലെ ജനം ഇന്ദിരയെ ചൊല്ലി പൊട്ടിക്കരഞ്ഞു.അണപൊട്ടിയൊഴുകിയ ദുഖത്തില്‍ നാട് വെറുങ്ങലിച്ചു നിന്നു.രാജ്യത്തുടനീളം സിഖുകാര്‍ക്കെതിരെ ആക്രമണങ്ങളുണ്ടായി.എന്തിന്, ഇലക്ട്രോണിക്സ് പാര്‍ട്ടുകള്‍  വില്‍ക്കാന്‍ വന്ന രണ്ടു പാവം സിഖുകാരെ, കോഴിക്കോട്ട്, ജനം ഓടിച്ചിട്ടു തല്ലി.ഡല്‍ഹിയിലും മറ്റ് ഉത്തരേന്ത്യന്‍ നഗരങ്ങളിലും സിഖുകാരുടെ ജീവനും സ്വത്തിനും വിലയില്ലാതായി.സിഖുകാര്‍ക്കെതിരായ വികാരം രാജ്യം മുഴുവന്‍ കത്തിപ്പടര്‍ന്നു. വിഭജനത്തിന്‍റെ നാളുകളെ വീണ്ടും ഓര്‍മ്മിപ്പിക്കുന്ന അവസ്ഥയായിരുന്നു നാടുമുഴുവന്‍.,പ്രത്യേകിച്ചു ഉത്തരേന്ത്യയില്‍.
    
   “എന്‍റെ നേതാവ് എന്നോടു ഒരു ചൂലുമെടുത്ത് തെരുവ് വൃത്തിയാക്കാന്‍ പറഞ്ഞാല്‍ ഞാനത് സന്തോഷപൂര്‍വ്വം അനുസരിച്ചെനെ,പക്ഷേ അവരെന്നെ ഈ രാജ്യത്തിന്‍റെ പ്രസിഡെന്‍റാക്കി “ എന്നു അഭിമാനപൂര്‍വ്വം പറഞ്ഞ സെയില്‍ സിംഗ് ആയിരുന്നു നമ്മുടെ രാഷ്ട്രപതി.അദ്ദേഹം രാജീവ് ഗാന്ധിയെ വിളിച്ച് വരുത്തി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ചു.ആ പ്രത്യേക സാഹചര്യത്തില്‍ രാജ്യം ഒന്നാകെ അതാഗ്രഹിച്ചിരുന്നു എന്നതാണു സത്യം.രാജ്യത്തിന്‍റെ നിലനില്‍പ്പ് തന്നെയായിരുന്നു മുഖ്യം.പ്രധാനമന്ത്രിപദം കയ്യാളേണ്ടിവന്ന രാജീവിനോടു ആദ്യത്തെ പത്രസമ്മേളനത്തില്‍ ഒരു പത്രക്കാരന്‍ സിഖുകാര്‍ക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച് തിരക്കി.
”വന്മരങ്ങള്‍ മറിഞ്ഞ് വീഴുമ്പോള്‍ അടിയില്‍ ചില ചെറിയ ചെടികള്‍ പെട്ടുപോകും” ആ മകന്‍ മറുപടി പറഞ്ഞു.
    
    “വന്മരങ്ങളും ചെറുചെടികളും” –എന്തൊരു നല്ല ഉപമ.ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ എനിക്കു തോന്നുന്നത് ഗുജറാത്ത് കൂട്ടക്കൊലയില്‍ മരിച്ചതിലേറെ മനുഷ്യര്‍ അന്ന് മരിച്ചുവെന്നാണ്.പക്ഷേ സിഖുകാരുടെ കൂട്ടക്കൊലയ്ക്ക് നേരെ ഇന്ത്യയിലെ പൊതു സമൂഹം (ഒരു പക്ഷേ ഈ നിസ്സാരനായ ഞാനുള്‍പ്പെടെ) പുറംതിരിഞ്ഞു നിന്നു.നാം അതിനെ രാജ്യസ്നേഹം എന്നു വ്യാഖ്യാനിച്ചു.
    
    രണ്ടു വര്‍ഷം കഴിഞ്ഞു ഒരു പുതിയ മള്‍ടിപ്ലക്സ് സ്റ്റേഷന്‍റെ കമ്മീഷനിങ്ങുമായി ബന്ധപ്പെട്ടു നാലുമാസം ഞാന്‍ കുടകിന്‍റെ ആസ്ഥാനമായ മെര്‍ക്കാറ(മടിക്കേരി)യിലുണ്ടായിരുന്നു.ഏറ്റവും സുന്ദരികളായ പെങ്കുട്ടികളെ കൂര്‍ഗ്ഗീലും പഞ്ചാബിലുമാണ് ഞാന്‍ കണ്ടിട്ടുള്ളത്.സുന്ദരികളും ആരോഗ്യമുള്ളവരുമായ പെണ്‍ കുട്ടികളെ കാണുമ്പോള്‍,ഭക്ഷണം കഴിക്കാതെ,തിളക്കമറ്റ കണ്ണുകളുമായി സ്ലിം ബ്യൂട്ടികളായി മാറാന്‍ ശ്രമിക്കുന്ന നമ്മുടെ കുട്ടികളെ ഓര്‍ത്തു എന്‍റെ മനസ്സ് നീറും.
     
    മടിക്കേരി ടൌണിലേക്ക് ചെന്നിറങ്ങുന്ന ചതുരത്തിലെ ഹോട്ടലിലായിരുന്നു എന്‍റെ താമസം.താമസവും ഭക്ഷണവും സുഖകരം.ജോലിയും വൈകുന്നേരത്തെ നടത്തവും കഴിഞ്ഞുവന്നാല്‍ കുളിയും ഭക്ഷണവും. പിന്നെ  വിശദമായ വായനയും വെടിപറച്ചിലുമാണ്.അങ്ങിനെയാണ് ഞാന്‍ ശ്രീ ബല്‍ബീര്‍ സിങ്ങിനെ പരിചയപ്പെടുന്നത്.എന്‍റെ അടുത്ത മുറിയിലായിരുന്നു അദ്ദേഹത്തിന്റെ താമസം.സര്‍ദാര്‍ജി താമസിക്കുന്നത് കോഴിക്കോട്ടാണ്.അല്‍പ്പസ്വല്‍പ്പം മലയാളം പറയും.നമ്മുടെ സങ്കല്‍പ്പത്തിലെ അജാനുബാഹുവായ സര്‍ദാര്‍ജി തന്നെ.കുടകില്‍നിന്ന് കുരുമുളക് ശേഖരിച്ചു കയറ്റി അയക്കുന്ന ബിസിനസ്സുകാരന്‍.ഒരേ പോലെ ചിന്തിച്ചിരുന്നതിനാലാവാം ഞങ്ങള്‍ പെട്ടെന്നു സുഹൃത്തുക്കളായി.വൈകുന്നേരങ്ങളില്‍ സംസാരിച്ചിരിക്കുക ഞങ്ങളുടെ പതിവായി.
    
    സര്‍ദാര്‍ജിയാണെങ്കിലും ബീഹാറാണു ജന്മദേശം.മുത്തച്ഛന്‍ തൊട്ടേ അവിടെയാണ്.കഠിനാധ്വാനത്തിലൂടെ ഒരു വ്യവസായ സാമ്രാജ്യം തന്നെ പടുത്തുയര്‍ത്തിയ കുടുംബം.വ്യവസായശാലകളും,ഫാമുകളും ആയി ഏതാണ്ട് ആയിരത്തിലേറെപ്പേര്‍ക്ക് തൊഴില്‍ കൊടുക്കുന്നു.സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചവര്‍ കുടുംബത്തിലുണ്ട്.ഇളയച്ഛന്‍ ബീഹാര്‍ പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി സെക്രട്ടറിയാണ്.പക്ഷേ സമൃദ്ധിയുടെയും ആഹ്ലാദത്തിന്റെയും പൊട്ടിച്ചിരികളെല്ലാം  ആ നശിച്ച ദിവസം തകര്‍ത്തുകളഞ്ഞു.1984 ഒക്ടോബര്‍ 31.ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ദിവസം.ഭ്രാന്തുകയറിയ ജനം സര്‍ദാര്‍ജിമാരെ വേട്ടയാടി.
കണ്ണില്‍ കണ്ടതും കയ്യില്‍ കിട്ടിയതും കൊള്ളയടിച്ചു.ഫാമുകളിലെ പശുക്കളെയും പന്നികളെയും ഓരോരുത്തര്‍ കൊണ്ടുപോയി.ഫാക്റ്ററികളില്‍ നിന്നു ഇളക്കിമാറ്റാവുന്നതെല്ലാം കൊള്ളയടിക്കപ്പെട്ടു.കരുത്തനായ സര്‍ദാര്‍ജിയുടെ തൊണ്ടയിടറി.  “ഏറ്റവും സങ്കടം,അദ്ദേഹം പറഞ്ഞു, ഇരുപതും മുപ്പതും വര്‍ഷമായി കൂടെ നിന്നവര്‍,ജോലി ചെയ്തിരുന്നവര്‍ ,തന്നെയായിരുന്നു മോഷണത്തിനും പിടിച്ചുപറിക്കും മുന്നില്‍”.

    “പോലീസില്‍ പരാതിപ്പെട്ടുകൂടായിരുന്നോ?,രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചുകൂടായിരുന്നോ? “ഞാനൊരു വിഡ്ഡിച്ചോദ്യം ചോദിച്ചു.
    
    മുട്ടാത്ത വാതിലുകളില്ല.നെഞ്ചുരുകിക്കരയാഞ്ഞിട്ടല്ല.പക്ഷേ രാജ്യ ദ്രോഹികളായ സിഖുകാരെ ആര് സഹായിക്കാന്‍.വന്മരം കടപുഴകുമ്പോള്‍ ചെറുമരങ്ങളുടെ രോദനം ആര് കേള്‍ക്കാന്‍?

    അന്ന് രാത്രി അസ്വസ്ഥമായ മനസ്സോടെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ ഞാന്‍ സ്വയം ചോദിച്ചു-“അന്ന് ,ആ വല്ലാത്ത ദിവസം ,ഈ മനുഷ്യനെ കയ്യില്‍ ഒത്തുകിട്ടിയിരുന്നെങ്കില്‍ ഞാനെന്തു ചെയ്യുമായിരുന്നു?”


42 comments:

  1. തമസ്കരിക്കപ്പെട്ട ദിവസങ്ങളും കാലങ്ങളും. കുറ്റവാളികള്‍ ഇന്നും ഭരണശ്രേണിയിലും അധികാരഗോപുരങ്ങളിലും. എന്ത് പറയാന്‍. ഇതു ഇതിലപ്പുറവും നടക്കുന്ന ദേശമാണല്ലോ ഇത്. വിസ്മൃതിയിലാണ്ടുപോയ ഈ സംഭവങ്ങളൊക്കെ ബ്ലോഗിലൂടെ ഓര്‍മ്മിപ്പിച്ചതിന് നന്ദി.

    ReplyDelete
    Replies
    1. രാജ്യത്തിന്‍റെ പ്രധാനമന്ത്രിയുടെ മരണം ആറേഴു മണിക്കൂര്‍ ജനങ്ങളില്‍നിന്ന് മറച്ചു വെച്ചു.അന്ന് കൊലപാതകത്തിനും കൊള്ളയ്ക്കും നേതൃത്വം കൊടുത്തവര്‍ പിന്നീട് ഭരണാധികാരികളാവുന്നതും നാം കണ്ടു.സജ്ജന്‍ കുമാറിനെപ്പോലെ ചിലര്‍ ഇപ്പൊഴും കേസ്സുമായി നടക്കേണ്ടിവരുന്നു എന്നത് മാത്രമാണു ആശ്വാസം.

      Delete
  2. അതെ. ഓര്‍മ്മകളില്‍ ചെറുതായി മാത്രം അവശേഷിക്കുന്ന ഓര്‍മ്മ പോലെ.

    "ആ വല്ലാത്ത ദിവസം ,ഈ മനുഷ്യനെ കയ്യില്‍ ഒത്തുകിട്ടിയിരുന്നെങ്കില്‍ ഞാനെന്തു ചെയ്യുമായിരുന്നു?"
    പെട്ടന്നുള്ള വികാരം കണ്ണ് കാണാതാക്കുന്നു.

    ReplyDelete
    Replies
    1. മതത്തിന്റെയും ദേശത്തിന്റെയും പേരിലുള്ള ഭ്രാന്തുകള്‍ക്ക് അതിരുകളില്ല.അനുകൂല സാഹചര്യമുണ്ടായിരുന്നെങ്കില്‍ പലരും എന്തെങ്കിലുമൊക്കെ ചെയ്തു പോയേനെ.

      Delete
  3. വല്ലാത്ത ഒരു ചോദ്യം തന്നെ ,

    എന്ത് ചെയ്യാന്‍ വേദനയോടെ വെറുപ്പോടെ മാത്രമേ ഞാനാ നിഷ്ടൂരമായ നരഹത്യയെ ഓര്‍ക്കൂ...

    ReplyDelete
    Replies
    1. മിസ്സിസ്സ് ഗാന്ധിയുടെ കൊലപാതകം പോലെതന്നെ അപലപിക്കപ്പെടേണ്ടതായിരുന്നില്ലേ പാവം സിഖുകാരുടെ കൂട്ടക്കുരുതിയും?

      Delete
  4. ”വന്മരങ്ങള്‍ മറിഞ്ഞ് വീഴുമ്പോള്‍ അടിയില്‍ ചില ചെറിയ ചെടികള്‍ പെട്ടുപോകും” എന്ന് പറഞ്ഞ വന്‍ മരത്തിനെ കുറെ 'കാട്ടു ചെടികള്‍' ഉന്മൂലനം ചെയ്യുന്നതും നാം കണ്ടു.

    ReplyDelete
    Replies
    1. കുറെ സ്വപ്നങ്ങളുണ്ടായിരുന്ന ,പക്വതയില്ലാത്ത ഒരു മനുഷ്യന്‍.കൊല്ലപ്പെടാന്‍ മാത്രം ക്രൂരനായിരുന്നോ അയാള്‍?

      Delete
  5. ഇന്ദിരാഗാന്ധി മരിച്ച ആ ദിവസത്തിന്‍റെ തീവ്രത ഈ വായനയിലൂടെ ഓര്‍മ്മകളിലേക്ക് ഒരിക്കല്‍കൂടിയെത്തി.. ഒന്നോ രണ്ടോ പേരുടെ തെറ്റുകള്‍ക്ക് ഒരു സമൂഹം മുഴുവന്‍ പ്രതിക്കൂട്ടിലാവുന്ന അതിക്രൂരത ഇന്നും സംഭവിച്ചു കൊണ്ടിരിക്കുന്നു.

    ReplyDelete
    Replies
    1. ഇതുവഴി വന്നതിനു നന്ദി.താങ്കള്‍ പറഞ്ഞത് പൂര്‍ണമായും ശരിയാണ്.

      Delete
  6. എത്രയൊക്കെ കുറവുകള്‍ ഉണ്ടായിരുന്നാലും അയണ്‍ ലേഡി എന്ന വിശേഷണത്തിന് ശരിക്കും അര്‍ഹയായിരുന്നു ശ്രീമതി ഇന്ദിരാ ഗാന്ധി. അടിയന്തിരാവസ്ഥകാലത്തെ ചെയ്തികളില്‍ പലതും, കൂടെ നിന്നവര്‍ അവരുടെ അറിവോടെ ചെയ്തതല്ലായിരുന്നു എന്ന് വായിച്ചിട്ടുണ്ട്.. അതിലെ സത്യം അറിയില്ല.

    അടിയതിരാവസ്ഥയിലെ നല്ല വശങ്ങള്‍ കേരളം അനുഭവിച്ചതുകൊണ്ടാവനം കേരളത്തില്‍ അടിയന്തിരാവസ്ഥക്കു അനുകൂലമായ ഒരു അന്തരീക്ഷമായിരുന്നു എന്നാണു ഓര്‍മ്മ. അതിനു ശേഷം വന്ന തിരഞ്ഞെടുപ്പില്‍ മറ്റെല്ലാ സംസ്ഥാനങ്ങളും കൊണ്ഗ്രസ്സിനെ കൈവിട്ടപ്പോള്‍ കേരളം കൂടെ നിന്നുവല്ലോ.

    നല്ല പോസ്റ്റ്‌.. അവസാനത്തെ ചോദ്യം നന്നായി...വികാരം വിവേകത്തിനു വഴിമാറും എന്നാണു പലപ്പോഴും അനുഭവം..

    ReplyDelete
    Replies
    1. ഇന്ത്യ കണ്ട ഏറ്റവും ശക്തയായ പ്രധാനമന്ത്രിയായിരുന്നു അവര്‍.പക്ഷേ പൂര്‍ണ അര്‍ത്ഥത്തില്‍ ഒരു ജനാധിപത്യ വാദിയായിരുന്നില്ല.അടിയന്തിരാവസ്ഥയിലെ പല അതിക്രമങ്ങള്‍ക്കും ഇന്ദിരയായിരുന്നില്ല കാരണക്കാരി എന്നതും സത്യമാണ്.സജ്ജയ്ഗാന്ധിയായിരുന്നു എല്ലാത്തിനും ചുക്കാന്‍ പിടിച്ചിരുന്നത്.താങ്കള്‍ പറഞ്ഞതുപോലെ അടിയന്തിരാവസ്ഥയുടെ ദോഷങ്ങള്‍ കേരളീയരെ കാര്യമായി ബാധിച്ചില്ല.ഒരു മനുഷ്യ സ്നേഹിയായിരുന്ന അച്ചുതമേനോനായിരുന്നു നമ്മുടെ സി.എം.

      Delete
  7. ആ ദിവസം ലഹളക്കാരിൽ രക്ഷപ്പെടാൻ വേണ്ടി മുടി ക്രോപ്പ് ചെയ്ത് താടിയെടുത്ത സർദാർജി കൂട്ടുകാരൻ...ആ കണ്ണുകളിൽ എന്തൊക്കേയോ ചുവന്നു വിങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്.. ആ‍ ഭാഷ മനസ്സിലാക്കാൻ പേടിയായിരുന്നു.
    എല്ലാ ലഹളയിലും ഏറ്റവും അവസാനം സ്ത്രീ ശരീരങ്ങൾക്കാണല്ലോ ഏറ്റവും വലിയ ദുരന്തങ്ങൾ ഉണ്ടാവുക.....ആ അമ്മമാരേയും സഹോദരിമാരേയും കണ്ടിട്ടുണ്ട്. അവരുടെ കണ്ണുകളിൽ ചുവപ്പില്ലായിരുന്നു, അവർക്ക് ഭാഷയുമില്ലായിരുന്നു.....പക്ഷെ,ആ ശരീരങ്ങൾ എല്ലാം പറഞ്ഞു. എല്ലാ വന്മരങ്ങളും എല്ലാ ചെറു മരങ്ങളും ചെയ്യുന്നതെന്തെന്ന്.......

    കുറിപ്പ് വേദനിപ്പിയ്ക്കുന്ന ഒരുപാട് സ്മരണകളെ കൂടിളക്കി.....എങ്കിലും

    ReplyDelete
    Replies
    1. ഇന്ത്യയിലെ പൊതുസമൂഹം സിഖുകാരെ വെറുത്തു എന്നതാണു സത്യം.എതിര്‍പ്പ് കൊള്ളയിലേക്കും കൊലയിലേക്കും നയിക്കാന്‍ കുറെ നേതാക്കന്മാരും.എഛ്മു പറഞ്ഞത് സത്യമാണ്.എല്ലാ ഭീരുക്കളും ശൌര്യം കാണിക്കുന്നത് സ്ത്രീകളിലാണ്.ജീവിച്ചിരിക്കുന്ന സ്ത്രീയുടെ വയര് പിളര്‍ന്ന് കുഞ്ഞുങ്ങളെക്കൊന്ന അധമന്‍മാരുടെ കഥകളും നമ്മള്‍ കേട്ടു.

      Delete
  8. നല്ല..പോസ്റ്റ്‌... അവസാനത്തെ ചോദ്യവും...

    ReplyDelete
  9. ജോര്‍ജേട്ടാ,
    എന്‍റെ കുട്ടിക്കാലത്ത് ഓര്‍മ്മയിലില്ലാത്ത ആ അനുഭവം വിവരിച്ചു തന്നതില്‍ ആദ്യമേ നന്ദി അറിയിക്കട്ടെ. ഏത് സാമൂഹിക പ്രശനങ്ങളിലും ഒരു തെറ്റും ചെയ്യാത്ത കുറെ സാധാരണക്കാര്‍ ബലിയാടാവുക ലോകം ഉണ്ടായപ്പോള്‍ മുതലേ തുടങ്ങിയതാണോ? ആവോ? എങ്കിലും ആ ഉപമ എത്ര അനുയോജ്യമാണ് അല്ലെ? "

    "വന്മരങ്ങള്‍ കടപുഴകുമ്പോള്‍ അടിയില്‍ കൂടെ കുറെ ചെറിയ ചെടികളും പെട്ടുപോകും”

    സുന്ദരമായ എഴുത്ത്!!!

    ReplyDelete
    Replies
    1. ഇന്ദിരാഗാന്ധിയുടെ വിരോധികള്‍ പോലും ആ വധത്തില്‍ വല്ലാതെ ക്ഷുഭിതരായി.എങ്കിലും സിഖുകാരുടെ കൂട്ടക്കുരുതി തടയാന്‍ കെല്‍പ്പും ആര്‍ജ്ജവവും ഉള്ള ഒരു നേതാവ് നമുക്കുണ്ടായില്ലല്ലോ എന്നൊരു ദുഖം ബാക്കി നില്ക്കുന്നു.നന്ദി,ജോസലേറ്റ്

      Delete
  10. പ്രിയപ്പെട്ട ജോര്‍ജ്ജ്,
    സുന്ദരം ഭയങ്കരം ഈ ഓര്മകള്‍.

    ReplyDelete
    Replies
    1. സെബാസ്റ്റ്യന്‍,നന്ദി-എഴുത്തില്‍ ഒരു കൈ നോക്കുന്നോ?

      Delete
  11. ശരിക്കും ആ കാലഘട്ടത്തിലെത്തിയത് പോലെ ..സുന്ദരമായ എഴുത്ത്

    ReplyDelete
  12. ഓര്‍മ്മിച്ചെഴുതിയ ഈ പോസ്റ്റിന് നന്ദി.
    ആശംസകളോടെ

    ReplyDelete
    Replies
    1. തങ്കപ്പന്‍ ചേട്ടാ ഈ വരവിന് നന്ദി.

      Delete
  13. തൊണ്ണൂറുകള്‍ക്ക്‌ മുമ്പ്‌ ആരെങ്കിലും പ്രധാനപ്പെട്ടവര്‍ മരണപ്പെട്ടാല്‍ ടിവിയിലും റേഡിയോയിലും സംഗീതോപകരണങ്ങളുടെ ശോകത മാത്രമായിരിക്കുമല്ലോ? ഇന്ദിരാ ഗാന്ധിയുടെ ക്രൂരതകളേക്കാള്‍ രാജ്യം അറിയപ്പെട്ടത്‌ ഇന്ദിരയിലൂടെയാണെന്ന് പറയുന്നതല്ലേ സത്യം... ഞാന്‍ കോണ്‍ഗ്രസുകാരനല്ല എങ്കിലും കേട്ടത്‌ പറയുന്നു...സിഖുകാരുടെ ചോരക്ക്‌ അവര്‍ പകരം ചോദിച്ചില്ലേ.. പഞ്ചാബിലും, ഹരിയാനയിലുമെല്ലാം പണ്‌ട്‌ ബോംബ്‌ പൊട്ടാത്ത ദിവസങ്ങള്‍ ഉണ്‌ടായിരുന്നോ

    ReplyDelete
  14. നന്ദി,മോഹി.ഇന്ദിര അങ്ങിനെ ക്രൂരയായ ഭരണാധികാരി ഒന്നുമായിരുന്നില്ല.അധികാരം നിലനിര്‍ത്താന്‍ അത്യാവശ്യം പൊടിക്കൈകളും മുദ്രാവാക്യങ്ങളും പ്രയോഗിച്ച ഭരണാധികാരി.അവര്‍ നൂറു ശതമാനം ജനാധിപത്യവാദി ആയിരുന്നില്ല എന്നുമാത്രം.സിഖുകാരുടെ തിരിച്ചടി ഉണ്ടായില്ല.ഭീകരവാദവും വിഘടനവാദവും അതിനു മുമ്പായിരുന്നു.

    ReplyDelete
  15. ഓര്‍മ്മകളില്‍ ചെറുതായി മാത്രം വേദനയോടെ ഓര്‍ക്കുന്ന നരഹത്യ , ഓര്‍മ്മകളിലേക്ക് ഒരിക്കല്‍കൂടിയെത്തി ...!
    നല്ല എഴുത്ത് !
    അവസാനത്തെ ചോദ്യവും കൊള്ളാം !


    എന്റെ അഛനും കൂര്‍ഗ്ഗില്‍ നിന്നാണ് ചുക്കും കുരുമുളകും വരുന്നത് ..!!

    ReplyDelete
  16. ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ട ദിവസത്തിന്റെ പത്രം ഇപ്പോഴും എന്റെ പിതാവ് സൂക്ഷിച്ചു വെച്ചിട്ടുണ്ട്. വളരെ കുട്ടിക്കലതുള്ള ആവര്‍ത്ത മുതിര്‍ന്നപ്പോള്‍ വായിച്ചത് ഇന്നും ഓര്‍ക്കുന്നു. നല്ല പോസ്റ്റ്‌. ഒഅര്മ്മകലില് നിന്നുള്ള പോസ്റ്റ്‌ നല്ല വായനാനുഭവം നല്‍കും ആശംസകള്‍

    ReplyDelete
  17. പ്രിയമുള്ള കൊച്ചുമൊള്‍,ടോംസ്-ഈ വരവിനും അഭിപ്രായത്തിനും നന്ദി.ഒരു പക്ഷേ നമ്മുടെ നാട് ജനാധിപത്യത്തില്‍നിന്ന് തെന്നിപ്പോകാമായിരുന്ന ഒരവസരമായിരുന്നു അത്.നാം ജനാധിപത്യത്തിന്‍റെ പാതയില്‍ ഉറച്ചുനിന്നു.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് നാം.(ഗുണപരമായി ഏറെ മുന്നേറാനുണ്ടെങ്കിലും)

    ReplyDelete
  18. അവസാനത്തെ ചോദ്യത്തിന് ചിലപ്പോൾ എന്നാവില്ലേ ഉത്തരം....

    ReplyDelete
  19. അറിഞ്ഞുകൂടാ കുമാരന്‍,ഒരു നിമിഷത്തിന്റെ തിരതള്ളലില്‍ മനുഷ്യന്‍ എന്തും ചെയ്തുപോകും.പക്ഷേ അടുത്ത നിമിഷത്തെ ആലോചന നമ്മളെ തിരിച്ചുകൊണ്ടുവരും.

    ReplyDelete
  20. ആദ്യമായാണ് ഇവിടെ ...നല്ല എഴുത്ത് .ആശംസകള്‍.

    ReplyDelete
  21. നന്ദി സതീശന്‍.നമുക്ക് വീണ്ടും കാണാം.

    ReplyDelete
  22. വെറുതെ ഇത് വഴി പോയപ്പോള്‍ ഒന്ന് കേറി നോക്കിയതാ...
    അറുപതു കഴിഞ്ഞ ചെരുപ്പക്കാരന്ടെ വാക്കുകള്‍ ഇരുത്തി ചിന്തിച്ചു
    അതിനാല്‍ ഒന്ന് കയ്യൊപ്പ് ചാര്‍ത്തി ഇറങ്ങാം എന്ന് കരുതി...
    തീര്‍ച്ചയായും ഹൃദയ സ്പ്രഷ്ട്ടവും ഭയാനകവുമായ വിവരണം...
    ഭാവുകങ്ങള്‍...


    ....*

    ReplyDelete
  23. ee ormmakkurippu nannayi........ aashamsakal....... blogil puthiya post..... CINEMAYUM, PREKSHAKARUM AAVASHYAPPEDUNNATHU............

    ReplyDelete
  24. നന്ദി ശ്രീ ബഹാവുദ്ദീന്‍ .ഇതുവഴി വീണ്ടും വരുമല്ലോ.
    നന്ദി ജയരാജ്.പോസ്റ്റുകള്‍ ഞാന്‍ വായിക്കുന്നുണ്ട്.രണ്ടു ദിവസം നെറ്റില്ലാതെ കുടുങ്ങിപ്പോയി.

    ReplyDelete
  25. അറിഞ്ഞിടത്തോളം ഇന്ത്യ കണ്ട മികച്ച പ്രധാനമന്ത്രി തന്നെയാണ് ഇന്ദിരാഗാന്ധി. അടിയന്തരാവസ്ഥ അവര്‍ക്ക് കുറച്ചു കുപ്രസിദ്ധി നല്‍കിയെങ്കിലും, അവര്‍ എടുത്ത പല ധീരമായ തീരുമാനങ്ങളുടെ ഗുണഫലങ്ങള്‍ രാജ്യം അനുഭവിച്ചത് അവരുടെ മരണശേഷം ആയിരുന്നു.
    ഫേസ്ബുക്കില്‍ ആദ്യം ഇട്ട പോസ്റ്റ്‌ വായിച്ചപ്പോള്‍ സംഭവങ്ങള്‍ കണ്മുന്നില്‍ കാണുന്ന ഒരു ഫീല്‍ ഉണ്ടായിരുന്നു.അത് ചരിത്രം വായിക്കാന്‍ എനിക്കുള്ള താല്‍പര്യം കൊണ്ടാകും എന്നാണ് ഞാന്‍ കരുതിയത്. പക്ഷെ കമന്റ്‌ ഇട്ട എല്ലാരുടെയും അനുഭവം അത് തന്നെയാണ് എന്നത് താങ്കളുടെ എഴുത്തിന്‍റെ പ്രത്യേകതയാണ് കാണിക്കുന്നതു. ഇനിയും ഇത്തരം എഴുത്തുകള്‍ ഉണ്ടാകട്ടെ.

    ReplyDelete
  26. നന്ദി,മുസിരിസ് .ഈ വഴി വീണ്ടും വരുമല്ലോ.

    ReplyDelete
  27. പ്രിയപ്പെട്ട വെട്ടത്താന്‍,
    സുപ്രഭാതം!
    ഇന്ദിരാഗാന്ധി ഇന്ത്യയുടെ എന്നത്തെയും പ്രിയപ്പെട്ട പ്രധാനമന്ത്രിയായിരുന്നു. എല്ലാവര്‍ക്കും പ്രിയങ്കരി! ബഹുമാന്യ!
    അവസാനത്തെ ചോദ്യം മനസ്സിനെ പിടിച്ചുലച്ചു..!
    പഞ്ചാബി സ്ത്രീകളുടെ ആരോഗ്യം ശ്രദ്ധേയമാണ്.
    വരികള്‍ ചിന്തകള്‍ ഉണര്‍ത്തി...! അഭിനന്ദനങ്ങള്‍ !
    സസ്നേഹം,
    അനു

    ReplyDelete
    Replies
    1. നന്ദി അനു,ഈ വഴി വന്നതിനു.

      Delete
  28. ഇന്ദിരാഗാന്ധിയുടെ മരണം അത് അംഗരക്ഷകനാല്‍ കൊല്ലപ്പെട്ടത് ഞെട്ടിപ്പിക്കുന്നത് തന്നെയായിരുന്നു..രാജീവ്ഗ്ഗാന്ധിയുടെയും അത് പോലെ തന്നെ..അതിനു ശേഷം നടന്ന സിക്ക്കാര്‍ക്ക് നേരെയുള്ള അതിക്രമം ഒരു തരത്തിലും ന്യായീകരിക്കാനും പറ്റില്ല.ഗുജറാത്തില്‍ ഗോദ്രതീവെയ്പ്പിനു ശേഷം കലാപകാരികള്‍ കൂട്ടക്കൊല ചെയ്തതും ഇന്ത്യുടെ ചരിത്രത്തില്‍ വര്‍ഗ്ഗീയത വിതച്ച നാശനഷ്ട്ങ്ങളില്‍പ്പെട്ടതാണ്.ജനങ്ങളുടെ വികാരങ്ങളെ പ്രകോപിപ്പിച്ച് ആക്രമണം ചെയ്യിപ്പിക്കുന്നവരാണ് യദാര്‍ത്ഥ കുറ്റക്കാര്‍.. ചരിത്രത്തിലേക്ക് നോക്കി വിലയിരുത്തിയ പോസ്റ്റിന് ആശംസ്കള്‍

    ReplyDelete

Related Posts Plugin for WordPress, Blogger...