തിരുനെല്‍വേലിയില്‍ നിന്നു മധുരക്കുള്ള യാത്രയില്‍ വലിയ വലിയ പാലങ്ങള്‍ കാണാം.പക്ഷേ ഒരിടത്തും വെള്ളമില്ല.പുഴയോ ,എന്തിന് ഒരു തോടു പോലുമില്ലാത്ത ഇടങ്ങളിലെല്ലാം ഇത്തരം വലിയ പാലങ്ങള്‍ പണിതതിന്‍റെ കാരണം എത്ര ആലോചിച്ചിട്ടും എനിക്കു മനസ്സിലായില്ല.അതൊക്കെ പുഴകളായിരുന്നുവെന്നും വറ്റി വരണ്ടുപോയതാണെന്നും ഡ്രൈവര്‍ പറഞ്ഞതും എനിക്കത്ര വിശ്വാസയോഗ്യമായിത്തോന്നിയില്ല.എത്ര വറ്റിയാലും ഇങ്ങനെ വറ്റുമോ?
1974ല്‍ ഒന്‍പതുമാസത്തെ ട്രെയിനിങ് കഴിഞ്ഞു മൂന്നുമാസത്തെ പ്രായോഗിക പരിശീലനത്തിനും തുടര്‍ന്നുള്ള ജോലിക്കുമായി എത്തിയതാണ് ഞാന്‍.ലക്ഷ്മണറാവുവും പിഷാരടിയും കൂടെയുണ്ട്.തിരുവനന്തപുരം തൊട്ട് മധുരവരെ കൊയാക്സിയല്‍ കേബിള്‍ ഇടുന്ന ജോലി നടക്കുകയാണ്.തിരുമംഗലം തൊട്ട് മധുരവരെ കേബിള്‍ ഇടുന്ന ഗ്രൂപ്പിലാണ് എന്നെ പോസ്റ്റു ചെയ്തത്.തിരുമംഗലം റെയില്‍വേ സ്റ്റേഷന്‍റെ അടുത്തു തന്നെയായിരുന്നു ഞങ്ങളുടെ ക്യാമ്പ് ഓഫീസ്സ് . ശ്രീ.വടിവേലു ആണ് എസ്.ഡി.ഇ. ഞങ്ങള്‍ മൂന്നു ജെ.ടി.ഒ മാര്‍. തമിള്‍നാട്ടുകാരായ ശ്രീ നരസിംഹനും,കൃഷ്ണമൂര്‍ത്തിയും ആണ് എന്‍റെ സഹപ്രവര്‍ത്തകര്‍.തുറസ്സായസ്ഥലത്ത് ഞങ്ങളുടെ ടെന്റ്റുകള്‍ ഉയര്‍ന്നു.ആറ് ലൈന്‍മാന്‍മാരും,നൂറിലേറെ മസ്ദൂര്‍മാരും,ഒരു ലോറിയടക്കം നാലുവണ്ടികളും അടങ്ങിയതാണ് ഞങ്ങളുടെ യൂണിറ്റ്.മസ്ദൂര്‍മാരെക്കൊണ്ട് ട്രഞ്ചിങ് നടത്തിക്കുന്നതുകൂടാതെ രണ്ടു കോണ്ട്രാക്റ്റര്‍മാര്ക്കും ജോലികള്‍ വീതിച്ചു കൊടുത്തിട്ടുണ്ട്.
ക്യാമ്പ് ഒരു പ്രത്യേകലോകമാണ്.ആദ്യമായി നിലം വൃത്തിയാക്കി.ഓഫീസര്‍മാര്‍ക്ക് രണ്ടുപാളികളുള്ള എം.എം.ബി ടെന്‍റുകളും (അതിനു ജനലും,വാതിലുമുണ്ട്) ,മറ്റുള്ളവര്‍ക്ക് നൂറുമീറ്റര്‍ അകലെയായി ,സാദാടെന്‍റുകളും ഉയര്‍ന്നു.ടെന്‍റുകള്‍ക്കുള്ളില്‍ ടാര്‍പ്പായ വിരിച്ചു.ഞങ്ങളുടെ ടെന്‍റുകള്‍ക്ക് ചുറ്റും ഒരു വേലി സ്ഥാപിച്ചു. ഭക്ഷണം ഉണ്ടാക്കാന്‍ ഒരു മസ്ദൂറിനേ ഏര്‍പ്പാടാക്കി. ഒരുകട്ടില്‍,മേശ,രണ്ടുകസേരകള്‍, ഒരു ടേബിള്‍ ഫാന്‍ ഇവയാണ് ഞങ്ങളുടെ ടെന്‍റിലെ ഫര്‍ണിച്ചര്‍. ടെന്‍റ് വൃത്തിയാക്കാനും തുണികള്‍ അലക്കാനും മറ്റുമായി ഞങ്ങള്‍ക്ക് ഓരോ പേഴ്സണല്‍ മസ്ദൂര്‍മാരെയും അലോട്ട് ചെയ്തു.താല്‍ക്കാലിക കക്കൂസുകള്‍ ഉയര്‍ന്നു.അവിടെ വെള്ളം ഇല്ല.വെള്ളം കൊണ്ടുവരാനും ശേഖരിക്കാനുമുള്ള സംവിധാനങ്ങളായി. താല്‍ക്കാലിക കറന്‍റ് കണക്ഷന്‍ എടുത്തു.ന്യായവിലയ്ക്ക് മണ്ണെണ്ണ,അരി തുടങ്ങിയവ ലഭിക്കാന്‍ കളക്റ്ററേ സമീപിച്ച് പെര്‍മിറ്റ് വാങ്ങി.
എനിക്കു തീരെ പരിചയമില്ലാത്ത നാട്,ഭാഷ,ജീവിത രീതി.ഭക്ഷണവും അത്ര പിടിക്കുന്നില്ല. അതൊന്നും അത്ര കാര്യമായിത്തോന്നിയില്ല. പക്ഷേ കുളിക്കാനുള്ള അസൌകര്യം വലിയ പ്രശ്നമായി.രാവിലെ കുളിക്കാതെ ജോലിക്കിറങ്ങാന്‍ എനിക്കു മടി.വൈകുന്നേരം തിരിച്ചുവന്നാലും കുളിക്കണം. ആ വരള്‍ച്ചയുടെ കാലത്ത് ദിവസവും കുളി,അതും രണ്ടുനേരവും ,ഒരു ലക്ഷ്വറി ആണെന്നായി സഹപ്രവര്‍ത്തകര്‍. അതിനും പരിഹാരമായി.ഞാനും ശ്രീ വടിവേലുവും രാവിലെ നാലുമണിക്ക് മുന്‍പ് റെയില്‍വേയുടെ വേലി നൂണുകടന്നു ആ ടാപ്പിന്‍റെ കീഴെ കുളിക്കും.ആരെങ്കിലും കണ്ടാല്‍ ഒരു പക്ഷേ ഓടിക്കും.ഏതായാലും ഈ ഒളിച്ചുകുളി റെയിവേക്കാരുടെ മൌനാനുവാദത്തോടെ തുടര്‍ന്നു.
എന്‍റെ ഓര്‍മ്മയിലെ ഏറ്റവും വലിയ വരള്‍ച്ചയായിരുന്നു 1975ലേത്.കേരളത്തിലും വരള്‍ച്ചയുണ്ടായിരുന്നെങ്കിലും തമിള്‍നാട്ടിലെപ്പോലെ അതിന്‍റെ കെടുതികള്‍ അത്ര ശക്തമായിരുന്നില്ല.നമുക്ക് അരിക്ഷാമം രൂക്ഷമായി.തമിള്‍നാട്ടില്‍ത്തന്നെ നെല്‍പ്പാടങ്ങള്‍ കരിഞ്ഞുണങ്ങി.അരിഭക്ഷണം തമിഴനുപോലും ഒരു ലക്ഷ്വറി ആയി.തമിള്‍നാട്ടില്‍നിന്നു കേരളത്തിലേക്കുള്ള അരികടത്ത് സര്ക്കാര്‍ നിരോധിച്ചു.അന്ന് ഒരു റെയില്‍വേ സ്റ്റേഷനില്‍ കണ്ട രംഗം ഇപ്പൊഴും മനസ്സിലുണ്ട്.കോസടിയുടെ ഉള്ളിലെ പഞ്ഞി എടുത്തുകളഞ്ഞു അതില്‍ അരിനിറച്ചുകൊണ്ടുവന്ന സ്ത്രീയെ പോലീസ്സ് പിടിച്ചു.അയ്യാ,അയ്യാ എന്നു കരഞ്ഞുകൊണ്ടു പോലീസ്സുകാരന്റെ മുന്നില്‍ കെഞ്ചുന്ന ആ പാവത്തിന് എവിടേയും ഒരുമുഖം തന്നെയാണ്.
രാവിലെ എഴുമണിക്ക് മുന്‍പ് പ്രഭാത ഭക്ഷണം കഴിഞ്ഞു ഞങ്ങള്‍ പുറപ്പെടും.റോഡിന് ഇരുവശവും നീണ്ടുപരന്നുകിടക്കുന്ന തരിശ് ഭൂമിയാണ്.അപൂര്‍വ്വമായി കൃഷിഭൂമി കാണാം.എല്ലാ കൃഷിഭൂമിയിലും കുളവും പമ്പ്സെറ്റും ഉണ്ട്.കാമരാജിന്‍റെ കാലത്ത് നടന്ന വികസനമാണ്.പക്ഷേ ഈ വരള്‍ച്ചയില്‍ മിക്ക കുളങ്ങളും വറ്റി.ഞങ്ങളെ ഓരോരുത്തരായി ഓരോ വര്‍ക്ക് സൈറ്റിലിറക്കും.എന്‍റെ കോണ്ട്രാക്റ്റര്‍ ശ്രീ.മുരുഗേശന്‍ ആയിരുന്നു .
1975ലെ തമിള്‍നാട് ഒരു വ്യത്യസ്ഥ ലോകമായിരുന്നു.ഓഫീസുകള്‍ ,പൊതുവേ അഴിമതിരഹിതം.നിയമം ,അക്ഷരാര്‍ഥത്തില്‍ നടപ്പാക്കുന്ന ഒരു ശീലം പൊതുവേ കണ്ടു.പഠിക്കുമ്പോള്‍,സ്കോളര്‍ഷിപ്പ് തുക മാറാന്‍ ചെന്ന എന്നോടു രണ്ടുരൂപ ബലമായി വാങ്ങിയ ട്രഷറിജീവനക്കാരന്റെ ഓര്‍മ്മ മനസ്സില്‍ സൂക്ഷിച്ച എനിക്കു അവിടുത്തെ ഓഫീസ്സുകള്‍ അത്ഭുതമായി.
രാവിലെ ചെല്ലുന്ന ഞങ്ങളെക്കാത്ത് ആണും പെണ്ണും അടക്കം ഒരു വലിയ ജനക്കൂട്ടമുണ്ടാവും.ട്രഞ്ച് എടുക്കേണ്ട ഭാഗം കുമ്മായപ്പൊടികൊണ്ടു മാര്‍ക്ക് ചെയ്തു കൊടുക്കണം.വളഞ്ഞുപുളഞ്ഞ ട്രഞ്ചുകള്‍ അനുവദിക്കില്ല.കേരളത്തിലാണെങ്കില്‍ അത്തരം നിയമങ്ങളൊന്നും പാലിക്കുന്ന പതിവില്ല.ഓഫീസര്‍മാരുടെ കാര്യം പോട്ടെ,ഒരുലൈന്‍മാന്‍ പോലും അത്തരം ജോലികള്‍ ചെയ്യില്ല.അതൊക്കെ സര്‍ക്കാര്‍ ജീവനക്കാരന്‍റെ സ്റ്റാറ്റസ്സിന് ചേരാത്ത കാര്യങ്ങളാണ്.കുറെനേരം മാര്‍ക്കിങ് കഴിഞ്ഞു നിര്‍ത്തിയാല്‍ “അയ്യാ..അയ്യാ ..”എന്നു അപേക്ഷിച്ചുകൊണ്ടു ഗ്രാമീണര്‍ ചുറ്റും കൂടും. മാര്‍ക്ക് ചെയ്തുകൊടുത്താലേ അവര്‍ക്ക് പണിയുണ്ടാവൂ.ആ പാവങ്ങളുടെ മുഖത്തുനോക്കി പറ്റില്ല എന്നു പറയാന്‍ വയ്യ.
കൊടും വെയിലത്ത് ഒരുമരച്ചുവട്ടിലെ കസേരയില്‍ തളര്‍ന്നിരുന്ന എനിക്കു പനനൊങ്കു കൊണ്ടുവന്നുതന്ന ഒരു എണ്ണക്കറുമ്പിയുടെ മുഖം ഓര്‍മ്മയിലുണ്ട്.വെറുതെ അവളോടു പേര്ചോദിച്ചപ്പോള്‍ തേച്ചുമിനുക്കിയ ചോറ്റുപാത്രത്തിന്‍റെ അടപ്പില്‍ എഴുതിയ പേര് കാണിച്ചു തന്നു.അങ്ങാടിയില്‍ നിന്നു വാങ്ങിയ തമിഴ്-മലയാളം ഭാഷാസഹായിയുടെ ബലത്തില്‍ ഞാന്‍ മുക്കി മൂളി വായിച്ചു-ആവടൈഅമ്മാള്‍.പൊരിവെയിലില്‍ തിളങ്ങുന്ന ആ മൂക്കുത്തിയും,ആ കറുത്തമുഖവും ഇപ്പൊഴും മനസ്സില്‍ സജീവമായുണ്ട്.
ഡി.ഇ.,ശ്രീ ദയാനന്ദ റാവു ,തിരുവനന്തപുരം തൊട്ട് മധുരവരെ തുടര്‍ച്ചയായ യാത്രയിലാണ്.ഒരു തളര്‍ച്ചയുമില്ല.ഏത് നിമിഷം വേണമെങ്കിലും ജോലിസ്ഥലത്തെത്താം.എന്തെങ്കിലും കുഴപ്പം കണ്ടാല്‍ എല്ലാവരുടെയും മുന്നില്‍ വെച്ചു ചീത്തവിളിച്ചു നാശമാക്കും.എല്ലാവര്‍ക്കും കക്ഷിയെ പേടിയാണ്.വല്ലാതെ അദ്ധ്വാനിച്ചിരുന്ന ആ കൊങ്ങിണി ബ്രാഹ്മണന് ഒരു കുഴപ്പമേ ഞാന്‍ കണ്ടുള്ളൂ.കീഴ്ജാതിക്കാരോടു അല്‍പ്പം തിരിച്ചുവ്യത്യാസം കാണിക്കും.വടിവേലുവും,കാര്‍വര്‍ണനും എന്തുചെയ്താലും ,എങ്ങിനെ ചെയ്താലും ഫയറിങ് ഉറപ്പാണ്.പക്ഷേ മേല്ജ്ജാതിക്കാരാണെങ്കിലും ജോലിയെടുക്കാതെ രക്ഷയില്ല.
ഒരുമാസമേ ഞാന്‍ കേബിള്‍ ലേയിങ് ഗ്രൂപ്പിലുണ്ടായിരുന്നുള്ളൂ.പുതുതായി തുടങ്ങാന്‍ പോകുന്ന എക്യുപ്മെന്‍റ് ഇന്‍സ്റ്റലേഷനുവേണ്ടി ദയാനന്ദറാവു തിരഞ്ഞെടുത്ത രണ്ടുപേരില്‍ ഞാനുമുണ്ടായിരുന്നു.പുറമ്പോക്കിലെ താമസവും ജോലിയും അവസാനിപ്പിച്ചു ഞങ്ങള്‍ പരിശീലനത്തിനായി രാജമന്ത്രിക്ക് വണ്ടി കയറി.
37 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ അന്നത്തെ വരള്‍ച്ചയും ഗ്രാമീണരുടെ ദൈന്യതയും മനസ്സില്‍നിന്ന് പോകുന്നില്ല.കറുത്ത റാഗി പുഴുങ്ങിക്കൊണ്ടുവരുന്നവരല്ലാതെ ചോറുമായ് വരുന്നവരെ ഞാന്‍ കണ്ടിട്ടില്ല.ഇന്ത്യയുടെ നെല്ലറയില്‍ ഒരുമണിഅരി ഗ്രാമീണന് അന്യമായി.വരള്‍ച്ചകൊണ്ടു തൊഴിലില്ലാതായവര്‍ക്കുവേണ്ടി തൊഴില്‍ദാന പരിപാടികള്‍ ഉണ്ടായിരുന്നു.അതൊന്നും ജനങ്ങളുടെ പട്ടിണിമാറ്റാന്‍ പര്യാപ്തമായിരുന്നില്ല എന്നുമാത്രം.വിരുദുനഗറിലും,മധുരയിലുമെല്ലാം കുളിക്കാത്ത,വൃത്തിയില്ലാത്ത ജനം നിറഞ്ഞൊഴുകി.നഗരങ്ങളില്‍ വീടിന്‍റെ പുറത്തുള്ള ചാലുകളില്‍ പരസ്യമായി വെളിക്കിറങ്ങുന്ന മനുഷ്യര്‍.സമൃദ്ധമായി വെള്ളം ലഭിക്കുന്ന കേരളത്തില്‍നിന്ന് ചെന്ന എനിക്കു അറപ്പും വെറുപ്പും തോന്നിക്കുന്ന ചുറ്റുപാടുകള്‍.എന്നാല്‍ ഇന്ന് തമിള്‍നാട് ആകെ മാറിപ്പോയി.കഴിഞ്ഞ ഇരുപതുവര്‍ഷമായി കാര്യമായ ജലദൌര്‍ലഭ്യമില്ല.മാലിന്യംകൊണ്ടു കേരളം ചീഞ്ഞുനാറുമ്പോള്‍ കൃത്യമായ മാലിന്യ നിര്‍മ്മാര്‍ജ്ജന രീതികളുമായി തമിള്‍നാട് മുന്നേറുന്നു.തെരുവിന്‍റെ ഓരങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സംഭരണികളില്‍ നിന്നു കോര്‍പ്പൊറേഷന്‍ മാലിന്യം എടുത്തുകൊണ്ടുപോയി സംസ്കരിക്കുന്നു.വലിയ വൃത്തിക്കാരെന്നു അഹങ്കരിച്ചിരുന്ന മലയാളികള്‍ക്ക് മൂക്കുപോത്താതെ യാത്രചെയ്യാന്‍പറ്റാത്ത അവസ്ഥ.കാന്‍സറും പകര്‍ച്ചവ്യാധികളും നമ്മെ തുറിച്ചുനോക്കുന്നു.
പക്ഷേ തമിള്‍നാട്ടിലെ ഓഫീസുകള്‍ അഴിമതിയുടെ കൂത്തരങ്ങായി.കൈക്കൂലിയില്ലാതെ ഒന്നും നടക്കാത്ത അവസ്ഥ.ഇന്ത്യ എല്‍.ടി.ടി.ഇയെ നിരോധിച്ചപ്പോള്‍ നിരോധനം മറികടക്കാന്‍ അവര്‍ കൈക്കൂലിപ്പണം വാരിയെറിഞ്ഞു.രാഷ്ട്രീയക്കാരെ വിലയ്ക്കെടുത്തു.ഫലത്തില്‍ കൈക്കൂലിയില്ലാതെ ഒന്നും നടക്കാത്ത ഒരിടമായി തമിള്‍നാട് മാറി.
ജനങ്ങളുടെ അവസ്ഥയോ? ഈ കാലഘട്ടവും,ദാരിദ്ര്യവും അരിഷ്ടതയും നിറഞ്ഞ അന്നത്തെ കാലവും തമ്മില്‍ താരതമ്യമില്ല.പണിയില്ലാതിരുന്ന കാലം മാറി, അന്യസംസ്ഥാന തൊഴിലാളിയെ കാത്തിരിക്കുന്ന നിലയിലേക്ക് നമ്മള്‍ എത്തി.ഒരുകാലത്ത് പണിതേടി കേരളത്തില്‍ കറങ്ങിനടന്ന തമിഴ്മക്കള്‍ക്കു ജോലിയും നല്ല കൂലിയും അവിടെത്തന്നെയുണ്ട്.വൃത്തിയും വെടിപ്പുമില്ലാത്തവര്‍ എന്നു നമ്മള്‍ ആക്ഷേപിച്ചിരുന്നവര്‍,കുളിച്ചു കുട്ടപ്പന്‍മാരായി നടക്കുന്നു.കൌമാരക്കാര്‍പോലും ഓടകളില്‍ വെളിക്കിറങ്ങിയിരുന്ന സ്ഥാനത്ത് എല്ലാ വീടുകളിലും കക്കൂസ് വ്യാപകമായി.ഉന്നത വിദ്യാഭ്യാസരംഗത്ത് മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ബഹുദൂരം മുന്നിലായി.
നമ്മുടെ നാട് പുരോഗമിക്കുകയാണ്.
അനുഭവവിവരണത്തിലൂടെ നടത്തിയ താരതമ്യം നമ്മള്‍ (മലയാളികള്‍) കണ്ണ് തുറന്നു കാണേണ്ടതാണ്, ചിന്തിക്കേണ്ടതാണ്. നമ്മള്‍ ആദ്യത്തേതില്‍ നിന്ന് താഴോട്ടു സഞ്ചരിക്കുമ്പോള്‍ മറ്റുള്ളവര്‍ മുന്നോട്ട് സഞ്ചരിക്കുന്നു. ഏറ്റവും മുന്നില്‍ മാലിന്യം തന്നെയാണ് പ്രശ്നം. എന്തൊക്കെ പറഞ്ഞാലും മൂക്കുപൊത്തി സഞ്ചരിക്കാന്‍ പഠിക്കുകയാണ് മലയാളി. അല്ലാതെ മൂക്ക് പോത്താതിരിക്കാനുള്ള വഴികള്‍ക്ക് വേണ്ടി ശ്രമിക്കുന്നില്ല എന്ന് കാണേണ്ടിയിരിക്കുന്നു.
ReplyDeleteസ്കോളര്‍ഷിപ്പ് തുക മാറാന്‍ ചെന്ന എന്നോടു രണ്ടുരൂപ ബലമായി വാങ്ങിയ ട്രഷറിജീവനക്കാരന്റെ ഓര്‍മ്മ...
ഓര്‍മ്മകള്‍ എല്ലാം സരസമായിതന്നെ അവതരിപ്പിച്ചിരിക്കുന്നു.
അനുഭവവിവരണം ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.
ഈ സര്‍വീസ് സ്റ്റോറി വായിക്കുന്നത് ഒരു നല്ല അനുഭവം തന്നെ. കൂടെ പല പുതിയ അറിവുകളും. തമിഴന്മാരില്‍ നിന്ന് നമുക്ക് ഏറെ പഠിക്കാനുണ്ടെന്നാണെന്റെ പക്ഷം. വളരെയേറെ
ReplyDeleteചിന്തിപ്പിക്കതക്കതായി ഈ താരതമ്യപഠനം.അനുഭവത്തില്‍ നിന്നാകുമ്പോള്‍ പ്രത്യേകിച്ചും.
ReplyDeleteഏതാണ്ട് മുപ്പത്തെട്ടു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഓര്‍മ്മകള്‍ വളരെ രസകരമായി തന്നെ
അവതരിപ്പിച്ചിരിക്കുന്നു.
ആശംസകള്‍
ജോര്‍ജ്ജ് സാര്‍ പട്ടാളക്കാരനായിരുന്നല്ലേ... ഈ വരള്‍ച്ചയെ കുറിച്ചുള്ള നേരിട്ടനുഭവം എഴുതിയത് നന്നായി - പ്രത്യേകിച്ചും താഴെയുള്ള വരികള്‍.. പണ്‌ട് ഗ്രാമങ്ങളില്‍ കണ്ടിരുന്നല്ലോ? ചോറ്റുപാത്രത്തില്‍ പേരെഴുതുന്ന ശൈലി...
ReplyDeleteകൊടും വെയിലത്ത് ഒരുമരച്ചുവട്ടിലെ കസേരയില്‍ തളര്‍ന്നിരുന്ന എനിക്കു പനനൊങ്കു കൊണ്ടുവന്നുതന്ന ഒരു എണ്ണക്കറുമ്പിയുടെ മുഖം ഓര്‍മ്മയിലുണ്ട്.വെറുതെ അവളോടു പേര്ചോദിച്ചപ്പോള്‍ തേച്ചുമിനുക്കിയ ചോറ്റുപാത്രത്തിന്‍റെ അടപ്പില്‍ എഴുതിയ പേര് കാണിച്ചു തന്നു.അങ്ങാടിയില്‍ നിന്നു വാങ്ങിയ തമിഴ്-മലയാളം ഭാഷാസഹായിയുടെ ബലത്തില്‍ ഞാന്‍ മുക്കി മൂളി വായിച്ചു-ആവടൈഅമ്മാള്‍.പൊരിവെയിലില്‍ തിളങ്ങുന്ന ആ മൂക്കുത്തിയും,ആ കറുത്തമുഖവും ഇപ്പൊഴും മനസ്സില്‍ സജീവമായുണ്ട്.
ഇപ്പോഴത്തെ സര്‍ക്കാരുകള്‍ ജനങ്ങളെ മടിയന്മാരും കുടിയന്മാരും ആക്കിയേ അടങ്ങൂ എന്ന വാശിയിലാണ്. ആദ്യം രണ്ടു രൂപക്ക്, പിന്നെ ഒരു രൂപക്ക് എപ്പോള്‍ ഫ്രീയായിട്ടും അരി കൊടുക്കുന്നു. പിന്നെ കളര്‍ ടി.വി. ഫാന്‍, മിക്സി,ഗ്രൈന്‍ഡര്‍ ഇതിലൊന്ന്. ഉള്ള ജോലിക്ക് നല്ല കൂലി. ഒന്നോ രണ്ടോ ദിവസം ജോലിയെടുത് കിട്ടുന്ന കാശുകൊണ്ട് ധാരാളം അറിയും പലചരക്കും വാങ്ങി വീട്ടിലേക് നല്‍കിയാല്‍ അവരുടെ കടമ കഴിഞ്ഞു. പിന്നെ ബാക്കിയുള്ള കാശുകൊണ്ട് കള്ള് കുടി! ഹാ എത്ര മഹത്തരം സര്‍ക്കാരിന്റെ ഓരോ കാര്യങ്ങള്‍! രാഷ്ട്രീയ ആധിപത്യത്തിന് വേണ്ടി ഓരോ പരിഷ്കാരങ്ങള്‍ കൊണ്ട് വരുമ്പോള്‍ അത് ഇതു തരത്തില്‍ സമൂഹത്തില്‍ ഫലം ചെയ്യുന്നു എന്നവര്‍ ചിന്തിക്കുന്നില്ല.
ReplyDeleteശ്രീ റാംജി,ശ്രീ അജിത് -നമ്മുടെ ഭാവം നമ്മള്‍ വലിയ സംസ്കാരസമ്പന്നരും ബുദ്ധിമാന്മാരും,നല്ല ആരോഗ്യശീലമുള്ളവരും തമിഴന്മാര്‍ വെറും കൊഞാണന്മാരും ആണെന്നാണ്.അറിവില്ലാത്തവന്റെ അഹങ്കാരം എന്നല്ലാതെ എന്തുപറയാന്‍.
ReplyDeleteശ്രീ തങ്കപ്പന്‍ നല്ല വാക്കുകള്‍ക്കു നന്ദി.
മൊഹി,ഞാന്‍ പട്ടാളക്കാരനായിരുന്നില്ല.ടെലക്കൊമിന്റെ പ്രോജക്റ്റ് വിങ്ങിലായിരുന്നു അക്കാലത്ത് ജോലി.
ശ്രീ ഫിയോനിക്സ് ,എല്ലാം വെറുതെ കൊടുക്കുന്നതാണ് നല്ല ഭരണം എന്നായി.നേതാവ് എന്നാല്‍ നയിക്കുന്നവന്‍ എന്നായിരുന്നു അര്‍ഥം.ഇന്നത് അണികളാല്‍ നയിക്കപ്പെടുന്നവന്‍ എന്നായി.ജനങ്ങള്‍ക്കുവേണ്ടിയാണെന്ന മട്ടില്‍ മമത ഇന്ത്യന്‍ റെയില്‍വേയെ കുത്ത്പാള എടുപ്പിക്കുന്നത് കണ്ടില്ലേ.
എല്ലാത്തിലും കേമന്മാരാണെന്ന ധാരണ..... മലയാളി ഒന്നും പഠിക്കില്ല...ഒരിക്കലും... എന്ന അവസ്ഥയായി...
ReplyDeleteകേരളത്തിന്റെ കേമത്തരങ്ങള്‍ കടലാസില്‍ മാത്രം...
അയ്യാ,അയ്യാ എന്നു കരഞ്ഞുകൊണ്ടു പോലീസ്സുകാരന്റെ മുന്നില്‍ കെഞ്ചുന്ന ആ പാവത്തിന് എവിടേയും ഒരുമുഖം തന്നെയാണ്.
ReplyDeleteശരിയാ.... അനുഭവങ്ങള്‍... ജീവിതം
വളരെ നല്ല അനുഭവങ്ങള്‍ വീണ്ടും കാണാം ....
ReplyDeleteചരിത്രവും ദേശത്തിന്റെ കഥയും എല്ലാംകൂടി ഈ രസതന്ത്രം ഇഷ്ട്ടായി മാഷേ.
ReplyDeleteവീണ്ടും കാണാം!
തമിഴനെ കുളിക്കത്തവന്‍ എന്നും വൃത്തിയില്ലത്തവന്‍ എന്നും വിളിച്ചു ആക്ഷേപിച്ച നമ്മള്‍ക്ക് , ഇന്ന് അവിടന്ന് പാലും പച്ചക്കറിയും വാങ്ങിയെ പറ്റു. അവര്‍ കഠിനാധ്വാനം ചെയ്തും, പണിമുടക്കാതെയും മുന്നേറി..വ്യവസായങ്ങളെ അങ്ങോട്ട് കൊണ്ടുപോയി...കമ്പനികള്‍ നല്ല കാലാവസ്ഥ നോക്കി അങ്ങോട്ട് പോയതും ആവാം...കൊടികുത്തുക എന്നതാണല്ലോ നമ്മള്‍ക്ക് മുഖ്യം !
ReplyDeleteവളരെ നന്നായിട്ടുണ്ട് ഓര്‍മ്മക്കുറിപ്പ്.
വൈകിയെത്തിയതിന് ക്ഷമാപണം..വീണ്ടും വരാം
രസകമായി വായിച്ചു ഈ അനുഭവക്കുറിപ്പ്..നമ്മളിന്ന് അനുഭവിക്കുന്ന സുഖം എത്ര വലുതാണെന്ന് പണ്ടത്തെ വരള്‍ച്ചയും മറ്റുമൊക്കെ വായിച്ചപ്പോ തോന്നിപ്പോവുകയാണ്..[എന്തൊക്കെ അനുഭവിച്ചൂ ല്ലെ??]
ReplyDeleteശാസ്ത്രീയമായും സാമ്പത്തികമായും പുരോഗതിയിലേക്ക് മുന്നേറുമ്പോൾ ധാർമ്മികത ചോദ്യചിഹ്നമായി ബാക്കിയാവുന്നു.
ReplyDeleteശ്രീ ഖാദൂ,സുമേഷ് വാസു-നാം എല്ലാ രംഗത്തും മുന്നിലാണെന്നത് ഒരു മിഥ്യാധാരണയാണ്.മനുഷ്യന്‍ അവന്റെ നിസ്സഹായതയില്‍ മൃഗങ്ങളുടെ ശൌര്യം പോലും കാണിക്കാറില്ല.
ReplyDelete@ ശ്രീ ഞാന്‍ പുണ്യവാളന്‍,കണ്ണൂരാന്‍.വില്ലേജ്മാന്‍, നന്ദി,ഈ വരവിനും,അഭിപ്രായത്തിനും.
@ശ്രീ അനശ്വര,ബെഞ്ചാലി.വായിച്ചതിനും അഭിപ്രായമെഴുതിയതിനും നന്ദി.നാടിന്റെ പുരോഗതി,അടുത്തുനിന്നു നോക്കിയാലേ മനസ്സിലാവൂ.ദാരിദ്ര്യത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിച്ച് വരുമ്പോള്‍ പുതിയ പുതിയ വെല്ലുവിളികള്‍ ഉയര്‍ന്നു വരുന്നു.
വെട്ടത്താന്‍ ചേട്ടാ,
ReplyDeleteഎനിക്ക് ബ്ലോഗില്‍ അപ്ഡേറ്റ്സ് കിട്ടുന്നില്ല. ഒന്നുകൂടി ഫോളോ ചെയ്തു നോക്കാം........
ഇനി എഴുത്തിലെയ്ക്ക്,
അനുഭവക്കുറിപ്പുകള്‍ ഇഷ്ടമായി. തമിഴ്നാടിന്റെ വികസനം അസൂയാവഹമാണ്. അത് മാറിമാറിവരുന്ന സര്‍ക്കാരുകള്‍ കേന്ദ്ര മന്ത്രിസഭയില്‍ നേടുന്ന പ്രതിനിധ്യത്തെ ആശ്രയിച്ചു തന്നെയല്ലേ?. കേരളത്തില്‍ ഉള്ളവര്‍ക്ക് സ്ഥാനം മാത്രം മതി. വല്ലോം നടപ്പാക്കാന്‍ ശ്രമിച്ചാല്‍ പ്രതിപക്ഷം ജനത്തെക്കൂട്ടി എതിര്‍ക്കും. പിന്നെ എങ്ങനെ വികസനം നടക്കും? അവിടെ ആ കാര്യത്തില്‍ പാര്‍ടികള്‍ ഭേദമാനെന്നു തോന്നുന്നു.
അരിയുടെയും പട്ടിണിയുടെയും കാര്യം പറഞ്ഞപ്പോള്‍ തകഴിയുടെ "രണ്ടിടങ്ങഴിയില്‍" വിവരിക്കുന്നപോലെ........ കുട്ടനാടന്‍ പാടശേഖരങ്ങലില്‍ അടിയാന്‍ ജന്മ്മി സമ്പ്രദായം നിലനിന്നിരുന്ന കാലത്ത് കൂലിക്ക് നെല്ല് മാറി രൂപ നല്‍കാന്‍ തുടങ്ങിയപ്പോള്‍ മണ്ണിന്റെ മക്കളായ പുലയക്കുടിലുകളില്‍ അടുപ്പ് പുകയാതെയായി. ഒരു തരി നെല്ല് കിട്ടാതായി! ഒരു അണ കൂലി കിട്ടുന്നവന് അരിവാങ്ങാന്‍ നാല് അണ മുടെക്കേണ്ട സ്ഥിതി. നെല്ലുംമൊത്തവും മുതലാളിമാര്‍ കയ്യടക്കി വള്ളങ്ങളില്‍ ലോഡുകള്‍ വന്‍കിട കച്ചവടക്കാര്‍ക്ക് എത്തിച്ചുകൊടുത്തു. അന്നത്തെ പട്ടിണിയില്‍ അതിജീവനത്തിനു വേണ്ടി ഉറപോട്ടിയ നകസല്‍ പ്രസ്ഥാനങ്ങള്‍, കമ്യൂണിസം, പുന്നപ്ര വയലാര്‍ ഒക്കെ പിന്നീട് ചരിത്രം!!
നന്ദി,ജോസെലെറ്റ്,.തമിള്‍നാടിന്റെ പുരോഗതി കേന്ദ്രമന്ത്രിസഭയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിഞ്ഞതുകൊണ്ടു മാത്രമല്ല.ആളുകളുടെ മൈന്‍റ് സെറ്റ് ഒരു വലിയ പ്രശ്നമാണ്.നമ്മള്‍ അടിസ്ഥാനപരമായിട്ട് ഒരു ഞണ്ട് സമൂഹമാണ്.കൂടെയുള്ള ഒരുത്തനെം മുന്നോട്ടുപോകാന്‍ അനുവദിക്കില്ല.കുശുംബ് ആണ് നമ്മുടെ പൊതു വികാരം.സത്യത്തില്‍ നമ്മുടെനാട്ടില്‍ അഴിമതി വളരെ കുറവാണ്.പക്ഷേ "കള്ളന്‍,കള്ളന്‍ " എന്ന വിളികളാണ് ചുറ്റും.ഇല്ലാത്തവന്‍ കൂടുതല്‍ ഇല്ലാത്തവന്‍ ആകണം എന്നാണ് നമ്മുടെ പാര്‍ട്ടികളുടെ ആഗ്രഹം.കൊടിപിടിക്കാന്‍ ആളെ കിട്ടേണ്ടേ?
ReplyDeleteഒന്നു കൂടി വായിച്ചു.ഇഷ്ടപ്പെട്ടു.
ReplyDeleteഅനുഭവത്തിന്റെ വെളിച്ചത്തിലൂടെ ഇന്നും അന്നും തമ്മിലുള്ള മാറ്റത്തെക്കുറിച്ച് വിവരിച്ചതിനു നന്ദി.ഇത്തരം അനുഭവങ്ങളില്‍ നിന്ന് പുതുതലമുറ പാഠം പഠിച്ച് രാജ്യത്തിനും സമൂഹത്തിനും വേണ്ടി തങ്ങളുടെ ജീവിതത്തില്‍ നിന്നും കുറച്ച് സമയം നീക്കി വെച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.
ReplyDeleteഈ കുറിപ്പ് വളരെ ഇഷ്ടമായി.....അടുത്തതിനു കാത്തിരിയ്ക്കുന്നു.
ReplyDelete