“അനുഭവം ഗുരു” എന്നു പറഞ്ഞത് ആരാണ്? ആരാണെങ്കിലും അത്
പൊളിയാണ്. മനുഷ്യന്‍ അനുഭവത്തില്‍ നിന്നും ഒന്നും പഠിക്കുന്നില്ല. ചുരുങ്ങിയത് എന്‍റെ കാര്യത്തിലെങ്കിലും അതാണു
സത്യം. സ്വാഭാവികമായുള്ള എടുത്തുചാട്ടം എന്നെ പല അപകടങ്ങളിലും
കൊണ്ടെത്തിച്ചിട്ടുണ്ട്. വീണ്ടുവിചാരത്തിന്‍റെ നിമിഷങ്ങളില്‍ അത്തരം സ്വഭാവം ആവര്‍ത്തിക്കില്ല
എന്നു സ്വയം പറഞ്ഞു ഉറപ്പിക്കുമെങ്കിലും പലപ്പോഴും എനിക്കു നിയന്ത്രണം വിട്ടു
പോകും.
1990ലെ ഈസ്റ്റര്‍, വീടിന് പുറത്തു
ആഘോഷിക്കാന്‍ എല്ലാവരും കൂടി എടുത്ത തീരുമാനമായിരുന്നു. എന്‍റെ സഹോദരങ്ങളും അവരുടെ
കുടുംബവും, കൂടെ ശ്രീമതിയുടെ സഹോദരിമാരും അവരുടെ കുടുംബവും.
എല്ലാവരും കൂടി ഇരുപത്തഞ്ചോളം പേരുണ്ടായിരുന്നു.
ഒരു വയസ്സു തൊട്ടുള്ള കുട്ടികളും
സംഘത്തിലുണ്ട്. പ്രഭാതഭക്ഷണം കഴിച്ചു ഉച്ചക്കത്തേക്ക് വേണ്ട
ഭക്ഷണവുമായിട്ടായിരുന്നു യാത്ര. പത്തു മണിയോടെ ഞങ്ങളെല്ലാം ചാലിയാര്‍
മുക്കിലെത്തി. ചാലിയാറും കരിമ്പുഴയും ഒത്തുചേരുന്ന ,ആ
സമയത്ത് വിശാലമായ മണല്‍ത്തിട്ടയുള്ള, ചുറ്റും നിബിഡ വനം ഉള്ള
,മനോഹരമായ ഇടമായിരുന്നു ചാലിയാര്‍ മുക്ക്. മറ്റാരും ഇല്ല.
നിശ്ശബ്ദതയെ ഭഞ്ജിക്കാന്‍ ചീവീടുകളുടെയും കിളികളുടെയും ശബ്ദം മാത്രം.
സാധനങ്ങളെല്ലാം ഇറക്കി എല്ലാവരും തയ്യാറായി. നിശ്ശബ്ദത തളം കെട്ടി നില്‍ക്കുന്ന
ഇടങ്ങളില്‍ പതിവുള്ളതു പോലെ ചിലര്‍ ഉച്ചത്തില്‍ കൂവി. അകലെ നിലമ്പൂര്‍ മലനിരകളില്‍
എവിടെയോ തട്ടി ശബ്ദം ലോലമായി തിരിച്ചു വന്നു. കൂവലിന്‍റെ ആദ്യ എപ്പിസോഡ് കഴിഞ്ഞു
ഓരോരുത്തരായി പതുക്കെ വെള്ളത്തിലേക്ക് ഇറങ്ങിത്തുടങ്ങി. വേനല്‍ക്കാലത്ത്, കേരളത്തിലെ മറ്റ് നദികളിലെ പോലെ , ചാലിയാറിലും
വെള്ളം കുറവാണ്. ചാലിയാര്‍ മുക്കില്‍ കഷ്ടി മൂന്നടി വെള്ളമേയുള്ളൂ. നദികളുടെ സംഗമം
ഒരു തടാകം പോലെ ശാന്തമായിരുന്നു. ഞങ്ങളുടെ
കൂടെ നീന്തല്‍ അറിയാവുന്നവരും അല്ലാത്തവരുമുണ്ട്. പതിവ് പോലെ നന്നായി കാറ്റ്
നിറച്ച ട്യൂബുകളുമായായിരുന്നു ഞങ്ങള്‍ ചെന്നത്. ( പുഴകളിലേക്കുള്ള യാത്രക്ക് ഉമ്മറിന്‍റെ കടയില്‍ നിന്നു ലോറിയുടെയും ബസ്സിന്‍റേയും
ട്യൂബുകള്‍ വാടകയ്ക്ക് എടുക്കുന്നത് ഒരു പതിവാണ്).
ഞങ്ങള്‍ കുറച്ചുപേര്‍
ട്യൂബില്‍ കയറി നദിയില്‍ തുഴഞ്ഞ് നടക്കാന്‍ തുടങ്ങി. ഞാന്‍ തന്നെ മുന്നിട്ടിറങ്ങി
മറ്റുള്ളവര്‍ക്ക് ധൈര്യം കൊടുത്തു. അപ്പോള്‍ കുട്ടികള്‍ക്കും കയറണം. ഒരാളെ
എന്നോടൊപ്പം ട്യൂബിലിരുത്തി ഓളപ്പരപ്പിലൂടെ തുഴഞ്ഞു. പിന്നെ അത് ഒരേ സമയം
രണ്ടാളായി. നദിയില്‍ വലിയ വെള്ളമില്ലാ. എനിക്കു ചവുട്ടി നില്‍ക്കാവുന്നതെ ഉള്ളൂ.
ആര്‍പ്പും വിളിയുമായി ഞങ്ങളുടെ അവധി ദിവസം മുന്നോട്ട് നീങ്ങി. ഇതിനിടെ
മരച്ചുവട്ടില്‍ കസേരകള്‍ നിരത്തി ചിലര്‍ ആഘോഷവും തുടങ്ങി.ആകെ ബഹളമയം. പരിസരത്ത്
മാറ്റാളുകളില്ല. ആവുന്നത്ര ശബ്ദമുയര്‍ത്തി ഓരോരുത്തരും തങ്ങളുടെ സാന്നിദ്ധ്യം
അറിയിക്കുന്നുണ്ട്. ഉച്ചതിരിഞ്ഞതോടെ ഭക്ഷണം വിളമ്പി. ഭക്ഷണം കഴിഞ്ഞപ്പോള്‍ ചിലര്‍ക്കൊന്നു
വിശ്രമിക്കണം. മണല്‍പ്പരപ്പിലെ തണലിടങ്ങളില്‍ ചിലര്‍ നീണ്ടുനിവര്‍ന്നു കിടന്നു.
വിശ്രമം കൂടുകയും ഉല്‍സാഹം ഒന്നു തണുക്കുകയും ചെയ്യുന്നു എന്നു കണ്ടപ്പോള്‍ ഞാന്‍
വീണ്ടും ട്യൂബില്‍ കറങ്ങാന്‍ തുടങ്ങി.
പുഴയുടെ വശത്തുള്ള
കാട്ടില്‍ ആളനക്കം കേട്ടു തുടങ്ങി. കന്നുകാലികളെ മേയ്ക്കാന്‍ കൊണ്ടുവന്ന
കുട്ടികളാണ്. ഞങ്ങളുടെ ബഹളം കേട്ടു അവര്‍ പുഴയിലേക്ക് എത്തി നോക്കി. ക്രമേണ
ഞങ്ങളെല്ലാവരും പുഴയിലേക്ക് ഇറങ്ങി. ചിലര്‍ ട്യൂബുകളില്‍ തുഴഞ്ഞ് നടക്കുന്നു.
ചിലര്‍ നീന്താന്‍ ശ്രമിക്കുന്നു. കുളിക്കുന്നവരും ഉണ്ട്. ഈസ്റ്റര്‍ ആഘോഷം അരങ്ങ്
തകര്‍ക്കുന്നതിനിടെ മൂന്നു ചെറുപ്പക്കാര്‍ പുഴയുടെ താഴെ ഭാഗത്ത്
പ്രത്യക്ഷപ്പെട്ടു. അവര്‍ പതുക്കെ ഞങ്ങള്‍ ഉള്ള ഭാഗത്തേക്ക് വന്നു. ഡ്രസ്സൊക്കെ ഊരി
ജെട്ടിധാരികളായി പുഴയിലേക്ക് ചാടാനും നീന്താനും തുടങ്ങി. ഞാന്‍ ട്യൂബില്‍ തുഴഞ്ഞ്
നടക്കുകയാണ്. ചെറുപ്പക്കാര്‍ കൂടുതല്‍ അടുത്ത് വരുന്നു. അല്‍പ്പം ക്ഷോഭത്തോടെ ഞാന്‍
ദൂരെയുള്ള അനുജനെ വിളിച്ച് “അവരോടു താഴേക്കു പോകാന്‍ പറയൂ “ എന്നു ആവശ്യപ്പെട്ടു.
കയ്യെടുത്ത് ആംഗ്യം കാണിക്കുന്നതിനിടെ ഒരു നിമിഷം എന്‍റെ ബാലന്‍സ് നഷ്ടപ്പെട്ടു.
ട്യൂബ് തെറിച്ചു പോയി. ഞാന്‍ വെള്ളത്തിലേക്ക് വീണു.
ഞാന്‍ നേരെ
നില്ക്കാന്‍ നോക്കി. പറ്റുന്നില്ല. പുഴയ്ക്ക് നല്ല ആഴം. എനിക്കു നീന്തലറിയില്ല.
ശ്രീമതിക്ക് നീന്തലറിയാം. അവര്‍ പക്ഷേ അമ്പത് മീറ്ററെങ്കിലും ദൂരെയാണു. ഞാന്‍ സര്‍വ്വ
ശക്തിയുമെടുത്ത് മുകളിലേക്കു തുഴഞ്ഞു. പൊങ്ങാന്‍ പറ്റുന്നില്ല. ഇതിനിടെ ഞാന്‍ ഒരു
കവിള്‍ വെള്ളം കുടിച്ചു. ആരെങ്കിലും വന്നു രക്ഷിക്കുന്നതുവരെ വെള്ളം
കുടിക്കാതിരിക്കാന്‍ നോക്കണമെന്ന് മനസ്സ് പറഞ്ഞു. കടിച്ചു പിടിച്ച് ഞാന്‍ വീണ്ടും വീണ്ടും
തുഴഞ്ഞു നോക്കി. എന്‍റെ നീക്കങ്ങള്‍ “റ”
ചെരിച്ചു വെച്ചതുപോലെ മാത്രമേ ആകുന്നുള്ളൂ. മൂന്നുനാല് പ്രാവശ്യത്തെ പരാജയത്തിന്
ശേഷം പെട്ടെന്നു എനിക്കു മനസ്സിലായി. ഇനി വെള്ളം കുടിക്കാതെ പിടിച്ചുനില്‍ക്കാന്‍
വയ്യ.
രക്ഷകന്‍
“വടിയാകാന്‍
പോകുകയാണല്ലോ” എനിക്കു ചിരി പൊട്ടി. വെപ്രാളം ഒന്നുമുണ്ടായില്ല. സത്യത്തില്‍
എനിക്കു ചിരിയാണ് വന്നത്. അവസാനമായി ഒന്നുകൂടി ശ്രമിക്കാന്‍ തയ്യാറായി. സര്‍വ്വ
ശക്തിയും സംഭരിച്ചു ഞാന്‍ മുകളിലോട്ടു പൊങ്ങാന്‍ ശ്രമിച്ചു. പറ്റിയില്ല. പക്ഷേ കൈ
ട്യൂബില്‍ തൊട്ടു. ട്യൂബ് എവിടെയുണ്ടെന്ന് മനസ്സിലായി. അടുത്ത ശ്രമത്തില്‍
ട്യൂബില്‍ പിടുത്തം കിട്ടി. ചരിഞ്ഞ ട്യൂബും ഞാനും ഒന്നുകൂടി വെള്ളത്തിലേക്ക് താണു.
പക്ഷേ അടുത്ത ശ്രമത്തില്‍ തല വെള്ളത്തിന് മുകളില്‍ ഉയര്‍ത്തിപ്പിടിക്കാന്‍
കഴിഞ്ഞു.
ഞാന്‍ വെള്ളത്തില്‍
മുങ്ങിയത് കണ്ടു എല്ലാവരും എന്നെ രക്ഷിക്കാനുള്ള ശ്രമത്തിലാവും എന്നാണ് കരുതിയത്.
പക്ഷേ കൂടുതല്‍ പേരും ഞാന്‍ അപകടത്തില്‍
പെട്ടത് അറിഞ്ഞിട്ടില്ല. കുറെ അകലെയുള്ള ശ്രീമതി മാത്രം എന്നെ നോക്കി നില്‍പ്പുണ്ട്.
എന്നെ രക്ഷിക്കാന്‍ ഭാര്യ പോലും എത്തിയില്ലല്ലോ എന്ന നിരാശ പെട്ടെന്നു മനസ്സില്‍
കുമിഞ്ഞുകൂടി. എന്തിനാണ് രക്ഷപ്പെട്ടത് എന്നുപോലും തോന്നി. ഞാന്‍ പതുക്കെ തുഴഞ്ഞു ആഴം കുറഞ്ഞ സ്ഥലത്തു വന്നു നിന്നു. നീന്തി
അടുത്ത് വന്ന ശ്രീമതിയോട് “എന്നെ രക്ഷിക്കാന്‍ നീ പോലും ശ്രമിച്ചില്ലല്ലോ” എന്നു
പരിഭവം പറഞ്ഞു. അവള്‍ ചിരിച്ചു കൊണ്ട് ചോദിച്ചു “എങ്ങിനെയാണ് രക്ഷപ്പെട്ടത്?”
ഞാന്‍ ട്യൂബില്‍
നിന്നു തെറിച്ചു വീഴുന്നതും മുങ്ങി താണതും അവര്‍ കണ്ടിരുന്നു. അപകടത്തില്‍
പെട്ടെന്നു മനസ്സിലായി. അത്രയും ദൂരെ നീന്തി വന്നു രക്ഷിക്കുന്നതെങ്ങിനെയെന്ന്
വെപ്രാളപ്പെട്ടു നോക്കുമ്പോഴാണ് വനത്തില്‍ കന്നുകാലി മേയ്ക്കുന്ന പയ്യനെ കണ്ടത്.
അവനോടു തെറിച്ചുപോയ ട്യൂബ് എന്‍റെ അടുത്തേക്ക് അടുപ്പിച്ചു കൊടുക്കാന്‍
ആവശ്യപ്പെട്ടു.ആ കുട്ടി പുഴയിലേക്ക് എടുത്തുചാടി ട്യൂബ് അടുപ്പിച്ചു
തരുകയായിരുന്നു.ഞാന്‍ ഒരു നിമിഷം എന്‍റെ രക്ഷകനെ നോക്കി. അവന്‍ എന്നെ നോക്കി
ചിരിക്കുന്നു. കൃതജ്ഞതയുടെ ആ നിമിഷങ്ങളില്‍ എന്‍റെ നാവില്‍ നിന്നു വാക്കുകളൊന്നും
വന്നില്ല.
ഇരുപത്തിമൂന്നു വര്‍ഷങ്ങള്‍ക്ക്
ശേഷം തിരിഞ്ഞു നോക്കുമ്പോളും മനസ്സില്‍ ഒരു നേരീയ ചിരിയാണ് വരുന്നത്. ഒരു പക്ഷേ വെള്ളം
കുടിച്ചു മുങ്ങിത്താണിരുന്നെങ്കില്‍ ചിരി മാറി വെപ്രാളപ്പെടുമായിരിക്കാം. ആര്‍ക്കറിയാം.
?
എല്ലാത്തിനും എഴുതപ്പെട്ട സമയമുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്!!
ReplyDeleteനന്ദി അജിത്ത്.എനിക്കും തോന്നുന്നത് അത് തന്നെയാണ്. ആരോ സെറ്റ് ചെയ്ത ജീവിതം ആടിത്തീര്‍ക്കുകയാണ് നാം.
Deletekollam,,vayikkan nallaresam......
ReplyDeleteyou should exaggerate more....
കൂടുതല്‍ വിവരിച്ചു കുളമാക്കേണ്ട എന്നു കരുതി. അന്ന് ഞാന്‍ ട്യൂബില്‍ കുട്ടികളെയും കൊണ്ട് തുഴഞ്ഞ് നടന്നപ്പോള്‍ ആയിരുന്നു അപകടം ഉണ്ടായതെങ്കില്‍ എന്തായിരിക്കും അവസ്ഥ?
DeleteSamayamaayilla polum, samayamaayilla polum....
ReplyDelete“അനുഭവം ഗുരു” - angineyaanu kandu varunnath. Chilappol allaatheyum. :)
എത്രയൊക്കെ ശ്രമിച്ചാലും ഒരാളുടെ അടിസ്ഥാന സ്വഭാവം മാറുമോ ഡോക്റ്റര്‍. കത്തുന്ന കനലിനു മീതെ ചാരം മൂടി കനല്‍ കാണാതായേക്കാം. പക്ഷേ ശക്തമായ ഒരു പ്രകോപനം യഥാര്‍ത്ഥ സ്വഭാവം പുറത്തു കൊണ്ടുവരും.(ശക്തിയായ കാറ്റില്‍ കനല്‍ വീണ്ടും തിളങ്ങാന്‍ തുടങ്ങും)
Deleteശരിയല്ല എന്ന് പറയുന്നില്ല.
Deleteചൂടുവെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കും എന്നുമുണ്ടല്ലോ.
ജാത്യാൽ ഗുണം തൂത്താൽ പോവില്ല എന്നുമുണ്ട്.
പഴഞ്ചൊല്ലിൽ പതിരില്ല എന്നും.
ചുരുക്കത്തിൽ, ഇതൊക്കെ പൊതുവേ പറയുന്നു എന്ന് മാത്രം. ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും - തീര്ച്ചയായും.
ഒരു വ്യക്തി വേറൊരു വ്യക്തിയില്നിന്നും തികച്ചും വിഭിന്ന സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്നു എന്നത് മാത്രം സത്യം.
അത് ശരിയാണ്.ഏത് നിയമവും ആളും തരവും അനുസരിച്ചു മാറുന്നു
Deleteഅനുഭവം ഗുരു അല്ല ... ഞാന്‍ പൂര്‍ണമായും യോജിക്കുന്നു...
ReplyDeleteഎനിക്ക് മരിക്കാന്‍ പോയപ്പോള്‍ ചിരി വന്നില്ല... അതിനും കൂടി സമയം കിട്ടും മുന്‍പ് ബോധം മറഞ്ഞു പോയിരുന്നു...
എഴുത്ത് ഉഷാറായി... ഭാര്യയോട് പരിഭവം രേഖപ്പെടുത്തിയത് കേമമായി...
എന്തായിരുന്നു ആ അനുഭവം? നാം മരിക്കാന്‍ പോകുമ്പോള്‍ എല്ലാവരും കരയണമെന്നും ദു:ഖിക്കണം എന്നും നമ്മുടെ മനസ്സ് ആഗ്രഹിക്കുന്നുണ്ടാവും. പെട്ടെന്നു വലിയ ഇച്ഛാ ഭംഗമായിപ്പോയി.
Deleteനന്നായി എഴുതി.
ReplyDeleteസാറിന് നല്ല ധൈര്യം തന്നെ.
എന്നാലും പേടിക്കാതെ ചിരിക്കാൻ കഴിഞ്ഞല്ലോ..
ധൈര്യശാലിയാണോ എന്നു നിശ്ചയമില്ല. പക്ഷേ അപ്പോള്‍ എനിക്കു ചിരിയാണ് വന്നത്.
Deleteസത്യമറിയാതെ വെറുതെ വെറുതെ പരിഭവിച്ചുപോയി ശ്രീമതിയോട്!
ReplyDeleteവെട്ടത്താന്‍ സാറിന്‍റെ ഈ കുറിപ്പ് വളരെയേറെ നന്നായിരിക്കുന്നു.
സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ജീവിതത്തിന്‍റെ എല്ലാ ഭാവങ്ങളും ഇതില്‍
സന്നിവേശിച്ചിട്ടുണ്ട്.കുഞ്ഞുകുസൃതി ഭാവംമുതല്‍ മരണഭയം വരെ.
ആശംസകള്‍
നന്ദി തങ്കപ്പന്‍ ചേട്ടാ, രക്ഷപെട്ടു നോക്കുമ്പോള്‍ ആരും എന്നെ രക്ഷിക്കാന്‍ ഓടിക്കൂടിയിട്ടില്ല. വല്ലാത്ത ഇച്ഛാഭംഗമാണുണ്ടായത്. അപകടത്തില്‍ എല്ലാവരും വിഷമിക്കണമെന്നും കരയണമെന്നും നമ്മുടെ മനസ്സ് ആഗ്രഹിക്കുന്നുണ്ടാവും.
Deleteവടിയാവാൻ പോവുകയാണല്ലോ എന്നോർത്ത് ചിരിപൊട്ടിയ ലോകത്തിലെ ഏക മനുഷ്യനു നമസ്കാരം......
ReplyDeleteരക്ഷകനെ പിന്നീട് കാണുകയുണ്ടായോ.....
അകലെയുള്ള ബന്ധവുവിനേക്കാൾ അടുത്തള്ള അപരിചിതനാണ് ആപത്തിൽ ഉപകാരമാവുക എന്നതിന് ഈ സംഭവം നല്ലൊരു ഉദാഹരമാണ്.....
അനുഭവങ്ങൾ ഇനിയും പങ്കുവെക്കുക
ചിരി വന്ന കാര്യം വായനക്കാര്‍ വിശ്വസിക്കുമോ എന്ന സംശയം ഉണ്ടായിരുന്നു. പക്ഷേ അത് സത്യമാണ്. ഇപ്പൊഴും മരണം എന്നെ ഭയപ്പെടുത്തുന്നില്ല. താങ്കള്‍ പറഞ്ഞത് നൂറുശതമാനം സത്യം.പലപ്പോഴും സഹായം വരുന്നത് തീരെ പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ നിന്നായിരിക്കും.
Deleteവെറും ചിരിച്ച് തള്ളിയ ഒരു മരണമുഖാനുഭവം..!
ReplyDeleteപിന്നെ
“അനുഭവം ഗുരു” എന്നു പറഞ്ഞത് ആരാണ്? ആരാണെങ്കിലും അത് പൊളിയാണ്. മനുഷ്യന്‍ അനുഭവത്തില്‍ നിന്നും ഒന്നും പഠിക്കുന്നില്ല.
ചുരുങ്ങിയത് എന്‍റെ കാര്യത്തിലും അത് തന്നേയാണ് സത്യം.
പല കരുതിക്കൂട്ടിയുള്ള എടുത്തുചാട്ടം എന്നെ പല അപകടങ്ങളിലും കൊണ്ടെത്തിച്ചിട്ടുണ്ട്. വീണ്ടുവിചാരത്തിന്‍റെ നിമിഷങ്ങളില്‍ അത്തരം
സ്വഭാവം ആവര്‍ത്തിക്കില്ല എന്നു സ്വയം പറഞ്ഞു ഉറപ്പിക്കുമെങ്കിലും പലപ്പോഴും
എനിക്കു നിയന്ത്രണം വിട്ടു പോകും....എന്താ ചെയ്യാ അല്ലേ
ഈ പ്രത്യേകതകളല്ലെ നമ്മേ നാമാക്കുന്നത്?
Delete
ReplyDeletepandu ketta sabavam ormayil vannu.God kathu.
Pandu ketta sambavam ormayil vannu.God rakshichu.Pinne neethan padicho?
pavam sreematy.mary.
സുഖം? അന്നെന്തോ ഭയം തോന്നിയില്ല.ഭയന്നിരുന്നെങ്കില്‍ ചാപ്റ്റര്‍ ക്ലോസ്സ് ആയേനെ.
Delete"ചരിത്രം നമ്മെ പഠിപ്പിക്കുന്നത് ചരിത്രത്തിൽ നിന്ന് നമ്മളൊന്നും പഠിക്കുന്നില്ല എന്നതാണ് '
ReplyDeleteമരിക്കാൻ പേടിയില്ലാത്ത സാർ, രക്ഷപ്പെട്ട് ഭാര്യയുടെ മുന്നിലെത്തിയപ്പോൾ അവരോടു ദേഷ്യപ്പെട്ടത് ശരിയായില്ല
....... അവരോടുള്ള ക്ഷമാപണം ആകട്ടെ ഈ കുറിപ്പ് ....... All the best.
@ Manoj
ഭാര്യയോട് ദേക്ഷ്യപ്പെട്ടതല്ല മനോജ്.എല്ലാവരും എന്നെ രക്ഷിക്കാനുള്ള ശ്രമത്തിലാവുമെന്നാണ് ഞാന്‍ ആശിച്ചത്. (ഈ ഭൂമി തന്നെ നമുക്ക് ചുറ്റും കറങ്ങുകയാണ് എന്നല്ലേ ചിലപ്പോള്‍ നാം കരുതുക?) നോക്കുമ്പോള്‍ ഭാര്യ പോലും അടുത്തില്ല.വലിയ ഉയരത്തില്‍ നിന്നു താഴേക്കു വീണത് പോലെ ഒരു തോന്നല്‍ ഉണ്ടായി.
Deleteനന്ദി.
നല്ല ഒരു കാര്യാ സര്‍ പറഞ്ഞത് -അനുഭവം മുഴുവന്‍ ഗുരുവല്ല :) പണ്ടൊരിക്കല്‍ ബസ് വെള്ളത്തില്‍ മുങ്ങിയ സമയത്ത് ആള്‍ക്കാരൊക്കെ നിലവിളിച്ചപ്പോ, സത്യം പറയാമല്ലോ എനിക്കും ചിരിയാണ് വന്നത് -നീന്തല്‍ അറിയില്ല. ഒറ്റയ്ക്കാണ് താനും. അച്ഛനെയും, അമ്മയെയും ചേട്ടന്മാരെയും ഒക്കെ ഒന്നോര്‍ത്തു..പക്ഷെ , ബസ് മുങ്ങീല്ല -നാട്ടാര് കൂടി എല്ലാരേം പൊക്കി കരയ്ക് എത്തിച്ചു ;).
ReplyDeleteമരിക്കാന്‍ പോകുമ്പോള്‍ ചിരിവന്നു എന്നു പറഞ്ഞാല്‍ വായനക്കാര്‍ക്ക് വിശ്വസിക്കാന്‍ വിഷമം.ചിരി വന്ന വേറൊരാളെക്കൂടി കണ്ടതില്‍ പെരുത്ത് സന്തോഷം.
Deleteശരിയ്ക്കും ഒരു രണ്ടാം ജന്മം തന്നെ, അല്ലേ മാഷേ... ഈശ്വരന്‍ രക്ഷിച്ചു...
ReplyDeleteബാക്കി ഇതുവരെയുള്ള ജീവിതം വെച്ചുനോക്കുമ്പോള്‍ അങ്ങിനെ തന്നെ പറയാം.
DeleteThis comment has been removed by the author.
ReplyDeleteഅനുഭവം ഗുരു.
ReplyDeleteഒരുതവണ ചൂടുവെള്ളത്തില്‍ വീണ പൂച്ച..
തുടങ്ങിയ പ്രയോഗങ്ങള്‍ ലഘുവായെങ്കിലും ചിന്തിപ്പിക്കട്ടെ എന്ന് കരുതിയാവും പഴമക്കാര്‍ പറഞ്ഞു വെച്ചത്.
ഏതായാലും മേല്പറഞ്ഞ പോലെത്തെ സാഹചര്യങ്ങളില്‍ ഒരാള്‍ അപകടത്തില്‍ പെട്ടു എന്ന് തിരിച്ചറിയാനാവാതെ ചിരിച്ചു കൊണ്ട് നില്‍ക്കേണ്ടി വരുന്ന ഉറ്റവരുടെ അവസ്ഥയാണ് ഞാന്‍ വായിച്ചപ്പോള്‍ ഓര്‍ത്തുപോയത്.
അതൊരു വല്ലാത്ത അവസ്ഥ തന്നെയാണ്. ശ്രീമതി ഒഴിച്ച് ആരും അപകടം അറിഞ്ഞില്ല.വിവരം അറിഞ്ഞു എല്ലാവരും എന്നെ പൊതിഞ്ഞു
Deleteരക്ഷകന്റെ ഫോട്ടോ ഈ സംഭവത്തിനു ശേഷം എടുത്തതാണോ...? എന്തായാലും ഒരാളെ മരണത്തില്‍ നിന്നു രക്ഷിച്ചതിന്റെ അഹങ്കാരമൊന്നും രക്ഷകന്റെ മുഖത്തില്ല...വളരെ കൂള്‍ ആയിട്ടാണ് കക്ഷി നില്‍കുന്നത്...
ReplyDeleteവളരെ നന്നായി എഴുതി...ആശംസകള്‍... :)
അപ്പോള്‍ അവിടെ വെച്ചു എടുത്തതാണ് ഫോട്ടോ.ആ കുട്ടിയുടെ പേര് ഞാന്‍ മറന്നു പോയി. അയാളുടെ വീട് ചുങ്കത്തറ ആണെന്ന് മാത്രം ഓര്‍ക്കുന്നു.
Deleteവെട്ടത്താൻ ജി
ReplyDeleteഏതായാലും രക്ഷപ്പെട്ടല്ലൊ. ഈശ്വരന് നന്ദി.
പിന്നെ അനുഭവം ഗുരു എന്നത് ഒരു സ്റ്റേറ്റ്മെന്റ് മാത്രം
അത് എത്രമാത്രം ഓരോരുത്തർക്കും പ്രാക്റ്റിക്കൽ ആകുന്നു എന്നത് അവരവരുടെ ജനറ്റിക് കോൺഫിഗറേഷൻ അനുസരിച്ചിരിക്കും.
അനുഭവത്തിൽ ഇന്നു പഠിക്കാത്തതിന്റെ മകുടോദാഹരണം ആണ് - ഒരിക്കൽ ജനൽ പൊളിച്ചു അകത്തു കടക്കുന്ന കള്ളൻ എത്ര തവണ ആ ഒരു സൂചന കാരണം പിടിക്കപ്പെട്ടാലും അത് തന്നെ ആവർത്തിക്കുന്നത്.
അല്പം കുറഞ്ഞ ഒരു ഉദാഹരണം ടൈപ് എ പേർസണാലിറ്റി. ദേഷ്യം പിടിക്കണ്ടാ എന്നു അവർ വിചാരിച്ചാലും നടക്കില്ല. അനുഭവത്തിൽ അതിന്റെ ദൂഷ്യവശങ്ങൾ അനേകം ഉണ്ടെന്നിരിക്കിലും
പക്ഷെ വളരെ പേർ പെട്ടെന്ന് തന്നെ പഠിക്കും.
താങ്കള്‍ പറഞ്ഞതിലും കാര്യമുണ്ട് .നിസ്സാര സംഭവങ്ങള്‍ കൊണ്ട് ജീവിതം തന്നെ വഴിമാറിയവരെയും എനിക്കറിയാം.ആ കള്ളന്റെ കഥ അസ്സലായി.തികച്ചും സത്യം.
Delete