കാര്യങ്ങളുടെ
പോക്ക് കാണുമ്പോള്‍, എല്ലാം നമ്മുടെ ഹെഡ് കോണ്‍സ്റ്റബിള്‍ മാത്തന്‍ അങ്ങുന്നു തീരുമാനിക്കുന്ന
പഴയ അവസ്ഥ വീണ്ടും വരുന്നോ എന്നൊരു സംശയം.
സ്വാതന്ത്ര്യം കിട്ടി, ആറ് പതിറ്റാണ്ടുകള്‍
കഴിഞ്ഞപ്പോള്‍ അവിടെയും ഇവിടെയും പതുങ്ങി നിന്നിരുന്ന പഴയ പോലീസുകാരും സര്ക്കാര്‍
സേവകരും കച്ചേരിയിലെ അങ്ങത്തമാരും വീണ്ടും അധികാരം കയ്യാളാന്‍ ശ്രമിക്കുന്ന
കാഴ്ചയാണ് നാം കാണുന്നത്. ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ഭരണാധികാരികള്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ പാടില്ല.
എല്ലാം തങ്ങള്‍ കരുതുന്നത് പോലെയാകണം, അല്ലെങ്കില്‍
കേസ്സെടുത്തു അകത്താക്കും എന്നതാണു പുതിയ ലൈന്‍. രാഷ്ട്രീയക്കാരെല്ലാം
അഴിമതിക്കാരും കോടതിയിലും പോലീസിലും മീശപിരിച്ചിരിക്കുന്നവര്‍ നിസ്വാര്‍ത്ഥ
സേവകരും ആണെന്നാണ് അവരുടെ ഭാവം. പൊതുവേ
രാഷ്ട്രീയക്കാരുടെ അഴിമതി അനുഭവിച്ചു മടുത്ത ജനത്തിന്‍റെ കയ്യടിയും അവര്‍ക്ക്
കിട്ടുന്നുണ്ട്. പക്ഷേ ഈ പോക്ക് എങ്ങോട്ടാണ്?
കുമാര്‍ മംഗളം ബിര്‍ളയെയും, പഴയ കല്‍ക്കരി സെക്രട്ടറി
പരേഖിനെയും പ്രതി ചേര്‍ത്തു സി.ബി.ഐ സമര്‍പ്പിച്ച എഫ്.ഐ.ആര്‍ ആണ് ഇപ്പോള്‍ ഈ
കുറിപ്പിനു ആധാരം. കല്‍ക്കരി അലോട്ട്മെന്‍റിലെ ക്രമക്കേടുകളെക്കുറിച്ച് സി.ബി.ഐ
നടത്തുന്ന അന്യോഷണം സുപ്രീം കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ്. ഫലത്തില്‍
അന്യോഷണവും വിധി പറയലും സുപ്രീം കോടതി തന്നെ ചെയ്യും. ഭരണഘടന സുപ്രീം കോടതിക്ക്
കല്‍പ്പിച്ചു നല്‍കിയ പണിയല്ല ഈ അന്യോഷണച്ചുമതല. ഇതിനിടെ സി.ബി.ഐ രാഷ്ട്രീയ
നേതൃത്വത്തിന്‍റെ (എന്നു വെച്ചാല്‍ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ഭരണകൂടത്തിന്‍റെ)
നിര്‍ദ്ദേശങ്ങള്‍ക്ക് അതീതമാകണമെന്നും സ്വതന്ത്ര ചുമതല അവര്‍ക്കുണ്ടാകണമെന്നും
കോടതി നിര്‍ദ്ദേശിക്കുകയും അതിനുവേണ്ടി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് പ്രസ്താവന
സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. സി.ബി.ഐ ഒരു ഭരണഘടനാ
സ്ഥാപനമല്ല. സര്‍ക്കാരിന്‍റെ ഏജന്‍സി ആണ്. അങ്ങിനെയുള്ള ഒരു
ഉദ്യോഗസ്ഥക്കൂട്ടായ്മയെ കടിഞ്ഞാണില്ലാതെ വിട്ടാല്‍ എന്താണ് സംഭവിക്കുക എന്നു
താമസിയാതെ തന്നെ വ്യക്തമായി. കോടതിയുടെ പ്രശംസ ഏറ്റുവാങ്ങിയ,
കല്‍ക്കരി ഇടപാട് അന്യോഷിക്കുന്ന സി.ബി.ഐ ഉദ്യോഗസ്ഥനെ മറ്റൊരു കേസില്‍ 15 ലക്ഷം
കൈക്കൂലി വാങ്ങുമ്പോള് വിജിലന്‍സ് കയ്യോടെ പിടികൂടി. കോടതിക്ക് അയാളെ മാറ്റേണ്ടി
വന്നെങ്കിലും നമ്മുടെ മീഡിയായും കോടതി തന്നെയും അതൊരു വലിയ പ്രശ്നമായി കണ്ടില്ല.
ഉദ്യോഗസ്ഥര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങള്‍ നല്‍കുന്നത് നമ്മെ
എങ്ങോട്ട് ആണ് എത്തിക്കുക എന്നു മനസ്സിലാക്കാന്‍ എല്ലാവരും പരാജയപ്പെട്ടു. കോടതി
നിര്‍ത്തിപ്പൊറുപ്പിക്കാത്തത് കൊണ്ടാണോ എന്നറിയില്ല
എങ്ങിനെയും എഫ്.ഐ.ആറുകള്‍ സമര്‍പ്പിക്കാനുള്ള തിരക്കിലാണ് പോലീസ്. ബിര്‍ളയുടെ
ഉടമസ്ഥതയിലുള്ള ഹിന്‍ഡാല്‍ക്കോക്ക് കല്‍ക്കരി ഖനി അനുവദിച്ചുകൊണ്ടുള്ള ഉത്തരവ്
അഴിമതിയാണെന്നാണ് പുതിയ കേസ്. പ്രധാനമന്ത്രിയെ പ്രതിയാക്കാന്‍ കേസന്യോഷിച്ച
പോലീസുകാരന് ആഗ്രഹമുണ്ടായിരുന്നു എന്നും മേലധികാരികള്‍ സമ്മതിച്ചില്ല എന്നും വാര്‍ത്തയുണ്ടായിരുന്നു.
കേസില്‍ അഴിമതി ആരോപിതനായ മുന്‍ കല്‍ക്കരി
സെക്രട്ടറി പരേഖ് ഒരു കാര്യം പറഞ്ഞു. ഇടപാട് സുതാര്യവും നിയമാനുസൃതവുമാണ്. അതല്ല
അഴിമതിയാണെങ്കില്‍ പ്രധാനമന്ത്രിയെ ഒഴിവാക്കിയത് ശരിയാണോ?
എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നത് എന്നു ജനങ്ങളെ അറിയിക്കുവാന്‍ ഭൂരിഭാഗം
മാദ്ധ്യമങ്ങള്‍ക്കും താല്‍പ്പര്യമില്ല. അവരുടെ ശ്രദ്ധ വിവാദങ്ങളിലും അപവാദങ്ങളിലും
മാത്രം കുടുങ്ങിക്കിടക്കുകയാണ്. 2005 മെയ് ഏഴിനാണ് താലാബിര കല്‍ക്കരിപാടങ്ങള്‍ ഹിന്‍ഡാല്‍ക്കോക്ക് അലോട്ട് ചെയ്യണമെന്നുള്ള ബിര്‍ളയുടെ അപേക്ഷ പ്രധാനമന്ത്രിക്ക്
കിട്ടുന്നത്. അദ്ദേഹം അത് സ്ക്രീനിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനായി
മന്ത്രാലയത്തിന് അയച്ചു കൊടുക്കുന്നു. ഇതിനിടെ ജൂണ്‍ 17നു ബിര്‍ള വീണ്ടും
പ്രധാനമന്ത്രിക്ക് എഴുതുന്നു. സ്ക്രീനിങ് കമ്മിറ്റി താലബീര പാടങ്ങള്‍ നെയ് വേലി
ലിഗ്നൈറ്റ് കോര്‍പ്പൊറേഷന് അലോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നുള്ള വിവരം
മന്ത്രാലയം ആഗസ്റ്റ് മാസത്തില്‍ മന്‍മോഹനെ അറിയിയ്ക്കുന്നു. ആഗസ്റ്റില്‍ തന്നെ
ഒറീസ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്‍റെ ശക്തമായ ഭാഷയിലുള്ള കത്ത്
പ്രധാനമന്ത്രിക്ക് കിട്ടുന്നു. കൂടുതല്‍ തൊഴിലവസരങ്ങളും സമ്പത്തും സൃഷ്ടിക്കുന്നത്
അലുമനീയം നിര്‍മ്മാണ ശാലയാണെന്നും പവര്‍പ്ലാന്‍റിലും കൂടുതല്‍ പരിഗണനഹിന്‍ഡാല്‍ക്കോക്ക്
കിട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പട്നായിക്കിന്‍റെ കത്തിന്‍റെ അടിസ്ഥാനത്തില്‍
ആലോട്ട്മെന്‍റ് പുന പരിശോധിക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി ഫയല്‍
മന്ത്രാലയത്തിന് തിരിച്ചയക്കുന്നു. താലബീര 2,3
പാടങ്ങള്‍ ഒന്നായി പരിഗണിച്ചു മഹാനദി കോള്‍ ലിമിറ്റഡ്, നെയ് വേലി ലിഗ്നൈറ്റ് ,ഹിന്‍ഡാല്‍ക്കോ എന്നിവ മൂന്നും
ചേര്‍ന്നുള്ള ഒരു കണ്‍സോര്‍ഷ്യത്തിന് (70:15:15) അനുപാതത്തില്‍ അലോട്ട്
ചെയ്യാനുള്ള സ്ക്രീനിങ് കമ്മറ്റിയുടെ നിര്‍ദ്ദേശം പ്രധാനമന്ത്രി അംഗീകരിക്കുന്നു.
ഈ തീരുമാനമാണ് അഴിമതിയായി ചിത്രീകരിച്ചു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മേല്‍പ്പറഞ്ഞ കണ്‍സോര്‍ഷ്യത്തില്‍
85 ശതമാനം അലോട്ട്മെന്‍റ് കിട്ടിയ മഹാനദിയും, ലിഗ്നൈറ്റ് കോര്‍പ്പറേഷനും സര്‍ക്കാര്‍ കമ്പനികളാണ്. അലോട്ട്മെന്‍റ്
ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ശക്തമായ ഭാഷയില്‍ കത്തെഴുതുകയും സ്ക്രീനിങ്
കമ്മിറ്റിയില്‍ ഹിന്‍ഡാല്‍ക്കോക്ക് വേണ്ടി അതി ശക്തമായി വാദിക്കുകയും ചെയ്ത നവീന്‍
പട്നായിക്കിന്‍റെ പേര് സി.ബി.ഐയുടെ എഫ് .ഐ.ആറില്‍ ഇല്ല.
എന്‍റെ സംശയം ഇതാണ്. നയപരമായ
തീരുമാനങ്ങളെടുക്കാനുള്ള അവകാശം ആര്‍ക്കാണു?.പോലീസുകാരടക്കമുള്ള
ഉദ്യോഗസ്ഥര്‍ക്കാണോ ? അതോ ഭരണഘടന നല്കിയ അധികാരങ്ങള്‍ക്കപ്പുറം
വളരാന്‍ ശ്രമിക്കുന്ന കോടതിക്കാണോ? (ജഡ്ജിമാരെ ജഡ്ജിമാര്‍
തന്നെ തിരഞ്ഞെടുക്കുന്ന മഹാരാജ്യം ആണ് നമ്മുടേത്) ഇവര്‍ക്കാണ് അന്തിമാധികാരമെങ്കില്‍
തിരഞ്ഞെടുപ്പും സര്‍ക്കാരുമൊക്കെ എന്തിനാണ്? പാക്കിസ്ഥാന്‍
സുപ്രീം കോടതിയുടെ വഴിയേ സഞ്ചരിക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ക്ക് തടയിടെണ്ടേ?
വളരെക്കാലത്തിന്
ശേഷം മോസ്ക്കോയില്‍ നിന്നു ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി വെറും കയ്യോടെ മടങ്ങുന്ന
കാഴ്ച്ച നാം ഈ ആഴ്ച്ച കണ്ടു. നമ്മള്‍ ആഗ്രഹിച്ചതൊന്നും നടന്നില്ല. പുടിനും പുടിന്‍റെ
റഷ്യയും നമ്മെ പരിഗണിച്ചില്ല. സിസ്റ്റമായുടെ 21 ലൈസന്‍സുകളും കൂടിയാണ് സുപ്രീം
കോടതി റദ്ദാക്കിയതില്‍ പെട്ടത്. രാജായ്ക്ക് എതിരെ അഴിമതിക്കേസ് പരിഗണിച്ച കോടതി
അഴിമതി ആരോപിക്കപ്പെടാത്ത കമ്പനികളുടെ ലൈസന്‍സുകളും കൂടി റദ്ദാക്കി. റഷ്യയും
ഹോളണ്ടും മലയേഷ്യയും നമ്മുടെ ശത്രുക്കളായി. സര്‍ക്കാരല്ല, കോടതിയാണ് ലൈസന്‍സ് റദ്ദാക്കിയതെന്ന് അവരോടൊക്കെ
പറഞ്ഞിട്ടും കാര്യമില്ല. മുടക്ക് കാശ് നഷ്ടപ്പെടുമെന്ന ഭയമില്ലാതെ നിക്ഷേപം നടത്താവുന്ന രാജ്യം എന്ന പേര് ഇന്ത്യക്ക്
നഷ്ടപ്പെട്ടു. കോടതികളുടെ “ബ്ലാങ്കറ്റ് നിരോധനങ്ങള്‍” രാജ്യത്തിന്‍റെ വിദേശ നിക്ഷേപങ്ങളുടെ
കടയ്ക്കലാണ് കത്തി വെക്കുന്നത്.
ഓരോ ഭരണഘടനാ സ്ഥാപനവും
അവയില്‍ ഭരമേല്‍പ്പിച്ച കാര്യങ്ങള്‍ കൃത്യമായി ചെയ്യുമ്പോഴാണ് രാജ്യത്തു സുസ്ഥിരമായ
ജനാധിപത്യം പുലരുക. ഒരു ഭരണാഘടനാ സ്ഥാപനം അതിന്‍റെ ജോലി കൃത്യമായി നിര്‍വ്വഹിക്കാതെ
ഇതര സ്ഥാപനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നത് ഭീതിയോടെ മാത്രമേ
നോക്കിക്കാണാന്‍ കഴിയൂ.
വെട്ടത്താന്‍
www.vettathan.blogspot.com
ശ്രദ്ധേയമായ ചിന്തകള്‍!
ReplyDeleteജുഡീഷ്യറിയും തല്‍പ്പരകക്ഷികളായ ഉദ്യോഗസ്ഥന്മാരും നടത്തുന്ന കടന്നുകയറ്റങ്ങള് എതിര്‍ക്കപ്പെടാതെ പോകുന്നത് അപകടം ക്ഷണിച്ചു വരുത്തും.
ReplyDeleteThis comment has been removed by the author.
ReplyDeleteഭയന്ന് ജീവിക്കുവാന്‍ കഴിയില്ല ഡോക്റ്റര്‍.
Deleteനമ്മൾ സ്വന്തം പേരും വച്ചല്ലെ ചേട്ടാ എഴുതുന്നത്
Deleteനമ്മുടെ ബന്ധുക്കൾക്ക് പലപ്പോഴും ഇതു പോലെ പല വണ്ടികളിലും യാത്ര ചെയ്യേണ്ടതും അല്ലെ?
ഇടമലയാർ കേസ് ഓർമ്മയുണ്ടല്ലൊ അല്ലെ
കോലഞ്ചേരിയിലെ ഒരു കുടൂംബത്തിന്റെ അനുഭവം വച്ച് ഇടമലയാർ എന്ന് പറയുമ്പോൾ ചരിത്രം അറിയാവുന്ന ഒരാൾ ഞെട്ടുന്നത് ഞാൻ കണ്ടു
രണ്ട് ദിവസത്തെ യാത്രയിൽ അവർ വിവരം ഫോണിൽ പറയുമ്പോൾ ഉണ്ടാകുന്ന വിഷമവും നിസ്സഹായതയും നമുക്കല്ലെ അറിയൂ.
ഇതിനെ ഭയമെന്നാണൊ ഭീരുത്വം എന്നാണോ എന്താ വിളിക്കേണ്ടത് എന്നെനിക്കും അറിയില്ല
പക്ഷെ ഈ ചെറ്റകളായ മന്ത്രിമാരും ജനനായകന്മാരും പീഡനം എല്ലാം കഴിഞ്ഞ് വിജയികളായി നടക്കുന്നതും , പരാതിപ്പെടൂന്നവർ ക്രൂശിക്കപ്പെടൂന്നതും അല്ലെ നമുക്കു മുന്നിൽ കാണുന്ന അനുഭവം?
ഡോക്റ്റര്‍ എനിക്കു താങ്കളുടെ മനസ്സ് വായിക്കാന്‍ കഴിയുന്നുണ്ട്.
Deleteഅല്ലെങ്കിൽ വേണ്ടാ
ReplyDeleteനമ്മുടെ നാട്ടിൽ ഇതൊക്കെ പുറമെ പറഞ്ഞാൽ
പറയുന്നവരൊക്കെ ആയിരിക്കും ഭീകരന്മാർ - ഇന്നത്തെ ലോകം ഈവക നാറികളുടെതാണല്ലൊ
അത്കൊണ്ട് ആ കമന്റങ്ങ് ഡെലീറ്റുന്നു
ഒരു പക്ഷേ കേരളത്തില്‍ ജീവിച്ചത് കൊണ്ടാവാം,എനിക്കു ഭയം തോന്നുന്നില്ല.
Deleteകൽക്കരി ഘനനം കോടതിയും കേസും കൂട്ടവുമായി നീങ്ങുകയും പുതിയ അലോട്ട്മെന്റ് സ്റ്റെ ചെയ്യുകയും ചെയ്തിരിക്കുന്ന കൊണ്ട് കയറ്റുമതി നിശ്ചലമായിരിക്കുന്നു. ഇറക്കുമതിക്കുള്ള സാഹചര്യം രാജ്യം മുന്നിൽ കാണൂന്നു.. CAD, foreign exchange reserve, തുടങിയ സകലതിനെയും ഇത് ബാധിക്കും...ഭരണകൂട ഈഗൊ ഇത് എവിടെ എത്തിക്കും ആവൊ....
ReplyDeleteഅഴിമതിയുള്ള ഇടപാടുകളില്‍ ശക്തമായി ഇടപെടുന്നതിന് പകരം ചില കോടതികളുടെ "ബ്ലാങ്കറ്റ് നിരോധനങ്ങള്‍ " രാജ്യത്തെ വല്ലാതെ ബാധിക്കുന്നുണ്ട്. ഇരുമ്പയിരിന്‍റെയും കല്‍ക്കരിയുടെയും വന്‍ മലകള്‍ക്ക് മീതെ അടയിരുന്നുകൊണ്ട് നാം അതൊക്കെ ഇറക്കുമതി ചെയ്യേണ്ടി വരുന്നു.രാജ്യം വേണ്ടാത്ത സാമ്പത്തികത്തകര്‍ച്ചയിലേക്ക് എത്തിപ്പെടുന്നു.
Deleteഇത് ഭരണകൂട ഈഗോ ഒന്നുമല്ല. ഭരണഘടനാ സ്ഥാപങ്ങളെ ഉപയോഗിച്ച് സര്‍ക്കാരിനെ ബന്ധിക്കാന്‍ ആരോ ശ്രമിക്കുന്നു. അതാണ് പ്രശ്നം. അതല്ലെങ്കില്‍ കോടതികളും മറ്റു ഗവ: എജെന്‍സികളും സൂപ്പര്‍ പവര്‍ ചമയാന്‍ ശ്രമിക്കുന്നു. അത്രതന്നെ. രൂപയുടെ വിലയിടിവില്‍ ഈ ഇറക്കുമതിയുടെ പങ്കു ആരും വെളിപ്പെടുത്തുന്നുമില്ല. ഇപ്പോള്‍ കഴിഞ്ഞ ഒരു വര്‍ഷമായി പെട്രോളിയം ഇറക്കുമതിയെക്കാള്‍ ഭീഷണി ഇരുമ്പയിര്- കല്‍ക്കരി ഇറക്കുമതി ആണെന്ന് ഉറപ്പിക്കാം. അതും തീരെ നിലവാരം ഇല്ലാത്ത ഓസ്ട്രേലിയ കല്‍ക്കരിയും....
Deleteനൂറു ശതമാനം സത്യം.
Deleteജോര്‍ജേട്ടാ, ലേഖനം നന്നായിട്ടുണ്ട്. ഭരണഘടനാ സ്ഥാപനങ്ങള്‍ കുശാഗ്രബുദ്ധികള്‍ ആയ തലതിരിഞ്ഞ ഉദ്യോഗസ്ഥര്‍ ഭരിച്ചാല്‍ ഇങ്ങനെ ഇരിക്കും. ഇപ്പോഴും വിനോദ് റായിയുടെ ഊഹങ്ങള്‍ വലിയ സംഭവമായി കൊണ്ട് നടക്കുന്ന ആളുകള്‍ ഉണ്ട്. അതില്‍ പലരും ഫിനാന്‍സ് രംഗത്ത് ജോലി ചെയ്യുന്നവര്‍ ആണെന്നത് അതിലും കൌതുകകരം.
ReplyDeleteപക്ഷെ എന്തൊക്കെ പറഞ്ഞാലും ആളുകള്‍ ഇതെല്ലാം നുണയായി അല്ലെങ്കില്‍ ഏതെന്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ വാലാട്ടിയായി ചിത്രീകരിക്കും. ആടിനെ പട്ടിയാക്കുന്ന മീഡിയ എന്തൊക്കെ നുണ പറഞ്ഞാലും അവ അറിഞ്ഞുകൊണ്ട് ആളുകള്‍ വിശ്വസിക്കാന്‍ ഇപ്പോഴും തയ്യാറാകുന്നു എന്നതാണ് വിചിത്രം. വസ്തുതകള്‍ എന്താണെന്നു നോക്കാന്‍ മിനക്കെടുന്നു പോലും ഇല്ല. ഒരു പരിധി വരെ ഇപ്പോഴത്തെ ഭരണനേതൃത്വം അതിനു ഉത്തരവാദികള്‍ ആണ്. അവര്‍ പലപ്പോഴും പരിഷ്കരണ നടപടികളില്‍ ജനങ്ങളെ വിശ്വാസത്തില്‍ എടുക്കാന്‍ തയ്യാറാകുന്നില്ല. അവരുടെ ഗുണത്തിന് ആണെന്ന് വായ കൊണ്ട് പറഞ്ഞാല്‍ പോരാ, ഗുണഫലങ്ങള്‍ ജനങ്ങളില്‍ എത്തണം. ഉദാ: ചില്ലറ വ്യാപാര വിദേശനിക്ഷേപം തന്നെ.അത് ഒരു മാറ്റവും ഉണ്ടാക്കുന്നില്ലല്ലോ? ജീവിതഭാരം കൂടിയാല്‍ ഏതൊരാളും ബാലറ്റില്‍ പ്രതികരിക്കും. കേഡര്‍ സ്വഭാവം ഉള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നതും ഒരു ഭരണസ്തംഭനം ഉണ്ടാക്കി നേട്ടം കൊയ്യാന്‍ തന്നെ...
എന്നെ ഭരിക്കുന്ന പാര്‍ട്ടിയുടെ വാലാട്ടിയായി ചിത്രീകരിക്കുന്നവര്‍ അങ്ങിനെ പറഞ്ഞു സംതൃപ്തിയടയട്ടെ.പക്ഷേ ഉദ്യോഗസ്ഥരും കോടതിയും കാണിക്കുന്ന ജനാധിപത്യ ധ്വംസനങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ പറ്റുന്നില്ല. ഭൂരിപക്ഷം ഇല്ലാതെ, ചെറുകിട പാര്‍ട്ടികളുടെ സഹായത്തോടെ ഭരിക്കേണ്ടി വരുന്ന ഒരു സര്‍ക്കാരിന്‍റെ എല്ലാ ഗതികേടും മന്‍മോഹന്‍ സര്‍ക്കാരിനുണ്ട്.പാര്‍ട്ടിയിലും അദ്ദേഹം ശക്തനല്ല.പത്തു വര്‍ഷം പുറത്തിരിക്കേണ്ടി വന്നതിലുള്ള വിഷമം കൊണ്ടാവാം മുഖ്യ പ്രതിപക്ഷ കക്ഷിയും പലപ്പോഴും രാജ്യതാല്‍പ്പര്യം മറന്നു.നമ്മുടെ പാര്‍ലമെന്‍റ് സമ്മേളിക്കാന്‍ തന്നെ അവര്‍ മിക്കവാറും അനുവദിച്ചില്ല.അവര്‍ അധികാരത്തില്‍ വന്നാലും ഇപ്പോള്‍ എതിര്‍ത്ത കാര്യങ്ങള്‍ തന്നെ നടപ്പാക്കും.
Deleteതാനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കില്‍ അവിടെ നായ് ഇരിക്കും. അതിനെ അവിടന്ന് മാറ്റാന്‍ നോക്കിയാല്‍ അത് പല്ലിറുമ്മും, കടിക്കും. പിന്നെ "നല്ലോണം പെരുമാറിയിരുന്ന നായ ഇപ്പോള്‍ എപ്പോഴും കുരയും കടിയുമാണ്, വീട്ടില്‍ കിടക്കാന്‍ ഒരു സ്വൈരവുമില്ല" എന്നു കരഞ്ഞിട്ട് എന്തു കാര്യം!
ReplyDeleteശക്തമായ രാഷ്ട്രീയനേതൃത്വം ഉണ്ടെങ്കിലേ ബ്യൂറോക്രസി അടങ്ങിയിരിക്കൂ. അതില്ലാത്തതിനു കാരണം വോട്ടര്‍മാരാണ്.
നമ്മുടെ വോട്ടര്‍മാര്‍ പ്രബുദ്ധരല്ലാത്തത് കൊണ്ട് തന്നെയാണ് ഇങ്ങിനെ സംഭവിക്കുന്നത്.ശക്തമായ ഒരു സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഉണ്ടായിരുന്നെങ്കില്‍ (ഈനാപേച്ചികളെ ഒഴിവാക്കി ഏതെങ്കിലും പാര്‍ട്ടിക്ക് സ്വന്തം ഭരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ) ഉദ്യോഗസ്ഥരും കോടതിയും കൂടി ഗവണ്‍മെന്‍റിനെ ഇങ്ങിനെ നിസ്സഹായരാക്കില്ലായിരുന്നു.
Deleteനയപരമായ തീരുമാനങ്ങളെടുക്കുകയും, നിയമനിർമാണം നടത്തുകയും ചെയ്യേണ്ടത് ജനങ്ങൾക്കുവേണ്ടി ജനങ്ങൾ തിരഞ്ഞെടുത്ത് ജനങ്ങൾ രൂപംകൊടുത്ത ലജിസ്ളേറ്റീവുകൾ ആകുന്നു. ദൗർഭാഗ്യവശാൽ ഇന്ത്യയുടെ മലീമസമായ രാഷ്ട്രീയരംഗം ജനങ്ങൾക്ക് ലജിസ്ളേറ്റീവുകളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയിരിക്കുന്നു. ഈ അവസ്ഥയെ ബ്യൂറോക്രസിയും,ജുഡീഷ്യറിയും ദുരപയോഗം ചെയ്യുന്നതാണ് പല പ്രശ്നങ്ങൾക്കും കാരണമാവുന്നത്....
ReplyDeleteകാലികപ്രസക്തമായ ചിന്തകൾ
രാഷ്ട്രീയക്കാരന്‍റെ അഴിമതി ഒരു ഭീകര സത്യം തന്നെയാണ്.പക്ഷേ അവരെ വിമര്‍ശിക്കുന്ന കോടതിയുടെയും ഉദ്യോഗസ്ഥരുടെയും അവസ്ഥയോ? കോടതികളുടെ കളം മാറിയുള്ള കളി നിര്‍ത്തിയില്ലെങ്കില്‍ അത് ജനാധിപത്യത്തിന് വലിയ വെല്ലുവിളി ആയി മാറും.
Deleteഎല്ലാം ഭദ്രം
ReplyDeleteഅല്ല അജിത്ത് ഒന്നും ഭദ്രമല്ല.രാഷ്ട്രീയക്കാരെ കുറ്റം പറഞ്ഞു ജനപ്രതിനിധികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നവര്‍ ചെളിയില്‍ ആണ്ടുനില്‍ക്കുകയാണെന്ന് മാത്രം.
Deleteമാറ്റങ്ങൾ ഉണ്ടാവട്ടെ...
ReplyDeleteനമുക്ക് പ്രതീക്ഷിക്കാം
Deleteഏര്‍ണാകുളത്തെ കൊതുകിനു നേരിട്ടു മരുന്ന് തളിച്ച ഹൈക്കോടതി നടപടി ഓര്‍ക്കുന്നില്ലേ? മനുഷ്യാവകാശം നോക്കി നടത്തുന്ന മുന്‍ ചീഫ് ജസ്റ്റിസിന്റെ കാര്യവും മറക്കാറായിട്ടില്ലല്ലോ? കാറുകളില്‍ ഫിലിം ഒട്ടിക്കാന്‍ വയ്യ; കര്‍ട്ടെന്‍ ഇട്ടു മറക്കുന്നതിന് വിരോധം ഇല്ല. നിയമങ്ങളുടെ ആശയങ്ങളെക്കാള്‍ അക്ഷരങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുന്ന പരീശന്‍മാരാണ് പല ജഡ്ജിമാരും.
ReplyDeleteരാഷ്ട്രീയക്കാരെ വെറും അഴിമതിക്കാരായി വിലയിരുത്തി സര്‍ക്കാരിന്‍റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ജഡ്ജിമാര്‍ക്ക് അതിനു എത്രമാത്രം അര്‍ഹതയുണ്ട്? ചണ്ഡീഗഡില്‍ ഒരു ജഡ്ജിയ്ക്കുള്ള "പൊതി " ആളുമാറി അതെപേരുള്ള വേറൊരാളുടെ വീട്ടിലെത്തിച്ചത് സമീപകാല ചരിത്രം. യഥാര്‍ത്ഥത്തില്‍ ആദ്യം ശുചിയാക്കേണ്ട തൊഴുത്ത് കോടതിയുടെ അല്ലേ?
Delete"ഓരോ ഭരണഘടനാ സ്ഥാപനവും അവയില്‍ ഭാരമേല്‍പ്പിച്ച കാര്യങ്ങള്‍ കൃത്യമായി ചെയ്യുമ്പോഴാണ് രാജ്യത്തു സുസ്ഥിരമായ ജനാധിപത്യം പുലരുക."
ReplyDeleteആശംസകള്‍ വെട്ടത്താന്‍ സാറേ
ലക്ഷക്കണക്കിനു കേസുകളാണ് നമ്മുടെ കോടതികളില്‍ കെട്ടിക്കിടക്കുന്നത്. കുറ്റവാളികളല്ലാതിരുന്നിട്ടും ജീവിതം ജെയിലില്‍ ഹോമിക്കേണ്ടിവരുന്ന സാധാരണക്കാരന്‍റെ കണ്ണീരിന് ആരുത്തരം പറയും? സ്വന്തം വീട് ചീഞ്ഞുനാറുമ്പോഴാണ് ചിലര്‍ മറ്റുള്ളവരുടെ തൊഴുത്ത് വൃത്തിയാക്കാന്‍ നടക്കുന്നതു.
Deleteഎന്താണ് യഥാര്‍ത്ഥത്തില്‍ നടന്നത് എന്നു ജനങ്ങളെ അറിയിക്കുവാന്‍ ഭൂരിഭാഗം മാദ്ധ്യമങ്ങള്‍ക്കും താല്‍പ്പര്യമില്ല. അവരുടെ ശ്രദ്ധ വിവാദങ്ങളിലും അപവാദങ്ങളിലും മാത്രം കുടുങ്ങിക്കിടക്കുകയാണ്.--------- സത്യം .. ഈ പോസ്റ്റിലെ വിഷയത്തെ കുറിച്ച് മാധ്യമ വാര്‍ത്തകളിലെ തുണ്ട് വിവരണങ്ങള്‍ അല്ലാതെ ഒന്നും അറിയില്ലായിരുന്നു , ഈ പോസ്റ്റില്‍ നിന്നും കുറെ മനസ്സിലാക്കാന്‍ കഴിഞ്ഞു നന്ദി.
ReplyDeleteസത്യം തമസ്കരിക്കപ്പെട്ടു പോകുകയാണ്. കോടതികളും മാദ്ധ്യമങ്ങളും കൂടി വല്ലാത്ത പുകമറയാണ് സൃഷ്ടിക്കുന്നത്.
Deleteമാധ്യമങ്ങള്‍ ആണ് ഇന്ന് യഥാര്‍ത്ഥ വില്ലന്മാര്‍.
ReplyDeleteതല്‍പരകക്ഷികള്‍ക്ക് സഹായകമാകും വിധം നിലപാട് സ്വീകരിക്കുകയും മറുപക്ഷത്തെ ഒതുക്കാന്‍ തോന്നുന്നത് പടച്ചു വിടുകയും ചെയ്യുന്നു. രാഷ്ട്രീയം മുഴുവര്‍ അഴിമതിയാല്‍ മലീമസമാണ് എന്നൊരു ധാരണ സാധാരണക്കാര്‍ക്കിടയില്‍ പരന്നത്കൊണ്ട് കോടതി എന്ത് പറഞ്ഞാലും അത് ജനങ്ങള്‍ കയ്യടിച്ചു സ്വീകരിക്കുന്ന സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു.
മാദ്ധ്യമങ്ങളുടെ വിശ്വാസ്യത ആകെ നഷ്ടപ്പെട്ടിരിക്കുന്നു. അടുത്ത് ചെന്നു നോക്കുന്നവര്‍ക്കറിയാം കോടതി എത്ര വലിയ തൊഴുത്താണെന്ന്.ഏന്നിട്ടാണ് രാഷ്ട്രീയക്കാരെ ആകെ കൊച്ചാക്കിക്കൊണ്ടു ഇല്ലാത്ത അധികാരം പ്രയോഗിക്കുന്നത്
Deleteഒരു ബാലന്സ് എവിടെയും ആവശ്യമാണ്.നിലവിലുള്ള സംവിധാനത്തില്‍ സി ബി ഐ യും യഥാര്‍ത്ഥ അന്വേഷണത്തിനു ശേഷിയുള്ള എജന്സിയാണോ? പക്ഷെ ഹെഡങ്ങുന്നു തീരുമാനിക്കട്ടെ എല്ലാം എന്ന് കരുതുന്നത് അരാഷ്ട്രീയതയിലേക്കെ നയിക്കൂ.എന്തുചെയ്യാം ഒന്നും നമുക്ക് ആഗ്രഹിച്ച് നേടാനവുന്നതല്ല
ReplyDeleteഏത് പോലീസ് ഏജന്‍സി ആയാലും അതില്‍ നല്ലവരും കെട്ടവരും മിടുക്കരും വിഡ്ഡികളും എല്ലാം കാണും.ഒരു നിയന്ത്രണവുമില്ലാതെ അവരെ ഒക്കെ മേയാന്‍ വിട്ടാല്‍ ഉണ്ടാകുന്ന അനുഭവം ഭയാനകമാവും. കോടതികളുടെ കടന്നുകയറ്റവും ഇതേ പോലെ തന്നെ അപകടകരമാണ്.
Deleteഓരോ ഭരണഘടനാ സ്ഥാപനവും
ReplyDelete‘അവയില്‍ ഭാരമേല്‍പ്പിച്ച കാര്യങ്ങള്‍
കൃത്യമായി ചെയ്യുമ്പോഴാണ് രാജ്യത്തു
സുസ്ഥിരമായ ജനാധിപത്യം പുലരുക. “
കൃത്യമായി ചെയ്യാതിരിക്കാനാണ് ഭരിക്കുന്നവർക്കെന്നും താല്പര്യം..
എന്നാലല്ലേ ആ കാര്യവും പറഞ്ഞ് വീണ്ടും വോട്ട് തേടുവാൻ പറ്റുകയുള്ളൂ..!
യഥാര്‍ത്ഥത്തില്‍ നമ്മുടെ കോടതികള്‍ അഴിമതിയിലും,കെടുകാര്യസ്ഥതയിലും മുങ്ങിക്കിടക്കുകയാണ്.ഭാവം പക്ഷേ എല്ലാം തികഞ്ഞ രക്ഷകന്‍റെതും.
Deleteചില കാര്യങ്ങളോട് യോജിക്കുന്നു
ReplyDeleteപക്ഷെ ഈ വാചകങ്ങൾ :"വളരെക്കാലത്തിന് ശേഷം മോസ്ക്കോയില്‍ നിന്നു ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി വെറും കയ്യോടെ മടങ്ങുന്ന കാഴ്ച്ച നാം ഈ ആഴ്ച്ച കണ്ടു. നമ്മള്‍ ആഗ്രഹിച്ചതൊന്നും നടന്നില്ല. പുടിനും പുടിന്‍റെ റഷ്യയും നമ്മെ പരിഗണിച്ചില്ല. സിസ്റ്റമായുടെ 21 ലൈസന്‍സുകളും കൂടിയാണ് സുപ്രീം കോടതി റദ്ദാക്കിയതില്‍ പെട്ടത്. രാജായ്ക്ക് എതിരെ അഴിമതിക്കേസ് പരിഗണിച്ച കോടതി അഴിമതി ആരോപിക്കപ്പെടാത്ത കമ്പനികളുടെ ലൈസന്‍സുകളും കൂടി റദ്ദാക്കി."
സുപ്രീം കോടതി കുറ്റവാളി എന്ന് കണ്ടെത്തിയ രാജ മന്ത്രിയയിരിക്കുമ്പോൾ തന്നെയാണ് ഈ കമ്പനികൾക്ക് ലൈസൻസ് കൊടുത്തത്. നമ്മുടെ നാട്ടിലെ നിയമ പ്രകാരം ലൈസൻസ് കിട്ടിയവർ കുറ്റവാളികൾ ആണോ അല്ലയോ എന്നതിനപ്പുറം അതെങ്ങനെ നേടി എന്നതും പ്രധാനം തന്നെ.
"സിസ്റ്റെമ" ഇന്ത്യൻ കമ്പനിയായ "ശ്യാം ടെലി യുമായി ചേര്ന്നുള്ള ജോയിന്റ് വെഞ്ച്വർ നാണു ലൈസൻസ് കിട്ടിയത്
അഴിമതി നടത്തിയ രാജയെ കുറ്റം പറയാതെ അത് കണ്ടുപിടിച്ച സുപ്രീം കോടതിയാണ് തെറ്റ് എന്ന് സാർ വീണ്ടും വീണ്ടും വിളിചു പറയുന്നു . ലൈസൻസ് റദ്ദ് ചെയ്തതും മറ്റു കാര്യങ്ങൾ വന്നതും രാജയും UPA governmentഉം ഇതിൽ അഴിമതി നടത്തിയത് കൊണ്ടാണ് എന്നത് പകൽ പോലെ വ്യക്തമാണ്. സുപ്രീം കോടതിയുടെ അതിനു ശേഷമുണ്ടായ നടപടികൾ "ബിസിനസ് ലോകത്തിനു" ദഹിക്കാത്തതും നമ്മളെ പോലുള്ളവർക്ക് മനസ്സിലാകാത്തതും സാമാന്യ ബുദ്ധിക്ക് നിരക്കാത്തതും ആയിരിക്കാം. അത് നിലവിലുള്ള നിയമങ്ങൾ വച്ച് കൊണ്ട് മാത്രമാണ്.
മാറിയ "economic policy" കൾക്ക് പറ്റിയ നിയമങ്ങൾ ഇന്ത്യൻ ജുഡിഷ്യറിയിൽ ഉണ്ടാകേണ്ടിയിരിക്കുന്നു. അല്ലാത്തിടത്തോളം താങ്കള്ക്ക് ഇങ്ങനെ എഴുതികൊണ്ടേ ഇരിക്കേണ്ടി വരും. അത് ഭരിക്കുന്നത് കൊണ്ഗ്രെസ്സ് ആണെങ്കിലും BJP ആണെങ്കിലും
ചർച്ചകൾ തുടരട്ടെ -
@ Manoj
വിശദമായ കമന്റിന് പ്രത്യേകം നന്ദി.രാജയുടെ കാലത്ത് നടന്ന എല്ലാ 2ജി അലോട്ട്മെന്‍റും റദ്ദാക്കിയ നടപടിയെ ആണ് ഞാന്‍ വിമര്‍ശിച്ചത്. അവിഹിതമായ കാര്യങ്ങള്‍ കണ്ട, അഴിമതിയുടെ ലക്ഷണങ്ങള്‍ ഉള്ള ഏത് ആലോട്ടുമെന്‍റും റദ്ദാക്കുക തന്നെ വേണം.അല്ലാതെ നിലവിലുള്ള നിയമം അനുസരിച്ചു ലൈസന്സ് നേടി,ആയിരക്കണക്കിന് കോടി രൂപ ഈ നാട്ടില്‍ നിക്ഷേപിച്ച കമ്പനികളുടെ കൂടി ലൈസന്സ് റദ്ദാക്കിയ നടപടി തികച്ചും നിരുത്തരവാദപരമാണ്. വിധി പ്രസ്താവിച്ച ഒരു ജഡ്ജിയുടെ അവസാന വിധി കൂടിയായിരുന്നു അത്.അതോടുകൂടി ലോക രാഷ്ട്രങ്ങള്‍ക്ക് ഇന്ത്യ നിക്ഷേപയോഗ്യമല്ലാത്ത രാജ്യമായി. അന്തരാഷ്ട്ര പ്രാധാന്യമുള്ള വിധി പുറപ്പെടുവിക്കുമ്പോള്‍ ജഡ്ജിമാര്‍ രാഷ്ട്ര താല്‍പ്പര്യം കൂടി നോക്കേണ്ടെ? കോടതികളുടെ "ബ്ലാങ്കറ്റ് വിധികള്‍ " രാഷ്ട്രത്തിന് വലിയ ദുഷ്പേരും നഷ്ടവും ഉണ്ടാക്കുന്നുണ്ട്
Deleteഎന്താണ് യഥാര്‍ത്ഥത്തില്‍ നടന്നത് എന്നു ജനങ്ങളെ അറിയിക്കുവാന്‍ ഭൂരിഭാഗം മാദ്ധ്യമങ്ങള്‍ക്കും താല്‍പ്പര്യമില്ല.....
ReplyDeleteഇത് വാസ്തവം.
മാദ്ധ്യമങ്ങള്‍ പുറത്തു വിടുന്ന ബ്രേക്കിങ് ന്യൂസുകളില്‍ അധിക പങ്കും പെയ്ഡ് ന്യൂസുകളും സ്വന്തം രാഷ്ട്രീയപാര്‍ട്ടിക്കുവേണ്ടി പടച്ചുവിടുന്ന വ്യാജ ന്യൂസുകളുമാണ്. ഇതിനോരന്ത്യം ഉണ്ടായെ പറ്റൂ.
Deleteകാലിക പ്രാധാന്യമുള്ള ലേഖനം.
ReplyDeleteനമ്മുടെ ജനങ്ങള്‍ ഇനി അഴിഅതി മതിയെന്ന് വെക്കുമോ?
അതോ അഴി മതി എന്ന് വക്കുമോ?
ആശിക്കാന്‍ വഴിയൊന്നും ഇല്ലല്ലോ ജോര്‍ജ് സര്‍.
സാമ്പത്തികമായി മുന്നണിയില്‍ എത്തിച്ചേരാത്ത ഒരു ജനാധിപത്യത്തിന്‍റെ പരാധീനതകള്‍ നമുക്കുണ്ട്. പക്ഷേ നമ്മുടെ രാജ്യത്തിന്റെ ശോഭനമായ ഭാവിയില്‍ എനിക്കു സംശയമില്ല.
ReplyDeleteസാറിന്റെ ആശങ്കയോട് തികച്ചും യോജിക്കുന്നു, ജോർജ് സാർ.ഒരുപക്ഷെ സമീപ ഭാവിയിൽത്തന്നെ ജുഡിഷ്യറിയിൽ മനുഷ്യർക്ക് തീരെ വിശ്വാസമില്ലെന്ന് വന്നേക്കാം?
ReplyDeleteതാങ്കളെ ഞാൻ ബെർളിത്തരങ്ങളിൽ വച്ച് ശ്രദ്ധിച്ചിട്ടുണ്ട്.
thanks
shebin joseph
നന്ദി,ഷെബിന്‍. ചെറിയ പ്രായം തൊട്ട് ഒരു സീരിയസ് വായനക്കാരനായിരുന്നത് കൊണ്ട്.രാഷ്ട്രീയക്കാരെയും,കോടതികളെയും ,മാധ്യമങ്ങളെയും വിലയിരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. പോരെങ്കില്‍ ഈ മൂന്നു രംഗങ്ങളില്‍ ഉള്ളവരുമായി വ്യക്തി സൌഹൃദങ്ങളും ഉണ്ട്. എന്‍റെ സുചിന്തിതമായ അഭിപ്രായം,കോടതികളെ അടിയന്തിരമായി ശുദ്ധീകരിച്ചില്ലെങ്കില്‍ ഇന്ത്യ വലിയ വില കൊടുക്കേണ്ടി വരും എന്നു തന്നെയാണ്.ജനാധിപത്യം കാത്തുസൂക്ഷിക്കാനാണ് എന്ന ഭാവത്തില്‍ കോടതികള്‍ വളയമില്ലാതെ ചാടുകയാണ് .
Deleteഷെബിന്റെ കമന്റുകള്‍ ഞാന്‍ വായിക്കുന്നുണ്ട്. പല കാര്യങ്ങളിലും നമ്മള്‍ ഒരേ അഭിപ്രായക്കാരാണ്.