കാര്‍ഗില്‍ യുദ്ധകാലത്ത് യുദ്ധത്തില്‍
മരിച്ച ഇന്ത്യന്‍ സൈനീകരുടെയും ഓഫീസര്‍മാരുടെയും വിവരങ്ങള്‍ ഞാന്‍ ശ്രദ്ധയോടെ
വായിക്കുമായിരുന്നു. പതിവിന് വിപരീതമായി വളരെയധികം സൈനിക ഓഫീസര്‍മാരാണ് അന്ന് കൊല്ലപ്പെട്ടത്.
അത് പക്ഷേ എന്നെ അത്ഭുതപ്പെടുത്തിയില്ല. കാരണം ശത്രു തീരെ അപ്രതീക്ഷിതമായി കാര്‍ഗില്‍
മലമുകളില്‍ കയറിപ്പറ്റിയിരുന്നു. സന്നാഹങ്ങളോടെ മലമുകളില്‍ നിലയുറപ്പിച്ച
ശത്രുവിനോടാണു നമുക്ക് താഴെ നിന്നു യുദ്ധം ചെയ്തു മുന്നേറേണ്ടിയിരുന്നത്. ഓഫീസര്‍മാരുടെ
മരണസംഖ്യ ഉയര്‍ന്നതിന് കാരണം അവര്‍ നേരിട്ടു യുദ്ധം നയിച്ചു എന്നത് തന്നെയാണ്.
പോരെങ്കില്‍ വളരെ വര്‍ഷങ്ങളായി ഒരു യുദ്ധം ഉണ്ടായിരുന്നില്ല. ഈ യുവ ഓഫീസര്‍മാരില്‍
ആരും തന്നെ യുദ്ധമുന്നണിയില്‍ നില്‍ക്കേണ്ടി വന്നിട്ടില്ല. നമ്മുടെ വായുസേനയുടെ
അനിതരസാധാരണമായ മികവിന്‍റെ ബലത്തിലാണ് നമ്മള്‍ അന്ന് ആ യുദ്ധം ജയിച്ചത്. ഞാന്‍ ശ്രദ്ധിച്ച കാര്യം
അതല്ല. മരിച്ച ഓഫീസര്‍മാരില്‍ ഒരു നല്ല ശതമാനവും മുന്‍ സൈനീക ഓഫീസര്‍മാരുടെ മക്കളോ
ബന്ധുക്കളോ ആയിരുന്നു. അതെന്നെ അമ്പരപ്പിച്ചു. മുന്‍ ഓഫീസര്‍മാരുടെ മക്കള്‍
മിടുക്കരാകുന്നതിനും അവര്‍ക്ക് ഓഫീസര്‍മാരായി സിലക്ഷന്‍ കിട്ടുന്നതിനും
വിലക്കൊന്നുമില്ല. പക്ഷേ നമ്മുടെ ചില രാഷ്ട്രീയക്കാരുടെ മക്കള്‍ക്ക് കിട്ടുന്ന
പോഷണം സൈനീക ഓഫീസര്‍മാരുടെ മക്കള്‍ക്ക് കിട്ടുന്നുണ്ടോ?
“നീയെന്‍റെ പുറം ചൊറിയൂ, ഞാന്‍ നിന്‍റെ പുറം ചൊറിയാം” എന്ന
മാതിരി അവസ്ഥ നമ്മുടെ സൈനീക റിക്രൂട്ട്മെന്‍റ് നടപടികളിലുണ്ടോ? സമാധാന കാലത്ത് വളരെ മോഹിപ്പിക്കുന്ന ഒരു പോസ്റ്റാണ് സൈനീക ഓഫീസറുടേത്.
അത് പാരമ്പര്യമായി കിട്ടുന്നതാണെങ്കില്‍ വളരെ വലിയ അപകടമാണ് സംഭവിക്കാന്‍
പോകുന്നത്.
ജുഡീഷ്യറിയെക്കുറിച്ചും
ജഡ്ജിമാരുടെ നിയമനത്തെക്കുറിച്ചുമുള്ള ഒരു പോസ്റ്റില്‍ സൈനീക ഓഫീസര്‍മാരുടെ
നിയമനക്കാര്യം ഉന്നയിച്ചതിന്‍റെ പ്രസക്തി എന്താണെന്ന് ചോദിച്ചേക്കാം. ഒരു പക്ഷേ
പ്രസക്തിയുണ്ടെങ്കിലോ? ജഡ്ജിമാരുടെ നിയമനക്കാര്യത്തില്‍ ചര്‍ച്ച
നടന്നുകൊണ്ടിരിക്കയാണല്ലോ. ജഡ്ജിമാരെ ജഡ്ജിമാര്‍ തന്നെ തിരഞ്ഞെടുക്കുന്ന അപൂര്‍വ്വം
രാഷ്ട്രങ്ങളില്‍ ഒന്നാണ് നമ്മുടേത്. കൊളീജിയത്തിന്റെ ശുപാര്‍ശ ഒരു പ്രാവശ്യം
തള്ളാനേ ഭരണകൂടത്തിന് നിവൃത്തിയുള്ളൂ. കൊളീജിയം വീണ്ടും പേര് നിര്‍ദ്ദേശിച്ചാല്‍
സര്ക്കാര്‍ സ്വീകരിച്ചേ പറ്റൂ. കൊളീജിയം നിര്‍ദ്ദേശിച്ച ഗോപാല്‍ സുബ്രഹ്മണ്യത്തിന്‍റെ പേര് സര്ക്കാര്‍
തിരിച്ചയച്ചതും അദ്ദേഹം സ്വയം പിന്മാറിയതും അതില്‍ സുപ്രീംകോടതി ചീഫ്ജസ്റ്റീസ്
ശക്തമായി പ്രതികരിച്ചതുമൊക്കെ സമീപകാല വാര്‍ത്തകളാണ്.
ജസ്റ്റീസ് കട്ജുവിന്‍റെ വെളിപ്പെടുത്തലുകളെ
തുടര്‍ന്ന് പാര്‍ലമെന്‍റ് പലതവണ സ്തംഭിച്ചതും നാം കണ്ടു. ജസ്റ്റീസ് കട്ജുവിന്‍റെ ബ്ലോഗുകള്‍
(http://justicekatju.blogspot.in/) കോടതികളുടെ പ്രവര്‍ത്തന
രീതികളെക്കുറിച്ചും ജഡ്ജിമാരുടെ നിയമനത്തിലെ ഉള്ളുകള്ളികളെക്കുറിച്ചും രാഷ്ട്രീയ
ഇടപെടലുകളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ അനുഭവങ്ങളെ
ആധാരമാക്കിയാണ് മിക്ക കുറിപ്പുകളും.
അദ്ദേഹത്തിന്‍റെ
അഭിപ്രായത്തില്‍ കൊളീജിയം എന്ന ഏര്‍പ്പാട് തന്നെ ഭരണഘടനാ വിരുദ്ധമാണ്. അദ്ദേഹം
പറയുന്നു “Article 124(2) of the constitution does not mention of a collegium ,it has been artificially created by judges” എന്നു വെച്ചാല്‍
നിയമത്തിനു പുറത്തുള്ള സംവിധാനത്തിലൂടെയാണ് കുറെക്കാലമായി നമ്മുടെ ന്യായാധിപന്‍മാരെ
തിരഞ്ഞെടുക്കുന്നത് എന്ന്.
ഏതൊരു
ജനാധിപത്യത്തിന്‍റെയും നിലനില്‍പ്പിന് ജനാധിപത്യത്തിന്‍റെ നെടും തൂണുകള്‍ എന്ന്
വിശേഷിപ്പിക്കപ്പെടുന്ന ലജിസ്ലേച്ചര്‍ ,എക്സിക്യൂട്ടീവ്,
ജുഡീഷ്യറി എന്നിവയുടെ നിയമാനുസൃതവും
സത്യസന്ധവുമായ പ്രവര്‍ത്തനം അനിവാര്യമാണ്. നാലാമത്തെ തൂണായി മാദ്ധ്യമങ്ങളെയും
പരിഗണിക്കുന്നു. ഓരോന്നിനും അവയ്ക്കു കല്‍പ്പിച്ചിട്ടുള്ള കളങ്ങളുണ്ട്, അധികാര പരിധികളുണ്ട്. ഓരോന്നും അവയ്ക്കുള്ളില്‍ ഒതുങ്ങിനിന്നു
കാര്യക്ഷമമായി പ്രവര്‍ത്തിക്കുമ്പോഴാണ് ജനാധിപത്യം പുഷ്കലമാവുക. ഒന്നു മറ്റൊന്നിന്‍റെ
അധികാരപരിധിയിലേക്ക് കടന്നുകയറുമ്പോള്‍ മുഴങ്ങുന്നത് അപായ മണി നാദമാണ്. പക്ഷേ
കുറേക്കാലമായി ഈ അപായ മണിയുടെ കൂട്ടയടിയാണ് നാം ദിവസവും കേള്‍ക്കുന്നത്.
രാഷ്ട്രീയക്കാര്‍
ജുഡീഷ്യറിയില്‍ ഇടപെടുന്നത് പ്രകടമായത് ഇന്ദിരാഗാന്ധിയുടെ കാലം മുതലാണ്. രണ്ടാമത്
അധികാരത്തില്‍ എത്തിയ മിസ്സസ് ഗാന്ധി വിധേയത്വമുള്ള ഒരു ജുഡീഷ്യല്‍ സിസ്റ്റം
ഉണ്ടാക്കുന്നതില്‍ ശ്രദ്ധിക്കുകയും വിജയിക്കുകയും ചെയ്തു. തന്‍റെ ഇംഗിതത്തിന്
വഴങ്ങാത്തവരെ ഒതുക്കുന്നതും അവരുടെ ശീലമായിരുന്നു. പിന്നീട് ഭരണാധികാരികള്‍, അത്
കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ഈ രീതി ധാരാളമായി അനുവര്‍ത്തിച്ചു. തമിള്‍നാട്
ഭരിച്ചിരുന്ന ഡി.എം.കെ തങ്ങള്‍ക്ക് താല്‍പ്പര്യമുള്ള 10 പേരുടെ പാനല്‍ ജഡ്ജിമാരുടെ
നിയമനത്തിനായി കൊടുത്തതും അത് പരിശോധിച്ച
താന്‍ ആ അനര്‍ഹരേ എല്ലാം ഒഴിവാക്കി തികച്ചും അര്‍ഹരായവരെ മാത്രം ഉള്‍പ്പെടുത്തി
സുപ്രീം കോടതിക്ക് ലിസ്റ്റ് കൊടുത്തതും ജസ്റ്റീസ് കട്ജു വിവരിക്കുന്നുണ്ട്. ഇത്തരം
സംഭവങ്ങള്‍ തമിള്‍ നാട്ടില്‍ മാത്രം നടന്നതായി കരുതാനും വയ്യ. എല്ലായിടങ്ങളിലും
നട്ടെല്ലുള്ള ചീഫ് ജസ്റ്റീസ്മാര്‍ ആണ് ഉണ്ടായിരുന്നതെന്ന് പറയാന്‍
നിവൃത്തിയില്ലല്ലോ.
ഇങ്ങിനെ
നിയമിതരായ ജഡ്ജിമാര്‍ പലരും കൂറുള്ള വിനീത വിധേയരായി പെരുമാറുകയും ചെയ്തിട്ടുണ്ട്.
ജഡ്ജിമാരെ ദൈവതുല്യം കരുതുന്ന സമൂഹത്തില്‍ ഇവരുണ്ടാക്കുന്ന അനുരണനങ്ങള്‍ ചെറുതല്ല.
രാഷ്ട്രീയ താല്‍പ്പര്യങ്ങളുള്ള കേസുകളുടെ വിചാരണ വേളയില്‍ അവരുടെ വായില്‍നിന്നുതിരുന്ന
മുത്തുകള്‍ ചാനലുകള്‍ തല്‍സ്സമായ ഫ്ലാഷുകളാക്കി ആഘോഷിക്കുന്നതും നാം കാണാറുണ്ട്.
പക്ഷേ ഭൂരിഭാഗം പേരും വിധിപ്രസ്താവനയില്‍ നിന്നു ഇത്തരം നിരീക്ഷണങ്ങള്‍
ഒഴിവാക്കാറും ഉണ്ട്. അവരുദ്ദേശിച്ച കാര്യം നടന്നു കഴിഞ്ഞതാവും കാരണം. പക്ഷേ
വ്യക്തി താല്‍പ്പര്യങ്ങളുള്ള ചിലര്‍ വിധിപ്രസ്താവനയില്‍പ്പോലും ഇത്തരം യജമാന ഭക്തി
കാണിച്ചിട്ടുള്ളതായി കാണാം. അടുത്തയിടെ തന്‍റെ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക ചര്‍ച്ച
നടന്നപ്പോള്‍ ഒരു ജഡ്ജി തന്‍റെ വിധിയെ ന്യായീകരിച്ചു പ്രസംഗിക്കുന്നതും നാം കണ്ടു.
അയാള്‍ക്കെതിരെ വേണ്ടപ്പെട്ടവര്‍ നടപടിയെടുത്തതായി കണ്ടില്ല.
ജഡ്ജിമാരുടെ
പെരുമാറ്റദൂഷ്യത്തിനും അഴിമതിക്കും ഉടന്‍ ചികില്‍സ എന്നതായിരുന്നു പഴയ രീതി.
1973-74 കാലത്ത് ബാറിലെ അഭിഭാഷകന്‍റെ കാറില്‍ എറണാകുളത്തിന് പോയ കുറ്റത്തിന്
മജിസ്രേട്ട് സസ്പെന്‍ഷനില്‍ ആയ കഥ ഈ ലേഖകന് അറിയാം. മറിച്ച് തന്‍റെ അന്യോഷണത്തില്‍
അഴിമതിക്കാരനായി കണ്ട ഒരു ജഡ്ജിയുടെ കഥ ജസ്റ്റീസ് കട്ജു പറയുന്നുണ്ട്.
അദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി നടത്തിയ
അന്യോഷണത്തിലും പ്രസ്തുത ജഡ്ജി കുറ്റക്കാരനാണെന്ന് കണ്ടെത്തി. പക്ഷേ ഡി.എം.കെയുടെ
ഭീഷണിക്ക് മുമ്പില്‍ വലഞ്ഞ സര്‍ക്കാരിന്‍റെ അഭീഷ്ടം അനുസരിച്ചു അയാളെ
സ്ഥിരപ്പെടുത്തേണ്ടി വന്നു. ചണ്ഡീഗഡില്‍ ഒരു ജഡ്ജിയുടെ വീട്ടിലേക്കുള്ള ഭീമമായ തുക
അതേ പേരുള്ള മറ്റൊരു ജഡ്ജിയുടെ വീട്ടില്‍ തെറ്റായി എത്തിച്ചതും നീതിബോധമുള്ള ആ
ജഡ്ജി വിവരം മേലധികാരികളെ അറിയിച്ചതും വളരെക്കാലം മുമ്പല്ല.
നിയമത്തിനുള്ളില്‍
ഒതുങ്ങിനിന്നു പ്രവര്‍ത്തിക്കുക എന്നതാണു എല്ലാവരുടെയും കര്‍ത്തവ്യം. കോടതികള്‍ക്കും
ഈ നിയമം ബാധകമാണ്. നയപരമായ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം ജനങ്ങള്‍
തിരഞ്ഞെടുക്കുന്ന ഭരണാധികാരികള്‍ക്കാണു. കോടതികള്‍ക്കല്ല. (അടുത്ത കാലത്ത് സുപ്രീം
കോടതി ഇത് ഊന്നി പറഞ്ഞിട്ടും ഉണ്ട്) പക്ഷേ പല കോടതികളും ഇത് മറക്കുന്നു. കോടതിയുടെ
നേരിട്ടുള്ള മേല്‍നോട്ടത്തിലുള്ള കേസന്വോഷണവും വിചാരണയും ശിക്ഷയുമെല്ലാം
ഭരണഘടനയുടെ അന്തസത്തക്ക് നിരക്കുന്നതാണോ എന്നു ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. (കല്‍ക്കരി
കുംഭകോണത്തെക്കുറിച്ചുള്ള കേസില്‍ കോടതി അന്യോഷണം ഏല്‍പ്പിച്ച സി.ബി.ഐ ഉദ്യോഗസ്ഥന്‍
ഭീമമായ തുക കൈക്കൂലി വാങ്ങുമ്പോള്‍ രൊക്കം പിടിയിലായ സംഭവം മറക്കാന്‍
സമയമായിട്ടില്ല.) അടുത്ത കാലത്ത് അമിക്കസ് ക്യൂറിമാരുടെ എണ്ണം ക്രമാതീതമായി
കൂടുന്നുണ്ട്. ഈ സഹായികളെ നിയമിക്കുന്നതും കോടതി തന്നെ. തന്നെ ജഡ്ജി
ആക്കാത്തത്തില്‍ ചീഫ് ജസ്റ്റീസിനോട് പരിഭവിച്ച
ഗോപാല്‍ സുബ്രഹ്മണ്യം എന്ന അമിക്കസ് ക്യൂറിയോട് സ്ഥാനത്ത് തുടരാന്‍ പുതിയ
ബഞ്ച് അപേക്ഷിക്കുന്നത് ഇന്നത്തെ വാര്‍ത്തയാണ്.
ജഡ്ജിമാരെ
ജഡ്ജിമാരുടെ കൊളീജിയം തന്നെ തെരഞ്ഞെടുക്കുന്ന ഇന്നത്തെ രീതിക്ക് മാറ്റം
വരേണ്ടതുണ്ട്. നിയമിക്കപ്പെടാന്‍ പോകുന്ന ജഡ്ജിമാരുടെ കഴിവും പശ്ചാത്തലവും ,എന്തിന്
വ്യക്തിജീവിതം പോലും അറിയാന്‍ സമൂഹത്തിനു അവകാശമുണ്ട്. ആരെങ്കിലും ഒളിച്ചും
പതുങ്ങിയും നടപ്പാക്കേണ്ടതല്ല ജഡ്ജിമാരുടെ നിയമനം. ജുഡീഷ്യല്‍ കമ്മീഷന്‍
രൂപീകരിക്കാന്‍ മന്മോഹന്‍ ഗവണ്‍മെന്‍റ് ബില്ലു കൊണ്ടുവന്നപ്പോള്‍ അതിനെ നഖശിഖാന്തം
എതിര്‍ത്ത പാരമ്പര്യമാണ് ബി.ജെ.പിക്കും അതിന്‍റെ നേതാക്കളായ ജെയ്റ്റ്ലിക്കും സുഷമാ
സ്വരാജിനുമുള്ളത്. ബില്‍ ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവം തകര്‍ക്കും എന്നാണ്
അന്ന് അവര്‍ വിലപിച്ചത്. ഇപ്പോള്‍ മോഡി സര്ക്കാര്‍ പ്രസ്തുത ബില്‍ പൊടി
തട്ടിയെടുക്കുമ്പോള്‍ കോണ്‍ഗ്രസ്സ് എതിര്‍ക്കില്ല എന്നു നമുക്ക് പ്രത്യാശിക്കാം.
സുപ്രീം
കോടതിയുടെ വെബ് സൈറ്റില്‍ 26 ജഡ്ജിമാരുടെ വിവരങ്ങള്‍ ഉണ്ട്. ഇതില്‍ രണ്ടു പേരുടെ
വ്യക്തിപരമായ വിവരങ്ങള്‍ ചേര്‍ത്തിട്ടില്ല. എല്ലാവരും നീതിന്യായ രംഗത്തെ
പ്രഗല്ഭരാണ്. താന്‍ ഏകാധിപതി ആയിരുന്നെങ്കില്‍ ഒന്നാം ക്ലാസ്സു തൊട്ട് നിര്‍ബ്ബന്ധമായും
ഗീതയും മഹാഭാരതവും പഠിപ്പിക്കുമായിരുന്നു എന്നു പറഞ്ഞ ജഡ്ജിയും കൂട്ടത്തിലുണ്ട്.
നമ്മുടെ ജഡ്ജിമാരില്‍ ആറ് പേര്‍ മുന്‍ ജഡ്ജിമാരുടെ മക്കളാണ്. ഒരാള്‍ മുന്‍
മുഖ്യമന്ത്രിയുടെ മകനാണ്. ഒരു ജഡ്ജി വേറൊരു മുന്‍ ജഡ്ജിയുടെ ജൂനിയര്‍ ആയിരുന്നു.
മുന്‍ അറ്റോര്‍ണി ജനറലിന്റെ ജൂനിയര്‍ ആയി പ്രാഗല്‍ഭ്യം തെളിയിച്ച ആളാണ് മറ്റൊരാള്‍.
ഇപ്പറഞ്ഞത് ജഡ്ജിമാരാകുന്നതിന് ഒരു കാരണവശാലും ഒരു കുറവല്ല. ഒരു പ്ലസ് പോയന്‍റും
അല്ല. അവരവരുടെ മേഖലയില്‍ കഴിവ് തെളിയിച്ചവര്‍ തന്നെയാണ് നമ്മുടെ സുപ്രീം
കോടതിയിലുള്ളത്. ഇനിയും അത് അങ്ങിനെ തന്നെയായിരിക്കണം.
വെട്ടത്താന്‍
www.vettathan.blogspot.in
thanks ..
ReplyDeleteഈ ആദ്യ വരവിന് നന്ദി.
Deleteശ്രദ്ധേയമായ ഒരു വിലയിരുത്തല്‍ ,, ഈ വിഷയത്തെ അധികരിച്ച് ഒരു ചര്‍ച്ച കണ്ടിരുന്നു ഈ അടുത്ത്, ലേഖനത്തിലെ നിരീക്ഷണത്തോട് യോജിക്കുന്ന അഭിപ്രായം തന്നെയായിരുന്നു അതില്‍ മിക്കവരും പ്രകടിപ്പിച്ചിരുന്നത് ,, ഒരു മാറ്റം വരും എന്ന് പ്രതീക്ഷിക്കാമോ >?
ReplyDeleteഫൈസല്‍,ഞാനെപ്പോഴും ശുഭാപ്തി വിശ്വാസിയാണ്. നമ്മുടെ നാടിന് തിന്‍മകളെയും അപചയങ്ങളെയും അതിജീവിക്കാന്‍ ഇന്‍ഹെറണ്ടായാ ഒരു കഴിവുണ്ട്.(ശരിയായ മലയാള പദം കിട്ടാത്തത് കൊണ്ടാണെ) .അടിയന്തിരാവസ്ഥയില്‍ നാമത് കണ്ടതാണ്. നമുക്ക് പ്രതീക്ഷിക്കാം.
Deleteഭരണം മാറുന്നതനുസരിച്ച് ക്രമസമാധാനത്തിന്റെയും നീതിന്യായത്തിന്റെയും സ്വഭാവങ്ങളും മാറുന്നുണ്ട്. എല്ലാര്‍ക്കും ജീവനിലും സുരക്ഷിതത്ത്വത്തിലും ഭയം കാണുമല്ലോ. ഭരണക്കാരെ പിണക്കാന്‍ ധൈര്യമുള്ളവര്‍ കുറഞ്ഞുകുറഞ്ഞു വരുന്നു. മായാ കൊടനാനിയും ബാബു ബജരംഗിയുമൊക്കെ എത്ര എളുപ്പത്തില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങി. അടുത്തത് പ്രജ്യാ സിംഗ് ആയിരിക്കും. കേരളത്തില്‍ തന്നെ “മരണവ്യാപാരി” എന്ന പ്രയോഗത്തിന്റെ പേരില്‍ ആണ് ഒരാള്‍ അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് കേള്‍ക്കുന്നു. (വ്യക്തമായി അറിയില്ല) ഭരണം മാറുമ്പോള്‍ നിയമങ്ങള്‍ എന്തായാലും മാറുന്നില്ല, പക്ഷെ അവയുടെ നടത്തിപ്പുകാരുടെ മനം മാറുന്നുണ്ട്, തീര്‍ച്ച
ReplyDeleteനീതി ന്യായ നടത്തിപ്പില്‍ കാണുന്ന വലിയോരു വീഴ്ചയാണ് അജിത്ത് ചൂണ്ടിക്കാട്ടിയത്. നിയമം മാറുന്നില്ല പക്ഷേ വിധികള്‍ വല്ലാതെ മാറുന്നു.കാരണങ്ങള്‍ പലതുണ്ടാവാം.പക്ഷേ സംഭവിക്കുന്നത് പലപ്പോഴും ഇങ്ങിനെ തന്നെയാണ്.
Deleteഭരണം മാറുമ്പോള്‍ നടത്തിപ്പുകാരുടെ മനസ്സും രീതികളും മാറുന്നുണ്ട്... നിയമവും ചിലപ്പോഴൊക്കെ മാറും... ജനങ്ങളോട് ഉത്തരം പറയേണ്ട ഭരണാധികാരികളല്ല, പകരം ഭരണാധികാരികളോട് സദാ ഉത്തരം പറയേണ്ടുന്ന ജനതയാണ് ഇന്നും നമ്മുടെ നാട്ടില്‍ ഭൂരിപക്ഷവും...
ReplyDeleteകുറിപ്പ് നന്നായിട്ടുണ്ട് ...ചിന്തനീയമാണ് ..
ബി.ജെ.പിയുടെ ഉരുണ്ടു കളി അപലപനീയം തന്നെ. പക്ഷേ തങ്ങളുടെ അധികാര പരിധിയുടെ ലക്ഷ്മണ രേഖ മുറിച്ച് കടക്കുന്ന ജഡ്ജിമാര്‍ ജനാധിപത്യത്തിന് വലിയ ഭീഷണി തന്നെയാണ്.
Deleteഏതൊക്കെ രംഗങ്ങള്‍ എടുത്ത് നോക്കിയാലും അതിലൊക്കെ വസിക്കുന്ന സംഘങ്ങള്‍ അവരുടെ ആര്ത്തിക്കും ആഗ്രഹങ്ങള്‍ക്കും അനുസരിച്ച് അതിനെ മേച്ചുകൊണ്ടുപോകുന്ന ഒരു രീതിക്ക് അധികാരികളെ മെരുക്കിയെടുത്ത് മുന്നോട്ട് തുടരുന്നതായി കാണാം. ഇവിടേയും സംഭാവങ്ങള്‍ മറിച്ചാകുന്നില്ല.
ReplyDeleteചിന്തിക്കാനുള്ള ഓര്‍മ്മപ്പെടുത്തല്‍ നന്നായിരിക്കുന്നു.
താങ്കള്‍ പറഞ്ഞത് തീര്‍ത്തൂം ശരിയാണ്.എവിടേയും ഉപജാപ സംഘങ്ങളുടെ സജീവ സാന്നിദ്ധ്യം കാണാം.ഏത് സാഹചര്യവും ഭരണ മാറ്റവും തങ്ങള്‍ക്കനുകൂലമാക്കാന്‍ കഴിയുന്നവര്‍. ഇതിനൊരു മാറ്റം വന്നില്ലെങ്കില്‍ ജനാധിപത്യത്തിന് ഭാവിയില്ല.
Deleteശ്രദ്ധേയമായ ലേഖനം.
ReplyDeleteആശംസകള്‍ വെട്ടത്താന്‍ സാര്‍
നന്ദി,തങ്കപ്പന്‍ ചേട്ടാ, മറ്റുള്ളവര്‍ക്ക് അഴിമതിയുടെ ലേബല്‍ ചുമത്തുന്നവര്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്.....
Deleteശ്രദ്ധേയമായ ലേഖനം ....
ReplyDeleteവാർത്തകളെ സൂക്ഷ്മമായി അവലോകനം നടത്തി ഇവിടെ അവതരിപ്പിക്കുന്ന കുറിപ്പുകൾ പുതിയ ഉൾക്കാഴ്ചകൾ നൽകുന്നു
സ്വന്ത അധികാര പരിധിയും കടന്നു ചില ജഡ്ജിമാര്‍ നടത്തുന്ന നീക്കങ്ങള്‍ തടഞ്ചേ പറ്റൂ.
Deletethankyou sir , for ur point of view....
ReplyDeleteഈ വിഷയത്തെ പറ്റി ഒരു ചിന്ത ഈ രീതിയില്‍ ആദ്യം കാണുകയ... പത്രത്തില്‍ ഒരു കോളം വായിച്ചിരുന്നു..
യഥാര്‍ത്ഥത്തില്‍ ആദ്യം ഉടച്ചു വാര്‍ക്കേണ്ടത് നമ്മുടെ നിയമ വ്യവസ്ഥ തന്നെയല്ലേ?
Deleteനല്ല ലേഘനം സാർ.
ReplyDeleteആശംസകൾ.
നന്ദി,ഗിരീഷ്
Deleteനല്ല ലേഖനം .. കൃത്യമായ വിലയിരുത്തൽ വെട്ടത്താൻ സാർ .
ReplyDeleteസൈനിക ഓഫീസർ മാരുടെ മക്കൾ പലരും ഓഫീസർ തന്നെ ആകുന്നതിൽ അത്ഭുതം ഒന്നുമില്ല . ഇന്നത്തെ നിലയിൽ നേരിട്ട് തിരഞ്ഞെടുക്കുന്ന പരീക്ഷകളിൽ ഉന്നത നിലവാരം പുലർത്താൻ സാധാരണക്കാരന്റെ മക്കൾക്ക് സാധിക്കില്ല . കൃത്യമായ പരിശീലനം എത്ര പേര്ക്ക് afford ചെയ്യാൻ പറ്റും ? അവർക്ക് അതിനു വേണ്ടിയുള്ള കഠിനമായ ഇശ്ചാ ശക്തിയും ഉണ്ടോ എന്ന് സംശയം ഉണ്ട് . കേരളത്തില പലരും ഡോക്റ്റർ അല്ലെങ്കിൽ എന്ജിനീയർ എന്ന രീതിയിൽ തന്നെ ആണ് ഇപ്പോഴും ചിന്തിക്കുന്നത് . എൻ ഡി എ എക്സാം എഴുതുന്നവരിൽ പലരും കിട്ടിയാൽ ആട്ടെ എന്നാ രീതിയിൽ എഴുതുന്നവർ ആണ് . എന്നാൽ സൈന്യാധിപാൻ മാരുടെ മക്കൾ അവരുടെ സ്റ്റൈലൻ ജീവിതം കണ്ടു വളർന്നവരും , അല്ലെങ്കിൽ ആ ജോലിയോട് ചിലപ്പോൾ ഒരു പാഷൻ തന്നെ ഉള്ളവരും ആയിരിക്കും . പിന്നെ പരിശീലനം കൊടുക്കാൻ തക്ക സാമ്പത്തികം ഉള്ളവരും . കേരളത്തിൽ നിന്നും വളരെ കുറച്ചു പേര് മാത്രമേ തിരഞ്ഞെടുക്കപ്പെടുന്നുല്ലു എന്നതും കൂടി ഓർക്കേണ്ടതാണ് .
സൈനീക ഓഫീസര്‍മാരുടെ മക്കള്‍ക്ക് ഓഫീസര്‍ പോസ്റ്റിനോട് പാഷന്‍ തോന്നുന്നതും അവര്‍ കൂടുതലായി സെലക്റ്റ് ചെയ്യപ്പെടുന്നതിലും അസ്വാഭാവികത കുറവാണ്. പക്ഷേ തങ്ങളുടെ മക്കളെ ഉന്നതങ്ങളില്‍ എത്തിക്കാന്‍ കുല്‍സിതമായ ശ്രമം നടക്കുന്നുണ്ടെങ്കില്‍ അത് അപകടമാണ്. സൈനീക ഓഫീസറുടെ മക്കള്‍ സൈന്യത്തില്‍ ഓഫീസര്‍മാറാവുക,ജഡ്ജിമാരുടെ മക്കള്‍ ന്യായാധീപന്‍മാരാകുക ,തുടങ്ങി ഒരു പാരമ്പര്യത്തിന്‍റെ തുടര്‍ച്ച എന്താണെങ്കിലും ഒരു പുതിയ ചാതുര്‍വര്‍ണ്യ സൃഷ്ടിയിലെ അവസാനിക്കൂ.അത് സിസ്റ്റത്തിന്‍റെ പരാജയമാണ്.
Deleteവളരെ നല്ല ലേഖനം !
ReplyDeleteആശംസകള്‍ ജോര്‍ജ്ജേട്ടാ !
ഈ വരവിനും അഭിപ്രായത്തിനും പ്രത്യേകം നന്ദി.
Deleteരാജാവിനെ തിരഞ്ഞെടുക്കുന്നതില്‍ പ്രജകളെക്കാള്‍ കൂടുതല്‍ സ്വാധീനം ചെലുത്തുവാന്‍ കഴിയുന്നത് സേവകന്‍മാര്‍ക്കാണ് എന്നാണ് എനിയ്ക്കു തോന്നിയിട്ടുള്ളത്. കാരണം രാജാവിനും സേവകനും തമ്മില്‍ നേരിയ വ്യത്യാസമേ ഉള്ളൂ. ഏറ്റവും മികച്ചത് രാജാവിനും ഏറ്റവും മുന്തിയതിന് തൊട്ടുതാഴെയുള്ളത് സേവകനും എന്ന വ്യത്യാസം മാത്രം. എല്ലാകാലത്തും രാഷ്ട്രീയക്കാരേക്കാളും സ്വാധീനമുള്ള, ജുഡീഷ്യറിയടക്കമുള്ള ഒരു സേവകസംഘം, നമ്മുടെ ഭരണകൂടത്തെ നിയന്ത്രിച്ചുവരുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ReplyDeleteജുഡീഷ്യറി ജനപ്രതിനിധികളുടെ അധികാരം കവര്‍ന്നെടുക്കുന്നത് തടഞ്ഞില്ലെങ്കില്‍ നമുക്കും പാക്കിസ്ഥാനിലെ അനുഭവം ഉണ്ടാകും. രാഷ്ട്രീയക്കാരെക്കൊണ്ട് അഴിമതി രുചിപ്പിച്ചു യഥാര്‍ത്ഥ നേട്ടമുണ്ടാക്കുന്നത് ഉദ്യോഗസ്ഥന്‍മാരാണെന്നും എനിക്കു തോന്നിയിട്ടുണ്ട്.
Deleteഅഴിമതി രാഷ്ട്രീയവും സമ്പന്നരും എക്കാലത്തും ജഡീഷറിക്കൊരു വെല്ലുവിളിയാണ്. ഈ കാലഘട്ടത്തില്‍ നീതിന്യായ വ്യവസ്ഥ അവരുടെ വശത്തേക്ക് ഏറെ ചാഞ്ഞു നില്‍ക്കുന്നു എന്ന് തോന്നുന്നു. പുതിയനിയമയും ബില്ല് ഭേദഗതി കൊണ്ടുമൊന്നും കാര്യമുണ്ടെന്നു തോന്നുന്നില്ല. വ്യക്തികളും വ്യക്തിത്വവും തന്നെയാണ് പ്രധാനം.
ReplyDeleteആ പറഞ്ഞത് തന്നെയാണ് ശരി-അത് രാഷ്ട്രീയത്തിലായാലും ജുഡീഷ്യറിയിലായാലും. പക്ഷേ ഒന്നു മറ്റൊന്നിന്‍റെ കളത്തില്‍ കയറിക്കളിക്കുന്നതും.സ്വന്തം നിയമങ്ങള്‍ക്കനുസരിച്ച് മുന്നോട്ട് പോകുന്നതും ശരിയാണോ?
Deleteനിയമ വ്യവസ്ഥിതി ദുര്‍ബലമായി തുടരുന്നിടത്തോളം കാലം ഇങ്ങനൊക്കെ നടക്കും .
ReplyDeleteജുഡീഷ്യല്‍ നിയമന കമ്മീഷന്‍ പാര്‍ലമെന്‍റ് പാസ്സാക്കിക്കഴിഞ്ഞു.ബില്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമാണെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു കഴിഞ്ഞു. 1993നു മുന്‍പ് ഇന്നത്തെ കൊളീജിയം എന്ന രീതി ഇല്ലായിരുന്നു എന്നു അദ്ദേഹം മറക്കുന്നു.
ReplyDeleteനല്ല ലേഖനമാണല്ലോ...
ReplyDeleteനമ്മുടെ നാട്ടിൽ നീതിനായ വ്യവസ്ഥയ്ക്കടക്കം
പിടിപ്പെട്ടിട്ടുള്ള ക്യാൻസർ രോഗം മാറാത്ത കാലം വരെ
പൊതു നിയമങ്ങൾ പലതും കാറ്റിൽ പറക്കുകയേ ഉള്ളൂ...!
വെട്ടത്താന്‍ സര്‍, കുറിപ്പു ശ്രദ്ധേയമാണ്. നമ്മുടെ സമൂഹത്തില്‍ മൊത്തത്തില്‍ ബാധിച്ചിരിക്കുന്ന അപചയങ്ങള്‍ ജുഡീഷ്യറിയെയും ബാധിച്ചിട്ടുണ്ട്. ജഡ്ജ് നിയമനം 'പാരമ്പര്യമായും ബന്ധുബലത്താലും' ലഭിക്കുന്ന ഒന്നല്ലെന്നുറപ്പുവരുത്താന്‍ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ബില്‍ സഹായിക്കുമെന്നു പ്രത്യാശിക്കാം.
ReplyDeleteജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ഭരണ ഘടനാ വിരുദ്ധമാണെന്ന് നമ്മുടെ ജഡ്ജിമാര്‍ വിധിക്കുമോ എന്നു കാത്തിരുന്ന് കാണാം.
Delete