സ്വകാര്യ കുത്തകകളെ താങ്ങുകയും തലോടുകയും
ചെയ്യുന്ന ബജറ്റാണ് ഇപ്രാവശ്യം അവതരിപ്പിക്കപ്പെട്ടത് എന്നാണ് ബജറ്റിനെ എതിര്‍ക്കുന്നവരുടെ
പ്രധാന ആരോപണം. പ്രതിപക്ഷം നഖശിഖാന്തം എതിര്‍ക്കുകയും ഭരണപക്ഷം ബോധമില്ലാതെ
പിന്താങ്ങുകയും ചെയ്യുന്ന ഒരു കസര്‍ത്താണു നമ്മുടെ ബജറ്റുകള്‍. മൊത്തം ജനങ്ങളുടെ
ഇടയിലും ഈ ചേരി തിരിവ് കാണാം. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഇന്നത്തെ ഭരണ
പക്ഷം പ്രതിപക്ഷമായിരുന്നപ്പോള്‍ ആടിയ വേഷങ്ങള്‍ അത്രക്ക് ഭീകരമായിരുന്നു.
ജെയ്റ്റ്ലിയുടെയും സുഷമാസ്വരാജിന്റെയും
നേതൃത്വത്തില്‍ പാര്‍ലമെന്‍റ് സ്തംഭിപ്പിക്കുന്നത് ഒരു സ്ഥിരം കലാപരിപാടി
തന്നെയായിരുന്നു. ഇപ്പോള്‍ പ്രതിപക്ഷം രാജ്യസഭയില്‍ സ്വീകരിക്കുന്ന നടപടികളും
ഏറെക്കുറെ ഒന്നു തന്നെ .
കഴിയുന്നതും
മനസ്സ് സ്വതന്ത്രമാക്കി ഇപ്രാവശ്യത്തെ ബജറ്റിനെ സമീപിക്കാനുള്ള ഒരു ശ്രമമാണ് ഇത്.
കോര്‍പ്പറേറ്റ് ടാക്സ് നാലുവര്‍ഷം കൊണ്ട് 30ല്‍ നിന്നു 25 ശതമാനം ആക്കുമെന്നതാണ്
ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഒരു കാര്യം. ഇന്ത്യന്‍ കമ്പനികള്‍ക്ക് മറ്റ്
രാജ്യങ്ങളിലെ കമ്പനികളോട് മല്‍സ്സരിച്ച് മുന്നോട്ട് പോകാന്‍ ഇത് കരുത്ത് നല്‍കുമെന്നു
വ്യവസായ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. പക്ഷേ ഇപ്പോള്‍ ടാക്സില്‍ നിന്നു
രക്ഷപെടാന്‍ അനുവദിക്കപ്പെട്ടിട്ടുള്ള ഇളവുകള്‍ ഇല്ലാതാവും. 30% ടാക്സ്
പിരിച്ചിരുന്ന 2008-09ല്‍ ലഭിച്ചിരുന്ന ടാക്സ് 22.8% മാത്രമായിരുന്നു. 2013-14ല്‍
എഫക്ടീവ് ടാക്സ് 23.22% ആണ്. അതില്‍ തന്നെ പബ്ലിക് സെക്റ്റര്‍ കമ്പനികളുടേത് 19.33%വും
സ്വകാര്യ കമ്പനികളുടേത് 24.44%വും ആയിരുന്നു. ലാഭത്തില്‍ നിന്നു നിയമപരമായി
ലഭിക്കാവുന്ന കിഴിവുകള്‍ മുതലാക്കിയതുകൊണ്ടാണ് ടാക്സ് കുറയ്ക്കാന്‍ കഴിഞ്ഞത്.
ഇപ്പോള്‍ 30%, 25% ആയി കുറയ്ക്കുന്നു.പക്ഷേ കിഴിവുകള്‍
അനുവദിക്കില്ല. ഫലത്തില്‍ കോര്‍പ്പറേറ്റ് ടാക്സ് 25% ആയി ഉയര്‍ത്തി.
കിഴിവുകള്‍
കഴിച്ചുള്ള വരുമാനത്തില്‍ അഞ്ചു ലക്ഷം വരെ ടാക്സില്‍ നിന്നൊഴിവാക്കാന്‍ ഇപ്പോഴത്തെ
ധനമന്ത്രി കഴിഞ്ഞപ്രാവശ്യം ഭയങ്കരമായി പോരാടിയതാണ്.പക്ഷേ അദ്ദേഹം 2014ല്‍ ധനകാര്യ
മന്ത്രിയായപ്പോള്‍ കിഴിവുകള്‍ കഴിച്ചുള്ള തുകയുടെ ടാക്സ് പരിധി രണ്ടു ലക്ഷത്തില്‍
നിന്നു രണ്ടര ലക്ഷമായി മാത്രം ഉയര്‍ത്തി. ഇപ്രാവശ്യം എന്തെങ്കിലും
സംഭവിച്ചേക്കുമെന്ന് കരുതിയവരെ മുഴുവന്‍ ബജറ്റ് നിരാശരാക്കി. ബജറ്റ് ടാക്സ്
കൊടുക്കുന്നവരെ മാത്രമല്ല നിരാശപ്പെടുത്തിയത്. ഒട്ടു മിക്ക സെക്റ്ററുകളെയും ബജറ്റ്
നിരാശപ്പെടുത്തി. പാരമ്പര്യേതര ഊര്‍ജ്ജ രംഗം അടുത്ത കാലത്ത് കൂടുതല്‍ ശ്രദ്ധ
ലഭിച്ചിരുന്ന ഒന്നാണ്. എന്തൊക്കെയോ പ്രതീക്ഷിച്ചു മോഡിയുടെ അടുപ്പക്കാരെന്നു പേര്
കേട്ട അദാനിയോട് ചേര്‍ന്ന് സോളാര്‍ പാനലുകളും അനുബന്ധ ഉപകരണങ്ങളും നിര്‍മ്മിക്കാന്‍
പുറപ്പെട്ട അമേരിക്കന്‍ കമ്പനി എന്തു ചെയ്യുമെന്നു അറിയില്ല. എണ്ണ
പ്രര്യവേഷണത്തെക്കുറിച്ച് ധന മന്ത്രി ഒന്നും മിണ്ടിയിട്ടില്ല. അന്താരാഷ്ട്ര വില
ഇടിഞ്ഞതിനാല്‍ ഇപ്പോള്‍ എണ്ണ വില ഒരു പ്രശ്നമല്ല. പക്ഷേ വികസ്വര രാജ്യങ്ങളുടെ
തലക്ക് മുകളില്‍ തൂങ്ങി നില്‍ക്കുന്ന വാളാണ് എണ്ണ. എണ്ണ ഉല്പ്പാദിപ്പിക്കാനുള്ള
നടപടികള്‍ ഉണ്ടായില്ലെങ്കില്‍ വിവരം അറിയും. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിന് ഇന്‍റസ്ട്രി
പദവി വേണമെന്ന പഴയ പാട്ട് ധനമന്ത്രി കേട്ടില്ല. ജെയ്റ്റ്ലി സിനിമ കാണാറില്ല എന്നു
തോന്നുന്നു. അങ്ങിനെ ഒരു ഇന്‍റസ്ട്രി ഉള്ള
ഭാവമേ അദ്ദേഹം കാണിച്ചില്ല. ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍ എന്തൊക്കെയോ പ്രതീക്ഷിച്ചിരുന്നു.
നാമമാത്രമായോരു അലോട്ട്മെന്‍റെ അവര്‍ക്ക് കിട്ടിയുള്ളൂ. കല്‍ക്കരി ഖനികള്‍
യന്ത്രവല്‍ക്കരിക്കാനുള്ള പദ്ധതികളൊന്നുമില്ല. കല്‍ക്കരിയുടെ ഇറക്കുമതി ചുങ്കം
കുറയ്ക്കാനുള്ള മുറവിളികളും ധനമന്ത്രി കേട്ടില്ല. പകരം ക്ലീന്‍ എനേര്‍ജി സെസ്സ്
ടണ്ണിന് 100ല്‍ നിന്നു 200 രൂപയാക്കി. വിദ്യാഭ്യാസം ,സ്പോര്‍ട്ട്സ്,ആരോഗ്യപരിപാലനം തുടങ്ങിയ രംഗങ്ങളിലെ സര്ക്കാര്‍ ചെലവ് പദ്ധതിയേതര
ചെലവുകളുടെ 4.8%ത്തില്‍ നിന്നു 2.2 % ആയി കുറഞ്ഞു. എയര്‍ ഇന്ത്യ ചോദിച്ചതു 4277
കോടിയാണ്. കിട്ടിയതു 2500 കോടി. ഗ്രാമീണ വികസനത്തിനുള്ള അലോട്ട്മെന്‍റ് 80000
കോടിയില്‍ നിന്നു 71000 കോടിയായി കുറഞ്ഞു.
ഈ
ബഡ്ജറ്റ് 11.5% നോമിനല്‍ വളര്‍ച്ച ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്
തയ്യാറാക്കപ്പെട്ടിരിക്കുന്നത്. 2014-15ല്‍ ജി.ഡി.പിയില്‍ യഥാര്‍ത്ഥത്തിലുണ്ടായ
വളര്‍ച്ച 7.4% ആയിരുന്നു. ഇപ്രാവശ്യം അത് 8-8.5% ആകുമെന്ന് ജെയ്റ്റ്ലി കരുതുന്നു.
ആഗ്രഹം കൊള്ളാം. പക്ഷേ ബജറ്റില്‍ പ്രതീക്ഷിക്കുന്നതൊന്നും നേടാനാകുന്നില്ല
എന്നതാണു നാം സ്ഥിരമായി കാണുന്നത്. ഉദാഹരണത്തിന് ഓഹരി വിറ്റ് 41000 കോടി
ഉണ്ടാക്കും എന്നായിരുന്നു കഴിഞ്ഞ പ്രാവശ്യം പറഞ്ഞത്. പക്ഷേ കിട്ടിയതു 25000
കോടിയുടെ അടുത്ത്. 2003-04ല്‍ ഒഴികെ ഈ ലക്ഷ്യം ഒരിയ്ക്കലും കൈവരിക്കാന്‍
കഴിഞ്ഞിട്ടില്ല. കോര്‍പ്പറേറ്റ് ടാക്സ്, എക്സൈസ് ഡ്യൂട്ടി ,കസ്റ്റംസ്
ഡ്യൂട്ടി ഇവയൊന്നും ബജറ്റില്‍ പറഞ്ഞ മാതിരി പിരിഞ്ഞു കിട്ടുന്നില്ല. സര്‍വ്വീസ്
ടാക്സ് മാത്രമാണു ബജറ്റില്‍ പ്രതീക്ഷിച്ച പോലെ പിരിഞ്ഞു കിട്ടിയതു. അത് കൊണ്ടാവും
ധനമന്ത്രി സര്‍വ്വീസ് ടാക്സ് 14% ആയി ഉയര്‍ത്തിയത്. ബജറ്റില്‍ വലിയ വലിയ
അലോട്ട്മെന്‍റാണ് ഇടതും വലതും പക്ഷത്തുള്ള കേരള ധനകാര്യമാന്തിമാര്‍ സ്ഥിരമായി
നടത്തുന്നത്. പക്ഷേ ഒരു കാര്യവുമില്ല എന്നു ഈ രംഗം നിരീക്ഷിക്കുന്നവര്‍ക്ക്
അറിയാം. കേന്ദ്ര ബജറ്റും ഏറെക്കുറെ ഈ സ്റ്റൈലിലാണ്.
ബജറ്റിനെ
കുറ്റം പറയാനുള്ള ശ്രമമാണ് ഇതെന്ന് ഉറപ്പിക്കാന്‍ വരട്ടെ. ഒറ്റ നോട്ടത്തില്‍ കണ്ട
ചില കുറവുകള്‍ ചൂണ്ടിക്കാണിച്ചതാണ്. അടിസ്ഥാന സൌകര്യ വികസനമാണ് പുരോഗതിയുടെ
ചവിട്ട് പടി. ആ നിലയ്ക്കുള്ള ചില ശ്രമങ്ങള്‍ ശ്രീ ജയ്റ്റ്ലി നടത്തിയിട്ടുണ്ട്.
നല്ല റോഡുകളും തടസ്സമില്ലാതെ ലഭിക്കുന്ന വൈദ്യുതിയും ഇല്ലാതെ
പുരോഗതിയെക്കുറിച്ചുള്ള ഗിരിപ്രഭാഷണങ്ങള്‍ക്ക് ഒരു അര്‍ത്ഥവുമില്ല. ദേശീയ റോഡ്
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആകെ കുളമായി കിടക്കുകയാണ്. ടെണ്ടര്‍ കിട്ടാന്‍ തുക
കുറച്ചത് മുതല്‍ ,സ്ഥലം ഏറ്റെടുക്കുന്നതിലെ പ്രതിസന്ധി,
പരിസ്ഥിതി അനുമതികള്‍ വൈകല്‍, പുതിയ പ്രോജക്റ്റുകള്‍
ഇല്ലായ്മ തുടങ്ങി പ്രശ്നങ്ങള്‍ ഏറെയാണ്. കിട്ടാക്കടം ഏറിയതോടെ ബാങ്കുകള്‍ ലോണ്‍
കൊടുക്കാനും വിമുഖരായി. പൈസ മുടക്കിയവര്‍ കുടുങ്ങിയതോടെ ആരും പുതുതായി ഈ
രംഗത്തേക്ക് കടന്നു വരുന്നും ഇല്ല. അടിസ്ഥാന സൌകര്യ വികസനത്തിന് ബജറ്റ് ഊന്നല്‍
കൊടുക്കുന്നുണ്ട്. പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവയില്‍നിന്ന്
ലിറ്ററിന് നാലുരൂപാ റോഡ് സെസ്സായി വകയിരുത്തിയതാണ് ഏറ്റവും പ്രധാനം. 40000 കോടി
രൂപയാണ് ഇതില്‍നിന്ന് ലഭിക്കുക.70000 കോടിയാണ് അടിസ്ഥാന വികസനത്തിന് വേണ്ടി മാറ്റി
വെച്ചിരിക്കുന്നത്. 20000 കോടിയുടെ ദേശീയ വികസന ഫണ്ട് രൂപീകരിക്കും. നല്ല റോഡുകള്‍
എല്ലാ തരത്തിലുള്ള ഉത്പാദന മേഖലകളെയും ഉണര്‍ത്തും. ടെണ്ടര്‍ കണ്ടീഷനുകളിലെ മാറ്റം, ഭൂമിയേറ്റെടുക്കലുകള്‍ ഊര്‍ജ്ജിതമാക്കല്‍, ഹരിത
ട്രിബ്യൂണുകളുടെ അമിത വിളയാട്ടം അവസാനിപ്പിക്കാനുള്ള നടപടികള്‍ എല്ലാം
ഉടനുണ്ടായാലേ ഉദ്ദേശിച്ച പുരോഗതി കൈവരിക്കാന്‍ കഴിയൂ.
ഒരു
ലക്ഷം കോടി രൂപാ മുതല്‍ മുടക്കില്‍ അഞ്ചു അള്‍ട്രാ മെഗാ പവര്‍ പ്രോജക്റ്റുകള്‍
(4000 മെഗാ വാട്ടിലോ,അതില്‍ കൂടുതലോ) ബജറ്റ് വിഭാവനം ചെയ്യുന്നു.
എല്ലാ തരത്തിലുമുള്ള അനുമതിയോടെ പ്രോജക്റ്റുകള്‍ കൈമാറുമെന്നാണ് ജെയ്റ്റ്ലി
പറയുന്നതു. വിശ്വസിക്കാം. അടിസ്ഥാന വികസനത്തിനായി നികുതി രഹിത ബോണ്ടുകള്‍
ധനമന്ത്രി വീണ്ടും കൊണ്ട് വരുകയാണ്. ഗോള്‍ഡ് മോണിട്ടൈസേഷന്‍ പദ്ധതി
വിജയകരമാകുമെന്ന് പ്രതീക്ഷിക്കാം. ഇതിനെല്ലാം തടസ്സമായി നില്‍ക്കുന്നത്
ബി.ജെ.പി.യുടെ പഴയകാല പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്.മന്മോഹന്‍ കൊണ്ടുവന്നതിനെ
കണ്ണുംപൂട്ടി എതിര്‍ത്തു തോല്‍പ്പിച്ചവര്‍ ഇന്ന് പ്രതിപക്ഷത്തെ കുറ്റം പറയുന്നു.
നമ്മുടെ പ്രധാന മന്ത്രിയുടെ അടിസ്ഥാന സ്വഭാവം ഏറ്റുമുട്ടലിന്‍റെതാണ് എന്നു
തോന്നിപ്പിക്കുന്ന വിധത്തിലാണ് പാര്‍ലമെന്‍റില്‍ അദ്ദേഹത്തിന്‍റെ പ്രകടനം. അല്‍പ്പം
സൌമനസ്യം കൊണ്ട് പ്രതിപക്ഷത്തിന്‍റെ സഹകരണം നേടാന്‍ മോഡിക്ക് കഴിയുന്നില്ല.
ബജറ്റ്
വിദേശ നിക്ഷേപത്തെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു. GAAR (general anti avoidance rules) നടപ്പാക്കുന്നത് രണ്ടു വര്‍ഷത്തേക്ക് നീട്ടി. അവര്‍ക്ക് MAT (Minimum alternate tax) ബാധകമല്ല. മുന്‍ കാല പ്രാബല്യത്തോടെ നിയമങ്ങള്‍ ഉണ്ടാക്കി
പ്രശ്നങ്ങളുണ്ടാക്കില്ല. ഒക്കെ കൊള്ളാം. എന്തു സംഭവിക്കുമെന്ന് കാത്തിരുന്ന്
കാണാം.
പോര്‍ട്ടുകളെ
കമ്പനികളാക്കല്‍ , 150 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക്
വിമാനത്താവളങ്ങളില്‍ വിസ ഏര്‍പ്പാടാക്കുന്ന പദ്ധതി, 12
രൂപയ്ക്കു രണ്ടു ലക്ഷം രൂപയുടെ അപകട ഇന്‍ഷ്വറന്‍സ് പദ്ധതി,
പരിമിതമായ സര്‍ക്കാര്‍ സഹായത്തോടെ പാവപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ പദ്ധതി ...അങ്ങിനെ
പോസിറ്റീവ് ആയ പല കാര്യങ്ങളും ബജറ്റില്‍ ഉണ്ട്.
കഴിഞ്ഞ
പ്രാവശ്യത്തെ അപേക്ഷിച്ച് ഗവണ്‍മെന്‍റിന്റെ പദ്ധതി ചെലവുകളില്‍ 109723 കോടി
രൂപായുടെ കുറവാണ് ഈ ബജറ്റ് വിഭാവനം ചെയ്യുന്നത്. അത് പക്ഷേ ജെയ്റ്റ്ലിയുടെ
പരാജയമല്ല. പതിനാലാം ധനകാര്യ കമ്മീഷന്‍റെ നിര്‍ദ്ദേശങ്ങള്‍ ഗവണ്‍മെന്‍റ്
അംഗീകരിച്ചത് കൊണ്ട് സംഭവിച്ചതാണ്. നെറ്റ് ടാക്സ് റസീപ്റ്റിന്‍റെ 42 ശതമാനം തുക
സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു കൊടുക്കണം എന്ന കമ്മീഷന്‍റെ ശുപാര്‍ശ സര്ക്കാര്‍
അംഗീകരിക്കുകയായിരുന്നു. ഇത് വരെ 32 ശതമാനമായിരുന്നു സംസ്ഥാനങ്ങളുടെ വിഹിതം. ഇത്
വഴി 178000 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്ക് അധികമായി ലഭിക്കുന്നത്. ഫോറസ്റ്റിന്‍റെ
വിസ്തൃതി, ജന സംഖ്യ, വിസ്തൃതി, വരുമാനത്തിലെ കുറവ് ഇങ്ങിനെ പലതും പരിഗണിച്ചാണ് ഈ തുക സംസ്ഥാനങ്ങള്‍ക്ക്
വീതിക്കുന്നത്. അരുണാചല്‍ പ്രദേശ്, ഛട്ടീസ്ഗര്‍, കേരളം, തുടങ്ങി 19 സംസ്ഥാനങ്ങള്‍ക്ക് ഇതുവഴി
നേട്ടമുണ്ടാകും. സംസ്ഥാനങ്ങള്‍ സ്വന്തമായി വികസന പ്രവര്‍ത്തനങ്ങള്‍
നടത്തുകയാണെങ്കില്‍ പുരോഗതിയിലേക്ക് ഒരു കുതിച്ചു ചാട്ടത്തിന് ഇത് ഹേതുവാകും.
അല്ലാതെ നികുതി കുറച്ചു കിട്ടുന്ന കാശ് ദുര്‍വ്യയം ചെയ്താല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായ
അനുഭവമാകും. ചുരുങ്ങിയത് 8000 കോടി രൂപയാണ് ഈ ഇനത്തില്‍ കേരളത്തിന് ലഭിക്കുക.
ആളോഹരി കണക്കാക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ വീതം കിട്ടുന്നത് കേരളം, ഛത്തീസ്ഗട്, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ക്കാവും. ഈ തുക സംസ്ഥാന
പുരോഗതിക്കായി വിനിയോഗിക്കും എന്നു ആശിക്കാം. നമ്മുടെ ധന മന്ത്രിയുടെ വീട്ടില്‍
നോട്ട് എണ്ണുന്ന യന്ത്രം ഉണ്ടെന്നാണ് ആരോപണം. ധനമന്ത്രിയുടെ വീട്ടില്‍ അതുണ്ടോ
എന്നെനിക്കറിയില്ല. പക്ഷേ ഭരണ പക്ഷത്തും പ്രതിപക്ഷത്തും ഉള്ള പല നേതാക്കളുടെ
വീട്ടിലും ചില പാര്‍ട്ടികളുടെ ഓഫീസുകളിലും നോട്ടെണ്ണുന്ന യന്ത്രം ഉണ്ടാകാന്‍ ചാന്‍സുണ്ട്.
അവരൊക്കെ തല്‍ക്കാലത്തേക്ക് ആ യന്ത്രം തട്ടിന്‍ പുറത്തു കയറ്റി ,സംസ്ഥാനത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ആശിക്കാം.
www.vettathan.blogspot.in
പ്രതിപക്ഷം നഖശിഖാന്തം എതിര്‍ക്കുകയും ഭരണപക്ഷം ബോധമില്ലാതെ പിന്താങ്ങുകയും ചെയ്യുന്ന ഒരു കസര്‍ത്താണു നമ്മുടെ ബജറ്റുകള്‍. (y) Athuthanne nammude Political Balance Sheet.
ReplyDeleteരാഷ്ട്രീയത്തിന്‍റെ അതിപ്രസരം മൂലം ഒന്നും വസ്തുനിഷ്ഠമായി കാണാന്‍ പറ്റാത്ത അവസ്ഥയിലായി നമ്മള്‍.
DeleteAthe.
Deleteകുറെ കണക്കുകളുടെ കസര്‍ത്തുകള്‍ എന്നല്ലാതെ കാര്യമായൊന്നും മനസ്സിലാകാറില്ല. അഥവാ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ അതിലെ ശരി ഏതെന്ന് തീരുമാനിക്കാന്‍ കഴിയാതെ വരുന്നു. ഒരു കാര്യം മനസ്സിലാകുന്നത് ഈ ബജറ്റുകള്‍ കൊണ്ട് സാധാരണ ജനങ്ങള്‍ക്ക് പ്രത്യേക ഗുണങ്ങള്‍ ഒന്നും ഇതുവരെ കിട്ടിയതായി തോന്നുന്നില്ല എന്നതാണ്.
ReplyDeleteഅങ്ങിനെയല്ല റാംജി.ചൌധരി ചരണ്‍ സിംഗ് 1977ല്‍ അവതരിപ്പിച്ച ബജറ്റ് വലിയ മാറ്റമായിരുന്നു. മന്മോഹന്‍ സിംഗിന്‍റെ ബജറ്റുകളാണ് നമ്മുടെ പട്ടിണി മാറ്റിയത്. ജെയ്റ്റ്ലിയുടെ ഈ ബജറ്റ് ശരിയായ ദിശയിലേക്കുള്ള ചൂണ്ടു പലകയാണ്. ബജറ്റ് ഒരു സെക്റ്ററിനെയും പ്രത്യേകമായി തുണക്കുന്നില്ല.വികസനത്തിലേക്ക് ഒരു കാല്‍വെയ്പ്പ്.ബജറ്റിനെ പുകഴ്ത്തി ചാനലുകളില്‍ നിരന്നവര്‍ പോലും ബജറ്റ് കണ്ടോ എന്നാണ് എന്‍റെ സംശയം.
Deleteമന്മോഹന്‍ സിംഗിന്‍റെ ബജറ്റുകളാണ് നമ്മുടെ പട്ടിണി മാറ്റിയത്.>>>>> ഈ വാദം തള്ളിക്കളയുന്നു. തള്ളിക്കളയാനുള്ള വാദങ്ങള്‍ നിരത്തുന്നില്ല പക്ഷെ.
ReplyDeleteഅഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണല്ലോ അജിത്ത്,അത് അഭിപ്രായം ഉണ്ട് എന്നുള്ളതിന്റെ തെളിവ് അല്ലേ
Deleteബജറ്റിനെ പലയിടത്തു നിന്നായി വായിച്ചുകൊണ്ടിരിക്കുന്നു. ഇത്രയും സംക്ഷിപ്തമായി അത് ഒതുക്കിത്തന്നതിന് നന്ദി. ബജറ്റിനെ സ്വതന്ത്രമായ ഒരു വീക്ഷണകോണിലൂടെയല്ല നമ്മുടെ സമൂഹം നോക്കിക്കാണാറുള്ളത്. കക്ഷിരാഷ്ട്രീയക്കണ്ണിലൂടെയുള്ള മലക്കം മറിച്ചിലുകളിലൂടെ ഏതു ബജറ്റും രാഷ്ട്രത്തിന്റെ സാമ്പത്തികഭദ്രതയും, പുരോഗതിയും ത്വരിതപ്പെടുത്തും എന്ന് സ്ഥാപിച്ചെടുക്കാനാവും. പക്ഷേ അനുദിനം കോർപ്പറേറ്റുകൾ തടിച്ചു കൊഴുക്കുകയും, തെരുവോരങ്ങളിൽ അന്തിയുറങ്ങാൻ വിധിക്കപ്പെടുന്ന കുടുംബങ്ങളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന നമ്മുടെ രാജ്യത്ത് അവതരിപ്പിക്കപ്പെടുന്ന ബജറ്റുകളുടെ വിശ്വാസം നഷ്ടമായിരിക്കുന്നു....
ReplyDeleteപ്രദീപ്, ഞാന്‍ നരേന്ദ്ര മോഡിയുടെ ആരാധകനല്ല. പക്ഷേ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോള്‍ ബജറ്റിനു ശരിയായ ഒരു ദിശാബോധം ഉള്ളതായി തോന്നി.അതാണ് ഈ ചെറിയ കുറിപ്പിനു കാരണം.
Deleteവെട്ടത്താന്‍ സാറിന്‍റെ ബജറ്റിനെ കുറിച്ചുള്ള അവലോകനം വായിച്ചു.ഇഷ്ടപ്പെട്ടു...
ReplyDeleteഅവസാനം പറഞ്ഞപോലെ നമ്മള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികളും അധികാരികളായവരും ജനങ്ങളുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കും,നാടിന്‍റെ സര്‍വതോന്മുഖമായ വളര്‍ച്ചക്കും വേണ്ടി ശ്രദ്ധിക്കുന്നവരായിരുന്നുവെങ്കില്‍..............
ആഗ്രഹിച്ചുപോകുകയാണ്......
ആശംസകള്‍
നമ്മുടെ നിയമസഭാ സ്പോണ്‍സെഡ് പ്രോഗ്രാമുകളുടെ വേദിയാകുകയാണ്.അതിനിടെ ബജറ്റിനെക്കുറിച്ച് പഠിക്കാനും സംവദിക്കാനും ആര്‍ക്കുണ്ട് സമയം?
Deleteകാലിക പ്രസക്തം .ഇന്ന് ബജറ്റിനെകുറിച്ചുള്ള സാധാരണക്കാരുടെ ആവലാതികളൊക്കെ ഗണ്യമായി കുറഞ്ഞു ,,,കാരണം ഒരു ഗുണവും ആര് വന്നാലും തങ്ങള്‍ക്ക് ഉണ്ടാവില്ലെന്ന ശക്തമായൊരു വിശ്വാസം എല്ലാവരിലും അടിയുറച്ചു കഴിഞ്ഞു .
ReplyDeleteസാധാരണ ജനത്തിന് ഇതിലൊന്നും താല്‍പ്പര്യമില്ലാതായി.സ്വന്തം ഇന്‍കം ടാക്സ് ലിമിറ്റ് ഉയര്‍ത്തുന്നതിലെ താല്‍പ്പര്യമുള്ളൂ.അത് ഏതായാലും നന്നല്ല.
Deleteആദ്യത്തെ ബഡ്ജറ്റ് എന്നൊരു പരിഗണന ഇതിനു കൊടുക്കാം. ചുരുക്കം സമയം കിട്ടിയതും കഴിഞ്ഞ പത്തു വർഷങ്ങളായി മന്മോഹനോമിക്സ് അത്ര പെട്ടെന്നു മാറ്റാൻ കഴിയാത്തതും ഒഴികഴിവ് ആയി നൽകാം.
ReplyDeleteതെറ്റായ മുൻ ഗണന കൾ ആണ് വികസനത്തിന് എന്നും എതിര് നിൽക്കുന്നത്. ഭക്ഷണം ഫാക്ടറിയിൽ ഉണ്ടാകില്ല പാടത്ത് മാത്രമേ ഉണ്ടാകൂ എന്ന സത്യം അംഗീകരിക്കാൻ ഭരണാധികാരികൾ തയാറാകുന്നില്ല. കാർഷിക മേഖലയ്ക്കു മുൻ ഗണന നൽകാതെ മുന്നോട്ടു പോകാൻ കഴിയില്ല. ഇവിടെ അനാവശ്യ വസ്തുക്കൾ ഉണ്ടാക്കുന്ന കൂടുതൽ ഫാക്ടറി കൾ തുടങ്ങുന്നു. കാർ നിർമാണം നോക്കൂ. പബ്ലിക് ട്രാൻസ്പോർട്ട് കൂടുതൽ വന്നാൽ ഈ കാറും അതിൻറെ പെട്രോളും ലാഭിക്കാൻ കഴിയുമല്ലോ.
റെയിൽവേ അടിസ്ഥാന വികസനത്തിന് പ്രാഥമിക പരിഗണന നൽകാതെ അതി വേഗ തീവണ്ടികൾക്ക് ആയിരക്കണക്കിന് കോടികൾ മുടക്കുന്നത് ശരിയായ തീരുമാനമല്ല. കോർ സെക്ടർ ( കൽക്കരി,സ്റ്റീൽ വൈദ്യുതി എന്നിവ ) പൊതു മേഖലയിൽ നിർത്തിയത് കൊണ്ട് രാജ്യം വികസിച്ചു,. ഇന്ന് എല്ലാം സ്വകാര്യ വൽക്കരണം ആണ്.
ചൗധരി ചരണ് സിംഗ് 1997 ൽ അവതരിപ്പിച്ച ബജറ്റെ കാർഷികാഭിമുഖ്യമുള്ളതായി തോന്നിയിട്ടുള്ളൂ . ചരണ്‍ സിംഗ് ഒരു കർഷകനായിരുന്നു
Deleteപോര്‍ട്ടുകളെ കമ്പനികളാക്കല്‍ , 150 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വിമാനത്താവളങ്ങളില്‍ വിസ ഏര്‍പ്പാടാക്കുന്ന പദ്ധതി, 12 രൂപയ്ക്കു രണ്ടു ലക്ഷം രൂപയുടെ അപകട ഇന്‍ഷ്വറന്‍സ് പദ്ധതി, പരിമിതമായ സര്‍ക്കാര്‍ സഹായത്തോടെ പാവപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ പദ്ധതി ...അങ്ങിനെ പോസിറ്റീവ് ആയ പല കാര്യങ്ങളും ബജറ്റില്‍ ഉണ്ട്.
ReplyDeleteമോഡിക്ക് എന്തൊക്കെ കുറവുകളുണ്ടെങ്കിലും ബജറ്റിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങള്‍ കാണാതിരുന്നു കൂടാ.ഈ ഇന്‍ഷുറന്‍സ് പദ്ധതി പുതിയതല്ല.മന്മോഹന്‍ പണ്ട് നടപ്പാക്കി പിന്നീട് വിട്ടുപോയ 12 രൂപക്ക് ഒരു ലക്ഷം പദ്ധതി പൊടി തട്ടി എടുത്തതാണ്.
Deleteബജറ്റിനെ കുറിച്ചുള്ള അവലോകനം ഇഷ്ടായി ...
ReplyDeleteഎന്തായാലും ഇത്തവണത്തെ ബജറ്റ് അവതരണം വലിയ വിവാദത്തില്‍ കൊണ്ടെത്തിക്കാന്‍ കേരളീയര്‍ക്ക് സാധിച്ചു .
"കേരളം വളരുന്നൂ......."
Delete