ഒരു
കഥയാണ്. ഇന്ത്യയും റഷ്യയും ഒരു ഉലക്കയുടെ മുകളില്‍ കിടക്കുന്ന കാലം. ഭാരതം സന്ദര്‍ശിക്കുന്ന
റഷ്യയുടെ (ഇന്നത്തെ റഷ്യയല്ല, പഴയ USSR) പരമാധികാരി
ക്രൂഷ്ച്ചേവിന് അവിസ്മരണീയമായ ഒരു സ്വീകരണം കൊടുക്കണം എന്നു നെഹ്റു ആഗ്രഹിച്ചു.
ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും ഉള്ള സാദാ ജനം വിമാനത്താവളം തൊട്ടുള്ള റോഡില്‍
കാത്തുനിന്നു ക്രൂഷ്ച്ചേവിന് ജയ് വിളിച്ചു. ഇന്ത്യയുടെയും സോവ്യറ്റ് യൂണിയന്‍റെയും
പതാകകള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞു. അതിഥിയുടെ മനം നിറഞ്ഞു. സന്തോഷത്തോടെ അദ്ദേഹം
തിരക്കി “ ഇത്രയധികം ആളുകളെ നിങ്ങള്‍ എങ്ങിനെ അണി നിരത്തുന്നു?”
“വരുന്ന ഓരോരുത്തര്‍ക്കും ഞങ്ങള്‍ പത്തു
രൂപാ കൊടുക്കും” നെഹ്റുവിന്‍റെ മറുപടി. അദ്ദേഹം ക്രെംലിനില്‍ ചെന്നപ്പോഴും ഭയങ്കര
സ്വീകരണമായിരുന്നു. “നിങ്ങള്‍ എങ്ങിനെയാണ് ആളെ കൂട്ടുന്നത്” നെഹ്റു ചോദിച്ചു.
”വരാത്ത ഓരോരുത്തര്‍ക്കും ഞങ്ങള്‍ ഒരു
റൂബിള്‍ ഫൈന്‍ ഇടും” ക്രൂഷ്ച്ചേവിന്റ്റെ
മറുപടി കേട്ടിട്ട് നെഹ്റുവിന് എന്തു തോന്നിയെന്ന് അറിഞ്ഞു കൂടാ. റഷ്യയില്‍
ഇപ്പൊഴും കാര്യങ്ങള്‍ അങ്ങിനെ തന്നെയാണോ എന്നും അറിയില്ല. പക്ഷേ ഇന്ത്യയില്‍
കഥക്കു ഒരു മാറ്റവുമില്ല.
ആള് കൂടണമെങ്കില്‍ പൈസ മുടക്കണം.
ഒരു കാലത്ത് വിപ്ലവപ്പാര്‍ട്ടികള്‍ക്ക്
വേണ്ടി കയ്യും മെയ്യും മറന്നു കഷ്ടപ്പെടാനും പട്ടിണി കിടക്കാനും ധാരാളം
അണികളുണ്ടായിരുന്നു. അവര്‍ക്ക് ധാരാളം സ്വപ്നങ്ങളുമുണ്ടായിരുന്നു. ആ സ്വപ്നങ്ങളുടെ
പൂര്‍ത്തീകരണത്തിന് വേണ്ടി എത്ര കഷ്ടപ്പെടാനും പീഡനങ്ങള്‍ എല്‍ക്കാനും അവര്‍
തയ്യാറായിരുന്നു. പക്ഷേ കാലം മാറി. ഇന്നിപ്പോള്‍ പ്രകടനങ്ങളും ഓഫീസ് വളയലുകളും
ഒക്കെ ചെലവേറിയ കാര്യങ്ങളാണ്. സ്വപ്നങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഏത് അഭ്യാസത്തിനും
കൂലി കിട്ടണം. അതിനു അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.
വലതു പക്ഷ പാര്‍ട്ടികളുടെ അണികള്‍ ആദ്യം
തൊട്ടേ കൂലി ഇല്ലാതെ വേല ചെയ്യുന്നവരല്ല. ആളെ കൂട്ടാന്‍ കങ്കാണിമാര്‍ വേണം.
എല്ലാവര്‍ക്കും സന്തോഷമാവുകയും വേണം. എല്ലാം ചെലവേറിയ കാര്യങ്ങളാണ്. ഈ രീതി
പെട്ടെന്നു സംഭവിച്ചതല്ല. ക്രമേണ നമ്മുടെ നാടിന്‍റെ പൊതു പ്രവര്‍ത്തനത്തില്‍ വന്നു
ഭവിച്ചതാണ്.
ഇവിടെ ഏറ്റവും ഉയര്‍ന്നു കേള്‍ക്കുന്ന
വാക്ക് “അഴിമതി” എന്നതാണു. പ്രതിപക്ഷം എന്നും ഭരണപക്ഷത്തിന്‍റെ അഴിമതികള്‍ക്കെതിരെ
പോരാട്ടത്തിലാണ്. ഈ പക്ഷങ്ങള്‍ അന്യോന്യം മാറുമ്പോഴും അഴിമതിക്കും അതിനെതിരെയുള്ള
പോരാട്ടത്തിനും ഒരു മാറ്റവുമില്ല. എന്നാല്‍ വ്യാപകമായ അഴിമതിക്ക് ഒരു കുറവുമില്ല.
ഇപ്രാവശ്യം ശ്രീ .കെ.എം. മാണിക്കെതിരെ
ബാര്‍ കോഴ ആരോപണങ്ങളുണ്ടായപ്പോള്‍ പാലാ പ്രദേശങ്ങളില്‍ നിന്നുള്ള ആരെക്കണ്ടാലും
ഞാന്‍ സത്യം തിരക്കാറുണ്ട്. മാണിയുടെ ശത്രുക്കളും മിത്രങ്ങളും അനുയായികളുമടക്കം
ഒരാളും മാണി കാശ് വാങ്ങിയിട്ടുണ്ടാവില്ല എന്നു പറഞ്ഞില്ല. എതിരാളികള്‍ മാണി കടും
വെട്ട് വെട്ടുകയാണെന്നും മൂപ്പിറക്കുകയാണെന്നും പറഞ്ഞു. ആരാണ് തിരഞ്ഞെടുപ്പ്
ആവശ്യങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കും പൈസ വാങ്ങാത്തത് എന്നാണ് അനുയായികള്‍
ചോദിച്ചതു.
തിരഞ്ഞെടുപ്പുകള്‍ ചെലവേറിയ ഇടപാടായി
മാറിയത് ഇന്നും ഇന്നലെയുമല്ല. ഒരു കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുപോലും ലക്ഷങ്ങളുടെ
ഇടപാടായി മാറിയിട്ട് നാളുകളേറെയായി. ഇപ്പോള്‍ ഭരണ പക്ഷത്തും പ്രതിപക്ഷത്തും
ഇരിക്കുന്ന പാര്‍ട്ടികളെല്ലാം നന്നായി പൈസ ചെലവാക്കിയാണ് തിരഞ്ഞെടുപ്പിനെ
നേരിടുന്നത്. ഏറ്റവും വലിയ ആദര്‍ശ ശ്രീരാമന്‍മാരുടെ തിരഞ്ഞെടുപ്പുകളിലും പണം വാരി വിതറുന്നുണ്ട്.
അവര്‍ കൈക്കൂലി വാങ്ങാത്തവരും അറിഞ്ഞുകൊണ്ട് അഴിമതി കാട്ടാത്തവരും ആകാം. സാധാരണക്കാരായ
പൊതുജനം അവരുടെ ആദര്‍ശ ധീരതയെയും അഴിമതിവിരുദ്ധ നിലപാടുകളെയും വാനോളം വാഴ്ത്തുന്നുമുണ്ട്.
പക്ഷേ അഴിമതിയിലൂടെ നേടിയ പണം തന്നെയാണ് അവര്‍ക്കുവേണ്ടിയും ചെലവാക്കപ്പെടുന്നത്. നമ്മുടെ
ആദര്‍ശ കേസരികള്‍ ഇതൊന്നും അറിയുന്നില്ല എന്നും കരുതാന്‍ വയ്യ.
വന്നു വന്നു, പാര്‍ട്ടി
പ്രവര്‍ത്തനത്തിനും തിരഞ്ഞെടുപ്പ് ആവശ്യത്തിനും
കാശ് വാങ്ങുന്നത് വലിയ അഴിമതിയാണ് എന്നു ജനം പോലും കരുതാത്ത അവസ്ഥയായിരിക്കുന്നു. തനിക്കും
കൂടെ നില്‍ക്കുന്നവര്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തനത്തിനും തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കും
വേണ്ട ഫണ്ട് ഉണ്ടാക്കാന്‍ കഴിയാത്ത നേതാവിന് ഭാവിയില്ല. ഒരു അച്യുതാനന്ദനെയോ ആന്‍റണിയെയോ
ഒക്കെ നമുക്ക് വേണം. അവരെ ശ്രീകോവിലില്‍ പ്രതിഷ്ഠിക്കാനും ആരാധിക്കാനുമാണ്.പക്ഷേ ഇത്തരം
നേതാക്കന്മാരുടെ എണ്ണം കൂട്ടാന്‍ ജനം പോലും സമ്മതിക്കില്ല.
നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയക്ക് വലിയ
തകരാറുണ്ട്. തിരഞ്ഞെടുപ്പാവശ്യത്തിന് ചെലവഴിക്കാവുന്ന തുകയ്ക്ക് പരിധിയുണ്ട്. ആ പരിധിയിലൊതുങ്ങി
ഒരു തിരഞ്ഞെടുപ്പും നടക്കുന്നില്ല എന്നു എല്ലാവര്‍ക്കുമറിയാം.കണ്ണടച്ച് പാലുകുടിക്കുന്ന
പൂച്ചകളെപ്പോലെയാണ് പൊതുജനവും വരണാധികാരികളും.
എന്താണ് പരിഹാരം? രാഷ്ട്രീയ
പാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് കൊടുക്കണം എന്നു ശക്തമായ ആവശ്യമുണ്ട്. പക്ഷേ ഇന്ത്യയെപ്പോലൊരു
രാജ്യത്തു തീരെ പ്രായോഗികമല്ല ആ നിര്‍ദ്ദേശം. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്
സംഭാവന കൊടുക്കുന്ന തുക ടാക്സിന്‍റെ പരിധിയില്‍ നിന്നൊഴിവാക്കണം എന്നൊരു നിര്‍ദ്ദേശമുണ്ട്.
പരിഗണിക്കാവുന്നതാണ്. തിരഞ്ഞെടുപ്പ് പ്രചാരണക്കാലം ഏഴു ദിവസമാക്കിക്കുറയ്ക്കുന്നത്
തീര്‍ച്ചയായും ചെലവ് കുറയ്ക്കും. പ്രചാരണ റാലികളും പൊതുയോഗങ്ങളും ഇല്ലായിരുന്നെങ്കില്‍
ചെലവ് നന്നായി കുറയ്ക്കാമായിരുന്നു. പക്ഷേ ഇതിനൊക്കെ ഗുണങ്ങളും ദോഷങ്ങളുമുണ്ട്.
കള്ളപ്പണം ഉന്മൂലനം ചെയ്താല്‍ അഴിമതി ഇല്ലാതാക്കാം.
പക്ഷേ എങ്ങിനെ? സ്രോതസ്സ് വെളിപ്പെടുത്താന്‍ വയ്യാത്ത കള്ളപ്പണം ബക്കറ്റ് പിരിവിലൂടെ
വെളുപ്പിക്കുന്ന നാടാണ് നമ്മുടേത്. ഓരോ നിയമവും നടപ്പാക്കേണ്ടവര്‍ നിസ്സഹായരായി മാറുന്ന
ഒരു ഇലക്ഷന്‍ സിസ്റ്റം നിലനില്‍ക്കുന്നിടത്തോളം കാലം അഴിമതി തുടച്ചുമാറ്റുക എന്നത്
ഒരു മധുരമുള്ള സ്വപ്നമായിത്തന്നെ തുടരും.
www.vettathan.blogspot.in
മൂന്നാം ലോക രാജ്യങ്ങള്‍ വളര്‍ച്ചയില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അഴിമതിയാണ്. പിന്നോട്ട് വലിക്കുന്ന അതിര്‍ത്തി പ്രശ്നവും വിഘടനവാദവും ഒക്കെ അത് കഴിഞ്ഞേയുള്ളൂ. എന്തെങ്കിലും വിലക്ക് വന്നാല്‍ അത് സ്വാത്യന്ത്രത്തെ ഹനിക്കുന്നതാകുന്ന സമ്പൂര്‍ണ്ണ ജനാധിപത്യത്തിന്റെ പോരായ്മകള്‍ ഏറെയാണ്. പ്രതിഷേധം ഇല്ലെങ്കില്‍ സകലതും അപ്പാടെ വിഴുങ്ങുന്ന കോര്‍പ്പറെറ്റു ഭീഷണി മറുവശത്തും.
ReplyDeleteപോംവഴിക്കായി ഞാന്‍ ഡല്‍ഹിയെ ഉറ്റുനോക്കുന്നു. എന്തൊക്കെയായാലും കേരളത്തില്‍ ആദ്യം കാശുകൊടുത്ത് അണികളെ ഇറക്കി ബഹുജന റാലി സംഘടിപ്പിച്ച് തുടക്കമിട്ടത് കരുണാകരന്റെ ഡി.ഐ.സി. (കെ) ആകും ഇല്ലേ?
കരുണാകരന്‍ അങ്ങിനെ ചെയ്തു എന്നത് വസ്തുതയാണ്.പക്ഷേ 60കളില്‍ തന്നെ പല ചെറിയ പാര്‍ട്ടികളും ഈ രീതി നടപ്പിലാക്കിയിരുന്നു.അടിയന്തിരാവസ്ഥക്കാലത്ത് പ്യൂണ്‍ മാരും ക്ലാര്‍ക്കുമാരും കൈക്കൂലി വാങ്ങുന്നത് നിന്നു പോയിരുന്നു.(ഉന്നതങ്ങളിലെ കൈക്കൂലി ഇരട്ടിച്ചു) നമ്മുടെ സംവിധാനത്തില്‍ ഇനിയും ഗുണകരമായ മാറ്റങ്ങളേറെ ഉണ്ടാകേണ്ടതുണ്ട്.പക്ഷേ അത് ജനാധിപത്യത്തിന്‍റെ കടയ്ക്കല്‍ കത്തി വെച്ചിട്ടാകരുത്.
Deleteഅഴിമതി നമ്മുടെ സ്വഭാവമായിമാറിയിട്ടുണ്ട്. മാറ്റുന്നതെങ്ങനെ
ReplyDeleteസംസ്ഥാനത്തായാലും കേന്ദ്രത്തിലായാലും ഭരിക്കുന്നവരും പിന്നീട് ഭരിക്കുന്നവരുമെല്ലാം അഴിമതി കാണിക്കുന്നൂ എന്നതാണു വസ്തുത.പാര്‍ട്ടിക്കുവേണ്ടി കാശ് വാങ്ങുന്നത് തെറ്റല്ല എന്നൊരു ധാരണ പൊതുവേയുണ്ട്.അഴിമതിയിലേക്ക് നയിക്കുന്ന ആദ്യ ഘടകം നമ്മുടെ തിരഞ്ഞെടുപ്പ് സംവിധാനം തന്നെയാണ്.കള്ളപ്പണം ഇല്ലാതെ തിരഞ്ഞെടുപ്പിനെ നേരിടുക ഇന്ന് മിക്കവാറും അസാദ്ധ്യമായിരിക്കുന്നു. വോട്ട് ചെയ്യാന്‍ കാശ് കണക്ക് പറഞ്ഞു മേടിക്കുന്ന ഒരു വലിയ വിഭാഗമുണ്ട്. ഏതവന്‍ ജയിച്ചാലും നമുക്ക് ഒരു ഗുണവുമില്ല എന്നു പരസ്യമായി പറയാന്‍ മടിയില്ലാത്തവര്‍.ഒരു ഓഫീസില്‍ രണ്ടോ മൂന്നോ പ്രാവശ്യം പോകുന്നതിലും ഭേദം കാര്യങ്ങള്‍ ഒറ്റയടിക്ക് നടത്തിക്കിട്ടുകയാണെന്ന് കരുതുന്നവരുടെ എണ്ണം പെരുകുന്നു. ഇപ്പോഴത്തെ അവസ്ഥക്ക് രാഷ്ട്രീയക്കാരെ മാത്രം കുറ്റം പറഞ്ഞിട്ടു ഒരു കാര്യവുമില്ല
Deleteമറ്റൊരു സ്വകാര്യംകൂടി പറയാം - ഇലക്ഷന്റെ തലേദിവസം സന്ധ്യകഴിഞ്ഞ് പ്രവർത്തകർ ലക്ഷംവീട് കോളനികൾ പോലുള്ള കോളനികളിൽ പോയി വീട്ടുകാർക്ക് പണം കൊടുക്കുന്ന ഒരേർപ്പാടുണ്ട്. നിലവിളക്കൊക്കെ കത്തിച്ച് കുട്ടികളുടെ തലയിൽതൊട്ട് സത്യം ചെയ്യിച്ച ശേഷം നൂറോ നൂറ്റമ്പതോ കൊടുക്കും - ഭൗതികവാദ വിപ്ലവപ്പാർട്ടിയാണ് ഈ കാര്യത്തിൽ ഒന്നാമത് !!! -
ReplyDeleteവിവരാവകാശനിയമം പോലുള്ള നിയമനിർമ്മാണങ്ങളിലൂടെ മാത്രമെ നമ്മുടെ രാജ്യത്തെ അഴിമതിയെ നിയന്ത്രിക്കാനാവുകയുള്ളു........
നൂറിന്‍റെയും നൂറ്റമ്പതിന്റെയും കാലം എന്നെ കഴിഞ്ഞുപോയി.നേതാക്കന്മാരെക്കാളും വലിയ വീരന്മാരാണ് നമ്മുടെ വോട്ടര്‍മാര്‍.ഇലക്ഷന്‍റെ തലേന്ന് തന്നെ ആളുകളെ തങ്ങളുടെ ക്യാമ്പുകളില്‍ എത്തിച്ച് സേവിക്കാനുള്ളതെല്ലാം കൊടുത്തു വോട്ട് ഉറപ്പാക്കുന്നവരെയും കണ്ടിട്ടുണ്ട്.ആര് ആരെയാണ് പറ്റിക്കുന്നതെന്ന് ചിലപ്പോള്‍ തോന്നിയിട്ടുണ്ട്.
Deleteശരിക്കും മനുഷ്യന്റെ ആഡംബരജീവിതത്തോടുള്ള പെരുകിയ ആര്ത്തിയല്ലേ കാരണം? എന്നെകൊണ്ട് കഴിയാത്തത് പോലും ചെയ്ത് എന്നെക്കാള്‍ വലിയവന്റെ ഒപ്പം എത്തണം എന്ന വരുത്തിത്തീര്‍ക്കല്‍. അതിനുവേണ്ടി എങ്ങിനെയും പണം ഉണ്ടാക്കുക എന്ന ത്വര. അതില്‍ രാഷ്ട്രീയവും പെടും എന്നല്ലാതെ അതാണ് പ്രധാന കാരണം എന്നെനിക്ക് തോന്നുന്നില്ല. പണിയൊന്നും ചെയ്യാതെ വെറുതെ പണം നേടുകയും ആര്മ്മതിക്കുകയും ചെയ്യുക എന്ന രീതി. അനങ്ങുന്നതിനു കാശ് വേണം എന്നത് ആളെക്കൂട്ടാന്‍ ഉള്ളിടത്ത് മാത്രമല്ല, താരതമ്യേന അധികം ബുദ്ധിമുട്ടില്ലാത്തതും ദേഹം അനങ്ങാത്തതുമായ പണിയും തട്ടിപ്പും എല്ലാം അത്തരം മാറിയ മനുഷ്യന്റെ കുഴപ്പങ്ങള്‍ അല്ലെ? അതിനെ നമ്മള്‍ എവിടെയെങ്കിലും ഒരു സ്ഥലത്ത് മാത്രമായി ചിന്തിച്ചാല്‍ ഒന്നുമാകില്ല എന്ന് തോന്നുന്നു.
ReplyDeleteപൂര്‍ണ്ണമായും യോജിക്കുന്നു. നാം രാഷ്ട്രീയക്കാരെ കുറ്റം പറയുന്നു.എന്നിട്ട് നിയമ വിരുദ്ധമായോ ,എളുപ്പത്തിലോ കാര്യങ്ങള്‍ നടത്തിക്കിട്ടാന്‍ അവരെത്തന്നെ സമീപിക്കുന്നു.നടന്നു കഴിഞ്ഞാല്‍ സ്വകാര്യ സംഭാഷണങ്ങളില്‍ നടത്തിത്തന്നവരെ അപഹസിക്കുന്നു.നമ്മുടെ സമൂഹം ഇങ്ങിനെ തരം താഴുമ്പോള്‍ രാഷ്ട്രീയക്കാരെ പഴിപറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്.അവരും ഈ സമൂഹത്തിന്‍റെ ഭാഗം തന്നെ.
Deleteരാഷ്ട്രീയത്തില്‍ വരുന്നതുതന്നെ പണമുണ്ടാക്കാനുള്ള വഴിയാണെന്ന് കാണുന്നവരാണ് ഇന്നധികവും. രാഷ്ട്രീയാദര്‍ശങ്ങളും,ആദര്‍ശങ്ങളും,രാഷ്ട്രസേവനമെന്ന ലക്ഷ്യവും പുകമറയ്ക്കുള്ളില്‍..........
ReplyDeleteകാര്യങ്ങള്‍ വേഗം നടത്തേണ്ടികിട്ടേണ്ടവര്‍ അതിനുള്ള കരുനീക്കങ്ങള്‍ നടത്തുന്നു.വേണ്ടപ്പെട്ടവര്‍ക്ക് കൈകൂലി കൊടുത്ത് കാര്യങ്ങള്‍ നേടിയെടുക്കുന്നു.........
കഥയറിയാത്ത പാവം ജനങ്ങള്‍ കഥകളി കണ്ട് മിഴിച്ചുനില്‍ക്കുന്നു....
കുറിപ്പ് നന്നായി വെട്ടത്താന്‍ സാര്‍
ആശംസകള്‍
പൊതുജനവും രാഷ്ട്രീയക്കാരും ഒരുപോലെ ഇക്കാര്യത്തില്‍ കുറ്റക്കാരാണ്.ഇലക്ഷന്‍ പ്രചാരണത്തിന് കൂലി വാങ്ങുന്ന പ്രവര്‍ത്തകര്‍,വോട്ട് ചെയ്യുന്നതിന് പൈസ ചോദിക്കുന്ന സമ്മതി ദായകര്‍,കാര്യങ്ങള്‍ വേഗത്തില്‍ നടത്തിക്കിട്ടാന്‍ എന്തും ചെയ്യുകയും പിന്നീട് അഴിമതിയെക്കുറിച്ച് വിലപിക്കുകയും ചെയ്യുന്ന പൊതുജനം-എല്ലാവരും ഇന്നത്തെ അവസ്ഥക്ക് കാരണക്കാരാണ്.
Deleteപ്രചരണം പൂർണമായും ഒഴിവാക്കുക. എന്തിനാണ് പ്രചരണം. സ്ഥാനാർഥി കളുടെ ഗുണഗണങ്ങൾ പറഞ്ഞുകൊടുക്കാൻ ഒന്നുമല്ലല്ലോ. അതിന് എല്ലാവരും തുല്ല്യ അഴിമതിക്കാർ. സ്ഥാനാർത്ഥി കളുടെ പേരും ഫോട്ടോയും നിശ്ചിത സ്ഥലങ്ങളിൽ പ്രദർശിപ്പിയ്ക്കുക.ചുവരെഴുത്തില്ല ,ബാനറില്ല,പോസ്റർ ഇല്ല , മൈക്ക് കൊലാഹലമില്ല പ്രചരണ ജാഥകൾ ഇല്ല, തെരഞ്ഞെടുപ്പു യോഗങ്ങൾ ഇല്ല. തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ സർക്കാർ വക മീറ്റിംഗ്. ഓരോ സ്ഥാനാർത്ഥിയ്ക്കും സംസാരിയ്ക്കാൻ അവസരം. ബാക്കി ടെലി വിഷനിൽ സർക്കാർ സമയം കൊടുക്കണം ഓരോ സ്ഥാനാർത്ഥിയ്ക്കും സംസാരിയ്ക്കാൻ. അഴിമതി അവസാനിയ്ക്കും.
ReplyDeleteടെലിവിഷന്‍ വ്യാപകമായ സ്ഥിതിക്ക് പരീക്ഷിച്ചു നോക്കാവുന്നതാണ്.ചുവരെഴുത്തും പൊതുയോഗങ്ങളും നിരോധിക്കുന്നതില്‍ സ്ഥാനാര്‍ത്ഥികള്‍ക്കും സന്തോഷമേ കാണൂ. ഏതായാലും നമ്മുടെ ജനാധിപത്യത്തിന്‍റെ ചെലവ് കുറച്ചേ പറ്റൂ.
Deleteഭീമമായ തെരഞ്ഞെടുപ്പ് ചെലവ് സൃഷ്ടിക്കുന്ന മറ്റൊരു പ്രധാന പ്രശ്നം ഉണ്ട്. പാരമ്പര്യ അഴിമതി പാർട്ടികളിലൂടെ അല്ലാതെ വ്യക്തികൾക്കോ സംഘടനകൾക്കോ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കാത്ത അവസ്ഥ. നേരായ വഴിയിലൂടെ വന്നു ചേരുന്ന പണം കൊണ്ട് മാത്രം തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥികളോട് ഏറ്റുമുട്ടാൻ കഴിയാത്ത സാഹചര്യം.
ReplyDeleteപിന്നെ, അഴിമതിയുടെ അടിവേരുകൾ ഡെമോക്രസിയിലാണോ ബ്യൂറോക്രസിയിലാണോ എന്ന ഒരു സംശയം ബാക്കി.
ബ്യൂറോക്രസിയാണ് അഴിമതിയുടെ വളര്‍ത്തച്ചന്‍.രാഷ്ട്രീയക്കാരെ അഴിമതിയിലേക്ക് പിച്ച വെയ്ക്കാന്‍ പരിശീലിപ്പിക്കുന്നതും അവര്‍ തന്നെ.താങ്കള്‍ പറഞ്ഞത് ശരിയാണ്.ഏതെങ്കിലും പാര്‍ട്ടിയുടെ ലേബലിലല്ലാതെ തിരഞ്ഞെടുപ്പിനെ നേരിടുക അസാദ്ധ്യമായി വരികയാണ്. തിരഞ്ഞെടുപ്പ് ചെലവുകള്‍ കുറയുന്ന സാഹചര്യമുണ്ടാവാതെ അഴിമതി കുറയില്ല.
Deleteഅഴിമതി ഒരു തുടരന്‍ പ്രക്രിയ തന്നെ....
ReplyDeleteനമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് അഴിമതിയെ പ്രോല്‍സാഹിപ്പിക്കുന്ന ഏറ്റവും വലിയ ഘടകം.
Deleteഓരോ നിയമവും നടപ്പാക്കേണ്ടവര്‍ നിസ്സഹായരായി മാറുന്ന ഒരു ഇലക്ഷന്‍ സിസ്റ്റം നിലനില്‍ക്കുന്നിടത്തോളം കാലം അഴിമതി തുടച്ചുമാറ്റുക എന്നത് ഒരു മധുരമുള്ള സ്വപ്നമായിത്തന്നെ തുടരും. Athuthanne.
ReplyDeleteഅഴിമതി വ്യാപകമാകുന്നതില്‍ നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയക്ക് വലിയ പങ്കുണ്ട്
Delete80ലെത്തിയ മാണിയുടെ അധികാരം മകനിലേക്ക് കേന്ദ്രീകരിക്കാനുള്ള ശ്രമത്തിന്റെ ഫലമായുള്ള പൊട്ടിത്തെറി മാത്രമാണു naam kurrae kaalamaayi kaaNunnath.80ലെത്തിയ മാണിയുടെ അധികാരം മകനിലേക്ക് കേന്ദ്രീകരിക്കാനുള്ള ശ്രമത്തിന്റെ ഫലമായുള്ള പൊട്ടിത്തെറിയാണ് നാംകാണുന്നത്.
ReplyDeleteമാണി അഴിമതി കാണിക്കുന്നില്ലെന്ന് പാലായിലെ കൊച്ച്കുഞ്ഞുങ്ങൾ പോലും വിശ്വസിക്കുന്നില്ല.വിമതനായി നിൽക്കുന്ന ഒരു നേതാവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഇലക്ഷന്റെ അന്ത്യദിനങ്ങളിൽ കോളനികളിൽ വിതരണം ചെയ്ത ഒന്നേകാൽ കോടി രൂപയാണു മാണിയെ വേറും 5000 ത്തിനടുത്ത ഭൂരിപക്ഷത്തിനെങ്കിലും ജയിപ്പിച്ചത്.
എന്തായലും മാണി പാലായിലെ എല്ലാ നേതാക്കൾക്കും പ്രിയങ്കരനാണു.
കേ.കോ മണ്ഡലങ്ങളിലെ റോഡുകൾ മാത്രം മതി മാണിക്കും മകനും എന്നും ജയിച്ച് വരാൻ.!!!
രാഷ്ട്രീയത്തില്‍ സാധാരണ ജനം കാണുകയും കേള്‍ക്കുകയും ചെയ്യുന്നതിനപ്പുറമാണ് സത്യം.മാണി അഴിമതി ചെയ്തിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല.പക്ഷേ രാജിവെയ്ക്കാന്‍ മുറവിളി കൂട്ടുന്നവരടക്കം ആരുടെ കൈകളാണ് ശുദ്ധമായിട്ടുള്ളത്? അതാണ് നാടിന്‍റെ യഥാര്‍ത്ഥ ശാപം
Deleteആദ്യം പറഞ്ഞ സംഗതിയാണ് നമ്മളും
ReplyDeleteമറ്റ് മുന്നേറ്റ രാജ്യങ്ങളും തമ്മിലുള്ള വത്യാസം.
നമ്മൾ കൈക്കൂലി / അഴിമതി മുഖാന്തിരം എല്ലാം നേടുന്നു.
മറ്റുള്ളവർ ഫൈൻ നടപടികളുമായി എല്ലാം പ്രോംട്ടായി നടപ്പാക്കുന്നു
( മന്ത്രിയായാലും , സാധാരണക്കാരനായാലും ഫൈൻ ഈടാക്കും , നിയമത്തിന്റെ മുമ്പിൽ ആർക്കും ഒരു വിട്ടു വീഴ്ച്ചയുമില്ല )
വേലി വിളവ് തിന്നുന്ന കാലത്തോളം നമുടെ അഴിമതികൾ ഇതുപോലെ തുടർന്ന് കൊണ്ടിരിക്കും
നമ്മളും ഈ മുന്നേറ്റ രാജ്യങ്ങളുടെ നിലയിലേക്ക് എത്തുക തന്നെ ചെയ്യും.അവരും ഇരുട്ടി വെളുത്തപ്പോള്‍ പുണ്യവാളന്‍മാരായതല്ലല്ലോ.
Deleteഅഴിമതി ഒരിക്കലും ഭാരതത്തില്‍ നിന്നും തുടച്ചു നീക്കാന്‍ കഴിയാത്തവണ്ണം ഒരു സ്വഭാവം ആയി മാറിക്കഴിഞ്ഞിരിക്കുന്നു......
ReplyDeleteവ്യക്തികൾ മാറാതെ സമൂഹം മാറില്ല......
അടിസ്ഥാന പ്രശ്നം അത് തന്നെയാണ്.നാം,ജനം,തന്നെ ആണ് ഇക്കാര്യത്തില്‍ ഒന്നാം പ്രതി.
Deleteരണ്ടു പ്രശ്നങ്ങളാണ് പ്രധാനമായും ഉള്ളതെന്നു തോന്നുന്നു .
ReplyDeleteആദ്യത്തേത്,അഴിമതിക്കെതിരെയുള്ള പ്രതിഷേധം എല്ലാവർക്കുമുണ്ടെങ്കിലും,തന്റെ ജീവിതത്തിനെ നേരിട്ടു ബാധിക്കാത്തിടത്തോളം അതു നമ്മുടെ വ്യവസ്ഥയുടെ ഒരു ഭാഗമായിക്കണ്ട് മുന്നോട്ടുപോകാനാണ് എല്ലാവർക്കും താല്പര്യം.അന്യായമായി ഒരു രൂപ പോലും കൊടുക്കില്ല എന്ന് എല്ലാവരും തീരുമാനിച്ചാൽ,പിന്നെ അഴിമതി എങ്ങനെ ഉണ്ടാവും?
രണ്ടാമത്തേത്,അഴിമതിക്കാരായ നേതാക്കനമാരെ തെരഞ്ഞെടുപ്പിൽ തോല്പ്പിക്കാൻ ജനം തീരുമാനിച്ചാൽത്തന്നെയും,ഒരു പാർട്ടിയുടെ പിന്തുണ ഇല്ലാതെ ആർക്കും തിരഞ്ഞെടുപ്പിൽ ജയിക്കാൻ പറ്റാത്ത അവസ്ഥയാണ്.പല കള്ളന്മാർക്കിടയിൽ നിന്നും ഒരുത്തനെ തെരഞ്ഞെടുക്കേണ്ട ഗതികേട്.ഒരു നിശ്ചിത ശതമാനം ജനങ്ങളുടെ പിന്തുണ ലഭിച്ചാലേ ജയിക്കൂ എന്നൊരു അവസ്ഥ വന്നാൽ മാത്രമേ ഇതിനു കുറച്ചെങ്കിലും മാറ്റം വരൂ.'ഇവരാരുമല്ല' എന്ന ഒരു ഓപ്ഷൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൊണ്ടുവന്നെങ്കിലും,അസാധു വോട്ടിന്റെ ഫലമേ ചെയ്തുള്ളൂ.
പോസ്റ്റ് വളരെ നന്നായി സർ.വൈകിയ വായനയ്ക്ക് മാപ്പ്.
നാം തന്നെ അഴിമതിക്കാരായി മാറുന്നതല്ലേ യഥാര്‍ത്ഥ പ്രശ്നം?
Deleteമിക്കവാറുമുള്ള അഴിമതികള്‍ അവസാനം ചെന്നെത്തുക "ആഴി" മതിയിലാകും ..!
ReplyDeleteഅഴിമതിയിയുടെ വാര്ത്തകള്‍ കെട്ടില്ലെങ്കില്‍ ഉറക്കം വരില്ല എന്ന അവസ്ഥയിലായി നാം.
ReplyDeleteഒരു മാറ്റത്തിനായ് കാതോ൪ക്കാം...
ReplyDeleteyou said well...
thaanaanu azhimathiyude gunabhokthaavenkil athu sasanthosham anubhavikkukayum, thaanaanu athinde durantham anubhavikkunnathenkil athinethire nilavilikkukayum cheyyunna samooham thane yaanu azhimathiyude srashtaakal . ee oru samoohathinu ithil param nalla bharana karthaakale kittaanilla
ReplyDeleteഅത് തന്നെയാണ് പറയാന്‍ ശ്രമിച്ചത്.അടിസ്ഥാനപരമായി നാമാണ് കാരണക്കാര്‍.
Deleteനമ്മുടെ ഇരട്ടത്താപ്പും കാപട്യവുമാണ് അഴിമതിയെ തഴച്ചു വളരാൻ സഹായിക്കുന്നത്. എല്ലാ മേഖലയിലും അതാണ് സ്ഥിതി.
ReplyDeleteഅതാണ് ശരി.തിരുത്തല്‍ നമ്മില്‍ നിന്നു തന്നെ തുടങ്ങണം.
Delete