Tuesday, 16 June 2015

മോഡിയുടെ ഒരു വര്‍ഷം




    ആഘോഷങ്ങളും അമിതമായ വായ്ത്താരികളും കഴിഞ്ഞു. ഇനി വിലയിരുത്തലുകളുടെ സമയമാണ്.
    
   ഒരു വര്‍ഷം പുതിയൊരു ഭരണാധികാരിയെ സംബന്ധിച്ചിടത്തോളം അത്ര ചെറിയോരു കാലഘട്ടമല്ല. അത്ര വലുതുമല്ല. ഒന്നും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും സര്‍ക്കാരിന്‍റെ ദിശ വ്യക്തമാക്കാന്‍ ഈ സമയം മതി. മോഡി ഇലക്ഷന്‍ ജയിക്കുന്നതിന് മുന്‍പ് ഈയുള്ളവന്‍ നമോവാകം എന്ന പേരില്‍ ഒരു കുറിപ്പ് എഴുതിയിരുന്നു.  http://www.vettathan.blogspot.in/2014/03/blog-post_27.html . അതിന്‍റെ തുടര്‍ച്ചയാണ് ഈ ലേഖനം.


     നരേന്ദ്ര മോഡിയുടെ കുറവുകള്‍ (ഗുണങ്ങളും) അദ്ദേഹത്തിന് പാരമ്പര്യമായിക്കിട്ടിയതാണ്. കെട്ടിയ പെണ്ണിനെ വിട്ടുകളഞ്ഞു ആര്‍.എസ്.എസ്സിനെ വരിച്ച പ്രവര്‍ത്തകനാണ് അദ്ദേഹം. അത്കൊണ്ടു തന്നെ  നിലപാടുകളിലെ കാര്‍ക്കശ്യം അപ്രതീക്ഷിതമല്ല. നെഹ്റുവിന് പകരം പട്ടേല്‍, ഗാന്ധിജിക്ക് പകരം ഗോഡ്സെ ഇങ്ങിനെ നിരവധി സംഘപരിവാര്‍ ശ്രമങ്ങള്‍ക്ക് മോഡിയുടെ മൌനാനുവാദമെങ്കിലും കിട്ടിയില്ലെങ്കിലെ അത്ഭുതമുള്ളൂ. അക്കാര്യങ്ങളൊന്നും ഈ ലേഖനത്തിന്‍റെ വിഷയമല്ല. ഭരണത്തില്‍ ചടുലതയും സാമ്പത്തിക രംഗത്ത് വമ്പന്‍ മുന്നേറ്റവും എല്ലാവരും പ്രതീക്ഷിച്ചിരുന്നു. ഈ രംഗത്ത് എന്തു മാറ്റമാണ് ഉണ്ടായതെന്ന് പരിശോധിക്കാം.

    നീണ്ട പത്തു മാസങ്ങള്‍ക്ക് ശേഷം ഈ ആഴ്ച്ച ചീഫ് വിജിലന്‍സ് കമ്മീഷണറുടെയും ചീഫ് ഇന്‍ഫൊര്‍മേഷന്‍ ഓഫീസറുടെയും പോസ്റ്റുകളിലേക്ക് ആളെത്തി. അഴിമതിക്കെതിരെ ചന്ദ്രഹാസമിളക്കി അധികാരത്തിലെത്തിയ മോഡിക്ക് അഴിമതി തടയാനുള്ള സംവിധാനത്തിന്‍റെ മുഖ്യനെ കണ്ടെത്താന്‍ വേണ്ടി വന്ന സമയം, പത്തു മാസം. മൂന്നു പേരുള്ള വിജിലന്‍സ് കമ്മീഷനിലെ ഒരംഗത്തിന്‍റെ പോസ്റ്റ് ഇപ്പൊഴും ഒഴിഞ്ഞു തന്നെ കിടക്കുന്നു. എല്ലാം സുതാര്യമാകും എന്നു പറഞ്ഞു അധികാരത്തിലെത്തിയവര്‍ക്ക് ചീഫ് ഇന്‍ഫൊര്‍മേഷന്‍ ഓഫീസര്‍ ഇല്ലെങ്കില്‍ ഒരു പ്രശ്നവുമില്ല. ഭരണത്തിലെ ഈ നിശ്ചലാവസ്ഥ എല്ലാ രംഗങ്ങളിലും പ്രകടമാണ്. മൂന്നു ഐ.ഐ.എമ്മുകളില്‍ (റാഞ്ചി,കോഴിക്കോട്,ലക്നൌ) ഒരു വര്‍ഷമായി ഡയറക്റ്റര്‍മാരില്ല. സര്ക്കാര്‍ നിയമിച്ച സെലക്ഷന്‍ കമ്മിറ്റി സമര്‍പ്പിച്ച പാനലുകള്‍ എല്ലാം തള്ളിയ വിവാദ മന്ത്രി (അതേ ഗോവയില്‍ തുണിക്കടയില്‍ ക്യാമറ വെച്ചു എന്നു പറഞ്ഞു വാര്‍ത്തകളില്‍ നിറഞ്ഞ സുന്ദരി തന്നെ) പുതിയ പാനലുകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പാറ്റ്ന, ഭുവനേശ്വര്‍, റോപ്പര്‍ എന്നിവിടങ്ങളിലെ ഐ.ഐ.ടി കള്‍ക്ക് ഡയറക്റ്റര്‍മാര്‍ ഇല്ലാതായിട്ടും നാളുകളേറെയായി. ഈ മൂന്നു സ്ഥാപനങ്ങളിലേക്ക് സിലക്ഷന്‍ കമ്മിറ്റി നല്‍കിയ 36 പേരുടെ ലിസ്റ്റും മന്ത്രി തള്ളി. പത്തു കേന്ദ്ര യൂണിവേഴ്സിറ്റികളില്‍ വൈസ് ചാന്‍സലര്‍മാര്‍ ഇല്ലാതായിട്ടു ഒരു വര്‍ഷമായി. ഉന്നത വിദ്യാഭ്യാസ രംഗം തകരുമ്പോള്‍ മോഡി ഗവണ്‍മെന്‍റ് നിസ്സംഗത പാലിക്കുകയാണ്.

    കള്ളപ്പണം തിരിച്ചു കൊണ്ടുവരാന്‍ തനിക്ക് ഒരവസരം തരാനാണ് മോഡി ഇന്ത്യയിലെ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചത്. ഓരോ പാവപ്പെട്ടവനും മൂന്നു ലക്ഷം രൂപ ആ വകയില്‍ കൊടുക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാഗ്ദാനം. ഇപ്പോള്‍ വാഗ്ദാനവും ആക്ഷനും ഒന്നുമില്ല. പണിയൊന്നുമില്ലാതായത് കൊണ്ടാവും കള്ളപ്പണം പുറത്തു കൊണ്ടുവരാന്‍ നിയമിച്ചിരുന്ന ആളെ മോഡി സി.വി.സി യായി നിയമിച്ചത്.

    സാധാരണ, സൈന്യത്തിനാവശ്യമായ ആയുധങ്ങള്‍ വാങ്ങുന്നതില്‍ പ്രതിരോധ മന്ത്രിമാര്‍ക്ക് വലിയ പങ്കുണ്ട്. നമ്മുടെ പ്രതിരോധ മന്ത്രി മനോഹര്‍ പരീഖര്‍ കാര്യക്ഷ്മതക്കും സത്യ സന്ധതയ്ക്കും പേര് കേട്ടയാളുമാണ്. പക്ഷേ മോഡിക്ക് എന്തും സ്വയം ചെയ്താണ് ശീലം. കൂടെയുള്ളവരെപ്പോലും വിശ്വാസമില്ലാത്തത് കൊണ്ടാണോ, താന്‍ ചെയ്താല്‍ മാത്രമേ ശരിയാകുകയുള്ളൂ എന്ന വിശ്വാസം കൊണ്ടാണോ എന്നറിയില്ല ഈ ഇടപാടില്‍ ചപ്രാസിയുടെ സ്ഥാനമേ പ്രതിരോധമന്ത്രിക്ക് കിട്ടിയുള്ളൂ. പ്രതിരോധോപകരണങ്ങള്‍ വാങ്ങുന്നതിനുള്ള ഡിഫന്‍സ് അക്വിസിഷന്‍ കൌണ്‍സിലിനെയും മോഡി വകവെച്ചില്ല. അന്തരാഷ്ട്ര ടെണ്ടര്‍ വിളിച്ചാണ് റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചിരുന്നത്. 12 എണ്ണം ഫ്രാന്‍സില്‍ നിര്‍മ്മിച്ചു കൈമാറും, ബാക്കി 108 എണ്ണം നമ്മുടെ എച്ച്.എ.എല്ലില്‍ നിര്‍മ്മിക്കും എന്നായിരുന്നു കണ്ടീഷന്‍. ടെക്നോളജി കൈമാറാതിരിക്കാന്‍ ഓരോരോ കാരണങ്ങള്‍ പറഞ്ഞു ഫ്രാന്‍സ് കച്ചവടം നീട്ടിക്കൊണ്ടു പോകുകയായിരുന്നു. ഒടുവില്‍ മേയ്ക്ക് ഇന്‍ ഇന്ത്യയുടെ പ്രചാരകന്‍ മോഡി ഫ്രാന്‍സില്‍ പോയി, പഴയ ടെണ്ടര്‍ വലിച്ചു ദൂരെയെറിഞ്ഞു 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ കരാറുണ്ടാക്കി. എല്ലാം ഫ്രാന്‍സില്‍ ഉണ്ടാക്കിക്കൊണ്ടുവരും. മേയ്ക്ക് ഇന്‍ ഇന്ത്യയുടെ സിംഹം കഴുതയായി മാറി.

    ഭക്ഷ്യ സംഭരണ രംഗം ആകെ കുത്തഴിഞ്ഞു കിടക്കയാണ്. മൊത്തം സംഭരിച്ച     ഭക്ഷ്യ ധാന്യം 2013ല്‍ 77.74 മില്യന്‍ ടണ്ണായിരുന്നെങ്കില്‍ 2014ല്‍ 74.8 മില്യന്‍ ടണ്ണും  ,2015ല്‍ 66.25 മില്യന്‍ ടണ്ണും  ആയി മാറി. ഇതില്‍ത്തന്നെ അരിയുടെ സംഭരണം 2013ല്‍ 33.31 മില്യണ്‍ ടണ്ണായിരുന്നത് 2014ല്‍ 20.65 മില്യന്‍ ടണ്ണും  2015ല്‍ 16.48 മില്യന്‍ ടണ്ണും  ആയി കുറഞ്ഞു. ഗോതമ്പിന്‍റെ സംഭരണം യഥാക്രമം 44.4, 41.59, 40.35 മില്യന്‍ ടണ്‍ ആണ്. ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിക്കു ആവശ്യമായ ഭക്ഷ്യധാന്യത്തിന് നാം ആരുടെ മുന്നില്‍ കൈ നീട്ടേണ്ടി വരും?


    കഴിഞ്ഞ 18 മാസത്തിനുള്ളില്‍ ക്രൂഡോയിലിന്‍റെ വിലയില്‍ 23 % ത്തിന്‍റെ കുറവുണ്ടായി. പക്ഷ വെറും നാലു ശതമാനത്തിന്‍റെ കുറവേ ഉപഭോക്താവിന് കിട്ടിയുള്ളൂ. പെട്രോളിന്‍റെ തീരുവ 10 രൂപയോളമാണ് മോഡി കൂട്ടിയത്. കുറഞ്ഞ വിലയില്‍ ഒരു വിഹിതം സ്വന്തമാക്കാന്‍ സര്‍ക്കാര്‍ എണ്ണക്കമ്പനികളെയും വഴിവിട്ടു സഹായിച്ചു.

    സ്പെക്ട്രത്തിന്റെ ലേലമാണ് അടുത്തത്. പ്രധാനപ്പെട്ട ടെലകോം കമ്പനികളുടെ ലൈസന്‍സ് ഈ വര്‍ഷം തീരുകയാണ്. പതിനായിരക്കണക്കിന് കോടി രൂപ മുടക്കി പ്രവര്‍ത്തനം തുടങ്ങിയ കമ്പനികള്‍ക്ക് എത്ര പൈസ മുടക്കിയിട്ടാണെങ്കിലും സ്പെക്ട്രം നേടിയെ പറ്റൂ എന്ന അവസ്ഥ സര്‍ക്കാരുണ്ടാക്കി. ലേലം തുടങ്ങിയപ്പോള്‍ ബിസിനസ്സ് തുടരാനുള്ള വെപ്രാളം വ്യക്തമായി. 418 മെഗാ ഹെട്സ് സ്പെക്ട്രം ലേലം ചെയ്തു ഒരു ലക്ഷത്തി പതിനായിരം കോടിയോളം രൂപ ഗവണ്‍മെന്‍റ് നേടി. ഈ വര്‍ഷത്തെ വിഹിതമായി കിട്ടിയതു 32300 കോടി. സര്‍ക്കാരിന്‍റെ കഴുത്തറപ്പന്‍ നയം കൊണ്ട് സ്വരൂപിക്കേണ്ടി വന്ന തുക കമ്പനികള്‍ സ്വന്തം പോക്കറ്റില്‍ നിന്നു എടുക്കാന്‍ വഴിയില്ലല്ലോ. പല കമ്പനികളും ഡേറ്റാ ചാര്‍ജ്ജ് പുതുക്കിക്കഴിഞ്ഞു. സമീപ ഭാവിയില്‍ത്തന്നെ കോള്‍ ചാര്‍ജ്ജുംകൂടും.

    കല്‍ക്കരിഖനികളുടെ ലേലം ഇതിലും രസകരമാണ്. യൂ.പി.എ സര്‍ക്കാരിന്‍റെ അലോട്ട്മെന്‍റുകള്‍ റദ്ദാക്കി ഖനികള്‍ ലേലം ചെയ്യണമെന്നായിരുന്നല്ലോ ബി.ജെ.പി യുടെ ആവശ്യം. ഗോപാല്‍ സുബ്രഹ്മണ്യത്തിനെ സുപ്രീം കോടതി ജഡ്ജിയാക്കുന്ന വിഷയത്തില്‍ മോഡിയുമായി ഉടക്കിയ ചീഫ് ജസ്റ്റീസ് പോകുന്ന പോക്കില്‍ ഒരു പാര പണിതിട്ടു പോയി. 1993 മുതലുള്ള എല്ലാ അലോട്ട്മെന്‍റും റദ്ദാക്കി .അത് പോരാതെ ഇതുവരെ ഖനനം ചെയ്തെടുത്ത കല്‍ക്കരിക്ക് ടണ്ണിനു 295 രൂപ വെച്ചു പെനാല്‍റ്റി പിടിക്കാനും കോടതി വിധിച്ചു. ഉത്പാദനം തുടങ്ങിയ ഖനികളില്‍ ഭൂരിപക്ഷവും വാജ്പേയി സര്‍ക്കാര്‍ അലോട്ട് ചെയ്തതായിരുന്നു. നീണ്ട ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം പതിനായിരക്കണക്കിന് കോടി രൂപ ചെലവിട്ടു വികസിപ്പിച്ച ഖനികളുടെ ആലോട്ട്മെന്‍റ് ആണ് കോടതി റദ്ദാക്കിയത്. മുന്‍ കാല  പ്രാബല്യത്തോടെ നികുതി ചുമത്തുന്ന ,നിക്ഷേപം നടത്തി പതിറ്റാണ്ടുകള്‍ക്ക് ശേഷം അനുമതി റദ്ദാക്കുന്ന നാട്ടില്‍ എന്തു “Make In India” ആണ് സംഭവിക്കാന്‍ പോകുന്നത്? ബി.ജെ.പീക്ക് പക്ഷേ മിണ്ടാന്‍ കഴിഞ്ഞില്ല. അവര്‍ ആവശ്യപ്പെട്ടത് തന്നെയാണ് കോടതി അനുവദിച്ചത്. ഖനികളുടെ ഓക്ഷനിലൂടെ രണ്ടു ലക്ഷം കോടി രൂപ ലഭിച്ചു എന്നാണ് കണക്ക്.അത് പക്ഷേ ഒരു കള്ളക്കണക്കാന്. മുന്‍പ് അലോട്ട്മെന്‍റ് കിട്ടി ഖനികള്‍ വികസിപ്പിച്ചവര്‍ക്ക് നഷ്ടം കൊടുക്കേണ്ടി വരും. രാജ്യത്തിന്‍റെ സമ്പത്തു ലേലം ചെയ്തു വില്‍ക്കേണ്ടതാണെന്ന് കരുതുന്ന ആളല്ല ഈ ലേഖകന്‍. അത് ഫലത്തില്‍ ജനങ്ങളെ കൊള്ളയടിക്കുന്ന ഇടപാടാണു. സമീപ ഭാവിയില്‍ തന്നെ അത് മനസ്സിലാകും.
  
    ഇതുവരെയുള്ള സര്‍ക്കാരിന്‍റെ ഏറ്റവും വലിയ സാമ്പത്തിക പരിഷ്ക്കാരം ,ഇന്‍ഷ്വറന്‍സ് മേഖലയില്‍ ഫോറിന്‍ ഡയറക്റ്റ് ഇന്‍വെസ്റ്റ്മെന്‍റ് 49 ശതമാനമാക്കിയതാണ്. മന്മോഹന്‍ ഈ ബില്‍ പാസ്സാക്കാന്‍ നോക്കിയപ്പോള്‍ പല്ലും നഖവുമുപയോഗിച്ചു എതിര്‍ത്തവരാണ് ബി.ജെ.പ്പിക്കാര്‍. യൂ.പി.എ സര്‍ക്കാര്‍ പാസ്സാക്കാന്‍ ശ്രമിച്ച ബില്ലുകള്‍ ഓരോന്നായി പാസ്സാക്കാനുള്ള ശ്രമത്തിലാണ് മോഡി. ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപവും ഉടനെ നടപ്പാക്കുമെന്ന് പറയുന്നു. ഏതായാലും ശ്രീ മന്മോഹന്‍ സിംഗിനെ മോഡി വിളിച്ച് വരുത്തി ഉപദേശം തേടിയത് നന്നായി. കൂടെയുള്ള ആരെയും വിശ്വാസമില്ലാത്ത പ്രധാനമന്ത്രിക്ക് മന്മോഹന്‍റെ ഉപദേശം തുണയാകുമെന്ന് കരുതാം. (പാര്‍ലമെന്‍റിലും വേദികളിലും സ്ഥിരമായി ഉറങ്ങിക്കൊണ്ടിരുന്ന ദേവ ഗൌഡയെ മോഡി വിളിച്ച് വരുത്തിയതു എന്തിനാണെന്ന് മനസ്സിലായില്ല. നമ്മുടെ പ്രധാന മന്ത്രിക്ക് ഉറങ്ങാന്‍ കഴിയുന്നില്ലേ?)

    ഇത്രയും പറഞ്ഞെങ്കിലും മോഡിയുടെ പ്ലസ് പോയന്റുകള്‍ ഒന്നും പറഞ്ഞില്ല. ഇപ്രാവശ്യത്തെ ബജറ്റുകള്‍ രണ്ടും ശരിയായ ദിശയിലുള്ളതാണ്. ജി.എസ്.ടി നടപ്പാക്കാനുള്ള ശ്രമം, സ്റ്റേറ്റുകള്‍ക്ക് കൂടുതല്‍ ഫണ്ട് കൊടുക്കാനുള്ള തീരുമാനം, അങ്ങിനെ ചില നല്ല കാല്‍വെയ്പ്പുകള്‍ ശ്രീ മോഡി നടത്തിയിട്ടുണ്ട്.

    മിടുക്കനായ ഒരാള്‍ക്ക് ഒരു പഞ്ചായത്ത് തനിയെ ഭരിക്കാന്‍ കഴിയും. കഴിവുറ്റ ഒരു പറ്റം സുഹൃത്തുക്കളുടെ സഹായത്തോടെ ഒരു സ്റ്റേറ്റും ഭരിക്കാന്‍ കഴിഞ്ഞേക്കും. പക്ഷേ ഇന്ത്യയെപ്പോലെ ബൃഹുത്തും വൈവിദ്ധ്യ മേറിയതുമായ  ഒരു രാഷ്ട്രത്തെ നയിക്കാന്‍ ഈ രീതി പോരാ. എല്ലാ തീരുമാനങ്ങളും ഒരു വ്യക്തിയില്‍ നിന്നു വരണം എന്നു വെച്ചാല്‍ തീരുമാനങ്ങള്‍ വൈകും എന്നു തന്നെയാണര്‍ത്ഥം. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്. അധികാരം വികേന്ദ്രീകരിക്കാന്‍  വൈകും തോറും ഇപ്പോഴത്തെ നിശ്ചലാവസ്ഥ തുടരുക തന്നെ ചെയ്യും.

www.vettathan.blogspot.in
   

42 comments:

  1. പുലി പോലെ വന്നു...എലി പോലെ ആയി
    എന്ന കണക്കാണ് ഈ ഒരു കൊല്ലത്തെ മോദിയെ
    വിലയിരുത്തിയതിൽ നിന്നും മനസ്സിലായത്...


    ‘മിടുക്കനായ ഒരാള്‍ക്ക് ഒരു പഞ്ചായത്ത് തനിയെ
    ഭരിക്കാന്‍ കഴിയും. കഴിവുറ്റ ഒരു പറ്റം സുഹൃത്തുക്കളുടെ
    സഹായത്തോടെ ഒരു സ്റ്റേറ്റും ഭരിക്കാന്‍ കഴിഞ്ഞേക്കും.
    പക്ഷേ ഇന്ത്യയെപ്പോലെ ബൃഹുത്തും വൈവിദ്ധ്യ മേറിയതുമായ
    ഒരു രാഷ്ട്രത്തെ നയിക്കാന്‍ ഈ രീതി പോരാ. എല്ലാ തീരുമാനങ്ങളും
    ഒരു വ്യക്തിയില്‍ നിന്നു വരണം എന്നു വെച്ചാല്‍ തീരുമാനങ്ങള്‍ വൈകും
    എന്നു തന്നെയാണര്‍ത്ഥം. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്.
    അധികാരം വികേന്ദ്രീകരിക്കാന്‍ വൈകും തോറും ഇപ്പോഴത്തെ നിശ്ചലാവസ്ഥ
    തുടരുക തന്നെ ചെയ്യും.‘

    ഒറ്റയാൾ പട്ടാളമാണെങ്കിലും
    ഒറ്റയാൻ എന്നും ഒറ്റയാൻ തന്നെ..!

    ReplyDelete
    Replies
    1. മോഡിയുടെ കീഴില്‍ സാമ്പത്തിക രംഗത്ത് ഒരു കുതിച്ചു ചാട്ടം പ്രതീക്ഷിച്ചിരുന്നു. ഇതിപ്പോള്‍ ബി.ജെ.പിയുടെ എതിര്‍പ്പുമൂലം മന്മോഹന് പാസ്സാക്കാന്‍ കഴിയാതിരുന്ന ബില്ലുകളുടെ പുറകെയാണ് മോഡി.കൂടെ നില്‍ക്കുന്ന ആരെയും വിശ്വാസവുമില്ല.വല്ല പ്രസിഡന്‍ഷ്യല്‍ സിസ്റ്റവുമായിരുന്നെങ്കില്‍ ബി.ജെ.പ്പിക്കാരെ ഒഴിവാക്കി മോഡി ലൈന്‍ (അങ്ങിനെ ഒന്നുണ്ടോ?) നടപ്പാക്കാന്‍ ശ്രമിക്കാമായിരുന്നു.

      Delete
  2. പി ആർ അഭ്യാസങ്ങളുടെ രാജാവ്.. കുത്തകകളുടെ സ്വന്തം പി എം, ഹര ഹര വിളിക്കാൻ ആൾക്കൂട്ടം. .

    ReplyDelete
    Replies
    1. ഒപ്പം അത്യാവശ്യം വിവരക്കേടും.ഒബാമയെക്കേറി "ബാറക്ക്" എന്നു വിളിക്കുന്നത് ഏത് ഗണത്തില്‍ പെടുത്തണം?.

      Delete
  3. എല്ലാം അനുഭവിക്കാന്‍ എന്നും നമ്മള്‍...

    ReplyDelete
    Replies
    1. നാടിനെ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുമെന്ന് കരുതിയിരുന്നു. ഇപ്പോള്‍ സംശയമായി.

      Delete
  4. കാത്തിരുന്നു കാണുക തന്നെ ..

    ReplyDelete
    Replies
    1. ജനത്തിന് മറ്റെന്ത് ഓപ്ഷനാണുള്ളത്?

      Delete
  5. പഴയ ഭരണത്തിന്റെ ബാക്കി തന്നെ.പക്ഷേ അഴിമതി ഉണ്ടാകില്ലാ എന്ന് മാത്രം.

    ReplyDelete
    Replies
    1. പക്ഷേ കാര്യങ്ങള്‍ ചടുലമായി നീങ്ങുന്നില്ല. എല്ലാതീരുമാനങ്ങളും മോഡിയില്‍ നിന്നു വരുവാന്‍ കാത്തിരിക്കുന്ന പ്രതീതി

      Delete
  6. അത്ഭുതങ്ങളൊന്നും സംഭവിക്കാൻ പോവുന്നില്ല...
    കേന്ദ്രസർവ്വകലാശാലകളെ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് മാപ്പർഹിക്കാത്ത കുറ്റമാണ്. യു.പി.എ യുടെ കാലത്ത് നടന്ന നല്ല പ്രവർത്തനങ്ങളിലൊന്ന് കേന്ദ്രസർവ്വകലാശാലകളെ ശക്തിപ്പെടുത്തലായിരുന്നു. കബിൽ സിബൽ നേതൃത്വം നൽകിയ ആ നല്ല നീക്കം സ്മൃതി ഇറാനിയുടെ കാലത്ത് തകർന്നടിയുന്നു....

    ReplyDelete
    Replies
    1. ഉന്നത വിദ്യാഭ്യാസ രംഗത്ത് തിളങ്ങിയ മന്ത്രിയായിരുന്നു സിബല്‍.പ്രശ്നങ്ങള്‍ മനസ്സിലാക്കാനും പരിഹാരം കാണാനും അദ്ദേഹത്തിന് കഴിഞ്ഞു. ഇപ്പോഴുള്ള മന്ത്രിയും ഒരു മന്ത്രിയാണ്.അത്രമാത്രം. ഇത്തരം അക്ഷര വൈരികള്‍ ഉന്നതസ്ഥാനങ്ങളില്‍ ഇരുന്നാല്‍ സംഭവിക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

      Delete
  7. മന്ത്രിമാരെ കെട്ടഴിച്ച്‌ വിട്ടതിന്റെ ഫലം കഴിഞ്ഞ ഭരണത്തിൽ കണ്ടതായിരുന്നല്ലോ.ഫലം അനേകലക്ഷം കോടിരൂപയുടെ അഴിമതി .

    ReplyDelete
    Replies
    1. മന്‍മോഹനും കോണ്‍ഗ്രസ്സിനും ഒറ്റയ്ക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. ഭരണം നിലനിര്‍ത്താന്‍ അഴിമതിക്കാരായ,താന്തോന്നികളായ ഘടക കക്ഷികളെ സഹിക്കേണ്ടി വന്നു. മോഡിയുടെ സ്ഥിതി അതല്ലല്ലോ.

      Delete
  8. സത്യത്തില്‍ അങ്ങേരു കയറിയപ്പോള്‍ വലിയ പ്രതീക്ഷ ഒക്കെ തോന്നിയിരുന്നു.
    പക്ഷേ ഒരാള്‍ക്ക് ഒറ്റക്ക് ഒന്നും ചെയ്യാന്‍ ആവില്ലന്ന് മനസിലായി. നല്ല ടീം വര്‍ക്ക് ആണ് നല്ല ഭരണം. അതും ഒരു ജനാധിപത്യരാജ്യത്ത്.
    കരുത്തുറ്റ വ്യക്തിത്വം എന്ന് കൊട്ടിഘോഷിച്ചിട്ടു ഇന്നത് ഏതാണ്ട് കോമാളി പരിവേഷത്തില്‍ എത്തി നില്‍ക്കുകയാണ്. പി.,ആര്‍ വര്‍ക്കിനും ഒരു പരിധിയുണ്ട് എന്നതിന്റെ മകുടോദാഹരണം.

    ReplyDelete
    Replies
    1. കറക്റ്റ്. പബ്ലിക് റിലേഷനും ഒരു പരിധിയുണ്ട്

      Delete
  9. വണ്‍ മാൻ ഷോ കൊണ്ട് ഇലക്ഷൻ ജയിക്കാം.രാജ്യം ഭരിക്കാൻ കഴിയില്ല. ജനങ്ങൾ ഇത്രയും ഭൂരിപക്ഷം കൊടുത്ത ഒരു സർക്കാരിൽ നിന്നും ഇത്രയൊന്നും കിട്ടിയാൽ പോരാ..

    ReplyDelete
    Replies
    1. ഇലക്ഷന്‍ ജയിച്ചത് ബി.ജെ.പി യല്ല മോഡിയാണ്.അദ്ദേഹം ജനത്തിന് കൊടുത്ത പ്രതീക്ഷയാണ്. ആ പ്രതീക്ഷയ്ക്കൊത്ത് ഭരണം ചടുലമാകുന്നില്ല എന്നു പറയാതെ വയ്യ.

      Delete
    2. ഒരു വർഷം കൊണ്ട്‌ നിലയുറപ്പിക്കാനുള്ള അടിസ്ഥാനം ഉണ്ടാക്കുന്നതായാണു കാണുന്നത്‌...വരട്ടെ ഇനിയുമുണ്ടല്ലോ നാലു വർഷം കൂടി.

      Delete
    3. കാത്തിരിക്കാം

      Delete
  10. നമ്മള്‍ എന്നും സ്വപ്നരാജ്യക്കാരായിരിക്കാനാണ് വിധി എന്ന് തോന്നുന്നു

    ReplyDelete
    Replies
    1. ഇതുവരെയുള്ള പെര്‍ഫോമന്‍സ് തരുന്ന സൂചന അതാണ്.

      Delete
  11. വിമർശനങ്ങളിൽ മിക്കതും സത്യമാണ്. പക്ഷേ, കോടിക്കണക്കിന് ആളുകൾ ദാരിദ്ര്യത്തിൽ കഴിയുന്ന ഭാരതത്തിൽ, കുറഞ്ഞ ഡാറ്റാ ചാർജിനേക്കാൾ പ്രാധാന്യം കൊടുക്കേണ്ടത് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാൻ അല്ലേ? അപ്പോൾ ഒരു ലക്ഷത്തിൽ പരം കോടി രൂപ സ്പെക്ട്രം ലേലത്തിൽ കിട്ടിയത് എങ്ങനെ കഴുത്തറപ്പൻ നയമാകും?
    പിന്നെ നേട്ടങ്ങളുടെ കൂട്ടത്തിൽ, മറ്റു രാജ്യങ്ങളിലെ കലാപങ്ങളിൽ നിന്ന് ദുരിതബാധിതരെ രക്ഷിക്കാൻ ഉള്ള ഇടപെടൽ, വിവിധ രാജ്യങ്ങളുമായി ഒപ്പ് വെച്ച നിക്ഷേപ കരാറുകൾ, ഗംഗാ ശുചീകരണ പദ്ധതി, മ്യാന്മാർ തീവ്രവാദി ഓപറേഷൻ അങ്ങനെ പല പ്രവർത്തനങ്ങളും പരാമർശിക്കേണ്ടതായിരുന്നു. എന്തിനേറെ, ഇന്ത്യക്ക് ഒരു പ്രധാന മന്ത്രി ഉണ്ടെന്ന് നമുക്ക് അനുഭവപ്പെടുന്നത് പോലും ഒരു സന്തോഷമല്ലേ?! അമിത വാഗ്ദാനങ്ങൾ ആണ് മോഡിക്ക് വിനയായത് എന്ന് തോന്നുന്നു. പക്ഷേ, അത് ചെയ്യാത്ത ഏത് രാഷ്ട്രീയക്കാരനാണ് ഉള്ളത്?

    ReplyDelete
    Replies
    1. ഒരു ചെറുപ്പക്കാരന്‍റെ അഭിപ്രായത്തിന് കൂടുതല്‍ വിലയുണ്ട്. പക്ഷേ ഈ രാജ്യത്തു നൂറു കോടി മൊബൈല്‍ കണക്ഷനുകളുണ്ട്.മൊബൈലിന് ചെലവേറുമ്പോള്‍ പൈസ ചോരുന്നത് ഇവിടുത്തെ സാധാരണക്കാരന്‍റെ പോക്കറ്റില്‍ നിന്നു തന്നെയാണ്.പിന്നെ പതിനായിരക്കണക്കിന് കോടി രൂപ മുതല്‍മുടക്കിയ കമ്പനികളോട് ബിസിനസ്സ് തുടരണമെങ്കില്‍ ലേലത്തില്‍ പങ്കെടുത്ത് കിട്ടുന്ന വിലക്ക് സ്പെക്ട്രം വാങ്ങിക്കോളാന്‍ പറയുന്നതു കഴുത്തറപ്പന്‍ നയം തന്നെയാണ്.വിദേശ രാജ്യങ്ങളില്‍ നിന്നു ഇന്ത്യക്കാരെ രക്ഷിക്കാന്‍ മികച്ച പ്രവര്‍ത്തനമാണ് സര്ക്കാര്‍ നടത്തിയത്.പക്ഷേ നേപ്പാളില്‍ പണി പാളി. അവര്‍ നമ്മളെ ആട്ടിപ്പുറത്താക്കി.രണ്ടാമത് ഭൂകമ്പമുണ്ടായപ്പോള്‍ വിളിച്ചാല്‍ പുറപ്പെടും എന്നു പറഞ്ഞു നമ്മള്‍ ഭാണ്ഡം മുറുക്കി കാത്തിരുന്നു.ആരും വിളിച്ചില്ലെന്ന് മാത്രം. ഇത് കുറ്റംപറയുന്നതല്ല. പക്ഷേ നാം ചില തിരുത്തലുകള്‍ വരുത്തേണ്ടതുണ്ട്.

      Delete
    2. ഹ ഹ ഹാ...ശ്രീലങ്കയിൽ യുദ്ധം ചെയ്യാൻ പോയി സ്വജീവൻ ബലി കൊടുത്ത മുൻപ്രധാനമന്ത്രിയുടെ നയമല്ലല്ലോ സർ,ആപദ്ഘട്ടത്തിൽ ഏറ്റവുമടുത്ത സ്നേഹിതന്റെ കൈത്താങ്ങായിരുന്നു.അത്‌ മനസിലാക്കാൻ നേപ്പാളികൾക്ക്‌ കഴിഞ്ഞില്ല...ഭാരതം എന്നും അങ്ങനെയയിരുന്നു.അത്‌ കൊണ്ടാണല്ലോ ഒരു വിദേശി സ്ഥാപിച്ച പ്രസ്ഥാനം അര നൂറ്റാണ്ടുകാലം ഇന്ത്യ ഭരിച്ചത്‌.

      Delete
    3. അതാണ്,നമ്മുടെ നല്ല മനസ്സ് നേപ്പാളികള്‍ക്ക് മനസ്സിലായില്ല...................

      Delete
  12. എന്തൊരു കോലാഹലമായിരുന്നു.... :( :(

    ReplyDelete
    Replies
    1. ഇപ്പൊഴും അത് മാത്രമേ ഉള്ളൂ.

      Delete
  13. ഇലക്ഷൻ കാലത്ത്‌ മോടി ജനങ്ങളോട്‌ ആവശ്യപ്പെട്ടത്‌ നിങ്ങൾ എനിക്കൊരു പത്ത്‌ വർഷം തരൂ...ഞാൻ ഭാരതത്തെ ലോകത്തിന്റെ മേൽക്കൂരയിലെത്തിക്കാം എന്നണു.

    അതിനാവശ്യമായ അടിസ്ഥാനം ഉണ്ടാക്കാൻ സമയമാണാവശ്യം..സർ മുമ്പേ പറഞ്ഞത്‌ പോലെ ഭൂരിപക്ഷമില്ലാതിരുന്ന മൗനിബാബമാർ ഘടകകക്ഷികളെ കെട്ടഴിച്ച്‌ വിട്ട്‌ അഴിമതി നടത്താൻ സാഹചര്യമൊരുക്കിക്കൊടുത്ത്‌ ഖജനാവ്‌ കാലിയാക്കി..

    അത്‌ മാത്രമല്ല കഴിഞ്ഞ പത്ത്‌ കൊല്ലം ഭാരതത്തിന്റെ അതിരു മാന്തിയിരുന്ന ചീനനും ,പാക്കിയും അടങ്ങിയിരിക്കുന്നത്‌ നട്ടെല്ലുള്ള ഒരു പ്രധാനമന്ത്രി
    ഉണ്ടായത്‌ കൊണ്ടായിരിക്കില്ല അല്ലേ??
    കാർഗ്ഗിൽ യുദ്ധകാലത്ത്‌ പോലും ഉപയോഗിക്കാത്ത മോർട്ടർ ഷെല്ലുകളും,യുദ്ധസാമഗ്രികളും ഇന്ത്യ ഉപയോഗിച്ചു എന്ന് അടുത്തിടെ ഒരു വെടിവെപ്പുണ്ടായപ്പോൾ പാക്കികൾ യു.എന്നിൽ പരാതി കൊടുത്തത്‌ ഇന്ത്യയെ വെറുതേ കളിയാക്കാനായിരിക്കുമല്ലെ??

    ReplyDelete
    Replies
    1. സുധീ ,ക്ഷോഭം മനസ്സിലാക്കുന്നു.പക്ഷേ ഈ ബ്ലോഗിന്‍റെ തുടക്കത്തില്‍ പറഞ്ഞത് പോലെ ഭരണത്തിന്‍റെ ചടുലതയെക്കുറിച്ചും സാമ്പത്തിക രംഗത്തെക്കുറിച്ചുമുള്ള അവലോകനമാണ് ഈ ലേഖനം.പ്രതിപക്ഷത്തായിരുന്നപ്പോള്‍ ബി.ജെ.പി നഖശിഖാന്തം എതിര്‍ത്ത സാമ്പത്തിക നയങ്ങളാണ് മോഡി ഇപ്പോള്‍ നടപ്പാക്കാന്‍ നോക്കുന്നത്.മോഡി ഒരു ഒന്നൊന്നര പി.ആര്‍ മാനേജരാണ്.ഉള്ളതിലേറെ തോന്നിപ്പിക്കുന്നതില്‍ മിടുക്കന്‍.പക്ഷേ വളരെ ചെയ്തിട്ടും നേപ്പാളില്‍ നിന്നു നാണം കെട്ട് തിരിച്ചു പോരേണ്ടി വന്നില്ലേ? രാജ്യത്തിനും പ്രധാനമന്ത്രിക്കും ഉണ്ടാകുന്ന അപമാനം നാമോരോരുത്തരുടെ കൂടിയാണ്.
      ഈ ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചത് പോലെ മോഡിയുടെ ബജറ്റുകള്‍ നല്ല തുടക്കം തന്നെയാണ്.

      Delete

  14. തുടർച്ചയായ ഗുജറാത്ത്‌ ഭരണം മാത്രമാണ് മോഡിയുടെ ഭരണപരിചയം...ഭൂകമ്പത്തിൽ തകർന്നടിഞ്ഞ ഗുജറാത്തിൽ നിന്നും ഈ കേരളത്തിലും ഭിക്ഷയെടുക്കാൻ
    ആളുകൾ വന്നിരുന്നത്‌ ഞാൻ ഓർക്കുന്നു...ആ ദയനീയാവസ്ഥയിൽ നിന്നും ഇന്ത്യയിലെ മൂന്നാമത്തെ സമ്പന്ന സംസ്ഥാനമാക്കൻ മോഡി ഒരു വർഷമല്ലാ എടുത്തത്‌...ക്ഷമയോടെ കാത്തിരുന്ന ഗുജറാത്തികൾക്ക്‌ കുറേയൊക്കെ തിരിച്ച്‌ നൽകാൻ അദ്ദേഹത്തിന്റെ ഭരണത്തിന് കഴിഞ്ഞു.....

    അഴിമതിയുടെ(അഴിമതികളുടെ ) മഹാഭൂകമ്പത്തിൽ തകർന്നടിഞ്ഞ ഭാരതത്തെ രക്ഷപ്പെടുത്താൻ അദ്ദേഹത്തിനു കഴിയുമെന്ന് ഞാൻ ഉറച്ച്‌ വിശ്വസിക്കുന്നു...ഭരണത്തിൽ അദ്ദേഹത്തിനു കിട്ടിയ പങ്കാളികളിൽ ഞാനടക്കമുള്ള ആരും തൃപ്തരല്ല...എല്ലാം ശരിയാകട്ടെ...

    നേപ്പാളികൾ ആട്ടിയോടിച്ചത്‌ ഇന്ത്യയെ മാത്രമല്ലല്ലോ.അതവരുടെ വിവരക്കേട്‌...

    അമേരിക്കൻ പ്രസിഡന്റിന്റെ സുരക്ഷാസേനയിലെ നായയേക്കൊണ്ട്‌ മഹാത്മജിയുടെ ശവകുടീരം പരിശോധിച്ചപ്പോഴും,അമേരിക്കൻ പട്ടാളക്കാർ ഷൂസിട്ട്‌ കുടീരത്തിനു മുകളിലൂടെ നടന്നപ്പോഴും തോന്നാത്ത എന്തപമാനമാണിവിടെ ??

    ഞാൻ ക്ഷോഭിച്ചതല്ല കേട്ടോ.
    ഞാൻ നരേന്ദ്രമോഡിയുടേയും,വി.എസ്‌.അച്ച്യുതാനന്ദന്റേയും ആരാധകനാണ്.അത്രയെ ഉള്ളു ഇപ്പോൾ എന്റെ രാഷ്ട്രീയ അവബോധം.

    ReplyDelete
    Replies
    1. സ്വന്തമായി അഭിപ്രായമുള്ളവരെ എനിക്കു ബഹുമാനമാണ്.അത് എന്‍റെ അഭിപ്രായം ആകണമെന്ന് ഒരു നിര്‍ബ്ബന്തവുമില്ലാ. ഒരഭിപ്രായവുമില്ലാത്ത ഭൂരിപക്ഷത്തില്‍ നിന്നു വ്യത്യസ്ഥരാണല്ലോ അവര്‍. പിന്നെ അഭിപ്രായം ഇരുമ്പുലക്കയൊന്നുമല്ല. കൂടുതല്‍ അറിവുകളുണ്ടാവുമ്പോള്‍,കൂടുതല്‍ ജീവിതാനുഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ നമ്മുടെ അഭിപ്രായങ്ങളും മാറും. "കഴിഞ്ഞ അമ്പത് വര്‍ഷമായി അദ്ദേഹം ഒരേ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നു" എന്നു ചിലരെപ്പറ്റി പറഞ്ഞു കേള്‍ക്കാറില്ലെ? അമ്പത് വര്ഷം മുന്നേ ചിന്താശക്തി നഷ്ടപ്പെട്ടവരാണവര്‍.അങ്ങിനെ ആവാതിരിക്കാന്‍ ശ്രമിക്കുക.

      Delete
  15. ഞാൻ കാത്തിരുന്നു കാണുകയാണ്. ഈ ലേഖനവും എന്റെ അറിവായിത്തീരുന്നു.

    ReplyDelete
    Replies
    1. സത്യമെന്ന് ബോദ്ധ്യമായത് മാത്രമേ എഴുതിയിട്ടുള്ളൂ.

      Delete
  16. രാജാവ് നഗ്നനാണ്...... പണ്ട് അബാനിമാര്‍ മാത്രമായിരുന്നുന്നെങ്കില്‍ ഇന്ന് അദാനിയും കൂടെയുണ്ട്..... കോര്‍പ്പറേറ്റുകളില്‍ നിന്ന് മോചനം നേടിത്തരുമെന്ന് കരുതിയ വ്യക്തി ഇന്ന് പുതിയ കോര്‍പ്പറേറ്റുകളെ സ്രഷ്ടിക്കുന്നു ..... ഭാരതത്തിലെ ദരിദ്രവാസികളുടെ ദാരിദ്ര്യം നീക്കാൻ ലോക രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു..... സ്വന്തം വീടു നോക്കാന്‍ കഴിവില്ലാത്തവന്‍ നാടു നന്നാക്കുമെന്ന് സ്വപ്നം കണ്ട പടുവിഢ്ഡികള്‍ മൂടുതാങ്ങി ഫോട്ടോഷോപ്പ് വിഴുങ്ങി പറഞ്ഞ വാക്ക് മറക്കുന്നു.... മോഡിയു ധാടി താടിയിലും കോട്ടിലുമേയുള്ളു ലോകം ഒന്നാം വാര്‍ഷികത്തിലറിയുന്നൂ..... എണ്ണ വില കുത്തക എടുത്തു കളയുമെന്ന് പറഞ്ഞവര്‍ വിഴുങ്ങിയ വാക്ക് ആസനം വഴിയും പുറംത്ത് വന്നില്ല..... പത്തുവര്‍ഷം ഭരിക്കാന്‍ അവസരം നല്‍കിയാല്‍ ഭാരതം മറ്റു രാജ്യങ്ങളിലെ കുട്ടികള്‍ പുസ്തകത്തില്‍ പഠിക്കാനുള്ള നഷ്ടരാജ്യത്തിന്‍റെ ചരിത്രമാവും.....വെട്ടത്താന്‍ സാര്‍ നേരെഴുതിയന് അനുമോദനങ്ങള്‍

    ReplyDelete
    Replies
    1. നന്ദി വിനോദ്. മോഡിയുടെ ഭരണത്തിന്‍റെ ചലനമില്ലായ്കയെപ്പറ്റിയും സാമ്പത്തിക രംഗത്തെക്കുറിച്ചും മാത്രമേ ഞാന്‍ പരിശോധിച്ചിട്ടുള്ളൂ. എല്ലാ രംഗങ്ങളെയും കൂലങ്കഷമായി പരിശോധിച്ചാല്‍ അവസാനം ഉള്ളി പൊളിച്ചത് പോലെയാകും.
      കോണ്‍ഗ്രസ്സ് ഭരണ കാലത്ത് എന്നും വിമര്‍ശങ്ങളുമായി ഇറങ്ങിയവരെ ഒന്നും ഇപ്പോള്‍ കാണാറില്ല.എന്തോ ഒരു ഭയം പോലെ.
      ഏറ്റവും പരിതാപകരമായ കാര്യം മോഡിക്ക് പകരം താല്‍ക്കാലത്തെക്കെങ്കിലും നമുക്ക് മറ്റൊരാളില്ല എന്നതാണു.മൂപ്പരിങ്ങനെ പുളുവടിച്ചു പുളുവടിച്ച് കാലം കഴിക്കും.

      Delete
    2. നേരാണു സാര്‍ .....ആണാണെന്നു കരുതി ഹിജഢയെ വഴിച്ച ചരിത്രമാവും നമ്മുടേത്....... കാലം നമുക്ക് വേണ്ടി കാത്തു വച്ച സമ്മാനമാണിത് ......നാളെ പഴ മൊഴി മാറും.........
      ഭാരതം നശിച്ചപ്പോള്‍
      മോഢി വിഡ്ഡി ഉലകം ചുറ്റും.........
      സര്‍ .....വേദനയാണ് തോന്നുന്നത് .....ഈ നാറീയ ഫോട്ടോഷോപ്പ്..... കിരൺന്നരനെയാണല്ലോ..... നാളെ യുടെ നായകന്‍ എന്നു പുകഴ്തിയത്......

      Delete
    3. ഒരു മാറ്റമുണ്ടാകുമെന്ന് ആശിക്കാം

      Delete
  17. സ്വാതന്ത്ര്യം കിട്ടിയ നാൾ മുതൽ, 67 വർഷം, നശിപ്പിച്ച ഒരു നാടിനെ നേരെയാക്കാൻ 1 വർഷം കൊണ്ടു കഴിയും എന്ന് കരുതുന്നത് വെറും മൌഡ്യം ആണ്. അഴിമതികളുടെ കഥകൾ ഇനിയും എത്രയോ പുറത്തു വരാൻ ഇരിക്കുന്നു. 1 ലക്ഷം 76000 കോടിയുടെ കൽക്കരി ഖനി അഴിമതി. 1 ലക്ഷം 86000 കോടിയുടെ 2 ജി. ഈ പണം എല്ലാം നമ്മളിൽ നിന്നല്ലേ ഊറ്റി എടുക്കുന്നത്? ഇതെല്ലാം കുറെ ആളുകളുടെ കയ്യിലേക്കല്ലേ വന്നു കൂടുന്നത്. രാജ്യം ദാരിദ്രമാകില്ലേ? അത്രയും സാമ്പത്തിക പരാധീനത ഉള്ള ഒരു രാജ്യത്തെ ഒരു വർഷം കൊണ്ട് എങ്ങിനെ നന്നാക്കാൻ കഴിയും? അതിനു ഒരു അടിത്തറ പാവുകയാണ് ആദ്യം ചെയ്യുന്നത്. ഭാരതീയരുടെ വിദേശ കള്ള പ്പണ നിക്ഷേപം കുറഞ്ഞു എന്ന് ബാങ്ക് തന്നെ സംമാതിക്കുന്നുണ്ടല്ലോ.

    കാത്തിരിക്കൂ. 57 വർഷം കാത്തിരുന്നവർക്ക് 5 വർഷം അത്ര വലിയ സമയം ആണോ?

    ReplyDelete
    Replies
    1. ഭരണത്തിലെ ചലനമില്ലായ്മ,എല്ലാ തീരുമാനങ്ങളും മോഡിയിലേക്കെത്തുന്ന രീതികള്‍,മന്‍മോഹന്‍റെ സാമ്പത്തിക നയങ്ങള്‍ക്കപ്പുറം പുതുതായി ഒന്നുമില്ലാത്ത അവസ്ഥ...ഇതൊന്നും പ്രശ്നമല്ലേ?

      Delete
  18. ലേഖനവും,അഭിപ്രായങ്ങളും വായിച്ചു.കുറെ അറിവുനല്‍കുന്ന വിവരങ്ങള്‍.......
    സാധാരണക്കാരായ വോട്ടര്‍മാര്‍ ഇപ്പോഴും നിസ്സംഗതയോടെ....................
    ആശംസകള്‍ വെട്ടത്താന്‍ സാര്‍

    ReplyDelete
    Replies
    1. നമ്മുടെ ജനാധിപത്യം ഇപ്പൊഴും ശൈശവ ദശയില്‍ തന്നെയാണ്. ജനങ്ങളുടെ പങ്കാളിത്തം നന്നേ കുറവ്.ആളുകള്‍ക്ക് താല്‍പര്യമില്ല.രാഷ്ട്രീയ പാര്‍ട്ടികളുടെ പേര് മാറിയാലും ഭരിക്കുന്നത് ഒരു എലീറ്റ് വര്‍ഗ്ഗം തന്നെ.കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത കണ്ടില്ലേ? അവര്‍ണ്ണന്‍റെ നിഴല്‍ സവര്‍ണ്ണന്‍റെ മേലേ വീണതിന് ഒരു പാവം തല്ല് മേടിച്ച കഥ.സാമൂഹ്യമായി നാം ഒത്തിരി മുന്നേറാനുണ്ട്.
      ഈ വരവിന് പ്രത്യേകം നന്ദി.

      Delete

Related Posts Plugin for WordPress, Blogger...