“എനിയ്ക്കുറപ്പാ
കുഞ്ഞേട്ടനാ എന്‍റെ അച്ഛന്‍” വേലായുധന്‍ അങ്ങിനെ ഉറപ്പിച്ച് പറഞ്ഞപ്പോള്‍ സുനില്‍ ഞെട്ടി.
വിശ്വസിക്കാന്‍ പ്രയാസം. പൊതു സമ്മതനായിരുന്നു കുഞ്ഞേട്ടന്‍. നാട്ടിലെ ആദ്യത്തെ
പഞ്ചായത്ത് പ്രസിഡെന്‍റ്. എതിരില്ലാതെയായിരുന്നു അദ്ദേഹത്തെ മെമ്പറായി
തിരഞ്ഞെടുത്തത്. ആ മനുഷ്യനെക്കുറിച്ചാണ് ആരോപണം………
അപ്രാവശ്യത്തെ
ഓണം വീട്ടില്‍ നിന്നു പത്തെഴുപത്തഞ്ച് കിലോമീറ്ററകലെ കൃഷിസ്ഥലത്താക്കിക്കളയാം
എന്നു പറഞ്ഞതേ മക്കള്‍ അതേറ്റെടുത്തു. സ്കൂളടയ്ക്കുന്നതും കാത്തിരിപ്പായി പിന്നെ.
സാധാരണ വേനലവധിക്കാലത്ത് കുടുംബവുമായി ഒരു മാസം അവിടെ തങ്ങാറുള്ളതാണ്. ആ
മലമ്പ്രദേശത്തു സുഖകരമായ ഒരു കുളിര്‍മ്മയുണ്ടാവും. ഓമനകളെപ്പോലെ പരിപാലിച്ചു വളര്‍ത്തുന്ന
റബ്ബര്‍ തൈകളെ തഴുകി വരുന്ന കാറ്റിന് തേനിന്‍റെ ഗന്ധമാണ്. തേനീച്ചകളുടെ മുരളലിന്‍റെ
ശബ്ദമാണ്. ഇടയ്ക്കിടയ്ക്ക് കേള്‍ക്കാവുന്ന മലമുഴക്കി വേഴാമ്പലിന്‍റെ ഘന ഗംഭീരമായ
ശബ്ദം ആ അന്തരീക്ഷത്തിന് ഒരു ഗാംഭീര്യം തന്നെ കൊടുക്കും. പൊതുവേ നിശ്ശബ്ദമായ
അന്തരീക്ഷം മക്കളെത്തുന്നതോടെ ആകെ മാറും. അത് പക്ഷേ വേനല്‍ക്കാലത്താണ്. ഇടയ്ക്കിടെ
മഴ പെയ്യുന്ന ഓണക്കാലത്ത് യാത്രാ സൌകര്യമോ ചികില്‍സാ സൌകര്യമോ ഇല്ലാത്ത ആ
മലമ്പ്രദേശത്തു തങ്ങുന്നത് വെല്ലുവിളി തന്നെയാണ്. പക്ഷേ മക്കള്‍ക്ക് വാക്ക്
കൊടുത്തു പോയി. ഇനി രക്ഷയില്ല.
മക്കള്‍ക്ക്
സ്വപ്നഭൂമിയാണ് ആ മലമ്പ്രദേശം. ഓടാം. ചാടാം. ഊഞ്ഞാലാടാം. ഉറക്കെ സംസാരിക്കുകയും
പാട്ട് പാടുകയും ചെയ്യാം. ഐസ് പോലുള്ള
കാട്ടു ചോലയില്‍ കുളിക്കാം. പെരുവിരലൂന്നി ഒന്നു കുതിച്ചാല്‍ തൊടാം എന്ന മട്ടില്‍
അത്ര അടുത്താണ് ആകാശം. അവിടുത്തെ വിശാലമായ പാറയില്‍ നിന്നു നോക്കിയാല്‍ അങ്ങകലെ
പട്ടണം വ്യക്തമായി കാണാം. പട്ടണത്തിനടുത്തുള്ള പാലത്തിലൂടെ കടന്നു പോകുന്ന
വാഹനങ്ങളുടെ കണക്കെടുക്കാം. പേരയിലും പനിനീര്‍ ചാമ്പയിലും പെടച്ചു കയറാം.
രാത്രിയില്‍ ദൂരെ പട്ടണത്തിലെ ഓരോ ഭാഗങ്ങളും കണ്ടു തിരിച്ചറിയാം. അതിലേറെ മിന്നാമിന്നികളുടെ
നക്ഷത്രക്കൂട്ടങ്ങളെക്കാണാം. ചീവീടുകളുടെ സംഗീതത്തിന് താളം പിടിക്കാം.
അയാള്‍ക്കും
ഭാര്യക്കും ഒരുപോലെ പ്രിയപ്പെട്ടതാണാ സ്ഥലം. ഓഫീസുകളിലെ തിരക്കോ ഉപജാപങ്ങളോ
ഇല്ലാതെ, ബന്ധുക്കളുടെ പരിഭവങ്ങളും പരാതികളും കേള്‍ക്കാതെ പ്രകൃതിയോടും
അതിലെ കൊച്ചുജീവികളോടും കൂടി കഴിയാനൊരിടം. അതുകൊണ്ടു തന്നെ “Whispering Darlings” എന്നൊരു ബോര്‍ഡ് അവിടെ കൊണ്ട്
സ്ഥാപിച്ചപ്പോള്‍ ഭാര്യയും മക്കളും അത് കയ്യടിച്ചു സ്വീകരിച്ചു. ദല മര്‍മ്മരങ്ങളുടെ
സംഗീതം കേട്ട്, അവയുടെ ശീതളച്ഛായയില് എല്ലാം മറന്നു
മയങ്ങാനൊരിടം. പക്ഷേ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവിടെ സ്ഥലം വാങ്ങി
കൃഷിയാരംഭിച്ചപ്പോള്‍ അത് സാമ്പത്തികമായും വ്യക്തിപരമായും തെറ്റായ തീരുമാനമാണെന്ന്
പലരും പറഞ്ഞു. ആ പൈസ കൊണ്ട് നഗരത്തില്‍ ഒരേക്കര്‍ ഭൂമി വാങ്ങാന്‍ കഴിയും.
അതവിടെക്കിടന്ന് വെറുതെ വില വര്‍ദ്ധിച്ചു കൊണ്ടിരിക്കും. പകരം വീട്ടില്‍ നിന്നു
വളരെയകലെ, യാത്രാ സൌകര്യങ്ങളോ ജീവിത സൌകര്യങ്ങളോ ഇല്ലാത്ത
ഒരു ഓണം കേറാമൂലയില്‍, എല്ലാം ഒന്നില്‍ നിന്നു തുടങ്ങേണ്ട
സാഹചര്യത്തില്‍ കൃഷി ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ടവന്‍റെ വിഡ്ഢിത്തം ബന്ധുക്കള്‍ക്കും
സുഹൃത്തുക്കള്‍ക്കും തമാശയായി. സാമ്പത്തികമായി ആ തീരുമാനം തെറ്റായിരുന്നുവെന്ന്
അധികം താമസിയാതെ അയാള്‍ക്കും മനസ്സിലായി. പക്ഷേ തിരക്കുകളുടെയും ഉപജാപങ്ങളുടെയും
പരിഭവങ്ങളുടെയും ലോകത്ത് നിന്നു രക്ഷപ്പെട്ട് ശാന്തതയുടെ ഈ തുരുത്തിലെത്തുമ്പോള്‍
തന്‍റെ തീരുമാനം ശരിയായിരുന്നു എന്നു അയാള്‍ തിരിച്ചറിഞ്ഞു.
ഓണത്തിന്
സകുടുംബം ചെല്ലുന്നു എന്നു കേട്ടപ്പോള്‍ നോട്ടക്കാരന്‍ ജോസഫ് ചേട്ടനൊരു വിഷമം.
മൂപ്പര്‍ക്ക് ഓണം കുടുംബത്തിനൊപ്പമാക്കണമെന്ന് ഒരാഗ്രഹം. അപ്പോഴാണ് വേലായുധന്‍
പറഞ്ഞത് “പിള്ളേരൊക്കെ വരുന്നതല്ലേ ഇപ്രാവശ്യം എന്‍റെ ഓണം നിങ്ങളുടെ കൂടെയാക്കാം”
ജോസഫ് ചേട്ടന് സന്തോഷമായി. എങ്കിലും സുനിലിന് ഒരു വിഷമം. അയാളുടെ നാട്ടുകാരനാണ്
വേലായുധന്‍. ദേവകിയുടെ ഏക മകന്‍ . ലക്ഷം വീട്ടില്‍ താമസിക്കുന്ന ദേവകിയുടെ ഓണം ഇത്തവണ സന്തോഷമില്ലാത്തതാകും. പക്ഷേ
ഓണത്തിന് അമ്മയുടെ അടുത്തേക്ക് പോകുന്നില്ല എന്ന തീരുമാനത്തില്‍ വേലായുധന്‍ ഉറച്ചു
നിന്നു.
ആളും
ആരവവും ആയി മക്കള്‍ ആ പ്രദേശമിളക്കി മറിച്ചു. അടുത്ത കൃഷിയിടങ്ങളിലൊന്നും ആളുകള്‍
താമസിക്കുന്നില്ല. അതുകൊണ്ടു തന്നെ മക്കളുടെ സ്വാതന്ത്ര്യം മറ്റാരെയും
വിഷമിപ്പിച്ചുമില്ല. പൂക്കളിറുക്കാനും പൂക്കളമുണ്ടാക്കാനും വേലായുധനും അവരുടെ കൂടെ
കൂടി. ഊഞ്ഞാല്‍ കെട്ടിക്കൊടുത്തും പേരയ്ക്കയും ചാമ്പങ്ങയും പറിച്ചു കൊടുത്തും അവര്‍ക്കൊരു
നല്ല ചേട്ടനായി. മക്കളുടെ ഉത്സാഹം മറ്റ് പണിക്കാര്‍ക്കും ഹരമായി. അതുകൊണ്ടുതന്നെ
ഞങ്ങളോടൊപ്പം ഓണമാഘോഷിക്കാന്‍ സുന്ദരിയും തങ്കമ്മുവും തയ്യാറായി.
വിഭവ
സമൃദ്ധമായ ഓണ സദ്യയും കഴിഞ്ഞു എല്ലാവരും വിശ്രമത്തിന്‍റെ ഒരു മൂഡിലേക്ക്
തിരിയുമ്പോള്‍ പെട്ടെന്നു വേലായുധന്‍ വികാരഭരിതനായി. “സാറേ എന്‍റെ ജീവിതത്തിലെ
ഏറ്റവും സന്തോഷമുള്ള ഓണമായിരുന്നു, ഇന്ന് ”
“അമ്മയുടെ കൂടെയുള്ള ഓണമല്ലേ വേലായുധാ
സന്തോഷമുള്ളത്”?
“അച്ഛനില്ലാത്തവന് എന്ത് അമ്മ,
എന്ത് സന്തോഷം എന്ത് ഓണം “
സുനില്‍ മൌനിയായി .വേലായുധനു അച്ഛനില്ല. അയല്‍പക്കത്തെ വീടുകളില്‍ ചില്ലറ സഹായം ചെയ്തു
കഴിഞ്ഞിരുന്ന ദേവകി ഗര്‍ഭിണിയായതും മകനെ വേലായുധന്‍ എന്നു പേരിട്ടു
വിളിച്ചതുമെല്ലാം പഴയ കഥ. പലരും കിഴിഞ്ഞു ചോദിച്ചിട്ടും തന്‍റെ മകന്‍റെ
അച്ഛനാരാണെന്ന് ദേവകിയാരോടും
പറഞ്ഞിട്ടുമില്ല.
“ നീയെന്തിനാ ഇപ്പോഴിതൊക്കെ പറയുന്നതു?”
എന്‍റെ അച്ഛനാരാണെന്ന് എനിക്കറിയാം സാറേ ,അത്
തോണിക്കല്‍ കുഞ്ഞേട്ടനാണ്.
നിന്‍റെ അമ്മ അങ്ങിനെ പറഞ്ഞോ?
അമ്മ പറഞ്ഞിട്ടൊന്നുമില്ല.
എന്നാലുമെനിക്കറിയാം. എന്‍റെ അച്ഛന്‍ കുഞ്ഞേട്ടന്‍ തന്നെയാ.
കുഞ്ഞേട്ടന്‍ ജീവിച്ചിരിപ്പില്ല. അമ്മയോ
കുഞ്ഞേട്ടനോ പറഞ്ഞിട്ടില്ല വേലായുധന്‍റെ അച്ഛന്‍ കുഞ്ഞേട്ടനാണെന്ന്. എങ്കിലും
വേലായുധനു ഒരു സംശയവും ബാക്കിയില്ല. അവന്‍റെ ഓര്‍മ്മകളില്‍ ഒരോണത്തിന് അവനെ
മടിയിലിരുത്തി ചോറു വാരിക്കൊടുത്ത കുഞ്ഞേട്ടന്‍റെ രൂപമുണ്ട്. എല്ലാവരും പരിഹസിച്ചു
ചിരിക്കുമ്പോള്‍ അവരെ വഴക്കു പറഞ്ഞു അവനെ സ്വാന്ത്വനിപ്പിച്ച കുഞ്ഞേട്ടന്‍റെ രൂപം.
എന്‍റെ അച്ഛനല്ലെങ്കില്‍ എന്നെ മടിയിലിരുത്തി ചോറു വാരിത്തന്നത് എന്തിനാണ്?
ഒരിക്കല്‍ എന്‍റെ നെറ്റിയില്‍ ഉമ്മ വെച്ചതെന്തിനാണ്?
വേലായുധന്‍റെ ന്യായവാദങ്ങള്‍ക്ക്
മുന്നില്‍ ഒന്നും പറയാനാകാതെ സുനില്‍ നിന്നു.
വെട്ടത്താന്‍
www.vettathan.blogspot.in
അച്ഛൻ അഭയമാണ്..
ReplyDeleteആ ഉറപ്പ് ഇല്ലാത്തവന്‍റെ ജീവിതമോ ?
Deleteഅച്ചൻ എന്ന വാക്ക് ഉരുവിടാനാകാത്തതിലുള്ള നൊമ്പരം അത് വലുത് തന്നെയാണ്.മനോഹരം ഭായ് .
ReplyDeleteഅച്ഛനാരെന്നറിയാത്തവന്റെ വേദനയ്ക്ക് അതിരുകളില്ല.
Deleteഎനിക്ക് ഒന്നരവയസ്സ്സുള്ളപ്പോള്‍ എന്റെ അച്ഛന്‍ മരിച്ചു.എനിക്കാണെങ്കില്‍ ഒരു കുഞ്ഞ് പിറന്നതുമില്ല. അതുകൊണ്ട് പിതൃസ്നേഹം ലഭിച്ച അനുഭവവുമില്ല, കൊടുത്ത അനുഭവവുമില്ല.
ReplyDeleteഅച്ഛനാണെങ്കിലും മകനാണെങ്കിലും ആള് നന്നെങ്കില്‍ മാത്രമേ ബന്ധം ഊഷ്മളമാകുന്നുള്ളൂ. അതുകൊണ്ടു തന്നെ ഇല്ലാത്തതിനെക്കുറിച്ച് ഖേദിക്കുന്നതിലര്‍ത്ഥവുമില്ല.
Deleteസ്നേഹമാണഖിലസാരമൂഴിയില്‍.....
ReplyDeleteകവിവചനം അന്വര്‍ത്ഥം!
പിതൃസ്നേഹത്തിനുവേണ്ടി കൊതിച്ചവന്‍റെ മാനസ്സികാവസ്ഥ എത്ര തന്മയത്വമായി അവതരിപ്പിച്ചിരിക്കുന്നു ഈ കഥയില്‍!!
ആശംസകള്‍ വെട്ടത്താന്‍ സാര്‍
അച്ഛന്‍ എന്ന വ്യക്തി മൂടുപടത്തിനപ്പുറമാകുന്നത് വല്ലാത്തൊരവസ്ഥയാണ്.മാതാപിതാക്കളുടെ ലാളന ഏറ്റു വളര്‍ന്നവര്‍ക്ക് അത് മനസ്സിലാകണമെന്നില്ല
Deleteകഥ ഇഷ്ടമായി മാഷേ
ReplyDeleteനന്ദി,ഉദയന്‍
Deleteഅച്ഛന്‍ ഉണ്ടാവുന്നതും.... അച്ഛന്‍ ആവാന്‍ കഴിയുന്നതും.. ഒരു പുണ്യമാണ്...
ReplyDeleteഇല്ലാത്തവന്‍റെ വേദനയ്ക്ക് അതിരുകളുണ്ടോ?
Deleteസാക്ഷാൽ രക്ഷിതാവായ
ReplyDeleteപിതാവിന്റെ വാത്സല്ല്യം മാതാവിൽ നിന്നും
എന്നും വേറിട്ടത് തന്നെയാണ്....., അത് കിട്ടാതെ
പോകുന്നവരേയും , കൊടുക്കാതെ പോകുന്നവരേയും
ഹത ഭാഗ്യരെന്നെ പറയുവാൻ സാധിക്കുകയുള്ളൂ...!
തന്‍റെ ചോരയില്‍ പിറന്ന പുത്രന്‍, തന്തയില്ലാത്തവനായി അലയേണ്ടി വരുന്നത് കാണുന്നതല്ലേ, ജാരനായ അച്ഛനു ലഭിക്കുന്ന വലിയ ശിക്ഷ?
Deleteവർഷങ്ങൾ പിന്നിട്ടിട്ടും ആവേദന മനസ്സില് പേറി നടക്കുന്ന ആ മനുഷ്യൻ. ഇപ്പോഴും കുഞ്ഞേട്ടനാണ് അച്ഛൻ എന്ന് നിശ്ചയമില്ലല്ലോ . മനസ്സില് നൊമ്പരമുണർത്തിയ കഥ. ആശംസകൾ സർ
ReplyDeleteഒരു തെളിവുമില്ല. അയാളുടെ ഒരു തോന്നല്‍.വേരുറച്ചുപോയ ഒരു തോന്നല്‍.
Deleteമടിയിലിരുത്തി സ്നേഹപൂർവ്വം ഉരുളയൂട്ടുകയും നെറ്റിയിൽ സ്നേഹചുംബനം നൽകിയത് അച്ഛനല്ലാതെ മാറ്റാരാവാനാണ്.....
ReplyDeleteഒരു പക്ഷേ ആവാം അല്ലേ?
Deleteജന്മം കൊണ്ടല്ലല്ലോ അച്ഛനാകേണ്ടത്, കര്‍മ്മം കൊണ്ടല്ലേ...സ്നേഹം കൊണ്ടല്ലെ..കുഞ്ഞേട്ടന്‍ തന്നെയാകട്ടെ അച്ഛന്‍...
ReplyDeleteശരിയാണ്.സ്നേഹം കൊണ്ടാണ് അച്ഛനാകേണ്ടതു
Deleteജന്മം കൊണ്ട് മാത്രമല്ലല്ലോ.... ഒരാള്‍ അച്ഛനാവുന്നത് കര്‍മ്മം കൊണ്ടുമാകാമല്ലോ.....
ReplyDeleteഅച്ഛനെന്നാല്‍ ദൈവം...., ഒരാള്‍ക്ക് ദൈവമാകാന്‍ കഴിയുന്നത അച്ഛനാവുമ്പോഴാണ്..... അത് ജന്മം കൊണ്ട് മാത്രമല്ല കര്‍മ്മം കൊണ്ടുമാകാം....
തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക....
അച്ഛന്‍റെ സ്നേഹം ആവോളം ലഭിക്കുന്ന ഒരു മകനാണ് ഞാൻ....
ഞാനും അച്ഛന്‍റെ സ്നേഹം നന്നായി നുകര്‍ന്ന മകനാണ്.അച്ഛനാരാണെന്ന് ഉറപ്പില്ലാത്തവന്‍റെ വേദനയും കണ്ടിട്ടുണ്ട്
Deleteഎങ്ങനെയോ ഞാനിക്കഥ കാണാതെ പോയി....
ReplyDeleteവേലായുധൻ സ്വന്തം വിശ്വാസത്തിൽ ജീവിയ്ക്കട്ടെ.
കല്യാണത്തിന്റെ തിരക്കക്കല്ലായിരുന്നോ ,സാരമില്ല
Deleteഞാനെങ്ങനെയോ ഈ പോസ്റ്റ് മിസാക്കിയല്ലോ!!!!
ReplyDeleteവേലായുധൻ സ്വന്തം വിശ്വാസത്തിൽ ജീവിയ്ക്കട്ടെ!!!!
അഛൻ ഇല്ലാതായവന്റെ ദുഃഖം സീമാദീത o തന്നെ. പക്ഷേ, അഛനാരെന്നറിയാത്തവന്റെ ദു:ഖമോ ...?
ReplyDeleteഅവനനുഭവിക്കുന്ന മാനസിക വ്യഥ എത്രമാത്രം ആണ്?
Deleteവേലായുധന്‍റെ ന്യായവാദങ്ങള്‍ക്ക് മുന്നില്‍ ഒന്നും പറയാനാകാതെ ഈ കഥയുടെ വായനക്കാരും ! കഥ വളരെ നന്നായിരിക്കുന്നു , എന്റെ ആശംസകൾ .
ReplyDeleteനന്ദി,ഷഹീം
Deleteനല്ല ആശയം വെട്ടത്താൻ ചേട്ടാ.. അവതരണവും ഇഷ്ടമായി.. പക്ഷെ എനിക്ക് എവിടെയോ തുടർച്ച നഷ്ടപ്പെട്ട പോലെ.. അഥവാ ആദ്യം സുനിൽ കുടുംബം ജോലിക്കാർ എല്ലാം കൂടെ ഒരു അവ്യക്തത വന്നതുപോലെ.. ശ്രമിച്ചാൽ ഇനിയും നന്നാക്കാവുന്ന കഥ :) ചിലപ്പോൾ എന്റെ കുഴപ്പമാവാം
ReplyDeleteAnu
നന്ദി,അനു
Deleteഅച്ഛനില്ലാതവന്റെ ദുഃഖം.....നല്ല അവതരണം
ReplyDeleteനന്ദി,ജിഷ
Deleteമൂന്നു വയസ്സിൽ അച്ഛൻ നഷ്ടപ്പെട്ട എനിക്ക് അച്ഛന്റെ സ്നേഹം എന്തെന്ന് അറിയില്ല.വേലായുധന്റെ ദുഃഖം മനസ്സിലാവുന്നുണ്ട്.
ReplyDeleteഅമ്മ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടാവും അല്ലേ?
Deleteനല്ല കഥ. നല്ല അവതരണം. നല്ല ഭാഷ. നല്ല എഴുത്ത്. ആളൊഴിഞ്ഞ ആ കൃഷി സ്ഥലത്ത് എത്തിച്ചേർന്ന പ്രതീതി വായനക്കാർക്കും അനുഭവപ്പെട്ടു.
ReplyDeleteആദ്യത്തെ ഖണ്ഡിക കഴിഞ്ഞ് പൂർവ ദൃശ്യം (ഫ്ലാഷ് ബാക്ക്) ആണല്ലോ. അത് തീർന്ന് വർത്തമാനത്തിൽ എത്തുന്നത് ഓണ സദ്യ കഴിയുമ്പോഴും. അവിടെ ഒരു തുടർച്ച (continuity) അനുഭവപ്പെടാതെ പോയി. പിന്നെ ഒരു കാര്യം കൂടി. വേലായുധനെ കുറെ ക്കൂടി വിശദീകരിക്കേണ്ടി ഇരുന്നു. ഓണത്തിന് എല്ലാറ്റിനും വേലായുധൻ ഇടപെടുന്നതും സഹായിക്കുന്നതും, വർഷങ്ങളായി തോട്ടത്തിൽ എല്ലാ സഹായം ചെയ്യുന്നതും മറ്റും മറ്റും കാണിച്ചു വേലായുധനെ ഒന്ന് പ്രധാനം ആക്കണമായിരുന്നു. ഇത് മറ്റു ഏതൊരു വേലക്കാരനെയും പോലെ മാത്രം ആയി. അത് കൊണ്ട് ഈ വെളിപ്പെടുത്തൽ അത്ര മനസ്സിൽ തട്ടിയില്ല.
കഥ കൊള്ളാം
ബിപിന്‍,വിശദമായ കമന്‍റിന് പ്രത്യേകം നന്ദി. ഓരോ നിര്‍ദ്ദേശവും ഭാവിയിലേക്കുള്ള ഒരു പാഠമാണ്.
Delete