“എനിയ്ക്കുറപ്പാ
കുഞ്ഞേട്ടനാ എന്‍റെ അച്ഛന്‍” വേലായുധന്‍ അങ്ങിനെ ഉറപ്പിച്ച് പറഞ്ഞപ്പോള്‍ സുനില്‍ ഞെട്ടി.
വിശ്വസിക്കാന്‍ പ്രയാസം. പൊതു സമ്മതനായിരുന്നു കുഞ്ഞേട്ടന്‍. നാട്ടിലെ ആദ്യത്തെ
പഞ്ചായത്ത് പ്രസിഡെന്‍റ്. എതിരില്ലാതെയായിരുന്നു അദ്ദേഹത്തെ മെമ്പറായി
തിരഞ്ഞെടുത്തത്. ആ മനുഷ്യനെക്കുറിച്ചാണ് ആരോപണം………
Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts
Sunday, 20 September 2015
Saturday, 5 September 2015
പ്രയാണം
ഇളവില്ലാതെ പെയ്യുന്ന മഴയുടെ സംഗീതം
ശ്രവിച്ച്, ഫോണ്‍ കമ്പികളിലൂടെ തെന്നി നീങ്ങുന്ന വെള്ളത്തുള്ളികളെയും
നോക്കി , മനസ്സിന്‍റെ ജാലകങ്ങളും വാതായനങ്ങളും തുറന്നിട്ട്
കൊണ്ട് അവളിരുന്നു.
ഇപ്പോള്‍
സമയം അഞ്ചു മണി. ഈ കൊച്ചു പട്ടണം ഉണരുന്നതേയുള്ളൂ. വാഹനങ്ങളൊന്നും കാണാനില്ല.
എന്തിന് മനുഷ്യര്‍ പോലും ആരുമില്ല. ഇവിടെ, റസ്റ്റ് ഹൌസിലെ ഈ മുറിയില്‍ , കമ്പികളിലൂടെ
ഒഴുകുന്ന വെള്ളത്തുള്ളികളെയും നോക്കിയിരിക്കുമ്പോള്‍ ബെഡ്ഡില്‍ ശാന്തനായുറങ്ങുന്ന
കൂട്ടുകാരനില്ല, ഈ
ലോകത്ത് അവള്‍ മാത്രം. അവളുടെ ലോകത്ത്
മഴയുടെ സംഗീതം മാത്രം. മഴയില്‍ വിധിയറിയാതെ കമ്പികളിലൂടെ ഉരുളുന്ന വെള്ളത്തുള്ളികള്‍
മാത്രം.
നിങ്ങളെങ്ങോട്ടാണ് കുട്ടികളെ?
കമ്പികളിലൂടെ ഉരുണ്ടുരുണ്ട് എങ്ങോട്ടാണ്
യാത്ര?
ഓര്‍ക്കാന്‍ രസം തോന്നുന്നു. അണുവണുവായി വികസിച്ചു
, ഒരുള്‍ക്കുളിരുമേന്തി ഉരുണ്ടുരുണ്ട് കമ്പികളിലൂടെ ................പിച്ച
വെയ്ക്കാന്‍ പഠിക്കുന്ന കുട്ടികളെപ്പോലെ, പതുക്കെ കൈ
എവിടെയെങ്കിലും അമര്‍ത്തി മുന്നോട്ട് നീങ്ങാനുള്ള ശ്രമം. പാവം കുട്ടി. പക്ഷേ
സാരമില്ല. ധാരാളം അവസരങ്ങള്‍ ഇനിയുമുണ്ടല്ലോ.
പാവം വെള്ളത്തുള്ളികള്‍ക്കൊ?
പിടിവിട്ടുപോയാല്‍ തീര്‍ന്നു. കുപ്പയും കുഴിയും തടവി മഹാപ്രവാഹത്തിന്‍റെ ഭാഗമായി
അലിഞ്ഞു തീരുവാനാണ് വിധി.
എനിക്കോ? എനിക്കെന്തു വിധിയാണ്
കാലം കരുതി വെച്ചിരിക്കുന്നത്? അവളുടെ മനസ്സ് തേങ്ങി.
ബസ്സ്
പുറപ്പെടാറായപ്പോള്‍ കൂടുതല്‍ അടുത്ത് നിന്നുകൊണ്ടു അയാള്‍ ചോദിച്ചു
“പെണ്ണേ ഇനി എന്നു കാണും?”
മറുപടിയായി അവള്‍ ചിരിച്ചു.
അയാളവളുടെ കൈത്തണ്ടയില്‍ മെല്ലെ വിരലമര്‍ത്തി.
പെട്ടെന്നു വണ്ടിയുടെ ചക്രങ്ങള്‍ ഇളകാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ തെന്നി മാറി.
റോഡില്‍ ആരോ സ്ഥാപിച്ച ഒരു കല്‍ത്തൂണ് പോലെ അങ്ങിനെ നിന്നു. പിന്നെ കൈകള്‍
ചലിപ്പിച്ച് അവള്‍ക്ക് യാത്രാ മംഗളങ്ങള്‍ നേര്‍ന്നു.
ഓടുന്ന
വണ്ടിയില്‍ പിന്നോക്കം നോക്കിയിരിക്കുമ്പോള്‍ തന്‍റെ മനസ്സില്‍ ആരോ തറച്ചു വെച്ച
ഒരു മുള്ളാണയാള്‍ എന്നു അവള്‍ക്ക് തോന്നി. പെട്ടെന്നു തന്നെ ആ ചിന്ത യഥാര്‍ത്ഥമല്ലെന്ന്
അവളോര്‍ത്തു. ഒരു നിശ്ചല പ്രതിമ പോലെ അകലുന്ന വണ്ടിയും നോക്കി നില്‍ക്കുന്ന അയാള്‍
തന്‍റെ കരളിലെ മുളളല്ല. എടുത്തു കളഞ്ഞാല്‍ കൂടുതല്‍ വേദനിക്കുമെന്നുള്ളത് കൊണ്ട്
കരുതലോടെ താന്‍ കാത്തു സൂക്ഷിയ്ക്കുന്ന കാരമുളളല്ല അയാള്‍.
വണ്ടി, വെള്ളം
നിറഞ്ഞ പാടങ്ങളും പിന്നിട്ട്
ഓടിക്കൊണ്ടിരിക്കുമ്പോള്‍ അവളുടെ ചിന്ത അയാളെ തേടി ഓടി. അവളയാളുടെ കഴുത്തില്‍ തൂങ്ങി. ചെറു താടി
രോമങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ആ മുഖം തലോടി. ആ ചൂണ്ടുകളില്‍ വിരലുകളോടിച്ചു
അയാളെ ചിരിപ്പിച്ചു. അവള്‍ പറഞ്ഞു. “ഞാന്‍ വേഗം വരാല്ലോ”
പക്ഷേ
റസ്റ്റ് ഹൌസില്‍ നിന്നിറങ്ങുമ്പോള്‍
ഇനിയോരിക്കലും താനയാളോടൊത്ത് വരില്ലന്നാണല്ലോ പറഞ്ഞതെന്ന് അവളോര്‍ത്തു. അവളുടെ
മനസ്സ് വേദനിച്ചു. താനെന്നും അയാളെ വേദനിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നോര്‍ത്തപ്പോള്‍
അവള്‍ക്ക് അടക്കാന്‍ കഴിഞ്ഞില്ല. പരുപരുത്ത വിരലുകളുള്ള കൈകള്‍ കൊണ്ട് അവള്‍ മുഖം
പൊത്തി.
മുഖം
തുടച്ച്, സാരി നേരെയാക്കി അവളിരുന്നു. പ്രഭാതം തരുന്ന
കുളിരിന്‍റെ ഉടുപ്പുകളണിഞ്ഞുകൊണ്ട്, ബസ്സില്‍ മുട്ടിയുരുമ്മി
ഇരിക്കുന്ന ഇണകളെ നോക്കി. അവരെല്ലാം ഇണകളായി വന്നു ഇണകളായിത്തന്നെ തിരിച്ചു
പോകുന്നു. അവള്‍ക്ക് അസൂയ തോന്നി. വേര്‍തിരിക്കപ്പെട്ട ഒരു കൂട്ടിനുള്ളില്‍
മറ്റുള്ളവര്‍ക്കുവേണ്ടി ഏകനായി ജോലി ചെയ്യുന്ന ഡ്രൈവറെപ്പോലെയല്ലേ താനും എന്നവളോര്‍ത്തു.
ഉടനെ തന്നെ തന്‍റെ ഉപമയുടെ ഭോഷത്തം അവളില്‍ ചിരിയുണര്‍ത്തി. ഈ പ്രഭാതത്തില്‍
താനാകെ മാറുന്നു. തന്‍റെ ചിന്തകളാകെ കാട് കയറുന്നു. മറ്റാര്‍ക്കും വേണ്ടി
താനൊന്നും ചെയ്യുന്നില്ലല്ലോ .ആര്‍ക്കുവേണ്ടിയും ,അയാള്‍ക്ക്
വേണ്ടി കൂടിയും താനൊന്നും ചെയ്യുന്നില്ല. ഓഫീസില്‍ ടൈപ്പിങ് മെഷീനുമായി മുഷിഞ്ഞിരിക്കുമ്പോള്‍
താന്‍ കാത്ത നിമിഷങ്ങളെയാണ് ശപിക്കുന്നത്. മരുഭൂമിയില്‍ ഇറ്റ് ജലം തന്ന
മനുഷ്യനെയാണ് പഴിക്കുന്നത്. അവള്‍ നീറി.
അവള്‍
പുറത്തേക്ക് നോക്കി. നേരം പുലരുന്നതെ ഉള്ളൂ. തന്‍റെ ജീവിതം പോലെ നിശ്ചലയായ
പ്രകൃതി. പകല്‍ ഉണരുന്നതും മനുഷ്യര്‍
നിറയുന്നതും കാത്തു നില്‍ക്കുന്ന പ്രകൃതി. പക്ഷേ തനിക്ക് എന്തു പ്രതീക്ഷയാണുള്ളത്?
മോഹങ്ങളുടെ ഉറവുകള്‍ വറ്റിപ്പോയിരിക്കുന്നു. പ്രതീക്ഷിക്കാനൊന്നുമില്ല. ഓഫീസില്‍
ഏകാന്തത നിറഞ്ഞിരിക്കുന്ന മുറിയില്‍, വിരസതയുടെ യന്ത്ര
രൂപത്തിന് മുന്നിലുള്ള ജീവിതം. ഇരുമ്പില്‍ അടിച്ചടിച്ചു പരന്നുപോയ വിരല്‍ത്തുമ്പുകള്‍.
ജോലിസ്ഥലത്തുനിന്നു വളരെ അകലെ മണി ഓര്‍ഡര്‍ വരുന്നത് മാത്രം കാത്തിരിക്കുന്ന
സ്നേഹമയികളായ ബന്ധുക്കള്‍.
ബസ്സ്
നിന്നു. ഒരു ചെറുപ്പക്കാരന്‍ വണ്ടിയില്‍ കയറി. സുന്ദരനായ ഒരു ഇരുപത്തഞ്ചുകാരന്‍.
വണ്ടി ഓടിത്തുടങ്ങിയപ്പോള്‍ തന്നെ യാത്രയാക്കിയ മനുഷ്യന്‍റെ അരികിലേക്ക് അവളുടെ
മനസ്സ് പാഞ്ഞു ചെന്നു. അയാളുടെ ബസ്സ് എട്ടരക്കാണെന്ന് അവളോര്‍ത്തു. പാവം റസ്റ്റ്
ഹൌസിലെ മുറിയില്‍ സമയം ഇഴയുന്നതും നോക്കി ഇരിക്കയാവും. അയാളുടെ ഒട്ടിയ കവിളുകളും
ജീവസ്സറ്റ കണ്ണുകളും അവളുടെ മനസ്സില്‍ തെളിഞ്ഞു. താന്‍ കാണുമ്പോഴേ അയാള്‍
അങ്ങിനെയായിരുന്നു. വേണ്ടവരൊക്കെ ഉപയോഗിച്ച് വലിച്ചെറിഞ്ഞ ചണ്ടി. അയാളുടെ പക്കല്‍
ആര്‍ക്കും ഒന്നും ബാക്കിയുണ്ടായിരുന്നില്ല. എന്തിന് സ്നേഹിക്കാന്‍ ഒരു ഹൃദയം പോലും
ബാക്കിയില്ലാത്ത മനുഷ്യന്‍. എല്ലാം ഓരോരുത്തരായി വീതം വെച്ചു എടുത്തിരുന്നു.
എന്താണ്
തന്നെ അയാളിലേക്ക് അടുപ്പിച്ചതെന്ന് ആശ്ചര്യത്തോടെ അവളോര്‍ത്തു. ജീവനില്ലാത്ത
അയാളുടെ കണ്ണുകളാണോ? കുറ്റി രോമം നിരന്ന അയാളുടെ ഒട്ടിയ കവിളുകളാണോ? ഒരു പക്ഷേ എല്ലാവരും പിടിച്ചുപറിച്ച ഒരു മനുഷ്യനു താന്‍ സ്നേഹം
കൊടുക്കുകയായിരുന്നിരിക്കാം. പെട്ടെന്നു “സ്നേഹം കൊടുക്കുക” എന്ന പ്രയോഗമോര്‍ത്തു
അവള്‍ക്ക് ചിരി വന്നു. അഞ്ചു മിനുട്ട് നേരത്തേക്ക് സ്നേഹം കൊടുക്കുന്നവര്‍ , ഒരു മണിക്കൂറിന് സ്നേഹം കൊടുക്കുന്നവര്‍. വര്‍ഷങ്ങളിലേക്ക് സ്നേഹം
കൊടുക്കുന്നവര്‍. എല്ലാം ഒന്നു തന്നെ .ഇരയിട്ടു മീന്‍ പിടിക്കുന്ന പണി തന്നെ.
ഇത്തിരി തേന്‍ വാരിപ്പൂശി കാര്യം കാണുന്ന പൂവിന്‍റെ കഥ തന്നെ. അയാളോട് താനും അത്
തന്നെ ചെയ്യുകയായിരുന്നു. അയാളെ ചാണ്ടിയാക്കി മാറ്റിയവരുടെ കൂടെ തന്നെയാണ് തന്‍റെ
സ്ഥാനവും.
കഴിഞ്ഞുപോയ
രണ്ടു ദിവസങ്ങള്‍ അവളുടെ സ്മരണയില്‍ തെളിഞ്ഞു വന്നു. തന്നോടു എന്തോ തെറ്റ്
ചെയ്യുന്നു എന്ന ഭാവമായിരുന്നു അയാളുടെ മുഖത്ത്. അമര്‍ത്തി ചുംബിച്ചാല്‍ ഇതളടര്‍ന്നു
പോകുന്നൊരു റോസാപുഷ്പത്തോടെന്ന പോലെയാണയാള്‍ പെരുമാറിയത്. എങ്കിലും തന്നെ കാണാതെ
അധികം കാലം കഴിച്ചുകൂട്ടാന്‍ അയാള്‍ക്കാവില്ല. പാവം, അയാള്‍ക്ക് സ്വയം നിയന്ത്രിക്കാനറിഞ്ഞുകൂടാ. ഈ ലോകത്തിന്‍റെ
നിയമങ്ങള്‍ക്കനുസരിച്ച് പെരുമാറാനുമറിഞ്ഞുകൂടാ. തന്‍റെ സ്നേഹമില്ലായിരുന്നെങ്കില്‍
അയാള്‍ തകര്‍ന്നു പോകുമായിരുന്നു എന്നവള്‍ക്കു തോന്നി.
അവള്‍
പുറത്തേക്ക് നോക്കി. ഇരുള്‍ മാറി ശരിക്ക് വെളുത്തിരിക്കുന്നു. നിരത്തില്‍
വാഹനങ്ങളും മനുഷ്യരും നിറഞ്ഞു തുടങ്ങി. കുട്ടികള്‍ സ്കൂളിലേക്കുള്ള യാത്ര
തുടങ്ങിക്കഴിഞ്ഞു. അവള്‍ താനൊരിക്കലും കണ്ടിട്ടില്ലാത്ത അയാളുടെ
കുട്ടികളെക്കുറിച്ചോര്‍ത്തു. അച്ഛനെപ്പോലെ തന്നെയാവുമോ മക്കളും? ഒന്നും നേടാന്‍ അറിയാത്തവര്‍, കൊടുക്കാന്‍ മാത്രം
ശീലിച്ചവര്‍? എങ്കില്‍ മക്കളെ നിങ്ങള്‍ക്കാരു തണല്‍ തരും? പിടിച്ച് പറിക്കാരുടെ ഈ ലോകമോ? മേടിക്കാനല്ലാതെ
കൊടുക്കാന്‍ അറിയാത്ത നിങ്ങളുടെ അമ്മയോ? അവളുടെ നെഞ്ചില്‍
സ്നേഹം ചുരന്നു. എന്‍റെ കുഞ്ഞുങ്ങള്‍, കാപട്യം അറിയാത്ത എന്‍റെ
കുഞ്ഞുങ്ങള്‍ അവളുടെ മനസ്സ് തേങ്ങി.
അവള്‍
ജോലി ചെയ്യുന്ന പട്ടണത്തിലേക്കു ഇനി അധിക ദൂരമില്ല. അവള്‍ക്ക് തന്‍റെ സന്തോഷം
അകന്നകന്നു പോകുന്നത് പോലെ തോന്നി. തന്‍റെ സത്ത അലിഞ്ഞലിഞ്ഞു എവിടെയോ
അപ്രത്യക്ഷമാകുന്നത് പോലെ. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം അവള്‍ വീണ്ടും തന്നെയോന്നു
കരയിക്കാന്‍ കൂടി കഴിവില്ലാത്ത ഈ ശപിക്കപ്പെട്ട ലോകത്തിലേക്കു തിരിച്ചു വരുന്നു.
അവളുടെ സന്തോഷങ്ങളുടെ ലോകത്തില്‍ നിന്നു,
അവളുടെ ഉല്‍ക്കണ്ഠയുടെ തിരക്കില്‍ നിന്നു, അവളുടെ എല്ലാ
ഭാവപ്രവാഹങ്ങളുടെയും നിലയ്ക്കാത്ത പാച്ചിലില്‍ നിന്നു..... .ഇനി അവള്‍ വെറുമൊരു
ബിന്ദു. സ്വന്തം വഴികളില്ലാതെ, സ്വന്തമായൊന്നുമില്ലാതെ
എല്ലാവരുടെയും മാര്‍ഗ്ഗങ്ങളിലൂടെ ചരിക്കുന്ന ഒരു കേവല ബിന്ദു.
വണ്ടി
നിന്നു. അവളിറങ്ങി ഹോസ്റ്റലിലേക്ക് നടന്നു.
വെട്ടത്താന്‍
www.vettathan.blogspot.in
Monday, 6 July 2015
ആന
ആയ ആനയായി.
കുട്ടി, ആനക്കാരനും.
“ഇടത്തോട്ട് തിരിയ് ആനേ”
കുട്ടി കല്‍പ്പിച്ചു.
ആന ഇടത്തോട്ട് തിരിഞ്ഞു.
കുട്ടി ആനയെ ഇടത്തോട്ടും വലത്തോട്ടും നടത്തിച്ചു. പാര്‍ക്കിന് വലം വെച്ചു.
മടുത്തപ്പോള്‍ കുട്ടി ആനപ്പുറത്തു നിന്നിറങ്ങി "കുട്ടികള്‍ക്ക് മാത്രം" എന്നെഴുതിയിരുന്ന ഊഞ്ഞാലിലിരുന്ന മമ്മിയുടെ അടുത്തേക്ക് നീങ്ങി.
കുട്ടി ആനയെ ഇടത്തോട്ടും വലത്തോട്ടും നടത്തിച്ചു. പാര്‍ക്കിന് വലം വെച്ചു.
മടുത്തപ്പോള്‍ കുട്ടി ആനപ്പുറത്തു നിന്നിറങ്ങി "കുട്ടികള്‍ക്ക് മാത്രം" എന്നെഴുതിയിരുന്ന ഊഞ്ഞാലിലിരുന്ന മമ്മിയുടെ അടുത്തേക്ക് നീങ്ങി.
ആന അപ്പോഴും അങ്ങിനെ നില്‍ക്കുകയായിരുന്നു.
www.vettathan.blogspot.in
Wednesday, 26 November 2014
അനുവിന്‍റെ അമ്മ
നേരം
വെളുത്തിട്ടില്ല. ടെലഫോണ്‍ തുടര്‍ച്ചയായി അടിച്ചുകൊണ്ടിരിക്കയാണ്. ജോസഫ്
ഉറക്കച്ചടവോടെ ഫോണ്‍ എടുത്തു.
“ഹലോ, ജോസഫല്ലേ”. ഒരു നിമിഷം അയാള്‍
വിക്റ്ററിന്‍റെ സ്വരം തിരിച്ചറിഞ്ഞു. “എന്തുപറ്റി വിക്റ്റര്‍”
“മദര്‍ ഇന്‍ ലോ മരിച്ചു, ഒന്നിവിടം വരെ വരുമോ?” അയാള്‍ എഴുന്നേറ്റ് വേഗം റെഡിയായി. എന്താണ് പ്രശ്നമെന്ന്
അന്യോഷിച്ച ഭാര്യയോട് “അനുവിന്റെ അമ്മ മരിച്ചു” എന്നു മാത്രം പറഞ്ഞു വിക്റ്ററിന്‍റെ
വീട്ടിലേക്ക് നടന്നു.
Monday, 30 December 2013
ക്ലിയോപാട്ര
ഞാന്‍ ഇന്നലെ ക്ലിയോപാട്രയെ കണ്ടു. കൊശവന്‍
കൃഷ്ണപ്പിള്ളയുടെ ശ്രീകൃഷ്ണാ ലോഡ്ജിന്‍റെ മുന്നിലൂടെ പോകുന്ന രാജവീഥിയിലൂടെ
സായാഹ്ന സവാരിക്കിറങ്ങിയതായിരുന്നു തമ്പുരാട്ടി.
ആറാം നമ്പര്‍
മുറിയുടെ മുന്നില്‍ ,വിടരാത്ത ചെമ്പരത്തിപ്പൂ മാത്രം പൂക്കുന്ന എന്‍റെ പൂന്തോട്ടത്തിലേക്കു നോക്കിയിരിക്കുകയായിരുന്നു
ഞാന്‍. എന്‍റെ മുന്നില്‍ മാദക സൌന്ദര്യം കൊണ്ട് ലോകത്തെ വിഭ്രമിപ്പിച്ച
മാദകത്തിടമ്പു. കണ്‍മുന കൊണ്ട് ചക്രവര്‍ത്തിമാരെ അമ്മാനമാടിയ മായാമോഹിനി.
എന്‍റെ സ്വപ്നങ്ങളിലെ മഹാറാണി ഇളം മഞ്ഞ
സാരി ചുറ്റിയിരുന്നു. കയ്യില്‍ കരി വളകള്‍ .കവിളില്‍ പൌഡര്‍ .ചുണ്ടില്‍ ലിപ്സ്റ്റിക്ക്. (എന്‍റെ പ്രണയിനി
ചെയ്യുന്നതുപോലെ വിടരാത്ത ഒരു ചെമ്പരത്തിപ്പൂ മഹാറാണിക്ക് ചൂടാമായിരുന്നു. )
മഹാറാണി തനിച്ചല്ല. ചുറ്റും ഏഴെട്ട്
അകമ്പടിക്കാര്‍ . കൈലിമുണ്ടും വട്ടക്കെട്ടും വേഷം. ചുണ്ടില്‍ ബീഡിക്കറ. ഇവരുടെ വാളുകള്‍ എവിടെപ്പോയി?
എനിക്കാകെ വിഷമമായി.
എവിടെ വാളുകള്‍ ?
എവിടെ വെണ്‍ ചാമരം ?
എവിടെയാണ് പന്തികേട് ?
ഒരു മണിക്കൂര്‍ കഴിഞ്ഞു മഹാറാണി തിരിച്ചെഴുന്നെള്ളി.
ദ്രുതഗതിയിലായിരുന്നു ചലനം. കയ്യില്‍ കരിവളകളില്ല. ചുണ്ടില്‍ ലിപ്സ്റ്റിക്ക് ഇല്ല.
സര്‍വ്വോപരി- അകമ്പടിക്കാരില്ല.
പരിഷകള്‍ എവിടെപ്പോയി?
“തമ്പുരാട്ടീ........” സ്വരം എന്‍റെ കണ്ഠത്തില്‍ തടഞ്ഞു.
എന്‍റെ മഹാറാണി തിരിഞ്ഞു നോക്കി. വേദന കലര്‍ന്ന ഒരു മന്ദഹാസം
സമ്മാനിച്ചു നടന്നു നീങ്ങി.
“എന്‍റെ പൊന്നു തമ്പുരാട്ടീ .......”
(1970ല്‍ എഴുതിയത്)
വെട്ടത്താന്‍
Wednesday, 12 June 2013
ഓമന
രാവിലെ തന്നെ
ഓഫീസിലെത്തി ജോലി തുടങ്ങിയതായിരുന്നു അയാള്‍. മറ്റുള്ളവര്‍ വരുന്നതിന് മുന്‍പുള്ള
ഒന്നൊന്നര മണിക്കൂര്‍, ശാന്തമായി ജോലി ചെയ്യാന്‍ ഏറ്റവും പറ്റിയ സമയമാണ്. സന്ദര്‍ശകരോ ഫോണ്‍
വിളിയോ ഇല്ലാത്ത സമയം. പോരെങ്കില്‍ പ്രഭാതത്തിലെ സുന്ദരമായ അന്തരീക്ഷവും. മൊബൈല്‍
റിങ്ങ് ചെയ്തപ്പോള്‍ ഭാര്യയാവുമെന്ന് കരുതി. ഓഫീസില്‍ എത്തിയിട്ട്
തിരിച്ചുവിളിച്ചില്ലെങ്കില്‍ അവര്‍ക്ക്
സ്വസ്ഥതയില്ല. നോക്കുമ്പോള്‍ വേറെ ഏതോ നമ്പറാണ്. അയാള്‍ ഫോണ്‍ എടുത്തു.
Wednesday, 20 March 2013
ചില കുടുംബ കാര്യങ്ങള്‍.
ഇന്നലെ കാലത്ത് എനിക്കു ഒരു സന്ദര്‍ശകനുണ്ടായിരുന്നു.
എന്‍റെ നാട്ടുകാരനും അയല്‍ക്കാരനുമാണ്. വല്ലപ്പോഴും
വരും. സ്വന്തം പ്രശ്നങ്ങളുടെ കെട്ടഴിക്കും. വേറൊരാളോടാണ് പറയുന്നതെന്ന്
പരിഗണിക്കാതെ എല്ലാം വിട്ടു പറയും. എന്‍റെ ഭാര്യക്ക് കക്ഷിയെ അത്ര പിടിക്കില്ല. അയാളുടെ
ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും കുറ്റങ്ങള്‍ തുറന്നടിക്കുന്നത് കൊണ്ടാണ്. പിന്നെ, വന്നാല്‍ ഉടനെ ഒന്നും
പോകില്ല. ഔചിത്യം നോക്കാതെ ചടഞ്ഞു കൂടുന്നവരെ “അളിയന്‍” എന്നാണവള്‍ വിളിക്കുക. അളിയന്‍മാര്‍ ഓരോ സ്ഥലത്തും
ഉണ്ടാവാറുണ്ട്. മറ്റുള്ളവരുടെ സാഹചര്യം മനസ്സിലാക്കാതെ ചടഞ്ഞു കൂടുന്നവര്‍.
ബാബുവിനും ഞങ്ങളുടെ ഇടയിലെ വിളിപ്പേര് “അളിയന്‍” എന്നു തന്നെ.
രണ്ടു ദിവസം മുന്‍പ് ബാബു
വിളിച്ചിരുന്നു. അയാളുടെ ജ്യേഷ്ഠന്‍റെ ഭൂമി ഒരു കേസില്‍ പെട്ടു നഷ്ടപ്പെട്ടു.
കേറിക്കിടക്കാന്‍ കൂരയില്ലാതായി. തല്‍ക്കാലം മകളുടെ വീട്ടില്‍ കൂടുകയാണ് ,അയാള്‍ അങ്ങോട്ട് പോകുകയാണ് എന്നു പറഞ്ഞു. ബാബുവിന്‍റെ സഹോദരന്‍ ഒരു നല്ല
മനുഷ്യനായിരുന്നു. അങ്ങിനെയുള്ളവരെയാണല്ലോ കുബുദ്ധികള്‍ക്ക് എളുപ്പം പറ്റിക്കാന്‍ കഴിയുക. എനിക്കു വിഷമം തോന്നി. ഞങ്ങളുടെ
നാട്ടില്‍ ആയിരുന്നപ്പോള്‍ ഒരു വിധം നല്ല നിലയില്‍ കഴിഞ്ഞിരുന്നവരാണ്.
കഠിനാദ്ധ്വാനിയായിരുന്നു ബാബുവിന്‍റെ ചേട്ടന്‍. അയാളുടെ
വിയര്‍പ്പ് വീണു കുതിര്‍ന്ന മണ്ണായിരുന്നു അവരുടേത്. അവരുടെ അച്ഛന്‍റെ പിടിവാശിക്ക് ആ ഭൂമി വിറ്റു നാട് വിട്ടതാണ്.
വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം കാണുമ്പോള്‍ ബാബു
നഗരത്തിലെ ആശുപത്രിയില്‍ ജോലിയാണ്. മകളെ
കല്യാണം കഴിച്ചു അയച്ചു. മകന് വിവാഹം അന്യോഷിക്കുന്നു. അല്ലലില്ലാത്ത ജീവിതം. ഒരു
വിഷമം മാത്രം മകന്‍റെ പഠിത്തം അങ്ങ് ശരിയായില്ല. അംഗീകാരമില്ലാത്ത ഒരു പ്രൈവറ്റ്
കോഴ്സ് പഠിച്ചു ഒരു ചെറിയ ജോലിയുമായി കഴിയുകയാണ്
പയ്യന്‍.
ഒരു വര്‍ഷം മുന്‍പ്
ബാബു വന്നിരുന്നു. രണ്ടു മണിക്കൂര്‍ സമയം അയാള്‍ തന്‍റെ ജീവിതത്തിന്‍റെ മാറാപ്പു
എന്‍റെ മുന്നില്‍ തുറന്നിട്ടു. മകന്‍റെ കല്യാണം ശരിയാവുന്നില്ല. നല്ല നല്ല
ആലോചനകള്‍ വരുന്നുണ്ട്. പക്ഷേ പയ്യന്‍ അടുക്കുന്നില്ല. തീരെ നിസ്സാര കാരണങ്ങള്‍
പറഞ്ഞു ഒഴിവാക്കിക്കളയുന്നു. അവന്‍റെ കുറവുകള്‍ അവന്‍ അറിയുന്നില്ല. പോരെങ്കില്‍
അവന് തീരെ അനുസരണയില്ല. അച്ഛനോടും അച്ഛന്‍റെ വാക്കിനോടും ഒരു ബഹുമാനവുമില്ല. മകന്‍ അച്ഛനെ
കൈകാര്യം ചെയ്യുമോ എന്നു ഭയക്കുന്നു
എന്നുവരെ അയാള്‍ പറഞ്ഞു വെച്ചു. ഞാന്‍ അയാള്‍ക്ക് ആത്മ വിശ്വാസം പകരുന്ന വിധത്തില്‍
സംസാരിച്ച് പതുക്കെ ഒഴിവാക്കി വിട്ടു.
അഞ്ചു മാസം മുന്‍പായിരുന്നു
ബാബുവിന്‍റെ മകന്‍റെ വിവാഹം. കൊള്ളാവുന്ന ഒരു കുടുംബത്തില്‍ നിന്നാണ്. പെണ്‍കുട്ടി
നഗരത്തിലെ ഒരാശുപത്രിയില്‍ ജോലി
ചെയ്യുന്നു. ബി.എസ്.സി നേഴ്സാണു. ബാബുവും ഭാര്യയും അതീവ സന്തുഷ്ടരായി കാണപ്പെട്ടു.
മാതാപിതാക്കള്‍ പെണ്‍ മക്കളെ കല്യാണം
കഴിച്ചു വിടുമ്പോള്‍ പയ്യന്‍റെ വിദ്യാഭ്യാസ യോഗ്യതയൊന്നും നോക്കാറില്ലെ എന്നൊരു കുശുമ്പു
മനസ്സില്‍ മുളപൊട്ടിയെങ്കിലും ഞാനതടക്കി.
ബാബുവിന്‍റെ ജീവിതം സന്തോഷകരമായിരിക്കട്ടെ
എന്നു മനസ്സില്‍ ആശംസിക്കുകയും ചെയ്തു.
എന്‍റെ മുന്നിലിരിക്കുന്ന
ബാബുവിനെ നോക്കുമ്പോള്‍ ഞാന്‍ കാണുന്നത് അയാളുടെ അച്ഛനെയാണ്.അത്രയും തടിയില്ല
പക്ഷേ ആറടിക്ക് മേലുള്ള ഉയരവും സ്വാര്‍ത്ഥത ഒളിഞ്ഞിരിക്കുന്ന കണ്ണുകളും ഒരു
കൌശലക്കാരന്‍റെ മുഖവും ബാബുവിന് പകര്‍ന്നു കിട്ടിയിട്ടുണ്ട്. ആരോടും
സ്നേഹമില്ലാത്ത, ഒരു വെറും സ്വാര്‍ത്ഥനായിരുന്നു ആ മനുഷ്യന്‍.
മക്കളോ നാട്ടുകാരോ അയാളെപ്പറ്റി നല്ലതൊന്നും പറഞ്ഞുകേട്ടിട്ടില്ല. മൂത്തമകന്‍റെ
ഭാര്യ അയാളുടെ ക്രൂരതകളെപ്പറ്റിപറഞ്ഞു കരയുമായിരുന്നു. മരിക്കുന്നതുവരെ അയാള്‍
മക്കളെ പീഡിപ്പിച്ച് കൊണ്ടിരുന്നു. അയാളുടെ മരണം മക്കള്‍ക്ക് ആശ്വാസമായിരുന്നു
എന്നു തന്നെ പറയാം. ആയ കാലത്ത് തല ഉയര്‍ത്തി നടന്ന അയാള്‍ പരിഹാസ്യനായാണ്
മരിച്ചത്. അയാളെ കാണാതെ പരിചയക്കാര്‍ ഒഴിഞ്ഞു മാറുമായിരുന്നു. എന്നാലും ദിവസവും
പുതിയ താമസസ്ഥലത്ത് നിന്നു മൂന്നു മൈല്‍ നടന്നു അയാള്‍ ഞങ്ങളുടെ നാട്ടിലെത്തും.
ആദ്യകാലങ്ങളില്‍ സുഹൃത്തുക്കളുടെ കടകളായിരുന്നു അയാളുടെ വിഹാരരംഗം. പിന്നെ പിന്നെ
എന്നും ബസ് സ്റ്റോപ്പില്‍ കാണുന്ന ഒരു കിഴവനെന്ന പേര് അയാള്‍ക്ക് വീണു. ആരെങ്കിലും
പരിചയക്കാരെ കണ്ടാല്‍ ചെറു തുകകള്‍ ചോദിക്കാന്‍ അയാള്‍ക്ക് മടിയില്ലാതായി.
“എന്താണ് പ്രശ്നം”? ബാബു വിസ്തരിച്ചിരുന്നു.
എന്നിട്ട് ചിരിച്ചുകൊണ്ടു പറഞ്ഞു “മരണ ഭീതി, എന്‍റെ മകന്‍
എന്നെ കൊല്ലുമോ എന്ന ഭീതി.” തരിച്ചിരിക്കുന്ന എന്നെ നോക്കി അയാള്‍ പറഞ്ഞു.
മകനെക്കൊണ്ടു വലിയ പ്രശ്നമായിരിക്കുന്നു. ചിലപ്പോള്‍ അവന്‍ വല്ലാതെ വയലന്‍റ്
ആകുന്നു. മറ്റൊരു നഗരത്തില്‍ ജോലിചെയ്തിരുന്ന മകനെ ഇവിടെ കൊണ്ടുവന്നു ജോലി
വാങ്ങിക്കൊടുത്തു. ഇപ്പോള്‍ അയാളെക്കൊണ്ട് ഒരു രക്ഷയുമില്ല. പോരെങ്കില്‍ ഭാര്യക്ക്
തീരെ സുഖമില്ല.
“അയാളുടെ കല്യാണം കഴിഞ്ഞതല്ലെ ഉള്ളൂ. അയാള്‍ ഭാര്യയോട്
എങ്ങിനെയാണ്?
“അതല്ലേ തമാശ. അയാള്‍ക്ക് അവളെ തീരെ വിശ്വാസമില്ല. അവളുടെ
ബന്ധുക്കളായ പുരുഷന്മാരോട് സംസാരിക്കുന്നതു ഇഷ്ടമല്ല. അല്ലെങ്കിലും അവന് ചേര്‍ന്ന
പെണ്ണാണോ അവള്‍? കണ്ടാല്‍ ഒരു വര്‍ക്കത്തില്ല. പോയി കണ്ടതെ അവന് ഇഷ്ടപ്പെട്ടു എന്നു
പറഞ്ഞു. ഞങ്ങള്‍ നടത്തിക്കൊടുത്തു. അത്രയേ ഉള്ളൂ.”
“പെണ്‍ കുട്ടി കാണാന്‍ അത്ര മോശമല്ലല്ലോ”
“അത്ര മോശമല്ല ,എന്നാലും അവന്‍റെ അത്ര സൌന്ദര്യമില്ല.”
“അത് ശരി, പ്രീഡിഗ്രീ തോറ്റ് ഒരു കടലാസ് കോഴ്സും പാസ്സായി മാസം അയ്യായിരം വാങ്ങുന്ന
അവന് കിട്ടിയ ലോട്ടറിയല്ലേ ഈ പെണ്‍ കുട്ടി ”?
“കാര്യം ഒക്കെ ശരിയാണ് പക്ഷേ അവന് മനസ്സിലാവണ്ടേ? ഒഴിഞ്ഞു പോകുന്നെങ്കില്‍
പോകട്ടെ എന്നൊരു മട്ടാണ് അവന്.”
“അവര് തമ്മില്‍ എപ്പോഴും വഴക്കാണോ?”
“അതല്ലേ തമാശ ചിലപ്പോള്‍ വലിയ സ്നേഹമാണ്. ഞങ്ങള്‍ ഇരിക്കുന്നു എന്ന
തോന്നല്‍ പോലുമില്ല”
“അതെന്താ”
കഴിഞ്ഞ ദിവസം ഞങ്ങള്‍ എല്ലാവരും കൂടി ടി.വി
കണ്ടുകൊണ്ടിരിക്കുമ്പോള്‍ അവള്‍ അവന്‍റെ മടിയില്‍ കിടന്നു.
താനെവിടെയായിരുന്നു ഇരുന്നതു ?
ഞാന്‍ മുന്നില്‍.
അവരോ?
അവര്‍ ഏറ്റവും പുറകില്‍.
താനെന്തിനാ തിരിഞ്ഞു നോക്കിയത്?
ഞാനല്ല ,അമ്മയാണ് കണ്ടത്.
പെണ്‍ കുട്ടി ഗര്‍ഭിണിയാണോ?
അതല്ലേ തമാശ. ദൈവം നീതിമാനാണ് എന്നതിന് വേറെ തെളിവ് വേണ്ട.
അതെന്താ
എന്തായിരുന്നു അവളുടെ ഗര്‍വ്വ്. എന്തൊക്കെയാണ് പറഞ്ഞുകൂട്ടിയത്
.ദൈവം പൊറുത്തില്ല.
എന്താ അവള്‍ പറഞ്ഞത്.
ഞാനെന്‍റെ മോനേ നാടന്‍ കോഴിയെപ്പോലെ അഴിച്ചുവിട്ടു വളര്‍ത്തും.ഒരിക്കലും
ബ്രോയിലര്‍ കോഴിയെപ്പോലെ കൂട്ടിലിട്ട് വളര്‍ത്തില്ല എന്നു. ആ അഹമ്മതി ദൈവം
ക്ഷമിച്ചില്ല.
ദൈവം എന്താ ചെയ്തത്?
നാലുമാസം കഴിഞ്ഞപ്പോള്‍ പിന്നെ കുട്ടിക്ക് വളര്‍ച്ചയില്ല.
അവസാനം ടെര്‍മിനേറ്റ് ചെയ്യേണ്ടി വന്നു.
ഞാന്‍ ബാബുവിന്‍റെ മുഖത്തേക്ക് നോക്കി.ആ മുഖത്ത് ദുഖത്തിന്‍റെ
ലാഞ്ചനപോലുമില്ല. എതിരാളിയെ തോല്‍പ്പിച്ചവന്‍റെ ഗര്‍വ്വ് മാത്രം.
“തന്‍റെ മകന് ദുഖമുണ്ടായില്ലെ?”
അതിനു അവന് മറ്റാരോടെങ്കിലും സ്നേഹമുണ്ടായിട്ടു വേണ്ടേ?
അവന് തന്‍റെ അച്ഛന്‍റെ ഛായയാണുള്ളത് .സ്വഭാവവും അതുപോലെ തന്നെ.
തികഞ്ഞ സ്വാര്‍ത്ഥന്‍. ഇങ്ങിനെയുള്ളവര്‍ വിവാഹം കഴിക്കരുത്.
ഞാന്‍ പക്ഷേ അങ്ങിനെയല്ല.
ഞാന്‍ പറഞ്ഞില്ലല്ലോ. ആട്ടെ, മകന് അമ്മയെ ഇഷ്ടമാണോ?
പിന്നെ. ഇരുപത്തഞ്ചു വയസ്സു വരെ അമ്മയുടെ കൂടെയല്ലേ
കിടന്നിരുന്നത്.
മകന്‍ കല്യാണം കഴിച്ചതിന് ശേഷമാണോ ഭാര്യക്ക് സുഖമില്ലാതായത്.
ഒരു തലവേദന. മാറുന്നില്ല.
ഭാര്യ പോയാല്‍ ഇവന്‍ പിന്നേയും അമ്മയുടെ കൂടെയാവുമോ കിടപ്പ്?
പെട്ടെന്നു ബാബുവിന് ഞാന്‍ കളിയാക്കുകയാണോ എന്നൊരു തോന്നല്‍. ആ
മുഖം മുറുകി.
“ബാബു ഞാന്‍ കളിയാക്കിയത് തന്നെയാണ്. നിങ്ങള്‍ക്ക് ആ
ചെറുപ്പക്കാരുടെ ജീവിതത്തില്‍ നിന്നു ഒഴിഞ്ഞു പോകാന്‍ പറ്റുമോ?”
ഒഴിഞ്ഞു പോകാനോ? ഞങ്ങളോ? അവളല്ലെ ഒഴിഞ്ഞു പോകേണ്ടത്?
ഞാനൊന്നും മിണ്ടിയില്ല. മിണ്ടിയിട്ടു കാര്യമില്ല.
വെട്ടത്താന്‍
Subscribe to:
Posts (Atom)