കര്‍ത്താവില്‍ ഏറ്റവും പ്രിയമുള്ള ആന്‍സിമോള്‍ക്ക് സിസ്റ്റര്‍ ബെറ്റ്സീ മരിയ എഴുതുന്നതു.
എന്നാലും എന്‍റെ ആന്‍സിമോളെ നിനക്കു ഈ ഗതി വരുമെന്നു ഞാനൊരിക്കലും കരുതിയില്ല.ദാരിദ്ര്യത്തിലാണെങ്കിലും നല്ല ദൈവഭയമുള്ള കുടുംബത്തിലാണ് നീ പിറന്നത്.നല്ല അനുസരണയും ദൈവഭയവുമുള്ള കുട്ടിയാണ് എന്നു എല്ലാവരെയുംകൊണ്ടു പറയിപ്പിച്ചാണ് നീ വളര്‍ന്നത്.എന്നും വിശുദ്ധ കൂര്‍ബ്ബാനയില്‍ പങ്കുകൊള്ളുകയും ഭക്തസംഘടനകളിലെല്ലാം സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്ന നീ പത്താംക്ലാസ്സ് കഴിഞ്ഞാല്‍ നേരെ മഠത്തില്‍ ചേരുമെന്ന് മറ്റുള്ളവരെപ്പോലെ ഞാനും കരുതിയിരുന്നു.പക്ഷേ പത്താം ക്ലാസ്സില്‍ തൊണ്ണൂറു ശതമാനം മാര്‍ക്ക് മേടിച്ച നീ പള്ളിവക സ്കൂളില്‍ പ്ലസ്ടുവിനു ചേര്‍ന്നു.മറ്റുള്ള കുട്ടികളുടെ കയ്യില്‍ നിന്നു 5000 രൂപ വെച്ചു മേടിച്ചിരുന്നെങ്കിലും ,നിന്‍റെ വീട്ടിലെ വിഷമമറിയാവുന്ന തൊട്ടിപ്പറമ്പിലച്ചന്‍ നിന്നോടു 4500 രൂപയേ മേടിച്ചുള്ളൂ.എന്നാലും നിന്‍റെ അപ്പച്ചന്‍ കഷ്ടപ്പെട്ടാണ് നിന്നെ പഠിപ്പിച്ചതെന്ന് എനിക്കറിയാം.
നീ പ്ലസ്സ്ടു നല്ല നിലയില്‍ പാസ്സായി.ഇനിയെങ്കിലും നീ ശരിയായ ഒരു തീരുമാനമെടുക്കുമെന്നും,നിന്‍റെ ജീവിതം കര്‍ത്താവിന്നായി സമര്‍പ്പിക്കും എന്നും ഞങ്ങളൊക്കെ കരുതി.പക്ഷേ എന്തെങ്കിലും പഠിച്ചു ഒരു ജോലി വാങ്ങി മാതാപിതാക്കള്‍ക്കൊരു താങ്ങാവണം എന്ന നിന്‍റെ ഉറച്ച തീരുമാനം ഞങ്ങള്‍ക്ക് നിരാശയുണ്ടാക്കിയെങ്കിലും, തെറ്റായിരുന്നു എന്നു എനിക്കൊരിക്കലും തോന്നിയിട്ടില്ല.വളര്‍ത്തി വലുതാക്കിയ മാതാപിതാക്കല്‍ക്ക് തിരിച്ചു ഒന്നും നല്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന ഖേദം എനിക്കിപ്പോഴും ഉണ്ട്.
രൂപതവക നേഴ്സിങ് സ്കൂളില്‍ നീ ചേര്‍ന്നപ്പോള്‍ എനിക്കു സന്തോഷമായിരുന്നു.നിന്നെപ്പോലെ മിടുക്കികളും സേവനസന്നദ്ധരുമായ കുട്ടികള്‍ തന്നെയാണ് നേഴ്സിങ്ങിന് ചേരേണ്ടത്.നേഴ്സിങ് സ്കൂളിലെ സിസ്റ്റര്‍ നിന്നെക്കുറിച്ച് നല്ലതെ പറഞ്ഞിട്ടുള്ളൂ. നിന്‍റെ മിടുക്കും,ആല്‍മാര്‍ഥതയും മറ്റുകൂട്ടികള്‍ക്ക് ഒരു മാതൃകയാണെന്ന് സിസ്റ്റര്‍ പറഞ്ഞു.നിന്നെ പഠിപ്പിക്കാന്‍ അപ്പച്ചന്‍ വല്ലാതെ കഷ്ടപ്പെട്ടിട്ടുണ്ട്.ബാങ്ക് ലോണ്‍ ഉണ്ടെങ്കിലും ബാക്കി പൈസ ഉണ്ടാക്കേണ്ടെ?നിന്‍റെ അപ്പച്ചന്‍റെ തളര്‍ന്ന മുഖം കാണുമ്പോള്‍ ,നീ തെറ്റായ തീരുമാനമല്ലേ എടുത്തതെന്ന് എനിക്കു സംശയം തോന്നിയിട്ടുണ്ട്.പത്താം ക്ലാസ്സ് കഴിഞ്ഞതേ നിനക്കു മഠത്തില്‍ ചേരാമായിരുന്നു.
നിന്‍റെ പഠിത്തം മുന്നോട്ടുകൊണ്ടുപോകാന്‍ അപ്പച്ചന്‍ കൂലിപ്പണിക്കു ഇറങ്ങിയെന്നും ഞാന്‍ കേട്ടിരുന്നു.എത്ര കഷ്ടപ്പെട്ടാലെന്താ നീ ഒന്നാമതായി പാസ്സായി. നിന്‍റെ ബാച്ചിലെ ”ബസ്റ്റ് നേഴ്സ്” നീയായിരുന്നു.നേഴ്സിങ് കഴിഞ്ഞയുടനെ മഠത്തില് ചേരുന്നതിനെക്കുറിച്ച് ഞാന്‍ നിന്നോടു സംസാരിച്ചിരുന്നു.അപ്പച്ചന്‍ നടുവൊടിഞ്ഞു നില്‍ക്കുകയാണെന്നും ,കിടപ്പാടം പോലും പണയത്തിലാണെന്നും നീ പറഞ്ഞപ്പോള്‍ എനിക്കു നിന്‍റെ തീരുമാനത്തില്‍ സന്തോഷമേ തോന്നിയുള്ളൂ.മദറിനോട് പറഞ്ഞു നമ്മുടെ ആശുപത്രിയില്‍ നിനക്കു ജോലി വാങ്ങിത്തന്നത് ഞാനാണ്.
ഇപ്പോള്‍ നാലുവര്‍ഷം കഴിഞ്ഞു.ജോലിയില്‍ നിന്‍റെ മിടുക്കിനെക്കുറിച്ചും അര്‍പ്പണബോധത്തെക്കുറിച്ചും മറ്റ് സിസ്റ്റേഴ്സ് പറയുമ്പോള്‍ എനിക്കു അഭിമാനം തോന്നിയിട്ടുണ്ട്.എത്ര മണിക്കൂര്‍ വേണമെങ്കിലും തളരാതെ രോഗികളെ ശുശ്രൂഷിക്കാന്‍ നിനക്കു മടിയില്ല എന്നാണവര്‍ പറയാറ്.നിന്‍റെ ചിരിക്കുന്ന മുഖവും,സാന്ത്വനവും എല്ലാവര്ക്കും ഇഷ്ടമാണത്രേ.
പക്ഷേ മോളെ സമരക്കാരുടെ മുന്നില്‍ നിന്നെ കണ്ടപ്പോള്‍ എന്‍റെ നെഞ്ച് തകര്‍ന്നു പോയി.”സിസ്റ്ററിന്‍റെ പൊന്നുമോള്‍ ദാ നമ്മളെ തെറിവിളിക്കുന്നു “ എന്നു പറഞ്ഞു മറ്റ് സിസ്റ്റര്‍മാര്‍ എന്നെ പറയാന്‍ ബാക്കിയൊന്നുമില്ല.എന്നാലും ആന്‍സിമോളെ നീ ഇങ്ങനെ ചെയ്തല്ലോ.മിനിമം വേജസ് നടപ്പാക്കുന്നതിനെക്കുറിച്ച് സംസാരിക്കാന്‍ നിങ്ങള്‍ ചെന്നപ്പോള്‍ മാനേജര്‍ സിസ്റ്റര്‍ അല്‍പ്പം മോശമായി പെരുമാറി എന്നെനിക്കറിയാം.പ്രഷറിന് മരുന്ന് കഴിക്കുന്ന ആളല്ലെ ,നിങ്ങള്ക്ക് ക്ഷമിക്കാമായിരുന്നു.മിനിമം വേജസ് ഒക്കെ കൊടുത്തു നമുക്കീ ആശുപത്രി നടത്തിക്കൊണ്ടുപോകാന്‍ പറ്റുമോ?പാവപ്പെട്ട രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ ചികില്‍സ കൊടുക്കണമെങ്കില്‍ നമ്മളും ചില ത്യാഗങ്ങളൊക്കെ ചെയ്യേണ്ടെ?
ഡോക്റ്റര്‍മാര്‍ക്ക് ലക്ഷത്തിന് മുകളില്‍ ശമ്പളം കൊടുക്കുന്നതിനെക്കുറിച്ചും,വര്‍ഷാവര്‍ഷം വലിയ കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തുന്നതിനെക്കുറിച്ചും നീ പ്രസംഗിക്കുന്നത് കേട്ടു.ലക്ഷം കൊടുക്കാതെ ഏതെങ്കിലും ഡോക്ക്ടരെ കിട്ടുമോ മോളെ.അവരൊക്കെ എത്ര കാശു മുടക്കി പഠിച്ചു വരുന്നവരാ? പുതിയ കെട്ടിടങ്ങളും സൌകര്യങ്ങളും ഇല്ലെങ്കില്‍ ആരെങ്കിലും നമ്മുടെ ആശുപത്രിയില്‍ വരുമോ?
ആന്‍സിമോളെ തെറ്റ് തിരുത്താനും ദൈവത്തിന്നു ചേര്ന്നവിധത്തില്‍ പ്രവര്‍ത്തിക്കാനും നിനക്കിനിയും സമയമുണ്ട്.നമ്മുടെ കര്‍ത്താവിന്‍റെ തിരുവചനം മോള് മറക്കരുത്-“മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നതു”
നിനക്കു സദ്ബുദ്ധിയുണ്ടാകുമെന്ന പ്രതീക്ഷയോടെ,ക്രിസ്തുവിന്റെ ഐക്യത്തില്‍
സിസ്റ്റര്‍ ബെറ്റ്സീ മരിയാ
"മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നത്"
ReplyDeleteഅവതരിപ്പിച്ച രീതി വളരെ സുന്ദരമായി.
അഭിനന്ദനങ്ങള്‍
തങ്കപ്പന്‍ ചേട്ടാ വായിച്ചതില്‍ സന്തോഷം.മറ്റുള്ളവരെക്കൊണ്ട് പുണ്യം ചെയ്യിക്കാന്‍ എല്ലാവര്ക്കും എന്തു തിരക്കാണ്?
ReplyDeleteഎത്രയായാലും അവളൊരു നര്‍സ് അല്ലേ! നര്‍സ് മൂത്താല്‍ ഡോക്ടര്‍ ആവോ? ലൈന്‍മാന്‍ എന്‍ജിനിയര്‍ ഒക്കെ ആകും. അത് വേറെ കാര്യം.
ReplyDeleteസെബാസ്റ്റ്യന്‍ അവളൊരു നേഴ്സ് തന്നെയാണ്.മൂന്നരവര്‍ഷം പഠിച്ചിറങ്ങുന്നവള്‍.അവള്‍ക്കും ജീവിക്കേണ്ടെ?സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞകൂലി എങ്കിലും കിട്ടേണ്ടേ.ആര്‍ക്കും പുണ്യം ചെയ്യാം.അത് സ്വന്തം ചെലവിലാകുന്നതല്ലേ നല്ലത്?
ReplyDeleteഈ കഥ വായിച്ചപ്പോള്‍ അടുത്തിടെ എനിക്കുണ്ടായ ഒരു അനുഭവം എഴുതണം എന്ന് തോന്നി. എന്തും ഏതും ഫ്രീ ആയി കിട്ടണം എന്നാഗ്രഹിക്കുന്ന ഒരു സമൂഹമാണ് ക്രിസ്ത്യന്‍ മിഷിനറിമാര്‍. അടുത്തിടെ ഒരു ക്രിസ്ത്യന്‍ സ്ഥാപനത്തിന് വേണ്ടി ഞാന്‍ ചെയ്ത ഒരു വര്‍ക്കിനു അവര്‍ പെയ്മെന്റ് തന്നില്ല എന്ന് മാത്രമല്ല, അത് ചോദിച്ച എന്നെ അവര്‍ ദൈവ നിഷേദി എന്നുവരെ വിളിച്ച ഒരു അവസ്ഥ ഉണ്ടായി. ദൈവത്തിന്റെ പേരില്‍ ജനങളുടെ കൈയില്‍ നിന്നും പിരിച്ചെടുക്കുകയും അതുപയോഗിച്ചു സ്വര്‍ഗ്ഗ ജീവിതം നയിക്കുകയും ചെയുന്ന ഇതുപോലുള്ള കപട ആത്മീയത പ്രചരിപ്പിക്കുന്നവരെ തിരിച്ചറിയാന്‍ കഴിയണം നമുക്ക്.
ReplyDeleteഞാന്‍ ലജിക്കുന്നു ഒരു ക്രിസ്ത്യാനി എന്ന് പറയാന്‍
ക്രിസ്ത്യാനി എന്നു പറയാന്‍ ലജ്ജിക്കേണ്ട കാര്യമൊന്നുമില്ല.പള്ളീലച്ചന്‍റെയും കന്യാസ്ത്രീയുടെയും അനുയായി എന്നല്ല അതിനര്‍ത്ഥം.വേറൊരുകാര്യംകൂടി പറയാം .ഇന്നത്തെ പുരോഹിതവര്‍ഗ്ഗത്തിന്റെ മുന്‍തലമുറ സ്വന്തം കാര്യം മറന്നു സമൂഹസേവനം ചെയ്തവരാണ്.
ReplyDeleteഅഭിനന്ദനങ്ങള്‍
ReplyDeleteഷാജു,ഈ വായനക്ക് നന്ദി.
ReplyDeleteഈ കത്തില്‍ കാര്യവും ഹാസ്യവുമെല്ലാമുണ്‌ടല്ലോ ചേട്ടാ... അവള്‍ അവളാണ് ശരി എന്‌റെ കാഴ്ചപ്പാടില്‍... നീതിക്ക് വേണ്‌ടി ശബ്ദിക്കുന്നവള്‍ ദൈവത്തിന് പ്രിയപ്പെട്ടവരല്ലേ? ബോറടിക്കാതെ ഈ കത്ത് വായിച്ച ഒരു വായനക്കാരന്‍ , ആശംസകള്‍
ReplyDeleteമറ്റുള്ള കുട്ടികളുടെ കയ്യില്‍ നിന്നു 5000 രൂപ വെച്ചു മേടിച്ചിരുന്നെങ്കിലും ,നിന്‍റെ വീട്ടിലെ വിഷമമറിയാവുന്ന തൊട്ടിപ്പറമ്പിലച്ചന്‍ നിന്നോടു 4500 രൂപയേ മേടിച്ചുള്ളൂ. ഹോ .. എന്തൊരു വലിയ പുണ്യ കര്‍മ്മം ..
ReplyDeleteസാമൂഹ്യ സേവനം എന്ന പേരില്‍ മനുഷ്യര്‍ നടത്തുന്ന നാടകങ്ങള്‍ ഈ കത്തിലൂടെ മറ നീക്കി അവതരിപ്പിച്ചു.
ഇവിടെ ആദ്യമാണ് ... ഇനിയും വരാം
പ്രിയമുള്ള മൊഹിയുദ്ദീന്‍,വേണുഗോപാല്‍,അഭിപ്രായങ്ങള്‍ക്ക് നന്ദി.3000വും 4000വും വാങ്ങുന്നവര്‍ സമരം ചെയ്തപ്പോള്‍ എല്ലാ പുണ്യവാന്മാ ര്‍ക്കുംഹാലിളകി.
ReplyDeleteഅതെ, അതെ. അവൾ തെറ്റ് തിരുത്തീലെങ്കിൽ പിന്നെ.....
ReplyDeleteഗംഭീരമയി കേട്ടൊ ഈ എഴുത്ത്. അഭിനന്ദനങ്ങൾ. എല്ലാവർക്കും പുണ്യം, മറ്റുള്ളവരുടെ അദ്ധ്വാനം കട്ടെടുത്തുണ്ടാക്കാനാ ഇഷ്ടം. അങ്ങനെ അല്ലാത്തവർ വല്ലതെ കുറഞ്ഞ് കാലഹരണപ്പെട്ടു വരുന്ന ഒരു ജീവി വർഗ്ഗമായിട്ടുണ്ട്.
നല്ല അവതരണ രീതി ...ഇഷ്ട്ടായി
ReplyDeleteനന്ദി ശമീം.
Delete