Sunday, 26 February 2012

രണ്ടാം ഫ്രഞ്ച് (കേരള) വിപ്ലവം.




     ഞാനൊരു ഹിംസാവാദിയല്ല.ഇന്നുവരെ ആരെയും കൈവെച്ചിട്ടുമില്ല.വിദ്യാര്‍ഥിജീവിതകാലത്ത് ഒരുപയ്യനെ വട്ടംപിടിച്ച് ഞെരുക്കിയതാണ് ഇതുവരെയുള്ള ഏറ്റവുംവലിയഹിംസ.അതങ്ങിനെപറ്റിപ്പോയതാണ്.അടിപിടി നടക്കുന്നിടത്തേക്ക് ഓടിച്ചെന്നപ്പോള്‍ ഒരുപയ്യന്‍ എന്‍റെനേരെ വരുന്നു.സത്യംപറഞ്ഞാല്‍ പേടിച്ച് ഞാനവനെ മുറുക്കെപ്പിടിച്ചു. ചുറ്റും അടിനടക്കുകയാണ്.വിട്ടുപോയാല്‍ അവനെന്നെ തല്ലുമോ എന്നു എനിക്കു പേടി.എന്‍റെ കത്രികപ്പൂട്ടില് പെട്ടുപോയ അവന്‍ “വിടേടാ,വിടേടാ “എന്നു അലറുന്നുണ്ട്.വയസ്സു ഇരുപതു തികഞ്ഞിട്ടില്ലെങ്കിലും അറുപത്തഞ്ചു കിലോ തൂക്കമുണ്ടെന്നിക്ക്.അവന്‍റെ എല്ലുനുറുങ്ങുന്നോ എന്നൊരുസംശയം.പേടിച്ചാണെങ്കിലും ഞാന്‍ പതുക്കെ പിടുത്തം വിട്ടു.രക്ഷപ്പെട്ടു.അവന്‍ തിരിച്ചു തല്ലിയില്ല.പകരം ഒരൊറ്റഓട്ടം വെച്ചുകൊടുത്തു.

    ഇങ്ങനെയൊക്കെ ആണെങ്കിലും ചിലര്‍ക്കിട്ട് രണ്ടു പൊട്ടിക്കണം എന്നു എനിക്കുപലപ്പോഴും തോന്നിയിട്ടുണ്ട്.ധൈര്യക്കുറവും,മിനക്കെടാനുള്ള മടിയും കാരണം അതൊന്നും സംഭവിച്ചിട്ടില്ല എന്നേയുള്ളൂ.അല്ലെങ്കിലും നമ്മുടെ ആഗ്രഹങ്ങള്‍ എല്ലാം നടക്കണമെന്ന് വാശിപിടിക്കാന്‍ വയ്യല്ലോ.

    ഈ പഴംപുരാണം പറഞ്ഞുവരുന്നത് എന്തിനാണ് എന്നു സംശയിക്കേണ്ട ,പറയാം.സത്യം പറഞ്ഞാല്‍ എനിക്കു സന്തോഷംകൊണ്ടു ഇരിക്കാന്‍മേല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഏതൊക്കെയോ ഒഴിവുകളിലേയ്ക്കു ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കാന്‍ ഇന്ന് പരീക്ഷ നടത്തി.ആലപ്പുഴ ടി.ഡി.സ്കൂളില്‍ നടന്ന പരീക്ഷ ,പക്ഷേ അലങ്കോലപ്പെട്ടു.സംവരണതത്വം പാലിച്ചില്ല,ഒഴിവുകള്‍ പി.എസ്സ്.സിക്ക് വിട്ടില്ല എന്നൊക്കെ ആരോപിച്ചു എസ്സ്.എന്‍.ഡി.പിയുടെ യൂത്ത് വിംഗുകാര്‍ ചോദ്യക്കടലാസ്സും ഉത്തരക്കടലാസ്സും വലിച്ചു കീറി. പരീക്ഷാഹാളില്‍ കയറി വീര്യം കാണിച്ച യൂത്തന്‍മാരുടെ മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന പെണ്‍ കൂട്ടികളടക്കമുള്ള ഉദ്യോഗാര്‍ഥികളുടെ നിസ്സഹായത കണ്ടു എനിക്കു സങ്കടം വന്നു.തുറന്നുപറഞ്ഞാല്‍ ,അവര്‍ക്കിട്ട് രണ്ടുപൊട്ടിക്കണം എന്നു എനിക്കു തോന്നി.എനിക്കു മാത്രമല്ല ആ രംഗം ടി.വിയില്‍ കണ്ടവര്‍ക്കെല്ലാം തോന്നിക്കാണും.

    വെള്ളാപ്പിള്ളിയുടെ പിള്ളേരുടെ (മുതുക്കന്‍മാരുടെ) ആവശ്യത്തിന്‍റെ ശരിയും തെറ്റും ഞാന്‍ നോക്കുന്നില്ല.സമരം ചെയ്യണം എങ്കില്‍ ദേവസ്വത്തിന്റെ മുന്നില്‍ സമരം ചെയ്യണം.അല്ലെങ്കില്‍ സര്‍ക്കാരിനെതിരെ സമരം ചെയ്യണം.അതുമല്ലെങ്കില്‍ കോടതിയുടെ സഹായം തേടണം.ഇതൊന്നും ചെയ്യാതെ ഒരുവക അലവലാതികളെപ്പോലെ നിസ്സഹായരായ പെണ്‍ കുട്ടികളുടെ മുന്നില്‍ അതിമിടുക്ക് കാണിക്കരുത്.

    പല പെണ്‍കുട്ടികളും കൈക്കുഞ്ഞുങ്ങളുമായാണ് ടെസ്റ്റ് എഴുതാന്‍ വന്നത്.അവരുടെ അച്ഛന്‍മാരും ഭര്‍ത്താക്കന്മാരും ആ കുഞ്ഞുങ്ങളെയും കൊണ്ട് പരീക്ഷാ ഹാളിന് പുറത്തുണ്ടായിരുന്നു.ഇന്ന് കണ്ടത് കേരളത്തില്‍ ഇതിനുമുന്‍പ് കാണാത്തതാണ്.ടെസ്റ്റ് എഴുതാന്‍വന്നവരും അവരുടെ കൂടെവന്നവരുംകൂടി യൂത്തന്മാരെ ഭംഗിയായി കൈകാര്യം ചെയ്തു.എട്ടോ പത്തോ തെമ്മാടികള്‍ ഒരുസമൂഹത്തെത്തന്നെ ബന്ധിയാക്കുന്നതിനെതിരെ ജനം ഉണര്‍ന്നെഴുന്നേല്‍ക്കുന്നതാണ് നാം കണ്ടത്. ജാതിയോ കൊടിയുടെ നിറമോ ഒന്നും ഇന്നത്തെ ജനമുന്നേറ്റത്തിന് പുറകിലില്ല. ഇത് എത്രയോ നേരത്തെ വേണ്ടതായിരുന്നു.ശ്രീനാരായണഗുരു ഇന്നുണ്ടായിരുന്നെങ്കില്‍ ,എനിക്കൊരു സംശയവുമില്ല,ഈ തെമ്മാടികളെ തല്ലി ഓടിച്ചേനെ.

    എസ്.എന്‍.ഡി.പി, പാവം യൂത്ത് വിംഗുകാരെ മര്‍ദ്ദിച്ചതിനെതിരെ നാളെ ആലപ്പുഴ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.നടേശനെപ്പേടിച്ചു ഉമ്മന്‍ ചാണ്ടി അന്യോഷണം പ്രഖ്യാപിച്ചുകഴിഞ്ഞു.(പാവം അങ്ങോര് ആരെ ഒക്കെ പേടിക്കണം).യൂത്തന്‍മാരെ തല്ലിയവരും തല്ല് കണ്ടവരും മിക്കവാറും കഷ്ടപ്പെടും.സാരമില്ല നാളത്തെ കേരളത്തിന്‍റെ മാര്‍ഗ്ഗദര്‍ശികളാണ് നിങ്ങള്‍.നിങ്ങള്‍ക്കെന്റെ അഭിവാദ്യങ്ങള്‍.

26 comments:

  1. അനാവശ്യം കാണിക്കുന്നവര്‍ക്കെതിരെ ഇതു പോലെ പ്രതികരിക്കുവാന്‍ ജനങ്ങള്‍ തയ്യാറാകണം...

    സംവരണം പാലിച്ചിട്ടില്ലെങ്കില്‍ സമാധാനമായി പ്രതിഷേധിക്കുക, നിയമത്തിന്റെ വഴി സ്വീകരിക്കുക. അല്ലാതെ ഗുണ്ടകളെ ഇറക്കുകയല്ല വേണ്ടത്... ഇത് എസ്സ്.എന്‍.ഡി.പി. യൂണിയന്റെ തെരഞ്ഞെടുപ്പ് വേദിയല്ലല്ലൊ ;)

    ReplyDelete
  2. എട്ടോ പത്തോ തെമ്മാടികള്‍ ഒരുസമൂഹത്തെത്തന്നെ ബന്ധിയാക്കുന്നതിനെതിരെ ജനം ഉണര്‍ന്നെഴുന്നേല്‍ക്കുന്നതാണ് നാം കണ്ടത്. ജാതിയോ കൊടിയുടെ നിറമോ ഒന്നും ഇന്നത്തെ ജനമുന്നേറ്റത്തിന് പുറകിലില്ല

    അക്രമങ്ങള്‍ക്കും അനീതികള്‍ക്കു മെതിരെ ജനങ്ങള്‍ സംഘടിക്കട്ടെ. .

    ReplyDelete
  3. പ്രതികരിക്കാൻ ജനങ്ങൾ മുന്നോട്ട് വന്നാൽ തിന്മയെ ഒരു പരിധിവരെ അകറ്റി നിർത്താൻ കഴിയും. പോസ്റ്റ് നന്നായി കെട്ടോ..

    ReplyDelete
  4. മറ്റൊരിടത്തുമില്ലാത്തവിധത്തില്‍ ഭീരുക്കളുടെ സമൂഹമായി നാം മാറി.ഈ പ്രതികരണം ഒരു തുടക്കമാവട്ടെ.മനോജ്,ഇളയോടന്‍,മൊഹി-ഈ പ്രതികരണത്തിന് നന്ദി.

    ReplyDelete
  5. ഈ പോസ്റ്റില്‍ ശ്രീനാരായണഗുരുദേവന്‍റെ ചിത്രം ഒഴിവാക്കേണ്ടതായിരുന്നു.
    ആശംസകള്‍

    ReplyDelete
  6. തങ്കപ്പന്‍ ചേട്ടാ ,ഞാന്‍ ഏറ്റവും ബഹുമാനിക്കുന്ന സാമൂഹ്യപരിഷ്കര്ത്താവാണ് നാരായണഗുരു.അദ്ദേഹം ഇന്നലെ അവിടെ ഉണ്ടായിരുന്നുവെങ്കില്‍ ഗുണ്ടായിസം കാട്ടിയവരെ അടിച്ചോടിച്ചെനെ എന്നാണ് എഴുതിയത്.സമരത്തിന്റെ ഉദ്ദേശത്തോടല്ല,നിസ്സഹായരുടെ നേരെയുള്ള ഗുണ്ടായിസത്തോടാണ് എന്റെ പ്രതികരണം.

    ReplyDelete
  7. പ്രതികരണശേഷിഉപയോഗിക്കുന്നതു പോലും
    കൊടി നോക്കിയായി..!
    ഈ പ്രതിഷേധത്തിൽ പങ്കുചേരുന്നു.
    ആശംസകളോടെ...പുലരി

    ReplyDelete
  8. പുലരി...നന്ദി,ഇതുവഴിവന്നതിനും ,ഈ അഭിപ്രായത്തിനും

    ReplyDelete
  9. ഇതാണ് പ്രതികരണം... ഇനി ഹര്താളിനെതിരെയും പണി മുടക്കിനെതിരെയും എല്ലാ തെമ്മടിതരങ്ങല്‍ക്കെതിരെയും ജനങ്ങള്‍ ഇറങ്ങണം...എന്നാല്‍ ഈ നാട് എപ്പോ നന്നായെന്നു ചോതിച്ചാല്‍ മതി...

    ReplyDelete
  10. നല്ല പ്രതികരണം ഇനിയും സംവേദിക്കുക അനാവശ്യ പ്രവണതകള്‍ക്കെതിരെ എല്ലാവിധ ആശംസകള്‍

    ReplyDelete
  11. പ്രിയമുള്ള ഖാടൂ,ജി.ആര്‍.കവിയൂര്‍,ഇന്നലെ നടന്ന പണിമുടക്കിന്‍റെ കാര്യം തന്നെയെടുക്കൂ.(ന്യായമായ മാര്‍ഗ്ഗങ്ങളില്‍കൂടി പണിമുടക്കാന്‍ ആര്‍ക്കും അവകാശമുണ്ട്)കേരളത്തില്‍ പണിമുടക്ക് ബന്ദ് ആയി.ഒരു വാഹനം ഓടാന്‍ സമ്മതിച്ചില്ല.ഒരു സ്ഥാപനം തുറക്കാന്‍ അനുവദിച്ചില്ല.പക്ഷേ കല്‍ക്കത്താ പോര്‍ട്ടില്‍ 70 ശതമാനം തൊഴിലാളികള്‍ ജോലി ചെയ്തു.ബാംഗ്ലൂരും,ചെന്നയിലും എല്ലാം ജനജീവിതം സാധാരണപോലെയായിരുന്നു.ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ ജോലിചെയ്ത അനുഭവം കൊണ്ടുപറയാം.90 ശതമാനം ആള്‍ക്കാരും ലീവായിരിക്കും.സമരമെന്ന് വെറുതെ പറയുന്നതാണ്.

    ReplyDelete
  12. അതു കൊള്ളാം :)

    ReplyDelete
  13. നന്ദി, ശ്രീ.

    ReplyDelete
  14. ഇത്തരം പ്രതികരണങ്ങള്‍ കൂടുതല്‍ ഉയര്‍ന്നു വരുമ്പോള്‍ അനാവശ്യമായ സമരങ്ങള്‍ (വേണ്ടാത്ത സ്ഥലത്ത്‌ നടത്തുന്നതെങ്കിലും)താനെ അപ്രത്യക്ഷമാകും എന്ന കാര്യത്തില്‍ സംശയമില്ല.

    ReplyDelete
  15. റാംജി,പ്രതികരണത്തിന് നന്ദി.ആരെങ്കിലും മുന്നിട്ടിറങ്ങിയില്ലെങ്കില്‍ നാടിന്‍റെ കാര്യം കട്ടപ്പൊകയാകും.

    ReplyDelete
  16. തിന്മക്കെതിരെ പ്രതികരിക്കുക എന്നത് മനുഷ്യ സമൂഹത്തിന്റെ അവകാശമാണ്. ഇത്തരം പ്രതികരണങ്ങൾ ഒറ്റപെട്ടുപോകുന്നതാണ് അക്രമ സമൂഹത്തിനു ശക്തിപകരുന്നത്.

    ReplyDelete
  17. ശ്രീ ബെഞ്ചാലി ,ചെറിയ ഒരു ഗുണ്ടാസെറ്റിന് മുന്നില്‍ സംസ്ഥാനം വിറങ്ങലിച്ചു നില്‍ക്കുന്ന കാഴ്ചകളാണ് എവിടേയും.

    ReplyDelete
  18. സംഗതി കലക്കി.

    ReplyDelete
  19. ഈ വരവും കമന്‍റും എനിക്കൊരു ബഹുമതിയാണ് കുമാരാ.

    ReplyDelete
  20. കൊള്ളാം. ഇനി എന്നാണാവോ ഹര്‍ത്താല്‍ നടത്തുന്ന രാഷ്ട്രീയക്കാരെ നാട്ടുകാരെല്ലാം കൂടി കൈകാര്യം ചെയ്യുന്നത്? അതുകൂടി കണ്ടിട്ട് എനിക്ക് മരിച്ചാലും കുഴപ്പമില്ല

    ReplyDelete
  21. നെല്‍സണ്‍,നന്ദി .ജനം ഉണരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

    ReplyDelete
  22. Dear Vettathan,
    HAPPY HOLI!
    It's high time that the public should fight against the injustice and violence.
    It's an interesting post and thank you for the awareness. I believe,as bloggers we have moral duty to create social awareness in the minds of the readers .
    And today,the world is celebrating Women's Day!
    Best Wishes,
    Sasneham,
    Anu

    ReplyDelete
  23. ശ്രീനാരായണഗുരുവിന്റെ എന്തെങ്കിലും നല്ല സന്ദേശങ്ങള്‍ പിന്മുറക്കാര്‍ പകര്‍ത്തുന്നുണ്ടോ?
    മദ്യത്തിനെതിരെ പടിപ്പിച്ചയാളുടെ പേരില്‍ ഔദ്യോഗിക സ്ഥാനം വഹിക്കുന്നത് മദ്യരാജാക്കന്മാര്‍.
    അധികം പറയാതിരിക്കുന്നതാ ബുദ്ധി. വെട്ടത്താന്‍ ചേട്ടാ.

    ReplyDelete
  24. അനു,ജോസെലെറ്റ് നന്ദി -ഇതുവഴിവന്നതിനും അഭിപ്രായം പറഞ്ഞതിനും.

    ReplyDelete
  25. സത്യമാണ് എഴുതിയതത്രയും. ജനം മുന്നോട്ട് വരുമ്പോൾ ഇതുമാതിരിയുള്ള ഗുണ്ടാപ്പടകൾ ഓടിക്കൊള്ളും. പക്ഷെ, ജനത്തിനെ അങ്ങനെ ഒറ്റക്കെട്ടാവാൻ സമ്മതിയ്ക്കാത്ത ഒത്തിരി വേർതിരിവുകൾ ഈ ഗുണ്ടാപ്പടകളുടെയെല്ലാം അധികാരികൾ മുന്നേ സൃഷ്ടിച്ചിട്ടുണ്ട്.

    ഈ കുറിപ്പിന് ഒരു പാവം ജനമായ എന്റെ അഭിവാദ്യങ്ങൾ

    ReplyDelete
  26. പ്രഭന്റെ അഭിപ്രായത്തെ പിന്താങ്ങുന്നൂ...

    ReplyDelete

Related Posts Plugin for WordPress, Blogger...