Saturday, 10 March 2012

ഫ്രം കൊഡൈക്കനാല്‍ വിത്ത് ലൌ



ഞങ്ങള്‍ ഒരുമിച്ചാണ് കൊഡൈക്കനാലില്‍ ചെന്നത്.രണ്ടു ലോറി നിറയെ ഉപകരണങ്ങളും കയറ്റി മധുരയില്‍ നിന്നു പുറപ്പെടുമ്പോള് വലിയ ആവേശമായിരുന്നു. സ്വതന്ത്രമായി ഒരു മള്‍ട്ടിപ്ലക്സ് സ്റ്റേഷന്‍(എസ്.റ്റി.ഡി നല്‍കുവാനുള്ള ഉപകരണ ശ്രുംഖല) ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പോകുന്നതിന്‍റെ ഹരം.രാജേന്ദ്രനും ഞാനും പരിവാരങ്ങളുമായി കൊഡൈക്കനാലില്‍ എത്തി.
 
    ദക്ഷിണേന്ത്യയിലെ ഏറ്റവും മനോഹരമായ തടാകത്തിന് അടുത്ത് തന്നെയായിരുന്നു ഞങ്ങളുടെ സ്റ്റേഷന്‍.കെട്ടിടം പണി പൂര്‍ത്തിയായിട്ടില്ല.അത്യാവശ്യം സിവില്‍ ജോലികള്‍ തീര്‍ന്ന ഗ്രൌണ്ട് ഫ്ലോര്‍ ഞങ്ങള്‍ ഏറ്റു വാങ്ങി. രണ്ടു ദിവസത്തിനകം കറന്‍റ് കണക്ഷനും കിട്ടി.ഇനി പണികള്‍ തുടങ്ങണം.ആദ്യ ജോലി, കൊണ്ടുവന്ന ഉപകരണങ്ങള്‍ സ്ഥാപിക്കുക എന്നതാണു.ഞങ്ങളുടെ കൂടെ ആറ് ടെക്നീഷ്യന്‍മാരുണ്ട്.നാലു തെലുങ്കരും രണ്ടു തമിഴന്‍മാരും.അവരെ സഹായിക്കാന്‍ അന്നാട്ടുകാരായ ആറ്  പേരെ എടുത്തു.ടെക്നീഷ്യന്മാരും മറ്റും സ്റ്റേഷനില്‍ തന്നെ താമസം. രാജേന്ദ്രനും ഞാനും തൊട്ടടുത്തുള്ള എക്സ്ചേഞ്ചിന്റെ ഐ.ക്യു.വില്‍ പൊറുതി തുടങ്ങി.
    എല്ലാവരും ചെറുപ്പക്കാര്‍. ജോലിയില്‍ നല്ല ഉത്സാഹം.  പ്രതീക്ഷിച്ചതിലും വേഗത്തിലും ഭംഗിയിലും ജോലികള്‍ നീങ്ങി. ഫിസിക്കല്‍ ഇന്‍സ്റ്റലേഷന്‍ തീര്‍ന്നാലേ ഞങ്ങള്‍ തന്നെ ചെയ്യേണ്ട ടെസ്റ്റിംഗ് തുടങ്ങാന്‍ പറ്റൂ. അതിനിടെ പുതിയ സുഹൃത്തുക്കള്‍ ഉണ്ടായി.സിവില്‍ ജെ.ഇ, തൃശൂര്‍ക്കാരന്‍ വിദ്യാസാഗര്‍, റെയില്‍വേ മൈക്രോവേവിലെ  വീരബാഹൂ, ഒബ്സര്‍വേറ്റൊറിയിലെ  ചില മലയാളി സുഹൃത്തുക്കള്‍,കോണ്ട്രാക്റ്ററുടെ സൈറ്റ് എഞ്ചിനീയര്‍ സുബ്ബന്‍......ജീവിതം രസകരമായി നീങ്ങി.തടാകം ഞങ്ങള്‍ക്കൊരു ലഹരിയായി. ഇടക്ക് ബോട്ടിങ്ങിനു പോകും.തടാകത്തിന് ചുറ്റുമുള്ള നടപ്പ് തന്നെ ഉന്‍മേഷകരമായിരുന്നു.വരുമാനം മോശമില്ല.ശമ്പളവും,ടൂര്‍ ബത്തയും,മറ്റ് അലവന്‍സുകളുമായി ആയിരം രൂപയ്ക്കു മുകളില്‍ കിട്ടും.1975ഇല്‍ അതത്ര മോശം തുകയല്ല.
    സുബ്ബനാണ് ചിന്നത്തായിയെ  ഞങ്ങള്‍ക്ക് കാണിച്ചു തന്നത്.ഒരു ഇരുപതു-ഇരുപത്തിരണ്ടു വയസ്സു പ്രായം.നല്ല ആരോഗ്യമുള്ള ഉറച്ച ശരീരം.എപ്പോഴും ചിരിക്കുന്ന ഒരു എണ്ണക്കറുമ്പി.കെട്ടിടം പണിക്കാരിയാണ്.മള്‍ട്ടിപ്ലക്സ് സ്റ്റേഷന്‍റെ ഒന്നാം നിലയുടെ പണികള്‍ നടന്നുകൊണ്ടിരിക്കയാണ്.കുറച്ചു പണിക്കാരെ ഉള്ളൂ.ചിന്നത്തായിയുടെ മുറൈമാമനും പണിക്കാരുടെ കൂടെയുണ്ട്.ആശാരിപ്പണി ചെയ്യുന്ന രാജ്.ഞങ്ങള്‍ ചെറുപ്പക്കാര്‍ ഒത്തു കൂടുമ്പോള്‍ ചിന്നത്തായി ഒരു സംസാര വിഷയമാകും.ഞങ്ങള്‍ അവളെ ശ്രദ്ധിക്കുന്ന കാര്യം സുബ്ബന്‍ അവളോടു പറഞ്ഞെന്ന് തോന്നുന്നു.ഞങ്ങളെക്കാണുമ്പോള്‍ ചിരിക്കുന്ന ആ മുഖം ഒന്നുകൂടി തുടുക്കും.ആ കണ്ണുകളില്‍ പരല്‍മീനുകള്‍ തുള്ളി നടക്കും. 
    പെട്ടെന്നാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂന മര്‍ദ്ദം രൂപം കൊണ്ടത്.കൊഡൈക്കനാലില്‍ കാലാവസ്ഥ തകിടം മറിഞ്ഞു.ഒരു വക ചന്നം പിന്നം മഴ.ടെംപറേച്ചര്‍ -12 ഡിഗ്രീയിലേക്ക് താണു.പുറത്തിറങ്ങാന്‍ വയ്യ.രണ്ടു സ്വെറ്ററും മങ്കി ക്യാപ്പും ഒക്കെ ഉണ്ടെങ്കിലും അസഹ്യമായ തണുപ്പ്.വര്‍ഷങ്ങളായി ശല്യപ്പെടുത്താതിരുന്ന  ആസ്ത്മ വീണ്ടും എത്തിനോക്കാന്‍ തുടങ്ങി.റൂം ഹീറ്റര്‍ ഉണ്ടെങ്കിലും രാവിലെ മൂന്നുമണിയാകുമ്പോഴേക്കും ശ്വാസം കിട്ടാതെ ഞാന്‍ എഴുന്നേല്‍ക്കും.പിന്നെ ഹീറ്ററിന്‍റെ തൊട്ടടുത്തിരുന്നു വലിയാണ്.ഡി.ഇ യോട് പറഞ്ഞു കൊഡൈക്കനാല്‍ വിടാന്‍ രാജേന്ദ്രന്‍ ഉപദേശിച്ചു.എങ്കിലും സ്വതന്ത്രമായി ചെയ്യാന്‍ കിട്ടിയ ആദ്യജോലി ഉഴപ്പാന്‍ എനിക്കു മടി.പത്തുദിവസത്തെ ലീവെടുത്ത് ഞാന്‍ ചികില്‍സക്കായി മൂവാറ്റുപുഴയിലെ ഡോക്റ്റര്‍ ബാലകൃഷ്ണന്‍റെ അടുത്തേക്ക് പോയി.
    പത്തു ദിവസം കഴിഞ്ഞപ്പോള്‍ ചികില്‍സ കഴിഞ്ഞു ഞാന്‍ തിരിച്ചെത്തി.എനിക്കു നല്ല ആശ്വാസമുണ്ടായിരുന്നു.മൂന്നു മാസം കഴിഞ്ഞു വീണ്ടും ഒരു നാലു ദിവസത്തെ ചികില്‍സയുണ്ട്.അതുവരെ മരുന്നുണ്ട്.
    രാജേന്ദ്രനും വിദ്യാസാഗറും എന്നെ ഹാര്‍ദ്ദമായി സ്വീകരിച്ചു.”നീ വല്ലാതെ കഷ്ടപ്പെടേണ്ട ,പൊടിയൊന്നും അടിക്കാതെ നോക്കണം” എന്നു രാജേന്ദ്രന്‍ പറഞ്ഞെങ്കിലും വെറുതെ മുറിയിലിരിക്കാന്‍ എനിക്കു മടി.ഉച്ചവരെ ജോലി നടക്കുന്നിടത്ത് തന്നെ നിന്നു.ഊണു കഴിക്കാന്‍ “പാക്യദീപ” ത്തിലാണ് പോകുക.വയറിന് നല്ല സുഖമില്ല എന്നു രാജേന്ദ്രന്‍ പറഞ്ഞതുകൊണ്ടു വിദ്യാസാഗറും ഞാനും ഹോട്ടലിലേയ്ക്ക് നടന്നു.
     രാജേന്ദ്രന്‍ ഉച്ചഭക്ഷണം കഴിക്കാന്‍ വരാറില്ല എന്നു സാഗര്‍ പറഞ്ഞു.ചിന്നത്തായിയെ ചുറ്റിപ്പറ്റി ചില കഥകളും. തമാശ കാര്യമായി മാറിക്കൊണ്ടിരിക്കുന്നതായി എനിക്കു തോന്നി.രാജേന്ദ്രന്‍ നന്നേ മെലിഞ്ഞിട്ടാണ്.പക്ഷേ ആത്മവിശ്വാസം അപാരം.സംസാരവും പ്രവര്‍ത്തിയുമൊക്കെ വളരെ സ്ട്രോങ് ആണ്.ശരീരത്തിന്റെ ബലഹീനത നാക്ക് കൊണ്ട് തീര്‍ക്കും.
    ഊണുകഴിഞ്ഞു ഞങ്ങള്‍ തിരിച്ചുവന്നു.വിദ്യാസാഗര്‍ പണിനടക്കുന്ന ഇടത്തേക്കുപോയി.ഞാന്‍ സ്റ്റേഷനിലേക്ക് നീങ്ങി.എക്സ്ചേഞ്ചിന്റെ മുന്നില്‍ ആളുകള്‍ കൂട്ടംകൂടി നില്ക്കുന്നു.എന്തോ ഒരു പന്തിയില്ലായ്മ മണത്തു ഞാന്‍ രാജേന്ദ്രനെ അന്യോഷിച്ചു.ഐ.ക്യു വിലാണെന്നറിഞ്ഞു അങ്ങോട്ട് നടന്നു.ഞങ്ങളുടെ സ്യൂട്ടിന് മുന്‍പില്‍ വെളിയിലായി പ്രായം ചെന്ന ഒരു പണിക്കാരി നില്‍പ്പുണ്ടു.ആളുകള്‍ എന്നെയും നോക്കുന്നുണ്ട്.ചിന്നത്തായി എവിടെയെന്ന് ഞാന്‍ ആ സ്ത്രീയോട് ചോദിച്ചു.അവര്‍ അകത്തേക്ക് വിരല്‍ ചൂണ്ടി.പുറത്തു നിന്നതിന് ഞാനവരെ ചീത്തവിളിച്ചു.അവരും എന്നോടൊപ്പം അകത്തേക്ക് കയറി.രാജേന്ദ്രന്‍റെ സ്യൂട്ട് അകത്തു നിന്നു അടച്ചിരിക്കയാണ്.രണ്ടു മൂന്നുപ്രാവശ്യം കതകില്‍ മുട്ടിയിട്ടും തുറക്കുന്നില്ല.ഞാന്‍ കതകില്‍ ശക്തമായി ഇടിച്ചു കൂട്ടുകാരനെ പെരുചൊല്ലി വിളിച്ചു.കതകുതുറന്നു ചിരിച്ചുകൊണ്ടു ചിന്നത്തായിയും ചമ്മിയ രാജേന്ദ്രനും പുറത്തുവന്നു.സ്ത്രീകളെ രണ്ടിനെയും ഇറക്കിവിട്ടു.ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ തുണി കഴുകുകയായിരുന്നു എന്നു പറയാനും ചട്ടം കെട്ടി.
    ആകെ നാണംകെട്ട അവസ്ഥ.മറ്റൊരു നാട്.ഇത്തരം  പ്രശ്നങ്ങളൊക്കെ ഒരുവക സാസ്കാരികാധിനിവേശമായി കാണുന്ന മനുഷ്യര്‍.അരിശം തീരുംവരെ ഞാന്‍ രാജേന്ദ്രനെ ചീത്തവിളിച്ചു.അതുകൊണ്ടെന്ത് കാര്യം.അവനാകെ തകര്‍ന്നു നില്‍ക്കയാണ്.ഞാന്‍ പുറത്തിറങ്ങി.മസ്ദൂര്‍മാരും പണിക്കാരും കൂട്ടംകൂടി നില്ക്കുന്നു.എക്സ്ചേഞ്ചിലേ ജെ.ടി.ഒ യുടെ സഹായത്തോടെ അവരെ പണിസ്ഥലങ്ങളിലേക്ക് പറഞ്ഞു വിട്ടു.
    ജെ.ടി.ഒ, സംഭവം മധുരയില്‍ അറിയിച്ചു.അന്ന് തന്നെ ഞങ്ങളെ ഐ.ക്യു.വില്‍നിന്ന് പുറത്താക്കി.ഭാഗ്യത്തിന് മുനിസിപ്പല്‍ റസ്റ്റ്ഹൌസില്‍ ഡബിള്‍റൂം കിട്ടി.ചമ്മിയ അവസ്ഥയില്‍ രാത്രി ശരിക്കുറങ്ങാനെ കഴിഞ്ഞില്ല.രാത്രി എക്സ്ചേഞ്ചിലേ മലയാളി ലൈന്‍മാന്‍ വിളിച്ച് സംഗതി ഗുരുതരമാകുകയാണെന്ന് പറഞ്ഞു.മുറൈമാമന്‍ രാജിന്റെ നേതൃത്വത്തില്‍ എന്തൊക്കെയോ പദ്ധതികള്‍ ഉണ്ടത്രെ.വിവരം കിട്ടുന്നതിനനുസരിച്ച് അറിയിക്കാമെന്നും ഏറ്റു. രാവിലെ സ്റ്റേഷനില്‍ ചെന്നിട്ട് അത്യാവശ്യം കടലാസ്സുകളുമെടുത്ത് രാജേന്ദ്രന്‍ മധുരക്ക് പോകാന്‍  തീരുമാനിച്ചു.ഒന്നുരണ്ടാഴ്ച അവന്‍ മാറിനില്‍ക്കുന്നതാണ് നല്ലത് എന്നെനിക്കും തോന്നി.
    പിറ്റെന്നു രാവിലെതന്നെ കുളിച്ചു റെഡിയായി.ടിഫിന്‍ കഴിച്ചു സ്റ്റേഷനില്‍ ചെന്നിട്ട് പോകാമെന്ന് തീരുമാനിച്ചു.അപ്പോഴാണ് ലൈന്‍മാന്‍റെ വിളിവന്നത്.രാജിന്‍റെ നേതൃത്വത്തില്‍ ആളുകൂടിയിട്ടുണ്ട് ,രാജേന്ദ്രനെ ബലമായി വിവാഹം കഴിപ്പിക്കാനാണ് പ്ലാന്‍.സ്ഥലംവിടാതിരിക്കാന്‍ ബസ്സ്സ്റ്റാണ്ടില്‍ കാവലുണ്ടത്രേ.എന്തെങ്കിലും ചെയ്യണം.ബസ്സ് സ്റ്റാണ്ടില്‍ നിന്നു തടാകം വഴിയാണ് റോഡ്.റസ്റ്റ് ഹൌസില്‍നിന്ന് താഴോട്ടുള്ള റോഡിലൂടെ പോയാല്‍ തടാകം കഴിഞ്ഞുവരുന്ന ബസ്സ് പിടിക്കാം. ആരും കാണാതെ, തടാകം കഴിഞ്ഞുവരുന്ന ബസ്സില്‍ ആയാള്‍ക്കു കയറാം.  രാജേന്ദ്രനെ പറഞ്ഞുവിട്ടു ഞാന്‍ മുറിയില്‍ തന്നെ ഇരുന്നു. അരമണിക്കൂര്‍ മുറിയിലിരുന്ന ശേഷം “പാക്യദീപ”ത്തില്‍ പോയി ടിഫിന്‍ കഴിച്ചു സ്റ്റേഷനിലേക്ക് പോയി.സ്റ്റേഷന്‍റെ മുന്നിലെ റോഡില്‍ ഒരു അമ്പാസ്സഡര്‍ കാര്‍ കിടപ്പുണ്ട്.രാജും കൂട്ടുകാരും ചുറ്റുമുണ്ട്.അവരാരും എന്നോടൊന്നും ചോദിച്ചില്ല.ഞാനവരെ പരിഗണിച്ചുമില്ല.
    രക്ഷപെട്ടു എന്നു കരുതിയിരിക്കുമ്പോള്‍ ലൈന്‍മാന്‍  സ്റ്റേഷനിലേക്ക് വന്നു.അയാള്‍ കൊണ്ടുവന്നത് ഒരു ബോംബായിരുന്നു.രാജേന്ദ്രന്‍ രക്ഷപ്പെട്ടത് രാജും കൂട്ടരും അറിഞ്ഞു.അയാളെ വഴിക്കുവെച്ചു പിടിക്കാന്‍ രാജും ഗുണ്ടകളും  കാറില്‍ പുറപ്പെട്ടത്രേ.പുറകെ ചെന്നു രാജിനെയും കൂട്ടരെയും തടഞ്ഞു രാജേന്ദ്രനെ രക്ഷിക്കാനുള്ള ബലവും സമയവുമില്ല.ഞങ്ങള്‍ സുഹൃത്തുക്കളെല്ലാം കൂടിയിരുന്നു ആലോചിച്ചു. ബസ്സ് ബത്തലഗുണ്ട് സ്റ്റാണ്ടിലെത്താറാകുന്നേയുള്ളൂ എന്നു കണക്കുകൂട്ടി.എക്സ്ചേഞ്ചില്‍ നിന്നു ബത്തലഗുണ്ട് ടെലഫോണ്‍ എക്സ്ചെഞ്ചില്‍ വിളിച്ച് കാര്യം പറഞ്ഞു.എങ്ങിനെ എങ്കിലും രാജേന്ദ്രനെ രക്ഷിക്കണം എന്നാവശ്യപ്പെട്ടു.തലേദിവസം രാജേന്ദ്രനെതിരെ പിറുപിറുത്തിരുന്നവര്‍  പോലും അയാളെ രക്ഷിക്കാനുള്ള ശ്രമത്തിലായി.ബത്തലഗുണ്ട് എക്സ്ചേഞ്ചിലെ  ഒരു ജീവനക്കാരന്‍റെ ബന്ധുവായിരുന്ന മധുര  എസ്.പി.യെക്കൊണ്ടു സ്റ്റേഷനില്‍ വിളിപ്പിച്ചു പോലീസിന്റെ സഹായം ഉറപ്പാക്കി.
    ബത്തലഗുണ്ട് എക്സ്ചേഞ്ചില്‍ നിന്നു ഇരുപത്തഞ്ചുപേരുടെ സംഘം വേണ്ട തയ്യാറെടുപ്പോടെ ബസ്സ് സ്റ്റാണ്ടിലേക്ക് നീങ്ങി.മൊബൈല്‍ ഫോണോ,എന്തിന് എസ്.ടി.ഡി പോലുമോ ഇല്ലാത്ത കാലമാണ്.ചുരം കയറിവരുന്ന കമ്പികളിലൂടെയാണ് ടെലഫോണ്‍ വിളി.ഞങ്ങള്‍ അഞ്ചെട്ടുപേര്‍ ട്രങ്ക്ബോര്‍ഡിന്റെ മുന്നില്‍ത്തന്നെയിരുന്നു.പതിനഞ്ചു മിനുട്ട് കഴിഞ്ഞപ്പോള്‍ ബത്തലഗുണ്ടില്‍ നിന്നുള്ള വിളി വന്നു.രാജുംകൂട്ടരും ബസ്സ്സ്റ്റാണ്ടിലുണ്ട്.രണ്ടു ലോക്കല്‍ ഗുണ്ടകളെയും അവര്‍ കൂടെ കൂട്ടിയിട്ടുണ്ട്.രാജേന്ദ്രന്‍റെ വണ്ടി എത്തിയിട്ടില്ല.വെപ്രാളത്തില്‍ അയാള്‍ കയറിയത് ചുരത്തില്‍ നിന്നു ഒരുള്‍നാടന്‍ ഗ്രാമം ചുറ്റിപ്പോകുന്ന ബസ്സിലാണ്.ഭയപ്പെടേണ്ട.വേണ്ടത് ചെയ്യാം.അവര്‍ രണ്ടുപോലീസുകാരെയും കൂടെ കൂട്ടിയിട്ടുണ്ട്.
    ഞങ്ങള്‍ ഹൃദയം കയ്യിലെടുത്തു പിടിച്ചിരിക്കുന്ന അവസ്ഥയിലാണ്.ബത്തലഗുണ്ടില്‍ നിന്നു വിവരമൊന്നുമില്ല.അങ്ങോട്ട് വിളിച്ചിട്ടു, വിവരം അറിയിക്കാന്‍ പറ്റിയ ആരും അവിടില്ല.വിവരസാങ്കേതികവിദ്യയുടെ  ഇക്കാലത്ത് ജീവിക്കുന്ന കുട്ടികള്‍ക്ക് ഊഹിക്കാന്‍ പോലും കഴിയാത്ത അവസ്ഥ.ടെലിക്കമ്മുണീക്കേഷന്‍ വകുപ്പ് കയ്യിലുണ്ടായിട്ടും തികഞ്ഞ നിസ്സഹായത.
    ഒന്നൊന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വിളി വന്നു.പ്രശ്നം വേണ്ടപോലെ പരിഹരിച്ചു.രാജേന്ദ്രനെ മധുരക്കുള്ളവണ്ടിയില്‍  കയറ്റി വിട്ടിട്ടുണ്ട്.രാജിനെയും കൂട്ടരെയും പോലീസ് ശരിക്കും ഭീഷണിപ്പെടുത്തി.ഔദ്യോഗികാവശ്യത്തിന് യാത്രചെയ്യുന്ന കേന്ദ്രസര്‍ക്കാരുദ്യോഗസ്ഥന് എന്തെങ്കിലും തരത്തിലുള്ള വിഷമം ഉണ്ടാക്കിയാല്‍ തറവാട് കുളംകോരുമെന്ന് വിരട്ടി.പോരെങ്കില്‍ എല്ലാവരെക്കൊണ്ടും കുഴപ്പമൊന്നുമുണ്ടാക്കില്ല എന്നു എഴുതിയും വാങ്ങി.ഞങ്ങള്‍ക്കു ആശ്വാസമായി. എല്ലാവരും ദീര്‍ഘശ്വാസം വിട്ടു.
    ഞങ്ങള്‍ ഭക്ഷണം കഴിഞ്ഞു വന്നു.ഞാന്‍ സഹപ്രവര്‍ത്തകരോട് ഓരോന്ന് പറഞ്ഞിരിക്കുകയാണ്.പെട്ടെന്നു അടുത്ത ബോംബുമായി നമ്മുടെ ലൈന്‍മാന്‍ ഓടിവന്നു.
    “സംഗതി ആകെ കുഴപ്പമായി സാറേ.ബത്തലഗുണ്ടില്‍നിന്നു ഫോണ്‍ വന്നു.രാജും കൂട്ടരും മധുരക്ക് വിട്ടു എന്നാണ് ന്യൂസ് .മധുരയില്‍ ബസ്സില്‍നിന്നിറങ്ങിയാല്‍ തട്ടിക്കൊണ്ടുപോകാന്‍ ആണ് പ്ലാന്‍.എന്തെങ്കിലും ചെയ്യണം.”
    കുറച്ചുനേരത്തേക്ക് എനിക്കു സംസാരിക്കാന്‍കഴിഞ്ഞില്ല. ഇതുവരെ ഒരുകാര്യവും ഞാന്‍ മധുരയിലെ ഓഫീസില്‍ അറിയിച്ചിരുന്നില്ല.ഒരു ദുഷ്പ്പേര്‍ ഒഴിവാക്കാം എന്നു കരുതി.ഇനി നിവര്‍ത്തിയില്ല.ഞാന്‍ മധുര ഓഫീസിലേക്ക് വിളിച്ചു.
    അഞ്ചരയോടെ ആകെത്തളര്‍ന്നു വലഞ്ഞ രാജേന്ദ്രന്‍ മധുര സ്റ്റാണ്ടില്‍ ബസ്സിറങ്ങി.മുന്നില്‍ സാറിനെ രക്ഷിക്കാന്‍ മൂന്നുവണ്ടികളുമായി,എല്ലാവിധ സന്നാഹങ്ങളോടെ  പത്തിരുപതു സഹപ്രവര്‍ത്തകര്‍.തട്ടിക്കൊണ്ടുപോകാന്‍ വന്നവരെ ആ പ്രദേശം മുഴുവന്‍ തിരഞ്ഞെങ്കിലും കണ്ടുകിട്ടിയില്ല. എല്ലാവരുംകൂടി കഥാനായകനെ സ്വീകരിച്ചാനയിച്ചു ഓഫീസിലേക്ക് കൊണ്ടുപോയി.ഇതിനിടെ മുറൈമാമന്‍ രാജും കൂട്ടരും കൊഡൈക്കനാലില്‍ തിരിച്ചെത്തിയിരുന്നു.
(ഈ ബ്ലോഗിന്റെ ടൈറ്റിലിന് ശ്രീ കെ.എല്‍.മോഹനവര്‍മ്മയോട് കടപ്പാട്)
www.vettathan.blogspot.com   

18 comments:

  1. വെട്ടത്താന്‍ ചേട്ടാ,
    ഈ എഴുത്ത് വായിക്കാന്‍ എന്തൊരു സുഖമാനെന്നോ.......സമകാലികങ്ങള്‍ വിട്ട് ഇതുപോലെ സ്വന്തം അനുഭവങ്ങളിലെയ്ക്കും ചിന്തലകിലെയ്ക്കും മടങ്ങി വാ......
    സുന്ദരമായ ആഖ്യാനം. നല്ല ഭാഷ.
    താങ്ങള്‍ക്ക്‌ ഒരുപാട് നല്ല സന്ദേശങ്ങള്‍ വായനക്കാരിലെത്തിക്കാന്‍ പറ്റും. അത് തീര്‍ച്ച.

    ReplyDelete
  2. ജോസെലെറ്റ് ,ഈ സ്നേഹത്തിനും നല്ല വാക്കിനും നന്ദി.ഞാന്‍ വല്ലാതെ ബോറടിപ്പിക്കുന്നോ എന്നൊരു ശങ്കയുണ്ട്.

    ReplyDelete
  3. നന്നായി അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  4. നന്ദി,തങ്കപ്പന്‍ ചേട്ടാ

    ReplyDelete
  5. ഒരു കഥയല്ല, അനുഭവിക്കുന്നത് പോലെ തോന്നി.
    ലളിതമായ എഴുത്ത്‌.

    ReplyDelete
  6. റാംജി ഈ സന്ദര്‍ശനത്തിന് നന്ദി.എന്‍റെ എഴുത്തിന്‍റെ കുറ്റങ്ങളും കുറവുകളും എഴുതാന്‍ മടിക്കേണ്ട.

    ReplyDelete
  7. അനുഭവക്കുറിപ്പുകൾക്കെന്നും ജീവനുണ്ട്, വ്യക്ത്യതയുണ്ട്... നല്ല വിവരണം ആശംസകൾ ചേട്ടാ , എല്ലാം എഴുത്തിലൂടെ ചിത്രീകരിക്കാൻ കഴിഞ്ഞിരിക്കുന്നു. വൈവിധ്യമാർന്ന വിഷയങ്ങളുമായി ഇനിയും വരിക

    ReplyDelete
  8. നന്ദി,മൊഹി.

    ReplyDelete
  9. ചേട്ടാ ഇതു അനുഭവ മാണോ???വളരെ മനോഹരമായി പറഞ്ഞിരിക്കുന്നു.. ആശംസകള്‍

    ReplyDelete
  10. അനുഭവമാണ്.നായകന്‍റെ പേരുമാത്രം മാറ്റി.

    ReplyDelete
  11. ഒരു സംഭവകഥ ,അതിമോഹരമായി അവതരിപ്പിച്ചു.നല്ലപിരിമുറുക്കത്തോടെ അവതരിപ്പിച്ചു.അവസാനം വരെ എന്തായി എന്ന ജിജ്ഞാസ നിലനിര്‍ത്താന്‍ കഴിഞ്ഞിരിക്കുന്നു .ആശംസകള്‍

    ReplyDelete
  12. ബാക്കി പോസ്റ്റുകൾ ഞാൻ പിന്നെ വായിയ്ക്കും. കുറെ ജോലികൾ. കുറെ യാത്രകൾ എല്ലാം കൂടി എനിയ്ക്ക് ഭയങ്കര തിരക്കായിപ്പോയതുകൊണ്ട് വായനയില്ലാതെ ഒരു ആനമടിച്ചിയായിട്ടുണ്ട്, ഞാനീയിടെ....ക്ഷമിയ്ക്കുക.
    ഇ. ആർ ബ്രെയിത് വൈറ്റിന്റെ ടു സർ വിത് ലൌ വിൽ നിന്നാവും ഹെഡ്ഡിംഗിന്റെ ഇൻസ്പിരേഷൻ എന്നു വിചാരിച്ചെങ്കിലും അവസാന വരി സംശയം മാറ്റിത്തന്നു.
    ഭംഗിയായി എഴുതിയിട്ടുണ്ട്. അഭിനന്ദനങ്ങൾ. ഇനിയും വായിയ്ക്കാം

    ReplyDelete
  13. ഗീതാകുമാരി,എച്മുക്കുട്ടി ,ഈ അഭിപ്രായങ്ങള്‍ എനിക്കു പ്രചോദനമാണ്.മോഹനവര്‍മ്മയുടെ ഫ്രം ബസ്തര്‍ വിത്ത് ലൌ,ബസ്തറില്‍ പോയി തിരിച്ചു വന്നിട്ട് ഡോക്ക്ട്ടറെ കാണേണ്ടിവന്ന ഒരാളുടെ കഥയാണ്.

    ReplyDelete
  14. ഒഴുകിയൊഴികിവരുന്ന വരികളോടെ മനോഹരമായ
    ഈ കുറിപ്പുകൾ വായിച്ചു പോകുവാൻ ഒരു സ്പെഷ്യൽ
    പ്രസരിപ്പ് തന്നെ കേട്ടൊ ഭായ്

    ReplyDelete
  15. വെട്ടത്താൻചേട്ടാ.... മനോഹരമായി അവതരിപ്പിച്ചു...വായനയുടെ തുടക്കം മുതലുണ്ടാകുന്ന താത്പര്യം, അവസാനം വരെ നിലനിർത്തുന്ന അവതരണരീതി...അഭിനന്ദനങ്ങൾ.

    ReplyDelete
  16. uncle... its really beautiful

    ReplyDelete
    Replies
    1. നന്ദി,രശ്മി, കൂടുതല്‍ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

      Delete

Related Posts Plugin for WordPress, Blogger...