Google+ Followers

Friday, 12 July 2013

അന്നമ്മ
            ഞാനും ഭാര്യയും കൂടി അന്നമ്മച്ചേടത്തിയെ കാണാന്‍  പോയതായിരുന്നു. നഗരത്തിലെ ഒരു  വൃദ്ധ മന്ദിരത്തിലായിരുന്നു അവര്‍.    കൂടെ അനുജത്തി, ഞങ്ങള്‍ “പൊട്ടിച്ചേടത്തി” എന്നു വിളിച്ച് വന്ന ബ്രിജീത്താച്ചേടത്തിയുമുണ്ട്. പരുപരുത്ത തുണിയുടെ നൈറ്റി ധരിച്ച വൃദ്ധകളും പരുക്കന്‍ തുണികൊണ്ടുള്ള കുപ്പായവും കള്ളിമുണ്ടും ധരിച്ച വൃദ്ധന്മാരും അവിടവിടെ കൂടി നില്‍ക്കുകയോ എന്തെങ്കിലും ചെറു പണികള്‍ എടുക്കുകയോ ചെയ്യുന്നുണ്ട്.

    “ആരെക്കാണാനാ” ഒരു കന്യാസ്ത്രീക്കുട്ടിയുടെ ചോദ്യം. അന്നമ്മച്ചേടത്തിയെന്ന് പറഞ്ഞപ്പോള്‍ ഞാനവരുടെ ആരാണെന്നായി. ഞങ്ങള്‍ അയല്‍ക്കാരായിരുന്നു. പത്തിരുപത്തഞ്ചു വര്ഷം ഞങ്ങള്‍ നല്ല അയല്‍ക്കാരായിരുന്നു.

    അറുപതുകളുടെ അവസാനമാണ് അവരെത്തിയത്. മൂന്നു സ്ത്രീകള്‍. ഏതോ സര്‍ക്കാര്‍ പ്രോജക്ടിന് വേണ്ടി, ഉണ്ടായിരുന്ന ഒരു തുണ്ട് ഭൂമി അക്വയര്‍ ചെയ്തപ്പോള്‍ കിട്ടിയ പൈസയുമായി വന്നതാണ്.  അറുപത്തഞ്ചു കഴിഞ്ഞ അമ്മ. നാല്‍പ്പതും നാല്‍പ്പത്തഞ്ചും വയസ്സായ പെണ്‍ മക്കള്‍. ഇളയവള്‍ “പൊട്ടി”യാണ്. സംസാരിക്കാന്‍ വയ്യ. യഥാര്‍ത്ഥ കുടുംബ നാഥ നാല്‍പ്പത്തഞ്ചു കഴിഞ്ഞ അന്നമ്മച്ചേടത്തിയാണ്. ഇനിയൊരാള്‍ കൂടി കുടുംബത്തിലുണ്ട്. ചേട്ടന്‍-അന്നമ്മച്ചേടത്തിയുടെ ഭര്‍ത്താവ്. പ്രായം തെറ്റിയ കാലത്ത് അന്നമ്മച്ചേടത്തിക്ക് പറ്റിയ ഒരബദ്ധമാണതു. മൂപ്പര്‍ സ്ഥിരമായി സ്ഥലത്തില്ല. രണ്ടു മൈലകലെ താമസിക്കുന്ന ആദ്യവിവാഹത്തിലെ മക്കളുടെ  യും വല്ലാതെ അടുപ്പിക്കാത്ത രണ്ടാം ഭാര്യയുടെയും കൂടെ ഒരു ഷട്ടില്‍ ജീവിതമാണ് അത്. ആരും അധികനാള്‍ പൊറുപ്പിക്കില്ല. ഏതായാലും പോകാന്‍ രണ്ടു വീടുകളുള്ളത് നന്നായി. ഒരിടത്ത് നിന്നും ഇറങ്ങിയാല്‍. മറ്റെ വീട്ടില്‍ കയറിച്ചെല്ലാം.

    ഇരുനിറത്തില്‍ മെലിഞ്ഞ ഒരു സ്ത്രീയായിരുന്നു അവര്‍. വെളുത്ത ചട്ടയും മുണ്ടുമാണ് വേഷം. ഒരു മൂന്നുനാല് പവന്‍റെ മാല കഴുത്തിലുണ്ട്. കാതില്‍ കുണുക്ക്.  വല്ലപ്പോഴും ഒന്നു മുറുക്കും. അതിന്റെ ചെമപ്പ് ആ ചൂണ്ടുകള്‍ക്ക് ഉണ്ട്. പതിഞ്ഞ സ്വരത്തിലാണ് സംസാരം. പക്ഷേ ആജ്ഞാ ശക്തി നിറഞ്ഞതാണ് വാക്കുകള്‍. ആ കണ്ണും മൂക്കും മുഖവും ആത്മവിശ്വാസം നിറഞ്ഞ ഒരാളുടേതാണ്. വല്ലപ്പോഴും ഒന്നു മുറുക്കാനും അല്‍പ്പം കുശലം പറയാനും അവര്‍ വീട്ടില്‍ വരും. ചാച്ചനോടും അമ്മയോടുമാണ് സൌഹൃദം. ഞങ്ങള്‍ മക്കളോടു ചെറിയ മമത മാത്രം. വല്ലാത്ത മാനസിക പ്രശ്നങ്ങളുള്ളപ്പോഴാണ് പലപ്പോഴും വരിക. ചിലപ്പോള്‍ പെട്ടെന്നു ക്ഷോഭിക്കുന്ന പൊട്ടിച്ചേടത്തി ഉണ്ടാക്കുന്ന എന്തെങ്കിലും    പ്രശ്നങ്ങള്‍ ആവും. പലപ്പോഴും അകാലത്ത് വന്നു കയറിയ ഭര്‍ത്താവ് ഉണ്ടാക്കുന്ന കുഴപ്പങ്ങളാവും. അയാള്‍ക്ക് ആ രണ്ടേക്കര്‍  പറമ്പും വീടും അയാളുടെ പേരില്‍ എഴുതിക്കിട്ടണം. അങ്ങിനെ ചെയ്താല്‍ എന്താണു സംഭവിക്കുകയെന്ന് അന്നമ്മച്ചേടത്തിക്ക് നന്നായറിയാം.

    നാട്ടില്‍ ആരും ചേട്ടനെ അങ്ങിനെ കാര്യമായെടുത്തില്ല. എല്ലാവര്‍ക്കും ഒരു തമാശക്കഥാപാത്രമായിരുന്നു അയാള്‍. വയസ്സു അറുപത് കഴിഞ്ഞിരുന്നു എങ്കിലും കയ്യിലിരിപ്പിന് ഒരു കുറവുമുണ്ടായിരുന്നില്ല. പണിക്കാരി പെണ്ണുങ്ങള്‍ക്ക് നൂറിന്‍റെ നോട്ട് നീട്ടി അവരുടെ ആട്ടു കേള്‍ക്കുകയായിരുന്നു മൂപ്പരുടെ ഇഷ്ട വിനോദം. കഥകളെല്ലാം അന്നമ്മച്ചേടത്തിയുടെ ചെവിയില്‍ അപ്പപ്പോള്‍ എത്തുകയും ചെയ്യും. പിന്നെ കുറച്ചുകാലം ചേട്ടന്‍ സ്ഥലത്തുണ്ടാവില്ല. മക്കളുടെ കൂടെയാവും. അവിടെയും കുസൃതിക്കു കുറവുണ്ടാകില്ല. മൂപ്പര്‍ ആറ് മാസത്തിനകം ഭാര്യയുടെ അടുത്ത് തിരിച്ചെത്തും. കുറ്റം പറയരുതല്ലോ. ചെറിയ ചുറ്റിക്കളിയുണ്ടെങ്കിലും ആള്‍ നല്ല അദ്ധ്വാനി ആയിരുന്നു. അത് അന്നമ്മച്ചേടത്തിയും സമ്മതിക്കും. അതിരാവിലെ ഒരു കട്ടന്‍ കാപ്പിയും കുടിച്ചു പണിക്കിറങ്ങുക എന്നതാണു ചേടത്തിയുടെ ശീലം. സ്ഥലത്തുണ്ടെങ്കില്‍  ചേട്ടനും ഉണ്ടാവും കൂടെ. വെയിലെന്നോ മഴയെന്നോ ഉള്ള പരിഗണന ഒന്നുമില്ല.  അവര്‍ ആ കുന്നു കിളച്ച് മറിച്ചു കയ്യാലകള്‍ ഉണ്ടാക്കി. മണ്ണൊലിപ്പ് തടഞ്ഞു. തട്ടുകളാക്കി തിരിച്ച ഭൂമിയില്‍  തെങ്ങും കുരുമുളകും വെച്ചു പിടിപ്പിച്ചു. നാലഞ്ചു വര്ഷം കൊണ്ട് ആ തൊടി ഒന്നാന്തരം കൃഷിഭൂമിയായി മാറി.

    അന്നമ്മച്ചേടത്തി വാങ്ങുന്നതിന് മുന്‍പ് പെണ്‍ മക്കള്‍ മാത്രമുള്ള വൃദ്ധ ദമ്പതികളുടേതായിരുന്നു ആ വീടും പറമ്പും. വീടിനപ്പുറത്തേക്കുള്ള  ഭാഗം അവര്‍ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. കാടും കാട്ടുജീവികളും നിറഞ്ഞ പറമ്പു അയല്‍പക്കക്കാര്‍ക്ക് ശല്യവുമായിരുന്നു. ചേടത്തി വന്നതോടെ അത് ഏറ്റവും നല്ല ഒരു കൃഷിയിടമായി. എന്നും രാവിലെതന്നെ അവര്‍ കൃഷിയിടത്തില്‍ കാണും. എന്താണ് ദിവസവും ഇത്ര പണിയാന്‍ എന്നാണ് ചുറ്റുമുള്ളവരുടെ സംശയം. പോരെങ്കില്‍ അവര്‍ക്ക് മക്കളുമില്ല. പക്ഷേ ചേടത്തിക്ക് പറമ്പില്‍ നിന്നു ഒഴിവാകാന്‍ നിവൃത്തിയില്ല. ആ തൊടിയിലെ ഓരോ ചെടിയും അവരുടെ ലാളന അനുഭവിച്ചു വളരുന്നതാണ്. അവരറിയാതെ ഒരു നാമ്പു പോലും വളരുന്നില്ല. തെങ്ങും കമുകും കുരുമുളകും നിറഞ്ഞ ആ പറമ്പാണ് അവരുടെ ലോകം. രാവിലെ കട്ടന്‍ കാപ്പി കുടിച്ചു തൊടിയിലേക്കിറങ്ങിയാല്‍ പ്രഭാതഭക്ഷണത്തിന്‍റെ സമയം വരെ എന്തെങ്കിലും ജോലി കാണും. ചേട്ടന്‍ സ്ഥലത്തുണ്ടെങ്കില്‍ മൂപ്പരും തൂമ്പയുമായി കൂടെ ഇറങ്ങും. പാചകം പൊട്ടിച്ചേടത്തിയുടെ ജോലിയാണ്. ആ പണി അന്നമ്മച്ചേടത്തിക്ക് പറ്റില്ല. അമ്മാമ്മ എന്തെങ്കിലും ചെയ്തുകൊണ്ട് വീട്ടിലും പരിസരത്തും അങ്ങിനെ പ്രാഞ്ചി, പ്രാഞ്ചി നടക്കും. ചേട്ടന് പൊട്ടിയെ തീരെ ഇഷ്ടമല്ല. പക്ഷേ അരോഗദൃഡഗാത്രയായ പൊട്ടിച്ചേടത്തിയോട് ഉടക്കാന്‍ അയാള്‍ക്ക് ധൈര്യവുമില്ല.

    കാലം കടന്നുപോയി. അമ്മാമ്മയുടെ മരണം പെട്ടെന്നായിരുന്നു. ഒരു തലകറക്കം. ഡോക്റ്ററേ കണ്ടു ,മരുന്ന് വാങ്ങി. പക്ഷേ രണ്ടാം ദിവസം ആ വൃദ്ധ മരിച്ചു. സ്ഥലം കിട്ടില്ല എന്നു ഉറപ്പായതോടെ ചേട്ടന്‍ വരവ് നിര്‍ത്തിയിരുന്നു. പോരെങ്കില്‍ അയാള്‍ക്ക് പ്രായമായി. മക്കള്‍ അയാളെ കൂടെത്തന്നെ നിര്‍ത്തി. ഫലത്തില്‍ വീട്ടില്‍ അന്നമ്മച്ചേടത്തിയും        സംസാരിക്കാത്ത അനുജത്തിയും മാത്രമായി. വാക്കുകള്‍ക്ക് സ്ഥാനമില്ലാത്ത ആ വീട്ടില്‍ മൂകത തളംകെട്ടിനിന്നു. വല്ലപ്പോഴും ക്ഷുഭിതയാവുന്ന പൊട്ടിച്ചേടത്തിയുടെ അപസ്വരങ്ങള്‍ മാത്രം അവിടെ ഓളങ്ങളുണ്ടാക്കി. അവര്‍  പലപ്പോഴും ഞങ്ങളുടെ വീട്ടിലേക്ക് വന്നു. ഒന്നു മുറുക്കി, അഞ്ചു മിനുറ്റ് സംസാരിക്കും. വീണ്ടും തൊടിയിലേക്ക് ഇറങ്ങും. ചേടത്തിക്ക് സഹോദരങ്ങളുണ്ട്. പക്ഷേ കുറച്ചകലെയാണ്. കൂടെ വന്നു നില്‍ക്കാന്‍ ചിലരുടെ മക്കള്‍ തയ്യാറാണ്. പക്ഷേ സ്വത്ത് എഴുതിക്കിട്ടണം. അല്ലെങ്കില്‍ സ്വത്ത് വിറ്റ് ആ പൈസ അവര്‍ക്ക് കൊടുത്തു, അവരുടെ കൂടെ താമസിക്കാം. ആ ഭൂമി വില്‍ക്കുന്നതും അവിടെ നിന്നും പോകുന്നതും അന്നമ്മച്ചേടത്തിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുമായിരുന്നില്ല. അവരുടെ വിയര്‍പ്പ് വീണു കുതിര്‍ന്ന മണ്ണാണത്. അതിലെ ഓരോ ഇലയും അവരുടെ സ്വന്തമാണ്. അവിടം വിട്ടൊരു ജീവിതം അവര്‍ക്കില്ല. 

    കുറച്ചുനാള്‍ കഴിഞ്ഞു അവരുടെ സഹോദരന്‍റെ മകനും ഭാര്യയും അവിടെ താമസത്തിന് വന്നു. അയല്‍പക്കത്ത് നിന്നു കളിയും ചിരിയും കേട്ടു തുടങ്ങി. ആ പയ്യന്‍ പൊതുവേ ഒരു നല്ല ആളായിരുന്നു. എന്നും അന്നമ്മച്ചേടത്തിയോടൊപ്പം തൂമ്പയുമായി ഇറങ്ങുന്ന അയാളെ അവര്‍ക്കും ഇഷ്ടമായിരുന്നു. ചേടത്തിയുടെ കാലശേഷം സ്വത്തുക്കള്‍ അയാള്‍ക്കും ഭാര്യക്കും ചെന്നുചേരും എന്നായിരുന്നു കരാര്‍. എന്താണ് സംഭവിച്ചതെന്നറിഞ്ഞുകൂടാ. ആറ്മാസം കൊണ്ട് ആ പെണ്‍ കുട്ടി ചേടത്തിയുടെ കണ്ണിലെ കരടായി മാറി. ചേടത്തി അവരെ പറഞ്ഞുവിടുകയും ചെയ്തു. വീണ്ടും കുറച്ചുകാലം കടന്നുപോയി. ഒരു തുണ വേണമെന്ന് ചേടത്തിക്ക് ബോദ്ധ്യമായി. അങ്ങിനെയാണ് തൊമ്മി വന്നത്. ചേടത്തിയുടെ വേറൊരു ആങ്ങളയുടെ മകനായിരുന്നു കക്ഷി. വിവാഹിതനല്ല. അത്യാവശ്യം കഞ്ചാവും മദ്യപാനവുമൊക്കെയുണ്ട്. പക്ഷേ മറ്റുള്ളവര്‍ക്ക് ശല്യമില്ല.  പകല്‍ മുഴുവന്‍ ചേടത്തിയോടൊപ്പം അദ്ധ്വാനിക്കുന്ന അയാളെ ചേടത്തിക്ക് ഇഷ്ടമായി. “ വൈകുന്നേരം അവനല്‍പ്പം ചാരായം കുടിക്കണം. വേറെ കുഴപ്പമൊന്നുമില്ല ” അവര്‍ പറഞ്ഞു.

    സ്വത്ത് കിട്ടുമെന്ന പ്രലോഭനത്തില്‍ വന്നതാണ് തൊമ്മി. രണ്ടുമാസം വൃദ്ധകളുടെ കൂടെ താമസിച്ചപ്പോഴേക്കും അയാള്‍ക്ക് ബോറടിക്കാന്‍ തുടങ്ങി. “താന്‍ ചത്താലും വയസ്സികള്‍ ചാകുന്ന ലക്ഷണമില്ല” എന്നു അയാള്‍ ചില സുഹൃത്തുക്കളോട് പറയുകയും ചെയ്തു. എന്നാലും വൃദ്ധകളോട് സ്നേഹപൂര്‍വ്വം പെരുമാറുന്ന അയാള്‍ അന്നമ്മച്ചേടത്തിക്ക് ഇഷ്ടമുള്ളവനായി തുടര്‍ന്നു. ചേടത്തിമാര്‍ രണ്ടുപേരും അടുത്തുള്ള ഡോക്റ്ററേ കാണാന്‍ പോയ നേരം നോക്കി തൊമ്മി ഒരു പണി പറ്റിച്ചു. മെയിന്‍ സ്വിച്ച് ഓഫാക്കി അകത്തുള്ള പ്ലഗ്ഗില്‍ നിന്നു ഒരു വയര്‍ വാതിലിന്‍റെ ഹാന്റ്റിലിന്‍റെ പുറകുവശത്തെ നട്ടില്‍ പിടിപ്പിച്ചു. പ്ലഗ്ഗിന്‍റെ സ്വിച്ച് ഓണ്‍ ചെയ്തു വാതില്‍ അടച്ചുപൂട്ടി താക്കോല്‍ പതിവ് സ്ഥലത്തു വെച്ചതിന് ശേഷം മെയിന്‍ ഓണ്‍ ചെയ്തു അയാള്‍ സ്ഥലം വിട്ടു. വാതില്‍ തുറക്കുന്ന വൃദ്ധകള്‍ ഷോക്കടിച്ചു  മരിക്കുന്നതു ഭാവനയില്‍ കണ്ട് അയാള്‍ സ്വന്തം വീട്ടിലേക്ക് പോയി. 

    പൊതുവേ കുഴപ്പക്കാരനായ മകന്‍ പെട്ടെന്നു തിരിച്ചുവന്നത് കണ്ടു അയാളുടെ അമ്മ കാര്യം തിരക്കി. അന്നമ്മച്ചേടത്തിയുടെ സ്ഥലത്തു നിന്നു ഫോണ്‍ വല്ലതും വന്നോ എന്നൊരു ചോദ്യമായിരുന്നു അയാളുടെ മറുപടി. ഇല്ല എന്ന ഉത്തരം കേട്ടു “എന്നാല്‍ ഉടനെ വന്നോളും” എന്നു ഒഴുക്കനായി പറഞ്ഞ മകനെ അവര്‍ നിശിതമായി ചോദ്യം ചെയ്തു. സ്വത്തിനുവേണ്ടി അനന്തമായി കാത്തിരിക്കാന്‍ തനിക്ക് വയ്യ എന്നു പറഞ്ഞ അയാള്‍ അവസാനം സത്യം പറഞ്ഞു. പേടിച്ചരണ്ടുപോയ മാതാപിതാക്കള്‍ ഒരു ജീപ്പ് പിടിച്ച് അന്നമ്മച്ചേടത്തിയുടെ നാട്ടിലേക്കു വിട്ടു. അവര്‍ ചെല്ലുമ്പോള്‍  വൃദ്ധകള്‍ രണ്ടും വീട്ടിലുണ്ട്. എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന ചോദ്യത്തിന് ജലദോഷത്തിന്റെയും തലവേദനയുടെയും കാര്യമേ മറുപടി ഉണ്ടായുള്ളൂ. അന്നമ്മച്ചേടത്തി ഡോക്റ്ററേക്കണ്ട് തിരിച്ചുവന്നു.തൊമ്മിയെ കാണാതിരുന്നപ്പോള്‍ പതിവ് സ്ഥലത്തുനിന്നു താക്കോലെടുത്തു വാതില്‍ തുറന്നു. വാതിലില്‍ കണ്ട കമ്പി വലിച്ചു പറിച്ചു കളഞ്ഞു. എപ്പോഴോ പോയ കറണ്ട് അതുവരെ വന്നിരുന്നില്ല. ആങ്ങളയുടെയും നാത്തൂന്‍റെയും അടുത്ത് നിന്നു സത്യം അറിഞ്ഞ അന്നമ്മച്ചേടത്തി തരിച്ചിരുന്നു.

    വൃദ്ധകളുടെ ജീവിതം അങ്ങിനെ തട്ടിയും മുട്ടിയും പോകുന്നതിനിടക്കാണു ഒരു വൃദ്ധമന്ദിരം തുടങ്ങാനുള്ള സ്ഥലം അന്യോഷിച്ചു സിസ്റ്റേഴ്സ് ആ നാട്ടിലെത്തിയത്. അന്നമ്മച്ചേടത്തിയുടെ അടുത്തെത്തിയപ്പോള്‍ ചേടത്തിക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ. സ്ഥലത്തിന് വിലയൊന്നും വേണ്ട. തങ്ങളുടെ ജീവിതകാലം ഇവിടെത്തന്നെ താമസിക്കണം. തങ്ങളെ വേണ്ട പോലെ സംരക്ഷിക്കണം. എല്ലാം അവര്‍ സമ്മതിച്ചു. അങ്ങാടിക്കു തൊട്ടടുത്തുള്ള ആ കൊച്ചുവീടും രണ്ടേക്കര്‍  പറമ്പും ചേടത്തി മഠം കാര്‍ക്ക് രജിസ്റ്റര്‍ ചെയ്തു കൊടുത്തു.

    വൃദ്ധമന്ദിരത്തിന്റെ പ്ലാന്‍ അംഗീകരിച്ച് പണി തുടങ്ങാറായി. പഴയ വീട് പൊളിച്ചുമാറ്റി സ്ഥലം കൂടുതല്‍ നിരപ്പാക്കി വേണം പുതിയ കെട്ടിടം പണിയാന്‍. ആ പറമ്പില്‍ തന്നെ  ഒരു ഷെഡ്ഡ് കെട്ടി പുതിയ കെട്ടിടത്തിന്‍റെ പണി തീരുന്നതുവരെ കഴിയാം എന്നായിരുന്നു അന്നമ്മച്ചേടത്തിയുടെ പ്ലാന്‍. അത് പക്ഷേ സിസ്റ്റേഴ്സിന് സ്വീകാര്യമായില്ല. ആറ് മാസത്തിനകം കെട്ടിടം പണി തീരും. അതുവരെ ടൌണില്‍ കഴിയാം. എല്ലാ സൌകര്യങ്ങളും ഉണ്ടാവും. പണി തീര്‍ന്നാല്‍ ഉടനെ അവര്‍ക്ക് നാട്ടിലേക്കു തിരിച്ചു പോകാം എന്ന വാഗ്ദാനത്തിന് അവര്‍ക്ക് സമ്മതം മൂളേണ്ടി വന്നു.

    രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ട്രാന്‍സ്ഫര്‍ ആയി നഗരത്തില്‍ താമസമാക്കിയപ്പോഴാണ് അന്നമ്മച്ചേടത്തി വൃദ്ധമന്ദിരത്തിലുണ്ടെന്ന് അറിഞ്ഞത്. കിട്ടിയ ആദ്യ സന്ദര്‍ഭത്തില്‍ തന്നെ അവരെ കാണാന്‍ എത്തിയതായിരുന്നു ഞങ്ങള്‍. പൊട്ടിച്ചേടത്തിയും അന്നമ്മച്ചേടത്തിയും ഒരുമിച്ചാണ് മുറിയിലേക്ക് വന്നത്. മറ്റുള്ളവരെപ്പോലെ പച്ചനിറത്തിലുള്ള പരുക്കന്‍ നൈറ്റിയും കഴുത്തില്‍ കൊന്തയുമായിരുന്നു അവരുടെ വേഷം. കണ്ടതെ നിറഞ്ഞ സന്തോഷത്തോടെ ശബ്ദമുണ്ടാക്കി പൊട്ടിച്ചേടത്തി എന്നെ കെട്ടിപ്പിടിച്ചു. എന്തൊക്കെയോ ശബ്ദങ്ങളുണ്ടാക്കി, ആംഗ്യം കാണിച്ചു എന്നെ തലോടി. പിന്നെ പൊടിഞ്ഞുവന്ന കണ്ണീര്‍ തുടച്ചു. വിതുമ്പലടക്കാന്‍ ഞങ്ങള്‍ നാലുപേരും നന്നേ പണിപ്പെടേണ്ടിവന്നു.

    അവര്‍ ദാനം കൊടുത്ത സ്ഥലത്തെ കെട്ടിടം പണി അനന്തമായി നീളുകയാണ്. അങ്ങോട്ട് പോകാന്‍ പറ്റുമെന്ന് ഒരു ഉറപ്പുമില്ല. ഇവിടെ ആരോരുമില്ലാത്ത അഗതികളുടെ ഇടയില്‍ അവരിലൊരാളായി ജീവിതം തള്ളി നീക്കുന്നു. കുടുംബക്കാരുടെയും നാട്ടുകാരുടെയും വിശേഷങ്ങള്‍ പങ്കുവെച്ചു സമയം പോയതറിഞ്ഞില്ല. ഇതിനിടെ ഒരു കന്യാസ്ത്രീ രണ്ടുപ്രാവശ്യം വന്നു നോക്കിപ്പോയി. ഇറങ്ങാന്‍ നേരം എന്‍റെ മൂര്‍ദ്ധാവില്‍ ചുംബിച്ച് അന്നമ്മച്ചേടത്തി പറഞ്ഞു “ കുഞ്ഞേ, ഇങ്ങിനെ ഒക്കെ സംഭവിക്കും എന്നറിഞ്ഞിരുന്നെങ്കില്‍ എന്‍റെ ഭൂമി ഒരിക്കലും ഞാനിവര്‍ക്ക് എഴുതിക്കൊടുക്കുകയില്ലായിരുന്നു. സ്വന്തക്കാര്‍ കൂട്ടിനില്ലായിരുന്നെങ്കിലും എന്‍റെ നാട്ടിലെ ജീവിതം ഇതിലും എത്രയോ ഭേദമായിരുന്നു” .വീണ്ടും വരാം എന്നു ഉറപ്പ് കൊടുത്തു ഞങ്ങള്‍ ഇറങ്ങി.
    സ്വന്തം നാട്ടിലേക്കു തിരിച്ചെത്തണമെന്ന ആ പാവം സ്ത്രീകളുടെ ആഗ്രഹം മഠംകാര്‍ സാധിച്ചു കൊടുത്തു. ആറുമാസത്തെ ഇടവേളയില്‍ മരണപ്പെട്ട അന്നമ്മച്ചേടത്തിയെയും സഹോദരിയെയും ഇടവകപ്പള്ളിയുടെ സിമിത്തേരിയിലാണ് അടക്കിയത്. മരണശേഷമെങ്കിലും നാട്ടില്‍ തിരിച്ചെത്താനായല്ലോ.

വെട്ടത്താന്‍
www.vettathan.blogspot.com        

26 comments:

 1. ഒറ്റപ്പെട്ട് പോയ അനവധി പേരെ കണ്ടിട്ടുള്ളതുകൊണ്ട് ഇവരുറ്റെ മുഖങ്ങള്‍ എന്‍റെ മനസ്സില്‍ തെളിഞ്ഞു വെട്ടത്താന്‍ ചേട്ടാ.. നല്ല പരിചയം ഇവരെ... വേഷത്തിലും ഭാഷയിലും എല്ലാം അല്‍പം വ്യത്യാസമുണ്ടാവാം.. അത്രേയുള്ളൂ..

  കണ്ണു നിറയുന്നു...

  ReplyDelete
  Replies
  1. എച്മു ഈ ആദ്യ വരവിന് പ്രത്യേകം നന്ദി. യൂണിഫോമില്‍ അവരെ കണ്ടപ്പോള്‍ മനസ്സിനോരു നീറ്റല്‍

   Delete
 2. പണ്ട് വാരിക/മാസികകളിൽ ചിത്രീകരണം എന്നൊരു വിഭാഗം കണ്ടിരുന്നു - അതായത് നടന്ന / നടക്കാൻ ഇടയുള്ള കാര്യങ്ങൾ അങ്ങിനെതന്നെ എഴുതുന്നത്. വെട്ടത്താൻ സാറിന്റെ പല രചനകളും അങ്ങിനെയാണെന്ന് തോന്നി. ഇതും. അതായത് വായിച്ചു വരുമ്പോൾ, ശരിയാണ് - അങ്ങിനെതന്നെ എന്നർത്ഥത്തിൽ വായിക്കുന്ന ആൾ അയാള് അറിയാതെതന്നെ തല കുലുക്കും!

  ReplyDelete
  Replies
  1. കഥകള്‍ പിറക്കുന്നത് ജീവിതാനുഭവങ്ങളില്‍ നിന്നു തന്നെയല്ലേഡോക്റ്റര്‍?ആളും സ്ഥലവുമൊക്കെ മാറും എന്നു മാത്രം. രചനയില്‍ കഴിവതും സത്യസന്ധത പാലിക്കാന്‍ ശ്രമിക്കാറുണ്ട്.

   Delete
  2. തീര്ച്ചയായും. എന്റെ കാര്യത്തിലും അങ്ങിനെതന്നെ!

   Delete
 3. വെട്ടത്താൻ ചേട്ടാ..... ഓരോ നാട്ടിലും ഉണ്ടാകും ഇതുപോലെയുള്ള കുറേ ജീവിതങ്ങൾ... എന്റെ ഓർമ്മയിലും ഒരു നാണിമുത്തശ്ശിയുണ്ടായിരുന്നു... ഒരു കുഞ്ഞുമൺ വീട്ടിൽ എല്ലാവരേയും സ്നേഹിച്ചുകഴിഞ്ഞിരുന്ന ആ മുത്തശ്ശിയുമായുള്ള പരിചയം വളരെ ചെറുപ്പത്തിൽ ആയിരുന്നെങ്കിലും. ഇന്നും ആ മുഖം മായാതെ മനസ്സിൽ നിൽക്കുന്നുണ്ട്. വേഷത്തിലും രൂപത്തിലും അല്പം മാറ്റം മാത്രം.... ഈ വായനയ്ക്കിടയിൽ മനസ്സിലേയ്ക്ക് കടന്നുവന്നതും ആ മുഖം തന്നെയായിരുന്നു... .

  ReplyDelete
  Replies
  1. നന്ദി ഷിബു. ഓരോരുത്തര്‍ക്കും വിധി എന്താണ് ഒരുക്കി വെച്ചിരിക്കുന്നത് എന്നു ആര്‍ക്കറിയാം?

   Delete
 4. മനസ്സിലെ നീറ്റലായി ഈ മുത്തശ്ശിമാര്‍....:(

  ReplyDelete
  Replies
  1. സംരക്ഷിക്കാം എന്നു ഏറ്റവര്‍ക്ക് അവരുടെ ന്യായങ്ങളുണ്ടാവും. എന്നാലും വലിയൊരു അന്യായം ചെയ്തത് പോലെ തോന്നി.

   Delete
 5. കണ്ടതെ നിറഞ്ഞ സന്തോഷത്തോടെ ശബ്ദമുണ്ടാക്കി പൊട്ടിച്ചേടത്തി എന്നെ കെട്ടിപ്പിടിച്ചു. എന്തൊക്കെയോ ശബ്ദങ്ങളുണ്ടാക്കി, ആംഗ്യം കാണിച്ചു എന്നെ തലോടി. പിന്നെ പൊടിഞ്ഞുവന്ന കണ്ണീര്‍ തുടച്ചു. വിതുമ്പലടക്കാന്‍ ഞങ്ങള്‍ നാലുപേരും നന്നേ പണിപ്പെടേണ്ടിവന്നു.

  ഹൃദയം ആര്‍ദ്രമാക്കുന്ന എഴുത്ത്.
  എവിടെയൊക്കെയോ കണ്ടിട്ടുള്ള മനുഷ്യരുടെ ജീവിതകഥ തന്നെയാണല്ലോ ഇത്.

  ReplyDelete
  Replies
  1. വൃദ്ധമന്ദിരത്തിലെ ആ രംഗത്തിന്‍റെ ഓര്‍മ്മ ഇപ്പൊഴും എന്നെ കരയിക്കും.ആ വൃദ്ധകളുടെ കണ്ണീരിനപ്പുറം ഒരു ശരിയുമില്ല.

   Delete
 6. ഒട്ടും പൊടിപ്പും തൊങ്ങലും ചേര്‍ക്കാതെ ജീവിതത്തില്‍ നിന്ന് പറിച്ചെടുത്ത ഒരേട് എന്നു പറഞ്ഞുകൊള്ളട്ടെ....
  മനസ്സിനെ ആര്‍ദ്രമാക്കുന്ന അനുഭവസാക്ഷ്യം.....

  ReplyDelete
  Replies
  1. പൊടിപ്പും തൊങ്ങലും ആ വൃദ്ധ മനസ്സുകളുടെ വിങ്ങലില്‍ അലിഞ്ഞുപോകില്ലേ? നന്ദി മാഷെ.

   Delete
 7. നല്ല കാലത്ത് ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും തന്‍റേടത്തോടെ നേരിട്ട
  അന്നമ്മച്ചേടത്തിയുടെയും സഹോദരിയുടെയും അവസാനകാലത്തെ അവസ്ഥ
  വായിച്ചപ്പോള്‍ ഒരു നൊമ്പരമായി മാറി എന്‍റെ മനസ്സില്‍ അവരുടെ രൂപങ്ങള്‍.
  ഹൃദയസ്പര്‍ശിയായിരിക്കുന്നു വെട്ടത്താന്‍ സാറെ ഈ എഴുത്ത്.
  ആശംസകള്‍

  ReplyDelete
  Replies
  1. പരുപരുത്ത യൂണിഫോമില്‍ അവരെ കണ്ടപ്പോള്‍ ഞങ്ങളുടെ മനസ്സും തേങ്ങി. ഓരോരുത്തര്‍ക്കും എന്തൊക്കെയാണ് വിധി കരുതിവെച്ചിരിക്കുന്നതെന്ന് ആര്‍ക്കറിയാം.

   Delete
 8. എല്ലാ വൃദ്ധ മന്ദിരങ്ങളുടെയും കഥ ഇതുതന്നെയാണ് വെട്ടത്താൻ ചേട്ടാ..
  കഴിഞ്ഞാഴ്ച ന്യൂസിൽ എല്ലാരുമുണ്ടായിട്ടും ആരുമില്ലത്തവരെ പോലെ ബസ് സ്റ്റാണ്ടിൽ കഴിയുന്ന ഒരു അമ്മയുടെ കഥ കണ്ടിരുന്നു. എങ്ങനെ എത്രയോ...? ശരിക്കും വേദനയാണ് ഇതൊക്കെ...!!

  ReplyDelete
 9. എല്ലാ വൃദ്ധ മന്ദിരങ്ങളുടെയും കഥ ഇതുതന്നെയാണ് വെട്ടത്താൻ ചേട്ടാ..
  കഴിഞ്ഞാഴ്ച ന്യൂസിൽ എല്ലാരുമുണ്ടായിട്ടും ആരുമില്ലത്തവരെ പോലെ ബസ് സ്റ്റാണ്ടിൽ കഴിയുന്ന ഒരു അമ്മയുടെ കഥ കണ്ടിരുന്നു. എങ്ങനെ എത്രയോ...? ശരിക്കും വേദനയാണ് ഇതൊക്കെ...!!

  ReplyDelete
  Replies
  1. ശരിയാണ് ടോം.എനിക്കിപ്പോള്‍ എല്ലാ ചാരിറ്റിക്കാരെയും സംശയമാണ്. ബഹുഭൂരിപക്ഷവും ചാരിറ്റി വിറ്റ് ജീവിക്കുന്നവരാണ്.

   Delete
 10. എന്തു പറയാനാണ് സാറേ!

  കാശിനു വേണ്ടി വൃദ്ധസദനങ്ങള്‍ നടത്തുന്നവരോട് എനിക്കു വിരോധമില്ല. ഇവിടങ്ങളിലൊക്കെ അതുണ്ട് - ഒരു പക്ഷേ എന്റെ വാര്‍ദ്ധക്യത്തില്‍ ഞാന്‍ അവിടൊക്കെയായിരിക്കും. പക്ഷേ ഈ "ജീവകാരുണ്യ"ത്തിന്റെ ലേബലില്‍ ഇതൊക്കെ നടത്തുന്നവരില്‍ പലരും തട്ടിപ്പുകാരാണ്.

  ഞാനും കുറച്ചുകാലമായി ചാരിറ്റിക്ക് സംഭാവന ചെയ്യാറില്ല.

  ReplyDelete
  Replies
  1. കാശ് വാങ്ങി വൃദ്ധസദനം നടത്തുന്നത് നല്ല കാര്യമാണ് .ഇനിയുള്ള കാലം അതേ നടക്കൂ.അതിലൊരു അന്തസ്സുണ്ട്.

   Delete
 11. നാട്ടിലെല്ലായിടത്തും നടന്നു വരുന്ന
  സംഭവ കഥകളിലെ രണ്ട് ഈടുട്ട കഥാപാത്രങ്ങളെ
  വരികളീലൂടെ അന്നമ്മ സോദരിമാരുടെ കഥ ഉള്ളിൽ തട്ടും
  വിധം ശരിക്കും വരച്ചിട്ടിരിക്കുകായാണ് വെട്ടത്താൻ സാറിവിടെ

  ReplyDelete
  Replies
  1. വൃദ്ധ മന്ദിരത്തില്‍ അയല്‍ക്കാരികളെ കണ്ട രംഗം മനസ്സില്‍ നിന്നു മായുന്നില്ല. ആ വേദനയ്ക്ക് ആര്‍ ആരോടാണ് ഉത്തരം പറയേണ്ടത്?

   Delete
 12. അനാഥമായിപ്പോകുന്ന വൃദ്ധ ജന്മങ്ങള്‍.ഹൃദയത്തില്‍ തട്ടിയ കുറിപ്പ്

  ReplyDelete
  Replies
  1. ഈ വരവിന് പ്രത്യേകം നന്ദി.

   Delete
 13. Annamma chedathy &family ente nattukarayrunnu.Cheruppam muthal ariyam.Avasana
  kalathe visheshangal aringirunnilla. vaychappol vishamam thonny.Avarodu nerikedu
  cheithallo ennorthappol arisavum thonnunnu.Avarude aalmakkal ksamikkatte. Mary.

  ReplyDelete
 14. കഥകള്‍ കണ്ടെത്തേണ്ടത്‌ ജീവിതത്തില്‍ നിന്നാണ് അല്ലേ......
  ബ്ലോഗിന് വേണ്ടിയായത് കൊണ്ട് കനം കുറച്ചു ല്ലേ....
  വേണ്ടാരുന്നു...

  ReplyDelete

Related Posts Plugin for WordPress, Blogger...