Google+ Followers

Wednesday, 20 July 2011

ഭാഗ്യവാന്‍

 
ഭാഗ്യവാന്‍ ,ഭാഗ്യവാന്‍ എന്ന് പറഞ്ഞാല്‍ നമ്മുടെ മന്ത്രി ഗണേഷ്കുമാറിനെ പോലിരിക്കണം.സമകാലീന മലയാള ചരിത്രങ്ങളിലോന്നും
ഇങ്ങനെ ഒരു ഭാഗ്യവാനെ മഷി ഇട്ടു നോക്കിയാല്‍ പോലും കണ്ടു കിട്ടില്ല.

Friday, 15 July 2011

കട്ട് തിന്നുന്നവര്‍

കഴിഞ്ഞ തെരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ ഒരു പ്രസ്ഥാവനയുണ്ട്.അത്‌ അച്ചുതാനന്ദന്‍ സഖാവിന്റെതാണ്."സര്‍ക്കാര്‍ ഖജനാവ് കട്ട് തിന്നുന്നവരെ ജയിലിലടക്കും." സഖാവിന്റെ സ്വോത സിദ്ധമായ ചെഷ്ട്ടകളോടെയുള്ള  ഈ പ്രഖ്‌യാപനം ജനത്തിനു നന്നേ ബോധിച്ചു.അഴിമതിയും പെണ്ണ് കേസുമൊക്കെ
വേണ്ട വിധം മിക്സ്‌ ചെയ്തു സഖാവ് നടത്തിയ പടയോട്ടമാണ് എല്‍.ഡി.എഫ്നെ 68 സീറ്റില്‍ എത്തിച്ചത്.അഴിമതികൊണ്ടും കെടു കാര്യസ്ഥത  കൊണ്ടും പൊറുതി മുട്ടിയ ജനം അച്ചുതാനന്ദന്‍ സഖാവില്‍ ഒരു രക്ഷകനെ കണ്ടു. 

Wednesday, 6 July 2011

നിധി വേട്ട

 
 
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി വേട്ട എല്ലാവരെയും ഞെട്ടിച്ചിരിക്കയാണ്. എല്ലാ കണക്കു കൂട്ടലുകള്‍ക്കും
അപ്പുറത്തുള്ള വാര്‍ത്തകളാണ് ദിവസവും വന്നു കൊണ്ടിരിക്കുന്നത്.അതിനിടക്ക് ഒരു നിരീക്ഷകന്‍ ഇതൊന്നും നിധിയല്ല എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.അങ്ങിനെ പറയാന്‍ ആരാണ് അദേഹത്തെ ചുമതലപ്പെടുത്തിയത് എന്നറിഞ്ഞു കൂടാ.

Saturday, 2 July 2011

നമ്മുടെ ആദിവാസികളും മദ്യപാനവും.

              

 മദ്യപാനം സര്ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന നാടാണ് നമ്മുടേത് .ചാരായം നിയമം മൂലം നിരോധിച്ചിരിക്കയാണ്. അതേ സമയം കെമിക്കല്‍ കള്ള് വില്‍ക്കാന്‍ അനുവാദവുമുണ്ട്. എണ്ണമറ്റ ബാറുകള്‍ക്ക് പുറമെ സര്‍ക്കാരിന്‍റെ സ്വന്തം ബ്രിവറേജിന്‍റെ ചില്ലറ വില്‍പ്പനശാലകളും അനവധിയുണ്ട്. ഇവിടങ്ങളില്‍ അച്ചടക്കത്തോടെ ക്യൂ നിന്നു കുപ്പി വാങ്ങി കുന്തം മറിയുന്ന ഒരുത്തനെക്കുറിച്ചും എനിക്കൊരു സഹതാപവുമില്ല. അങ്ങിനെയുള്ളവര്‍ തുലഞ്ഞു പോകട്ടെ. കാരണം മദ്യം അവരെ കൊന്നേക്കാം, കുടുംബം നശിപ്പിച്ചേക്കാം പക്ഷേ കുലം ഒന്നാകെ മുടിക്കുകയില്ല. പോരെങ്കില്‍ നാട്ടിലെ മദ്യപന്മാരുടെ മക്കള്‍ പലപ്പോഴും മദ്യം തൊടാത്തവരും കുടുംബം നോക്കുന്നവരുമാണ്. പക്ഷേ പല ആദിവാസി ഗോത്രങ്ങളുടെയും കഥ അതല്ല. മദ്യം അവരെ തീര്‍ത്തുകൊണ്ടിരിക്കയാണ് .ഇങ്ങിനെ പോയാല്‍ ചില വര്‍ഗ്ഗങ്ങള്‍ തന്നെ ബാക്കിയായി എന്നു വരില്ല.

 


മലപ്പുറം ജില്ലയിലെ ഒരു മലമ്പ്രദേശത്ത് ഇരുപതിലേറെ വര്‍ഷം റബ്ബര്‍ കൃഷിയുമായി കഴിഞ്ഞതിന്‍റെ അനുഭവം എനിക്കുണ്ട്. ആദിവാസികളായ “പണിയന്‍മാര്‍” ധാരാളം ഉള്ള പ്രദേശമാണത്. ഒടുക്കന്‍ എന്നൊരു രസികനായിരുന്നു അവരുടെ മൂപ്പന്‍. ആള്‍ പേരുകേട്ട ഒരു മന്ത്രവാദിയുമാണ്. ഞാന്‍ പരിചയപ്പെടുമ്പോള്‍ മൂപ്പന് എണ്‍പതിന് മേലെ ഉണ്ട് പ്രായം. ഒരു വൈകുന്നേരം ഒടുക്കന്‍ വന്നു. "തമ്പ്രാ അഞ്ചു രൂപ വേണം." ചാരായം കുടിക്കാനാണ്. കുടിക്കാന്‍ പൈസ കൊടുക്കില്ല എന്നായി ഞാന്‍. കുറെ നേരം നിന്നിട്ടും പൈസ കിട്ടില്ലെന്നായപ്പോള്‍ ഒടുക്കന്‍ ലൈനൊന്നു മാറ്റിപ്പിടിച്ചു. മലകളില്‍ അനേകം കൊടും ഭൂതങ്ങളുണ്ട്. എല്ലാം ഒടുക്കന്‍റെ നിയന്ത്രണത്തിലുമാണ്. കുറെ എണ്ണത്തിനെ ഇങ്ങോട്ട് പറഞ്ഞു വിടും. പിന്നെ റബ്ബര്‍ കൃഷി പറ്റിയെന്ന് വരില്ല. ജീവന്‍ തന്നെ അപകടത്തിലാവും.  വൃദ്ധനായ ഒടുക്കനും അയാളുടെ വലിയ കുടുംബവും കാടുകളില്‍ തന്നെയായിരുന്നു താമസം. ഏതെങ്കിലും വലിയ “അള്ളുകള്‍” (വലിയ പാറപ്പൊത്തുകള്‍) ആയിരുന്നു അവരുടെ വാസസ്ഥലം. പകല്‍ കാട്ടില്‍ നിന്നു വനവിഭവങ്ങള്‍ ശേഖരിക്കും. ഉടുമ്പു, അണ്ണാന്‍,മുള്ളന്‍പന്നി തുടങ്ങിയ ചെറു ജീവികളെ പിടിക്കും. വനവിഭവങ്ങളുടെ സീസണ്‍ അല്ല എങ്കില്‍ എവിടെ എങ്കിലും പണിക്കു പോകും. എന്താണെങ്കിലും എല്ലാവരും സന്ധ്യയോടെ മാനുക്കുട്ടന്‍റെ ചായ (ചാരായ) ക്കടക്ക് മുമ്പിലുണ്ടാവും. പണിയെടുത്താല്‍ കൂലി മേടിക്കാനും വനവിഭവങ്ങളും ചെറു മൃഗങ്ങളും ഒക്കെ നല്ല വിലക്ക് വില്‍ക്കാനും അവര്‍ മിടുക്കന്മാരായിരുന്നു. എണ്‍പതുകളില്‍ തന്നെ അവരെ ആര്‍ക്കും അങ്ങിനെ പറ്റിക്കാന്‍ എളുപ്പമായിരുന്നില്ല. പക്ഷേ ഈ മിടുക്കെല്ലാം സന്ധ്യയോടെ തീരും.

    പിന്നെ ആണ്‍, പെണ്‍, കുട്ടി വ്യത്യാസമില്ലാതെ മദ്യസേവയാണ്. മാനുക്കുട്ടന്‍റെ ചായക്കട ചാരായക്കടയായി മാറും. ചാരായം കുടില്‍ വ്യവസായമായി നടത്തുന്ന കുട്ടിച്ചനെപ്പോലുള്ളവരും രംഗത്തിറങ്ങും. അടിപിടി ,തെറി വിളി ,തമ്മില്‍ത്തല്ല് എല്ലാമായി രംഗം കൊഴുക്കും. കാണികളും ഉണ്ടാവും. കുറെക്കഴിയുമ്പോള്‍ ആ വഴിയില്‍ത്തന്നെ വീണുറങ്ങും. പലര്‍ക്കും തുണി തന്നെ ഉണ്ടാവില്ല. “പറ്റിറങ്ങുമ്പോള്” നേരം പുലരാറായിട്ടുണ്ടാവും. പിന്നെ തപ്പിപ്പിടിച്ചു അളകളിലേക്ക് മടക്കയാത്ര. ഒരു കിലോ അരി തുണിയില്‍ കെട്ടിയതുണ്ടാവും മിച്ചം. പാറപ്പൊത്തില്‍ ഉറക്കം. ഉണര്‍ന്നെണീറ്റാല്‍ തലേന്ന് കൊണ്ടുവന്ന അരി വേവിച്ചു കാന്താരി മുളകിന്‍റെ ചമ്മന്തിയും കൂട്ടി ശാപ്പാട്. ഒരു പുതിയ ദിവസം തുടങ്ങുകയായി.

    പൊതുവേ പണിയന്മാര്‍ നല്ല മനുഷ്യരാണ്.പല ജോലികളിലും മിടുക്കന്മാരാണ്.പക്ഷെ  കൃഷിക്കാര്‍ നിവര്ത്തി ഉണ്ടെങ്കില്‍  പണിയരെ പണിക്കു വിളിക്കില്ല. ജോലിക്കിടക്ക് എപ്പോഴാണ് ചാരായം അന്യോഷിച്ചു പോകുക എന്ന് പറയാന്‍ പറ്റില്ല. അവരെ ജോലിക്ക് വിളിക്കുന്നവര്‍ മിക്കവാറും ചാരായം കരുതും.

    മദ്യപാനം ഒരു വര്‍ഗത്തെ എങ്ങിനെ നശിപ്പിക്കുന്നു എന്നറിയാന്‍ മലപ്പുറം ജില്ലയിലെ പണിയരെക്കുരിച്ചു പഠിച്ചാല്‍  മതി.സര്‍ക്കാര്‍ അവര്‍ക്ക് വേണ്ടി പലതും ചെയ്യുന്നുണ്ട്. അവര്‍ക്കൊരു കോളനി തന്നെ ഉണ്ടാക്കി കൊടുത്തു. ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ബന്ധം അറിയണമെങ്കില്‍ പണിയ കോളനികള്‍ സന്ദര്‍ശിച്ചാല്‍ മതി. ഒടുക്കന്‍ കുടുംബത്തിനു വീടുകള്‍ കിട്ടിയിരുന്നുമില്ല. കൃഷി അവസാനിപ്പിച്ചു   ഞാന്‍  നാട്ടില്‍ നിന്നു പോരുന്നതു വരെ അവരൊക്കെ കാട്ടിലും പാറപ്പൊത്തുകളിലുമാണ് ജീവിച്ചിരുന്നത്.

    പണിയര്‍ക്കു റേഷന്‍ കാര്‍ഡ് ഉണ്ടായിരുന്നു. പക്ഷെ മിക്കവാറും അത്‌ പണയം വെച്ച് ചാരായം കുടിച്ച്ചിട്ടുണ്ടാവും.ഫ്രീ റേഷന്‍ വരെ മറ്റുള്ളവര്‍ വാങ്ങും. സര്‍ക്കാര്‍ കോഴിയെ കൊടുത്താലും ആടിനെ കൊടുത്താലും അത്‌ മാനുക്കുട്ടന്റെയോ,കുട്ടിച്ചന്റെയോ വീട്ടില്‍ വളരും. നാട്ടുകാര്‍ പറ്റിക്കുന്നു എന്നതില്‍ ഉപരി ചാരായത്തിനു വേണ്ടി അവരെന്തും വില്‍ക്കും എന്നതാണ് സത്യം.

    അവസ്ഥക്കൊരു മാറ്റം ഞാന്‍ കണ്ടിട്ടുണ്ട്. കരുണാകരന്‍ മാറി ആന്‍റണി   മുഖ്യനായപ്പോള്‍  ചാരായം നിരോധിച്ചു. അന്ന് നാട്ടിലെ  ചെറുപ്പക്കാരുടെ  ഒരു ക്ലബ്ബ് കള്ള വാറ്റിനു എതിരെ ശക്തമായി രംഗത്തിറങ്ങി.സകല വാറ്റു കേന്ദ്രങ്ങളും  അവര്‍ തകര്‍ത്തു.വിതരണക്കാരെ കൈകാര്യം ചെയ്തു. ഒരു തുള്ളി കിട്ടാനില്ലാതായി. പണിയരുടെയും മറ്റു തൊഴിലാളികളുടെയും കൈയില്‍ പൈസ നിറഞ്ഞു. അങ്ങാടിയില്‍ കൈ നിറയെ നോട്ടുകള്‍ ഉയര്‍ത്തിപിടിച്ചു പെരും കുടിയനായ  "മന്നി" വിലപിച്ച കഥ കേട്ടിട്ടുണ്ട്. പണിയ കുടിലുകളില്‍ നിന്നു തെറി വിളിക്ക് പകരം റേഡിയോ ശബ്ദം മുഴങ്ങി.
ഈ സ്ഥിതി നീണ്ടു നിന്നില്ല.പുതിയ സര്‍ക്കാര്‍ ചാരായ നിരോധനം മാറ്റിയില്ല.....പക്ഷെ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് വ്യാജ വാറ്റുകാരെ
നേരിടാനുള്ള ശക്തി ഇല്ലാതായി. വ്യാജ വാറ്റും തെറി പ്പാട്ടുകളും വീണ്ടും തുടങ്ങി. പണിയ കുടിലുകളിലെ  റേഡിയോ ശബ്ദം കള്ള വാറ്റു കാരുടെ വീടുകളില്‍ നിന്നു മുഴങ്ങാന്‍ തുടങ്ങി.

    ആ സ്ഥലത്ത് നൂറു പേരില്‍ കുറഞ്ഞ ഒരു സമൂഹമായിരുന്നു പണിയന്മാര്‍.അവര്‍ക്ക് സംഭവിച്ച ചിലത് പറഞ്ഞു ഈ കുറിപ്പ് അവസാനിപ്പിക്കാം.

    മൊട്ടന്‍ എന്ന ഒരു ചെറുപ്പക്കാരന്‍.നന്നായി ജോലി ചെയ്യും .വൈകുന്നേരങ്ങളിലെ ചാരായ സേവയില്‍ അവനും ഉണ്ട്.അവനെക്കുറിച്ചു പത്രങ്ങളില്‍ വന്ന വാര്‍ത്ത നിങ്ങളും വായിച്ചിട്ടുണ്ടാവും.ലഹരി കയറിയ ഒരു ദിവസം അവന്‍ ചിരുതയുടെ ജനനേന്ദ്രിയത്തില്‍ മരക്കമ്പ്  അടിച്ചു കയറ്റി, അവളെ കൊന്നു. നേരം പുലര്‍ന്നപ്പോള്‍ അവനൊന്നും ഓര്‍മയില്ല.

    കരിയനും പെണ്ണും ചാരായ സേവ കഴിഞ്ഞു രാതി  പാറപ്പൊത്തിലേക്ക് പോകുകയായിരുന്നു.ഇതിനിടെ കാലു തെറ്റി അവള്‍ പത്തു പന്ത്രണ്ടു അടി താഴ്ച ഉള്ള ഒരു കൊക്കയിലേക്ക് വീണു.മദ്യ സേവ കാരണം അവള്‍ക്കു എഴുന്നേല്‍ക്കാന്‍ വയ്യ.കരിയന്‍ പഠിച്ച പണി പതിനെട്ടും നോക്കി. അവളെ കയറ്റാന്‍ പറ്റുന്നില്ല.അവസാനം ബലമുള്ള കാട്ട് വള്ളി പറിച്ചു കഴുത്തില്‍ കുടുക്കിട്ടു  ഒരു വിധം വലിച്ചു കയറ്റി.ക്ഷീണം കൊണ്ടു അവിടെ തന്നെ കിടന്നുറങ്ങി.പിറ്റേന്ന് എഴുന്നേറ്റു നോക്കുമ്പോള്‍ അവള്‍ക്കു അനക്കമില്ല.(എല്ലാ പത്രങ്ങളും ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നു)

    പട്ടണത്തിലെ പാട്ടുത്സവം കഴിഞ്ഞു ബട്ടിയനും,കറുത്തയും മറ്റു പണിയന്മാരും നന്നായി മദ്യപിച്ചാണ് എത്തിയത്.മലയ്ക്ക് കയറാതെ എല്ലാവരും അങ്ങാടിയില്‍ കൂടി.പിന്നെയും ചാരായത്തിനു ബഹളം വെച്ച കറുത്തയെ കൈയില്‍ കിട്ടിയ വിറകു കമ്പ് കൊണ്ട് ബട്ടിയന്‍ പൊതിരെ തല്ലി. ഉറക്കം കഴിഞ്ഞു നോക്കുമ്പോള്‍ അവള്‍ക്കു അനക്കമില്ല. 
ബട്ടിയന്‍ ഇപ്പോള്‍ ജയിലില്‍ ആണ്.


    ഏഴു വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞു പുറത്തു വന്ന "വെളുത്ത വെള്ളനോടു" ഞാന്‍ ചോദിച്ചു എന്തിനാണ് ചേട്ടനെ കൊന്നതെന്ന്."വെള്ളമായിരുന്നു ശ്ശാരെ  ,വഴക്ക് ഉണ്ടാക്കിയപ്പോള്‍ ഒരു മുട്ടി എടുത്തു ഞാനൊരു അടി കൊടുത്തു"

    ഇനിയും ഉണ്ട് പണിയരുടെ  കൊലപാതക കഥകള്‍.പക്ഷെ നമ്മുടെ പരിഷ്കൃത സമൂഹത്തിനു ഇത് തന്നെ കേള്‍ക്കാനുള്ള കെല്‍പ്പില്ല.ഒരു സാമൂഹ്യ സംഘടനയും ഇവരെ രക്ഷിക്കാന്‍ വന്നില്ല.ചില രക്ഷകരുടെ കാര്ബോണ്‍ കോപ്പികള്‍ അവരുടെ ഇടയില്‍ കാണാം.കോടതികള്‍ ,അവരുടെ അവസ്ഥ മനസ്സിലാക്കിയത് കൊണ്ടാവാം,പ്രായേണ ചെറിയ ശിക്ഷയെ കൊടുത്തു കാണാറുള്ളു.

    അടുത്ത കാലത്ത് അവര്‍ക്കുണ്ടായ മാറ്റങ്ങള്‍ എനിക്ക് നേരിട്ട് അറിവില്ല.എന്തായാലും കാര്യമായ മാറ്റങ്ങള്‍ക്കൊന്നും വഴിയില്ല.ഇങ്ങനെയും ചില മനുഷ്യര്‍ നമ്മുടെ ഇടയില്‍ ഉണ്ട് എന്ന് നിങ്ങളും അറിയുക.

 

Related Posts Plugin for WordPress, Blogger...