Google+ Followers

Monday, 22 April 2013

ശകുന്തളാദേവിക്ക് ആദരാഞ്ജലികള്‍.

    രാവിലെ 6.05ന്‍റെ റേഡിയോ വാര്‍ത്തയില്‍ ശകുന്തളാദേവിയുടെ മരണ വാര്‍ത്ത കേട്ടപ്പോള്‍ പെട്ടെന്നു എന്‍റെ മനസ്സ്  വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് പോയി.


    1972ല്‍ ഒരു സാധാരണ ദിവസം. പതിവ് പോലെ ഉച്ചകഴിഞ്ഞുള്ള ക്ലാസ് കട്ട് ചെയ്തു ഞങ്ങള്‍ സുഹൃത്തുക്കള്‍ എന്‍റെ ലോഡ്ജിലേക്ക് പോയി. ചില അദ്ധ്യാപകരുടെ ബോറന്‍ ക്ലാസ് സഹിക്കാന്‍ വയ്യ എന്ന ന്യായം പറഞ്ഞാണ് സ്ഥിരമായുള്ള ഈ മുങ്ങല്‍. ചോദിക്കാനും പറയാനും അവിടെ ആരും ഇല്ല എന്ന ബലത്തിലാണ് ഈ അതി മിടുക്ക്.  പകല്‍ ലോഡ്ജില്‍ മറ്റാരും കാണില്ല. വന്നപാടെ നിലത്തു പായ വിരിച്ച് ചീട്ടുകളി തുടങ്ങി. ചീട്ടുകളി ഉഷാറായി പുരോഗമിക്കുമ്പോള്‍ മൂന്നു കൂട്ടുകാര്‍കൂടി എത്തി. ജോര്‍ജ്ജ് വര്‍ക്കി, സെബാസ്റ്റ്യന്‍ ജോസ്, കുന്നംകുഴ എന്നിവര്‍. ചൂടുള്ള ഒരു ന്യൂസുമായാണ് അവരെത്തിയത്. സുപ്രസിദ്ധ ഗണിതശാസ്ത്ര വിദഗ്ദ്ധ ശകുന്തളാദേവി ഞങ്ങളുടെ കോളേജില്‍ അന്ന് നാലുമണിക്ക് ഒരു ഷോ നടത്തുന്നു. ഞങ്ങളുടെ ചോദ്യങ്ങള്‍ക്കു നിമിഷനേരംകൊണ്ടു അവര്‍ ഉത്തരം തരും. എല്ലാവരും ചോദ്യങ്ങളുമായി തയ്യാറാവാന്‍ പ്രൊഫസ്സര്‍ പറഞ്ഞു വിട്ടതാണ്.

    അവര്‍ ലോക പ്രശ്സ്ഥയാണ്. കമ്പ്യൂട്ടറിനെ തോല്‍പ്പിക്കും എന്നാണ് ഖ്യാതി. ചില്ലറ ചോദ്യം ഒന്നും പോരാ. അവരെ മുട്ടുകുത്തിക്കുന്ന ഒരു ചോദ്യം വേണം.അവസാനം ഞങ്ങള്‍ ചോദ്യം ഉണ്ടാക്കി.   
 12 -23 +34 -45 +56 -67 +78 -89 +910 -1011 +1112 -1213 +1314  =  ?  
ഇതായിരുന്നു ചോദ്യം. അന്ന് കാല്‍കുലേറ്റര്‍ അത്ര പ്രചാരത്തിലില്ല. കമ്പ്യൂട്ടര്‍ കണ്ടിട്ടില്ല. ഏതായാലും ലോകം ആദരിക്കുന്ന ഒരു ഗണിത പ്രതിഭയെ മുട്ടുകുത്തിക്കാന്‍ കിട്ടിയ അവസരം ശരിക്ക് ഉപയോഗിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ചീട്ടൊക്കെ വലിച്ചെറിഞ്ഞു ഉഷാറായി. മൂന്നു ടീമായി തിരിഞ്ഞു ആദ്യം ഓരോ സംഖ്യയുടെയും വര്‍ഗ്ഗം കണ്ടു. ഇനിയൊരു ഗ്രൂപ്പ് അത് ചെക്ക് ചെയ്തു. മൂന്നാമത്തെ ഗ്രൂപ്പിന്‍റെ വക ഒരു റീ ചെക്കിങ് കൂടി നടത്തി. ഓരോന്നും ഒരു കടലാസ്സില്‍ കുറിച്ചു തയ്യാറായി. 13 പേര്‍ മുക്കാല്‍ മണിക്കൂര്‍ എടുത്താണ് കണക്ക് ചെയ്തു കഴിഞ്ഞത്. പരിപാടി തുടങ്ങാന്‍ കഷ്ടി അര മണിക്കൂറെ ബാക്കിയുള്ളൂ. ഞങ്ങള്‍ ഒരു കിലോമീറ്റര്‍ അകലെയുള്ള കോളേജിലേക്ക് ഓടി. ചെല്ലുമ്പോള്‍ ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞിരിക്കുന്നു.  ഞങ്ങള്‍ക്ക് പുറകില്‍ നില്‍ക്കാനെ സ്ഥലം കിട്ടിയുള്ളൂ.

    അല്‍പ്പസമയം കഴിഞ്ഞു പ്രിന്‍സിപ്പാലിന്‍റെയും പ്രൊഫസ്സറുടെയും കൂടെ അവര്‍ സ്റ്റേജിലെത്തി. നാല്‍പ്പതു കഴിഞ്ഞ ഒരു പ്രൌഡ വനിത. അവരുടെ ചുറ്റും ആത്മവിശ്വാസത്തിന്‍റെ ഒരു പ്രഭാവലയം ഉള്ളതുപോലെ തോന്നി. സാധാരണ ഭംഗിയായി കൂവിയാണ് വിദ്യാര്‍ത്ഥികള്‍ അതിഥികളെ സ്വീകരിക്കുക. അന്ന് പക്ഷേ എല്ലാവരും എഴുന്നേറ്റ് നിന്നു അവരെ ആദരിച്ചു. (ശ്രീ കാക്കനാടന് മാത്രമേ അങ്ങിനെ ഒരു ആദരം കുട്ടികള്‍ കൊടുത്തു കണ്ടിട്ടുള്ളൂ. വെളിച്ചം എന്ന വിഷയത്തെക്കുറിച്ച് അദ്ദേഹം ചെയ്ത ഒരു മണിക്കൂര്‍ പ്രസംഗം കുട്ടികള്‍ ശ്രദ്ധയോടെ കേട്ടിരുന്നു). പ്രിസിപ്പാളിന്‍റെ സ്വാഗതത്തിന് ശേഷം ശകുന്തളാദേവി മൈക്ക് കയ്യിലെടുത്തു. ഇതിനിടെ ചോദ്യങ്ങള്‍ അവര്‍ക്ക് കൊടുക്കാന്‍ അറിയിപ്പുണ്ടായി. ഞാനും ചോദ്യവുമായി ചെന്നു.  എന്‍റെ ചോദ്യം ഒന്നു നോക്കി അവര്‍ ചോദിച്ചു

why up to 13, why can’t you make it, up to 10”?

എന്‍റെ ഉള്ളില്‍ ലഡു പൊട്ടി. ഏറ്റു, ഞങ്ങളുടെ ചോദ്യം ഏറ്റു. ഒട്ടും മടിക്കാതെ ഞാന്‍ മറുപടി പറഞ്ഞു. “ sorry, if you can’t solve it, you need not, I can’t change my question” എന്താണ് പ്രശ്നം എന്നുള്ള പ്രൊഫസ്സറുടെ ചോദ്യം ചിരിച്ചു തള്ളി അവര്‍ ചോദ്യം വാങ്ങി ഏറ്റവും അടിയില്‍ വെച്ചു. 

    അക്ഷരാര്‍ത്ഥത്തില്‍  അവര്‍ സദസ്സിനെ കയ്യിലെടുത്തു. എല്ലാ ചോദ്യങ്ങള്‍ക്കും നിമിഷാര്‍ദ്ധത്തില്‍ ഉത്തരം നല്കി. പ്രൊഫസ്സറോട് “why sir, you are asking such a simple question”? എന്നു ചോദിച്ചു കുട്ടികളെ സന്തോഷിപ്പിച്ചു. ഒരു നൂറ്റാണ്ടിനിടയിലെ ഏത് ഡേറ്റ് പറഞ്ഞാലും അതെന്താഴ്ച ആണെന്ന് പറഞ്ഞു. സദസ്സാകെ അവരുടെ ചൊല്‍പ്പടിയിലായി. അവസാനം അവര്‍ ഞങ്ങളുടെ ചോദ്യം എടുത്തു. എന്നെ വേദിയിലേക്ക് വിളിച്ച് ഒരു ചോക്ക് കയ്യില്‍ തന്നു ബോര്‍ഡില്‍ എഴുതാന്‍ പറഞ്ഞു. ആദ്യം ഓരോ പ്ലസ് സംഖ്യയും പറഞ്ഞു അതിന്‍റെ ഉത്തരം പറഞ്ഞു. രണ്ടു,നാലു, അഞ്ചു , പൂജ്യം ഇങ്ങിനെയാണ് പറയുക. എന്‍റെ കടലാസില്‍ എഴുതിയ സംഖ്യ നോക്കിത്തീരുന്നതിന്റെ മുമ്പേ അടുത്ത ഉത്തരം വരും. ഒരു പ്രാവശ്യം അവര്‍ക്ക് തെറ്റിയോ എന്നു എനിക്കു സംശയം തോന്നി. ഞാന്‍ ഉറക്കെ “NO” എന്നു പറഞ്ഞു. അവരത് നിഷേധിച്ച് വീണ്ടും പറഞ്ഞു. അവസാന ഉത്തരം പറയുമ്പോഴേക്കും ഞാനവരുടെ ആരാധകനായി മാറിക്കഴിഞ്ഞിരുന്നു.

    ഇത്രയും കഷ്ടപ്പെട്ടു ആരും ചോദ്യം ചോദിക്കാറില്ല എന്നു പറഞ്ഞു അവര്‍ ഞങ്ങളെ അനുമോദിച്ചു. ഒരു കാര്യം പറയാം ,അവര്‍ വെറുമൊരു ഗണിതശാസ്ത്ര പ്രതിഭ മാത്രമായിരുന്നില്ല. ഒരു സൂപ്പര്‍ പെര്‍ഫോമറും കൂടിയായിരുന്നു. നല്ലൊരു തുക കൊടുത്തിട്ടാണ് കോളേജ് അധികൃതര്‍ അവരെ കൊണ്ടുവന്നത്. ഒരു സര്‍ക്കസ് കലാകാരന്‍റെ മകളായി ജനിച്ചു, ഗണിതശാസ്ത്ര ലോകത്തിന് അത്യല്‍ഭുതമായി മാറിയ പ്രതിഭയായിരുന്നു ശകുന്തളാദേവി.പില്‍ക്കാലത്ത് കമ്പ്യൂട്ടര്‍ രംഗത്തുണ്ടായ പുരോഗതിക്കും അവരുടെ മാറ്റ് കുറയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.

    ശകുന്തളാദേവിക്ക് ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍.

http://vettathan.blogspot.com
     


21 comments:

 1. ആദരാഞ്ജലികള്‍ ...

  ReplyDelete
 2. ആദരാഞ്ജലികൾ.
  ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച സമയത്താണ്, അവരെപ്പറ്റി കൂടുതൽ അറിഞ്ഞത്.

  ReplyDelete
 3. ആദരാഞ്ജലികള്‍

  ReplyDelete
 4. ആദരാഞ്ജലികള്‍


  ആരവങ്ങളുയര്‍ത്താതെ ജീവിച്ച പ്രതിഭ
  77-ല്‍ ഈ വാര്‍ത്ത പത്രത്തില്‍ വായിച്ച ഓര്‍മ്മയുണ്ട്
  അന്ന് കമ്പ്യൂട്ടര്‍ എന്നാല്‍ കാല്‍ക്കുലേറ്റര്‍ പോലെ എന്തോ സാധനം എന്ന് മാത്രമേ ചിന്തിച്ചിരുന്നുള്ളു

  ReplyDelete
 5. ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍.

  ReplyDelete
 6. അവര്‍ ചോദ്യം 10 വരെ ആക്കിക്കൂടേ എന്നു ചോദിച്ചതു സമ്മതിക്കാത്തതിന് വേറൊരു കാരണവുമുണ്ട്. ചോദ്യം മാറ്റിയാല്‍ ഉത്തരം കണ്ടുപിടിക്കാന്‍ എനിക്കു കുറച്ചു സമയം വേണ്ടി വരും.

  ReplyDelete
 7. വായ പോളിച്ചിരുന്നുപോകുന്ന ചില അത്ഭുതങ്ങള്‍
  ആദരാഞ്ജലികള്‍

  ശകുന്തളാദേവിയെക്കുറിച്ച് ഇന്നലെ പ്രതീപ്മാഷ്‌ ഇട്ടിരുന്ന ആദരം "അങ്കഗണിതത്തിലെ ട്രപ്പീസ് കളിക്കാരി" ഇവിടെ വായിക്കാം

  ReplyDelete
 8. അവരുടെ ജീവിതംപോലെ ആരവങ്ങളൊന്നുമില്ലാതെ ആ മഹതി കടന്നുപോയി.... ഭാരതത്തിന്റെ യശസ്സുയർത്തി ആ മഹത്വത്തിന് പ്രണാമം.....

  ReplyDelete
 9. ഗണിത പ്രതിഭയയായ ശകുന്തളാദേവിക്ക്
  ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍. ..!

  ReplyDelete
 10. ഈ പരിചയപ്പെടുത്തലും നന്നായി.
  അവരെ പരീക്ഷിക്കാന്‍ അവസരം ലഭിച്ചവരും ഭാഗ്യവാന്മാരാണ്.

  ReplyDelete
 11. ആദരാഞ്ജലികള്‍..

  ഒത്തിരി വായിച്ചിട്ടുണ്ട് അവരെപ്പറ്റി..
  ഒരിയ്ക്കല്‍ കണ്ടിട്ടുണ്ട്... ചോദ്യം ചോദിക്കാനും പരീക്ഷിക്കാനും ഒന്നും എനിക്ക് പറ്റുമായിരുന്നില്ല. കാരണം കണക്കില്‍ ഞാന്‍ ഒരു വലിയ പൂജ്യമാകുന്നു!

  ReplyDelete
 12. Sakunthala Deviye kananum, kooduthal ariyanum pattyittilla.Evide ayathukondu pathram vayanayum ella.Avar oru albhuthamayrunnu. Mary.

  ReplyDelete
 13. Win Exciting and Cool Prizes Everyday @ www.2vin.com, Everyone can win by answering simple questions. Earn points for referring your friends and exchange your points for cool gifts.

  ReplyDelete
 14. ശകുന്തളാദേവിയെയുടെ വിയോഗം പ്രദീപ്‌മാഷിന്റെ ബ്ലോഗില്‍ വായിച്ചിരുന്നു, കണക്കിലെ അത്ഭുതമായിരുന്ന അവരെ നേരില്‍ കണ്ട അനുഭവം എത്രെ ആവേശത്തോടെയാണെന്നോ വായിച്ചു തീര്‍ത്തത് , അനുഭവങ്ങള്‍ പങ്കുവെച്ചതിനു നന്ദി സര്‍.

  ReplyDelete
 15. വായിക്കാന്‍ കുറച്ചു വൈകി ഈ നല്ല പോസ്റ്റ് .

  ReplyDelete
  Replies
  1. പ്രത്യേകം നന്ദി.

   Delete
 16. Very nice blog .
  Simply awesome .
  Very informative and interesting .
  All the best .
  Keep posting .

  ReplyDelete
 17. എക്കാലത്തെയും ഗണിതശാസ്ത്ര വിശാദരരില്‍ പ്രമുഖയായി ഇനിയെത്ര കാലം കഴിഞ്ഞാലും ശകുന്തളാദേവി ജീവിക്കും.

  ReplyDelete
  Replies
  1. എന്‍റെ ജീവിതത്തിലെ അസുലഭ ഭാഗ്യമായി ഞാന്‍ ഈ സംഭവത്തെ കാണുന്നു

   Delete

Related Posts Plugin for WordPress, Blogger...