Google+ Followers

Sunday, 25 September 2016

വിട

ഡോക്റ്റര്‍ ജേക്കബ്ബ് ചെറിയാന്‍ അന്തരിച്ചു.
ഞങ്ങള്‍ക്ക് ആരായിരുന്നു അദ്ദേഹം? കുടുംബ ഡോക്റ്റര്‍?, സുഹൃത്ത് ? ഇപ്പോള്‍ അന്യം നിന്ന് പോയിരിക്കുന്ന കുടുംബ ഡോക്റ്റര്‍ എന്ന സങ്കല്‍പ്പത്തിലെ കണ്ണിയായിരുന്നു അദ്ദേഹം. ഏതു പാതിരായ്ക്കും വിളിക്കാവുന്ന ഡോക്റ്റര്‍ .വിശ്വസിക്കാവുന്ന മനുഷ്യന്‍ .ഞാന്‍ അദ്ദേഹത്തിന്‍റെ ഒരു ആരാധകനാണ് .ആ മനുഷ്യനെക്കുറിച്ച് ഏറ്റവും പ്രധാനമായി എനിക്ക് തോന്നിയിരുന്നത്, തന്നെ സന്ദര്‍ശിക്കുന്ന ഒരു രോഗിയേയും "എന്നാല്‍ ശരി ആവട്ടെ" എന്ന് പറഞ്ഞു അദ്ദേഹം എഴുന്നേല്‍പ്പിച്ചു വിടുകയില്ല എന്നതാണ് .രോഗ വിവരവും മരുന്ന് കുറിയ്ക്കലും കഴിഞ്ഞാലും രോഗിക്ക് പറയാനുള്ളത് കേട്ട് ഒരു ചെറു ചിരിയോടെ അദ്ദേഹം ഇരിക്കും.
കേരളാ ഗവര്‍മെന്റ് ഏര്‍പ്പെടുത്തിയ നല്ല ഡോക്ട്ടര്‍ക്കുള്ള അവാര്‍ഡ് രണ്ടാമത് കിട്ടിയത് ജേക്കബ്ബ് ചെറിയാനാണ് .മറ്റു പല പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. എല്ലാ പുരസ്കാരങ്ങള്‍ക്കും അപ്പുറം ആ മനുഷ്യത്വം, രോഗ നിര്‍ണ്ണയത്തിലുള്ള ആ മികവ്, അറിവ് തുടര്‍ച്ചയായി പുതുക്കിക്കൊണ്ടിരിക്കുന്ന ആ സ്വഭാവം ഇതൊക്കെയാണ് എനിക്ക് അഭികാമ്യമായി തോന്നിയിയിട്ടുള്ളത് .
മറ്റു പലരെയും പോലെ പ്രസിദ്ധിയുടെ പുറകെ പോകുന്ന ശീലം അദ്ദേഹത്തിനില്ലായിരുന്നു .ഐ എം എ യുടെ മീറ്റിങ്ങുകളില്‍ പോലും അപൂര്‍വ്വമായേ പോകൂ.ഇമേജ് ബില്‍ഡിംഗ് എക്സര്‍സൈസുകളില്‍ അദ്ദേഹമില്ല .
ഓഗസ്റ്റ് ആദ്യം ബാംഗ്ലൂരില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് ഹെമറേജ് ആയി ഡോക്റ്റര്‍ ഐ സി യുവില്‍ ആണെന്നറിഞ്ഞത്. മുറിയിലേക്ക് മാറ്റിയപ്പോള്‍ ഞങ്ങള്‍ പോയി കണ്ടു . ആരാണെന്ന് അറിയുമോ എന്ന് ഭാര്യ ചോദിച്ചപ്പോള്‍ എന്‍റെ പേര് പറഞ്ഞു. തിരിച്ചു പോരുമ്പോള്‍ ചിലമ്പിയ ശബ്ദത്തില്‍ നന്ദി പറഞ്ഞു . നാലഞ്ചു ദിവസങ്ങള്‍ കഴിഞ്ഞു ചെല്ലുമ്പോള്‍ അദ്ദേഹത്തിനു ആളെ തിരിച്ചറിയുവാന്‍ കഴിയുന്നില്ല .മിണ്ടുന്നില്ല. ഭാര്യ ആകെ പരിഭ്രാന്തയായിരുന്നു .ഞങ്ങള്‍ മിംസിലെ ഡോക്റ്റര്‍ കൃഷ്ണമോഹനെ വിളിച്ചു .അദ്ദേഹം എല്ലാവരോടും സംസാരിച്ചു .ഡോക്ട്ടരുടെ ഭാര്യയെ ആശ്വസിപ്പിച്ചു. രണ്ടാഴ്ച കഴിഞ്ഞു കൃഷ്ണമോഹനെ വിളിച്ചപ്പോള്‍ ,തന്‍റെ തിരക്കുകള്‍ എല്ലാം മാറ്റി വെച്ചു അദ്ദേഹം ഗുരുവിന്‍റെ വിവരങ്ങള്‍ മനസ്സിലാക്കി ഞങ്ങളെ തിരിച്ചു വിളിച്ചു. കൃഷ്ണമോഹന്‍ പറഞ്ഞ വാചകം അംഗീകരിക്കാന്‍ മനസ്സ് സമ്മതിച്ചില്ല ."എന്ത് പറയാന്‍, ഓരോരോ കാരണങ്ങള്‍, അത്രയേ ഉള്ളൂ. " കഴിഞ്ഞ തിങ്കളാഴ്ച വീട്ടില്‍ തിരിച്ചു കൊണ്ട് വന്നു. " ഹോം നേഴ്സും ഫിസിയോ തെറാപ്പിസ്റ്റും ഉണ്ട്, ഡോക്റ്റര്‍ റെസ്പോണ്ട് ചെയ്യുന്നുണ്ട് " അദ്ദേഹത്തിന്‍റെ ഭാര്യ സന്തോഷത്തിലായിരുന്നു.
ഇന്ന് രാവിലെ അഞ്ചുമണിക്ക് മോഹന്‍ പുലിക്കൊട്ടിലിന്റെ പോസ്റ്റ്‌ കണ്ടപ്പോഴാണ് വിവരം അറിഞ്ഞത് .ഡോക്റ്റര്‍ ജേക്കബ്ബ് ചെറിയാന്റെ പുഞ്ചിരിക്കുന്ന മുഖം ഇനി കാണാന്‍ കഴിയില്ല .ഇന്നലെ തന്നെ ശരീരം കോട്ടയത്തേക്ക് കൊണ്ടുപോയിക്കഴിഞ്ഞു .അവസാനമായി ഒരു നോക്ക് കാണാനും കഴിഞ്ഞില്ല .
സുഹൃത്തെ കണ്ണീരില്‍ കുതിര്‍ന്ന വിട.

Tuesday, 2 February 2016

ഡല്ഹി്യിലേക്കുള്ള പാലം   വരികള്‍ക്കിടയിലൂടെ വായിക്കുന്നത് ഒരു പഴയ ശീലമായത് കൊണ്ട് പലതും നേരെ വാ നേരേ പോ എന്ന മട്ടില്‍ കാണാന്‍ കഴിയാറില്ല. റബ്ബര്‍ കര്‍ഷകര്‍ക്ക് വേണ്ടി ജോസ് കെ മാണി  നടത്തിയ   നിരാഹാര സമരവും അത്തരമൊരു വാര്‍ത്തയാണ്. നിരാഹാരം അവസാനിപ്പിക്കുന്നത് അമിത് ഷായോ കുമ്മനമോ നാരങ്ങാനീര് കൊടുത്തിട്ടാവുമെന്നാണ് ഞാന്‍ കരുതിയത്. എന്തോ ശരിയായില്ല. തല്‍ക്കാലം ഉമ്മന്‍ ചാണ്ടി ആശ്വസിപ്പിച്ചു. പരിപാടി നിര്‍ത്തി. പക്ഷേ ചര്‍ച്ചകള്‍ അവസാനിച്ച മട്ടില്ല.
Related Posts Plugin for WordPress, Blogger...