Google+ Followers

Wednesday, 1 February 2012

കഞ്ചാവ് വലിക്കുമ്പോള്‍ എടുക്കേണ്ട മുന്‍ കരുതലുകള്‍
        മുള്ളരിങ്ങാട് വിടുമ്പോള്‍ രാത്രിയായി.കയ്യില്‍ വെളിച്ചമില്ല.യാത്ര പുറപ്പെടുമ്പോള്‍ കൈയ്യില്‍ കരുതിയിരുന്ന ചെറിയ ടോര്‍ച്ച് പണിമുടക്കി.ഞങ്ങള്‍ മൂന്നുപേരും,ജോര്‍ജ് വര്‍ക്കി, സെബാസ്റ്റ്യന്‍ ,ഞാന്‍ എന്തായാലും യാത്ര തുടരാന്‍ തീരുമാനിച്ചു.ഒരു പന്തം ഉണ്ടാക്കാം എന്നു കരുതി അങ്ങാടി മുഴുവന്‍ തിരഞ്ഞെങ്കിലും ഒരിടത്തും ഒരു തുള്ളി മണ്ണെണ്ണ പോലുമില്ല.ബംഗ്ലാദേശ് യുദ്ധം കഴിഞ്ഞിട്ടേയുള്ളൂ.ചിര വൈരിയായ പാക്കിസ്ഥാനെ മലര്‍ത്തിയടിച്ചതിന്‍റെ സന്തോഷത്തിലാണ് രാജ്യം.പക്ഷേ ഭണ്ഡാരത്തില്‍ ഒന്നുമില്ല.കൂടാതെ അമേരിക്കയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വിലക്കും.അഭിമാനത്തിന്‍റെയും വറുതിയുടെയും കാലം.


        എന്തായാലും ചായക്കടയില്‍ നിന്നു കിട്ടിയതൊക്കെ കഴിച്ചു യാത്രക്ക് റെഡിയായി .അന്ന് വിജന പ്രദേശമായ കോട്ടപ്പാറമുടി എന്നൊരു വമ്പന്‍ മല കയറി ഇറങ്ങിയാലേ വണ്ടി പോകുന്ന റോഡിലെത്തൂ.അഞ്ചാറു കിലോമീറ്റര്‍ ദൂരമുണ്ട്.

       നാട്ടറിവിന്‍റെ ഗുണം അനുഭവിച്ചത് അന്നാണ്.നാട്ടുകാര്‍ പറഞ്ഞതനുസരിച്ച്,പുഴയോരത്ത് നിന്നു നന്നായി ഉണങ്ങിയ മൂന്നു കെട്ട് ഈറ്റ സംഘടിപ്പിച്ചു .മൂന്നു പേരും അത് തലയിലേറ്റി.ഈറ്റ കൊണ്ട് ഒരു ചൂട്ടുണ്ടാക്കി അത് കത്തിച്ചു ഞാന്‍ മുന്നില്‍ നടന്നു.അര മണിക്കൂര്‍ കൊണ്ട് മലയടിവാരത്തിലെത്തി..

      കോട്ടപ്പാറമുടിയിലേക്ക് റോഡ് ഒന്നുമില്ല.വെണ്‍മണിക്കുടിയിലേക്ക് പോയത് ഈ വഴി തന്നെയാണ്.അതു പക്ഷേ പകലായിരുന്നു.യാത്രയുടെ തുടക്കത്തിന്‍റെ ഉഷാറും ഉണ്ടായിരുന്നു.എയര്‍ ബാഗുകള്‍ തോളില്‍ തൂക്കി ഈറ്റക്കെട്ട് തലയിലേറ്റി ഞങ്ങള്‍ മലകയറ്റം തുടങ്ങി.വന്‍ മരങ്ങളൊക്കെ വെട്ടിമാറ്റി ഈറ്റക്കാടുകളും,മുള്‍പ്പടര്‍പ്പുകളും പാറക്കൂട്ടങ്ങളും നിറഞ്ഞതാണ് മല.പത്തു പതിനെട്ടു കിലോമീറ്റര്‍ നടന്നിട്ടായാലും രാത്രി ലോഡ്ജില്‍ എത്തണം.ഇല്ലെങ്കില്‍ സുഹൃത്തുക്കളേ അന്യോഷിച്ചു വീട്ടില്‍ നിന്നു ആള്‍ വരും.

        ഇത്തരം സ്ഥലങ്ങളില്‍ നൂറു വഴിയാണ്.രാത്രി ഈറ്റച്ചൂട്ടിന്‍റെ വെളിച്ചത്തില്‍ പരിചയക്കാരന്‍റെ സഹായമില്ലാതെ യാത്ര വിഷമം തന്നെ. പക്ഷേ പോയേ പറ്റൂ.അങ്ങോട്ടും ഇങ്ങോട്ടും നടന്നും ഇരുന്നും രണ്ടു മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ കോട്ടപ്പാറ മുടിയില്‍ എത്തി . ഒരു കല്ലിന്‍റെ മുകളില്‍ ഇരിക്കാന്‍ പുറപ്പെടുമ്പോള്‍ മുന്നിലൊരു ശംഖുവരയന്‍. പ്രായത്തിന്‍റെ തിളപ്പില്‍ ഈറ്റച്ചൂട്ട് അതിന്‍റെ ദേഹത്തെക്കു വെച്ചു കൊടുത്തു.ദേഹം പൊള്ളി അത് കുറ്റിക്കാട്ടിലേക്ക് ഓടിപ്പോയി.

        യാത്രയുടെ ക്ഷീണവും വിഷമങ്ങളും പാടെ മറക്കുന്നതായിരുന്നു കോട്ടപ്പാറ മുടിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍.അകലെ പട്ടണവും ഗ്രാമങ്ങളും വൈദ്യുത പ്രഭയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന ആ കാഴ്ച ഇന്നും മനസ്സിലുണ്ട്.ഒരു പത്തു മിനുറ്റ് വിശ്രമത്തിന് ശേഷം മലയിറക്കം തുടങ്ങി.മലയുടെ ഇപ്പുറത്ത് ആള്‍ താമസമുണ്ട് .       വേലികെട്ടിത്തിരിച്ച ഇടവഴികളുണ്ട്.വെളിച്ചത്തിന്‍റെ പ്രശ്നമേയുള്ളൂ.തലയിലേറ്റി കൊണ്ടുപോന്ന ഈറ്റ തീരാറായി.അത് തീരുന്നതിന്‍റെ മുന്‍പ് എങ്ങിനെയെങ്കിലും ടാര്‍ റോഡിലെത്തണം.ഞങ്ങള്‍ കൊണ്ടുപിടിച്ചു നടന്നു.

      പതിനൊന്നരയോടെ ഞങ്ങള്‍ മെയിന്‍ റോഡിലെത്തി.പത്തു പതിനാറു കിലോമീറ്റര്‍ ദൂരം ഇനിയുമുണ്ട്.ചിലപ്പോള്‍ വല്ല ലോറിയും കിട്ടും.ഇല്ലെങ്കിലും സാരമില്ല.നടക്കാവുന്നതേയുള്ളൂ.

     ഏകാന്തത അകറ്റാന്‍ അതുമിതും പറഞ്ഞു ഞങ്ങള്‍ യാത്ര തുടര്‍ന്നു.ഒരു രണ്ടു കിലോമീറ്റര്‍ നടന്നു കാണും.പെട്ടെന്നു പുറകില്‍ നിന്നു ഒരു വാഹനത്തിന്‍റെ വെളിച്ചം.ഞങ്ങള്‍ റോഡിന്‍റെ നടുക്ക് തന്നെ നിന്നു.ഒരു ജീപ്പ് .നഗരത്തിലേക്ക് തിരിച്ചു പോകുകയാണ്.ഡ്രൈവര്‍ മാത്രമേ വണ്ടിയിലുള്ളൂ.ഞങ്ങളുടെ കഥ വിശ്വസിച്ചിട്ടാവണം,കൂടെ കൊണ്ടുപോകാമെന്ന് സമ്മതിച്ചു.പക്ഷേ ആള്‍ക്ക് അഞ്ചു രൂപാ വേണം.ചൂട്ട് വലിച്ചെറിഞ്ഞിട്ടു ഞങ്ങള്‍ ജീപ്പില്‍ കയറി.അര മണിക്കൂര്‍ കൊണ്ട്   ശ്രീകൃഷ്ണാ ലോഡ്ജിന്‍റേ മുമ്പില്‍  ഇറങ്ങി .

      കാശ് വാങ്ങി പോകാന്‍ നേരം ആ ചെറുപ്പക്കാരന്‍ പറഞ്ഞു “നിങ്ങളുടെ കയ്യില്‍ ഉള്ളത് ചടയന്‍ കഞ്ചാവാണ്.നല്ല മണമുണ്ട്.സൂക്ഷിക്കണം.പോലീസ്സ് അറിഞ്ഞാല്‍ കുഴപ്പമാണ്.”

      സ്തബ്ദരായി ഞങ്ങള്‍ അന്യോന്യം നോക്കി.ഒരു ചിരി ചിരിച്ചു അയാള്‍ വണ്ടി വിട്ടു പോയി.മുറിയില്‍ കയറി വാതിലടച്ചു എയര്‍ ബാഗ് തുറന്നു.സാധനം ഭദ്രമായി അകത്തുണ്ട്.വെണ്‍മണിക്കുടിയില്‍ നിന്നു പോരാന്‍ നേരം ഊരാളി മൂപ്പന്‍ തന്നതാണ്. തന്നത് എന്നു പറഞ്ഞാല്‍ ഞങ്ങള്‍ ചോദിച്ചിട്ടു തന്നതാണ്.മൂത്തതല്ല,അതുകൊണ്ടുതന്നെ ഗുണമില്ല എന്നൊക്കെ മൂപ്പന്‍ പറഞ്ഞിരുന്നു.ഏതായാലും ഒരു ചെടി പിഴുതു തന്നു.ഞങ്ങള്‍ മൂന്നു പേരും മണത്തു നോക്കി.മണമൊന്നുമില്ല.ആ ഡ്രൈവര്‍ വല്ല കഞ്ചാവുകാരനുമായിരിക്കും.

       പിറ്റെന്നു രാവിലെ തന്നെ കൂട്ടുകാര്‍ സ്ഥലം വിട്ടു.കഞ്ചാവ് ഉണക്കി റെഡിയാക്കേണ്ട ജോലി എന്‍റെ തലയിലായി.എ.ഇ.ഒ.ഓഫീസില്‍  ജോലി ചെയ്യുന്ന വിശ്വംഭരനും,ഏഴാം നമ്പര്‍ മുറിയിലെ സര്‍വ്വേയര്‍ മാരും വേണ്ട സപ്പോര്‍ട്ടും,ധൈര്യവും തന്നു.ലോഡ്ജിന്‍റെ പുറകില്‍ വെച്ചു സാധനം ഉണക്കിയെടുത്തു.ഇനി പ്രയോഗിച്ച് നോക്കണം. 

       പ്രയോഗിക്കുന്നതിന് അല്‍പ്പം പേടിയുണ്ട്.കഞ്ചാവ് വലിച്ച രണ്ടുപേര്‍ കാട്ടിക്കൂട്ടിയ വിക്രിയകള്‍ ആണ് കാരണം.എന്തായിരിക്കും സ്വന്തം അനുഭവമെന്ന് നിശ്ചയമില്ല.നാറിപ്പോകുമോ എന്നൊരു ശങ്ക.കഞ്ചാവിന്‍റെ അനുഭൂതി അറിയാനുള്ള മോഹം വളരെ ശക്തവുമാണ്.മുകുന്ദനും കാക്കനാടന്നുമൊക്കെ സാഹിത്യ രംഗത്തേക്ക് ഊതിവിട്ട കഞ്ചാവിന്‍റെ പുക ചെറുപ്പക്കാരെ ലഹരി പിടിപ്പിക്കുന്ന കാലമാണ്.

        വിവരമറിഞ്ഞപ്പോള്‍ കൂട്ടുകാര്‍ക്കെല്ലാം “ഒരു പൊഹ”യെടുക്കണം.ഒരു വിദ്വാന്‍ പറഞ്ഞു “കഞ്ചാവ് തലക്ക് പിടിച്ചാല്‍ മോര് കുടിച്ചാല്‍ മതി.കെട്ടു വിട്ടൊളും”.ഇന്നത്തെപ്പോലെ പാലും തൈരും പായ്ക്കറ്റില്‍ കിട്ടുന്ന കാലമല്ല.കാര്യം പറഞ്ഞപ്പോള്‍ അല്‍പ്പം വിഷമിച്ചാണെങ്കിലും ചേച്ചി സഹായിക്കാമെന്നേറ്റു.

        അങ്ങിനെ ആ ദിവസം വന്നു.ഉച്ചകഴിഞ്ഞ് ആണ്‍ കുട്ടികള്‍ ബഹുഭൂരിപക്ഷവും എന്‍റെ കൂടെ ലോഡ്ജിലേക്ക് പോന്നു.കുറച്ചു ബീഡിയും സിഗറേറ്റും കയ്യില്‍ കരുതി.ചേച്ചി ഒരു വലിയ പാത്രം മോരു തന്നു.പരിചയമുണ്ടെന്ന് പറഞ്ഞ വിദ്വാന്‍ ബീഡിയിലെയും,സിഗരറ്റിലെയും സുക്ക എടുത്തു കളഞ്ഞു അതില്‍ തിരുമ്മിപ്പൊടിച്ച കഞ്ചാവ് തരികള്‍ നിറച്ചു. 

       എല്ലാവരും വട്ടത്തിലിരുന്നു .മോരിന്‍ പാത്രം നടുക്ക് വെച്ചു.ഓരോരുത്തരായി കുറേശ്ശെ വലി തുടങ്ങി.ഞാന്‍ ആതിഥേയന്‍ എന്ന വേഷത്തില്‍ ,വലിക്കാന്‍ കൂടാതെ,ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായി നിന്നു.ഇത്തിരി പോന്ന ജോസ് മാത്യു നല്ല പരിചയമുള്ള ഒരു കഞ്ചാവ് വലിക്കാരന്‍റെ ഭാവ ഹാവാദികളോടെ ബീഡി അമര്‍ത്തി വലിച്ചു കണ്ണടച്ചിരുന്നു.ബഷീറിനെപ്പോലെ അത്ര ധൈര്യം തോന്നാത്തവര്‍ ചുമ്മാ വലിച്ചു പുക നീട്ടിയൂതിക്കൊണ്ടിരുന്നു.

       അഞ്ചു മിനുട്ട് ആഞ്ഞു വലിച്ചിട്ടും ആര്‍ക്കും ലഹരിയില്ല.അവസാനം ഒരു വിദ്വാന്‍ കട്ടിയുള്ള കടലാസ്സ് സിഗറേറ്റിന്‍റെ മാതിരി ചുരുട്ടി കുറെ ഏറെ കഞ്ചാവു കുത്തി  നിറച്ചു അമര്‍ത്തി വലിക്കാന്‍ തുടങ്ങി.

       കൂട്ടുകാരുടെ ചീത്ത വിളി കേട്ടു ഒരു പരുവമായ ഞാന്‍ രണ്ടു ഗ്ലാസ്സ് മോരിന്‍ വെള്ളം നിന്ന നില്‍പ്പില്‍ കുടിച്ചു.ഞങ്ങളുടെ  നിര്‍ബ്ബന്ധത്തിന് വഴങ്ങി കഞ്ചാവു ചെടി പറിച്ചു തരുമ്പോള്‍ ഊരാളി മൂപ്പന്‍ പറഞ്ഞ വാക്കുകള്‍ എന്‍റെ ചെവിയില്‍ മുഴങ്ങി
 

.”വെറുതെയാണ് സാറേ,മൂക്കാത്തതാ,ഒരു ഗുണവുമില്ല”

http://vettathan.blogspot.com
17 comments:

 1. എഴുത്ത് നന്നാവുന്നുണ്ട്.അനുഭവങ്ങള്‍ ഇനിയും പോരട്ടെ.

  ReplyDelete
 2. very intresting..pls continue blogging

  ReplyDelete
 3. അനുഭവങ്ങള്‍ നന്നായി എഴുതി.തുടരൂ....

  ReplyDelete
 4. .”വെറുതെയാണ് സാറേ,മൂക്കാത്തതാ,ഒരു ഗുണവുമില്ല”

  അപ്പോള്‍ സാറേ കജാവിനും മൂപ്പ് വേണം അല്ലേ, എന്നാലും ആ ജീപ്പ് ഡ്രൈവറെ സമ്മതിക്കണം, പുള്ളിക്കാരന്‍ മണം പിടിച്ചു സാധനം കണ്ടു പിടിച്ചല്ലോ...

  അനുഭവം നന്നായി എഴുതി, ആശംസകളോടെ..

  ReplyDelete
 5. അഭിപ്രായം എഴുതിയ സുഹൃത്തുക്കള്‍ക്ക് നന്ദി.

  ReplyDelete
 6. മഴത്തുള്ളികള്‍ എന്ന കൂട്ടായ്മയില്‍ വന്ന കമന്റ്സ് കാണാന്‍ താഴെ കൊടുത്ത ലിങ്ക് നോക്കുക.
  http://www.mazhathullikal.com/profiles/blogs/2797114:BlogPost:1267091

  ReplyDelete
 7. ചെറുപ്പക്കാലത്തെ വികൃതികളും,കുസൃതികളും ഓര്‍മ്മവെച്ച് എഴുതുന്നുണ്ടല്ലോ?
  ഇനിയും കാണും....
  വളരെ നല്ല അവതരണം.വായനാസുഖം നല്‍കും വിധമുള്ള ശൈലി.
  അഭിനന്ദനങ്ങള്‍.,.
  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  ReplyDelete
 8. പഴയ് ഓര്‍മ്മകള്‍ ആ രസ്ത്തോടെ അവതരിപ്പിച്ചു..

  ReplyDelete
 9. അയ്യേ! കളഞ്ഞില്ലേ?
  ഞാൻ എന്തൊക്കെ വിചാരിച്ചാ വായിച്ചു വന്നത്?
  ഈ സാധനമൊന്നും കാണാൻ കൂടി പറ്റിയിട്ടില്ലാത്ത മനുഷ്യരല്ലേ ഞങ്ങളൊക്കെ......അപ്പോ ഇങ്ങനെ ആലോചിച്ചു വരികയായിരുന്നു........ഉം, പോട്ടെ.

  ReplyDelete
 10. വീരചരിതം വായിച്ചു...ഹമ്പടാ.

  ReplyDelete
 11. അജിത്ത് ,ഈ വായനയ്ക്കും അഭിപ്രായങ്ങള്ക്കും നന്ദിയുണ്ട്.നീണ്ട 38 വര്ഷം ഒരക്ഷരം എഴുതാതെ ജോലിയെയും,കുടുംബത്തെയും ഒരുലഹരിപോലെ കൊണ്ടുനടന്ന ഒരാളുടെ വാര്‍ദ്ധക്യകാല വിനോദമാണ് എന്‍റെ എഴുത്ത്.

  ReplyDelete
 12. നല്ല അനുഭവം, വിവരണം. മുന്‍കരുതലുകള്‍ വായിച്ചു ചിരിവന്നു. ഞാന്‍ ഒരു മോര്കുടിയന്‍ ആണേ. പക്ഷെ, അതിനു മുമ്പ് വേറൊന്നുമില്ല. അത് മാത്രം. :)

  ReplyDelete
 13. VETTATHAN SIR, ANUBHAVANGALUDE ASAWDYAMAYA VIVARANAM ORU CHALACHITRATHILENNA POLE THELINJU. AASHAMSKAL. EZUTHU THUDARUKA.

  ReplyDelete
  Replies
  1. നന്ദി,സുഹൃത്തെ.

   Delete
 14. തൊടുപുഴ സാറേ, ഞാനും ഒരു തൊടുപുഴക്കാരന്‍ വായിച്ചാലും എന്നെയും
  joseperingulam.blogspot.com

  ReplyDelete
 15. Replies
  1. ഇടുക്കി ജില്ലയിലെ പട്ടെക്കുടി എന്നാ സ്ഥലത്തെ മീനുളിയാന്‍ പാറ കണ്ടു തൊടുപുഴയ്ക്ക് തിരിച്ചുവരുകയായിരുന്നു ഞങ്ങള്‍

   Delete

Related Posts Plugin for WordPress, Blogger...