Google+ Followers

Sunday, 17 August 2014

സുധീരന്‍റെ ജനാധിപത്യം.
    മഹാത്മാ ഗാന്ധി അങ്ങിനെയായിരുന്നു. കൂടെയുള്ളവരുടെ എല്ലാം അഭിപ്രായം തള്ളി സ്വന്തം നിലപാട് അടിച്ചേല്‍പ്പിക്കുമായിരുന്നു. സ്വാതന്ത്ര്യ സമരം കത്തിനിന്നപ്പോള്‍ അഹിംസാ മാര്‍ഗ്ഗത്തില്‍ നിന്നു വ്യതിചലിച്ചു എന്നു പറഞ്ഞു സമരത്തിന് ഫുള്‍സ്റ്റോപ്പ് ഇട്ടിട്ടുണ്ട് അദ്ദേഹം. സുഭാഷ് ചന്ദ്ര ബോസ്സ് ഗാന്ധിയുടെ നോമിനിയെ തോല്‍പ്പിച്ച് കോണ്‍ഗ്രസ്സ് പ്രസിഡെന്‍റ് ആയി തെരഞ്ഞെടുക്കപ്പട്ടപ്പോള്‍ തറവേല എടുത്തു അദ്ദേഹത്തെ പുകച്ചു പുറത്തു ചാടിച്ചിട്ടുണ്ട് ഗാന്ധി. പക്ഷേ ഗാന്ധി ഗാന്ധിയായിരുന്നു. ഭാരതത്തിലെ ജനമനസ്സ് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ബോസ്സിനോടുള്ള അദ്ദേഹത്തിന്‍റെ എതിര്‍പ്പ് കൂടുതലും ആശയപരവുമായിരുന്നു. ഇവിടെ സുധീരന്‍ ഗാന്ധിയല്ല, ഗാന്ധിയാകാനുള്ള അദ്ദേഹത്തിന്‍റെ ശ്രമങ്ങള്‍ക്ക് വിശ്വാസ്യതയുമില്ല.

 
    സുധീരന്‍ ഇപ്പോള്‍ കെ.പി.സി.സി പ്രസിഡന്‍റ് ആണ്. കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ തെരഞ്ഞെടുത്തതല്ല അദ്ദേഹത്തെ. ഡെല്‍ഹിയില്‍ നിന്നു കെട്ടിയേല്‍പ്പിച്ചതാണ്. അതും രാഹൂല്‍ ഗാന്ധി. മൂപ്പരും നൂലുവഴി ഇറങ്ങി വന്നതാണ്. അയാള്‍ക്ക് പക്ഷേ നെഹ്രു കുടുംബത്തിന്‍റെ പാരമ്പര്യവും പിന്തുണയും കൂട്ടിനുണ്ടായിരുന്നു. കോണ്‍ഗ്രസ്സ്കാര്‍ക്കാണെങ്കില്‍ നെഹ്രു കുടുംബക്കാര്‍ നയിച്ചില്ലെങ്കില്‍ ഉറക്കം വരികയുമില്ല. അല്ലെങ്കില്‍, മനുഷ്യന്‍റെ മുഖത്ത് നോക്കി സംസാരിക്കാത്ത ,ഒരു നേതൃഗുണവുമില്ലാത്ത രാഹൂല്‍, കോണ്‍ഗ്രസ്സിലെ അവസാന വാക്കാകുമായിരുന്നോ? (ഈ നേതൃഗുണം കോണ്‍ഗ്രസ്സുകാര്‍ക്ക് മനസ്സിലായില്ലെങ്കിലും ഇന്ത്യാ മഹാരാജ്യത്തെ ജന സഹസ്രങ്ങള്‍ക്ക് മനസ്സിലായി). ആ രാഹൂല്‍ കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്ക് സമ്മാനിച്ചതാണ്  ഈ ധീരനും വീരനുമായ സുധീരനെ. ആ നിയമനത്തിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഏ.കെ. ആന്‍റണി ആണെന്നാണ് വെള്ളാപ്പിള്ളി പറയുന്നതു. അതെന്തുമാകട്ടെ.

    ഇതിന് മുന്‍പ് സുധീരന്‍ സ്പീക്കറും ആരോഗ്യമന്ത്രിയുമായിരുന്നു. അതിനു മുന്‍പ് കെ.എസ്.യു വിന്‍റേയും യൂത്ത് കോണ്‍ഗ്രസ്സിന്‍റെയും പ്രസിഡണ്ട് ആയിരുന്നു അദ്ദേഹം. നാലു പ്രാവശ്യം  എം.പി യും 16 വര്‍ഷം എം.എല്‍.എ യുമായിരുന്നു. കെ.പി.സി.സി വൈസ് പ്രസിഡെന്‍റ്, ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവിധ ലോകസഭാകമ്മിറ്റികളിലും അദ്ദേഹം അംഗമായിരുന്നു. ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം മോഹിക്കാവുന്ന പദവികളിലൊക്കെത്തന്നെ സുധീരന്‍ എത്തിയിട്ടുണ്ട്. കേരളത്തില്‍ ആരോഗ്യമന്ത്രിയായപ്പോള്‍ ഒരു പാര്‍ട്ടിയും അതിന്‍റെ ജനറല്‍ സെക്രട്ടറിയും കൂടി നടത്തിയിരുന്ന അഴിമതിയുടെ മൊത്തക്കച്ചവടം അദ്ദേഹം പൊളിച്ചടുക്കിയിട്ടുണ്ട്. അഴിമതിക്കാരനാണെന്നു എതിരാളികള്‍ പോലും ആരോപിച്ചിട്ടില്ലാത്ത കോണ്‍ഗ്രസ്സ് നേതാവാണ് സുധീരന്‍. എന്നിരുന്നാലും കോണ്‍ഗ്രസ്സില്‍ അദ്ദേഹത്തിന് സുഹൃത്തുക്കള്‍ കുറവാണ്. ഏ.കെ.ആന്‍റണിയുടെ പിന്തുണയാണ് പ്രധാനം. നിയമസഭാ സ്പീക്കറായിരുന്നപ്പോള്‍ സുധീരന്‍റെ നിലപാടുകള്‍ ഭരണപക്ഷത്തുള്ള കോണ്‍ഗ്രസ്സിനെ വല്ലാതെ അലോസരപ്പെടുത്തിയിട്ടുണ്ട്. ഗവണ്‍മെന്റിന്‍റെ ബിസിനസ്സ് നടത്തിക്കൊടുക്കാന്‍ ബാദ്ധ്യസ്ഥനായ സ്പീക്കര്‍ പ്രതിപക്ഷത്തെ പ്രീണിപ്പിക്കാന്‍ നല്ല പിള്ള ചമയുകയാണെന്ന ആരോപണം എ ഗ്രൂപ്പ് എം.എല്‍.എ മാരടക്കം ഒളിഞ്ഞും തെളിഞ്ഞും നിയമസഭയ്ക്കുള്ളില്‍ തന്നെ ആരോപിച്ചിരുന്നത് ഓര്മ്മ വരുന്നു. സ്വന്തം ഇമേജ് വളര്‍ത്തുന്നതിന് വേണ്ടി പാര്‍ട്ടിയെ ബലി കൊടുക്കുന്ന നേതാവ് എന്ന ഇമേജ് ആയിരുന്നു സുധീരന് ഉണ്ടായിരുന്നത്.

    കോണ്‍ഗ്രസ്സ് സര്‍ക്കാരിന്‍റെ നയങ്ങളെയും പരിപാടികളെയും വിമര്‍ശിക്കാന്‍ സുധീരന് ഒരിയ്ക്കലും ഒരു മടിയുമുണ്ടായിട്ടില്ല. എതിര്‍പ്പ് പാര്‍ട്ടി ഫോറങ്ങളില്‍ ഉന്നയിക്കണം എന്ന ചട്ടം അദ്ദേഹം ഒരിക്കലും പാലിച്ചിട്ടില്ല. അത്തരം സന്ദര്‍ഭങ്ങളിലൊക്കെ വ്യക്തിപരമായ അഭിപ്രായങ്ങളായിരുന്നു അദ്ദേഹത്തിന് മുഖ്യം. കരിമണല്‍ ഖനനത്തിന്റെ പേരിലായാലും, ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്ന കാര്യത്തിലാണെങ്കിലും മദ്യ നിരോധനത്തിന്റെ കാര്യത്തിലായാലും വി.എം.സുധീരന് സ്വന്തം അജണ്ടയുണ്ട്. അത് പാര്‍ട്ടിയുടെയോ സര്‍ക്കാരിന്‍റേയോ നയ പരിപാടികളോട് യോജിക്കുന്നവ ആയിരുന്നില്ല താനും. പാര്‍ട്ടിക്കാരനാണെങ്കിലും വ്യക്തിപരമായ അഭിപ്രായങ്ങളില്‍ ഉറച്ചു നില്‍ക്കാനുള്ള വി.എം.സുധീരന്‍റെ അവകാശം ചോദ്യം ചെയ്യേണ്ട കാര്യമില്ല.

    അങ്ങിനെയുള്ള സുധീരന്‍ കോണ്‍ഗ്രസ്സ് പ്രസിഡെന്‍റ് ആയി അവരോധിതനായപ്പോള്‍ എടുക്കുന്ന നിലപാടുകള്‍ രസകരമാണ്. എതിരഭിപ്രായങ്ങള്‍ക്ക് നേരെ അദ്ദേഹം കണ്ണുരുട്ടുന്നത് കാണുമ്പോള്‍ ചിരിക്കാതിരിക്കാന്‍ വയ്യ. അദ്ദേഹത്തിന്‍റെ പഴയ പ്രവര്‍ത്തന ശൈലി ചൂണ്ടിക്കാട്ടിയ കെ.പി.സി.സി സെക്രട്ടറി എം.ആര്‍. രാംദാസിന്‍റെ പണി പോയി .പഴയതൊക്കെ ഓര്‍മ്മിപ്പിച്ചും പൂട്ടിയിട്ട ബാറുകളുടെ കാര്യത്തില്‍ സുധീരന്‍ എടുക്കുന്ന നിലപാടുകളെ വിമര്‍ശിച്ചും രംഗത്ത് വന്ന ഷാനി മോള്‍ ഉസ്മാന്‍ മദ്യമാഫിയയുടെ പിണിയാളാണ് എന്നാണ് സുധീരന്‍ പറഞ്ഞത്. അടച്ചിട്ട ബാറുകളുടെ കാര്യം തീരുമാനിക്കാന്‍ കെ.പി.സി.സി ഉപസമിതി മൂന്നുനാല് പ്രാവശ്യം കൂടിക്കഴിഞ്ഞു. സുധീരന്‍ ഒഴിച്ചുള്ളവരെല്ലാം പൂട്ടിയവയില്‍ ഗുണ നിലവാരമുള്ളവ തുറക്കാന്‍ അനുവദിക്കണം എന്ന പക്ഷക്കാരാണ്. പക്ഷേ സുധീരന്‍ സമ്മതിക്കുന്നില്ല. മാത്രമല്ല അദ്ദേഹത്തിന്‍റെ നിലപാട് ഓരോ കൂടിക്കാഴ്ചയ്ക്ക് ശേഷവും സുധീരന്‍ പരസ്യമാക്കുന്നുമുണ്ട്. ഇതെന്തു ജനാധിപത്യമാണ്?

    ചരിത്രത്തില്‍ ഏകാധിപത്യ വാഴ്ചകള്‍ക്കെതിരെ നടന്ന ജന മുന്നേറ്റത്തിന്‍റെ ധാരാളം കഥകള്‍ ഉണ്ട്. അങ്ങിനെയുള്ള ജന മുന്നേറ്റത്തിന് നേതൃത്വം കൊടുത്ത ചിലര്‍ ഭരണാധികാരികള്‍ ആയപ്പോള്‍ ഭീകര ഭരണം നടപ്പാക്കിയ ചരിത്രങ്ങളും പലതുണ്ട്. അവരെയൊന്നും സുധീരനോട് താരതമ്യപ്പെടുത്തുകയല്ല. അദ്ദേഹം സ്വന്തം ഇമേജ് വളര്‍ത്താന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്ന ഒരു നോമിനേറ്റഡ് പ്രസിഡെന്‍റ് മാത്രമാണു.


വെട്ടത്താന്‍
www.vettathan.blogspot.in

38 comments:

 1. താങ്കളുടെ ലേഖനത്തോട് പല തലത്തിലും എനിക്കു വിയോജിപ്പുണ്ട്. പക്ഷേ ഇന്ത്യന്‍ രാഷ്ട്രീയത്തേപ്പറ്റി അഭിപ്രായം പ്രകടിപ്പിക്കുന്നത് ഒഴിവാക്കാറുള്ളതുകൊണ്ട് അതെല്ലാം ഇവിടെ എഴുതുന്നില്ല.

  മദ്യത്തിന്റെ ലഭ്യത ആകുന്നത്ര വെട്ടിക്കുറയ്ക്കണമെന്നും സര്‍ക്കാര്‍ ലഹരിവരുമാനത്തോടുള്ള ആസക്തിയില്‍നിന്ന് മുക്തമാകണമെന്നുമാണ് എന്റെ നിലപാട്. അതിനായി പ്രത്യക്ഷമായും പരോക്ഷമായും പോരാടുന്നവര്‍ക്ക് എന്റെ പിന്തുണയുണ്ട് - 'തറവേല' ചെയ്യുന്നവര്‍ക്കുള്‍പ്പെടെ.

  "ഷാനി മോള്‍ ഉസ്മാന്‍ മദ്യമാഫിയയുടെ പിണിയാളാണ് എന്നാണ് സുധീരന്‍ പറഞ്ഞത്" എന്ന ആരോപണത്തിനുള്ള തെളിവുകൂടി ചൂണ്ടിക്കാട്ടാമായിരുന്നു.

  ReplyDelete
  Replies
  1. ഞാന്‍ മദ്യം ഉപയോഗിയ്ക്കുന്ന ആളല്ല. മദ്യപാനം പ്രത്യേക സന്തോഷം ഒന്നും തരാത്തത് കൊണ്ട് ഉപയോഗിക്കാറില്ല. എന്റെ ഊന്നല്‍ സുധീരന്‍ കാണിക്കുന്ന ഏകാധിപത്യ പ്രവണതക്ക് എതിരെയാണ്.ജനാധിപത്യത്തില്‍ മറ്റെല്ലാവരും എതിര്‍ത്താലും തന്‍റെ അഭിപ്രായമേ നടത്തൂ എന്നു പ്രസിഡെന്‍റ് വാശി പിടിക്കുന്നത് ശരിയാണോ? ഷാനിമോളെക്കുറിച്ച് സുധീരന്‍ പറഞ്ഞത് ഗൂഗിളില്‍ അടിച്ചാല്‍ കിട്ടും.(ഇപ്പോള്‍ ഒന്നും എഴുതിക്കാണുന്നില്ലല്ലോ....)

   Delete
  2. ഷാനിമോള്‍ക്കെതിരെയുള്ള സുധീരന്‍റെ പരാമര്‍ശം ഇവിടെ മീഡിയായില്‍ വലിയ ചര്‍ച്ച ആയിരുന്നു. ഇന്ത്യാടുഡേയില്‍ വന്ന ഒരു റിപ്പോര്ട്ട് കൊടുക്കുന്നു.
   Congress leaders in Kerala gang up against Shanimol Usman
   M.G. Radhakrishnan Thiruvananthapuram, May 7, 2014 | UPDATED 18:11 IST
   Senior Congress leaders in Kerala have buried their differences to launch a collective tirade against Shanimol Usman, a former AICC secretary who is part of party vice-president Rahul Gandhi's brigade. Shanimol UsmanFormer AICC secretary Shanimol Usman

   The 46-year-old, a former state president of Mahila Congress, is being slammed for seeking a probe into alleged links between Minister of State for Civil Aviation K.C. Venugopal and solar scam accused Sarita Nair.

   Ironically, the attack on Usman, a firebrand leader, is being led by V.M. Sudheeran, president of the Kerala Pradesh Congress Committee (KPCC), considered "Mr Clean" like his mentor and union minister A.K. Antony.

   Both Usman and Sudheeran, not attached to any party faction, were handpicked by Rahul Gandhi as AICC secretary and KPCC president in 2009 and 2013. They were picked for the coveted posts amid opposition by factions led by Chief Minister Oommen Chandy and Home Minister Ramesh Chennithala.

   Now Sudheeran has accused Usman of launching a personal attack on Venugopal and constituted a three-member commission to initiate disciplinary proceedings against her.

   When Usman questioned this in a letter to Sudheeran calling it an affront to internal democracy and transparency in the party, he called her a tool in the hands of liquor mafia.

   "She is bitter because she did not get a ticket to contest the Lok Sabha polls. I also suspect she has become a tool in the hands of the liquor mafia to conspire against my stand against renewing licences to 418 bars" said Sudheeran. ................

   Delete
 2. മദ്യത്തോടും അതിന്റെ വ്യാപനത്തോടും എതിര്‍പ്പുള്ള വ്യക്തിയെന്ന നിലയില്‍ സുധീരന്റെ നിലപാടുകള്‍ക്ക് എന്റെ പിന്തുണ!

  ReplyDelete
  Replies
  1. ആളുകള്‍ ഈ വിഷയത്തില്‍ എങ്ങിനെയാണ് ചിന്തിക്കുന്നത് എന്നറിയാനുള്ള ആഗ്രഹവും ഈ കുറിപ്പിനു പിന്നിലുണ്ട്.

   Delete
 3. സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് പാര്‍ട്ടി ചലിക്കണം എന്നത് ശരിയായ രീതി അല്ലെന്നാണ് എനിക്ക് തോന്നുന്നത്.

  ReplyDelete
  Replies
  1. ബാറുകള്‍ തുറക്കുന്ന വിഷയത്തിലെ തെറ്റും ശരിയുമല്ല പരിശോധിച്ചത്,ഭൂരിപക്ഷത്തിന്റെ നിലപാടുകള്‍ തള്ളുന്ന പ്രസിഡെന്‍റിന്‍റെ ഏകാധിപത്യ പ്രവണതയാണ്.

   Delete
  2. ഞാനും പ്രത്യേക വിഷയത്തെ ആസ്പദമാക്കിയല്ല പറഞ്ഞത്, പൊതുവില്‍ ആണ്. ആരായാലും.

   Delete
 4. അധികാരം കിട്ടുമ്പോള്‍ ആദര്‍ശത്തില്‍ വിട്ടു വീഴ്ചചെയ്തില്ല എങ്കില്‍ അധികം നിലനില്പ്പില്ല ,,സുധീരനും അത് തന്നെയാണ് സംഭവിച്ചത്.

  ReplyDelete
 5. അച്ചടക്ക നടപടിയെക്കുറിച്ച് സുധീരന്‍റെ മുന്നറിയിപ്പ് ഇടയ്ക്കിടക്ക് കാണുന്നുണ്ട്

  ReplyDelete
 6. എതിർക്കുന്നവരുടെ സത്യസന്ധതയിൽ എനിക്ക് വിശ്വാസക്കുറവുണ്ട്..
  കാരണം അവർ ഇന്നത്തെ രാഷ്ട്രീയക്കാരാണ്..
  സുധീരൻ രാഷ്ട്രീയക്കാരൻ എന്നതിലുപരി എന്തൊക്കെയോ ആണെന്നാണ് വിശ്വാസം. അദ്ദേഹത്തിന്റെ വ്യക്തിത്വവും അങ്ങിനെയാണല്ലോ. അതൊരിക്കലും വിലയിട്ട് അദ്ദേഹം പണയപ്പെടുത്തില്ലാ എന്ന് കരുതുന്നു. അദ്ദേഹത്തിന്റെ വാക്കിനു വിലനൽകാനാണ് എന്റെ മനസ്സ് പറയുന്നത്.

  ReplyDelete
  Replies
  1. ഞാന്‍ താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു. പക്ഷേ ഒരു സ്ഥാനത്തിരിക്കുന്ന വ്യക്തി ഭൂരിപക്ഷാഭിപ്രായം മാനിക്കില്ല എന്നു ശഠിക്കുന്നത് ശരിയാണോ?

   Delete
  2. പ്രിയപ്പെട്ട വെട്ടത്താൻ സാർ, ജനങ്ങളുടെ താൽപ്പര്യത്തോടും കോണ്‍ഗ്രസ്സ് എന്ന പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രത്തോടും ഒപ്പം നിൽക്കുന്നതാണോ ഈ ഭൂരിപക്ഷാഭിപ്രായം എന്ന് ചിന്തിക്കുമ്പോൾ സുധീരന്റെ നിലപാടുകള്‍ക്ക് പിന്തുണ നൽകാതിരിക്കാൻ ആവുന്നില്ല..ഒരു സാധാരണക്കാരൻ എന്ന നിലയിൽ പരിമിതമായ അറിവുവച്ച് ചിന്തിക്കുമ്പോൾ അങ്ങിനെ ചെയ്യുന്നതാണ് ശരി എന്നാണ് എനിക്ക് തോന്നുന്നത്..
   ആശംസകൾ വെട്ടത്താൻ സാർ !

   Delete
  3. പ്രിയമുള്ള ഗിരീഷ് -സുധീരന്‍റെ ജന സമ്മിതിയെ കുറച്ചു കണ്ടായിരുന്നില്ല ഈ കുറിപ്പ് എഴുതിയത്.ബ്ലോഗിലും മനസ്സിലും വന്ന അഭിപ്രായങ്ങള്‍ ജന മനസ്സുകളില്‍ സുധീരനുള്ള സ്വാധീനം വ്യക്തമാക്കുന്നതാണ്. ലേഖനത്തില്‍ സൂചിപ്പിച്ചിട്ടുള്ള പോലെ എതിരാളികള്‍ പോലും അഴിമതി ആരോപിക്കാത്ത നേതാവാണ് സുധീരന്‍. പക്ഷേ കെ.പി.സി.സി പ്രസിഡെന്‍റ് ആയിരിക്കുമ്പോള്‍ നിര്‍വ്വാഹക സമിതിയിലെ ഭൂരിപക്ഷം മാനിക്കേണ്ട ബാദ്ധ്യത അദ്ദേഹത്തിനില്ലേ?അങ്ങിനെ ചെയ്യാതിരിക്കുന്നത് ഏകാധിപത്യ പ്രവണതയാല്ലേ?

   Delete
  4. പ്രിയ വെട്ടത്താൻ സാർ, നാട്ടുനടപ്പ് അനുസരിച്ച് സാർ പറഞ്ഞാതാണ് ശരി. ഞാൻ യോജിക്കുന്നു..
   നാളെയൊരിക്കൽ യു പി എ യുടെ അവസ്ഥ യു ഡി എഫിനു വരാതിരിക്കുകയും ഈ ബഹുമാന്യരായ ഭൂരിപക്ഷക്കാർക്ക് അവരുടെ അഭിപ്രായങ്ങൾ മാറ്റിപറയാൻ ഇടവരാതെയും ഇരിക്കട്ടെ എന്ന് ആശിക്കുന്നു..

   Delete
  5. സുധീരന് ജന മനസ്സുകളില്‍ ഉള്ള സ്ഥാനം ഞാന്‍ കാണുന്നു.

   Delete
 7. കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഇതൊരു കൊണ്ഗ്രസ്സുകാരനെക്കാൾ ആദർശ ശാലി ആണ് ശ്രീ സുധീരൻ . നിലപാടുകളിൽ വെള്ളം ചേര്ക്കാതെ ഉള്ള അദ്ദേഹത്തിന്റെ ശൈലി , കക്ഷി രാഷ്ട്രീയത്തിന് അതീതമായി അദ്ദേഹത്തിന് ആരാധകരെയും നേടിക്കൊടുക്കുന്നു .

  സുധീരൻ ഒരു സാദാ മെമ്പർ ആയിരുന്നപോൾ പ്രസ്താവനകൾക്കെതിരെ നടപടി എടുത്തില്ല അതുകൊണ്ട് അദ്ദേഹം പ്രസിഡണ്ട്‌ ആയപ്പോൾ നടപടി എടുക്കാൻ പാടില്ല എന്ന് പറയുന്നത് ശരിയല്ല . നടപടി എടുക്കാൻ അന്നത്തെ നേതൃത്വത്തിന് കഴിഞ്ഞില്ല അല്ലെങ്കിൽ അദ്ദേഹത്തിന്റെ വിമർശനങ്ങളിൽ കഴമ്പുണ്ടായിരുന്നു എന്നതല്ലേ സത്യം ?

  എ റൈറ്റ് പെർസണ്‍ ഇൻ ദി റോങ്ങ്‌ പ്ലേസ് എന്നതാണ് അദ്ദേഹത്തിനെ പറ്റി പറയാനുള്ളത് ! കോണ്ഗ്രസ് അദ്ദേഹത്തെ ഒരു തരത്തിലും ഡിസെർവ് ചെയ്യുന്നില്ല !

  ബാർ പ്രശ്നത്തിൽ അത്യാവശ്യം മദ്യപിക്കുന്ന ഒരാള് എന്ന നിലയില എന്റെ അഭിപ്രായം , ചട്ടങ്ങള അനുസരിക്കുന്ന , സൌകര്യങ്ങൾ കൊടുത്തു ബാർ നടത്തുന്ന ആളുകള്ക്ക് ലൈസന്സ് കൊടുക്കണം എന്നാണ് . ഉപഭോക്താവിന് സൌകര്യങ്ങൾ നല്കാനുള്ള ബാധ്യത കച്ചവടക്കരന്റെതാണ് . അത് കിട്ടുന്നുണ്ട്‌ എന്ന് ഉറപ്പു വര്തെണ്ട ബാധത ബന്ധപ്പെട്ട വകുപ്പിന്റെ / സര്ക്കാരിന്റെ യും .

  ReplyDelete
  Replies
  1. സര്‍ക്കാര്‍ കൊടുക്കാതിരുന്നാലും കോടതി,നിലവാരമുള്ള ബാറുകള്‍ക്ക് ലൈസന്‍സ് കൊടുക്കാന്‍ പറയുമെന്ന് ഈ കളിയിലെ കഥാപാത്രങ്ങള്‍ക്കെല്ലാം അറിയാം. അതുകൊണ്ടാണ് ഈ വിഷയം ഒരു പൊയ്നാടകമായി മാറുന്നത്. അല്ലെങ്കില്‍ സമ്പൂര്‍ണ്ണ മദ്യനിരോധം ഒരു അജണ്ടയായി പ്രഖ്യാപിച്ചു നടപ്പാക്കട്ടെ. ഒരു വശത്ത് ബിവറേജിന്റെ പുതിയ പുതിയ ഔട്ട് ലെറ്റുകള്‍ വരുന്നു.മറുവശത്തു 418 ബാറുകള്‍ക്കെതിരെ വ്യര്‍ത്ഥമായ കോലാഹലം. ഇത് കാപട്യമല്ലേ? (ഒന്നു ചൊദിച്ചോട്ടെ ഈ റൈറ്റ് പേഴ്സണ് പറ്റിയ ഇടം ഏതാണ്?)

   Delete
  2. ഈ റൈറ്റ് പേഴ്സണ് പറ്റിയ ഇടം കേരളാ മുഖ്യന്റെ കസേര തന്നെ ആണ് ! നിര്ഭാഗ്യവശാൽ കേരളീയര്ക്ക് അതുകാനാനുള്ള ഭാഗ്യം ഇല്ല !

   Delete
  3. കാത്തിരിക്കാം........

   Delete
 8. ചര്‍ച്ചകള്‍ പുരോഗമിക്കട്ടെ... ഇവിടെ ലേഖകനും അഭിപ്രായം എഴുതിയവരും ബഹു.സുധീരനെക്കുരിച്ചാണ് ചര്‍ച്ച നടത്തുന്നത്. വ്യക്തി ആരുമാകട്ടെ. ചെയ്യുന്നത് സമൂഹത്തിനുതകുന്നതാണോ എന്നത് മാത്രമാണ് പ്രശ്നം. ഭൂരിപക്ഷം പേരും ന്യായീകരിച്ചത് കൊണ്ട് ഏതെങ്കിലും ഒരു തെറ്റ് തെറ്റല്ലാതാവുമോ..? മദ്ധ്യം എന്നോതൊരു വിപത്താണ്. മുഴുകുടിയന്മാര്‍ പോലും അത് ശരി വയ്ക്കുമ്പോള്‍ അത് തിരികെകൊണ്ടുവരാന്‍ താങ്കളെപോലുള്ളവര്‍ ഒത്താശ പാടുന്നതെന്തിനാണ്. സമൂഹത്തിനോ വ്യക്തിക്കോ നന്മ ചെയ്യുന്നതാരായാലും ജാതി വര്ണ മത രാഷ്ട്രീയ ഭേദമന്യേ നാം അയാളെ പിന്തുണയ്ക്കണം എന്നാണെന്റെ എളിയ അഭിപ്രായം....(ജയ്‌..ജയ്‌...നല്ല മനുഷ്യര്‍) ഒപ്പം ലേഖകന് ആശംസകളും.

  ReplyDelete
  Replies
  1. ആദ്യത്തെ മറുപടിയില്‍ എഴുതിയത് പോലെ മദ്യപാനത്തില്‍ താത്പര്യം ഉള്ള ആളല്ല ഞാന്‍. എന്‍റെ വീട്ടിലെ ഒരു പരിപാടിക്കും ഇന്ന് വരെ മദ്യം വിളമ്പിയിട്ടുമില്ല. ഇഷ്ടം പോലെ ബിവറേജ് ഔട്ട് ലെറ്റുകള്‍ ഉള്ള കേരളത്തില്‍ ഈ 418 ബാറുകള്‍ തുറന്നാലും ഇല്ലെങ്കിലും അത് ഇവിടത്തെ മദ്യപാനാസക്തിയെ ബാധിക്കുമെന്നും ഞാന്‍ കരുതുന്നില്ല.നമ്മുടെ സമൂഹം അത്രമാത്രം മദ്യത്തിന് അടിപ്പെട്ടുകഴിഞ്ഞു.ഞാന്‍ സുധീരന്‍റെ നിലപാടുകളെ എതിര്‍ത്തുകൊണ്ട് എഴുതിയതിന് രണ്ടു കാരണങ്ങള്‍ ഉണ്ട്.1.അദ്ദേഹത്തിന്‍റെ ശാഠ്യം ജനാധിപത്യ വിരുദ്ധമാണ്.2.നിലവാരമുള്ള ബാറുകള്‍ക്ക് കോടതി അനുവാദം കൊടുക്കുമെന്ന് ഈ കേസ്സ് ഫോളോ ചെയ്യുന്ന എനിക്കു ഉറപ്പുണ്ട്. അത് സുധീരനടക്കമുള്ളവര്‍ക്കും അറിയാം. അപ്പോള്‍ ഇപ്പോള്‍ നടക്കുന്നതു ഒരു ഇമേജ് ബില്‍ഡിങ് എക്സര്‍സൈസ് മാത്രമാണെന്ന് കാണാന്‍ കഴിയും.

   Delete
 9. കൂടുതലൊന്നും അറിയില്ല
  സുധീരൻ ഗാന്ധി ചമയാൻ ശ്രമിക്കുകയാണെന്ന് അറിയാം
  ഒരു വിഭാഗത്തെക്കൊണ്ട് പൊറുതിമുട്ടുമ്പോൾ അടുത്തവരേയും, അവരെ സഹിക്കാനാവാതെ വരുമ്പോൾ പഴയ കൂട്ടരെയും മാറിമാറി പരീക്ഷിക്കുന്ന ജനങ്ങൾക്ക് എന്നാണാവോ ഒരു രക്ഷ....

  ReplyDelete
  Replies
  1. ഗാന്ധിക്ക് ഇപ്പോള്‍ വലിയ മാര്‍ക്കറ്റ് ആണ്. ബോധപൂര്‍വ്വമുള്ള ഒരു ഇമേജ് ബില്‍ഡിങ് എക്സര്‍സൈസ് ആണ് നടക്കുന്നതു. നിലവാരമുള്ള ബാറുകള്‍ക്ക് കോടതി അനുവാദം കൊടുക്കുമ്പോള്‍ ഈ പ്രശ്നം കെട്ടടങ്ങും. ആ സമയം കൊണ്ട് ചിലരൊക്കെ പുണ്യവാളന്‍മാരും ആകും.

   Delete
 10. ആര്‍ക്കും ഏതു വിഷയത്തെയും എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. അതിന്റെ പിന്നിലും ഒരു ന്യായീകരണം കാണും. അമ്മേത്തല്ലിയാലും രണ്ടുപക്ഷം എന്നല്ലേ.. പക്ഷെ ഒരു നിലപാട് എടുത്ത് അതില്‍തന്നെ ഉറച്ചുനില്‍ക്കാന്‍ ഒരു കഴിവ് വേണം. അത് കാണിച്ചാല്‍ അതും തെറ്റാണെന്ന് വ്യാഖ്യാനിക്കപ്പെടും.

  ReplyDelete
  Replies
  1. സുധീരന് ജനമനസ്സുകളില്‍ ഉള്ള സ്ഥാനം മനസ്സിലായി.ആ വിശ്വാസം തെറ്റാതിരിക്കട്ടെ

   Delete
 11. അയാളുടെ നിലാപാടുകളില്‍ അന്നും ഇന്നും മാറ്റം വന്നു എന്ന് തോന്നുന്നില്ല. ഒരു സംഘടനയുടെ തലപ്പത്തിരിക്കുംപോള്‍ കണ്ണടക്കേണ്ടതു പലതും അയാള്‍ ചെയ്യുന്നില്ല എന്നതാണ് പോരായ്മ. ജനാധിപത്യത്തെക്കാള്‍ ആദര്‍ശത്തില്‍ വിശ്വസിക്കുമ്പോള്‍ അതൊരു പോരായ്മയാണോ? കേരളത്തിലെ മദ്യാസക്തിയുടെ കണക്കു നോക്കൂ...ലോകത്തില്‍ നമ്പര്‍ വന്‍ ആണ്. ഒരാള്‍ വിചാരിച്ചാല്‍ ഒന്നും നടക്കാന്‍ പോകുന്നില്ലന്നു നാം പറയാറുണ്ട്‌. എത്രകാലം അയാള്‍ക്ക് പിടിച്ചു നില്‍ക്കനാവുന്നുവോ അത്രയും നന്ന് എന്നെ പറയാനുള്ളൂ. മദ്യാസക്തി കുറച്ചു കൊണ്ടുവരികയാണ് സര്‍ക്കാര്‍ നയം എന്ന് പറയുകയും പിന്‍വാതിലിലൂടെ കള്ളുകച്ചവടം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്.

  ReplyDelete
  Replies
  1. ഒരു വശത്ത് ബിവറേജ് ഔട്ട് ലെറ്റുകള്‍ പെരുകുമ്പോള്‍ മറുവശത്തു 418 ബാറുകളെ എതിര്‍ക്കുന്നതില്‍ എന്തു സത്യസന്ധതയാണുള്ളത്?സമ്പൂര്‍ണ്ണ മദ്യനിരോധനത്തിന് വേണ്ടി നിലനിന്നിരുന്നെങ്കില്‍ ഞാന്‍ മാനിക്കുമായിരുന്നു.എന്‍റെ ചെറുപ്പകാലത്ത് മലബാറില്‍ മദ്യനിരോധനമായിരുന്നു.രണ്ടോ മൂന്നോ കള്ള വാറ്റുകാരും കുടിച്ചാല്‍ മറ്റാരും അറിയാത്ത വിധത്തില്‍ പെരുമാറുന്ന കുറച്ചു കൂടിയന്‍മാരുമാണ് അന്നുണ്ടായിരുന്നത്.1967ല്‍ അധികാരത്തില്‍ വന്ന ഇ‌എം‌എസ് ആണ് മദ്യനിരോധനം എടുത്തുകളഞ്ഞത്.രണ്ടു ലീഗുമന്ത്രിമാരും കൂടി ഉള്‍പ്പെട്ട മന്ത്രിസഭയാണ് അന്ന് ആ തീരുമാനം എടുത്തത്.

   Delete
  2. അതെ. മുക്കിനു മുക്കിനു ബിവറെജുകള്‍ ഉള്ളിടത്തോളം ഒരിക്കലും മദ്യ ലഭ്യത കുറയില്ല. ബാര്‍ നിലനിര്‍ത്തി ബിവറേജ് പൂട്ടിയാല്‍ സംഗതി ഓക്കെ. പക്ഷേ...അതിന് ലേശം പാടാ....ലോട്ടറിയും കള്ളുകച്ചവടവും കൊണ്ടല്ലേ സര്‍ക്കാര്‍ കഞ്ഞികുടിച്ചു പോകുന്നത്. അല്ലാതെ ടാക്സ് വെട്ടിപ്പുകാരെ കൊണ്ടല്ലല്ലോ..

   Delete
  3. ഇന്നത്തെ യു.ഡി.എഫ് തീരുമാനം കണ്ടല്ലോ.ഇനി 5സ്റ്റാര്‍ ഹോട്ടലുകള്‍ക്കെ ബാര്‍ ലൈസന്‍സുള്ളൂ.ഞായറാഴ്ച്ച ബിവറേജസ് അടച്ചിടും.ഓരോ വര്‍ഷവും പത്തു ശതമാനം ഔട്ട് ലെറ്റുകള്‍ പൂട്ടും. നിര്‍ദ്ദേശം വെച്ചത് മുഖ്യമന്ത്രി.മദ്യത്തിന്റെ പേരില്‍ കള്ളക്കണ്ണീരൊഴുക്കിയ എല്ലാവര്ക്കും തിരിച്ചടിയാണ് ഇന്നത്തെ തീരുമാനം. സര്ക്കാര്‍ നയപരമായ തീരുമാനമെടുത്താല്‍ കോടതികളും ഇടപെടാന്‍ പറ്റാത്ത അവസ്ഥയിലാവും. മദ്യപിക്കാത്ത എക്സൈസ് മന്ത്രിയാണ് നമ്മുടേത്.

   Delete
 12. നമ്മുടെ മന്ത്രിപുംഗവന്മാരുടെ(മുസ്ലീം ലീഗടക്കം)
  ബന്ധുമിത്രാധികളുടെ 100 ൽ പരമുള്ള ഹൈക്ലാസ്സ്
  ബാറുകൾ മാത്രം പ്രാവർത്തികമാക്കാൻ വേണ്ടി കൊണ്ട്
  വന്ന നയത്തിന് സുധീരൻ വിലങ്ങ് തടിയായാതാണ് എല്ലാ
  പ്രശ്നത്തിനും കാരണം...
  അല്ലാതെ സുധീരൻ ഗാന്ധിയനായതുകുണ്ടൊന്നുമല്ല..
  മദ്യത്തിൽ നിന്നുള്ള വരുമാനം ഇല്ലാതാകുമ്പോൾ കാണാം സാധാ
  ലൊട്ട് ലൊടുക്ക് സ്ഥാപനങ്ങൾ വരെ കയറിയിറങ്ങി നികുതി പിരിവുകാരുടെ വിളയാട്ടം

  ReplyDelete
  Replies
  1. കല്യാണമൊക്കെ മംഗളമായി കഴിഞ്ഞു തിരിച്ചു ബിലാത്തിയിലെത്തിയല്ലോ അല്ലേ,
   സുധീരനും സഹപ്രവര്‍ത്തകരുമായുള്ള മോശം ബന്ധം നീണ്ടകാലമായി രാഷ്ട്രീയം നിരീക്ഷിക്കുന്ന എല്ലാവര്ക്കും അറിയാം.മദ്യത്തില്‍ നിന്നുള്ള വരുമാന നഷ്ടം ഇപ്പോള്‍ ചെയ്യുന്നതുപോലെ നികത്താവുന്നതെ ഉള്ളൂ.പക്ഷേ പ്രായോഗികമായി നടപ്പാക്കാവുന്ന ഒന്നല്ല മദ്യ നിരോധനം.അത് നിരോധനത്തിന് വേണ്ടി വായിട്ടലക്കുന്ന എല്ലാ മേനിമാര്‍ക്കും അറിയാം.ആദര്‍ശം പറയുന്നവരുടെ മനസ്സ് ഒന്നു കീറിമുറിച്ച് നോക്കുമ്പോഴറിയാം അതിലെ കാന്‍സര്‍

   Delete
 13. ആരും പൂർണ്ണരല്ല ..
  സുധീരനും അതെ ..
  എന്നാലും ഈ കാലത്ത് അദ്ധേഹത്തെ പോലെ വേറൊരു നേതാവിനെ ചൂണ്ടി കാണിക്കാൻ പ്രയാസമാണ് ..
  തെറ്റും ശരിയും നോകി ആണ് അഭിപ്രായങ്ങൾ പരിഗണിക്കേണ്ടത് ..
  അല്ലാതെ ഭൂരിപക്ഷവും ന്യൂനപക്ഷവും നോകി അല്ല എന്നാണ് എൻറെ അഭിപ്രായം ..

  ReplyDelete
  Replies
  1. വെട്ടത്താന്‍19 October 2014 at 19:00

   താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു.

   Delete
 14. ഇന്ന് ഈ പോസ്റ്റിലെ കമന്റുകൾ വായിക്കുമ്പോൾ മുമ്പ്‌ നടന്ന ഒരു സംഭവം ഓർമ്മ വരുന്നു. ഇവിടെ ഉണ്ടായിരുന്ന ഒരു ഫാമിലിയിലെ കുട്ടിക്ക്‌ നാട്ടിൽ റവന്യൂ വകുപ്പിൽ ജോലി കിട്ടി. ദൈവഭയത്തിൽ വളർന്ന ആ കുട്ടി പിന്നെ കണ്ടപ്പോൾ അവിടത്തെ അനുഭവം പറഞ്ഞു. അവൾ കൈക്കൂലി വാങ്ങുകയോ അതിൽ പങ്ക്‌ പറ്റുകയോ ചെയ്യില്ല എന്ന് പറഞ്ഞപ്പോൾ "എല്ലാരും വാങ്ങുമ്പോ നീ മാത്രം അത്ര പുണ്യാളത്തി ആകുകയൊന്നും വേണ്ട" എന്ന് ശകാരിച്ചത്രെ.

  ഭൂരിപക്ഷം എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല!!!

  ReplyDelete
  Replies
  1. നീ മാത്രം പുണ്യവാളന്‍/ പുണ്യവാളത്തി ആകേണ്ട എന്ന വചനം സര്‍വ്വീസ് ജീവിത കാലത്ത് പല കോണില്‍ നിന്നും പറഞ്ഞു കേട്ടിട്ടുണ്ട്. കൈക്കൂലി വാങ്ങി വീതം വെക്കുന്ന ഒഫ്ഫീസുകളിലെ സ്ഥിരം പല്ലവിയാണതു.
   ഭൂരിപക്ഷം എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. സത്യം. പക്ഷേ ഇപ്പോള്‍ അഞ്ചു സ്ഥാനാര്‍ത്ഥികളെ പുറത്താക്കണമെന്ന വാശിയില്‍ ആദര്‍ശമൊന്നുമില്ല. വെറും വ്യക്തി വൈരാഗ്യം മാത്രം.യഥാര്‍ത്ഥ വില്ലന്‍ സുധീരനല്ല,അത് ഇവിടെയും ഭരിക്കണമെന്ന് ആഗ്രഹിക്കുന്ന ആന്റണിയാണ്.

   Delete
 15. സുധീരന്റെ നാലു സ്ഥാനാർഥികൾക്കെതിരെ സ്വീകരിച്ച കടും പിടുത്തം പച്ചയായ ഏകാധിപത്യമാണു. ഇദ്ദേഹം അതാത്‌ മണ്ഡലം, ജില്ലാകമ്മിറ്റികളുടെ അഭിപ്രായം ആരാഞ്ഞിട്ടു നടപ്പിലാക്കിയതല്ല. സ്വയം എടുത്ത ഏകാധിപത്യപരമായ തീരുമാനമാണത്‌. ഇത്‌ നഷ്ടപ്പെടുത്തിയത്‌ യു ഡി എഫ്‌ നു ഒരുപക്ഷേ ലഭിച്ചേക്കമായിരുന്ന ഭരണ തുടർച്ചയ്ക്കുള്ള ഒരു അവസരമായിരുന്നു. കളങ്കിതരായവരുടെ ആ നാലു മണ്ഡലങ്ങളിൽ മാത്രം ഒതുക്കാമായിരുന്ന ഒരു വിഷയം, ഇതുപോലെ വഷളാക്കി 140 മണ്ഡലങ്ങളിലും കാര്യമായി ബാധിക്കുന്ന വിധത്തിൽ വഷളാക്കിയത്‌ സുധീരൻ ഒരൊറ്റ ഒരാളാണു. തെരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസ്സ്‌ അധികാരത്തിലെത്തുമായിരുന്നെങ്കിൽ ഈ നാലുപേരെ മന്ത്രി പദവി നൽകാതിരിക്കുന്നതിനു ഈ വാശി കാട്ടിയിരുന്നെങ്കിൽ ഇന്നത്തെ സ്ഥതിവിശേഷം ഒഴിവാക്കാമായിരുന്നു. ഇയ്യളുടെ ആദർശത്തിന്റെ കട്ടി പ്രതാപന്റെ നാടകത്തിൽ നിന്നും മനസ്സിലാകും..ഏതായാലും തെരഞ്ഞെടുപ്പിനു ശേഷം നല്ലൊരു അങ്കം പ്രതീക്ഷിക്കാം.

  ReplyDelete
  Replies
  1. കരുണാകരന്‍റെ വീട്ടിന്‍റെ അകത്തളങ്ങളില്‍ നിന്നു പുറത്താകുന്നതിന് മൂന്‍പേ സുധീരനെ ശ്രേദ്ധിക്കാറുണ്ട്.അന്നൊക്കെ ഇമേജ് ബില്‍ഡിങ് ആണ് പ്രധാന എക്സര്‍സൈസ്. എന്നും താങ്ങും തണലുമായി നിന്നിട്ടുള്ളത് ആന്റണിയാണ്. കൂടെ നിന്നു കരുണാകരന്‍റെ അനിഷ്ടം ഏറ്റുവാങ്ങിയ സുഹൃത്തുക്കളോട് ഒരക്ഷരം പറയാതെ ആന്‍റണി കേന്ദ്രമന്ത്രിയാകാന്‍ പോയപ്പോള്‍ പഴയ എ ഗ്രൂപ്പുകാര്‍ ആന്‍റണി ഗ്രൂപ്പല്ലാതായി. അന്ന് തൊട്ട് ഉമ്മന്‍ ചാണ്ടിയും സുഹൃത്തുക്കളും ആന്‍റണിയുടെ ശത്രുക്കളായി. ഉമ്മന്‍ ചാണ്ടിയെ നിയന്ത്രിക്കാന്‍ ആന്‍റണി നൂലില്‍ ഇറക്കിയതാണ് സുധീരനെ. ഏല്‍പ്പിച്ച പണി അയാള്‍ ഭംഗിയായി ചെയ്യുന്നുണ്ട്.

   Delete

Related Posts Plugin for WordPress, Blogger...