Google+ Followers

Wednesday, 19 October 2011

കാക്കനാടന് ആദരാഞ്ജലികള്‍ .

                                           ജോര്‍ജു വര്‍ഗ്ഗീസ്‌ കാക്കനാടന്‍ അന്തരിച്ചു.മലയാള കഥാ സാഹിത്യത്തെ ലോക നിലവാരത്തിലെത്തിച്ച കലാപകാരി.സംഭവ പരമ്പരകളുടെ കഥക്കൂട്ടുകള്‍ക്കപ്പുറം  മനസ്സിന്റെയും അവസ്തകളുടെയും വിഭിന്ന മേഘലകളിലൂടെ മലയാളിയെ നയിച്ച പ്രതിഭാശാലി.മലയാള കഥാ സാഹിത്യത്തില്‍ ആധുനികതയുടെ പിതാവ്.വിശേഷണങ്ങള്‍ അനവധിയാണ്.പക്ഷെ ,ഇന്നത്തെ തലമുറ ഞങ്ങളറിഞ്ഞതുപോലെ കാക്കനാടനെ അറിഞ്ഞിട്ടുണ്ടാവില്ല.കാരണം എന്പതുകള്‍ക്ക് ശേഷം അദ്ദേഹം വളരെകുറച്ചേ എഴുതിയിട്ടുള്ളൂ.ബന്ധങ്ങളും സൌഹൃദങ്ങളും ആ കഥാകാരനെ  കൊല്ലത്ത് തന്നെ തളച്ചിട്ടു.                                         അറുപതുകളിലും എഴുപതുകളിലും മലയാള കഥാ രംഗത്ത് കാക്കനാടന്‍ തുടങ്ങി വെച്ച വിസ്ഫോടനം നമ്മുടെ ചെറുകഥയെ ലോകനിലവാരത്തിലെത്തിച്ചു. ധാരാളം ചെറുപ്പക്കാര്‍ വായനയുടെ ലോകത്തേക്ക് ഇരച്ചു വന്നു.പുതിയ രചന രീതികള്‍ക്കും,പുതിയ കാഴ്ചപ്പാടുകള്‍ക്കും ധാരാളം അനുകരണങ്ങളുണ്ടായി.ചരസ്സും ഭാന്ഗും കഞ്ചാവും കഥാ ലോകത്ത് ധൂമ പടലം ഉയര്‍ത്തി.പക്ഷെ കഞ്ചാവിന്റെ പുകയില്‍ തളര്‍ന്ന കഥകള്‍ അല്ല കാക്കനാടന്‍ എഴുതിയത്.പുതിയ ചിന്ത,പുതിയ ദര്‍ശനങ്ങള്‍,പുതിയ കാഴ്ചപ്പാടുകള്‍ ആ കഥകളിലൂടെ ഉരുത്തിരിഞ്ഞു വന്നു.സെക്സിന് പുതിയ മാനങ്ങളുണ്ടായി.അതുവരെയുള്ള സ്ത്രീ പുരുഷ ബന്ധങ്ങളെ പോളിച്ചെഴുതുന്നവയായിരുന്നു മിക്ക കഥകളും. മലയാളത്തിലെ പന്ധിതന്മന്യന്മാര്‍ ഈ നവ ധാരയെ എതിര്‍ക്കുകയും അപലപിക്കുകയും ചെയ്തു.പക്ഷെ ചെറുപ്പക്കാരുടെ ഒരു വലിയ സംഘം ഈ മാറ്റത്തെ നെഞ്ചിലേറ്റി. മുകുന്ദന്‍,എം.പി.നാരായണ പിള്ള, പുനത്തില്‍ കുഞ്ഞബ്ദുള്ള,കെ.എല്‍.മോഹന വര്‍മ,സേതു,സക്കറിയ, എന്‍.എസ.മാധവന്‍ അങ്ങിനെ നിരവധി നല്ല കഥാകാരന്മാര്‍ മലയാളത്തിലുണ്ടായി.

                                         എഴുപത്തി ഒന്നില്‍ കാക്കനാടനെ നേരില്‍ കാണാന്‍ ഒരവസരം ഉണ്ടായി.ഞങ്ങളുടെ കോളേജില്‍ അദ്ദേഹം പ്രസംഗിച്ചു.സാധാരണ ഇത്തരം പരിപാടികള്‍ നിരന്തരമായ കൂവലുകള്‍ കൊണ്ട് തടസ്സപ്പെടും.പക്ഷെ കാക്കനാടന്‍ സംസാരിച്ച ഒരു മണിക്കൂര്‍ സദസ്സ് വീര്‍പ്പടക്കി ശ്രദ്ധിച്ചു.അദ്ദേഹം വെളിച്ചത്തെക്കുറിച്ചാണ്  പറഞ്ഞത്.വെളിച്ചത്തില്‍ നിന്ന് ഇരുട്ടിലേക്കും,നന്മ തിന്മകളിലെക്കും,സത്യാസത്യങ്ങളിലെക്കും പടര്‍ന്നു കയറിയ ആ പ്രഭാഷണം ഭാരതീയ ചിന്തയുടെ മര്‍മ ഭാഗങ്ങളെ തഴുകി ഒഴുകി. ഞാന്‍ ഇന്ന് വരെ കേട്ടിട്ടുള്ള നല്ല പ്രഭാഷണങ്ങളില്‍ ഒന്ന്.ഒരു കാര്യം മനസ്സിലായി-ആ കഥകള്‍ വെറും ജാടയല്ല.അറിവുള്ളവന്റെ,അറിവ് തേടുന്നവന്റെ പ്രതിഭയില്‍ നിന്നുയിര്‍ കൊണ്ടവയാണ് കാക്കനാടന്റെ കഥകള്‍.

                                           "ഉഷ്ണമെഖല" യാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട കാക്കനാടന്‍ കൃതി.മലയാളത്തിലെ ഏറ്റവും നല്ല പത്ത് നോവലുകളില്‍ ഒന്നായി ഞാനിതിനെ വിലയിരുത്തുന്നു.അദ്ദേഹം എഴുതിയ എണ്ണമറ്റ കഥകളെ  വിട്ടു കളയുന്നില്ല .ശ്രീചക്രവും ,യുധ്ധാവസാനവും മറ്റും ആര്‍ക്കു മറക്കാന്‍ പറ്റും?.ഇത് പക്ഷെ പെട്ടെന്ന് ഓര്‍മയില്‍ നിന്ന് എടുത്തെഴുതിയതാണ്.ഏഴാം മുദ്രയുടെ രചനാ കൌശലം ,ഭാഷ എന്നെ മോഹിപ്പിച്ചിട്ടുണ്ട്‌.

                                          ആധുനിക കഥകള്‍ എഴുതി എന്നത്  മാത്രമല്ല കാക്കനാടന്റെ സംഭാവന.മലയാളം അന്ന് വരെ തുടര്‍ന്നു പോന്ന രീതികളില്‍ ഒരു പൊളിച്ചെഴുത്തിനു കാരണമായി ആ കഥകള്‍.കഥാ രംഗത്തേക്ക് വായനക്കാരുടെയും എഴുത്തുകാരുടെയും ഒരു കുത്തൊഴുക്ക് തന്നെ ഉണ്ടായി.കൂട്ടത്തില്‍ ധാരാളം കള്ള നാണയങ്ങളും .അവരില്‍ ചിലര്‍ ഇപ്പോഴും നമ്മെ ദ്രോഹിച്ചു കൊണ്ടിരിക്കുന്നു.

മലയാള കഥാ സാഹിത്യത്തെ ഉന്നതങ്ങളിലെത്തിച്ച കാക്കനാടന്  ആദരാഞ്ജലികള്‍ .

No comments:

Post a Comment

Related Posts Plugin for WordPress, Blogger...