Google+ Followers

Monday, 23 January 2012

മുല്ലപ്പെരിയാറിന്‍റെ ബാക്കി പത്രം.          മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ബലക്ഷയത്തേകുറിച്ചും പുതിയ അണ കെട്ടുന്നതിനെക്കുറിച്ചും ഉള്ള കോലാഹലങ്ങള്‍ കെട്ടടങ്ങി.എന്തിന്,ഈ വിഷയത്തില്‍ ഒരു ബന്ദ് നടന്നത് പൊളിഞ്ഞു പാളീസായി.ഏത് നീര്‍ക്കോലി ബന്ദ് പ്രഖ്യാപിച്ചാലും ഉല്‍സാഹത്തോടെ  അത് നെഞ്ചിലേറ്റുന്ന നാടാണ് നമ്മുടേത്.ഇപ്രാവശ്യം,ഇടുക്കി ജില്ലക്ക് പുറത്തുള്ളവര്‍ ബന്ദാഹ്വാനം നിഷ്ക്കരുണം തള്ളിക്കളഞ്ഞു.കടകള്‍ തുറന്നു,വാഹനങ്ങള്‍ പതിവ് പോലെ ഓടി,വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചു.എന്തിന്,ബന്ദാഹ്വാനം ഉല്‍സവമാക്കിമാറ്റുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ പോലും ഓഫീസുകളിലെത്തി.


ബന്ദിന്‍റെ പരാജയം ഉണര്‍ത്തുന്ന ചില ചോദ്യങ്ങളുണ്ട്?

മുല്ലപ്പെരിയാര്‍ ഡാം തകരുമെന്നുള്ള പ്രചരണം മലയാളികള്‍ പോലും വിശ്വസിച്ചില്ലെ? മന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്‍റെയും,എം.എല്‍.എ മാരുടെയും സമരങ്ങളെ,വെറും വായ്ത്താരിയായാണോ ജനം കണ്ടത്? രാഷ്ട്രീയ സ്വാധീനം കൂട്ടാനുള്ള തന്ത്രങ്ങള്‍ മാത്രമാണു ഈ ഒച്ചപ്പാട് എന്നു ജനത്തിന് തോന്നിയോ?

അതോ ,ഡാം പൊട്ടുകയോ പൊട്ടാതിരിക്കുകയോ ചെയ്യട്ടെ അത് എന്നെ ബാധിക്കുന്ന കാര്യമല്ല എന്നു ഇടുക്കിക്ക് പുറത്തുള്ളവര്‍ കരുതിയോ?

ഉത്തരം എന്തായാലും സമരവും,പ്രതി സമരവും തന്ന വേറെ കുറെ അറിവുകളുണ്ട്.

ഒരു മാസത്തോളം,തമിള്‍ നാട്ടില്‍ നിന്നു കേരളത്തിലേക്കും, തിരിച്ചുമുള്ള ചരക്ക് നീക്കം സുഗമമായി നടന്നില്ല. വാഹന ഗതാഗതം തന്നെ തടസ്സപ്പെട്ടു.ശബരിമലയിലേക്കുള്ള തീര്‍ഥാടനത്തില്‍ പോലും ഗണ്യമായ കുറവുണ്ടായി.തേനിയില്‍ നിന്നും കമ്പത്തു നിന്നും വന്ന തമിഴന്‍മാര്‍ കുമളിയില്‍ ഗുണ്ടായിസം കാട്ടി ഒരു  കുഴപ്പവുമില്ലാതെ തിരിച്ചു പോയി.

ഭൂമി വിലയിലെ കുറവും,കുറഞ്ഞ കൂലി നിരക്കും പരിഗണിച്ചു അതിര്‍ത്തി ഗ്രാമങ്ങളില്‍ മുതല്‍ മുടക്കിയിരുന്ന മലയാളികള്‍ ജീവനും കൊണ്ട് രക്ഷപ്പെടേണ്ടി വന്നു.അവരുടെ സമ്പത്തു വ്യാപകമായി കൊള്ളയടിക്കപ്പെട്ടു.ഡയറി ഫാമുകളില്‍ കയറി പശുക്കളെ വരെ യഥേഷ്ട്ടം അടിച്ചു കൊണ്ടുപോകുന്ന വാര്‍ത്തകള്‍ വന്നു. തീര്‍ന്നില്ല ,ഇടുക്കി, തമിഴര്‍ക്ക് ഭൂരിപക്ഷമുള്ള ജില്ലയാണെന്നും അതുകൊണ്ടത് തമിള്‍ നാട്ടില്‍ ചെര്‍ക്കണമെന്നും വാദമുയര്‍ന്നു.

ചരക്ക് നീക്കം സ്തംഭിച്ചുവെങ്കിലും കോഴിക്കു കാര്യമായ ക്ഷാമമുണ്ടായില്ല.അടുത്ത കാലത്ത് നമ്മുടെ നാട്ടില്‍ കോഴിക്കൃഷി വ്യാപകമായതാണ് കാരണം.പക്ഷേ പച്ചക്കറിയ്ക്കും പൂക്കള്‍ക്കും ക്ഷമമുണ്ടായി. ശബരിമല തീര്‍ഥാടനക്കാലമായിരുന്നു,കൂടെ  ക്രിസ്തുമസ്സും, പക്ഷേ സര്ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചതു കൊണ്ട് ആവശ്യത്തിന് പച്ചക്കറി ന്യായമായ വിലയ്ക്ക് നമുക്ക് ലഭിച്ചു. ഭാവിയിലേക്ക് എത്തി നോക്കുമ്പോള്‍ നാം അടിയന്തിരമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

1.തൊഴില്‍ സമരങ്ങളുടെയും,കൂലിക്കുറവിന്റെയും പേരില്‍ അന്യ സംസ്ഥാനങ്ങളില്‍ മുതല്‍ മുടക്കുന്നത് അവസാനിപ്പിക്കണം . നിങ്ങളുടെ നിക്ഷേപം മറ്റ് സംസ്ഥാനങ്ങളില്‍ തീരെ സുരക്ഷിതമല്ല.

2.എന്തെങ്കിലും കാരണം പറഞ്ഞു ,സമര പരമ്പരകളിലൂടെ നമ്മുടെ കുട്ടികളെ അന്യ സംസ്ഥാനങ്ങളിലെ എഞ്ചിനീയറിങ് കോളേജുകളിലും ,മറ്റ് സാങ്കേതിക സ്ഥാപനങ്ങളിലും എത്തിച്ച് കൊടുക്കുന്ന ലോബികളെ കര്‍ശനമായി തടയണം.നമ്മുടെ കുട്ടികള്‍ക്ക് വേണ്ട സൌകര്യം ഇവിടെത്തന്നെയുണ്ട്.നമ്മുടെ സമ്പത്തു ഇവിടെത്തന്നെ ചിലവഴിക്കാന്‍ കഴിഞ്ഞാല്‍ സംസ്ഥാനത്തിന്റെ സര്‍വ്വതോന്‍മുഖമായ പുരോഗതിക്ക് അത് കാരണമാകും.

3.അന്യ സംസ്ഥാന തൊഴിലാളികള്‍ നമുക്ക് ഒരു ബാധ്യതയായി മാറുകയാണ്.ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്ത അവസ്ഥ നില നില്‍ക്കുമ്പോള്‍ നമ്മുടെ ചെറുപ്പക്കാര്‍ മറ്റ് ദേശങ്ങളില്‍ കഷ്ട്ടപ്പെടുകയാണ്.തൊഴിലിന്‍റെ മഹത്വം സ്വന്തം നാട്ടില്‍ അറിയില്ല എന്നു നടിക്കുന്ന ഒരു സമൂഹമാണ് നാം.തൊഴില്‍ സഹകരണ സംഘങ്ങളിലൂടെ, ജോലി ചെയ്തു (നോക്കൂ കൂലി വാങ്ങിയല്ല) നമുക്ക് മുന്നെറാം.ഊരാളുങ്കല്‍ സൊസൈറ്റിയുടെ തിളങ്ങുന്ന ഉദാഹരണം നമ്മുടെ മുന്നിലുണ്ട്.ചെറിയ ചെറിയ ജോലികള്‍ക്ക് യന്ത്രവല്‍ക്കരണം കൂടിയേ തീരൂ.ഇപ്പോള്‍ത്തന്നെ കാട് വെട്ടുന്ന യന്ത്രങ്ങള്‍ വ്യാപകമായി കഴിഞ്ഞു.

4.പച്ചക്കറി ഉല്‍പ്പാദനം കൂട്ടാന്‍ തീവ്ര നടപടികള്‍ വേണം.ശ്രമിച്ചാല്‍ നമുക്ക് നേടാവുന്ന ഒരു ലക്ഷ്യമാണ് അത്.വെറും അഞ്ചു സെന്റ്റ് സ്ഥലത്തു വീടും നാലു തെങ്ങുമുള്ളവര്‍ ആവശ്യത്തിന് പച്ചക്കറിയുണ്ടാക്കുന്നത് ഞാന്‍ കാണുന്നുണ്ട്.ചില നിര്ദേശങ്ങള്‍ വെയ്ക്കട്ടെ.

ധാരാളം സര്ക്കാര്‍ ഭൂമി ഓരോ സ്ഥാപനങ്ങളുടെ കൈവശവും ഉപയോഗിക്കപ്പെടാതെ കിടപ്പുണ്ട്.ഒരു നിശ്ചിത തുക വാടക വാങ്ങി ഈ ഭൂമി പച്ചക്കറി കൃഷിക്കായി വിട്ടു കൊടുക്കണം.കൃഷി ചെയ്യാതിരുന്നാല്‍ ,അല്ലെങ്കില്‍ പച്ചക്കറി കൃഷി അല്ലാതെ എന്തെങ്കിലും നടത്തിയാല്‍ ലീസ് ക്യാന്‍സല്‍ ചെയ്യപ്പെടുന്ന വിധത്തിലുള്ള എഗ്രിമെന്‍റ് ആയിരിക്കണം ഉണ്ടാക്കേണ്ടത്.ഇതിന് മേല്‍നോട്ടത്തിന് ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും സമിതികളും വേണം.നമ്മുടെ ആവശ്യത്തിന് അരി ഉല്പ്പാദിപ്പിക്കാന്‍ നിവൃത്തിയില്ല.പക്ഷേ പച്ചക്കറിക്കും കോഴിക്കും,പാലിന്നുമൊക്കെ മറ്റുള്ളവരെ ആശ്രയിക്കുന്ന ഇന്നതെ അവസ്ഥ ശ്രമിച്ചാല്‍ നമുക്ക് മാറ്റാവുന്നതെ ഉള്ളൂ.

മുല്ലപ്പെരിയാര്‍ സമരം കൊണ്ട് ഇങ്ങനെ കുറച്ചു തിരിച്ചറിവുകളെങ്കിലും നമുക്ക് ഉണ്ടായെങ്കില്‍.........

3 comments:

 1. നിർദ്ദേശങ്ങൾ ഉഷാർ ആയിട്ടുണ്ട്. പ്രാവർത്തികമാക്കാൻ ആളെ കിട്ടുന്നതിലാണ് കഷ്ടപ്പാട്.

  ReplyDelete
 2. ഗുഡ് ഗുഡ് ....... ഇക്കേ നില്‍ക്കുംപോക്കര പച്ച എന്നാ മട്ടിലാണ് കാര്യം .....

  മുല്ലപെരിയാരുമായി ബന്ധിപ്പിച്ചു ഞാന്‍ എഴുതിയ രണ്ടു ലേഖനങ്ങളിലേക്ക് ക്ഷണിക്കുന്നു !

  തമിഴ്‌ രാഷ്തൃയാതെ കുറിച്ച് : രാഷ്ട്രിയ ദുരന്തം മാടി വിളികുംപോ

  മുല്ലപെഇയാര്‍ രാഷ്തൃയാതെ കുറിച്ച് : മനസിലാക്കുന്നതും മനസിലാക്കാത്തതും

  ReplyDelete

Related Posts Plugin for WordPress, Blogger...