Google+ Followers

Friday, 16 March 2012

നിഹാരയുടെ കിളിക്കൂട് –ഒരാസ്വാദനം.

 
 

    കഥ ജീവിതത്തിന്‍റെ ഒരു പരിച്ഛേദമാണ്.ആരും ഇല്ലായ്മയില്‍ നിന്നു ഒന്നും സൃഷ്ടിക്കുന്നില്ല. കഥാകാരനും, തനിക്ക് ചുറ്റുമുള്ള ലോകത്തുനിന്ന് തന്നെയാണ് കളിമണ്ണ് ശേഖരിക്കുന്നത്.അയാളുടെ അനുഭവങ്ങള്‍,അയാള്‍ക്കുചുറ്റുമുള്ളവരുടെ അനുഭവങ്ങള്‍,അയാള്‍ പറഞ്ഞുകേട്ട ജീവിതങ്ങള്‍ എല്ലാമാണ് അയാളുടെ അസംസ്കൃത വസ്തുക്കള്‍.ചളി കുഴച്ചുമറിച്ച് അയാളൊരു പുതിയ രൂപം സൃഷ്ടിക്കുന്നു.അടസ്ഥാനപരമായി കളിമണ്ണ് തന്നെയാണ്.പക്ഷേ ശില്‍പ്പിയുടെ മികവനുസരിച്ചു രൂപത്തിന്‍റെ അലകും പിടിയും മാറും.അഴകും സൌകുമാര്യവും കൂടും.ഒരു കഥ,അത് എന്താണെന്നതിലുപരി എങ്ങനെ പറഞ്ഞൂ എന്നതിനാണ് പ്രസക്തി.ഒരു സംഭവം, അതെങ്ങിനെ കാണുന്നു എന്നതാണു കഥാകാരനെ വ്യതിരിക്തനാക്കുന്നത്.എന്തും സാധാരണരീതിയില്‍ കാണുന്നവനല്ല കഥാകാരന്‍.അവന്‍റെ ആറാമിന്ദ്രിയമാണ്,എന്തും വരികള്‍ക്കിടയിലൂടെ വായിക്കാനുള്ള കഴിവാണ്, അവനെ വ്യത്യസ്ഥനാക്കുന്നത്.
    മലയാളത്തില്‍ കഥയുടെ സുവര്‍ണ്ണകാലം കഴിഞ്ഞുപോയോ എന്നു സംശയിപ്പിക്കുന്ന വിധത്തിലാണ് കാര്യങ്ങളുടെപോക്ക്.എടുത്തുപറയാവുന്ന കഥാകാരന്മാരൊന്നും കഴിഞ്ഞ പത്തുവര്‍ഷമായി രംഗത്തെത്തിയിട്ടില്ല.മികച്ചത് എന്നു പറയിക്കുന്ന ഒരു കഥ അടുത്തകാലത്തൊന്നും വായിച്ചിട്ടില്ല. ഈ ദാരിദ്ര്യം കഥയുടെ കാര്യത്തില്‍ മാത്രമല്ല.നമ്മുടെ അംഗീകൃത കവികളാരും അടുത്തകാലത്ത് നല്ലൊരു കവിത എഴുതിയിട്ടില്ല. നോവല്‍ രംഗത്താണെങ്കില്‍ ,ബഞ്ചമിനെയും,രാജീവിനെയും പോലെ വാഗ്ദാനങ്ങളാണെന്ന് തോന്നിപ്പിക്കുന്ന അപൂര്‍വ്വം ചിലരെ മാറ്റി നിര്‍ത്തിയാല്‍, ഒരുപറ്റം,വ്യാജന്‍മാരും,വിഡ്ഡികളും ആണ് അരങ്ങുവാഴുന്നത്.
    ഇത് മലയാളത്തിന്‍റെ മാത്രം പ്രശ്നമാണെന്ന് പറയാന്‍ വയ്യ.ഇന്ത്യന്‍ഭാഷകളില്‍ ഒന്നുംതന്നെ ,നമ്മെ നിര്‍ബ്ബന്ധമായും വായിപ്പിക്കുന്ന ഒരു പുതിയ കഥാകാരന്‍ ഉയര്‍ന്നു വന്നിട്ടില്ല.ക്ലിക്കുകളുടെ പിന്‍ബലത്തോടെ അവിടെയും ഇവിടെയും പേരുകേള്‍പ്പിച്ചു വന്നവരൊക്കെ വന്ന വേഗത്തില്‍ തകര്ന്നടിയുകയും ചെയ്യുന്നു.
    വായനക്കാരുടെ കുറവാണോ നല്ല എഴുത്തുകാരുടെ അഭാവത്തിന് കാരണം? ഒരു യഥാര്‍ത്ഥ പ്രതിഭ വായനക്കാരെ കണ്ടുകൊണ്ടല്ല എഴുതുന്നതു.അയാള്‍ക്കത് ഒരു തപസ്യയാണ്.ആല്‍മാവിഷ്കാരമാണ്.മറ്റെല്ലാം പിന്നാലേ വരുന്നതാണ്.പക്ഷേ ഒരു സാധാരണ എഴുത്തുകാരന് വായനക്കാര്‍ ഒരു പ്രശ്നം തന്നെയാണ്.എഴുതിയത് വായിക്കപ്പെടുന്നതിലൂടെ,ആദരിക്കപ്പെടുന്നതിലൂടെയാണ് അയാള്‍ക്ക് വേണ്ട ഊര്‍ജ്ജം കിട്ടുന്നത്.ആ ഊര്‍ജ്ജം കിട്ടാതാവുന്നതോടെ അയാളുടെ എഴുത്ത് മുരടിച്ചുപോകുന്നു.
    പുതിയ കാലത്തിനനുയോജ്യമായ മാധ്യമമാണ് ഇന്‍റര്‍നെറ്റ്.പുതു എഴുത്തുകാര്‍ക്കും വളര്‍ന്നുവരുന്നവര്‍ക്കും എഴുതിവളരുവാന്‍ ഒരു സാഹചര്യം അതൊരുക്കുന്നുണ്ട്.പക്ഷേ വാളെടുത്തവനൊക്കെ വെളിച്ചപ്പാടാകുന്ന ഒരു ലോകമാണതു.പരസ്പരം പുറംചൊറിഞ്ഞുകൊടുത്ത് സായൂജ്യം നേടുന്നവര്‍ ബൂലോകത്തെ നിസ്സാരവല്‍ക്കരിച്ചുകളയുന്നു.ഗൌരവമായി ഈ മാധ്യമത്തെ നേരിടുന്നതിനും പരിമിതികളുണ്ട്.എന്തായാലും ആഗ്രഹിക്കുന്നവര്‍ക്കൊക്കെ എഴുതാനും,എഴുതിവളരാനും ഇന്നിന്‍റെ ഈ മാധ്യമം വഴിയൊരുക്കുന്നു.
    ശ്രീ ഷാജഹാന്‍ നന്മണ്ടയുടെ (നന്മണ്ടന്‍) “നിഹാരയുടെ കിളിക്കൂട്” എന്ന കഥാസമാഹാരമാണ് ഇത്രയൊക്കെ ചിന്തിക്കാന്‍ വഴിയൊരുക്കിയത്.ബ്ലോഗില്‍ അദ്ദേഹത്തിന്‍റെ കഥകള്‍ നേരത്തെ കണ്ടിരുന്നു.ഒന്നോടിച്ചുവായിച്ചു പോയതല്ലാതെ മനസ്സിരുത്തി വായിക്കാന്‍ കഴിഞ്ഞിരുന്നില്ല.കഴിഞ്ഞദിവസം “ലിപി”യില്‍ പുസ്തകം കണ്ടപ്പോള്‍ ഒന്നു വാങ്ങി. വിസ്തരിച്ചു വായിച്ചു.
    ഈ കഥാസമാഹാരം ഒരു സംഭവമാണെന്ന് പറയാനുള്ള ശ്രമമല്ല ഇത്.”നിഹാരയുടെ കിളിക്കൂട്” മലയാള ചെറുകഥാസരണിയില്‍ ഗുരുവായൂര്‍ കേശവനെപ്പോലെ തലയുയര്‍ത്തി നില്‍ക്കുന്ന ഒരു രചനയുമല്ല.പക്ഷേ വായിച്ചുതുടങ്ങിയാല്‍ മുഴുവനാക്കാന്‍ നിര്‍ബ്ബന്ധിക്കുന്ന എന്തോ ഒന്നു ഇതിലുണ്ട്.ഒന്നൊഴികെ എല്ലാം പ്രവാസികളുടെ നനുത്ത ദു:ഖത്തിന്റെ കഥകളായതുകൊണ്ടാണോ?കടുത്ത ദു:ഖത്തിലും പ്രതീക്ഷയുടെ ഒരു വെള്ളിനൂല്‍ ഇഴചേര്‍ന്നതുകൊണ്ടാണോ?അറിഞ്ഞുകൂടാ. 
    ഈ കഥാകാരന്‍റെ, തെളിനീരരുവി പോലെയുള്ള ഭാഷ  ഹൃദയാവര്‍ജകമാണ്.ആദ്യം പറഞ്ഞതുപോലെ,എന്തുപറഞ്ഞു എന്നതല്ല,എങ്ങിനെ പറഞ്ഞു എന്നതാണു മുഖ്യം.ഷാജഹാന്‍ തന്റെ മനസ്സിലുള്ളത് നന്നായിതന്നെ പറഞ്ഞിട്ടുണ്ട്.തെളിമയോടെ കഥ പറയുന്ന രീതിയാണ് നന്മണ്ടന്‍റേത്. “ഒരു കടപ്പാടിന്‍റെ ഓര്‍മ്മയ്ക്ക്”, മടക്കം”, “പ്രാവുകള്‍ കുറുകുന്നു” എന്നു തുടങ്ങി ഏതാണ്ടെല്ലാക്കഥകളും വായനക്കാരനോടു മുഴുവനായി സംവദിക്കുന്നതാണ്.”ആലംഖാന്‍റെ നഷ്ടപ്പെട്ട ചെമ്മരിയാട്” അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളുടെ ഇടയില്‍പ്പെട്ടുപോകുന്ന പാവം പ്രവാസിയുടെ കഥയാണ്. ഒരുതെറ്റും ചെയ്യാതെ മരണം ഏറ്റുവാങ്ങേണ്ടിവന്ന പ്രാരാബ്ധക്കാരന്റെ കഥ.കലാപഭൂമിയിലെ സ്ഫോടകവസ്തുക്കള്‍ നിര്‍വ്വീര്യമാക്കാന്‍ ചെല്ലുന്ന സചിവോത്തമ വര്‍മ്മയുടെ കഥപറയുന്ന “ബസ്രയിലെ ക്ഷത്രിയന്‍” മറ്റ് കഥകളില്‍ നിന്നു വേറിട്ടുനില്‍ക്കുന്നു.
    കുറ്റങ്ങളും കുറവുകളും? തീര്‍ച്ചയായും ഉണ്ട്.എല്ലാം മിനിക്കഥകളാണ്.മുഴുവന്‍ പറഞ്ഞുതീര്‍ന്നില്ല എന്ന തോന്നലുളവാക്കിയാണ് മിക്ക കഥകളും അവസാനിക്കുന്നത്.അത് ഒരുപരിധിവരെ ബ്ലോഗുകള്‍ നല്‍കുന്ന ശാപമാണ്.നീട്ടിയെഴുതിയാല്‍,വായിക്കാനാളില്ലാതാവുമോ എന്ന ഭയംകൊണ്ടു പല രചനകളും വെട്ടിച്ചുരുക്കേണ്ടിവരുന്നു.നന്മണ്ടനേപ്പോലൊരു എഴുത്തുകാരന്‍ അത്തരം ഭയങ്ങളില്‍ നിന്നു മോചിതനാവേണ്ട സമയം കഴിഞ്ഞു. 
   

11 comments:

 1. നല്ലൊരു വിവരണമായി "നിഹാരയുടെ കിളിക്കൂട്"
  എന്ന ഷാജഹാന്‍ നന്മണ്ടയുടെ ചെറുകഥാസമാഹാരത്തെ
  കുറിച്ചുള്ള ആസ്വാദനക്കുറിപ്പ്.
  പുസ്തകം വാങ്ങിക്കാം.ലൈബ്രറികള്‍ക്ക് വാര്‍ഷികഗ്രാന്‍റെ് കിട്ടുന്ന സമയമാണല്ലോ.
  മറ്റുള്ളവരെയും പ്രേരിപ്പിക്കാം.
  ആശംസകള്‍

  ReplyDelete
 2. പരിചയപ്പെടുത്തല്‍ നന്നായി.

  ReplyDelete
 3. നന്മണ്ടന്റെ രചനകള്‍ വായിച്ചുതുടങ്ങിയിട്ടുണ്ട്. ഈ പരിചയപ്പെടുത്തല്‍ നന്നായി

  ReplyDelete
 4. നന്ദി ഈ പരിചയപ്പെടുത്തലിന്.

  ReplyDelete
 5. നന്നായി ഈ അവലോകനം...

  ReplyDelete
 6. ഷാജഹാന്‍ നന്‍മണ്‌ടന്‌റെ രചനകളെ അദ്ദേഹം എനിക്ക്‌ പരിചയപ്പെടുത്തിയിരുന്നു, വിശദമായ ഒരു വായന്‍ ഇതുവരെ ഉണ്‌ടായിട്ടില്ല. ഇനി ശ്രദ്ധിക്കണം... എന്നാല്‍ ഷാജഹാന്‌റേതായുള്ള ചില കവിതകള്‍ മുമ്പ്‌ വായിച്ചിരുന്നു.

  ReplyDelete
 7. ഈ പുസ്തക പരിചയം നന്നായി ...
  ഒന്ന് രണ്ടു കഥകള്‍ അദ്ദേഹത്തിന്റെ ബ്ലോഗ്ഗില്‍ വായിച്ചിരുന്നു.അടുത്ത മാസം നാട്ടില്‍ പോകുമ്പോള്‍ പുസ്തകം കിട്ടുമോ എന്ന് നോക്കട്ടെ !!

  ReplyDelete
 8. സുഹൃത്തുക്കളേ,ഈ വായനയ്ക്കും നല്ല വാക്കുകള്‍ക്കും നന്ദി.നന്‍മണ്ടന്‍റെ കഥകളുടെ തെളിവുള്ള ഭാഷയാണ് എനിക്കിഷ്ടപ്പെട്ടത്.

  ReplyDelete
 9. പരിചയപ്പെടുത്തൽ നന്നായി. അദ്ദേഹത്തിന്റെ ചില കഥകളൊക്കെ വായിച്ചിട്ടുണ്ട്.

  ReplyDelete
 10. ഈ പരിചപ്പെടുത്തലിലൂടെ ഒന്ന് മനസ്സിലായി ...
  ഷാജഹാൻ നന്മണ്ട നല്ല മണ്ടയുള്ളവനാണ് പ്രത്യേകിച്ച് കഥയെഴുതുന്നതിൽ...

  ReplyDelete
 11. @ ശ്രീ മുരളീ മുകുന്ദന്‍,ആ കമന്‍റ് എനിക്കിഷ്ടപ്പെട്ടു കേട്ടോ.

  ReplyDelete

Related Posts Plugin for WordPress, Blogger...