Friday 9 November 2012

നാണുവിന്‍റെ ഭാര്യ.




    നാണുവിന്‍റെ ഭാര്യയെ ഞാന്‍ കണ്ടിട്ടില്ല. എന്നെപ്പോലെ ആ സ്ത്രീയെ കാണാത്ത ധാരാളം പേര്‍ നാട്ടിലുണ്ടായിരുന്നു. പക്ഷേ നാണുവിന്‍റെ ഭാര്യയുടെ സൌന്ദര്യവും, സ്വഭാവഗുണങ്ങളും ഞങ്ങള്‍ക്കെല്ലാം മനപാഠമായിരുന്നു.

    നാണു ഞങ്ങളുടെ ആസ്ഥാന ബാര്‍ബറായിരുന്നു. മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങളുടെ ഏകാശ്രയം. അച്ഛന്‍ അയ്യപ്പന്‍ ഇളയമകന്‍ ബാലന്‍റെ കൂടെ പൊറുക്കാന്‍ നാടുവിട്ടു പോയപ്പോള്‍ കട നാണുവിനെ ഏല്‍പ്പിച്ചു കൊടുത്തു. അങ്ങിനെ അയ്യപ്പന്‍റെ കട നാണുവിന്‍റെ ബാര്‍ബര്‍ ഷാപ്പായി ’. നല്ല കരിവീട്ടിയുടെ നിറമാണ് നാണുവിന്. സോഡാക്കുപ്പിയുടേത് പോലുള്ള കവിളുകള്‍. കോന്ത്രന്‍പല്ലുകളും എഴുന്നു നില്‍ക്കുന്ന മുടിയും നാണുവിനെ ഞങ്ങളുടെ മുന്നില്‍ വിരൂപനാക്കിയില്ല. നാണു ഒരു പാവമായിരുന്നു.

    തന്‍റെ വൈരൂപ്യം നാണുവിനും പ്രശ്നമായില്ല. അദ്ദേഹത്തിന് വെസ്റ്റ് ഇന്‍ഡീസുകാരന്‍റെ ആത്മ വിശ്വാസമായിരുന്നു. പക്ഷേ മൂന്നാല് പെണ്ണ് കാണല്‍ കഴിഞ്ഞപ്പോള്‍ ആത്മ വിശ്വാസത്തിന്‍റെ രസമാപിനി അല്‍പ്പം താഴോട്ട് പോയോ എന്നൊരു സംശയം. ഏതായാലും സൌദാമിനിയെ പെണ്ണ് കണ്ടു കഴിഞ്ഞപ്പോള്‍ നാണു മനസ്സിലുറപ്പിച്ചു. ഇത് നടന്നാലും നടന്നില്ലെങ്കിലും തന്‍റെ ജീവിതത്തില്‍ ഇനി വേറെ പെണ്ണില്ല. അച്ഛന്‍ മരിച്ചുപോയ സൌദാമിനിയും അമ്മയും തറവാട്ടില്‍ അഗതികളായി കഴിയുകയാണ്. സൌദാമിനിയെ സംബന്ധിച്ചിടത്തോളം മറ്റേത് വീടും സ്വര്‍ഗ്ഗമാണ് എന്ന തോന്നല്‍ കുറെക്കാലമായി ശക്തമാണ്. വീട്ടിലുള്ള എല്ലാവരുടെയും ആട്ടും തുപ്പുമേറ്റ് അവളുടെ മനസ്സ് മരവിച്ചുപോയിരുന്നു. എന്നാലും കല്യാണിക്കു ചെറുക്കനെ പിടിച്ചില്ല. കാണാന്‍ മോശമാണ് എന്നത് മാത്രമായിരുന്നില്ല പ്രശ്നം. വിശന്നിരിക്കുന്നവന്‍റെ മുന്നില്‍ ചക്കപ്പുഴുക്കെന്നപോലെ മുന്നിലെത്തിയ സൌദാമിനിയെ കണ്ടപ്പോള്‍ നാണുവിന് ആകെ ഒരു വെപ്രാളം. ചെറുക്കന് അല്‍പ്പം നൊസ്സുണ്ടോ എന്നായി കല്യാണിക്കു സംശയം. പക്ഷേ സൌദാമിനി ഉറപ്പിച്ച് പറഞ്ഞു. തനിക്കു സമ്മതമാണെന്ന്. ഒരു തീരുമാനം വരാന്‍ വൈകിയപ്പോള്‍ ബ്രോക്കര്‍ നാണപ്പന്‍ വഴി നാണു ഒരു ഓഫര്‍ വെച്ചു. പെണ്ണിന്‍റെ അമ്മയെ സ്വന്തം അമ്മയെപ്പോലെ നോക്കിക്കൊള്ളാം. അതോടെ കാര്യം തീര്‍പ്പായി. നാണുവിന്‍റെ വിവാഹം നടന്നു. എല്ലാവര്‍ക്കും ലാഭം മാത്രമുള്ള ഒരു കച്ചവടമായിരുന്നു അത്. നാണുവിന് ഒരു പെണ്ണ് കിട്ടി. സൌദാമിനിക്കും കല്യാണിക്കും ഒരു ആശ്രയമായി. തറവാട്ടില്‍ നിന്നു രണ്ടു ശല്യങ്ങള്‍ ഒഴിവാകുകയും ചെയ്തു. പക്ഷേ ഒന്നെടുത്തപ്പോള്‍ ഒന്നു ഫ്രീ എന്ന മട്ടിലുള്ള കല്യാണം നാണുവിന്‍റെ ബന്ധുക്കള്‍ക്ക് പിടിച്ചില്ല. താന്‍ പുര നിറഞ്ഞു നിന്നിട്ടും, അനുജന്‍റെ കല്യാണം കഴിഞ്ഞിട്ടും തന്നെ  വേണ്ട വിധത്തില്‍ ഗൌനിക്കാതിരുന്ന വീട്ടുകാരെ നാണുവും പരിഗണിച്ചില്ല. വഴക്കും ബഹളവുമൊന്നും ഉണ്ടായില്ലെങ്കിലും, അയ്യപ്പന്‍ തന്‍റെ കട നാണുവിന് വിട്ടുകൊടുത്തു, ഇളയ മകന്‍ ബാലന്‍റെ വീട്ടിലേക്ക് താമസം മാറ്റി. പത്തു പന്ത്രണ്ടു കിലോമീറ്റര്‍ ദൂരെ സ്വന്തമായി “ബാലന്‍സ് സലൂണ്‍” നടത്തുകയായിരുന്നു തൃപ്പുത്രന്‍. അയാള്‍ നാണുവിനെപ്പോലെ ഒരു ക്ഷൌരക്കാരന്‍ മാത്രമായിരുന്നില്ല. പുതിയ രീതിയിലുള്ള കട്ടിങ്ങുകളില്‍ വിദഗ്ദ്ധനുമായിരുന്നു. പോകുമ്പോള്‍ അയല്‍പക്കക്കാരോട് അയ്യപ്പന്‍ പറഞ്ഞു “അവന്‍റെ കല്യാണം കഴിഞ്ഞു. ഭാര്യയും ബന്ധുക്കളുമായി. ഇനി അവനായി, അവന്‍റെ പാടായി”

    അച്ഛന്‍ പോയതില്‍ നാണുവിന് ചില്ലറ വിഷമം ഇല്ലാതിരുന്നില്ല. പക്ഷേ സൌദാമിനി കൊണ്ടുവന്ന ആഹ്ലാദത്തിന്‍റെ അന്തരീക്ഷം അയാളുടെ ജീവിതം തന്നെ മാറ്റി മറിച്ചു. സാധാരണ ഒരു മുരടനെപ്പോലെ പെരുമാറിയിരുന്ന നാണു പ്രണയ ഗാനങ്ങള്‍ വരെ മൂളാന്‍ തുടങ്ങി. എന്തിന് മുടി വെട്ടാന്‍ ചെല്ലുന്ന കുട്ടികളോടുള്ള പെരുമാറ്റം പോലും നന്നായി. സാധാരണ തല അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു വേദനിപ്പിച്ചിരുന്ന അയാള്‍ അല്‍പ്പം മയത്തിലായി. കുടുംബ വിവരങ്ങള്‍ കസ്റ്റമേഴ്സിനോട് പങ്കുവെക്കാനും തുടങ്ങി.

       “എന്‍റെ നാനാരെ എന്‍റെ ഭാര്യയായതുകൊണ്ടു പറയുകയല്ല, ഇത്ര നല്ല സ്വഭാവമുള്ള പെണ്‍ കുട്ടിയെ കാണാന്‍ കിട്ടില്ല” നാണു പറഞ്ഞു തുടങ്ങും. കേള്‍വിക്കാരന്‍ ചില്ലറ ചോദ്യങ്ങള്‍ കൊണ്ട് അയാളെ പ്രോല്‍സ്സാഹിപ്പിക്കും. ഏതായാലും നാണുവിന്‍റെ കുടുംബ രഹസ്യങ്ങള്‍ അങ്ങാടിയില്‍ ചുരുളഴിയും. ആളുകളുടെ മുനവെച്ചുള്ള സംസാരം നാണുവിന് മനസ്സിലാവില്ല, അല്ലെങ്കില്‍ അയാള്‍ കാര്യമാക്കില്ല. സൌദാമിനിയെക്കുറിച്ച് നാലാളോട് പറയാതെ നാണുവിന് ഇരിപ്പുറക്കില്ല.

    അങ്ങിനെ ഇരിക്കെ അങ്ങാടിയില്‍ പുതിയ ബാര്‍ബര്‍ഷാപ്പ് തുറന്നു. പട്ടണത്തിലെ ബാര്‍ബര്‍ ഷാപ്പില്‍ പണിയെടുത്തിട്ടുള്ള സോമന് പുതിയതരം ഫാഷന്‍ കട്ടിങ്ങുകള്‍ അറിയാം. പോരെങ്കില്‍ അയാള്‍ പൌഡറും ആഫ്റ്റര്‍ ഷേവ് ലോഷനും ഉപയോഗിക്കും. ചെറുപ്പക്കാരും പിന്നെ പിന്നെ മുതിര്‍ന്നവരും നാണുവിനെ വിട്ടുപോയി. സൌദാമിനിയുടെയും കുട്ടികളുടെയും കഥ കേള്‍ക്കാന്‍ ആളില്ലാതായി. തനിയെ ഇരുന്നു മടുത്തു  നാണു ഞങ്ങളുടെ നാട്ടിലെ  കട പൂട്ടി. അല്ലെങ്കില്‍ തന്നെ സൌദാമിനി കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റിയിരുന്നത്.

    ഒരിക്കല്‍ ഞാന്‍ നാട്ടില്‍ വന്നപ്പോള്‍ നാണു ഞങ്ങളുടെ പറമ്പില്‍  പണിയെടുക്കുന്നു. അയാള്‍ ബാര്‍ബര്‍പ്പണി നിര്‍ത്തി. സൌദാമിനിയേയും കുട്ടികളെയും പോറ്റാന്‍ ആ പണി കൊണ്ട് കഴിയാതായി. സൌദാമിനി പണിയെടുത്തിട്ടും വീട്ടു ചെലവുകള്‍ക്ക് തികയുന്നില്ല. അങ്ങിനെ നാണുവും കൂലിപ്പണിക്ക് ഇറങ്ങി. ഇപ്പോള്‍ കുഴപ്പമൊന്നുമില്ല. അല്ലലില്ലാതെ ജീവിച്ച് പോകുന്നു. അയാളുടെ മക്കള്‍ മുതിര്‍ന്നു.   പയ്യന്‍ പഠിക്കാന്‍ മിടുക്കനാണ്.പത്താം തരത്തില്‍ സ്കൂളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നാണുവിന്‍റെ മകനായിരുന്നു. പെണ്‍ കുട്ടിയും മിടുക്കിയാണ്. 

എന്നെക്കണ്ടപ്പോള്‍ നാണു വിശദമായി ചിരിച്ചു.
“എന്തൊക്കെയുണ്ട് നാണു വിശേഷങ്ങള്‍?”

“എന്‍റെ കൊച്ചാനാരെ എന്‍റെ മകനായത് കൊണ്ട് പറയുകയല്ലാ.........” നാണു പറഞ്ഞു തുടങ്ങി........
                                               വെട്ടത്താന്‍
www.vettathan.blogspot.com
    

32 comments:

  1. adutha lakkathil 2nd part thudarumo?

    ReplyDelete
    Replies
    1. ഒരല്‍പ്പം കഴിഞ്ഞു പ്രതീക്ഷിക്കാം.

      Delete
  2. Replies
    1. ഈ ആദ്യ വരവിന് പ്രത്യേകം നന്ദി.

      Delete
  3. നന്നായിരുന്നു മാഷേ, പെട്ടെന്ന് ഓര്‍മ്മ വന്നത് നാണു എന്ന് തന്നെ പേരുണ്ടായിരുന്ന ഞങ്ങളുടെ നാട്ടിലെ ബാര്‍ബറിനെയായിരുന്നു!!
    ആശംസകള്‍!!!

    ReplyDelete
    Replies
    1. നന്ദി,മോഹന്‍ ജി.

      Delete
  4. വ്യത്യസ്തനാം ഒരു ബാര്‍ബറാം നാണുവേ
    സത്യത്തില്‍ ആരും തിരിച്ചറിഞ്ഞില്ല.
    കഥ നന്നായിരുന്നു മാഷേ

    ReplyDelete
    Replies
    1. ഓരോ നാട്ടിലും ഇങ്ങനെ ആരെങ്കിലും കാണും.നന്ദി,ശ്രീ ഉദയ പ്രഭന്‍.

      Delete
  5. പുതിയത് മനസ്സിലാക്കെതെയോ അറിയാതെയോ സംഭവിക്കുന്നതാണു ചില ജോലികള്‍ ചെയ്തിരുന്നവര്‍ക്ക് തുടര്‍ന്ന് പോകാന്‍ സാധിക്കാതെ വരുന്നത്.
    ഇത്തവണ സരസമായാനല്ലോ അവതരണം.
    നന്നായിരിക്കുന്നു.

    ReplyDelete
    Replies
    1. ജോലി ആണെങ്കിലും സ്ഥാപനമാണെങ്കിലും കാലം മാറുന്നതിനനുസരിച്ച് സ്വയം പുതുക്കിക്കൊണ്ടിരിക്കണം.അല്ലാത്തവര്‍ പിന്തള്ളപ്പെട്ടുപോകും.മാറ്റത്തിന്‍റെ പ്രവാഹത്തില്‍ ഒലിച്ചു പോകുന്നവര്‍ ധാരാളം.
      റാംജി, പ്രത്യേകം നന്ദി.

      Delete
  6. Vaare nannaayittundu ezutthu
    Aashamsakal

    ReplyDelete
    Replies
    1. ഈ വായനക്കും അഭിപ്രായത്തിനും നന്ദി.

      Delete
  7. Replies
    1. നന്ദി,ശ്രീ ഷൌക്കത്ത് അലി.ബാക്കി ഭാഗം അല്പ്പം കഴിഞ്ഞിട്ട്.

      Delete
  8. പരിഷ്കാരത്തിന്റെ കടല്‍ ഇളകിവന്നപ്പോള്‍ ആ തിരയില്‍ പെട്ട് പോയവര്‍ എത്രയെത്ര..!!

    ReplyDelete
    Replies
    1. ശരിയാണ് അജിത്ത്.കാലത്തിനനുസരിച്ച് മാറാത്തവര്‍,മാറ്റം വരുത്താത്തവര്‍ പുറം തള്ളപ്പെട്ടു പോകുന്നു.നമുക്ക് ചുറ്റും ധാരാളം "നാണുമാര്‍" ഉണ്ട്.

      Delete
  9. Ethra Nanumar !Ennalum kadha thudarnnukodeirikkum.Best wishes. mary.

    ReplyDelete
    Replies
    1. ശരിയാണ് മേരി,കഥ അവിരാമം തുടരുന്നു.പിടിച്ച് നില്‍ക്കാന്‍ കഴിയാത്തവര്‍ കാലപ്രവാഹത്തില്‍ ഒലിച്ചു പോകുന്നു.

      Delete
  10. എന്നെക്കണ്ടപ്പോള്‍ നാണു വിശദമായി ചിരിച്ചു.
    “എന്തൊക്കെയുണ്ട് നാണു വിശേഷങ്ങള്‍?”

    “എന്‍റെ കൊച്ചാനാരെ എന്‍റെ മകനായത് കൊണ്ട് പറയുകയല്ലാ.........” നാണു പറഞ്ഞു തുടങ്ങി........

    നിഷ്കളങ്കനായ സാധാരണക്കാരന്‍റെ മനസ്സുനിറഞ്ഞ വെളിപ്പെടുത്തല്‍.,..
    ആ വാക്കുകളില്‍ പരാതികളില്ല.കുറ്റപ്പെടുത്തുകളില്ല.ആര്‍ത്തി നിറഞ്ഞ
    ഭാവമില്ല.അഭിമാന പ്രകടനം മാത്രം....
    പുരാതനമായി കെട്ടിയേല്‍ല്പിച്ച രീതികളില്‍ കാലത്തിനനുസരിച്ച്
    വന്ന മാറ്റങ്ങള്‍....,............
    മാറ്റങ്ങളെ കാലഗതിയ്ക്കൊത്തു പ്രയോജനപ്പെടുത്തുന്ന പുതുതലമുറ......
    നന്നായിട്ടുണ്ട് വെട്ടത്താന്‍ സാര്‍
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പന്‍ ചേട്ടാ,വിശദമായ ആസ്വാദനത്തിന് പ്രത്യേകം നന്ദി.

      Delete
  11. നന്നായിരിക്കുന്നു

    ReplyDelete
  12. എഴുത്ത് രസിച്ചു

    ReplyDelete
  13. very gud, waiting for 2nd part

    ReplyDelete
  14. ഒരു ചെറു പുഞ്ചിരി ചുണ്ടത്ത് വിരിഞ്ഞുനില്‍ക്കുന്നുണ്ടല്ലോ ജോര്‍ജേട്ടാ, ഇതില്‍ "ഞാന്‍"," എന്ന പ്രയോഗമില്ലായിരുന്നെങ്കില്‍ ലാളിത്യമുള്ള ഒരു കഥയായി പരിണമിച്ചേനെ.... നര്‍മ്മം വഴങ്ങും. സരസമായ എഴുത്ത്.

    ReplyDelete
    Replies
    1. കഥ തന്നെയാണ് ജോസെലെറ്റ്.കഥാക്കൃത്ത് പറയുന്നതു പോലെ എഴുതി.അത്രമാത്രം.നന്ദി

      Delete
  15. മനസ്സിന്‍റെ നന്മ നിറഞ്ഞു നില്‍ക്കുന്ന കഥ. പരിഷ്കാരങ്ങള്‍ക്കൊപ്പം നന്മകളും പടിയിറങ്ങി തുടങ്ങി. അല്ലെ സാര്‍

    ReplyDelete
    Replies
    1. നാണുവിന്‍റെ മനസ്സില്‍ കള്ളമില്ല,പക്ഷേ പിടിച്ചുനില്‍ക്കാന്‍ അത് മാത്രം പോരാ

      Delete
  16. ഇങ്ങനെയുള്ളവര്‍ എല്ലായിടത്തും ഉണ്ട്. പക്ഷെ, അതിജീവനകല അവര്‍ക്ക് പ്രയാസം തന്നെ.

    ReplyDelete
  17. വെസ്റ്റ് ഇന്ടീസിന്റെ കോണ്ഫിടന്‍സ് എന്ന് പറഞ്ഞത് വളരെ രസിച്ചു.
    ഈ നാണു എന്റെ നാട്ടിലെ ചെല്ലനെ ഓര്‍മ്മിപ്പിക്കുന്നു. ചെല്ലന് വീടുകളില്‍ പോയി മുടിവെട്ടി കൊടുക്കുമായിരുന്നു. വര്‍ഷക്കൂലി (നെല്ല്) കൊടുക്കുന്നവരുടെ വീട്ടില്‍ അധികം അങ്ങിനെ പോകില്ല. എവിടെയെങ്കിലും കണ്ടാല്‍ ബിസി ആണ് എന്ന് പറയും! ‍ ചെല്ലന്റെ മകന്‍ ബാര്‍ബര്‍ഷോപ് ഇട്ടു. പുള്ളിക്കാരനെ മരിച്ച സമയത്തുള്ള ക്രിയാദി കാര്യങ്ങളുമായി ബന്ധപ്പെട്ടു വിളിച്ചാല്‍ വരും. പണം കൊടുത്താല്‍ ''കേന്ദ്രത്തില്‍'' (അപ്പന്) എത്തിച്ചാല്‍ മതി എന്ന് പറയും!

    ReplyDelete
  18. നന്ദി ഡോക്റ്റര്‍,. കുലത്തൊഴിലുകളില്‍ നിന്നു പുതിയ തലമുറ അകന്നു പോകാനുള്ള ഒരു കാരണം പ്രതിഫലം ത്തന്നെയാണ്.നെല്ലും കപ്പയുമൊക്കെ കൂലിയായിക്കിട്ടുന്ന രീതി ജീവിതം ദുസ്സഹമാക്കി. നാണുവിനെപ്പോലുള്ളവര്‍ മിക്ക നാട്ടിലുമുണ്ട്.

    ReplyDelete

Related Posts Plugin for WordPress, Blogger...