Friday 8 March 2013

കലപ്പ രാമന്‍റെ മരണം




 
    രാമനും കുടുംബവും   ഞങ്ങളുടെ നാട്ടുകാരായിട്ടു വര്‍ഷങ്ങളേറെയായി.  ഒരു തമിഴ് നാടോടി യാചക കുടുംബം.  പത്തുമുപ്പത്തഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമങ്ങളില്‍ ,തമിഴന്‍മാര്‍ ഒരു അപൂര്‍വ്വ കാഴ്ചയാണ്. രാമനാണ് കുടുംബനാഥന്‍.   മുപ്പതു-മുപ്പത്തഞ്ചു  വയസ്സുള്ള ഒരു ഊശാം താടിക്കാരന്‍. ഭാര്യ, കലപ്പ എന്നു എല്ലാരും വിളിക്കുന്ന ഒരു മൊഞ്ചത്തി. രണ്ടു കുട്ടികള്‍. രജനിയും കണ്ണനും.


    ഒരു പള്ളിപ്പെരുന്നാളിന് യാചകരായെത്തിയതാണ് അവര്‍.  ടെലിവിഷന് മുന്‍പുള്ള കാലമാണ്. പെരുന്നാളിന് ധാരാളം ആളുവരും. ശനിയും ഞായറുമാണ് പ്രധാന പെരുന്നാള്‍. ശനിയാഴ്ച രാത്രി നാടകമോ കഥാപ്രസംഗമോ അങ്ങിനെ എന്തെങ്കിലുമൊക്കെ കാണും. പായും ചാക്കുമൊക്കെയായി ഒരു പത്തുപതിനഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള പെണ്ണുങ്ങളൊക്കെ കാഴ്ചക്കാരായുണ്ടാവും. ഭക്തര്‍ മാത്രമല്ല, പെരുന്നാളിന് ധാരാളം “ധര്‍മ്മക്കാരും” വരും. അവര്‍ക്കൊക്കെ നല്ല വരുമാനവും ഉണ്ടാകും. പൊതുനിരത്തില്‍നിന്നു പള്ളിയിലേക്കുള്ള വഴിയുടെ രണ്ടു വശവും ധര്‍മ്മക്കാര്‍ നിരന്നിരിക്കും. രണ്ടുകാലും മുറിച്ചുമാറ്റപ്പെട്ടവര്‍, ഒറ്റക്കാലന്‍മാര്‍, പ്രായമായവര്‍ എല്ലാവരും ദൈവത്തെയും അമ്മമാരെയും വിളിച്ച് ദയനീയമായിക്കരയും. പെരുന്നാള്‍ കഴിഞ്ഞു തിരിച്ചുപോകുമ്പോള്‍ ഭേദപ്പെട്ട സമ്പാദ്യവും കാണും. ഒരു പെരുന്നാള്‍ കഴിഞ്ഞു രാമനും കുടുംബവും തിരിച്ചുപോയില്ല. അങ്ങാടിയിലെ പള്ളിക്കെട്ടിടത്തിന്‍റെ വരാന്തയില്‍ ചുരുണ്ടുകൂടി. കുറച്ചുനാള്‍കഴിഞ്ഞു അച്ചനോട് ചോദിച്ചു അതിനോടു ചേര്‍ന്നോരു ചായ്പ്പ് ഉണ്ടാക്കി പൊറുതിയും തുടങ്ങി.

    അങ്ങിനെ രാമനും കുടുംബവും ഞങ്ങളുടെ നാട്ടുകാരായി.  ഇടയ്ക്കു ഉല്‍സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കുമായി  വിട്ടു നില്‍ക്കുന്ന കാലമൊഴിച്ചാല്‍ അവര്‍ നാട്ടില്‍ തന്നെയുണ്ടാവും. നാട്ടുകാര്‍ക്ക് അല്ലറ ചില്ലറ സഹായങ്ങളൊക്കെ ചെയ്തു കൊടുത്തു ജീവിക്കാനുള്ള വക സമ്പാദിക്കും. സീസണ്‍ കഴിഞ്ഞു വരുമ്പോഴേക്കും രാമന്‍ ഒരു കൊച്ചു മുതലാളി ആയിട്ടുണ്ടാവും. സമ്പാദ്യം, വിശ്വാസമുള്ളവര്‍ക്ക് കൈവായ്പ്പ കൊടുക്കും. ആരോ നിര്‍ബ്ബന്ധിച്ചു രാമന്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഒരു  അക്കൌണ്ടും തുടങ്ങി. രാമനും കുടുംബവും നാട്ടുകാര്‍ക്ക് സഹായികളാണ്. പക്ഷേ രാത്രിയില്‍ രാമന്‍ കലപ്പയെ തല്ലും. കയ്യില്‍ കിട്ടുന്നത് കൊണ്ടാണ് പ്രഹരം. അതിലൊരു ദാക്ഷിണ്യവുമില്ല. ചിരപരിചിതമായത് കൊണ്ട് രാമന്‍ വടിയോ മുട്ടിയോ എടുക്കുമ്പോഴേക്കും കലപ്പ ഓടും. ചുറ്റും കൃഷി സ്ഥലങ്ങളായത് കൊണ്ട്  ഒളിക്കാന്‍ ധാരാളം ഇടങ്ങളുണ്ട്. രാമന്‍ പുറകെ ഓടും. ഭാര്യയെ കയ്യില്‍ കിട്ടിയാല്‍ പിന്നെ ക്രൂര മര്‍ദ്ദനമാണ്. പക്ഷേ കൂടുതല്‍ ആരോഗ്യം കലപ്പയ്ക്ക് ആയത് കൊണ്ട് മിക്കവാറും അവള്‍ ഓടി രക്ഷപ്പെടും. രാത്രിയില്‍ ഇങ്ങിനെ ഒക്കെ ആണെങ്കിലും  പകലായാല്‍ രണ്ടും വീണ്ടും ഇണക്കുരുവികളാകും.

    ഒരു രാത്രി രാമന്‍ ഞങ്ങളുടെ വീട്ടിലും വന്നു. കയ്യില്‍ ഒരു വടിയുമുണ്ട്.  കലപ്പ ആ വഴി എങ്ങാനും വന്നോ എന്നാണ് ചോദ്യം. രാമന്‍ അവളെ ഓടിച്ചു കൊണ്ട് വരികയായിരുന്നു. ഞങ്ങളുടെ വീടിനടുത്ത് വരെ കണ്ടിരുന്നു. പിന്നീട് എങ്ങോട്ട് പോയി എന്നറിയില്ല. രാമന്‍ പോയി അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കലപ്പ ഞങ്ങളുടെ വിറകുപുരയില്‍ നിന്നു ഇറങ്ങി വരുന്നു. വിറകുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുകയായിരുന്നു അവള്‍. അന്നൊക്കെ കര്‍ഷക കുടുംബങ്ങളില്‍ വിറകു ശേഖരിച്ചു വെയ്ക്കാന്‍ പ്രത്യേകം പുരകളുണ്ട്. മഴക്കാലത്ത് ഉപയോഗിക്കാനുള്ള വിറകു നേരത്തെ ശേഖരിക്കും. എത്രയൊക്കെ ശേഖരിച്ചാലും പാചകം വല്ലാത്തൊരു കഷ്ടപ്പാട് തന്നെയാണ്. തീ ഊതി വീട്ടമ്മമാരുടെ കണ്ണു കലങ്ങാതെ ചോറും കറികളും ഉണ്ടാവില്ല.

    അമ്മ അവള്‍ക്ക് ഭക്ഷണം കൊടുത്തു. അടുക്കളയില്‍ ഇരുന്നു ആഹാരം കഴിക്കുമ്പോള്‍ കലപ്പ പറഞ്ഞു. രാമന് സംശയമാണത്രേ. സുന്ദരിയും ആരോഗ്യവതിയും ആയ ഭാര്യയെ രാമന് സംശയമാണ്. നാട്ടിലെ പൂവാലന്മാരായ കുഞ്ഞൂഞ്ഞും പാപ്പയും അവളുടെ പുറകെ വട്ടമിട്ട് പറക്കുന്നത് അയാള്‍ കാണുന്നുണ്ട്. കലപ്പയുടെ കൊഞ്ചലും വെകിളിയുമൊന്നും അയാള്‍ക്ക് പിടിക്കുന്നില്ല. പക്ഷേ നാട്ടുകാരോട് മുഖം കറുപ്പിക്കാന്‍ അയാള്‍ക്ക് ശക്തിയില്ല. എന്തിന് അവരുടെ മുന്നില്‍ വെച്ചു ഭാര്യയെ ശാസിക്കാന്‍ പോലും അയാള്‍ക്ക് ത്രാണിയില്ല. രാത്രി പോലും അവളുടെ കാമുകന്മാര്‍ പുരയുടെ ചുറ്റും ഉണ്ടെന്നാണ് രാമന്‍റെ തോന്നല്‍. അതിന്‍റെ പകയെല്ലാം അയാള്‍ രാത്രിയില്‍ തീര്‍ക്കും. എന്തെങ്കിലും ചോദിക്കുന്നവരോട് ചിരിച്ചുകൊണ്ടു മറുപടി പറയും എന്നല്ലാതെ കലപ്പ ഒരു മോശം സ്ത്രീ ആണെന്ന് നാട്ടിലാര്‍ക്കും തോന്നിയിരുന്നില്ല.

    ഒരു ഉല്‍സവ സീസണ്‍ കഴിഞ്ഞു അവര്‍ തിരിച്ചു വരുമ്പോള്‍ രജനിയുടെ കാല്‍, മുട്ടിന് താഴെവെച്ചു മുറിച്ച് മാറ്റിയ നിലയിലാണ്.     ഏതോ വാഹനം കയറി ഇറങ്ങിയതാണ്. രാമന്‍, കുട്ടിയെ വാഹനത്തിന് മുമ്പിലേക്ക് തള്ളി നീക്കിയതാണെന്നാണ് കലപ്പ പറഞ്ഞത്. ഏതായാലും ആ കേസ്സില്‍ രാമന് ഭേദപ്പെട്ടൊരു സംഖ്യ കിട്ടി. രജനിയുടെ മുറിഞ്ഞ കാല്‍ രാമന് വലിയ ഭാഗ്യം കൊണ്ട് വന്നു. ഉല്‍സവ പറമ്പുകളിലെ പിരിവ് പല മടങ്ങായി. മുറിഞ്ഞ കാലില്‍ എണ്ണ തേച്ചു ദയനീയത വര്‍ദ്ധിപ്പിച്ചു. രാമന്‍റെയും രജനിയുടെയും കരച്ചില്‍ സ്ത്രീ ജനങ്ങളുടെ മനസ്സിളക്കി. താമസിയാതെ      രാമന്‍ പത്തു സെന്‍റ് സ്ഥലം വാങ്ങി അതിലൊരു കുടിലും ഉണ്ടാക്കി.

    കാലം പിന്നേയും മാറ്റങ്ങള്‍ ഉണ്ടാക്കി. രാമന്‍ കുടിലിന്‍റെ സ്ഥാനത്ത് ഭംഗിയുള്ള ഒരു കൊച്ചുവീടുണ്ടാക്കി. തൊട്ടുകിടന്ന പത്തു സെന്‍റ് സ്ഥലവും കൂടി വാങ്ങി. കണ്ണനെ സ്കൂളില്‍ ചേര്‍ത്തു.  നല്ല ഓമനത്തമുള്ള ഒരു കൊച്ചുമിടുക്കനായിരുന്നു കണ്ണന്‍. പഠിക്കാന്‍ മിടുക്കാനായിരുന്ന അവന്‍ അദ്ധ്യാപകരുടെ കണ്ണിലുണ്ണിയുമായി. എന്തൊക്കെയാണെങ്കിലും രാമന്‍ ഉല്‍സവങ്ങള്‍ ഒഴിവാക്കിയില്ല. രാമനും രജനിയും ഉല്‍സവപ്പറമ്പുകളില്‍  ഭാഗ്യം തേടി അലഞ്ഞപ്പോള്‍ കലപ്പ വീട് നോക്കി. കലപ്പയെ അങ്ങിനെ വിട്ടുപോകാന്‍ മനസ്സുണ്ടായിട്ടല്ല, പക്ഷേ കണ്ണന്‍റെ പഠിത്തം ഉഴപ്പുന്നത് രാമന് സഹിക്കുമായിരുന്നില്ല. രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം രാമന്‍ ഞങ്ങളുടെ നാട്ടിലെ സ്ഥലവും വീടും വിറ്റു രണ്ടു മൈലകലെ രണ്ടേക്കര്‍ ഭൂമി വാങ്ങി. കൃഷിയും കാലിവളര്‍ത്തലുമൊക്കെയായി ആ കുടുംബം കൂടുതല്‍ അഭിവൃദ്ധി നേടി. എന്നാലും രജനിയുമായി പെരുന്നാളുകള്‍ക്കും ഉല്‍സവങ്ങള്‍ക്കും പോകുന്ന പതിവ് രാമന്‍ നിര്‍ത്തിയില്ല. ഇക്കാര്യത്തില്‍ ഭാര്യയുടെയും മകന്‍റെയും എതിര്‍പ്പ് അയാള്‍ വകവച്ചില്ല.

    ഒരു ദൂര യാത്ര കഴിഞ്ഞു   മടങ്ങുകയായിരുന്നു ഞാന്‍. നാട്ടിലേക്കുള്ള  നേര്‍ വണ്ടി നേരം വെളുത്തിട്ടെ ഉള്ളൂ. ഇരുപത്തേഴില്‍ ഇറങ്ങി നടക്കുകയാണെങ്കില്‍ വെളുക്കുമ്പോള്‍ വീട്ടില്‍ എത്താം. രാമന്‍റെ വീടിന് മുമ്പിലെത്തിയപ്പോള്‍ ലൂക്കാച്ചന്‍ ഇറങ്ങി വരുന്നു. പഴയ അള്‍ത്താര ബാലന്മാരില്‍ ലൂക്കാ വൈദീകനായി. ഞങ്ങളുടെ ഇടവകയില്‍ “അസിദേന്തി” ആയി സേവനമനുഷ്ഠിക്കായാണ്. കൂട്ടുവന്ന കണ്ണനോട് പൊയ്ക്കൊള്ളാന്‍ പറഞ്ഞു ഞങ്ങള്‍ രണ്ടുപേരും നാട്ടിലേക്കു നടന്നു. “എന്താ അതിരാവിലെ രാമന്‍റെ വീട്ടില്‍?” എന്ന ചോദ്യത്തിന് മറുപടി ഒരു ചോദ്യം തന്നെയായിരുന്നു. “അപ്പോള്‍ വിവരം അറിഞ്ഞില്ലേ?”
    രാമന്‍ മരിച്ചു. തൊഴുത്തില്‍ കെട്ടിത്തൂങ്ങി മരിക്കയായിരുന്നു. പതിവുപോലെ രാത്രിയില്‍ രാമന് ഹാലിളകി. കലപ്പയെ അടിക്കാന്‍ തുടങ്ങി. കണ്ണന്‍ ഇടപെട്ടു. ക്ഷുഭിതനായ രാമന്‍ പഴങ്കഥകളൊക്കെ പറഞ്ഞു ഇനി താന്‍ ജീവിക്കില്ല എന്നു സത്യം ചെയ്തു,  കയറുമെടുത്ത് ഇറങ്ങി. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ കലപ്പയും കണ്ണനും കൂടി കാലുപിടിച്ചു രാമനെ അനുനയിപ്പിച്ചു തിരിച്ചു കൊണ്ടുവരും. ഒട്ടുമിക്ക ദിവസവും നടക്കുന്ന കലാപരിപാടി ആയതുകൊണ്ട് അന്നാരും പുറകെ പോയില്ല. അനുനയം കാത്തുനിന്നു നാണം കെട്ടിട്ടാവണം രാമന്‍ തൊഴുത്തില്‍ തൂങ്ങിമരിച്ചു. പിറ്റെന്നു രാവിലെ തൊഴുത്തിലേക്ക് ചെന്ന കണ്ണനാണ് തൂങ്ങി നില്‍ക്കുന്ന രാമനെ കണ്ടത്.
    കലപ്പയ്ക്ക് ആകെ വിഭ്രാന്തിയായി. എല്ലായിടത്തും രാമന്‍ ഒരു വടിയുമായി  നില്‍ക്കുന്നതുപോലെ ഒരു തോന്നല്‍. രാമന്‍റെ പ്രേതത്തെക്കൊണ്ടു പൊറുതിമുട്ടിയപ്പോള്‍ അവള്‍ പള്ളീലച്ചന്‍റെ അടുത്ത് അഭയം തേടി. ലൂക്കാച്ചന്‍ അതിരാവിലെ ചെന്നു പ്രാര്‍ത്ഥനകള്‍ നടത്തി, വീട് വെഞ്ചരിച്ചു, വീട്ടുകാരെ ആശ്വസിപ്പിച്ചു തിരിച്ചു പോരുകയാണ്.
    രാമന്‍റെ ആദ്യകാലമാണ് ഞാനോര്‍ത്തത്. ഒന്നുമില്ലായ്മയില്‍നിന്ന് വളര്‍ന്ന് പരസ്സഹായം ആവശ്യമില്ലാത്ത അവസ്ഥയിലെത്തി. പക്ഷേ സഹജമായ രീതികളൊന്നും മാറ്റാന്‍ പറ്റുന്നില്ല. സ്വാഭാവികമായ ദുരന്തങ്ങള്‍  ഏറ്റുവാങ്ങി ഒരുജീവിതം അവസാനിക്കുന്നു.

വെട്ടത്താന്‍.

   
       

42 comments:

  1. രാമന്‍റെ ആദ്യകാലമാണ് ഞാനോര്‍ത്തത്. ഒന്നുമില്ലായ്മയില്‍നിന്ന് വളര്‍ന്ന് പരസ്സഹായം ആവശ്യമില്ലാത്ത അവസ്ഥയിലെത്തി. പക്ഷേ സഹജമായ രീതികളൊന്നും മാറ്റാന്‍ പറ്റുന്നില്ല. സ്വാഭാവികമായ ദുരന്തങ്ങള്‍ ഏറ്റുവാങ്ങി ഒരുജീവിതം അവസാനിക്കുന്നു.


    ഈ സംശയരോഗികൾക്കു ഇതു തന്നെ ഗതി അല്ലെ....കലപ്പ...ആ പേരു സുഖിച്ചു.

    ReplyDelete
    Replies
    1. ഈ ആദ്യ വായനക്ക് പ്രത്യേകം നന്ദി. മനുഷ്യനു അവന്‍റെ അടിസ്ഥാന സ്വഭാവം മാറ്റുക അത്ര എളുപ്പമല്ല.

      Delete
  2. കലപ്പയുടെ കഥ കൊള്ളാം. രാമന്‌ ആദരാഞ്ജലികൾ

    ReplyDelete
    Replies
    1. ആരെങ്കിലും വന്നു പിന്തിരിപ്പിക്കുമെന്ന് കരുതി രാമന്‍ ഏറെനേരം കാത്തിരുന്നിട്ടുണ്ടാവാം.

      Delete
  3. രാമൻ,കലപ്പ,കണ്ണൻ,..മുതലായ നാടോടിവന്ന
    പച്ചയായ സഹജീവികളുടെ ഓറിജിനൽ കഥനം അല്ലേ ഭായ്
    നന്നായി അവതരിപ്പിച്ചിട്ടുണ്ട് കേട്ടൊ

    ReplyDelete
    Replies
    1. ഭിക്ഷക്കാരായാണ് വന്നതെങ്കിലും അവര്‍ വേഗം നാട്ടുകാരായി. രാമന്‍റെ കുടുംബത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞുകൂടാ.പക്ഷേ പേടമാനിന്‍റെ കണ്ണുകളുള്ള കലപ്പയുടെ രൂപം മനസ്സിലുണ്ട്.

      Delete
  4. കലപ്പ രാമന്‍ എന്ന് വായിച്ചപ്പോള്‍ ഉടനെ മനസ്സില്‍ ഓടിയെത്തിയത് ബലരാമനെയാണ്. ബലരാമന്റെ ആയുധം ആയിരുന്നല്ലോ കലപ്പ.
    അഭിനവ ബാലരാമന്‍ തന്റെ കലപ്പയെ പ്രഹരിച്ചു. എന്തൊരു വിരോധാഭാസം. രാമനും കുടുംബത്തിനും ഒന്നുമില്ലായ്മയില്‍നിന്ന് നല്ല നിലയില്‍ എത്താന്‍ പറ്റിയെങ്കിലും വിവരവും വിദ്യാഭ്യാസമില്ലായ്മയുംകൊണ്ട് ജീവിതം എന്ത് എന്ന് മനസ്സിലാക്കാന്‍ പറ്റാതെ പോയി. ഏതായാലും ഈ അഭിനവ രാമായണം സ്വാഭാവികമായും എഴുത്തിലെ മികവുകൊണ്ട് ബോറടിക്കാതെ വായിച്ചു. രാമന്റെ കലപ്പയുടെയും മക്കളുടെയും കാര്യമാലോചിച്ചപ്പോള്‍ വിഷമവും തോന്നി.
    വെട്ടത്താന്‍ സര്‍ അനുഭവത്തില്‍നിന്നും പച്ചയായ ജീവിതത്തിന്റെ ഗന്ധമുള്ള കഥകള്‍ ബ്ലോഗ്‌ ആക്കുന്നത് വായിക്കാന്‍ സാധിക്കുന്നത് ഒരു അനുഭവം തന്നെയാണ്.

    ReplyDelete
    Replies
    1. നന്ദി ഡോക്റ്റര്‍ജി. എന്തുകൊണ്ടാണെന്ന് അറിയില്ല .പക്ഷേ നാട്ടുകാര്‍ രാമനെ ഭാര്യയുടെ പേര് ചേര്‍ത്താണ് വിളിച്ചിരുന്നത്.സമ്പന്നരായി മാറിയിട്ടും സന്തോഷകരമായ ജീവിതം നയിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. വിധി.

      Delete
  5. പ്രിയ വേട്ടത്താന്‍ ചേട്ടാ,
    നന്നായിട്ടുണ്ട്
    കഥ ഇഷ്ടമായി
    ആശംസകള്‍ !
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. നന്ദി ഗിരീഷ്. ജീവിതത്തില്‍ കണ്ടുമുട്ടുന്ന മനുഷ്യരെ കാര്യമായ പൊടിപ്പും തൊങ്ങലും ചേര്‍ക്കാതെ അവതരിപ്പിക്കുകയെ ചെയ്യുന്നുള്ളൂ.

      Delete
  6. നന്നായിരിക്കുന്നു കഥ.
    ഭിക്ഷാടനം തൊഴിലായി സ്വീകരിച്ച രാമനും കുടുംബവും........
    അവരുടെ സ്വഭാവവിശേഷങ്ങളും............
    തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു വെട്ടത്താന്‍ സാര്‍
    ആശംസകള്‍

    ReplyDelete
    Replies
    1. എന്തൊക്കെ മാറ്റങ്ങളുണ്ടായാലും അടിസ്ഥാന സ്വഭാവം മാറുന്നില്ലല്ലോ തങ്കപ്പന്‍ ചേട്ടാ.(എന്താണ് ഇപ്പോള്‍ രചനകളൊന്നും വരുന്നില്ലല്ലോ?)

      Delete
  7. ee avatharanam kollaam. sariyaanu manushyante adisthana swabhaavam maarukayilla..... athu taram kittumbozhellam mara neekki purathu varum

    ReplyDelete
    Replies
    1. തനതു സ്വഭാവം ഒരിയ്ക്കലും മാറില്ല.എത്രയൊക്കെ ഒളിപ്പിച്ചാലും ശക്തമായ പ്രകോപനത്തില്‍ ഉള്ളിലെ രാക്ഷസന്‍ പുറത്തു വരും.

      Delete
  8. ഒരുപക്ഷെ കയറില്‍ തൂങ്ങുംപോഴും രാമന്‍ തന്‍റെ കാലുകളില്‍ കണ്ണനോ , കലപ്പയോ പിടിക്കുമെന്ന് ആഗ്രഹിച്ചിട്ടുണ്ടാവും അല്ലേ .....

    ReplyDelete
    Replies
    1. ആരെങ്കിലും വരുമെന്നു കാത്തു കാത്തു അവസാനം നിരാശനായി തൂങ്ങി മരിക്കേണ്ടി വരുന്നു.അയാള്‍ക്ക് തോല്‍ക്കാന്‍ മനസ്സില്ല.

      Delete
  9. നല്ല കഥ. അനുഭവക്കുറിപ്പ്.
    സഹജമായത് മാറ്റാന്‍ കഴിയാത്തെതിനേക്കാള്‍ ഉപരി പെട്ടന്ന് കൈവരുന്ന കാശിനോടുള്ള ആര്‍ത്തിയാവം അയാളെ നശിപ്പിച്ചത്.

    ReplyDelete
    Replies
    1. നല്ലൊരു സാധ്യത മുന്നില്‍ കണ്ടു മകളെ വാഹനത്തിന് മുന്നിലേക്ക് തളിയത് രാമന്‍ തന്നെയാണ്.

      Delete
  10. മനസ്സിന്റെ ആഴത്തില്‍ അങ്ങിനെ കിടക്കും ഈ രചന..
    ആശംസകള്‍

    ReplyDelete
    Replies
    1. പെരുത്ത് സന്തോഷം സുഹൃത്തെ.

      Delete
  11. ശരിയാണ്. എത്രയൊക്കെ മാറ്റങ്ങള്‍ സംഭവിച്ചാലും ഞാന്‍ ആകെ മാറി പഴയ ആളല്ല എന്നൊക്കെ പറഞ്ഞാലും ഉള്ളിന്റെ ഉള്ളില്‍ ഒതുങ്ങിയിരിക്കുന്ന ആ സ്വഭാവം ഒരിക്കലും മാറില്ല എന്നാണ് തോന്നുന്നത്.
    ശരിക്കും അവരുടെ ജീവിതത്തിലൂടെ സഞ്ചരിക്കയായിരുന്നു.

    ReplyDelete
    Replies
    1. മാറി എന്നു പറയുന്നതു കനല്‍ ചാരം കൊണ്ട് മൂടി എന്നു പറയുന്നതുപോലെ മാത്രമാണു .ശക്തമായൊരു കാറ്റില്‍ കനല്‍ വീണ്ടും ജ്വലിക്കാന്‍ തുടങ്ങും.

      Delete
  12. അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തീട്ട് കാര്യം ഇല്ലല്ലോ ....
    മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ വളഞ്ഞും തിരിഞ്ഞും ഒക്കെ നമ്മള്‍ ഉണ്ടാക്കി കൂട്ടിയാലും നമുക്ക് ഉപകരിക്കില്ല ആരും ഒന്നും കൊണ്ട് പോകുന്നില്ല എന്നും വായിക്കാം

    ReplyDelete
    Replies
    1. മകളെ വണ്ടിയുടെ മുന്നിലേക്ക് രാമന്‍ തള്ളിയിട്ടു .ധാരാളം കാശും കിട്ടി.പക്ഷേ സമാധാനത്തോടെ അനുഭവിക്കാന്‍ യോഗമില്ലാ.

      Delete
  13. വ്യക്തതയും വ്യക്തിത്വവും ഉള്ള കഥാപാത്രങ്ങള്‍ പിന്നെയും ഈ ബ്ലോഗില്‍ അവതരിക്കുന്നത് കാണുമ്പോള്‍ സന്തോഷം......

    ReplyDelete
  14. oru aathmahathya thadayaan aa nimisham mattoraalude oru swanthanathinte sparshamo verum oru viliyo mathi.. athu kittaan kaathu ninnittundaakaam ramanum...
    doctor paranjapole njanum aadyam orthathu Balaramane aanu..
    chuttupaadumulla kaazhchakal kathayaayi maarunnathu valare nannaayi avatharippichirikkunnu Vettathaan sir.

    ReplyDelete
    Replies
    1. പുലി വരുന്നേ പുലി വരുന്നേ എന്നു പല പ്രാവശ്യം വിളിച്ച് കൂവി പറ്റിച്ചവന്‍റെ ഗതിയാണ് രാമനുണ്ടായത്.വീട്ടുകാര്‍ പതിവ് നാടകമാണെന്ന് കരുതി. വെറുതെ പിന്തിരിയാണ്‍ രാമന്‍റെ അഹംബോധം സമ്മതിച്ചുമില്ല.

      Delete
  15. ഇഷ്ട്ടമായി ..കലപ്പയുടെയും രാമന്റെയും കഥ.

    ഒരു ചെറിയ സംശയം അസിദേന്തി ആണോ പ്രസിദേന്തി ആണോ ?

    ReplyDelete
    Replies
    1. അസിസ്റ്റന്‍റ് എന്നതിന് പകരം പറയുന്ന വാക്കാണ് "അസിദേന്തി" എന്നത്.

      Delete
  16. അതുകൊള്ളാം. ഭാര്യയുടെ പേരില്‍ അറിയപ്പെട്ടിരുന്ന ഭര്‍ത്താവ്. (അല്ല, പണ്ടഒക്കെ നായമ്മാരെല്ലാം അങ്ങനെയായിരുന്നില്ലേ).

    പൊടിപ്പും തൊങ്ങലുമില്ലാതെ ഒരു പിടി ജീവിതങ്ങളെ യഥാതഥമായി അവതരിപ്പിച്ചത് ഇഷ്ടപ്പെട്ടു.

    ReplyDelete
    Replies
    1. അസ്വാഭാവികതയുണ്ടെങ്കിലും സംഗതി സത്യമാണ്......

      Delete
  17. കഥ ഇഷ്ടമായി. ഇരുപത്തെഴില്‍ ഇറങ്ങി എന്ന് പറഞ്ഞത് മനസ്സിലായില്ല. ഇരുപത്തേഴാം മൈലാണോ?

    ReplyDelete
    Replies
    1. അതേ.പണ്ട് സ്ഥലങ്ങള്‍ ടൌണില്‍ നിന്നുള്ള ദൂരത്തിന്‍റെ അടിസ്ഥാനത്തില്‍ അറിയപ്പെടുമായിരുന്നു.

      Delete
  18. ഓരോരോ ജീവിതങ്ങള്‍
    എത്ര വിചിത്രമഹോ

    ReplyDelete
  19. Dusttan kasinuvendy makalude jeevitham nasippikkan oru madiyumilla.Makane ponnupole valarthanam.Avnu athu thanne varanam.Mary.

    ReplyDelete
    Replies
    1. കണ്ണനെ ഓര്‍ക്കുന്നുണ്ടോ മേരി?

      Delete
  20. രാമനും കലപ്പയും കൊള്ളാം ..
    ഇങ്ങനെയും ഉണ്ട് ആളുകള്‍ ...

    ReplyDelete
    Replies
    1. രാത്രിയില്‍ ഇങ്ങിനെ ഒക്കെ ആണെങ്കിലും പകലായാല്‍ രണ്ടും വീണ്ടും ഇണക്കുരുവികളാകും.
      അത് നന്നായി ...... എന്നാലും പെണ്‍കുട്ടിയുടെ കാര്യവും കഷ്ടം തന്നെ

      Delete
    2. ഊശാം താടിക്കാരന്‍ രാമനും എണ്ണ മൈലിയായ കലപ്പയും ഇപ്പൊഴും മനസ്സില്‍ തങ്ങി നില്ക്കുന്നു. പകല്‍ മുഴുവനുമുള്ള സ്നേഹം രാത്രിയായാല്‍ എങ്ങോട്ട് പോകുമെന്ന് അന്ന് അത്ഭുതം കൂറിയിട്ടുണ്ട്.

      Delete
  21. കലപ്പയുടെ കഥ കൊള്ളാം

    ReplyDelete

Related Posts Plugin for WordPress, Blogger...