Google+ Followers

Saturday, 20 April 2013

കാണാതെ പോകുന്ന വാര്‍ത്തകള്‍

    വാര്‍ത്ത എന്നാല്‍ വിവാദം അല്ലെങ്കില്‍ അപവാദം എന്നു വ്യവഹരിക്കാവുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. മറ്റെല്ലാ രംഗങ്ങളിലുമുള്ള മൂല്യച്യുതി മീഡിയായെയും ബാധിച്ചു എന്നു വേണമെങ്കില്‍ പറഞ്ഞൊഴിയാം. പക്ഷേ യാഥാര്‍ത്ഥ്യം അതിലും ഭീകരമാണ്. നമ്മുടെ ദേശീയ മീഡിയാകള്‍ വെറും ചവറുകളായി മാറിയിട്ടു കുറച്ചുകാലമായി. എണ്ണപ്പെട്ടവരെന്നും ജനാധിപത്യത്തിന്‍റെ കാവല്‍ ഭടന്മാരെന്നും വിശേഷിപ്പിക്കപ്പെട്ടിരുന്ന പലരും വെറും അധികാര ദല്ലാള്‍മാരാണെന്നും അവരുടെ സ്കൂപ്പുകള്‍ പലതും പെയ്ഡ് ന്യൂസുകളാണെന്നും നാമറിഞ്ഞു. ചിലരെ ഉയര്‍ത്താനും മറ്റ് ചിലരെ ഇകഴ്ത്താനുമുള്ള ഉപാധി മാത്രമായി മീഡിയാ മാറിക്കഴിഞ്ഞു.


    മലയാളത്തിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. മന്ത്രിയും ഭാര്യയും തമ്മിലുള്ള പിണക്കങ്ങളും വിലപേശലുകളും നമ്മുടെ മാധ്യമങ്ങളില്‍ മാത്രമല്ല നിയമസഭയിലും നിറഞ്ഞു നിന്നു. വിവാദങ്ങളിലേ  മാധ്യമങ്ങള്‍ക്ക് താല്‍പ്പര്യമുള്ളൂ. കഴിഞ്ഞ ദിവസം മന്ത്രിയുടെയും ഭാര്യയുടെയും കുടുംബക്കോടതിയിലെ പൊറോട്ട് നാടകം തല്‍സ്സമയം സംപ്രേക്ഷണം ചെയ്യാന്‍ മല്‍സരിക്കുന്ന മാധ്യമ പുംഗവന്‍മാരുടെ മുന്നിലേക്ക് തൊഴുകൈകളോടെ ഒരച്ഛനും മകളും ചെന്നു.   പത്തു വര്‍ഷമായി കുടുംബക്കോടതി കയറി ഇറങ്ങുകയാണ്. തങ്ങളുടെ ഗതികേട് ഒന്നു വാര്‍ത്തയാക്കണം. മന്ത്രി പിടിച്ച് തള്ളിയപ്പോള്‍ അവരുടെ പാവാടച്ചരട് പൊട്ടിയോ എന്നു തപ്പി നടക്കുന്ന ഒരു മാധ്യമ കേസരിയും ആ അച്ഛന്‍റെയും മകളുടെയും ദീനരോദനം കേട്ടില്ല .അതിനു ന്യൂസ് വാല്യു ഇല്ല.

    ഇത്രയും ആമുഖമായി പറഞ്ഞത് തമസ്കരിക്കപ്പെട്ട മറ്റൊരു വാര്‍ത്തയെക്കുറിച്ച് പറയാനാണ്. സാസനിലെ അള്‍ട്രാ മെഗാ പവര്‍ പ്ലാന്‍റിന്‍റെ ഒന്നാ ഘട്ടം പൂര്‍ത്തിയായി. നാഷണല്‍ പവര്‍ ഗ്രിഡിലേക്ക് ഒഴുകുന്ന വൈദ്യുതി ഏഴു സംസ്ഥാനങ്ങളിലെ പതിനാല് ഡിസ്ട്രിബൂഷന്‍ കമ്പനികള്‍ക്ക് ലഭിച്ചു തുടങ്ങി. വില യൂണിറ്റിന് ഒരു രൂപാ പത്തൊന്‍പത് പൈസ. പവര്‍ കട്ടുകൊണ്ട് നട്ടം തിരിയുന്ന രാജ്യത്തു ഇത് വാര്‍ത്തയായില്ലെങ്കില്‍ പിന്നെ എന്താണ് വാര്ത്ത?. അള്‍ട്രാ മെഗാ പവര്‍ പ്ലാന്റുകളില്‍ രാജ്യത്തു ആദ്യം കമ്മീഷന്‍ ചെയ്തത് ടാറ്റായുടെ മുണ്ഡ്ര പ്ലാന്‍റാണ്. ഇത് പക്ഷേ ഇറക്കുമതി ചെയ്ത കല്‍ക്കരികൊണ്ട് പ്രവര്‍ത്തിക്കുന്നതാണ്. കല്‍ക്കരിയുടെ അന്തരാഷ്ട്ര വില വാണം പോലെ കയറിയപ്പോള്‍ മുണ്ഡ്ര പവര്‍പ്ലാന്‍റിന്റെ വാര്‍ഷിക നഷ്ടം 1873 കോടിയായി. ടാറ്റയാണെങ്കിലും ഭീമമായ നഷ്ടം സഹിച്ചു എത്രകാലം മുന്നോട്ട് പോകാന്‍ കഴിയും? ഇവിടെയാണ് സാസന്‍  പ്രോജക്ടിന്‍റെ പ്രസക്തി. പവര്‍ പ്ലാന്‍റുകള്‍ക്ക് സര്‍ക്കാര്‍ അലോട്ട് ചെയ്ത  ഖനിയില്‍ നിന്നുള്ള  കല്‍ക്കരി ഉപയോഗിച്ചാണ് അനില്‍ അംബാനിയുടെ നിലയം പ്രവര്‍ത്തിക്കുന്നത്. മോഹറിലെയും മോഹര്‍ അംലോറിയിലെയും ഖനികളില്‍ ഉല്‍പ്പാദനം തുടങ്ങി. 7000 ടണ്ണാണ് ഇപ്പോഴത്തെ ഉല്‍പ്പാദനം. പക്ഷേ പ്ലാന്‍റിന്‍റെ എല്ലാ യൂണിറ്റുകളും പ്രവര്‍ത്തനക്ഷമമാകുന്നതോടെ പ്രതിവര്‍ഷം 20 ദശലക്ഷം ടണ്‍ കല്‍ക്കരി വേണം. 23000 കോടി മുടക്കി തുടങ്ങുന്ന പദ്ധതിക്കു ഉപകരണത്തിനും പ്ലാന്‍റിനും ഉള്ള 10000 കോടിയുടെ ലോണ്‍ വിദേശ ബാങ്കുകളാണ് കൊടുക്കുന്നതു.

    ഇത് അംബാനിയുടെ മിടുക്കിനെ പ്രകീര്‍ത്തിക്കാനുള്ള രചന അല്ല. പക്ഷേ അടിസ്ഥാനപരമായ ചില പ്രശ്നങ്ങള്‍ ഉണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കല്‍ക്കരി ഡെപോസിറ്റ് ഉള്ള ഒരു രാജ്യമാണ് നമ്മുടേത്. 267 ബില്യണ്‍ ടണ്ണിന്‍റെ റിസര്‍വ് ആണ് നമുക്കുള്ളത്. ഒറീസ, ഛത്തീസ്ഘട്, ജാര്‍ഖണ്ട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കല്‍ക്കരിയുള്ളത്. എഴുപതുകളില്‍ ഇന്ദിരാഗാന്ധി ഖനികള്‍ (രണ്ടെണ്ണം ഒഴികെ) ദേശസാല്‍ക്കരിച്ചതിന് ശേഷം കോള്‍ ഇന്ത്യ ലിമിറ്റഡ് എന്ന സര്‍ക്കാര്‍ കമ്പനിക്കാണ് ഖനനത്തിന്‍റെ ചുമതല. രോഗാവസ്ഥയിലായ സി.ഐ.എല്ലിന് ആവശ്യത്തിന് കല്‍ക്കരി ഉല്‍പാദിപ്പിക്കാനും കഴിയുന്നില്ല. പവര്‍പ്ലാന്‍റുകള്‍ക്ക് കൊടുക്കാമെന്നു വാഗ്ദാനം ചെയ്തതിന്‍റെ 65% മാത്രമേ അവര്‍ക്ക് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നുള്ളൂ. മറ്റൊരു 15% ഇറക്കുമതി ചെയ്യുകയാണ്. അതിനാണെങ്കില്‍ ചുട്ടുപൊള്ളുന്ന വിലയുമാണ്.ബാക്കി 20%ത്തിന്‍റെ കാര്യത്തില്‍ മിണ്ടാട്ടമില്ല.  2020ഓടെ നമുക്ക് വേണ്ടത് പ്രതിവര്‍ഷം 15 ബില്യണ്‍ ടണ്ണാണ്. ഈ വര്‍ഷത്തെ ഉല്പ്പാദനം വെറും 435 മില്ല്യണ്‍ ടണ്‍ മാത്രം. കല്‍ക്കരിയുടെ ഭീമന്‍ ഡെപോസിറ്റ് കയ്യില്‍ വെച്ചുകൊണ്ടു നാം പിച്ചതെണ്ടുകയാണ്. ഇന്ത്യന്‍ കമ്പനികള്‍ ഇന്തോനേഷ്യയിലും, ആസ്ത്രേലിയായിലും ദക്ഷിണാഭ്രിക്കയിലും ഖനികള്‍ സ്വന്തമാക്കുന്നു. അവിടെ ആയിരക്കണക്കിന് കോടി രൂപ മുതല്‍ മുടക്കി ഖനികളും റെയില്‍വേ, പോര്‍ട്ട് സംവിധാനങ്ങളും ഒരുക്കുന്നു. ഇതൊക്കെ ഈ നാട്ടില്‍ തന്നെ ചെലവാക്കേണ്ട പൈസയാണ്. പകരം മറ്റു നാടുകളില്‍ മുതല്‍ മുടക്കി അവര്‍ക്ക് കപ്പവും കൊടുക്കുന്നു.

    അള്‍ട്രാ മെഗാ പവര്‍പ്ലാന്‍റുകള്‍ക്കും സ്റ്റേറ്റുകള്‍ക്കും കല്‍ക്കരി ഖനികള്‍ അലോട്ട് ചെയ്ത സര്‍ക്കാരിന്‍റെ നടപടി സി.എ.ജിയുടെ നിശിത വിമര്‍ശനത്തിന് ഇടയാക്കി. ഖനികള്‍ ലേലം വിളിച്ച് കൊടുക്കാത്തത് കൊണ്ട് ഒരു ലക്ഷത്തി അറുപതിനായിരം കോടി രൂപയുടെ നഷ്ടം ഉണ്ടായി എന്നായിരുന്നു വിനോദ് റായിയുടെ കണ്ടെത്തല്‍. ആകെ മുറവിളിയായി. ഖനനത്തില്‍ കാര്യമായി മുന്നോട്ട് പോകാതിരുന്ന ലൈസന്‍സുകള്‍ ഗവണ്‍ മെന്‍റിന് റദ്ദ് ചെയ്യേണ്ടി വന്നു. (പരിസ്ഥിതി അനുവാദവും ഭൂമി ഏറ്റെടുക്കല്‍ വിഷയങ്ങളും കാരണമാണ് ഭൂരിപക്ഷം പ്രവര്‍ത്തികളും തടസ്സപ്പെട്ടത് എന്നത് വേറൊരു സത്യം). സി.എ.ജി യെ സംബന്ധിച്ചിടത്തോളം കൂടുതല്‍ വിലയ്ക്ക് സമ്പത്തുകള്‍ കൊടുക്കുന്നതാണ് ശരി. വൈദ്യുതിയുടെ വില ഉയരുമ്പോള്‍ വേറൊരു ഓഡിറ്റ് റിപ്പോര്ട്ട് കൊടുത്താല്‍ അയാളുടെ ഉത്തരവാദിത്വം തീര്‍ന്നു.

    ആധുനിക രീതിയില്‍ ഖനനം നടത്താന്‍ പുതിയ യന്ത്രസംവിധാനങ്ങളും വമ്പിച്ച മുതല്‍ മുടക്കും വേണം. സര്‍ക്കാരിനെക്കൊണ്ടു കഴിയുന്ന കാര്യവുമല്ല അത്. ഇവിടെയാണ് സ്വകാര്യ സംരംഭകരുടെ പ്രസക്തി. അതുപോലെ കല്‍ക്കരി ഖനികള്‍ പോലെയുള്ളവയുടെ വിതരണത്തില്‍ സര്‍ക്കാരിന് കിട്ടുന്ന തുകമാത്രമല്ല കല്‍ക്കരികൊണ്ട് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് ഉപഭോക്താവു കൊടുക്കേണ്ട വിലയും പരിഗണിക്കണം. 

    ഒരുകാര്യം കൂടി പറഞ്ഞു ഈ ലേഖനം അവസാനിപ്പിക്കാം. പവര്‍ പ്ലാന്‍റുകള്‍ക്ക് കൊടുത്തതുപോലെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ഖനികള്‍ അലോട്ട് ചെയ്തു. കേരളത്തിനും കിട്ടി ഒരെണ്ണം. ഒറീസ്സയും രാജസ്ഥാനും അടക്കം പല സംസ്ഥാനങ്ങളും തങ്ങള്‍ക്ക് കിട്ടിയ ഖനികള്‍ പ്രവര്‍ത്തന സജ്ജമാക്കാനും വൈദ്യുതി ഉല്‍പ്പാദനത്തിനും സ്വകാര്യ സംരംഭകരുടെ സഹായം തേടി. അവരുടെ ഖനികള്‍ പ്രവര്‍ത്തന സജ്ജമായി. സ്വകാര്യ സംരംഭകര്‍ നമുക്ക് അലര്‍ജിയാണല്ലോ. ഒറീസ്സയുമായി കൂട്ടുചെര്‍ന്നു പവര്‍പ്ലാന്‍റ് തുടങ്ങാനുള്ള സാധ്യത ആരാഞ്ഞുകൊണ്ടുള്ള ഒരു കത്തില്‍ നമ്മുടെ പ്രവര്‍ത്തനം ഒതുങ്ങി. പിന്നീട് വന്ന ചാണ്ടിയും ഒന്നും ചെയ്തില്ല. അവസാനം ഒരു നടപടിയും എടുക്കാത്ത ഖനികളുടെ ലൈസന്‍സ് റദ്ദ് ചെയ്തപ്പോള്‍ എല്ലാവര്ക്കും ആശ്വാസമായി. സ്വകാര്യ കുത്തകകളെ പ്രോല്‍സാഹിപ്പിക്കേണ്ടി വന്നില്ലല്ലോ.    

21 comments:

 1. സ്വകാര്യ കമ്പനികൾക്ക് ഖനികളിൽ നിന്നും കല്ക്കരി എടുക്കാൻ അനുവദിക്കുന്നതിനെപറ്റി പറഞ്ഞപ്പോൾ സ്വകാര്യ കമ്പനികൾ ചെയ്യുന്ന അന്യായങ്ങളും പറയാമായിരുന്നു . വേദാന്ത പോലുള്ള കമ്പനികൾ എന്താണ് ചെയ്യുന്നത് ? വേദന്തയുടെ ചെയർമാൻ ആയിരുന്ന ശ്രീ പി ചിദംബരം അവർക്കുവേണ്ടി ഇപ്പോഴും ദല്ലാൾ പണി ചെയ്യുന്നത് ; പത്ത് രൂപ ദിവസക്കൂലി കിട്ടിയിരുന്ന മുണ്ടെ നാലായിരം കോടി രൂപയുടെ അഴിമതി നടത്തിയത് ; അങ്ങനെ പിടിപ്പുകേട് കൊണ്ട് രാജ്യത്തിൻറെ കോടികൾ വരുന്ന സ്വത്ത്‌ സ്വകാര്യ കമ്പനികൾ തിന്നു മുടിക്കുന്നത് , അതൂടൊക്കെ പറയൂ മാഷെ .........

  http://isolatedfeels.blogspot.in/2011/01/blog-post_29.html

  ദാ മുകളിലെ ലിങ്കിൽ കുറേ വിവരങ്ങൾ കാണും , അതൂടെ ഒന്ന് പരിഗണിക്കൂ ... സ്വകാര്യക്കർക്ക് പിന്നെ കുടപിടിക്കാം :)

  ReplyDelete
  Replies
  1. ആര്‍ക്കും കുടപിടിക്കലല്ല എന്‍റെ ലക്ഷ്യം .ഭീമമായ കല്‍ക്കരി ഡെപ്പോസിറ്റ് വെച്ചുകൊണ്ട് ആസ്ത്രേലിയ പോലുള്ള രാജ്യങ്ങളിലെ നിലവാരം കുറഞ്ഞ കല്‍ക്കരി ഉപയോഗിക്കേണ്ട ഗതികേടിലാണ് നാം. അതിഭീമമായ മുതല്‍മുടക്ക് വേണ്ട ഖനി വികസനം സര്‍ക്കാരിനെക്കൊണ്ടു നടക്കില്ല.സ്വകാര്യ പങ്കാളിത്തം കൂടിയേ കഴിയൂ. അഴിമതി വേറൊരു വിഷയമാണ്. അതിനെ ശക്തമായി നേരിടണം.അഴിമതിക്ക് പരിഹാരം ഒന്നും ചെയ്യാതിരിക്കുക എന്നതല്ല.

   Delete
 2. സ്വകാര്യ മുതലാളികളും ,സര്‍ക്കാര്‍ മുതലാളികളും ഒരുപോലെതന്നെ
  ഈശ്വരോ രക്ഷതു

  ആശംസകള്‍

  ReplyDelete
  Replies
  1. ആവശ്യത്തിന് വൈദ്യുതിയും നല്ല റോഡുകളുമില്ലാതെ എന്തു വികസനമാണ് സാധ്യമാവുക. സര്‍വ്വകക്ഷി യോഗത്തിന്‍റെ തീരുമാനപ്രകാരം NH നു 30മീറ്റര്‍ വീതി മതിയെന്ന് കേന്ദ്രത്തെ അറിയിച്ച നാടാണ് നമ്മുടേത്.

   Delete
 3. എല്ലാം സ്വകാര്യം
  എന്നുവച്ചാല്‍ സ്വന്തം കാര്യം
  മറ്റുപലരാജ്യങ്ങളിലും നടക്കുന്നതുപോലെ രാഷ്ട്രപുരോഗതിയായിരുന്നു ഭരണത്തിന്റെ ലക്ഷ്യമെങ്കില്‍ ഇവിടെ ഈ പ്രശ്നമോ എതിര്‍പ്പോ ഒന്നും വരില്ലായിരുന്നു വെട്ടത്താന്‍ജി. എന്നാല്‍ അതുപോലെ ആത്മാര്‍ത്ഥതയും ദേശസ്നേഹവുമില്ലാത്ത ഭരണാധികാരികളില്ലാത്തത് നമ്മുടെ ദുര്യോഗം.

  ഓരോ ജനത്തിനും അവരര്‍ഹിക്കുന്ന ഭരണാധികാരികളെയേ ലഭിക്കൂ എന്നാണല്ലോ.അതുകൊണ്ട് നന്നാവേണ്ടത് വേരില്‍ നിന്ന് വേണം

  ReplyDelete
  Replies
  1. അഴിമതി സ്വകാര്യ മേഖലയില്‍ മാത്രമല്ലല്ലോ ഉള്ളത്. പിന്നെ നമ്മളെ ഭരിക്കുന്നവരെ നാം തന്നെയല്ലേ തിരഞ്ഞെടുക്കുന്നത്? വിദ്യാസമ്പന്നര്‍ മുഖം തിരിക്കുന്നത് കൊണ്ടല്ലേ കൊള്ളാത്തവര്‍ രാഷ്ട്രീയത്തില്‍ നിറയുന്നത്?

   Delete
  2. വിദ്യാസമ്പന്നരും കൊള്ളാത്തവരും എന്നതല്ല തരംതിരിവ്
   രാജ്യസ്നേഹവും ജനസ്നേഹവും ഉള്ളവര്‍ - കൊള്ളരുതാത്തവര്‍ എന്നതാണ് യഥാര്‍ത്ഥതരംതിരിവ്.
   അങ്ങനെ നോക്കുമ്പോള്‍ നമുക്ക് തെരഞ്ഞെടുക്കാന്‍ തെരഞ്ഞെടുപ്പുകള്‍ ഇല്ല. ഉണ്ടോ?
   >>>അഴിമതി സ്വകാര്യ മേഖലയില്‍ മാത്രമല്ലല്ലോ ഉള്ളത്.

   അതല്ല എന്റെ വാദമുഖം. എല്ലാം “സ്വന്തം കാര്യം” എന്നതാണ്.

   Delete
  3. രാജ്യസ്നേഹത്തിന്‍റെ കാര്യം പറയുമ്പോള്‍ നാം കുറെ പിന്നോക്കം പോകേണ്ടിവരും. ബ്രിട്ടീഷുകാരാണ് വിഘടിച്ചുനിന്ന ,പോരടിച്ചുനിന്ന നൂറുകണക്കിനു നാട്ടു രാജ്യങ്ങളെ കൂട്ടിച്ചേര്‍ത്തു ഒരു രാജ്യമാക്കിയത്. പക്ഷേ ജനങ്ങളെ ഒന്നിപ്പിച്ചു ഒരേ വികാരമുള്ളവരാക്കി മാറ്റാന്‍ ഗാന്ധിജിക്ക് കഴിഞ്ഞു .ലക്ഷ്യം നേടിയതോടെ ഒന്നാണെന്ന വികാരം അസ്തമിച്ചു.എല്ലാവരും സ്വന്തം കാര്യം മാത്രം നോക്കുന്നവരായി മാറി.എന്തു ചെയ്യാം.

   Delete
 4. രാവിലെത്തന്നെ നല്ലൊരു ബ്ലോഗ് വായിക്കാന്‍ തന്നതിലുള്ള സന്തോഷം ആദ്യം തന്നെ അറിയിക്കട്ടെ. എനിക്ക് സ്വാഭാവികമായ താല്പര്യം ഉള്ള വിഷയം കൂടി ആയതുകൊണ്ട് നല്ലൊരു വായനാനുഭവം തന്നെയായി.

  പക്ഷേ താങ്കളുടെ എല്ലാ നിരീക്ഷണങ്ങളോടും എനിക്ക് യോജിപ്പില്ല. ഒന്നാമതായി വൈദ്യുതി ഉല്‍പാദനത്തിനായി കല്‍ക്കരി ഉപയോഗിക്കുന്നതിനോട് എനിക്ക് കടുത്ത എതിര്‍പ്പാണ്. കല്‍ക്കരിയോളം പരിസ്ഥിതിവിരുദ്ധമായ ഒരു ഇന്ധനമില്ല - ഖനനത്തില്‍ത്തുടങ്ങി, ഗതാഗതം, സ്റ്റോറേജ് എന്നിവയിലെത്തി അവസാനം കത്തിച്ച് അവശിഷ്ടങ്ങള്‍ സംസ്കരിക്കുന്നിടം വരെയുള്ള കാര്‍ബണ്‍ ഫുട്‌പ്രിന്റ് നോക്കിയാല്‍ ഏറ്റവും കാര്യക്ഷമതയില്ലാത്ത, വൃത്തികെട്ട ഊര്‍ജ്ജോല്‍പാദനപ്രക്രിയയാണ് കോള്‍ പവര്‍ പ്ലാന്റുകള്‍ എന്നു മനസ്സിലാക്കാം. ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. കടം വാങ്ങി പ്ലാന്റുകള്‍ പണിതുതുടങ്ങി - കല്‍ക്കരി കണ്ടെത്തിയേ തീരൂ.

  ഇന്ത്യന്‍ കമ്പനികള്‍ വിദേശത്തു മുതല്‍ മുടക്കുന്നത് ഇവിടെനിന്നു പുറത്തുപോയ മൂലധനമായി കാണേണ്ടതില്ല. അവിടെക്കിട്ടുന്ന ലാഭം അവര്‍ ഇന്ത്യയിലേയ്ക്ക് തിരിച്ചുകൊണ്ടുവരുന്നുണ്ടെങ്കില്‍ അഞ്ചുവര്‍ഷത്തിനകം ആ മൂലധനം തിരികെ വരും. താങ്കള്‍ സൂചിപ്പിച്ചപോലെ സ്വകാര്യസംരംഭകര്‍ക്ക് വ്യക്തമായ (ദിവസേന മാറാത്ത) നയങ്ങള്‍ക്കനുസരിച്ച് നിക്ഷേപിക്കാന്‍ അവസരമുണ്ടാക്കിക്കൊടുത്താല്‍ മതി.

  സിഏജിയെ ചീത്തപറയുന്നതില്‍ യാതൊരു സാംഗത്യവുമില്ല. തുറന്ന ലേലത്തിലൂടെയാണ് ഖനികള്‍ അലോട്ട് ചെയ്യുന്നത് എന്ന് സിഏജിയോടു പറഞ്ഞാല്‍ അതിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാകും ഓഡിറ്റ് നടക്കുക. അങ്ങനെയല്ലാതെ, "ഞാന്‍ നിങ്ങള്‍ക്ക് ഇന്നവിലയ്ക്ക് ഖനനാവകാശം തരാം, പക്ഷേ നിങ്ങള്‍ ഈ വിലയ്ക്ക് കല്‍ക്കരി ഉല്‍പാദിപ്പിച്ച് ഇവിടെ എത്തിക്കണം" എന്ന നയത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിനുവേണമെങ്കില്‍ അലോട്ട് ചെയ്യാം. അതല്ലല്ലോ നടക്കുന്നത്.

  "പുതിയ യന്ത്രസംവിധാനങ്ങളും വമ്പിച്ച മുതല്‍ മുടക്കും...സര്‍ക്കാരിനെക്കൊണ്ടു കഴിയുന്ന കാര്യമല്ല" എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.നോര്‍വേയിലെ നോര്‍ത്ത് സീ ഓയില്‍ കുഴിച്ചെടുക്കുന്നത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്. നമ്മുടെ ഇന്ത്യയില്‍ത്തന്നെ കൊങ്കണ്‍ റെയില്‍വേയും ഡെല്‍ഹിയിലെ മെട്രോ റെയിലും സര്‍ക്കാര്‍ ഉടമസ്ഥതയിലാണ് നിര്‍മ്മിച്ചത്. ഇന്ത്യയിലെ എല്ലാ ആണവനിലയങ്ങളും സര്‍ക്കാരാണ് പണിഞ്ഞത്. നല്ല നേതൃത്വവും ഭരണസംവിധാനവുമുണ്ടെങ്കില്‍ മൂലധനം സ്വരൂപിച്ചെടുക്കാന്‍ ബുദ്ധിമുട്ടില്ലാത്ത കാലമാണ് ഇത്. അന്താരാഷ്ട്ര വിപണിയില്‍ മൂന്നുശതമാനം പലിശയ്ക്ക് ഡോളര്‍ കിട്ടും.

  ReplyDelete
  Replies
  1. വിശദമായ അഭിപ്രായത്തിന് പ്രത്യേകം നന്ദി.വിദേശത്തു മുതല്‍മുടക്കിയാല്‍ കൂടുതലായി തിരിച്ചു വരും .പിന്നീട് മാത്രം. നമ്മുടെ ഇപ്പോഴത്തെ ചുറ്റുപാടില്‍ അത് ഉപകാര പ്രദമല്ല. നോര്‍വെയെപ്പോലൊരു രാജ്യം ചെയ്തത് മികച്ച കാര്യമാണ്.പക്ഷേ നമ്മുടെ സാഹചര്യങ്ങള്‍ വ്യത്യസ്തമല്ലേ? ഡെല്‍ഹി മെട്രോയുടെ നിര്‍മ്മാണം,കൊങ്കണ്‍ റെയില്‍വേ, നെടുമ്പാശ്ശേരി വിമാനത്താവളം തുടങ്ങി ചില നല്ലമാതൃകകള്‍ നമ്മുടെ മുന്നിലുണ്ട്. പക്ഷ അവയൊക്കെ അപൂര്‍വ്വമല്ലേ? കല്‍ക്കരി പരിസ്ഥിതിക്കിണങ്ങുന്ന ഇന്ധനം അല്ല എന്നകാര്യവും സമ്മതിക്കുന്നു.പക്ഷേ മറ്റ് പോംവഴികള്‍ കുറവല്ലേ?

   Delete
 5. എല്ലാവര്ക്കും ''സ്വന്തം കാര്യം സിന്ദാബാദ്'' അല്ലാതൊന്നുമില്ല.
  ചിന്തിപ്പിക്കുന്ന ലേഖനം.
  ആശംസകൾ.

  ReplyDelete
  Replies
  1. പ്രത്യേകം നന്ദി.

   Delete
 6. ഏതു വിഷയം ചര്‍ച്ച ചെയ്താലും അവസാനം ഒരു കൂട്ടിമുട്ടായ്കയോ വ്യക്തത ഇല്ലാതാകുകയോ ചെയ്യുന്നു എന്ന് തോന്നുന്നു. ശരിയും തെറ്റും വേര്‍തിരിക്കാന്‍ കഴിയാത്ത ഒരവസ്ഥ വന്നു ചേരുന്നു. എല്ലാ ഭാഗവും വളരെ കണിശമായി ഓരോരുത്തരും അവരവരുടെ അറിവ് വെച്ച് അത് തുറന്നു സംവദിക്കുകയും ചെയ്യുമ്പോള്‍ പുതിയ പല ചിന്തകളും കടന്നു വരുന്നതായി അനുഭവപ്പെടുന്നു.
  നല്ലൊരു ചര്‍ച്ച നടക്കേണ്ട വിഷയം അവതരിപ്പിച്ചത് വളരെ ഉചിതമായി.

  ReplyDelete
  Replies
  1. ശരിയാണ് റാംജി ,തുറന്ന ചര്‍ച്ചയുടെ അഭാവം നമുക്കുണ്ട്. എല്ലാം മുന്‍വിധികളോടെ സമീപിക്കുന്ന നമ്മുടെ രീതിക്ക് ഒരു മാറ്റം അനിവാര്യമാണ്. നല്ലത് പ്രതീക്ഷിക്കാം.

   Delete
 7. പരക്കെ സ്വാര്‍ത്ഥചിന്ത പടര്‍ന്നുകയറിയിരിക്കുകയാണ്.
  എല്ലാറ്റിനെയും തള്ളിമാറ്റി എനിക്ക് മുന്നേറണം എന്ന ചിന്ത.
  പത്രങ്ങള്‍ക്കാണെങ്കില്‍ പ്രചാരം വര്‍ദ്ധിപ്പിനുതകുന്ന വാര്‍ത്തകളോടുള്ള ആസക്തി.പത്രധര്‍മ്മം പഴംപുരാണമാകുന്നു.....
  വികസനപദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ഗുണം അധികാരികള്‍ക്കു
  കൂടി ലഭിക്കുമാറാക്കേണം......
  ഉദ്ദേശശുദ്ധിയോടുകൂടിയുള്ള എതിര്‍പ്പുകളെ നമുക്ക് അംഗീകരിക്കാം.
  പക്ഷേ,പലതും അങ്ങനെയുള്ളതല്ല എന്നതാണ് വാസ്തവം.ഉള്ളില്‍
  തന്‍കാര്യം നേടിയെടുക്കാനുള്ള കുറുക്കന്‍റെ കൌശലം ഒളിഞ്ഞുകിടക്കുന്നുണ്ടാവും.
  ചിന്താര്‍ഹമായ ലേഖനമായി വെട്ടത്താന്‍ സാറെ.
  ആശംസകള്‍

  ReplyDelete
  Replies
  1. പല എതിര്‍പ്പുകളും വസ്തുനിഷ്ടമല്ല. ഇപ്പോള്‍ എതിര്‍ക്കുന്നതിനെ പിന്നീട് സ്വയം നടപ്പാക്കാനും മടിയില്ല. ഈ രീതി മാറിയാലേ നാട് നന്നാകൂ.

   Delete
 8. സ്വകാര്യ മേഖലക്ക് പതിച്ചു കൊടുക്കുമ്പോള്‍ അതില്‍ എത്ര ശതമാനം രാജ്യവികസനത്തിനു ലഭിക്കുന്നു എന്നതിലാണ് കാര്യം.

  കാവേരി തടത്തിലെ പ്രകൃതിവാതക പ്ലാന്റ് തന്നെയെടുക്ക്, അത് മുഴുവനും ഊറ്റി ലാഭം കൊയ്യുന്നത് റിലയന്‍സ് ആണ്.

  പെട്രോള്‍ എക്സ്ട്രാക്റ്റ് ചെയ്യാന്‍ നാല്‍പതു ശതമാനം സബ്സിഡി കുത്തകകള്‍ക്ക് കൊടുക്കുന്നു. എന്നിട്ട് വില നിയന്ത്രണത്തിനുള്ള അവകാശവും എണ്ണക്കമ്പനികള്‍ക്ക് കൊടുക്കുകയും ചെയ്യുന്നു. അതായത് നാല്‍പതു ശതമാനം ഗവര്‍മെന്റ് മുതല്‍ മുടക്കിയിട്ടും വീണ്ടും നൂറു ശതമാനം ഉത്പാദനചിലവും ലാഭവും കൊടുത്തുകൊണ്ട് അത് വിലക്ക് വാങ്ങേണ്ടി വരുന്നു.

  കെ,എസ്.ഇ.ബി സ്വകാര്യവത്കരിക്കുന്നതിനു മുന്നോടിയായി നടത്തിയ ചില പഠനങ്ങളില്‍ മുമ്ബൈ പോലെയുള്ള നഗരങ്ങളിളെ ചില ഭാഗങ്ങളില്‍ വൈദ്യുതി വിതരണം ടാറ്റയും റിലയന്‍സും വീതിചെടുത്തിട്ടുണ്ട് എന്നും യൂണിറ്റിന് ടാറ്റയുടെ ചാര്‍ജിന്‍റെ ഇരട്ടിയില്‍ അധികമാണ് റിലയന്‍സ് വാങ്ങുന്നത് എന്നും വായിച്ചിരുന്നു. പ്രദേശങ്ങളുടെ നിയന്ത്രണം അതാത് കമ്പനികള്‍ക്ക് ആകയാല്‍ വിലക്കുറവ് അനുസരിച്ച് ജനങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയാതെ വരുന്നു.

  അതുകൊണ്ട് എനര്‍ജി സെക്ടര്‍ ചുരുക്കം ചിലക്ക് തീറെഴുതി കൊടുക്കാതെ, പാരിസ്ഥിതിക പ്രശ്നങ്ങള്‍ പഠിച്ച് വ്യോമ മേഖല, ടെലിക്കോം മേഖല എന്നിവപോലെ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിച്ചുകൊണ്ട് ഉപഭോക്താക്കള്‍ക്ക് ഗുണകരമാകും വിധത്തില്‍ കാര്യങ്ങള്‍ ക്രമീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.

  ReplyDelete
  Replies
  1. ജോസ് ,റിലയന്‍സിന്റെ പ്രകൃതി വാതകത്തെക്കുറിച്ച് പറഞ്ഞതില്‍ ചില തെറ്റുകളുണ്ട്.മാര്‍ക്കറ്റ് വില mmbtu വിന് 14 ഡോളറിന് മേലുള്ളപ്പോള്‍ സര്‍ക്കാരുമായുള്ള കരാര്‍ പ്രകാരം 4 ഡോളറിനാണ് റിലയന്‍സ് കൊടുക്കുന്നതു. ഉല്പ്പാദനം കുറഞ്ഞതുകൊണ്ടു പല പൊതുമേഖലാ സ്ഥാപനങ്ങളും മൂന്നിരട്ടിവിലക്ക് ഗ്യാസ് ഇറക്കുമതി ചെയ്യേണ്ടി വന്നു. പിന്നീട് തുടങ്ങിയ പല കമ്പനികള്‍ക്കും മാര്‍ക്കറ്റ് വിലയുടെ അടുത്ത് കിട്ടുന്നുണ്ട്.ഓയില്‍ എക്സ്പ്ലറേഷന്‍ വല്ലാതെ റിസ്കുള്ള ഒരു ബിസിനസ് ആണെന്നതും മറക്കരുത്.

   Delete
 9. ഒട്ടും ‘സ്വകാര്യ‘ മല്ലാത്ത ഈ ഖനി
  ഖനന പുരാണത്തിലൂടേയും ഒപ്പം തന്നെ നിൽക്കുന്ന
  ഇതിന് കിട്ടിയ അഭിപ്രായങ്ങളും കൂടി ചേർന്നപ്പോൾ വായനക്കാർക്കൊക്കെ
  നല്ലൊരു അറിവിന്റെ ഖനി സമ്മാനിച്ചിരിക്കുകയാണല്ലോ ഇവിടെ..

  അഭിനന്ദനങ്ങൾ കേട്ടൊ വെട്ടത്താൻ സാറെ

  ReplyDelete
  Replies
  1. സുഹൃത്തെ ,ഈ ബ്ലോഗ് എഴുതുന്നതില്‍ ഒരു മനചാഞ്ചല്യം ഉണ്ടായിരുന്നു. വായനക്കാര്‍ കൂടുതലും സ്വകാര്യ സംരംഭത്തിന് എതിരാണ്.പക്ഷേ യൂണിറ്റിന് 1.19നു വൈദ്യുതി കൊടുക്കുന്ന ഒരു പ്ലാന്‍റിന്‍റെ കമ്മീഷനിങ് ബ്ലാക് ഔട്ട് ചെയ്യുന്നതിന്‍റെ ഔചിത്യമില്ലായ്മ തുറന്നു കാണിക്കണം എന്നു തോന്നി. എല്ലാം സ്റ്റേറ്റ് ചെയ്യണമെന്നത് കാലഹരണപ്പെട്ട അഭിപ്രായമാണ്. വായനക്കാരായ സുഹൃത്തുക്കള്‍ വിശദമായി പ്രതികരിച്ചതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. വ്യത്യസ്ഥങ്ങളായ അഭിപ്രായങ്ങളിലൂടെ നാം സത്യത്തിലേക്കാണ് എത്തിച്ചേരുക.

   Delete
 10. ചിന്തിപ്പിക്കുന്ന ലേഖനം !

  ReplyDelete

Related Posts Plugin for WordPress, Blogger...