Google+ Followers

Saturday, 25 May 2013

ചക്കിന് വെച്ചത്.

        ശ്രീശാന്ത് വാതുവെപ്പുകാരുടെ കൂടെ ചേര്‍ന്നോ, ഒത്തു കളിച്ചോ എന്നൊന്നും എനിക്കറിയില്ല. ഒരു മലയാളി എന്ന നിലയില്‍ അയാളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിക്കാറുണ്ട്. ശ്രദ്ധിക്കാറുണ്ട്. അയാളുടെ പ്രതിഭയില്‍ ആര്‍ക്കും സംശയമുണ്ടാകേണ്ട കാര്യമില്ല. സൌരവ് ഗാംഗുലി പറഞ്ഞത് പോലെ ഏറ്റവും നല്ല ഫാസ്റ്റ് ബൌളര്‍മാരില്‍ ഒരാളാണ് ശ്രീശാന്ത്. പക്ഷേ തുടക്കം തൊട്ടേ വിവാദവും അയാളുടെ കൂടെയുണ്ട്. കൂടുതലും അയാളുടെ കയ്യിലിരിപ്പുകൊണ്ടു തന്നെയാണ്. പിന്നെപ്പിന്നെ അയാളെന്തുചെയ്താലും അത് കുറ്റമായി മാറുകയും ചെയ്തു. മലയാളികളുടെ ഇടയിലും ശ്രീ ജനപ്രിയനല്ല. നമ്മുടെ നാടന്‍ ക്രിക്കറ്റര്‍മാരും അയാളുടെ മിടുക്ക് പ്രകീര്‍ത്തിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. അയാളുടെ കുറവുകളെക്കുറിച്ച് എന്നും കേള്‍ക്കാറുമുണ്ട്. ഒരു പെര്‍വേര്‍ട്ടഡ് ജീനിയസ് ആണ് അയാള്‍ എന്നാണ് സ്വയം തോന്നിയിട്ടുള്ളത്. ആളുകളെ വെറുപ്പിക്കാന്‍ അയാള്‍ക്കൊരു പ്രത്യേക കഴിവ് തന്നെയുണ്ട്. അതുകൊണ്ടു തന്നെയാവും തന്‍റെ കുറ്റങ്ങള്‍ക്കും കുറവുകള്‍ക്കും അര്‍ഹിക്കുന്നതിലും ഏറെ അളവില്‍ പഴി അയാള്‍ക്ക് കേള്‍ക്കേണ്ടി വരാറുള്ളത്.

    കാര്യങ്ങള്‍ ഇങ്ങിനെ ഒക്കെ ആണെങ്കിലും ഒത്തുകളിയുടെ പേര് പറഞ്ഞുള്ള ശ്രീശാന്തിന്‍റെ അറസ്റ്റ് കുറേയേറെ സംശയങ്ങള്‍ക്ക് വഴിമരുന്നിടുന്നുണ്ട്. പോലീസ് ലീക്ക് ചെയ്തു മാധ്യമങ്ങളില്‍ വരുന്നതും മാദ്ധ്യമപുംഗവന്‍മാര്‍ സ്വന്തം ഭാവനയ്ക്കും താല്‍പ്പര്യങ്ങള്‍ക്കും അനുസൃതമായി പുറത്തുവിടുന്നതുമായ വാര്‍ത്തകളില്‍ ചേരാക്കണ്ണികള്‍ അനവധിയാണ്. ശ്രീ നാല്‍പ്പതു ലക്ഷം വാങ്ങി നിര്‍ദ്ദിഷ്ട ഓവറില്‍ 13 റണ്‍സ് വിട്ടുകൊടുത്തു എന്നായിരുന്നു ആദ്യ വാര്ത്ത. ഉദ്ദേശിച്ച തെളിവുകള്‍ കിട്ടാഞ്ഞിട്ടാണൊ എന്നറിയില്ല ,പിന്നീട് കോഴത്തുക 10 ലക്ഷത്തില്‍ ഒതുക്കി. ആ തുക കണ്ടെടുത്തില്ല. പകരം അയാളുടെ ചെലവുകളുടെ കണക്കുകളായി വാര്ത്ത. 40000 രൂപ മുടക്കി കാമുകിക്ക് (പ്രതിശ്രുധ വധു)  ഒരു ഫോണ്‍ വാങ്ങിക്കൊടുത്തു. വേറൊരു കൂട്ടുകാരിക്ക് 20000 ത്തിന്‍റെ ഒരു ഫോണ്‍ കൊടുത്തു, അത് കണ്ടെടുത്തു എന്നൊക്കെയാണ് പുതിയ വാര്ത്തകള്‍. കഴിഞ്ഞ ആറ് ഐ.പി.എലും, ലോകകപ്പും നിരവധി ടെസ്റ്റുകളും കളിച്ച താരമാണ്    ശ്രീശാന്ത് . അയാളുടെ വാര്‍ഷിക വരുമാനം കോടികളാണ്. അങ്ങിനെ ഉള്ള ഒരാള്‍ കോഴകിട്ടിയ പൈസകൊണ്ടു രണ്ടു ഫോണുകള്‍ വാങ്ങിക്കൊടുത്തു എന്നാണ് വാര്ത്ത.

    കുറച്ചു ദിവസങ്ങളായി ശ്രീശാന്ത് പോലീസ് കസ്റ്റഡിയിലാണ്. അഞ്ചു ദിവസത്തെ കസ്റ്റഡിക്ക് ശേഷം പോലീസ് കസ്റ്റഡി നീട്ടിവാങ്ങുമ്പോഴും ശ്രീക്കെതിരെ ഒരു നിര്‍ണ്ണായക തെളിവും കോടതിയില്‍ ഹാജരാക്കിയിട്ടില്ല. ഒന്നുകില്‍ നീണ്ട ദിവസങ്ങളിലെ പോലീസ് കസ്റ്റഡിക്കു ശേഷവും വിവരങ്ങള്‍ വിട്ടുകൊടുക്കാതെ പോലീസിനെ കുഴക്കുന്ന ഒരു ഭീകരനാവും ശ്രീശാന്ത് അല്ലെങ്കില്‍ അയാള്‍ക്ക് പറയാന്‍ രഹസ്യങ്ങളൊന്നും ഉണ്ടാവില്ല. അങ്ങിനെ ആണെങ്കില്‍ ശ്രീയുടെ അറസ്റ്റിനും ഈ നാടകങ്ങള്‍ക്കും പിന്നില്‍ ആരാവും?
     
   വിനോദ് കാംബ്ലിയുടെ കഥ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. സച്ചിന്‍ ടെണ്ടൂല്‍ക്കറിനൊപ്പം, അതിലും മിടുക്കനായി കളിച്ചുവന്ന പയ്യനായിരുന്നു കാംബ്ലി. പക്ഷേ സച്ചിന്‍  ടീമില്‍ ഇടം കണ്ടതിന് ശേഷം മാത്രമേ അയാള്‍ക്ക് ചാന്‍സ് കിട്ടിയുള്ളൂ. അഭിജാതന്‍മാരുടെ ഇടയില്‍ ചേരിയില്‍ നിന്നു വന്ന പയ്യന്‍ ഷൈന്‍ ചെയ്യുന്നത് പലരുടേയും ഉറക്കം കെടുത്തി. അയാള്‍ക്ക് തെരുവിന്‍റെയും ചേറിന്‍റെയും മണമായിരുന്നു. ടേബിള്‍ മാനേഴ്സ് അറിയില്ലായിരുന്നു. മദ്യം നുണഞ്ഞു കുടിക്കാന്‍ അറിയില്ലായിരുന്നു. രാജകുമാരന്‍മാരുടെയും ഇടപ്രഭുക്കന്മാരുടെയും ഇടയില്‍ ഒരു തെരുവ് ചെക്കന്‍. മേലാളന്മാരെല്ലാം കൂടി അയാളെ ഒന്നുമല്ലാതാക്കി തീര്‍ത്തത് ചരിത്രമാണ്. അതിനുള്ള കാരണങ്ങള്‍ അവര്‍ കാംബ്ലിയെക്കൊണ്ടു തന്നെ ഉണ്ടാക്കിയെടുത്തു. 

    പ്രകോപനമൊന്നുമില്ലാതെ ഹര്‍ഭജന്‍ ശ്രീശാന്തിനെ തല്ലിയപ്പോള്‍ ധോണി പ്രകടമായും പക്ഷം പിടിച്ചു. കാരണമൊന്നുമില്ലാതെ ആരും ആരെയും തല്ലില്ല എന്നാണ് ധോണി പറഞ്ഞത്. പക്ഷേ സംഭവത്തെക്കുറിച്ച് അന്യോഷിച്ച കമ്മീഷന്‍ കണ്ടെത്തിയത് ശ്രീശാന്തിന്‍റെ ഭാഗത്ത് നിന്നു പ്രകോപനം ഒന്നും ഉണ്ടായില്ല എന്നാണ്. ധോണി പഴയ പാവം പയ്യനല്ല. അനുഗ്രഹിക്കാനും നിഗ്രഹിക്കാനും ശക്തിയുള്ള ക്രിക്കറ്റ് ദൈവമാണ്. ഇഷ്ടമില്ലാത്തവരെ എങ്ങിനെയാണ് നശിപ്പിക്കുന്നതെന്ന്  ശ്രീശാന്തിലൂടെ മാത്രമല്ല, സേവാഗിലൂടെ, ഗംഭീറിലൂടെയെല്ലാം അയാള്‍ കാണിച്ചു തന്നിട്ടുണ്ട്. തീരെ ഫോമിലല്ലാതിരുന്നിട്ടും ഹര്‍ഭജന്‍റെ നേരെ ആ സ്നേഹവായ്പ് നീളുന്നതും നമ്മള്‍ പലതവണ കണ്ടു.

    അടുത്തയിടെ ശ്രീശാന്ത് ഹര്‍ഭജനക്കുറിച്ച് ട്വീറ്റ് ചെയ്തപ്പോള്‍ അത് വലിയ പുലിവാലായി. ധോണിയുടെ മുതലാളി ഭരിക്കുന്ന ബി.സി.സി.ഐ ശാന്തിന് അവസാന വാണിങ് കൊടുത്തു. ഇതിലും വലുത് പലതും നടന്നിട്ടും മിണ്ടാതിരുന്ന ക്രിക്കറ്റ് ഭരണാധികാരികള്‍ തങ്ങളുടെ ശൌര്യം തെളിയിച്ചു. ഒരുപക്ഷേ ശ്രീശാന്തിന്‍റെ അറസ്റ്റിലേക്ക് നയിച്ചത് ഹര്‍ഭജന്‍റെയും ധോണിയുടെയും അനിഷ്ടം തന്നെയാവാം. അല്ലാതെ ശ്രീശാന്തിനെപ്പോലൊരു ക്രിക്കറ്ററെ വ്യക്തമായ തെളിവുകള്‍ കൈവശം ഇല്ലാതെ പാതിരാത്രിക്ക് പോലീസ് വളഞ്ഞു പിടിക്കുകയില്ലായിരുന്നു.

    പക്ഷേ വിധി മറ്റൊന്നായിപ്പോയി. ഡല്‍ഹിപ്പോലീസിന്‍റെ അതിമിടുക്ക് മഹാരാഷ്ട്രപ്പോലീസിന് പിടിച്ചില്ല. അവര്‍ അറസ്റ്റ് ചെയ്തത് ശ്രീനിവാസന്‍റെ മരുമകന്‍ മെയ്യപ്പനെ ആയിരുന്നു. ഇപ്പോള്‍ ശ്രീനിവാസന്‍ മെയ്യപ്പനെ തള്ളിപ്പറഞ്ഞു രക്ഷപ്പെടാനുള്ള നെട്ടോട്ടത്തിലാണ്. ആദ്യം പിടിയിലായ ധാരാസിങിന്‍റെ മകന് ധോണിയും ഭാര്യയുമായി അടുത്ത ബന്ധമാണുള്ളതെന്നും തെളിഞ്ഞു കഴിഞ്ഞു. ചെന്നൈ സൂപ്പര്‍കിങ്ങിന്‍റെ ഒരു സീനിയര്‍ കളിക്കാരന് വാതുവെപ്പുമായി അടുത്ത ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു. ആരാണ് ആ പുണ്യ പുരുഷന്‍?

    അവസാനം കഥ “ചക്കിന് വെച്ചത് കൊക്കിനു കൊണ്ടു” എന്നായി മാറുമോ? കാത്തിരിക്കാം.

വെട്ടത്താന്‍
www.vettathan.blogspot.com

35 comments:

 1. കാര്യം എന്തൊക്കെ ആയാലും തീയില്ലാതെ പുകയുണ്ടാവില്ലാല്ലോ ഏതായാലും കാത്തിരുന്നു തന്നെ ബാക്കി കളികൾ കൂടി കാണാം

  ReplyDelete
  Replies
  1. പാതിരാത്രിയില്‍ വഴിതടഞ്ഞു പിടിച്ചില്ലെങ്കില്‍ കടന്നു കളയുന്ന കക്ഷി അല്ലല്ലോ അയാള്‍.

   Delete
 2. ശ്രീശാന്ത് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം.എന്നാല്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവര്‍ ഉയര്‍ന്നുവരുന്നതിനെ പല തരത്തിലും തകര്‍ക്കാന്‍ ശ്രമിക്കുന്ന ചില ലോബികള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഉന്നതങ്ങളില്‍ വിഹരിക്കുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ശ്രീശാന്തിനെതിരെ ഇപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളെക്കുറിച്ച് ഇനിയും കൂടുതല്‍ മനസിലാക്കേണ്ടിയിരിക്കുന്നു. പൊതുജനങ്ങളോട് കേസ് കൊടുക്കാനും മറ്റും ആവശ്യപ്പെടുന്ന പ്രസ്ഥാവനകള്‍ വന്നപ്പോള്‍ മനപ്പൂര്‍വ്വം ശ്രീശാന്തിനെ തകര്‍ക്കാനുള്ള ശ്രമാമണോ ഇതെന്ന് തോന്നി. മുഖം മൂടിക്കൊണ്ട് ആ വ്യക്തിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊണ്ടു വന്നതിലും പന്തികേട് തോന്നി. ഏതായാലും നമുക്ക് കാത്തിരിക്കാം, ചക്കിനു വെച്ചത് കൊക്കിനു കൊള്ളുമെന്ന ഘട്ടമാവുമ്പോള്‍, കൊക്കുകളുടെ ആളുകള്‍ ഏതു രീതിയിലാണ് , അവയെ രക്ഷിക്കുന്നത് എന്നത് ഇനിയുള്ള ദിവസങ്ങളില്‍ നേരിട്ട് കാണാം....

  ReplyDelete
  Replies
  1. പുറത്തു വന്ന വാര്‍ത്തകളുടെ മുഖ്യലക്ഷ്യം വ്യക്തിഹത്യ ആണെന്ന് തോന്നി. ഒരു നോട്ടീസ് കൊടുത്താല്‍ ഹാജരാകുന്ന ഒരാളെ രാത്രിയില്‍ വളഞ്ഞു പിടിച്ചതിലും മറ്റെന്തോ മണക്കുന്നില്ലേ?

   Delete
 3. പിടിച്ചതിലും വലുത് മാളത്തിലുണ്ടാവാം

  ReplyDelete
  Replies
  1. അനധികൃതമായി സമ്പാദിച്ച സമ്പത്തിന്‍റെ ബലത്തിലാണ് ലളിത് മോഡി ശശി തരൂരിനെതിരെ തിരിഞ്ഞത്. ആ മോഡിയുടെ വിധിയാണോ ശ്രീനിവാസനെയും ധോണിയെയും കാത്തിരിക്കുന്നത്?

   Delete
 4. സ്വന്തം ലാഭങ്ങൾക്ക് വേണ്ടി
  ലോബികളാൽ നിയന്ത്രിക്കപ്പെടുന്ന
  നമ്മുടെ ഇന്ത്യയിലെ ഏത് പ്രസ്ഥാനത്തിലും
  ഇതിലപ്പുറം സംഗതികളും സംഭവിക്കും..!

  ReplyDelete
  Replies
  1. കാണുന്നതും കേള്‍ക്കുന്നതും വിശ്വസിക്കാന്‍ പറ്റാത്ത കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതു.

   Delete
 5. എല്ലാ മേഖലയിലും ഇതിങ്ങനെയാണ് വെട്ടത്താന്‍ ചേട്ടാ... കോടികള്‍ മറിയുന്നിടത്ത് എന്ത് എങ്ങനെ ആര് എപ്പോള്‍ എന്ന് ഒന്നും പറയാന്‍ പറ്റില്ല. കള്ളത്തരങ്ങള്‍ ഇങ്ങനെ ചുരുള്‍ നിവരുമ്പോഴും നമ്മള്‍ മൌനമായി നോക്കി നില്‍ക്കേണ്ടി വരും... കാരണം നോട്ടുകളില്‍ മറിയുന്നത്.... ഈ ലോകം തന്നെയാണ്....

  ReplyDelete
  Replies
  1. ഏത് സത്യം,ഏത് കളവ് എന്നുപോലും വ്യവച്ഛേദിക്കാന്‍ പറ്റാത്ത കാലത്തായിപ്പോയി നമ്മുടെ ഒക്കെ ജീവിതം.

   Delete
 6. നല്ല വിശകലനം. ശ്രീശാന്ത് നന്നേ ചെറുപ്പത്തിൽത്തന്നെ നല്ല കളിക്കാരൻ എന്ന പേര് കേട്ടതോടൊപ്പംതന്നെ വിവാദങ്ങളിലും ചെന്ന് പെടുന്നു.

  ReplyDelete
  Replies
  1. അയാള്‍ക്ക് വകതിരിവ് കമ്മിയാണ്. ആളും തരവും നോക്കി സംസാരിക്കാനുമാറിയില്ല. പക്ഷേ ഈ ഒത്തുകളി വിവാദം അയാളുടെ മേല്‍ അടിച്ചേല്‍പ്പിച്ചതാണോ എന്നൊരു സംശയം.

   Delete
 7. ഒരഭിപ്രായം എനിക്കുമുണ്ട്...ഒരു വാലറ്റക്കാരന്റെയാണേ...

  1. ബിസിസിഐയും രാജസ്ഥാന്‍ റോയല്‍സും സ്വകാര്യ സംരം‌ഭങ്ങളാണ്. ഒരു സ്വകാര്യ കമ്പനിയിലെ വ്യക്തി കമ്പനിയുടെ താല്പര്യങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചെങ്കില്‍ നടപടിയെടുക്കേണ്ടത് കമ്പനിയാണ്, പോലീസല്ല. ഇവിടെ "വിശ്വാസവഞ്ചന ചെയ്തു" "കരാര്‍ ലംഘിച്ചു" എന്നൊക്കെ ആരോപിക്കാം - പക്ഷേ അതൊക്കെ പറയേണ്ടവര്‍ രാജസ്ഥാന്‍ റോയല്‍സും പറയേണ്ടത് കോടതിയിലുമാണ്. നൂറ്റുക്കണക്കിന് കമ്പനി ഉടമകള്‍ തൊഴിലാളികളെ പച്ചയ്ക്കു വഞ്ചിക്കുന്നുണ്ട്, പോലീസെന്തേ അവരുടെ പിന്നാലെ പോകാത്തത്?

  2. ഒരു ക്രിമിനല്‍ പശ്ചാത്തലമുള്ളയാളുമായി ശ്രീശാന്ത് നേരിട്ടു ബന്ധപ്പെട്ടതായി തെളിവില്ല. അത്തരമൊരു ബന്ധം പുറത്തുകൊണ്ടുവരാന്‍ കഴിയുമോ എന്നതിനാകണം അകത്തിട്ടിരിക്കുന്നത്.

  3. പണം മുടക്കിയ പ്രേക്ഷകരേയും സ്പോണ്‍സര്‍മാരേയും വഞ്ചിച്ചതായി ആരോപിക്കാം. അവിടേയും പോലീസിനൊന്നും ചെയ്യാനില്ല, കോടതിയാണ് അതിനുള്ളയിടം.

  4. അവിഹിതമായി ധനം സമ്പാദിച്ചതായി കേസെടുക്കാം. ഇവിടേയും പോലീസിന്റെ കാര്യം കഷ്ടമാണ്. നാല്പതുലക്ഷം രൂപ കണ്ടെടുത്തെങ്കില്‍ത്തന്നെ ശ്രീശാന്തിനേപ്പോലുള്ളയൊരാളുടെ കയ്യില്‍ അത്രയും പണം ന്യായമായ രീതിയില്‍ വരുവാന്‍ സാധ്യതയില്ലെന്ന് സാമാന്യബുദ്ധിയുള്ള ഒരു ജഡ്ജിയെ വിശ്വസിപ്പിക്കാന്‍ ബുദ്ധിമുട്ടും. പിന്നെ "വരുമാനത്തില്‍ കവിഞ്ഞ സ്വത്ത്" കൈവശം വെച്ചിട്ടുണ്ട് എന്നാരോപിക്കണമെങ്കില്‍ അടുത്ത കൊല്ലത്തെ ടാക്സ് റിട്ടേണ്‍ സബ്മിറ്റ് ചെയ്യുന്നതുവരെ കാക്കേണ്ടി വരും

  ഒന്നൂടി. ശ്രീ അത്ര കേമപ്പെട്ട ബൌളറൊന്നുമല്ല. "പെരുന്തച്ചന്‍" സിനിമയില്‍ എംടി എഴുതിയതുപോലെ അവന്‍ സിദ്ധനല്ല, വെറും തച്ചന്‍....

  ReplyDelete
  Replies
  1. താങ്കള്‍ പറഞ്ഞത് തികച്ചും ശരിയാണ്. ശ്രീശാന്തിനെ കൊടുക്കാനുള്ളത് കൊടുത്തു റോയല്‍സ് പറഞ്ഞുവീട്ടിരുന്നു എന്നും അറിയുന്നു. അപ്പോള്‍ ഈ പാതിരാത്രിക്കുള്ള ചെയ്സും അറസ്റ്റും ആരെ തൃപ്തിപ്പെടുത്താനായിരുന്നു?

   Delete
 8. Oruthane drohikkanamennu manappoorvam vicharichal athinu kaziyum.Pakshe ellavereyum ellakkalathum pattikkan aarkkum kaziyillallo.Kathirunnu kanam.

  ReplyDelete
  Replies
  1. പോലീസിന്‍റെ ചോദ്യം ചെയ്യലിനെതിരെ പിടിച്ചുനില്‍ക്കാന്‍ ശ്രീശാന്തിന് കഴിയുമെന്ന് കരുതുന്നില്ല. പുതിയ തെളിവുകള്‍ ഇല്ലെങ്കില്‍ അതിന്‍റെ അര്‍ത്ഥം വ്യക്തമാണ്.

   Delete
 9. കാണികളുള്‍പ്പെടെ എല്ലാവരേയും വെറുപ്പിക്കാന്‍ ശ്രീശാന്തിന് പ്രത്യേക സിദ്ധി
  ഉണ്ടായിരുന്നു.

  ReplyDelete
  Replies
  1. ശരിയാണ് അയാളുടെ വ്യക്തിത്വത്തില്‍ വികലമായ പലതുമുണ്ട്.

   Delete
 10. വരട്ടെ. ചുരുളുകള്‍ അഴിയട്ടെ.
  പക്ഷേ നമ്മുടെ നാട്ടില്‍ ഒറ്റ ദിവസംകൊണ്ട് വാര്‍ത്തകളും പരാതികളും ഇല്ലാതവുന്നതും തെളിവ് അപര്യാപതമെന്ന പേരില്‍ കുറ്റവിമുക്ത നാക്കുന്നതും ഒക്കെ കുറെ കണ്ടതാണ്.

  ReplyDelete
  Replies
  1. ബോംബേ പോലീസിന്‍റെ നീക്കത്തിലൂടെ എല്ലാവരുടെയും ശ്രദ്ധ ശ്രീനിവാസനിലും ധോണിയിലുമായി. കുറച്ചുകൂടി കാത്തിരിക്കാം.

   Delete
 11. മടിയിൽ കനമില്ലാത്തവർ പേടിക്കേണ്ട . ധോണി ഒരു നല്ല ക്രിക്കറ്റ് കളിക്കാരനല്ല , മറിച്ച് ഒരു നല്ല ബിസിനസ്‌മാനാണ് ; കൊണ്ടും കൊടുത്തും കൊന്നും വളരുന്ന ഒരാൾ .

  ReplyDelete
  Replies
  1. ശരിയാണ്.ധോണിയുടെ പക ആനപ്പകയാണ്. സേവാഗിനെ തകര്‍ത്തത് അയാള്‍ സൌരവിനെ പുകഴ്ത്തിയത് കൊണ്ടാണ്.

   Delete
 12. കേരളത്തില്‍ നിന്നും വളര്‍ന്നു വന്ന് ഇന്ത്യന്‍ ടീമിന്റെ ഭാഗമായി തീര്‍ന്ന പ്രതിഭയുള്ള ഒരു കളിക്കാരന്‍ എന്ന നിലയില്‍ ശ്രീശാന്തിനെ എനിയ്ക്കും ഇഷ്ടമാണ് (ആയിരുന്നു എന്നല്ല, ഇപ്പോഴും ഇഷ്ടമാണ്). പക്ഷേ, സ്വന്തം പ്രതിഭയോട്, ലോകമറിയുന്ന ഒരു കളിക്കാരന്‍ എന്ന തന്റെ പൊസിഷനോട് കാണിക്കേണ്ട സാമാന്യം ബഹുമാനവും ഉത്തരവാദിത്വവും പലപ്പോഴും ശ്രീശാന്ത് മറക്കാറുള്ളത് അദ്ദേഹത്തെ വെറുപ്പിയ്ക്കാറുമുണ്ട്.

  എങ്കിലും എന്നെങ്കിലും അഹങ്കാരവും അച്ചടക്കമില്ലായ്മയും മാറ്റിവച്ച് പക്വതയോടെ, നല്ലൊരു ബൌളറായി ശ്രീശാന്ത് മടങ്ങി വരും എന്നു തന്നെ ഈയടുത്ത കാലം വരെ ഞാന്‍ ആത്മാര്‍ത്ഥമായും ആഗ്രഹിച്ചിരുന്നു. IPL ലെ ആദ്യ രണ്ടു മൂന്നു മത്സരങ്ങളില്‍ വിക്കറ്റ് കുറവായിരുന്നെങ്കിലും അധികം റണ്‍സ് വിട്ടുകൊടുക്കാതെ ശ്രീശാന്ത് നന്നായി പന്തെറിയുകയും ചെയ്തത് പ്രതീക്ഷ നല്‍കുകയും ചെയ്തു.

  പക്ഷേ... എല്ലാ പ്രതീക്ഷകളെയും തകര്‍ത്തു കളഞ്ഞു, വാതുവെപ്പ് വാര്‍ത്തകള്‍... കുറേയൊക്കെ പൊലിപ്പിച്ചു പറയുന്നതാകുമെന്ന് കരുതിയാലും എവിടെടൊക്കെയോ അദ്ദേഹത്തിനു പിഴച്ചില്ലേ എന്ന് ന്യായമായും സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു.

  എന്തായാലും കാത്തിരുന്നു കാണാം.

  ReplyDelete
  Replies
  1. ശരിയാണ്. കാത്തിരിക്കാനെ നമുക്ക് പറ്റൂ. അയാള്‍ തെറ്റ് ചെയ്തില്ലെന്ന് തെളിഞ്ഞാല്‍ സന്തോഷം.

   Delete
 13. ചുരുളുകള്‍ അഴിഞ്ഞു കൊണ്ടേയിരിക്കുന്നു ..എന്തായാലും ബാക്കിയൊക്കെ കാത്തിരുന്നു കാണാം.

  ReplyDelete
  Replies
  1. സുഹൃത്തിന്‍റെ വീട്ടില്‍ നിന്നു കോഴയായി ലഭിച്ച അഞ്ചരലക്ഷം കണ്ടെടുത്തു എന്നാണ് പുതിയ വാര്‍ത്ത.പരിഹാസ്യം എന്നല്ലാതെ എന്തു പറയാന്‍.

   Delete
 14. വാര്‍ത്തകളില്‍ വരുന്നത് പലതും അവിശ്വസനീയമായിരിക്കുന്നു... പരസ്പര വിരുദ്ധമായിട്ടാണ് പറയുന്നത്. കഷ്ടംതന്നെ...

  http://www.mathrubhumi.com/sports/story.php?id=363029

  ReplyDelete
 15. ശ്രീശാന്തിനെ,അയാളുടെ നാവിനെ ആരോ ഭയക്കുന്നു.അയാള്‍ക്ക് രാജന്‍ പിള്ളയുടെ അനുഭവം ഉണ്ടാകാതിരുന്നാല്‍ മതിയായിരുന്നു.

  ReplyDelete
 16. നീണ്ട കസ്റ്റഡിക്കും ജെയില്‍ വാസത്തിനും ശേഷം ശ്രീശാന്ത് ജാമ്യം നേടി പുറത്തു വന്നു. ക്വൊട്ടേഷന്‍ കിട്ടിയതു ഡെല്‍ഹി പോലീസ് കമ്മീഷണര്‍ നീരാജ്കുമാറിന് ആയിരുന്നു എന്നു തോന്നുന്നു. അല്ലെങ്കില്‍ മെയ്യപ്പനും സാക്ഷിയുമൊക്കെ ഒരു പോറല്‍ പോലും എല്‍ക്കാതെ വിലസുമ്പോള്‍ ഈ മാസം സര്‍വ്വീസില്‍ നിന്നു വിരമിക്കുന്ന അയാള്‍ ശ്രീശാന്തിനെതിരെ "മാക്കോക്ക" ചുമത്തില്ലായിരുന്നു.

  ReplyDelete
 17. ഒരു കളിയും ഇന്ന്‍ കളിയല്ല.കോടികളുടെ വിറ്റുവരവുള്ള

  വ്യവസായമാണ്.നിമിഷാര്‍ദ്ധം കൊണ്ട്,തൂവാലയെടുത്ത് ഒന്ന്‍ മുഖം തുടയ്ക്കുന്ന നേരംകൊണ്ട് കോടികള്‍ പെയ്തൊഴിയുന്ന പിച്ചിലാണ് എല്ലാ കളികളും അരങ്ങേറുന്നത്.അവിടെ നെറിവോടെ നില്‍കണമെങ്കില്‍ മാന്യത കോട്ടില്‍ മാത്രം പോരാതെ വരുന്നു.നിവര്‍ന്നുനിന്നു പറയുവാന്‍ ഒരുപാട് ധൈര്യവും ആര്‍ജ്ജവവും വേണ്ടിവരുന്ന ഒരു വാക്കായിമാറുന്നു "നൊ" എന്നത്.പ്രത്യേകിച്ചും ഒരുവാക്ക് കൊണ്ട് തട്ടിത്തെറിഞ്ഞുപോകുന്ന ലക്ഷങ്ങളുടെയും വടിവാര്‍ന്ന ഉടലുകളുടെയും ഉടയുന്ന സൌഹ്രുദങ്ങളുടെയും വേണ്ടെന്ന്‍വെക്കേണ്ടിവരുന്ന ഉന്നതബന്ധങ്ങളുടെയും കണക്കെടുക്കുമ്പോള്‍ .

  ആരുടേയും ശ്രീ ആയിത്തീരുക എളുപ്പമല്ല.അതിനേക്കാള്‍ എളുപ്പമാല്ലാത്തതാണ് എല്ലാവരുടെയും ശ്രീയായി തുടരുക എന്നത്.ഏതായാലും ഇനിയുള്ള ദുരിതപാതകള്‍ ഇയാള്‍ ഒറ്റക്ക് നടന്നുതീര്‍ക്കെണ്ടിയിരിക്കുന്നു.നേടിയതൊക്കെയും ചൊരിഞ്ഞൊഴിയേണ്ടിയിരിക്കുന്നു.സഹനത്തിന്റെയും ക്ഷമയുടെയും പാഠങ്ങള്‍ പഠിക്കാനുള്ള ഒരു മുറിയില്‍ ഇയാള്‍ ഒറ്റക്ക് അടക്കപ്പെട്ടിരിക്കുന്നു.

  ReplyDelete
  Replies
  1. തെറ്റ് ചെയ്താലും,ഇല്ലെങ്കിലും താങ്കള്‍ പറഞ്ഞത് പോലെ ഇനിയുള്ള ദുരിത പാതകള്‍ ശ്രീ തനിയെ അനുഭവിക്കേണ്ടി വരും. ശ്രീ ശാന്തിന് അനുകൂലമായി എനിക്കു തോന്നിയ കാര്യങ്ങള്‍
   1.കസ്റ്റഡിയില്‍ വെച്ചു എത്ര ചോദ്യം ചെയ്തിട്ടും അയാള്‍ക്കെതിരെ തെളിവുണ്ടാക്കാന്‍ പോലീസിന് കഴിഞ്ഞില്ല. ചോദ്യം ചെയ്യലിനെ മാനസികമായി നേരിടാനുള്ള കഴിവ് അയാള്‍ക്കുണ്ടെന്ന് തോന്നിയില്ല.2.ആദ്യ ദിനം തൊട്ട് ശ്രീയെ നാറ്റിക്കാനുള്ള ശ്രമം വ്യക്തമായിരുന്നു.പോലീസ് മറ്റാര്‍ക്കോ വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന തോന്നലാണുണ്ടായത്. ധോനിയുടെയും ഹര്‍ഭജന്റെയും പക വ്യക്തമാണ്. സേവാഗിനെയും ഗംഭീറിനെയും കൈകാര്യം ചെയ്ത രീതി ഒന്നു ശ്രദ്ധിച്ചാല്‍ മതി.

   Delete
 18. ശ്രീശാന്ത് തെറ്റുകാരന്‍ അല്ല എന്ന് അന്നത്തെ നടപടികള്‍ കണ്ടപ്പോഴേ മനസ്സിലാകകമായിരുന്നു .പക്ഷെ സ്വന്തം നാട്ടില്‍ പോലും ചേര്‍ന്ന് നിന്ന് സംസാരിക്കാന്‍ ആളില്ലാത്ത വിവിധത്തില്‍ ഒരു സ്വഭാവക്കാരന്‍ ആയി പോയി ശ്രീശാന്ത് .ടോരൂഹമായ രീതിയിലെ അറ്റസ്റ്റ് തന്നെ സംശയത്തിലേക്ക് വിരല്‍ ചൂണ്ടിയിരുന്നു .

  ReplyDelete
  Replies
  1. ഹര്‍ഭജന്‍റെയും ധോണിയുടെയും താത്പര്യപ്രകാരം ഡെല്‍ഹി പോലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ നടന്ന പൊറോട്ട് നാടകത്തിന്‍റെ അന്ത്യം.ആനപ്പക ധോണിയുടെ തന്നെയാണ്.മെയ്യപ്പനും ശ്രീനിവാസനും ഒക്കെ വാതുവെയ്പ്പുകാരാണെന്ന് തെളിഞ്ഞു കഴിഞ്ഞു.മെയ്യപ്പന്‍റെ ശാന്തത സഹചാരിയായ സാക്ഷി ഒരു പൊറലുമില്ലാതെ വിലസി നടക്കുന്നു.കളി തീരുന്നില്ല...........................

   Delete
 19. അന്നൊരു കമന്റ്‌ ഇടാന്‍ കഴിഞ്ഞില്ല- കണ്ടെത്തലുകള്‍ സത്യമായി ഭവിച്ചു. ആശംസകള്‍....! ഒരുപക്ഷെ സത്യം ഇനിയും അകലെയായിരിക്കാം.

  ReplyDelete
  Replies
  1. തികച്ചും പ്രതികൂല സാഹചര്യങ്ങളില്‍ പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞിട്ടും കേസിന് അനുകൂലമായ ഒന്നും ശ്രീശാന്തില്‍ നിന്നു പോലീസിന് കിട്ടിയില്ല.അയാള്‍ പൊങ്ങച്ചക്കാരനും വായാടിയുമായിരിക്കാം. പക്ഷേ പോലീസിന്‍റെ ചോദ്യം ചെയ്യലിനെ അതിജീവിക്കാനുള്ള മിടുക്കൊന്നും അയാള്‍ക്കില്ല.അതൊരു കെട്ടിച്ചമച്ച കേസ്സായിരുന്നു എന്നു എനിക്കു തോന്നിയത് ഇക്കാരണം കൊണ്ടാണ്.

   Delete

Related Posts Plugin for WordPress, Blogger...