Sunday 1 September 2013

നമുക്ക് പ്രതീക്ഷിക്കാം.





    നമ്മുടെ നാട് വളരെ വിഷമം പിടിച്ച ഒരു കാലഘട്ടത്തിലൂടെ കടന്നു പോകുകയാണ്. ഒരു പക്ഷേ 1991ന്‍റെ ഒരു തനിയാവര്‍ത്തനം ആണോ വരുന്നത് എന്നൊരു സംശയം പലരുടേയും മനസ്സിലുണ്ട്. അന്ന് ഇന്ത്യാ മഹാരാജ്യത്തിന്‍റെ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ രാജ്യത്തിന്‍റെ ഭണ്ഡാരത്തില്‍ ആകെയുണ്ടായിരുന്ന 67 ടണ്‍ സ്വര്‍ണ്ണം പണയം കൊടുത്തു ഐ.എം.എഫില്‍ നിന്നു 2.3 ബില്ല്യണ്‍ ഡോളര്‍ കടം വാങ്ങി. നമ്മുടെ വിദേശ നാണയ ശേഖരം വെറും 1.2 ബില്ല്യണ്‍ ഡോളര്‍ മാത്രമായിരുന്നു. പണം കിട്ടാനുള്ളവര്‍ മുറവിളി കൂട്ടുമ്പോള്‍ ആകെയുള്ള ഒരു തരി പൊന്ന് പണയം വെച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഗൃഹനാഥന്‍റെ വഴിയേ രാജ്യത്തിന്‍റെ പ്രധാനമന്ത്രിക്കും ഉണ്ടായിരുന്നുള്ളൂ.

    രൂപയുടെ വില ഒരു ഡോളറിന് എഴുപതു കടക്കും എന്നാണ് ചന്ത സംസാരം. അത് കഴിഞ്ഞ ആഴ്ച്ച തന്നെ സംഭവിക്കും എന്നും തോന്നി. ഇതിനിടെ കുതിച്ചുയര്‍ന്ന ഉള്ളിവില “രൂപയ്ക്കു പകരം ഉള്ളി” എന്ന ട്വീറ്റിനും കാരണമായി. ഒരാഴ്ച്ച കൊണ്ട്   ഒരു ബാരല്‍ ക്രൂഡ് ഓയിലിന് നൂറു ഡോളറില്‍ നിന്നു 117 ഡോളറിലേക്ക് വില കുതിച്ചു കയറി. ഗള്‍ഫ് യുദ്ധമുണ്ടാകുകയാണെങ്കില്‍ ഉടനെതന്നെ വില 150 ഡോളറിലേക്ക് എത്തും എന്നും പറയുന്നു. ഇന്ത്യയെപ്പോലെ കയറ്റുമതിയേക്കാള്‍ കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ വട്ടം കറങ്ങിപ്പോകും. ഇപ്പോഴത്തെ കണക്കനുസരിച്ച് നമ്മുടെ കറന്‍റ് അക്കൌണ്ട് കമ്മി 87.8 ബില്ല്യണ്‍ ഡോളറാണ്.(ആറു ലക്ഷം കോടി രൂപ). അത് 70 ബില്ല്യണ്‍ ഡോളറാക്കി ചുരുക്കുമെന്ന് ധനമന്ത്രി ചിദംബരം ഉറപ്പ് പറയുന്നു. നടന്നാല്‍ നല്ല കാര്യമാണ്. ഇറക്കുമതി ചെയ്യുന്ന സ്വര്‍ണ്ണത്തിന്‍റെ നികുതി വര്‍ദ്ധിപ്പിച്ചതടക്കം ചില നടപടികള്‍ നടപ്പില്‍ വരുത്തിയിട്ടുമുണ്ട്. ഇറക്കുമതി നിരുല്‍സാഹപ്പാടുത്തുന്ന നടപടികളിലൂടെ 100 ടണ്‍ സ്വര്‍ണ്ണത്തിന്‍റെ ഇറക്കുമതി കുറയ്ക്കാന്‍ കഴിയുമെന്നാണ് ചിദംബരം കരുതുന്നത്. പക്ഷേ സ്വര്‍ണ്ണത്തിന്‍റെ ഇറക്കുമതിച്ചുങ്കം കൂട്ടിയ നടപടി പഴയ ലൈസന്‍സ്/പെര്‍മിറ്റ് കാലത്തേക്കുള്ള തിരിച്ചുപോക്കായാണ് വിപണി വിലയിരുത്തിയത്. ഫലമോ ,രൂപ വീണ്ടും വീണു.
    രൂപയുടെ തകര്‍ച്ചക്ക് ആന്തരികവും ബാഹ്യവുമായുള്ള കാരണങ്ങളുണ്ട്. ബാഹ്യ കാരണങ്ങള്‍ നമ്മുടെ നിയന്ത്രണത്തിലുള്ളവയല്ല. ഡോളര്‍ ശക്തിപ്പെട്ടതാണ് പ്രധാന കാരണം. സാമ്പത്തിക തകര്‍ച്ചയില്‍നിന്ന്  അമേരിക്ക കരകയറുന്നു എന്നു റിപ്പോര്ട്ട് വന്നതോടെ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ വികസ്വര രാഷ്ട്രങ്ങളിലെ നിക്ഷേപങ്ങള്‍ പിന്‍വലിച്ചു യു.എസ്സില്‍ നിക്ഷേപിക്കാന്‍ തുടങ്ങി. വികസ്വര രാജ്യങ്ങളില്‍ ഡോളറിന് ഡിമാന്‍റ് കൂടി. സ്വാഭാവികമായും തദ്ദേശ കറന്‍സികള്‍ ഞെരുക്കത്തിലായി. ബ്രസീല്‍, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ചൈന തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളുടെയും കറന്‍സിയുടെ വില ഇടിഞ്ഞു. അന്തരാഷ്ട്ര വ്യാപാരം പ്രധാനമായും ഡോളറിലായത് കൊണ്ട് കയറ്റുമതിയെക്കാള്‍ ഇറക്കുമതി കൂടുതലുള്ള രാജ്യങ്ങളിലെ കറന്‍സികള്‍ തകര്‍ന്നടിഞ്ഞു. ഇത് പക്ഷേ സ്ഥിരമായി നില്‍ക്കുന്ന ഒരു പ്രതിഭാസമല്ല. സാമ്പത്തിക ഞെരുക്കത്തിലായ അമേരിക്കക്കാരനും യൂറോപ്യനും നമ്മുടെ ചെമ്മീനടക്കമുള്ള വിഭവങ്ങള്‍ തീന്‍ മേശയില്‍ നിന്നൊഴിവാക്കിയിരുന്നു. ഈ രംഗങ്ങളില്‍ നമ്മുടെ കയറ്റുമതി വന്‍ പ്രതിസന്ധിയാണ് നേരിട്ടത്. സായിപ്പിന്റെ കയ്യില്‍ പൈസ കൂടുമ്പോള്‍  സ്വാഭാവികമായും നമ്മുടെ കയറ്റുമതി കൂടും. കറന്‍റ് അക്കൌണ്ട് കമ്മി കുറയുകയും ചെയ്യും.
    ക്രൂഡിന്‍റെ വ്യാപാരം ഡോളറിലാക്കാന്‍ അമേരിക്കയും ഓയില്‍ ഉല്പ്പാദക രാജ്യങ്ങളും തമ്മില്‍ 70 വര്‍ഷം മുന്‍പ് കരാറുണ്ടാക്കിയത് കൊണ്ടാണ് രൂപയുടെ വില ഇടിഞ്ഞത് എന്നൊരു താമാശ ഇതിനിടെ സൈബര്‍ ലോകത്ത് കറങ്ങാന്‍ തുടങ്ങി. ഡോളറല്ലെങ്കില്‍ ആ സ്ഥാനത്ത് വേറൊരു കറന്‍സി എന്നല്ലാതെ ഈ വാദത്തില്‍ പ്രത്യേക  കഴമ്പൊന്നുമില്ല. ആവശ്യത്തിന് കിട്ടാനില്ലാത്ത സാധനത്തിന്റെ വില   ഉയരുന്നത് വിപണിയുടെ സ്വാഭാവിക നിയമം മാത്രമാണു. രൂപയുടെ വില ഉയരണമെങ്കില്‍ നമ്മുടെ കയ്യില്‍ ആവശ്യത്തിന് ഡോളര്‍ വേണം.
    കയറ്റുമതി കൂട്ടലും ഇറക്കുമതി കുറയ്ക്കലുമാണ് രക്ഷയുടെ മാര്‍ഗ്ഗം. കയറ്റുമതിയുടെ വര്‍ദ്ധനയിലെ പ്രധാന ഘടകം നമ്മുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവന് അതിനു കെല്‍പ്പുണ്ടാവുകയെന്നതാണ്. നമുക്ക് ആശ തരുന്ന ഒരു വാര്‍ത്ത കഴിഞ്ഞദിവസം കണ്ടു. ജൂലൈ മാസത്തിലെ നമ്മുടെ കയറ്റുമതി 11.64% വര്‍ദ്ധിച്ച് 25.83 ബില്ല്യണ്‍ ഡോളറായി. കഴിഞ്ഞ രണ്ടുവര്‍ഷത്തിലെ ഏറ്റവും മികച്ച വളര്‍ച്ചയാണിത്. ഇറക്കുമതി 6.12% കുറഞ്ഞു 38.1ബില്ല്യണ്‍ ഡോളറായി. സ്വര്‍ണ്ണ ഇറക്കുമതിയില്‍ 3ബില്ല്യണ്‍ ഡോളറിന്‍റെ കുറവുണ്ടായത് ചിദംബരം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് തന്നെ സൂചിപ്പിക്കുന്നു.
    എല്ലാ പരിഷ്കരണ നടപടികളെയും തുരങ്കം വെക്കുന്ന രീതിയാണ് നമ്മുടെ മുന്‍ ധനകാര്യമന്ത്രി പിന്തുടര്‍ന്ന് പോന്നത്. റിസര്‍വ്വ് ബാങ്കില്‍ അദ്ദേഹത്തിന് പറ്റിയ സുബ്ബറാവു ,ഗോകരണ്‍ മുതലായവരും അമര്‍ന്നിരുന്നു ഭരിക്കാന്‍ തുടങ്ങി. പ്രണബിനെ രാഷ്ട്രപതിയായി സന്തോഷിപ്പിച്ചിരുത്തിയതിന് ശേഷമാണ് രാജ്യം വീണ്ടും സാമ്പത്തികപരിഷ്കരണത്തിന്‍റെ പാതയില്‍ നീങ്ങാന്‍ തുടങ്ങിയത്. അപ്പോഴും പ്രണബിന്റെ ഇഷ്ടതോഴര്‍ ആവുന്നതൊക്കെ ചെയ്തു. കയറ്റുമതി പ്രോല്‍സാഹിപ്പിക്കാന്‍ പലിശ നിരക്ക് കുറയ്ക്കണം എന്നു ധനമന്ത്രിയായി ചാര്‍ജ് എടുത്തപ്പോള്‍ മുതല്‍ ചിദംബരം ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞതാണ്. സുബ്ബറാവുവും ഗോകരണും വകവെച്ചില്ല. പണപ്പെരുപ്പം ഉണ്ടാകും എന്നായിരുന്നു അവരുടെ വാദം. ഗോകരണ്‍ പിരിഞ്ഞപ്പോളെങ്കിലും സുബ്ബറാവുവിന് മനം മാറ്റം  ഉണ്ടാകുമെന്ന് കരുതി .ഇനിയിപ്പോള്‍ പലിശ നിരക്ക് ഉടനെ കുറയ്ക്കാനും പറ്റില്ല. നമ്മുടേത് ഒരു ജനാധിപത്യ സംവിധാനമാണ്. പോരെങ്കില്‍ ഭൂരിപക്ഷത്തിന് മായാവതി മുതല്‍ മൂലയാംസിങ്ങിനെ വരെ തൃപ്തിപ്പെടുത്തേണ്ട ഗതികേടിലാണ് സര്‍ക്കാര്‍.
    ഏറ്റവും കൂടുതല്‍ കല്‍ക്കരി ഡെപ്പോസിറ്റ് ഉള്ള രാജ്യം ,ആവശ്യം വേണ്ട വിദേശനാണയം ഉപയോഗിച്ച് കല്‍ക്കരി ഇറക്ക്മതി ചെയ്യേണ്ടി വന്നതിന്‍റെ ഉത്തരവാദിത്വം  ഗവണ്‍മെന്‍റിന്റെ മാത്രമല്ല. 2009നു ശേഷം നിരാശ ബാധിച്ചു ഉത്തരവാദിത്വ ബോധം നഷ്ടപ്പെട്ട പ്രതിപക്ഷത്തിന്‍റെ കൂടിയാണ്. ആവശ്യം വേണ്ട നിയമങ്ങള്‍ പാസ്സാക്കാന്‍ പോലും അനുവദിക്കാതെ നിരന്തരം സഭ സ്തംഭിപ്പിക്കുന്ന പ്രതിപക്ഷം തരം താണ രാഷ്ട്രീയക്കളിയാണു കളിച്ചുകൊണ്ടിരുന്നത്.(വളരെക്കാലത്തിന് ശേഷം പാര്‍ലമെന്‍റ് ഈ മാസം പ്രവര്‍ത്തിച്ചു. കാര്യങ്ങളുടെ ഗൌരവം പ്രതിപക്ഷത്തിനും മനസ്സിലായി എന്നു തോന്നുന്നു). പെട്രോളിയം വിഭവങ്ങളുടെ പര്യവേക്ഷണവുമായി ബന്ധപ്പെട്ടു ഉയരുന്ന വിവാദങ്ങളുടെ മൂലകാരണവും വെറും രാഷ്ട്രീയം തന്നെ.
    രൂപ ഉടനെ തന്നെ 60തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. ഒരു വര്ഷം കൊണ്ട് 55 ലേക്കും എത്താം. കാരണം ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ഉറച്ചതാണ്. ചന്ദ്രശേഖര്‍ പണയം വെയ്ക്കാന്‍ കൊണ്ടുപോയ 67 ടണിന് പകരം മികച്ച സ്വര്‍ണ്ണശേഖരം തന്നെ നമുക്കുണ്ട്.(2009ല്‍ 6.7 ബില്ല്യണ്‍ ഡോളര്‍ കൊടുത്തു വാങ്ങിയ 200 ടണ്‍ സ്വര്‍ണ്ണത്തിന്‍റെ വില 25 ബില്ല്യണ്‍ ഡോളറോളം വരും ഇപ്പൊള്‍). അന്നത്തെ 2.2 ബില്ല്യണ്‍ വിദേശനാണയ കരുതല്‍ ശേഖരത്തിന്‍റെ സ്ഥാനത്ത് 260 ബില്ല്യണ്‍ ഡോളറുണ്ട്. ഇന്ത്യയുടെ സാമ്പത്തിക തകര്‍ച്ചയുടെ ചിത്രം ഊതിവീര്‍പ്പിച്ചതാണെന്ന് ലോകബാങ്കിന്‍റെ വിദഗ്ദ്ധന്‍ പറഞ്ഞത് വെറുതെയല്ല. പ്രശ്നങ്ങളുണ്ട്. പക്ഷേ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് അവയെ നേരിടാനുള്ള കഴിവും ഉണ്ട്.

www.vettathan.blogspot.com   
        

29 comments:

  1. ലേഖനം ഇരുത്തി ചിന്തിപ്പിക്കുന്നു! എന്നാൽ, ചിന്തക്കൊരു പരിഹാരം............

    ReplyDelete
    Replies
    1. മന്‍മോഹനും സംഘവും ഈ വെല്ലുവിളികളെ നേരിടും.നമുക്ക് പരാജയപ്പെടാന്‍ വയ്യ. ബി.ജെ.പിയും സന്ദര്‍ഭത്തിനനുസരിച്ചു പെരുമാറുന്നു എന്നതില്‍ സന്തോഷിക്കാം.

      Delete
  2. പരിഹാരമുണ്ടെങ്കില്‍, തല്‍ക്കാലം അല്‍പം വിഷമം സഹിച്ചാലും വേണ്ടില്ല എന്നല്ലേ...

    ReplyDelete
    Replies
    1. മറ്റിടങ്ങളിലെ വരള്‍ച്ചയും യുദ്ധവുമെല്ലാം ലോകമെങ്ങും പ്രതിഫലിക്കുന്നു. മനുഷ്യന്‍ ദൂരവും സമയവും കീഴടക്കി മുന്നേറുമ്പോള്‍ ലോകം ഒരു ഗ്രാമമായി മാറിക്കൊണ്ടിരിക്കുന്നു. ഒരു രാജ്യത്തിന് മാത്രമായി നിലനില്‍പ്പില്ല.

      Delete
  3. എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ ആകാംക്ഷയുണ്ട്. സാമ്പത്തിക ശാസ്ത്രത്തിന്റെ ഉള്ളുകള്ളികള്‍ ഇങ്ങിനെ പലയിടത്തു നിന്നായി വായിച്ചറിയുന്നു.....

    ReplyDelete
    Replies
    1. നമ്മുടെ രാജ്യത്തിന് ഉള്‍ക്കരുത്തുണ്ട്.അല്‍പ്പം മുദ്രാവാക്യം വിളി കൂടുമെന്നേയുള്ളൂ.

      Delete
  4. ഞാന്‍ ഒരു പോസ്റ്റിടണമെന്നു കരുതിയിരുന്നു. സൈബര്‍ലോകത്ത് വിദഗ്ദ്ധരുടെ അയ്യരുകളിയാണ്! അതുകൊണ്ട് ഞാന്‍ വലിഞ്ഞു....

    രാജ്യത്തിനകത്ത് സാമ്പത്തിക സുസ്ഥിരത നിലനിര്‍ത്തുന്ന നയങ്ങളും പെരുമാറ്റങ്ങളും ഉണ്ടാകണം. അതിന് സര്‍ക്കാര്‍ ചെയ്യേണ്ടത് സര്‍ക്കാരും, വ്യവസായികള്‍ ചെയ്യേണ്ടത് വ്യവസായികളും, ജനങ്ങള്‍ ചെയ്യേണ്ടത് ജനങ്ങളും, മാധ്യമങ്ങള്‍ ചെയ്യേണ്ടത് മാധ്യമങ്ങളും ചെയ്യണം. അതുമാത്രം പറഞ്ഞുനിര്‍ത്തുന്നു.

    ചെട്ടിയാരെ പൊക്കിപ്പറയാന്‍വേണ്ടിയാണെങ്കിലും ആ പ്രഥമപൌരനിട്ട് ഒന്ന് കൊട്ടിയത് ഇഷ്ടപ്പെട്ടു, കേട്ടോ.

    ReplyDelete
    Replies
    1. ഞാനും രണ്ടാഴ്ച്ചയായി സന്ദേഹത്തിലായിരുന്നു. പ്രണബ് പ്രഥമ പൌരനാണ്.പക്ഷേ ധനമന്ത്രിയുടെ കസേരയില്‍ ഇരുന്നു,പ്രധാന മന്ത്രിയെ അവഗണിച്ചുകൊണ്ട് പഴകി ദ്രവിച്ച സാമ്പത്തിക നയങ്ങള്‍ നടപ്പാക്കാനുള്ള ശ്രമമായിരുന്നു.ബുദ്ധി ആരുടേതാണെങ്കിലും അദ്ദേഹത്തെ ധനമന്ത്രിയുടെ കസേരയില്‍നിന്ന് മാറ്റിയത് നന്നായി.പിന്നെ ഞാന്‍ ചെട്ടിയാരുടെ ആരാധകനല്ല,മന്‍മോഹന്‍റെയാണ്-എന്റെ നാടിന്‍റെ വികസനത്തില്‍ അദ്ദേഹത്തിന്‍റെ പങ്ക് കണ്ടറിഞ്ഞിട്ടുള്ള ഒരാള്‍.

      Delete
  5. പ്രതിസന്ധികളെ തരണം ചെയ്ത ചരിത്രം തന്നെയാണ് രൂപയ്ക്കും ഇന്ത്യക്കും ഉള്ളത്. പക്ഷെ ഇന്നത്തെ ഈ അവസ്ഥയ്ക്ക് നമ്മള്‍ ഓരോരുത്തരും ഉത്തരവാദികളല്ലേ എന്നാ ചോദ്യവും ഒരേ സമയം ഉയര്‍ന്നുവരുന്നുണ്ട്‌. വിദേശ നിര്‍മ്മിത വസ്തുക്കള്‍ക്ക് പകരം തദ്ദേശീയമായി നിര്‍മ്മിച്ച വസ്തുക്കള്‍ ദൈനംദിന കാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയാല്‍ നമ്മുടെ രാജ്യത്തിന്‍റെ സമ്പദ്ഘടന ഇന്ന്‍ കാണുന്ന ഒരവസ്ഥയില്‍ നിന്നും എത്രയോ മെച്ചപ്പെട്ടതായിരിക്കും എന്ന് കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു.

    ReplyDelete
    Replies
    1. ലോകം ഒരു വലിയ ഗ്രാമമായിപ്പോയി സുഹൃത്തെ. നമ്മള്‍ എല്ലാം കയറ്റുമതി ചെയ്യും,ഇറക്കുമതി ചെയ്യില്ല എന്നു കരുതിയാല്‍ നടക്കില്ല.

      Delete
  6. പൊന്നുരുക്കുന്നു
    പൂച്ചയ്ക്കെന്ത് കാര്യം?

    വായിച്ച് മിണ്ടാതെ പോകുന്നു ഞാന്‍!!

    ReplyDelete
    Replies
    1. നന്ദി അജിത്ത്,ഇത്തരം കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസം സ്വാഭാവികമാണ്.

      Delete
  7. ഒരു സാമ്പത്തിക വിദഗ്ധന്‍ ഭരിക്കുന്ന നാടിന്‍റെ ദുര്‍ഗതി എന്നല്ലാതെ എന്ത് പറയാന്‍ ?






















    ReplyDelete
    Replies
    1. കുറ്റം മന്‍മോഹന്റെയല്ല മിനി.അദ്ദേഹത്തിന് സ്വന്തമായി ഭൂരിപക്ഷമില്ല.പാര്‍ട്ടിയില്‍ ആധിപത്യമില്ല.പ്രതിപക്ഷത്തിന്‍റെ സഹകരണമില്ല. എന്നാലും ചിലനിമിഷങ്ങളില്‍ സഹികെട്ട്,ആരെയും പരിഗണിക്കാതെ അദ്ദേഹം ഉചിതമായ തീരുമാനങ്ങളെടുക്കുന്നുണ്ട്.

      Delete
  8. നല്ല ആലേഖനം...

    ഏത് പാശ്ചാത്യ രാജ്യത്തേക്കാളും
    സ്വന്തമായി നല്ല പ്രൊഡക്റ്റിവിറ്റിയുള്ള
    നമ്മുടെ രാജ്യത്തിന് , നിർഭാഗ്യവശാൽ ഈ ഗതി
    വന്നത് വേണ്ടതിനും വേണ്ടാത്തതിനും മറ്റും വിദേശ വസ്തുവകകളെ
    സ്വരൂപിച്ച് കൂട്ടുന്ന നമ്മുടെ നാട്ടുകാരുടെ പ്രവണത തന്നെയല്ലെ മുഖ്യകാരണം...

    സാറ് പറഞ്ഞതുപോലെ പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം അല്ലേ

    ReplyDelete
    Replies
    1. നമ്മുടെ നാട് റബ്ബര്‍ പന്ത് പോലെ ഉയര്‍ന്നുവരുമെന്ന് ഞാന്‍ കരുതുന്നു.അതിനുള്ള ആന്തരികശക്തി നമുക്കുണ്ട്.

      Delete
  9. സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ഇതുവരെ വായിച്ചതെല്ലാം സര്ക്കാര് നയങ്ങളെ വിമര്ശിക്കുന്ന രീതിയിലുള്ളതാണ്‌................ ഞങ്ങളെ പോലുള്ള സാധാരണക്കാരുടെ അടുത്തെത്തുന്നതും അതുപോലുള്ള വാർത്തകൾ ആണ്. സാധാരണക്കാരുടെ സാമ്പത്തിക ശാസ്ത്രത്തിൽ 'കറന്‍റ് അക്കൌണ്ട് കമ്മി', 'വിദേശ നാണയ ശേഖരം ', തുടങ്ങിയവയൊന്നും ഇല്ല. അന്നന്നത്തെ എകനൊമിക്സ് ആണ്.
    നമ്മുടെ മുഖ്യധാര വാര്ത്താ മാധ്യമങ്ങളും ജനങ്ങളുടെ ആകാംഷ കൂട്ടുന്നരീതിയിലുള്ള വാർത്തകൾ ആണ് പടച്ചുവിടുന്നത്‌..
    എന്നാൽ തങ്ങളുടെ ലേഘനം വേറൊരു രീതിയിൽ ചിന്തിപ്പിക്കുന്നു. എല്ലാത്തിനും ഒരു മറുവശം കൂടി ഉണ്ടെന്നു ഓര്മിപ്പിക്കുന്നു.

    (ബെർളിത്തരങ്ങളിൽ താങ്കളുടെ "സീരിയസ് ആയി എഴുതിക്കൂടെ " എന്ന കമെന്റ് വായിച്ചപ്പോൾ ചിരിച്ചെങ്കിലും , താങ്ങൾ സീരിയസ് ആണെന്ന് മനസ്സിൽ ആയി.)

    ReplyDelete
    Replies
    1. ഏത് കാര്യവും നിസ്സാരവല്‍ക്കരിക്കുന്ന രീതി ബ്ലോഗ് ലോകത്ത് കൂടുകയാണ്.എന്താണ് എങ്ങിനെയാണ് എന്നു മനസ്സിലാക്കാതെയാണ് വിമര്‍ശനം. ഈ ബ്ലോഗില്‍ കാര്യങ്ങള്‍ ലളിതമായിപ്പറയാനാണ് ശ്രമിച്ചത്. നന്ദി,sumesh

      Delete
  10. ഒരെത്തും പിടുത്തവും കിട്ടാത്ത രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. രൂപയുടെ തിരിച്ചു വരവ് എത്രയും വേഗം ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം, അപ്പോഴും ഒരു കാര്യം നാം മറക്കുന്നു സാധങ്ങള്‍ക്ക് കൂടിയ വില കുറയാതെ സാധാരണക്കാര്‍ കഷ്ടപെടും എന്ന കാര്യം. നല്ല ലേഘനം.

    ReplyDelete
  11. ജോര്‍ജേട്ടാ, കുറച്ചു കാലത്തിനു ശേഷമാണു ഈ വഴിക്ക് വരുന്നത്. വരവ് വെറുതെ ആയില്ല. അന്താരാഷ്ട്ര വ്യാപാരം ഡോളറില്‍ ആയതിനാല്‍ അമേരിക്കയില്‍ എടുക്കുന്ന തീരുമാനങ്ങളും അവരുടെ സമ്പദ് രംഗത്തെ ഉയര്‍ച്ച താഴ്ചകളും നമ്മളെയും ബാധിക്കും. അതെല്ലാം ഞാനും സമ്മതിക്കുന്നു. ടുജി, കല്‍ക്കരി തുടങ്ങിയ ഊതിവീര്‍പ്പിച്ച കുംഭകോണങ്ങള്‍ നമ്മുടെ നാടിനെ എവിടേക്ക് കൊണ്ടുപോകും എന്ന് ഇനിയെങ്കിലും അഭിനവ ബുദ്ധിജീവികള്‍ മനസിലാക്കിയാല്‍ നന്ന്.

    പക്ഷെ പെട്രോളിയം ഉല്പന്നങ്ങളുടെ കാര്യത്തില്‍ താങ്കളുടെ വാദഗതിയുമായി എനിക്ക് യോജിപ്പില്ല. കാരണം ഡോളര്‍ നല്‍കാതെ രൂപയില്‍ ഇറാനില്‍ നിന്ന് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാം എന്നിരിക്കെ അമേരിക്കന്‍ താല്പര്യം മുന്‍നിര്‍ത്തി അതൊക്കെ വേണ്ടെന്നു വെച്ച 'സാമ്പത്തിക ബുദ്ധി' എനിക്ക് മനസ്സിലാകുന്നില്ല. ഇന്‍ഷുറന്‍സ് ഒക്കെ ലഭിക്കും അത്തരം വാദഗതി വിലപ്പോവില്ല. ഇറാനു നല്‍കുന്ന രൂപ അവര്‍ നമ്മളില്‍ നിന്ന് കൂടുതല്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കും. ഏകദേശം 57,000 കോടി രൂപയുടെ ലാഭം നമ്മുടെ സമ്പദ് രംഗത്ത് ഉണ്ടാകും എന്ന് പെട്രോളിയം മന്ത്രാലയം പറയുന്നു. കൂടാതെ ഉയര്‍ന്ന ഡോളര്‍ റേറ്റ് എന്ന് പറയുമ്പോള്‍ ഓയില്‍ കമ്പനികളുടെ കയറ്റുമതി ലാഭം പറയുന്നില്ലല്ലോ? കാരണം ഇന്ത്യക്ക് ആവശ്യമുള്ളതിന്റെ ഇരട്ടിയോളം ആണ് ക്രൂഡ് ഇറക്കുമതി. ഇവിടത്തെ ആവശ്യം കഴിഞ്ഞു ബാക്കി മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ആയി ( ഡീസല്‍ ,പെട്രോള്‍ ,എഞ്ചിന്‍ ഓയില്‍ ,കൂളന്റ്റ് etc..)കയറ്റുമതി ചെയ്യുന്നു. കയറ്റുമതിക്ക് തീരുവ ഗവ: ഒഴിവാക്കി കൊടുത്തിട്ടുണ്ട്‌. അപ്പോള്‍ ഇറക്കുമതിയിലെ ചെലവ് മാത്രം പറഞ്ഞാല്‍ മതിയോ?
    ഞാന്‍ ഒരിക്കല്‍ ഓഫീസിലെ ടെന്‍ഷന്‍ തീര്‍ക്കാന്‍ എഴുതിയ ലേഖനം ആണ്. കുറെ പോരായ്മകള്‍ ഉണ്ടാകാം. പെട്രോളിയം രംഗത്തെ കുറിച്ച് എന്റെ ആശങ്ക എഴുതി എന്ന് മാത്രം. അതില്‍ 2011 വരെയുള്ള കണക്കുകള്‍ ആണ് ഉള്ളത്. വസ്തുനിഷ്ടമായ ഒരു അഭിപ്രായം പ്രതീക്ഷിക്കുന്നു.

    http://ajmalameen.blogspot.in/2012/10/blog-post.html

    ReplyDelete
    Replies
    1. ബ്ലോഗ്‌ വായിച്ചു. പക്ഷെ ഇന്നത്തെ ലോകത്ത് പെട്രോളിയം വില കൃത്രിമമായി പിടിച്ചു നിര്‍ത്തുക എന്നത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കും.രൂപയുടെ കാര്യത്തില്‍ ഇപ്പോള്‍ സംഭവിച്ചതിന്റെ ഒരു കാരണവും അതാണ്‌.പെട്രോളിയത്തിന്റെ ഇറക്കുമതിയും കയറ്റുമതിയെയും കുറിച്ചു കൊടുത്തിട്ടുള്ള കണക്കുകള്‍ ശരിയല്ല.പോരെങ്കില്‍ കയറ്റുമതിയിലൂടെ നാം കൂടുതല്‍ വിദേശ നാണയം നേടുകയുമാണ്.ഈ ശ്രമം തീര്‍ച്ചയായും അഭിനന്ദനീയമാണ്.

      Delete
    2. അഭിപ്രായത്തിനു നന്ദി, കണക്കുകള്‍ പെട്രോളിയം മിനിസ്ട്രിയുടെ വെബ്സൈറ്റ് വഴി കിട്ടിയതാണ്.

      Delete
  12. മന്മോഹനും ചിദംബരവും കഴിഞ്ഞാൽ സോണിയയുടെ അടുത്ത അനുയായി ആയ താങ്കൾ മറച്ചു വെക്കുന്ന കുറച്ചു കാര്യങ്ങൾ. താങ്കളുടെ അത്ര വിവരമില്ലെങ്കിലും എന്റെ ചെറിയ "പുത്തിയിൽ " തോന്നിയതാണ്. -
    1 . ഇറാനിൽ നിന്നും പഴയ കരാർ പ്രകാരം എണ്ണ ഇറക്കുമതി ചെയ്താൽ കുറഞ്ഞത് 8.5 ബില്ല്യൻ ഡോളർ (57000 കോടി രൂപ ) നമുക്ക് ലാഭിക്കാമായിരുന്നു. എന്ത് അടിസ്ഥാനത്തിലാണ് അമേരിക്കയുടെ തിട്ടൂരം ഭയന്ന് താങ്കളുടെ അഭിവന്ദ്യനായ മൻമോഹൻ - ചിദംബരം പ്രഭുതികൾ അത് വേണ്ട എന്ന് വച്ചത് ???
    2. താങ്കൾ എപ്പോഴും പറയുന്ന Coal - gate scam, താങ്കളുടെ സ്വന്തം ഗവണ്മെന്റ് നടത്തിയില്ല എങ്കിൽ അത് ഖജനാവിന് ഉണ്ടാകുന്ന മുതല്ക്കൂട്ടലിനു പുറകെ, ഇപ്പോൾ ഇറക്കുമതി മൂലം ഉണ്ടാകുന്ന fiscal deficit എത്ര മാത്രം കുറച്ച് ഇന്നത്തെ സാമ്പത്തിക അവസ്ഥയെ ഇവിടെ വരെ എത്തിക്കാതെ നോക്കാമായിരുന്നു? ഒരു വിനോദ് റായി കള്ളം കണ്ടു പിടിച്ചപ്പോൾ അയാളുടെ നേരെ നോക്കി കുരക്കാതെ സ്വന്തം ഗവണ്മെന്റിന്റെ തെറ്റാണു എന്ന് സമ്മതിക്കാൻ താങ്കള്ക്ക് എന്താണ് ഇത്ര വൈമനസ്യം ??????
    സമയക്കുറവ് കൊണ്ട് തല്ക്കാലം നിര്ത്തുന്നു @ Manoj

    ReplyDelete
  13. താങ്കളുടെ നേരിട്ടുള്ള വരവിന് നന്ദി. തേന്മാവിന്‍ കൊമ്പത്തു മോഡലിലുള്ള "ചെറിയ പൂത്തിയെ" അഭിനന്ദിക്കുന്നു. താങ്കള്‍ പല തവണ ആവര്‍ത്തിച്ചാലും ഞാന്‍ സോണിയായുടെ അനുയായി ആവില്ല.കാര്യത്തിലേക്ക് കടക്കാം. ഇറാനുമായി രൂപയുടെ അടിസ്ഥാനത്തില്‍ വ്യാപാരം തുടങ്ങിയത് 2011ല്‍ ആണ്. അമേരിക്കയുടെ ഉപരോധം ആയിരുന്നു കാരണം. കുറച്ചുകഴിഞ്ഞു ഭാഗികമായി രൂപയിലും ഭാഗികമായി യൂറോയിലും ആയി വ്യാപാരം. നമ്മുടെ കറന്‍സി മറ്റുള്ളവര്‍ക്ക് സ്വീകാര്യമാവണം.അല്ലാതെ ഡോളറില്‍ വ്യാപാരം നടത്തുന്നത് കൊണ്ടാണ് രൂപായുടെ വില ഇടിഞ്ഞതെന്ന വാദം വെറും ബാലിശമാണ്.രണ്ടാമത്തെ പോയന്റിനുള്ള മറുപടി വിനോദ് റായിയെക്കുറിച്ചുള്ള ബ്ലോഗില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. (ബെര്‍ളിയുടെ ബ്ലോഗില്‍ ശ്രീ.കേശവന്‍ എഴുതിയ കുറിപ്പു താങ്കള്‍ കണ്ടല്ലോ,അതിനു താങ്കളുടെ മറുപടി കണ്ടില്ല.) കുറെ ഒച്ചയും വിളിയും കൂട്ടി ,ആളുകളെ തെറ്റിദ്ധരിപ്പിക്കാനും രാജ്യ പുരോഗതിയെ പിന്നോട്ടടിക്കാനും സി.എ.ജിക്കും ശിങ്കിടികള്‍ക്കും കഴിഞ്ഞിട്ടുണ്ട്. കല്‍ക്കരി ഇറക്കുമതി കൂട്ടി ഫിസ്ക്കല്‍ ഡഫിഷ്യറ്റ് കൂട്ടാനും ഈ ബഹളം കാരണമായി. എന്തു ചെയ്താലും ഉണ്ടാകുന്ന ബഹളം കാരണം തീരുമാനങ്ങളെടുക്കാന്‍ പല മന്ത്രിമാരും മടിച്ചു.അതും ഇന്നത്തെ അവസ്ഥക്ക് കാരണമായി. കിട്ടുന്ന ചാന്‍സില്‍ എന്നെ അപമാനിക്കാന്‍ ശ്രമിക്കാതെ ഓഡിറ്റുകാരുടെ പ്രവര്‍ത്തികളെക്കുറിച്ച് ഞാന്‍ എഴുതിയ കാര്യങ്ങളെക്കുറിച്ച് ഒരു ആത്മ പരിശോധന നടത്തുന്നത് നന്നായിരിക്കും.

    ReplyDelete
  14. സർ, എന്റെ പരാമർശങ്ങൾ ഒരിക്കലും വ്യക്തി പരമായി എടുക്കരുതെന്ന്, അഭ്യർത്ഥിക്കുന്നു. എപ്പോഴെങ്കിലും അങ്ങനെ താങ്കള്ക്ക് തോന്നിയുട്ടെണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. ചോദ്യങ്ങളോട് പക്വതയോടുള്ള താങ്കളുടെ സമീപനത്തെ, ഹൃദയം തുറന്നു അഭിനന്ദിക്കുന്നു.

    കാര്യത്തിലേക്ക് കടക്കട്ടെ:
    ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്ന കാര്യത്തെ കുറിച് താങ്കളുടെ മറുപടി തൃപ്തികരമല്ല. കാരണം മുകളിൽ സൂചിപ്പിച്ച "Musiris" ന്റെ മറുപടിയിലും താങ്കൾ ഒരു തരാം ഒഴിഞ്ഞു മാറലുകളാണ് നടത്തുന്നത് . ഇതിനെ പറ്റി പറഞ്ഞത് "പെട്രോളിയം" മന്ത്രാലയവും താങ്കളുടെ തന്നെ മന്ത്രിയായ ശ്രീ വീരപ്പൻ മോയലിയും ആണ്.

    Coal - gate ഇടപാടിൽ യാതൊരു അഴിമതിയും നടന്നിട്ടില്ല എന്ന താങ്കളുടെ കണ്ടുപിടുത്തത്തെ, കൊച്ചു കുട്ടികൾ പോലും പുചിച് തള്ളും . അതിന് താങ്കൾ താങ്കളുടെ പഴയ ബ്ലോഗിൽ "auditor"മാരുടെ സ്വഭാവത്തെ കുറിച് വളരെ വില കുറഞ്ഞ പരാമര്ശം നടത്തി, ലോകത്തിലെ എല്ലാ "auditor" മാരും താങ്കളുടെ ഓഫീസിൽ വന്നവരെ പോലെയാണ് എന്ന് സ്ഥാപിച് "CAG" യും ചുമ്മാ അവിടെ വന്നു ചായയും ഊണും തട്ടി പോയി, വായിൽ തോന്നുന്നത് കോതക്ക് പാട്ട് എന്നാ രീതിയിലുള്ള "റിപ്പോർട്ട്‌" എഴുതി എന്ന അല്പത്തരം വിളിച്ച പറഞ്ഞ് , CAG മൊത്തമായും തെറ്റാണു എന്ന് സ്ഥാപിക്കാൻ ശ്രമിച്ചതല്ലാതെ വേറൊന്നും അത് വായിച്ചപ്പോൾ തോന്നിയില്ല ... മറിച് എന്തെങ്കിലും ഉണ്ടെങ്കിൽ ഒന്ന് വ്യക്തമായി വിവരിച്ചാൽ കൊള്ളാം . "താങ്കളുടെ പ്രീയങ്കരരായ പാവപ്പെട്ട മുതലാളിമാർ ചുമ്മാ കിട്ടിയ വിലയ്ക്ക് കല്ക്കരി പാടങ്ങളൊക്കെ എടുത്ത് രാജ്യത്തെ വൈദ്യുതി ഉത്‌പാദനത്തിന് , ചുമ്മാ കല്ക്കരി കൊടുക്കുന്ന ആ വിദ്യ ബഹു കേമം തന്നെ. സമ്മതിച്ചിരിക്കുന്നു."

    സർ, ഒരു ദിവസമെങ്കിലും പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ചൂടറിഞ്ഞ് ജീവിചിട്ടുണ്ടെങ്കിൽ, ഒരു ദിവസമെങ്കിലും പാവപ്പെട്ടവൻ എങ്ങനെയാണ് കഴിയുന്നു എന്നറിഞ്ഞുരുന്നെങ്കിൽ, താങ്കൾക്ക് ന്യായീകരിക്കാൻ സാധിക്കില്ല ഈ കൊള്ളരുതായ്മകളെ. മനസിലാക്കുക താങ്കൾ ജീവിക്കുന്ന, പ്രതിനിധാനം ചെയ്യുന്ന സമ്പന്ന ലോകത്തിനപ്പുറം, പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും ഒരു ലോകമുണ്ട്.... ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കുവാൻ പറ്റാത്തവന്റെ ലോകം. അവിടെയുള്ളവർക്ക് താങ്കളുടെ ന്യായീകരണങ്ങൾ ചിലപ്പോൾ ബോധിചില്ലെന്നും മനസ്സിലായെന്നും വരാം. ക്ഷമിക്കുക ആ അറിവില്ലാത്തവരോട് ............

    വീണ്ടും കാണാം

    @ Manoj



    ReplyDelete
    Replies
    1. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തടസ്സപ്പെട്ടത് സര്‍ക്കാരിന്‍റെ ഇടപെടല്‍ കാരണമല്ല. അന്തരാഷ്ട്ര ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ഇന്‍ഷ്വര്‍ ചെയ്യാന്‍ തയ്യാറാകാതിരുന്നത് കൊണ്ടാണ്. ഈ ആവശ്യത്തിലേക്കായി ഗവണ്‍മെന്‍റ് മുന്‍ കയ്യെടുത്ത് ഒരു ഫണ്ട് ഉണ്ടാക്കിയിട്ടുണ്ട് (എണ്ണ ക്കമ്പനികളും വീതം ഇറക്കുന്നുണ്ട്) രൂപയുടെ അടിസ്ഥാനത്തിലുള്ള വ്യാപാരം ഉടന്‍ പൂര്‍വ്വ സ്ഥിതിയിലെത്തും എന്നു കരുതാം.
      കോള്‍ഗേറ്റില്‍ യാതൊരു അഴിമതിയും നടന്നിട്ടില്ല എന്നു ഞാനൊരിടത്തും പറഞ്ഞിട്ടില്ല. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ് നയപരമായ തീരുമാനങ്ങളെടുക്കാനുള്ള അവകാശം എന്നും അതിനെ ചോദ്യം ചെയ്യാന്‍ കോടതിക്കോ സി.എ.ജിക്കൊ അര്‍ഹതയില്ല എന്നതുമാണ് എന്‍റെ പ്രധാന പോയന്‍റ്. സി.എ.ജിയുടെ കണക്കുകള്‍ സ്ഥാപിത താല്‍പ്പര്യം കൊണ്ട് ഊതി വീര്‍പ്പിച്ചതാണ് എന്നതാണു അടുത്ത പോയന്‍റ്.ആഡിറ്റിനുവരുന്നവര്‍ പ്രത്യേക പര്‍ഗണന ആവശ്യപ്പെടുന്നതും പലതും ചോദിച്ചുവാങ്ങുന്നതും സര്‍വ്വീസില്‍ ധാരാളം കണ്ടിട്ടുണ്ട്. ഇനിയെങ്കിലും ഇത്തരം വൈകൃതങ്ങള്‍ ഒഴിവാക്കേണ്ടതാണ് എന്നു താങ്കള്‍ക്ക് തോന്നുന്നില്ലേ?
      ഞാന്‍ ഉന്നയിച്ച വിഷയങ്ങളെ അപ്രസക്തമാക്കി ,മുതലാളിമാരെ പിന്തുണക്കുകയാണ് എന്നു ആക്ഷേപിക്കുന്നതിനെക്കുറിച്ച് എന്തു പറയാന്‍? ഒരു കാര്യം പറയട്ടെ കിട്ടുന്ന പെന്‍ഷന്‍ കൊണ്ട് മാത്രമാണു എന്‍റെ ജീവിതം.അധികം ചെലവുകള്‍ ഇല്ല. അധികം നീക്കിയിരിപ്പുകളും ഇല്ല.പിരിയുമ്പോള്‍ കിട്ടിയ തുകയും ഉണ്ടായിരുന്ന ഇത്തിരി സ്ഥാവരസ്വത്തുക്കളും സ്വമേധയാ അപ്പോള്‍ തന്നെ മക്കള്‍ക്ക് വീതിച്ചു കൊടുത്തു. .എന്നെ തീര്‍ച്ചയായും സമ്പന്നനായി പരിഗണിക്കാം.

      Delete
  15. മുന്‍പ് വായിച്ച പോസ്ടാണ്. അന്ന് അഭിപ്രായം എഴുതാന്‍ കഴിഞ്ഞില്ല.
    വിഷമകരമായ ഒരു അവസ്ഥയിലൂടെ തന്നെയാണ് രാജ്യം മുന്നോട്ട് നീങ്ങുന്നത്‌ എന്നത് സത്യമാണ്. എങ്കിലും ചില കാര്യങ്ങളില്‍ സര്‍ക്കാരിന്‍റെ നിലപാടുകളോട് യോജിപ്പില്ല.

    കൊര്‍പ്പരെട്ടുകളെ കൈവിട്ടു സഹായിക്കുന്ന നിലപാടും അമേരിക്കന്‍ വിധേയത്വവും കൊണ്ട് സാധാരണക്കാരന്‌ ഗുണകരമാകുന്ന പല പദ്ധതികളും നടപ്പക്കാനാവുന്നില്ല എന്ന് തോന്നിയിട്ടുണ്ട്‌. ആഭ്യന്തര കാര്‍ഷിക-വ്യാവസായിക ഉത്പാദനം ശക്തിപ്പെടുത്തുകയാണ് തളര്ച്ചയുടെ ഈ ഘട്ടത്തില്‍ വേണ്ടത്.

    ReplyDelete
  16. നന്ദി ജോസെലെറ്റ്, സുബ്ബറാവു മാറിയത് പോലും രൂപയുടെ കരുത്ത് തിരിച്ചുകൊണ്ടുവരാന്‍ കാരണമായി. ആഗോളവല്‍ക്കരണം ഏറ്റവും ഉപകരിച്ചനാടാണ് നമ്മുടേത്.നിങ്ങളെപ്പോലെ യുള്ള പ്രവാസികളാണ് നമ്മുടെ സാമ്പത്തികാടിത്തറ.അങ്ങിനെയുള്ളപ്പോള്‍ നമ്മുടെ വിപണി തുറന്നു കൊടുക്കാതിരിക്കാന്‍ പറ്റുമോ? ലോകം ഒറ്റ വിപണിയായി. അതിനു ഗുണവും ദോഷവും ഉണ്ട്.നമ്മുടെ ഉല്പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും ഉചിതമായ നടപടികളിലൊന്ന് പലിശ നിരക്ക് കുറയ്ക്കുക എന്നതായിരുന്നു.ധനമന്ത്രി ഒളിഞ്ഞും തെളിഞ്ഞും ആവശ്യപ്പെട്ടിട്ടും സുബ്ബറാവു അതിനു തയ്യാറായില്ല.

    ReplyDelete

Related Posts Plugin for WordPress, Blogger...