Google+ Followers

Friday, 28 March 2014

നമോവാകം
   
    അങ്ങിനെ നരേന്ദ്രമോഡി ബി.ജെ.പിയുടെ ഒരേ ഒരു നേതാവായി. അതില്‍ അത്ര വലിയ അതിശയത്തിന് വകുപ്പില്ല. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പാര്‍ട്ടി നേതാവാകുന്നതില്‍ ഒരു തെറ്റുമില്ല. കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലെപ്പോലെ പ്രധാനമന്ത്രിയും പാര്‍ട്ടി നേതാവും വേറെ വേറെ ആളുകളാവണം എന്നു നമ്മുടെ ഭരണഘടന അനുശാസിക്കുന്നുമില്ല.

    
   പക്ഷേ ബി.ജെ.പി എന്ന പാര്‍ട്ടിയെ മോഡി കൈവെള്ളയില്‍ ഒതുക്കിയ രീതി, ആ ക്രാഫ്റ്റ് ,കാണാതിരുന്നു കൂടാ. ബി.ജെ.പി എന്നും ഒരു ഹിന്ദുത്വ പാര്‍ട്ടിയായിരുന്നു. അടിയന്തിരാവസ്ഥ കഴിഞ്ഞുവന്ന ജനതാപാര്‍ട്ടിയുടെ വസന്തകാലത്ത് മാത്രമേ ആ ഭാവം ഒരു മൂടുപടം അണിഞ്ഞുള്ളൂ. അത് ഏറെ നീണ്ടുനിന്നുമില്ല. പഴയ ജനസംഘം ബി.ജെ.പിയായി പുനരവതരിച്ചു. RSS ന്‍റെ A ടീമോ B ടീമോ ഒക്കെ ആയി അറിയപ്പെടുന്നത് ബി.ജെ.പിയിലെ ബഹുഭൂരിപക്ഷം നേതാക്കള്‍ക്കും ഒരു സ്വകാര്യ അഹങ്കാരം തന്നെയാണ്. RSSനു കീഴടങ്ങാത്ത നേതാക്കള്‍ക്കു പാര്‍ട്ടിയില്‍ വലിയ ഭാവി ഇല്ല എന്നു ഏവര്‍ക്കും അറിയാം. ശ്യാമപ്രസാദ് മുഖര്‍ജിയുടെ പാര്‍ട്ടിയുടെ ജനസ്രോതസ്സ് എന്നും RSS തന്നെയായിരുന്നു.

    ആ ബി.ജെ.പിയാണ് മോഡിയുടെ പാര്‍ട്ടിയായി മാറിയിരിക്കുന്നത്. ഈ നേട്ടം കൈവരിക്കാന്‍ അദ്ദേഹത്തെ പ്രകടമായി സഹായിച്ചത് ആര്‍.എസ്സ്.എസ്സും പിന്നെ രാജ്നാഥ് സിങ് എന്ന പാര്‍ട്ടി പ്രസിഡന്‍റുമാണ്. ഈ രാജ്നാഥ് ബി.ജെ.പിയുടെ അത്ര വലിയ നേതാവൊന്നുമല്ല. നിഥിന്‍ ഗഡ്കരി കുരുത്തക്കേട് കാണിച്ചു പുറത്താകേണ്ടി വന്നപ്പോള്‍ അദ്വാനിയടക്കമുള്ളവരുടെ കാലുപിടിച്ചു നേടിയതാണ് പ്രസിഡണ്ട് പദം.മോഡി ആദ്യം RSS നെയും പിന്നെ രാജ്നാഥിനെയും കയ്യിലെടുത്തു. അദ്വാനിയുടെയും മറ്റ് നേതാക്കളുടെയും എതിര്‍പ്പ് മറികടന്നു ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി. രാജ്നാഥ് അടിയന്തിരാവസ്ഥക്കാലത്തെ കോണ്‍ഗ്രസ്സ് പ്രസിഡന്‍റിന്‍റെ കുപ്പായമാണ് അണിഞ്ഞിരിക്കുന്നത്.മോഡിയെന്നാല്‍ ഇന്ത്യ. ഇന്ത്യയെന്നാല്‍ മോഡി. അങ്ങിനെ അങ്ങോട്ട് തുറന്നു പറഞ്ഞിട്ടില്ല. പക്ഷേ അദ്ദേഹത്തിന് മോഡിയുടെ താല്‍പ്പര്യം സംരക്ഷിക്കല്‍ മാത്രമാണു പണി. ബി.ജെ.പി പ്രസിഡണ്ട് മോഡിയുടെ പ്രസിഡണ്ട് ആയി മാറി. മോഡിയുടെ പടയോട്ടത്തില്‍ തകര്‍ന്നും തളര്‍ന്നും വീണത് ചില്ലറക്കാരൊന്നുമല്ല.

    ആദ്യം ബി.ജെ.പിയുടെ ഉരുക്ക് മനുഷ്യന്‍ ലാല്‍ കൃഷ്ണ അദ്വാനി. പ്രധാനമന്ത്രി പദം കപ്പിനും ചുണ്ടിനുമിടയ്ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജനസംഘത്തിന്‍റെ പഴയ പടക്കുതിര. സ്വന്തം തട്ടകത്തില്‍ കോണ്‍ഗ്രസ്സുകാരനാണെങ്കിലും പേരുറച്ച സര്‍ദാര്‍ വല്ലഭായി പട്ടേലുള്ളപ്പോള്‍ പിന്നെന്തിനാണ് വേറൊരു ഉരുക്കുമനുഷ്യന്‍? മോഡി പട്ടേലിനെ അങ്ങ് ഏറ്റെടുത്തു. കോണ്‍ഗ്രസ്സുകാര്‍ കുറച്ചു ഒച്ചയും വിളിയും ഉണ്ടാക്കിയെങ്കിലും പട്ടേലിനെ വെച്ചുള്ള കളി മോഡി തുടര്‍ന്നു. അദ്വാനിയെ ഒതുക്കാനുള്ള ശ്രമത്തില്‍ RSS ന്‍റെ പിന്തുണ നിയുക്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്ക് കിട്ടി. അവസാനം മോഡി വെച്ചുനീട്ടിയ സീറ്റില്‍ തന്നെ പാവം അദ്വാനിക്ക് വേണമെങ്കില്‍ മല്‍സരിക്കാം എന്നതാണു സ്ഥിതി. മോഡിയുടെ കുതന്ത്രങ്ങളറിയാവുന്ന ,മോഡിയെ വിശ്വാസമില്ലാത്ത “പഴയ” നേതാവിന് ഗുജറാത്തില്‍ നിന്നു തന്നെ മല്‍സരിക്കേണ്ട അവസ്ഥയായി. ബി.ജെ.പിക്ക് തനിച്ചു ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍  ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയായി മോഹസാഫല്യം നേടാമെന്ന അദ്വാനിയുടെ ആഗ്രഹം നടക്കുന്ന മട്ടില്ല. ജയിച്ചാലല്ലേ പ്രധാനമന്ത്രിയാകാന്‍ പറ്റൂ?

    അദ്വാനി മാത്രമല്ല, വെള്ളവും വളവും കൊടുത്തു ഹിന്ദുത്വ പാര്‍ട്ടിയെ പോഷിപ്പിച്ച നേതാക്കളെല്ലാം ഒതുക്കപ്പെട്ടു.യശ്വന്ത് സിംഹ, ജസ്വന്ത് സിംഗ്,  ഹരേന്‍ പഥക് എന്നു വേണ്ട അദ്വാനിയെ പിന്തുണക്കുന്നവരും പിന്തുണച്ചേക്കാമെന്ന് സംശയിക്കുന്നവരും  എല്ലാം കൂട്ടത്തോടെ തഴയപ്പെട്ടു. ഇതുവരെ ജസ്വന്ത് സിംഗ് മാത്രമേ വിമതനായി പത്രിക സമര്‍പ്പിക്കാന്‍ മുന്നോട്ട് വന്നിട്ടുള്ളൂ. പ്രതിഷേധിച്ചവര്‍ക്കെല്ലാം ഇഷ്ടം പോലെ ഓഫര്‍ ഉണ്ട്. ഭാവിയില്‍ കൊടുക്കാന്‍ പോകുന്ന സമ്മാനങ്ങളില്‍ അവര്‍ക്കാര്‍ക്കും വിശ്വാസമുണ്ടായിട്ടല്ല. പക്ഷേ അവരെല്ലാം നിസ്സഹായരാണ്. സുഷമാ സ്വരാജ് ഇടയ്ക്കും തലയ്ക്കും ട്വിറ്ററില്‍ കോറുന്നുണ്ട്. മനസ്സിന്‍റെ നീറ്റല്‍ കുറയ്ക്കാം എന്നല്ലാതെ അതുകൊണ്ട് പ്രത്യേക ഗുണമൊന്നുമില്ല.

    നരേന്ദ്ര മോഡിയുടെ പടയോട്ടം എന്നെ രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പുള്ള ജര്‍മ്മനിയിലേക്കാണ് കൊണ്ടുപോകുന്നത്. ഒരിക്കല്‍ അധികാരത്തിലെത്തിയാല്‍ ഒരു ഫാസിസ്റ്റ് എന്തൊക്കെ ചെയ്യുമെന്നാണ് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നത്. ചടുലമായ, കേള്‍വിക്കാരെ ഇളക്കിമറിക്കുന്ന  പ്രസംഗ വൈദഗ്ദ്ധ്യമായിരുന്നു ഹിറ്റ്ലറുടെ പ്രധാന കൈമുതല്‍. ജൂത വിരോധമായിരുന്നു തുറുപ്പ് ചീട്ട്. സ്വന്തം ആള്‍ക്കാരെക്കൊണ്ട് പാര്‍ലമെന്‍റ് മന്ദിരം കത്തിച്ചിട്ട് അതിന്‍റെ ഉത്തരവാദിത്വം കമ്യൂണിസ്റ്റുകളുടെ തലയില്‍ ഇടുന്നതായിരുന്നു പ്രവര്‍ത്തന ശൈലി. അധികാരത്തിലെത്തിയ ഉടനെ പാര്‍ലമെന്‍റിന്‍റെ അനുവാദം ഇല്ലാതെ തന്നെ ചാന്‍സലര്‍ക്ക് (ഹിറ്റ്ലര്‍ക്ക്) സ്വയം നിയമങ്ങള്‍ പാസ്സാക്കാനുള്ള വ്യവസ്ഥ കൊണ്ടുവന്നു. എന്തിനേറെ, പ്രസിഡണ്ടിന്‍റെ മരണ ശേഷം മുഴുവന്‍ അധികാരങ്ങളും ചാന്‍സലറില്‍ ചെന്നു ചേരുമെന്ന നിയമം പാസ്സാക്കിയ ഉടനെ പ്രസിഡണ്ടിന്റെ മരണവും നടന്നു. നുണകള്‍ പറയാനും പ്രചരിപ്പിക്കാനും ഗീബല്‍സിന്‍റെ നേതൃത്വത്തില്‍ ഒരു പട തന്നെയുണ്ടായിരുന്നു.

    ഇന്നിപ്പോള്‍ ഗീബല്‍സിന്‍റെ ആവശ്യമില്ല. ഇന്‍റഗ്രിറ്റി എന്ന വാക്കിന്‍റെ അര്‍ത്ഥമറിയാത്ത മാദ്ധ്യമങ്ങള്‍ ആ ജോലി ചെയ്തു കൊള്ളും. ആവശ്യത്തിന് പൈസ കൊടുത്താല്‍ മതി. പണം മോഡിക്കൊരു പ്രശ്നമല്ല. കൊടുക്കാന്‍ ആളുണ്ട്. എല്ലാവരെയും വിലയ്ക്കെടുത്തുകൊണ്ട് മോഡിയുടെ കാരവന്‍ മുന്നോട്ട് നീങ്ങുകയാണ്. ആര്‍പ്പുവിളികളുമായി സഹായ സംഘങ്ങള്‍ കൂടെയുണ്ട്. ആ പോക്കില്‍ ബി.ജെ.പിയുടെ, രാജ്യത്തിന്‍റെ ചിലതെല്ലാം ചതഞ്ഞരഞ്ഞു തീരുന്നുണ്ട്. ഈ പോക്ക് രാജ്യത്തിന്‍റെ പ്രധാനമന്ത്രി പദത്തില്‍ മോഡിയെ എത്തിക്കുമോ എന്നു കാത്തിരുന്ന് കാണാം.

    ഒരാള്‍ ജനക്കൂട്ടത്തെ കയ്യിലെടുക്കുന്ന പ്രസംഗകനാണ് എന്നത് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകാന്‍ പോന്ന യോഗ്യതയല്ല. അയാള്‍ സാമ്പത്തിക രംഗത്ത് ഉണ്ടാക്കിയെന്ന് പറയുന്ന നേട്ടങ്ങളും രാജ്യത്തിന്‍റെ ഭരണചക്രം തിരിക്കാന്‍ അയാളെ യോഗ്യനാക്കുന്നില്ല. കാരണം ഹിറ്റ്ലര്‍ ഇതും ഇതിലപ്പുറവും ആയിരുന്നു. ഒരു ഫാസിസ്റ്റ് ,അയാള്‍ക്ക് മറ്റെന്ത് യോഗ്യതയുണ്ടെങ്കിലും ശരി, രാജ്യത്തിനും ലോകത്തിനും ആപത്ത് മാത്രമേ കൊണ്ട് വരൂ.


28 comments:

 1. അതെ..അതെ..അവസാനവരിയില്‍ എല്ലാമുണ്ട് വെട്ടത്താന്‍ ചേട്ടാ..

  ReplyDelete
  Replies
  1. താല്‍ക്കാലികമായുള്ള ഒരു ജയത്തിന് വേണ്ടി എന്തും പറയുന്നു. ഓരോ പ്രാവശ്യവും ആവശ്യമുള്ളവരെ ഉപയോഗിക്കുകയും ആവശ്യം കഴിഞ്ഞാല്‍ ഒഴിവാക്കുകയും ചെയ്യുന്നു. ഇന്ത്യയിലുള്ള മാദ്ധ്യമങ്ങളില്‍ വിലയ്ക്കു വാങ്ങാന്‍ പറ്റുന്നവരെ തിരഞ്ഞു പിടിച്ച് സ്വന്തമാക്കുന്നു. ഒരു വക brutal execution.തുറന്നു പറയട്ടെ എനിക്കു ഭയമാകുന്നു.

   Delete
 2. വാര്‍ത്തകള്‍ നല്‍കുന്ന സൂചനകള്‍ അനുസരിച്ച് നമ്മള്‍ ജനം സത്യം ഒന്നും അറിയാതെ തപ്പിത്തടയനമെന്നാണ്. ശരിയും തെറ്റും എല്ലാം കൂട്ടിക്കുഴച്ച് ഒരു അവയില്‍ പരുവത്തില്‍ വിളമ്പി ആകെ കണ്ഫ്യൂഷനില്‍ ആക്കി നിലനിര്‍ത്തുക എന്ന രീതി. നമുക്കെല്ലാം നോക്കി കാണാം എന്നത് മാത്രം ബാക്കി.

  ReplyDelete
  Replies
  1. മാധ്യമങ്ങളുടെയും കോടതികളുടെയും അപചയത്തെക്കുറിച്ച് പറഞ്ഞു ഞാന്‍ ചിലപ്പോള്‍ അപഹാസ്യന്‍ തന്നെ ആവാറുണ്ട്. പക്ഷേ സത്യസന്ധവും നേരിട്ടുള്ളതുമായ വാര്ത്ത നമുക്ക് അന്യമായിക്കഴിഞ്ഞു.വാര്‍ത്തയില്‍ നിന്നു സത്യം തിരഞ്ഞുപിടിക്കാന്‍ അസാമാന്യ വൈദഗ്ദ്ധ്യം വേണ്ട അവസ്ഥയായി

   Delete
 3. ‘ഒരാള്‍ ജനക്കൂട്ടത്തെ കയ്യിലെടുക്കുന്ന പ്രസംഗകനാണ് എന്നത് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകാന്‍ പോന്ന യോഗ്യതയല്ല. അയാള്‍ സാമ്പത്തിക രംഗത്ത് ഉണ്ടാക്കിയെന്ന് പറയുന്ന നേട്ടങ്ങളും രാജ്യത്തിന്‍റെ ഭരണചക്രം തിരിക്കാന്‍ അയാളെ യോഗ്യനാക്കുന്നില്ല. കാരണം ഹിറ്റ്ലര്‍ ഇതും ഇതിലപ്പുറവും ആയിരുന്നു. ഒരു ഫാസിസ്റ്റ് ,അയാള്‍ക്ക് മറ്റെന്ത് യോഗ്യതയുണ്ടെങ്കിലും ശരി, രാജ്യത്തിനും ലോകത്തിനും ആപത്ത് മാത്രമേ കൊണ്ട് വരൂ.‘
  മോഡി ഒന്നുമാകാൻ പോകുന്നില്ല....
  ആശംസകൾ...

  ReplyDelete
  Replies
  1. ബി.ജെ.പിക്ക്.മൂന്നിൽ രണ്ടു ഭൂരിപക്ഷം കിട്ടുമെന്നായിരുന്നു ആദ്യ പ്രചാരണം .പിന്നെ തനിച്ചു ഭൂരിപക്ഷം കിട്ടുമെന്നായി .ഇന്നത്തെ വാർത്ത 170 സീറ്റ് കിട്ടുമെന്നാണ് .മോഡി വരില്ലെന്നാശിക്കാം .

   Delete
 4. ഗുജറാത്തിനപ്പുറം മോഡിയ്ക്ക് എന്ത് പ്രസക്തി?
  ബി.ജെ.പി ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാന്‍ പോകുന്നില്ല. പ്രധാനമന്തിയാകാന്‍ മോഹിച്ചിരിക്കുന്ന പ്രാദേശിക പാട്ടികളുടെ നേതാക്കളുടെ ഒരു നിര തന്നെയുള്ളപ്പോള്‍ മോഡി പ്രധാനമന്ത്രി ആകാനും പോകുന്നില്ല. ജയലളിതയും മുലായവും മായാവതിയും ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ ആകുന്നതും മോഡി എത്തുന്നത് തടയാന്‍ കോണ്ഗ്രസ് ഇവരെ പുറത്തുനിന്നു പിന്തുണയ്ക്കുന്നതുകാണുന്നതിലും ഭേദം ആ ഹിറ്റ്‌ലറുടെ ഒരുണ്ട കൊണ്ട് ചാകുന്നതാണ്.

  ReplyDelete
  Replies
  1. മൂന്നുപേരും അതിബുധ്ധിമതികളണെന്നാണ് സ്വയം കരുതുന്നത് .ഒരിക്കൽ മോഡിക്ക് പിന്തുണ കൊടുത്താൽ അവരുടെ പാർട്ടികൾ മോഡിയുടെ പാർട്ടിയിൽ ലയിക്കുന്നത് നമ്മൾ കാണും .ഒരുപക്ഷെ പഴയ ജർമ്മൻ പ്രസിദന്റിന്റെ അനുഭവം ഉണ്ടായെന്നും വരാം .

   Delete
 5. കൃത്രിമമായി സൃഷ്ടിച്ചെടുത്ത വ്യക്തിപ്രഭാവം ഒഴിച്ചു നിര്‍ത്തിയാല്‍ മോഡി വെറുമൊരു വട്ടപ്പൂജ്യം മാത്രമാണ്.

  ReplyDelete
  Replies
  1. കർക്കശക്കാരനായ ഒരു സൂത്രശാലി.സ്വന്തം താൽപ്പര്യങ്ങൾക്ക് ആരെയും വിലയ്ക്കെടുക്കും

   Delete
 6. പ്രധാനമന്ത്രിയാകാന്‍ യോഗ്യതയുള്ള ഒരു മനുഷ്യന്‍ പോലും ഈ ഇലക്ഷനില്‍ കാണുന്നില്ല.

  ReplyDelete
 7. സത്യം .മോഡി നമ്മെ ഭയപ്പെടുത്തുന്നു .രാഹുൽ പൂർണ്ണമായും നിരാശപ്പെടുത്തുന്നു .ചിദംബരത്തിനെ പോലുള്ളവർ മത്സരിക്കുന്നില്ല . ജെറ്റ് ലി ,സുഷമാ സ്വരാജ് എന്നിവർ ചെറു പ്രതീക്ഷ തരുന്നുണ്ട്

  ReplyDelete
 8. മറ്റുള്ളവർക്ക് നല്ലൊരു ലീഡർഷിപ്പില്ലാത്ത
  പ്രധാന മന്ത്രി സ്ഥാനാർത്ഥിയില്ലാത്ത ദോഷം
  തന്നെയാണ് മോഡിക്ക് മെച്ചമായത് .
  പക്ഷേ മോഡിയും കൂട്ടരും സ്വന്തം പാർട്ടിക്കുള്ളിൽ
  നടത്തിയ വെട്ടിനിരത്തൽ തന്നെ മൂപ്പർക്ക് വിനയാകാനാണ് സാധ്യത.

  ReplyDelete
  Replies
  1. ബി.ജെ.പിയില്‍ ഓരോ തീരുമാനവും പ്രതിസന്ധി സൃഷ്ടിക്കുന്നു.മോഡി പിടിച്ചിടത്ത് തന്നെ കെട്ടുന്നുണ്ട്,പക്ഷേ പാര്‍ട്ടിയില്‍ ഒത്തിരി പ്രതിഷേധം ഉയരുന്നുണ്ട്.ഉയര്‍ന്ന ജാതിക്കാരുടെ ഇടയിലെ റിസന്‍റ്മെന്‍റ് എന്താവുമെന്ന് കണ്ടറിയണം

   Delete
 9. ഫോട്ടോഷോപ്പ് വികസനം മാത്രമാണ് ഗുജറാത്ത് , കാലം എത്രകഴിഞ്ഞാലും പഴത് അത്ര പെട്ടോന്നോന്നും മറക്കാന്‍ ആര്‍ക്കും ആവില്ലല്ലോ , പിന്നെ ഇനി ഭൂരിപക്ഷം കിട്ടിയാല്‍ പോലും എത്ര കാലം ഭരിക്കാന്‍ കഴിയും എന്നത് വേറെ വിഷയം.

  ReplyDelete
  Replies
  1. കാര്യം അത്ര ലളിതമല്ല.ഒരിക്കല്‍ ആരുടെയെങ്കിലും സഹായത്തോടെ അധികാരത്തിലെത്താനായാല്‍ അത് നിലനിര്‍ത്താനും മോഡിക്കറിയാം..RSS ഇപ്പോള്‍ തന്നെ വാളെടുത്തു കഴിഞ്ഞു. സംശയമുള്ളവര്‍ ഹിറ്റ്ലറുടെ ചരിത്രം ഒന്നു വായിക്കുന്നത് നന്നാവും.

   Delete
 10. Modiye thalakkan aarumille?

  ReplyDelete
  Replies
  1. ഇപ്പോഴത്തെ അവസ്ഥ പ്രതീക്ഷ തരുന്നില്ല.

   Delete
 11. paid politics... അതാ ഇപ്പൊ അയാള്‍ നടത്തുന്നത്....
  വിലയ്ക്കെടുക്കാന്‍ പാകത്തില്‍ അയാള്‍ തന്നെ വിലയിടുന്നു.

  ReplyDelete
 12. കുനിയാന്‍ പറഞ്ഞാല്‍ മടികൂടാതെ ഇഴയുന്നവരാണ് ഇവിടെയുള്ളത്. അടിയന്തിരാവസ്ഥയില്‍ ഈ സ്വഭാവം നാം കണ്ടതാണു.നമ്മുടെ മീഡിയായും കോടതിയും ഒരു പ്രതീക്ഷ പോലും തരുന്നില്ല.

  ReplyDelete
 13. ആപത്തൊന്നും ഉണ്ടാകാതിരിക്കട്ടെ..

  ReplyDelete
 14. അടുത്ത ദിവസങ്ങളില്‍ മോഡി തനിസ്വഭാവം കാണിക്കുന്നുണ്ട്.എല്ലാവരെയും വിരട്ടാന്‍ ആരംഭിച്ചു കഴിഞ്ഞു.

  ReplyDelete
 15. താങ്കളുടെയും സുഹൃത്തുക്കളുടെയും പ്രതീക്ഷക്ക് കടകവിരുദ്ധമായി മോഡി ഇതാ വന്നിരിക്കുന്നു. അതും തനിച്ചു ഭൂരിപക്ഷത്തോടെ.
  ഞാന്‍ കോണ്ഗ്രസ് അനുഭാവിയാണെങ്കിലും താങ്കള്‍ പറഞ്ഞ ചിദംബരം വരുന്നതിനേക്കാള്‍ ഭേദം ആണ് മോഡി എന്നാണു എന്‍റെ അഭിപ്രായം.
  എന്തായാലും കാത്തിരുന്നു കാണാം.

  ReplyDelete
  Replies
  1. ആരും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷമാണ് മോഡി നേടിയത്.സാമ്പത്തിക രംഗത്ത് ഉണര്‍വ്വുണ്ടാകും.തീരുമാനങ്ങളുണ്ടാവും.അതൊക്കെ നല്ലത് തന്നെ.കാശ്മീര്‍ പ്രശ്നം പൊക്കിക്കൊണ്ടുവന്ന മന്ത്രിയെ മോഡി നിശ്ശബ്ദനാക്കിയിട്ടുണ്ട്.വോട്ടുനേടാന്‍ വേണ്ടി നടത്തിയ വര്‍ഗ്ഗീയ പ്രീണനത്തിന്‍റെ കാര്യത്തിലും ന്യായമായ ഒരു സമീപനം ഉണ്ടായാല്‍ മതിയായിരുന്നു.

   Delete
 16. periley 'tha' eduthu maattiyaal kooduthal yojikkum.

  ReplyDelete
 17. ഐഡന്‍റിറ്റി വെളിപ്പെടുത്താന്‍ ധൈര്യമില്ലാത്തത് മോശമായിപ്പോയി.

  ReplyDelete
 18. വായിക്കാന്‍ വൈകി.
  ലേഖനത്തിലെ അവസാന പേരഗ്രാഫ് ചിന്താര്‍ഹമായി .
  ആശംസകള്‍ സാര്‍

  ReplyDelete
  Replies
  1. നമ്മുടെ ജനാധിപത്യത്തിന്‍റെ ഭാവിയെക്കുറിച്ച്, ഗാന്ധിജിക്ക് പകരം ഗോഡ്സെ പ്രാമുഖ്യം നേടുന്നതിനെക്കുറിച്ച് ഞാന്‍ അസ്വസ്ഥനാണ്

   Delete

Related Posts Plugin for WordPress, Blogger...