Google+ Followers

Tuesday, 11 March 2014

പശ്ചിമഘട്ട സംരക്ഷണവും പള്ളിയും.
    പശ്ചിമഘട്ട സംരക്ഷണ വിഷയവുമായി ബന്ധപ്പെട്ടു ഇടുക്കിയിലെയും താമരശ്ശേരിയിലെയും മെത്രാന്‍മാരുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങളും പ്രചരണങ്ങളും നടന്നുകൊണ്ടിരിക്കുകയാണല്ലോ. കോണ്‍ഗ്രസ്സിനെ പാഠം പഠിപ്പിക്കും എന്നു ഒളിഞ്ഞും തെളിഞ്ഞും പുരോഹിതന്മാരടക്കമുള്ളവര്‍ ദിവസവും ഭീഷണി മുഴക്കുന്നുമുണ്ട്. കര്‍ഷക ജനത ഒന്നടങ്കം ആശങ്കയിലാണെന്നത് ഒരു വസ്തുതയാണ്. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും അരങ്ങുവാഴുന്ന ഈ വിഷയത്തില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്, ഇന്നത്തെ അവസ്ഥക്ക് ആരാണ് കാരണക്കാര്‍ എന്ന ഒരു അന്യോഷണമാണ് ഈ ലേഖനം.


    വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ പശ്ചിമഘട്ടത്തെ ഇല്ലായ്മ ചെയ്യുന്നു എന്ന മുറവിളികള്‍ കാരണമാണ് ഈ വിഷയത്തെക്കുറിച്ച് പഠിക്കുന്നതിനും പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമായി അറിയപ്പെടുന്ന പരിസ്ഥിതി ശാസ്ത്രജ്ഞ്ന്‍  ആയ ശ്രീ മാധവ ഗാഡ്ഗില്‍ അദ്ധ്യക്ഷനായ ഒരു സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്നത്. കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റുട്ടിലെ ശാസ്ത്രജ്ഞ്നായി ഔദ്യോഗിക ജീവിതം ആരംഭിച്ചു കേരള സ്റ്റേറ്റ് ബയോ ഡൈവേഴ്സിറ്റി ബോര്‍ഡിന്‍റെ ചെയര്‍മാന്‍ വരെ ആയിരുന്ന ഡോക്റ്റര്‍ വി.എസ്.വിജയന്‍ ആയിരുന്നു ഈ കമ്മിറ്റിയില്‍ കേരളത്തെ പ്രതിനിധാനം ചെയ്തത്. കൂടാതെ കേരള സ്റ്റേറ്റ് ബയോ ഡൈവേഴ്സിറ്റി ബോര്‍ഡിന്‍റെ ചെയര്‍മാന്‍ ഡോക്റ്റര്‍ ആര്‍.വി.വര്‍മ്മ ഈ കമ്മിറ്റിയുടെ എക്സ് ഒഫീഷ്യോ അംഗങ്ങളില്‍ ഒരാളുമായിരുന്നു. 

    ഗാഡ്ഗില്‍ കമ്മിറ്റി പൊതുജനങ്ങളില്‍ നിന്നും ബന്ധപ്പെട്ടവരില്‍ നിന്നും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും  ക്ഷണിക്കുകയും പല സ്ഥലങ്ങളിലും സിറ്റിങ്ങുകള്‍ നടത്തുകയും ചെയ്തു. ആതിരപ്പള്ളി പദ്ധതിക്കെതിരെ രംഗത്തുവന്നവര്‍ക്ക് തുറന്ന പ്രോല്‍സാഹനമാണ് കമ്മിറ്റിയില്‍ നിന്നു കിട്ടിയതു. 2007ല്‍ കമ്മിറ്റി ഒരു കരട് റിപ്പോര്‍ട്ട് തയ്യാറാക്കുകയും സംസ്ഥാനങ്ങളുടെ അഭിപ്രായത്തിനായി അത് ബന്ധപ്പെട്ട  സംസ്ഥാനങ്ങള്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. കേരളം ഭരിച്ചിരുന്ന അച്യുതാനന്ദന്‍റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ (ശ്രീ ബിനോയ് വിശ്വമായിരുന്നു വന-പരിസ്ഥിതി മന്ത്രി) ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനു നൂറു ശതമാനം പിന്തുണയാണ് കൊടുത്തത്. കരട് റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ ഒരു ബദല്‍ നിര്‍ദ്ദേശവും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായില്ല. അതേ സമയം തമിള്‍നാട്, ഗോവ സര്‍ക്കാരുകള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ  കര്‍ഷകവിരുദ്ധ നയങ്ങളെ എതിര്‍ത്തുകൊണ്ട് രംഗത്ത് വരികയും റിപ്പോര്‍ട്ട് കൊടുക്കുകയും ചെയ്തു. പരിസ്ഥിതി ലോല പ്രദേശമെന്ന പേരില്‍ പശ്ചിമഘട്ടത്തിലെ കര്‍ഷകരുടെ ഭൂമി നഷ്ടപരിഹാരം പോലും നല്‍കാതെ ഏറ്റെടുക്കാന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അനുമതി കൊടുക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തത്. ഉദ്യോഗസ്ഥര്‍ക്ക് കാര്യസാദ്ധ്യത്തിന്നായി എന്തും ചെയ്യാനുള്ള അനുമതിയാണ് തന്മൂലം വന്നുചേര്‍ന്നത്. വന്‍ കിട എസ്റ്റേറ്റുകള്‍ പരിസ്ഥിതി ലോലപ്രദേശമാണെന്ന് പറഞ്ഞു ഉദ്യോഗസ്ഥര്‍ ഏറ്റെടുത്തപ്പോള്‍  പതിവുപോലെ മലയാളി കയ്യടിച്ചു. ഈ നീരാളിയുടെ കൈകള്‍ തന്‍റെ നേരെ നീളുന്നത് ഇവിടുത്തെ സാധാരണ കര്‍ഷകന്‍ കണ്ടില്ല.

    ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടപ്പോഴാണ് അത് സാധാരണ കര്‍ഷകനെ എങ്ങിനെയൊക്കെ ബാധിക്കുമെന്ന് മനസ്സിലായത്. കൃത്യതയില്ലാത്ത ,ഉദ്യോഗസ്ഥന്‍മാര്‍ക്ക് എങ്ങിനെയും വ്യാഖ്യാനിക്കാവുന്ന, പല നിര്‍ദ്ദേശങ്ങളും ഈ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.(കോഴിക്കോട് ലോകോളേജില്‍ വെച്ചു നടത്തപ്പെട്ട ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെക്കുറിച്ചുള്ള സെമിനാറില്‍ ഇത് കൂടുതല്‍ വ്യക്തമായി. പല കാര്യങ്ങളിലും വ്യക്തമായ, കൃത്യമായ ഉത്തരം നല്‍കാന്‍ ഡോക്റ്റര്‍ വിജയന് കഴിഞ്ഞില്ല.)

വ്യാപകമായ എതിര്‍പ്പുകള്‍ ഉണ്ടായപ്പോള്‍ ഈ വിഷയത്തില്‍ വീണ്ടും പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡോക്റ്റര്‍ കസ്തൂരിരംഗന്‍റെ  നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു. ഈ കമ്മിറ്റി തമിള്‍നാട് സര്‍ക്കാര്‍ ഗാഡ്ഗില്‍ കമ്മിറ്റിക്ക് സമര്‍പ്പിച്ച വിശദീകരണം അതേപടി സ്വീകരിച്ചു. കസ്തൂരിരംഗന്‍ തമിള്‍നാട്ടിലേക്ക് പോകുകപോലും ചെയ്തില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം അന്ന് നിലവിലുണ്ടായിരുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും നടപ്പാക്കണമെന്ന അഭിപ്രായക്കാര്‍ ആയിരുന്നതിനാല്‍ എതിര്‍ത്തുകൊണ്ടുള്ള ഒരു രേഖയും ഉണ്ടായിരുന്നില്ല. കസ്തൂരിരംഗന്‍ കമ്മിറ്റി ജനങ്ങളില്‍ നിന്നു പരാതികളും അഭിപ്രായങ്ങളും ക്ഷണിച്ചുകൊണ്ട് പരസ്യങ്ങള്‍ നല്‍കി. ധാരാളം പേര്‍ കമ്മീഷനെ സമീപിച്ചു. നിവേദനങ്ങള്‍ നല്‍കിയും അഭിഭാഷകരെ വെച്ചു തങ്ങളുടെ ന്യായം വിശദീകരിച്ചും ധാരാളം സംഘടനകള്‍ തങ്ങളുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുത്തു. വിചിത്രമെന്ന് പറയട്ടെ, ഇപ്പോള്‍ കര്‍ഷകര്‍ക്കുവേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുന്ന ഒരു ബിഷപ്പോ വൈദീകനോ അങ്ങിനെ ഒരു നിവേദനം കൊടുക്കാന്‍ തയ്യാറായില്ല. ഇടുക്കി സന്ദര്‍ശിക്കാന്‍ തയ്യാറായ കസ്തൂരിരംഗന് “ഇങ്ങോട്ട് വന്നാല്‍ കാലുതല്ലി ഒടിക്കും” എന്ന ഭീഷണിയാണ് ഹൈറേഞ്ച് സംരക്ഷണ സമിതിയില്‍ നിന്നു ഉണ്ടായത്. കമ്മീഷന്‍ ഏതായാലും അങ്ങിനെ ഒരു റിസ്ക് എടുക്കാന്‍ തയ്യാറായില്ല. കിട്ടിയ നിവേദനങ്ങള്‍ സ്വീകരിച്ചും പരിസ്ഥിതി ലോല പ്രദേശങ്ങള്‍ ഏരിയല്‍ സര്‍വ്വേ വഴി അടയാളപ്പെടുത്താന്‍ തയ്യാറായും  കസ്തൂരി രംഗന്‍ കേരളം വിട്ടു. ഒഴിവാക്കേണ്ടവ ഒഴിവാക്കിയും  അല്ലാത്തവയ്ക്ക് ഗാഡ്ഗില്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാം എന്നും വ്യക്തമാക്കിയുമുള്ള റിപ്പോര്‍ട്ടാണ് കസ്തൂരിരംഗന്‍ സമര്‍പ്പിച്ചത്. ജനവാസമേഖലകളെയും എസ്റ്റേറ്റുകള്‍ അടക്കമുള്ള കൃഷിയിടങ്ങളെയും പരിസ്ഥിതി ലോല വിഭാഗത്തില്‍ നിന്നു ഒഴിവാക്കണമെന്ന സുപ്രധാന നിര്‍ദ്ദേശവും കസ്തൂരിരംഗന്‍റെ റിപ്പോര്‍ട്ടിലുണ്ട്. (ഈ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ പരിസ്ഥിതി ലോലമെന്ന് പേരിട്ട 123 വില്ലേജുകളില്‍ ബഹുഭൂരിപക്ഷവും ആ ലിസ്റ്റില്‍ നിന്നു ഒഴിവായെനെ. പക്ഷേ ഒരു നിവേദനം പോലും കൊടുക്കാതെ കവലച്ചട്ടമ്പികളെപ്പോലെ പെരുമാറാനാണ് പള്ളി സ്പോണ്‍സര്‍ ചെയ്ത സംഘടനകള്‍ തയ്യാറായത്)   റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അഞ്ചു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കരട് നോട്ടിഫിക്കേഷന്‍ പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചു.

    അപ്പോഴാണ് ബിഷപ്പുമാരുടെ നേതൃത്വത്തില്‍ ഇടുക്കിയിലും താമരശ്ശേരിയിലും ബന്ദും കലാപങ്ങളും അരങ്ങേറിയത്. ഇത്തരം ഒരു ഗതികേട് കര്‍ഷകര്‍ക്ക് വന്നു ഭവിച്ചതിനു കാരണക്കാരായ സി.പി.എം ആയിരുന്നു പള്ളിയുടെയും കര്‍ഷകരുടെയും സംരക്ഷകരായി അവതരിച്ചത്. പള്ളി അവരെ ഇരുകൈകളും നീട്ടി സ്വീകരിച്ചു. കര്‍ഷകരെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ പള്ളിയുടെ ശത്രുക്കളുമായി.
   
    താമരശ്ശേരി രൂപതയുടെ നേതൃത്വത്തിലുള്ള പശ്ചിമഘട്ട ജന സംരക്ഷണ സമിതിയുടെ ചെയര്‍മാന്‍ പദം അലങ്കരിക്കുന്ന വൈദീകശ്രേഷ്ഠന്‍ കര്‍ഷക ക്ഷേമത്തിനായി പള്ളി രൂപീകരിച്ച ഇന്‍ഫാം എന്ന കര്‍ഷക സംഘടനയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാണ്. കസ്തൂരിരംഗന്‍ കമ്മിറ്റി വന്നപ്പോള്‍ കര്‍ഷകര്‍ക്കായി ഒരു നിവേദനം കൊടുക്കണമെന്ന് അദ്ദേഹത്തിനും തോന്നിയില്ല. പകരം എല്ലാവിധത്തിലുമുള്ള ഊഹാപോഹങ്ങളും പ്രചരിപ്പിക്കാനാണ് അദ്ദേഹം തുനിഞ്ഞത്. കേന്ദ്ര നോട്ടിഫിക്കേഷന്‍ വന്ന അന്നുരാത്രി നടന്ന ചാനല്‍ ചര്‍ച്ചയില്‍ പല ഊഹാപോഹങ്ങളും തട്ടിവിടാന്‍ ശ്രമിച്ചു എങ്കിലും കൃത്യമായ ചോദ്യങ്ങള്‍ക്ക് ഒടുവില്‍ താന്‍ റിപ്പോര്‍ട്ട് വായിച്ചിട്ടില്ല എന്നു അദ്ദേഹം സമ്മതിക്കുന്ന കാഴ്ചയും ജനത്തിന് കാണേണ്ടി വന്നു. എന്നിട്ടും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന രീതി തുടര്‍ന്നു. ഇപ്പൊഴും തുടരുകയും ചെയ്യുന്നു. ഇത്തരക്കാരുടെ വ്യാജ പ്രചാരണത്തില്‍ കുടുങ്ങി നിഷ്കളങ്കരായ ധാരാളം  കര്‍ഷകര്‍ തങ്ങളുടെ ഭൂമിയും മരങ്ങളും നിസ്സാര വിലയ്ക്ക് വിറ്റ് രക്ഷപ്പെടുന്ന ദുരന്തവും താമരശ്ശേരിയില്‍ അരങ്ങേറി. അവസാനം ബിഷപ്പിന് ഈ പ്രവണതക്ക് എതിരെ ഇടയലേഖനം തന്നെ ഇറക്കേണ്ടി വന്നു. സത്യവുമായി പുലബന്ധം പോലും ഇല്ലാത്ത വ്യാജവാര്‍ത്തകള്‍ പരിധിയില്ലാതെ ഇറങ്ങിക്കൊണ്ടിരിക്കുന്നു. (കഴിഞ്ഞ ദിവസം സമരപ്പന്തലില്‍ കേട്ട ഒരു വാര്ത്ത-അടുത്ത മൂന്നുവര്‍ഷത്തേക്ക് ആവശ്യമുള്ള റബ്ബര്‍ സര്‍ക്കാരിന്‍റെ ഒത്താശയോടെ ഇറക്കുമതി   ചെയ്തു കഴിഞ്ഞു. ഇനി റബ്ബറിന് തേങ്ങയുടെ ഗതിയാണ് വരാന്‍ പോകുന്നത്) .ഇതുകൂടാതെ പല മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളും   പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയില്‍ നിന്നു ഒഴിവായത് സര്‍ക്കാരിന്‍റെ സഹായത്തോടെ ആണെന്നും ക്രിസ്ത്യാനികളെ സര്‍ക്കാര്‍ കരുവേപ്പില പോലെ തഴഞ്ഞുകളഞ്ഞെന്നും വ്യാപകമായി പ്രചരിക്കപ്പെട്ടു. (മുസ്ലീം സംഘടനകള്‍ കസ്തൂരിരംഗന്‍ സമിതിയെ സമീപിച്ചതും തങ്ങള്‍ ഇതൊന്നും ചെയ്യാതിരുന്നതും സമര്‍ത്ഥമായി തമസ്ക്കരിക്കപ്പെട്ടു) 

    താമരശ്ശേരി രൂപതയിലെ ചില വൈദീകര്‍ വര്‍ഗ്ഗീയ കാര്‍ഡ് പുറത്തിറക്കുന്നത് ഇതാദ്യമല്ല. (ഭൂരിപക്ഷം പേരും ഇതില്‍ പങ്കാളികളല്ല) 2006ല്‍ നിയമസഭയിലേക്ക് ഇലക്ഷന്‍ നടന്നപ്പോള്‍ സി.പി.എം കാരനായ മത്തായി ചാക്കോയ്ക്ക് “നമ്മുടെ പയ്യന്‍” എന്ന ലേബല്‍ നല്‍കി വിജയിപ്പിച്ചു. ശ്രീ ചാക്കോയുടെ മരണശേഷം ജോര്‍ജ്ജ്.എം.തോമസ് “നമ്മുടെ പയ്യനായി.” ഇതൊന്നും മലബാറില്‍ ഇല്ലാതിരുന്ന കാര്യങ്ങളാണ്. ആളുകളെ വര്‍ഗ്ഗീയമായി തരംതിരിക്കുന്നത് എന്തായാലും ക്രിസ്തീയമല്ല. തങ്ങളുടെ ചീഞ്ഞ മനസ്സിലെ ചിന്തകള്‍ സാധാരണ വിശ്വാസികളിലേക്ക് പകരുന്ന ഇക്കൂട്ടര്‍ സഭയെയും രാഷ്ട്രത്തെയും ദുഷിപ്പിക്കുകയാണെന്ന് പറയാതെ വയ്യ. ഇക്കൂട്ടരെ അധികാരികള്‍ തടഞ്ഞില്ലെങ്കില്‍ ക്രിസ്തീയ സഭക്ക് ആ പേരിനുള്ള അര്‍ഹതപോലും നഷ്ടമാകും.


വെട്ടത്താന്‍
www.vettathan.blogspot.in

     

42 comments:

 1. വളരെ വസ്തുനിഷ്ഠവും വ്യക്തമായ കാഴ്ചപ്പാടും ഉള്ള പോസ്റ്റ്‌.

  എന്നുമുതലാണ് ആച്ചന്‍മാര്‍ കര്‍ഷകരുടെ രക്ഷകരായി അവതരിക്കാന്‍ ആരംഭിച്ചത്? അടിസ്ഥാനമില്ലാത്ത കാര്യങ്ങളില്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തോന്നിവാസങ്ങള്‍ പ്രചരിപ്പിക്കുകയും രാഷ്ടീയ മുതലെടുപ്പിന് തക്കം നോക്കിയിരിക്കുന്നവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്. എന്തുകൊണ്ട് പൊതു സ്ഥലങ്ങളിലും വീടുകളിലും ഈ റിപ്പോര്‍ട്ടിന്റെ ചുരുക്കം അച്ചടിച്ച് വിതരണം ചെയ്യുന്നില്ല? പത്രത്തോടൊപ്പം ദിവസവും എണ്ണമില്ലാത്ത നോട്ടീസുകള്‍ തിരുകിവെച്ച് വിടുന്നുണ്ടല്ലോ, ഒരു കഷ്ണം തുണ്ടുകടലാസ് കൊണ്ട് ആളുകള്‍ക് സത്യാവസ്ഥ ബോധ്യപ്പെടുകയില്ലേ... അങ്ങനെ ചെയ്‌താല്‍ തങ്ങളുടെ ചൊല്പടിക്ക് നില്‍ക്കാന്‍ ആളുകളെ കിട്ടുകയില്ല എന്ന് അവര്‍ക്കറിയാം .

  വിദ്യാഭ്യാസമില്ലാത്ത അപരിഷ്കൃത ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെ ലജ്ജിപ്പിക്കുന്ന നടപടിയാണ് ഗാട്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്നത്.

  ReplyDelete
  Replies
  1. ആദ്യത്തെ നോട്ടിഫിക്കേഷന്‍ വന്നതിന്‍റെ അടുത്ത ദിവസം ഞാനൊരു മലയോര ഗ്രാമത്തില്‍ പോയി. ജനങ്ങള്‍ ആകെ ഭയന്നിരിക്കയായിരുന്നു. ധാരാളം കള്ളക്കഥകള്‍ ആളുകളുടെ ഇടയില്‍ പ്രചരിച്ചിരുന്നു. അതിന്റെയെല്ലാം പ്രഭവകേന്ദ്രം ഒന്നായിരുന്നു. സ്റ്റേജ് കിട്ടാന്‍ കാത്തിരുന്ന ഒരു തീപ്പൊരി പ്രസംഗകന്‍ ഇത്തരം കള്ളക്കഥകള്‍ ഒരു ഉത്തരവാദിത്വവുമില്ലാതെ ജനങ്ങളുടെ ഇടയില്‍ വാരി വിതറി. ധാരാളം ആള്‍ക്കാര്‍ തങ്ങളുടെ മരങ്ങള്‍ നിസ്സാര വിലയ്ക്ക് വിറ്റൊഴിവാക്കി.ഭൂമി വിറ്റു പോയവരും ഉണ്ട്. സാധാരണ മനുഷ്യര്‍ പള്ളിക്കും പട്ടക്കാര്‍ക്കും കൊടുക്കുന്ന വിശ്വാസം തങ്ങളുടെ സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടി ചൂഷണം ചെയ്യുകയായിരുന്നു ഇവര്‍.നമ്മുടെ നാട്ടില്‍ ഇത് സംഭവിച്ചല്ലോ എന്നോര്‍ക്കുമ്പോള്‍ ദുഖം അടക്കാന്‍ കഴിയുന്നില്ല.

   Delete
 2. >>.ഇടുക്കി സന്ദര്‍ശിക്കാന്‍ തയ്യാറായ കസ്തൂരിരംഗന് “ഇങ്ങോട്ട് വന്നാല്‍ കാലുതല്ലി ഒടിക്കും” എന്ന ഭീഷണിയാണ് ഹൈറേഞ്ച് സംരക്ഷണ സമിതിയില്‍ നിന്നു ഉണ്ടായത്.<<

  പള്ളിയും പട്ടക്കരെയും കുറിച്ച് കേള്ക്കുന്നത് കുറച്ചു അസ്വസ്ഥതയുണ്ടാക്കുന്ന ആളാണ്‌ ലേഖകൻ എന്ന് തോന്നുന്നു !

  കസ്തൂരിരംഗന്‍ കമ്മിറ്റി ജനങ്ങളില്‍ നിന്നു പരാതികളും അഭിപ്രായങ്ങളും ക്ഷണിച്ചുകൊണ്ട് പരസ്യങ്ങള്‍ നല്‍കി പോലും ..ചിരിക്കാൻ വകയുണ്ട് ..ഏതൊക്കെ സംഘടനകള്‍ ആണ് നിവേദനങ്ങള്‍ നല്‍കിയും അഭിഭാഷകരെ വെച്ചും തങ്ങളുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുത്തത് എന്ന് വ്യക്തമാക്കുമല്ലോ ?.
  ഒരിടത്തും ജനത്തെ കാണാതെതന്നെ ജനങ്ങള്‍ക്കുവേണ്ടതെല്ലാം മസിലാക്കി റിപ്പോര്‍ട്ട് തയാറാക്കിയ മഹേന്ദ്രജാലമാണു ഗാഡ്ഗിലിന്റേതിനേക്കാൾ ഒട്ടും വിഭിന്നമല്ല കസ്തൂരിരംഗൻ . ബഹിരാകാശശാസ്ത്രജ്ഞായ അദ്ദേഹം ഇടുക്കിയിലും മറ്റും ജനങ്ങളെ കണ്ടു. പക്ഷേ അവരെ കാണുംമുമ്പേ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി. ഏപ്രില്‍ അഞ്ചിനു കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചു. ഏഴിനും എട്ടിനും കേരളം സന്ദര്‍ശിച്ചു. എന്തിനായിരുന്നു ആ സന്ദര്‍ശം? സന്ദര്‍ശിച്ചെന്നു വരുത്താന്‍ മാത്രം. എറണാകുളത്തുനിന്നു ഹെലികോപ്റ്ററില്‍ ഇടുക്കിയിലേക്കു പറന്നതും മറ്റും ഒരു ഉല്ലാസയാത്രയായി എടുത്താല്‍ മതിയാകുമെന്നു ചുരുക്കം. ഇവരൊക്കെ ആര്‍ക്കൊക്കെയോ വേണ്ടി റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നു. തങ്ങള്‍ പറയുന്നതുകൂടി കേട്ടിട്ടു തയാറാക്കുന്നതാകും റിപ്പോര്‍ട്ട് എന്നു കരുതുന്ന പാവം ജനം വിഡ്ഢികള്‍. ഇരകളാകുന്നവരെ, ിര്‍ദേശങ്ങള്‍ ബാധിക്കുന്നവരെ, വിശ്വാസത്തിലെടുക്കാതെ ഇത്തരം റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കുന്നത് എന്തുകൊണ്ട്? മറ്റു താത്പര്യങ്ങള്‍ ഉള്ളതുകൊണ്ട് എന്നാണുത്തരം.

  കര്‍ഷകര്‍ക്കുവേണ്ടി ബിഷപ്പും വൈദീകരും മുതലക്കണ്ണീര്‍ ഒഴുക്കുന്ന പോലും !! ഈ വിഷയത്തിൽ അത്മാർത്മായി എന്തെങ്കിലും ചെയ്തിട്ടുള്ളത് അവരാണെന്നെങ്കിലും മനസിലാക്കുക .

  തങ്ങളുടെ സഭാംഗങ്ങളടക്കമുള്ള ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനു ഭീഷണിയാകുന്ന വിധമുള്ള പരിസ്ഥിതിമൌലികവാദം ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ രൂപത്തില്‍ വരുമ്പോള്‍ തെരുവിലിറങ്ങാനും പ്രക്ഷോഭത്തിനു മുന്നില്‍ നില്‍ക്കാനും സഭാസംവിധാനം മുന്നോട്ടുവരുന്നതു തികച്ചും സ്വാഭാവികം മാത്രം. അതില്‍ അന്നാടുകളിലെ എല്ലാ പ്രസ്ഥാങ്ങളോടും തോളോടുതോള്‍ ചേര്‍ന്നാണു സഭ നീങ്ങുന്നതും. ഈ നിലപാടും പ്രവര്‍ത്തങ്ങളും രഹസ്യമാക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല - ചിലര്‍(താങ്കളും മോശമല്ല ) തങ്ങളുടെയുള്ളില്‍ സാമുദായികവൈരം ഒളിച്ചുവച്ചിട്ടു പുറമേ മറ്റു പല കാര്യങ്ങളും പറഞ്ഞു കടന്നുപോകുന്നതുപോലെ അവര്‍ ചെയ്യുന്നില്ല.

  ReplyDelete
  Replies
  1. താങ്കളുടെ കുറിപ്പിനു മറുപടി എഴുതാന്‍ തുടങ്ങുന്നതിന് മുന്‍പ് ഞാന്‍ താങ്കളുടെ ബ്ലോഗ് പരിശോധിച്ചു.അതില്‍ സിസ്റ്റര്‍ അഭയയുടെ കേസ് മാത്രമേ ഉള്ളല്ലോ.കൊള്ളാം. ഒരു കാര്യം ആദ്യമേ പറഞ്ഞുകൊള്ളട്ടെ,ഞാനൊരു കത്തോലിക്കനാണ്.എന്‍റെ പേരില്‍ വര്‍ഗ്ഗീയത ആരോപിക്കേണ്ട.നിവേദനത്തിന്‍റെ ഫലമായി കസ്തൂരിരംഗന്‍ ലോല മേഖലയില്‍നിന്നൊഴിവാക്കിയ വില്ലേജുകളെക്കുറിച്ച് താങ്കള്‍ക്കറിയില്ല.കോഴിക്കോട് ജില്ലയില്‍ അങ്ങിനെ ഒഴിവാക്കിയ ചില വില്ലേജുകളുടെ പേര് പറയാം-കൂടരഞ്ഞി,മുക്കം,ഓമശ്ശേരി....... ഇത്തരം വിവരങള്‍ ഒന്നും താങ്കള്‍ അറിയുന്നില്ല എന്നു തോന്നുന്നു. ആദ്യത്തെ കരട് റിപ്പോര്ട്ട് വന്ന അന്ന് താമരശ്ശേരിയിലെ ഒരു പുരോഹിതന്‍ ആളുകളെ കൂട്ടി താമരശ്ശേരിയില്‍ വന്നു. അയാള്‍ ളോഹ തന്നെയാണ് ധരിച്ചിരുന്നത്. ഫോറസ്റ്റ് ഓഫീസിന്‍റെ അടുത്തുവരേ വന്ന അയാള്‍ ചെറുപ്പക്കാരെ ഉള്ളിലേക്ക് പറഞ്ഞു വിട്ടു. ഒന്നരക്കോടിയുടെ നാശനഷ്ടങ്ങളാണ് ഈ സംഘം അന്ന് ഉണ്ടാക്കിയത്. പ്രശ്നം രൂക്ഷമായപ്പോള്‍ ഈ വൈദീകന്‍ തന്‍റെ ളോഹ ഊരിമാറ്റി രക്ഷപ്പെട്ടതിന് ദൃക്സാക്ഷികള്‍ ഉണ്ട്.ഒടുവില്‍ എഫ്.ഐ.ആറില്‍ പേര് വന്നപ്പോള്‍ തിരുവനന്തപുരത്ത് പോയി ആഭ്യന്തര മന്ത്രിയെ കണ്ടു കാലുപിടിച്ചു രക്ഷപ്പെട്ട കാര്യങ്ങള്‍ താങ്കള്‍ അറിഞ്ഞിട്ടുണ്ടാവില്ല. ഒന്നു പറഞ്ഞോട്ടെ ,അതും ഇതും പറഞ്ഞു കൂടുതല്‍ പറയാന്‍ എന്നെ നിര്‍ബ്ബന്ധിക്കരുത്.

   Delete
  2. >>അതും ഇതും പറഞ്ഞു കൂടുതല്‍ പറയാന്‍ എന്നെ നിര്‍ബ്ബന്ധിക്കരുത്.<<

   ആവശ്യമുള്ളത് മാത്രം പറഞ്ഞാൽ മതി ...കൂടുതൽ പറഞ്ഞാൽ പോസ്റ്റിലെക്കാൾ മോശമാകും ...! കത്തോലിക്കനാണെങ്കിൽ അതിന്റെ ക്വാളിറ്റി കാണിക്കണം .

   കൂടരഞ്ഞി,മുക്കം,ഓമശ്ശേരി മേഖലകൾ ഇപ്പോഴും കസ്തുരിരംഗാൻ നിർദേശിച്ച പരിസ്ഥിതി ലോല മേഖലയിൽ തന്നെയാണ്. . താമരശ്ശേരിയില്‍ നടന്ന ആക്രമണങ്ങള്‍ ആസൂത്രിതമാണെന്ന് ആരോപണം ഉണ്ട് ...വൈദികന് നേരിട്ട് പങ്കുണ്ട് എന്നതും ആരോപണം മാത്രം ...അക്രമാസക്തമായ ജനങ്ങൾ കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാക്കുന്നതിനു മുന്നേ അധികാരികളുടെ കണ്ണ് തുറക്കാൻ പ്രാർഥിക്കാം.

   Delete
  3. ഞാന്‍ ഒഴിവാക്കിയ വില്ലേജുകളുടെ പേര് പറയുന്നു.താങ്കള്‍ മേഖലകള്‍ എന്നു പറഞ്ഞു സത്യത്തെ തമസ്ക്കരിക്കുന്നു. സുഹൃത്തെ സത്യത്തോടുള്ള പ്രതിബദ്ധതയാണ് ഒരു മത വിശ്വാസിയുടെ ഏറ്റവും വലിയ ക്വാളിറ്റി.അതില്ലെങ്കില്‍ മറ്റെന്ത് കാട്ടിക്കൂട്ടിയിട്ടും ഒരു കാര്യവുമില്ല.

   Delete
  4. കസ്തുരിറങ്ങാൻ റിപ്പോര്ട്ട് പൂർത്തിയാക്കിയതിന് ശേഷമാണ് പരാധികൾ സ്വീകരിക്കാൻ വന്നത് ...എഴുതിപൂർത്തിയാക്കിയ റിപ്പോർട്ടിൽ നിന്ന് ഒരു പ്രദേശവും പരാധി കേട്ട് പിൻവലിച്ചിട്ടില്ല ...താങ്കളെ ആരോ തെറ്റിധരിപ്പിച്ചിരിക്കുന്നു

   Delete
  5. പ്രതികളാരെന്ന് വ്യക്തമായ ധാരണയില്ലാത്തതും കണ്ടുനില്ക്കുന്നവരെല്ലാം തന്നെ പ്രതികളാകുന്നതുമായ കേസില് കുററം ഒരു വൈദികന്റെറ മേലാരോപിച്ച് അപവാദം പ്രചരിപ്പിക്കുന്നത് ലജ്ജാകരം.ഒരു ക്രിസ്ത്യന് നാമം പേറി നടക്കുന്ന ആള്ക്ക് യോജിച്ചതല്ല.വൈദികരോടുള്ള മുന് വൈരാഗ്യം തീറ്ക്കുന്നതാണെന്നുതോന്നുന്നു

   Delete
  6. വൈദീകരോട് വൈരാഗ്യം ഉള്ളയാളല്ല ലേഖകന്‍.ധാരാളം വൈദീകര്‍ സുഹൃത്തുക്കളായി ഉണ്ട് താനും.ആദ്യത്തെ FIRല്‍ പേരു വന്ന വൈദീകന്‍ സംഭവത്തില്‍ വഹിച്ച പങ്ക് ചെമ്പുകടവ്,കോടഞ്ചേരി,കണ്ണോത്ത് ഇടവകകളിലെ വിശ്വാസികളോട് തന്നെ ചോദിച്ചാല്‍ താങ്കള്ക്ക് സത്യം മനസ്സിലാകും. ഇയാള്‍ അന്നത്തെ ആഭ്യന്തര മന്ത്രിയെ പോയി കണ്ട് കേസില്‍ നിന്നു രക്ഷപ്പെട്ട കാര്യവും ഇവിടെ പാട്ടാണ്.

   Delete
 3. >>എന്തുകൊണ്ട് പൊതു സ്ഥലങ്ങളിലും വീടുകളിലും ഈ റിപ്പോര്‍ട്ടിന്റെ ചുരുക്കം അച്ചടിച്ച് വിതരണം ചെയ്യുന്നില്ല?<,

  അടുത്തയാൾ ..ഓരോരുത്തരും വരുടെ ഭാവനക്കനുസരിച്ചുള്ള കാര്യങ്ങൾ എഴുതി സ്വയം ആത്മനിർവൃതി അടയുകയാണ് എന്ന് തോന്നുന്നു ..ഹൈറേഞ്ചിൽ ഉള്ളവർക്കറിയാം പത്രങ്ങളിൽ റിപ്പോര്ടുകളിലെ കുഴപ്പങ്ങലെക്കുറിച്ചു അക്കമിട്ടു നല്കിയ മുഴുനീള പരസ്യങ്ങളും ലേഖനങ്ങളും ..അവ വായിച്ചും പഠിച്ചും പ്രബുദ്ധരായ സമൂഹമാണ് സംമരത്തിനിറങ്ങുന്നതെന്നെങ്കിലും മനസിലാക്കുക ..

  ReplyDelete
  Replies
  1. ഇടുക്കി രൂപതയുടെ വെബ് സൈറ്റില്‍ വന്ന വിവരങള്‍ കണ്ടിരുന്നു. സ്വന്തം ആവശ്യത്തിന് ഉതകുന്ന വിവരങ്ങളെ അതില്‍ കണ്ടുള്ളൂ. മുല്ലപ്പെരിയാര്‍ ഇപ്പോള്‍ പൊട്ടും എന്നു പറഞ്ഞു ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയത് ഈ പുരോഹിതര്‍ തന്നെയായിരുന്നു എന്നു മറക്കേണ്ട. എന്നിട്ട് 2013ല്‍ ഇരുപതു വര്‍ഷമായിട്ടുണ്ടാകാത്ത വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ ഈ രക്ഷകരാരും കരയുന്നത് കണ്ടില്ല.സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കുവേണ്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതി നിര്‍ത്താന്‍ സമയമായി.

   Delete
  2. >>ഇടുക്കി രൂപതയുടെ വെബ് സൈറ്റില്‍ വന്ന വിവരങള്‍ കണ്ടിരുന്നു.<<

   ഇടുക്കി രൂപതയുടെ വെബ് സൈറ്റില്‍ കാര്യമായി ഒന്നും ഇല്ല ..ഹൈരെഞ്ചു സംരക്ഷണ സമിത മുഴുപെജു പരസ്യങ്ങൾ പത്രമാധ്യമങ്ങളിൽ കൊടുത്തിരുന്നു ..


   >>മുല്ലപ്പെരിയാര്‍ ഇപ്പോള്‍ പൊട്ടും എന്നു പറഞ്ഞു ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയത് ഈ പുരോഹിതര്‍ തന്നെയായിരുന്നു എന്നു മറക്കേണ്ട<<

   എക്സ്പൈയറി കഴിഞ്ഞ സാധനങ്ങൾ ഉപയോഗിക്കരുത് എന്നത് ഒരു പൊതു തത്വമാണ് ... മുല്ലപ്പെരിയാർ വിഷയത്തിൽ മലയോരജനത ഉയര്ത്തിയ ആശങ്കകൾ ഇപ്പോഴും നിലനില്ക്കുന്നു ...കാലപ്പഴക്കം ചെന്നതൊക്കെ പൊട്ടിയൊലിച്ചു വരുന്നത് കണ്ടു നിലവിളിച്ചിട്ടു കാര്യമില്ലല്ലോ !

   Delete
 4. അന്ധമായ രാഷ്ട്രീയം കൊണ്ട് കാഴ്ച നഷ്ടപ്പെട്ട കേരളത്തിലെ സി.പി.എം ഇപ്പോൾ പാതിരിമാരെ കൂട്ടുപിടിച്ച് തരംതാണ രാഷ്ട്രീയം കളിക്കുന്നതു കാണുമ്പോൾ അവരോട് സഹതാപം തോന്നുന്നു . കാര്യങ്ങൾ വ്യക്തമായി പഠിക്കാതെ സ്വന്തം ആളുകളെത്തന്നെ തെറ്റിദ്ധരിപ്പിക്കുന്ന ചില സഭാദ്ധ്യക്ഷന്മാർ ആരുടെയൊക്കെയോ സ്വാർത്ഥലാഭത്തിനുവേണ്ടി കുഴലൂതുന്നു എന്നു തോന്നിയിട്ടുണ്ട് -

  ReplyDelete
  Replies
  1. സി.പി.എമ്മിന് പണ്ട് ചില അടിസ്ഥാന നിലപാടുകള്‍ ഉണ്ടായിരുന്നു. ആശയപരമായി അവരോടു യോജിക്കാത്തവര്‍ക്കുപോലും ബഹുമാനം തോന്നുന്ന നിലപാടുകള്‍. ഈ വിഷയത്തില്‍ വി.എസ്സിന്‍റെ നിലപാടാണ് കര്‍ഷകര്‍ക്ക് ഈ ഗതികേടുകള്‍ ഉണ്ടാവാന്‍ കാരണം.(അദ്ദേഹം പക്ഷേ തന്‍റെ അഭിപ്രായം മാറ്റിയിട്ടില്ല) എന്നിട്ട് ഇത് കോണ്‍ ഗ്രസ്സ് ഉണ്ടാക്കിയ പ്രശ്നമാണെന്ന മട്ടില്‍ സമരത്തിന്റെ മുന്നിലുള്ളത് സി.പി.എം. അവരെ ആലിംഗനം ചെയ്തു സ്വീകരിക്കാന്‍ മഹാപുരോഹിതന്മാരും. ജനം ഒരിയ്ക്കലും ആഗ്രഹിക്കാത്ത വിധം അവര്‍ തരം താഴുന്ന കാഴ്ച സങ്കടകരം തന്നെ.

   Delete
 5. ഒരു അന്വേഷണം എന്നതിലുപരി മുന്‍പേ ഒരു നിലപാട് എടുത്തു കൊണ്ടുള്ള റിപ്പോര്‍ട്ടിംഗ് ആയിപ്പോയി.പിന്നെ E S A Notified village ഉകള്‍ 132 അല്ല 123 ആണ് .രാഷ്ട്രീയ നിലപാടുകള്‍ മറ്റേതൊരു വിഷയത്തിലുമെന്നപൊലെ ഇവിടെയും അവസരപരമായിരുന്നു.കര്‍ഷകനും കുടിയേറ്റക്കാരനും ആദിവാസിയും മണല്‍,പാറ റിസോര്‍ട്ട് മാഫിയയും ഒക്കെ ചേര്‍ന്ന്‍ അത്യന്തം സങ്കീര്‍ണമായിരിക്കുന്നു കാര്യങ്ങള്‍.അതിനെ ഇടത് വലത് പള്ളി യോഗം എന്ന്‍ ലളിതവല്‍ക്കരിക്കാന്‍ ആവില്ല.അതിപ്പോള്‍ എല്ലാവര്കുമൊരു "കരട് "ആയിരിക്കുന്നു.ഏതായാലും ഇത്തരമൊരു അന്വേഷണത്തിന് അഭിനന്ദനങ്ങള്‍!

  ReplyDelete
  Replies
  1. തെറ്റ് തിരുത്തിയിട്ടുണ്ട്. കര്‍ഷകരുടെ പ്രശ്നത്തില്‍ ഏറ്റവും ദുഖിക്കുന്ന ഒരാളാണ് ഞാന്‍. പക്ഷേ ഒന്നുണ്ട്.a.ഗാഡ്ഗില്‍ കമ്മിറ്റി കരട് റിപ്പോര്ട്ട് സമര്‍പ്പിച്ചു അഭിപ്രായം ചോദിച്ചപ്പോള്‍ ഇടതുപക്ഷ സര്ക്കാര്‍ കര്‍ഷകര്‍ക്ക് അനുകൂലമായ റിപ്പോര്ട്ട് കൊടുത്തിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു.b.കസ്തൂരിരംഗന്‍ കമ്മിറ്റിയെ സമീപിച്ചവര്‍ക്കെല്ലാം നീതി കിട്ടി. ഇപ്പോള്‍ കര്‍ഷകര്‍ക്ക് വേണ്ടി കരയുന്നവരെല്ലാം ഗുരുതരമായ കൃത്യവിലോപമാണ് കാട്ടിയത്.(അതില്‍ കോണ്‍ ഗ്രസ്സും പെടും) ജനവാസ സ്ഥലങ്ങളും കൃഷിസ്ഥലങ്ങളും ലോല മേഖലയില്‍ നിന്നു ഒഴിവാക്കണമെന്ന് റിപ്പോര്ട്ട് കൊടുത്ത കസ്തൂരി രംഗണേ സമീപിക്കാതിരുന്നത് വലിയ തെറ്റായിപ്പോയി.ഇപ്പോള്‍ ലോല പ്രദേശങ്ങള്‍ നിര്‍ണ്ണയിച്ച കാര്യത്തില്‍ കേരള ഗവേണ്‍മെന്‍റ് നിലപാട് കേന്ദ്രം അംഗീകരിച്ചത് ഒരു വലിയ നേട്ടമാണ്.ഗ്രീന്‍ ട്രിബ്യൂണല്‍ ഇത് അംഗീകരിച്ചാല്‍ ആശങ്ക ഒഴിയും.

   Delete
  2. >>ഗാഡ്ഗില്‍ കമ്മിറ്റി കരട് റിപ്പോര്ട്ട് സമര്‍പ്പിച്ചു അഭിപ്രായം ചോദിച്ചപ്പോള്‍ ഇടതുപക്ഷ സര്ക്കാര്‍ കര്‍ഷകര്‍ക്ക് അനുകൂലമായ റിപ്പോര്ട്ട് കൊടുത്തിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു<<

   ഇന്ത്യയില്‍ റിപ്പോര്‍ട്ട് പരസ്യമായി ലഭ്യമാകുന്നതിനു മുമ്പുതന്നെ ഐയുസിഎന്‍(ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് ച്ചേര്‍) റിപ്പോര്‍ട്ട് കണ്ടിരുന്നു. ഒരു പാര്‍ലമെന്റ് കമ്മിറ്റിക്കോ പൊതുജാഭിപ്രായത്തിനോ വിടാതെയാണു ലോകസമൂഹത്തിന്റെ മുമ്പില്‍ തല്പര കക്ഷികള്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ആധികാരിക രേഖയാക്കിയത്. ഉദ്യോഗസ്ഥരും ഗവേഷകരുമല്ലാതെ ആരുമായും ചര്‍ച്ച നടത്താതെയാണു ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. കേരളത്തില്‍നിന്നുള്ളവരടക്കം എംപിമാരുമായി ഒരുവട്ടം ചര്‍ച്ച നടത്തി; പക്ഷേ അവര്‍ പറഞ്ഞതില്‍ ഒന്നുപോലും റിപ്പോര്‍ട്ടില്‍ ചേര്‍ത്തില്ല. എംഎല്‍എമാരോടോ ത്രിതല പഞ്ചായത്തീരാജ് സംവിധാത്തിലെ ഏതെങ്കിലും തലത്തിലുള്ളവരോടോ ചര്‍ച്ച ഉണ്ടായില്ല. ഒരു ഗ്രാമസഭപോലും വിളിച്ചുമില്ല. എന്നിട്ടാണ് പറയുന്നത് 'കര്‍ഷകര്‍ക്ക് അനുകൂലമായ റിപ്പോര്ട്ട് കൊടുത്തിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നില്ല ' എന്ന് ..തമാശ തന്നെ .


   Delete
  3. താങ്കള്‍ എന്തുകൊണ്ടാണ് ഇത്തരം പ്രസ്താവന നടത്തുന്നത് എന്നു മനസ്സിലാകുന്നില്ല.ഞാന്‍ എഴുതിയത് തികച്ചും ആധികാര്യമായാണ്.കോഴിക്കോട്ടു ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളെക്കുറിച്ച് നടന്ന സെമിനാറില്‍ ഗാഡ്ഗില്‍ കമ്മിറ്റി മെമ്പര്‍ ഡോക്റ്റര്‍ വിജയന്‍ പറഞ്ഞ കാര്യമാണ് ഞാന്‍ എഴുതിയത്.താങ്കള്‍ക്ക് വേണമെങ്കില്‍ vadiyilvijayan@gmail.com എന്ന വിലാസത്തില്‍ അന്യോഷിക്കാം.ദയവായി അറിയില്ലാത്ത കാര്യം പറയരുതു.

   Delete
  4. യാഥാർത്യതിനു നിരക്കാത്ത അഭിപ്രായമൊന്നും ഞാനും പറഞ്ഞില്ല .നിയമസഭ മുതല്‍ ഗ്രാമസഭ വരെ തങ്ങളുടെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്നു ഗാഡ്ഗിലും അദ്ദേഹത്തിന്റെ സമിതിയില്‍ അംഗമായിരുന്ന ഡോ. വി.എസ്. വിജയും മറ്റും എഴുതുകയും പ്രസംഗിക്കുകയും ചെയ്യാറുണ്ട്. പക്ഷേ, ഗാഡ്ഗില്‍ കമ്മിറ്റിക്കു റിപ്പോര്‍ട്ട് തയാറാക്കുംമുമ്പ് ഈ ഗ്രാമീണരെയോ വവാസികളെയോ കര്‍ഷകരെയോ അവരുടെ പ്രതിനിധികളെയോ ഒന്നും കാണേണ്ട, കേള്‍ക്കേണ്ട. കാരണം കമ്മിറ്റിക്കാര്‍ എല്ലാം അറിയാവുന്നവരാണല്ലോ. അതുകൊണ്ടാണല്ലോ തങ്ങള്‍ ആരോടും സംസാരിക്കാതെ തയാറാക്കിയ റിപ്പോര്‍ട്ട് എല്ലാവരും വായിച്ചു പഠിച്ചു ചര്‍ച്ചചെയ്തു നടപ്പാക്കാന്‍ അവര്‍ ഉപദേശിക്കുന്നത്! കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റംഗങ്ങളുമായി ചര്‍ച്ച നടത്തിയിട്ട് അവര്‍ പറഞ്ഞതില്‍ ഒന്നുപോലും റിപ്പോര്‍ട്ടില്‍പ്പെടുത്താന്‍ പറ്റുന്നവയായി ഗാഡ്ഗില്‍ കമ്മിറ്റി കണ്ടെത്തിയില്ല എന്നതും ചെറിയ കാര്യമല്ലല്ലോ .പ്രസംഗിക്കാൻ എളുപ്പമാണ് പ്രവൃതിയില്ലാക്കാൻ ബുദ്ധിമുട്ടും .

   Delete
 6. എന്ത് കാര്യം വന്നാലും അതിന്റെ തെറ്റും ശരിയും തിരിച്ചറിയാന്‍ കഴിയാതെ കുടുങ്ങിപ്പോകുന്ന കാലമായല്ലോ എന്ന പ്രയാസമാണ് എനിക്കിപ്പോള്‍.

  ReplyDelete
 7. ശരിയാണ് റാംജി. ഏത് വിഷയത്തിലും കള്ള പ്രചരണങ്ങളുടെ കുത്തൊഴുക്കാണ്.നേരത്തെ times now പോലുള്ള ഇംഗ്ലീഷ് ചാനലുകള്‍ സ്വീകരിച്ച രീതികള്‍ ഇപ്പോള്‍ നമ്മുടെ മാദ്ധ്യമങ്ങളും സ്വീകരിച്ചിരിക്കുന്നു. വിഷ്വലുകള്‍ പോലും വിശ്വസിക്കാന്‍ വയ്യ.സത്യം കണ്ടെത്താന്‍ വലിയ വിഷമമാണ്.

  ReplyDelete
 8. കർഷകരെ രക്ഷിക്കുക.
  പരിസ്ഥിതിയെ സംരക്ഷിക്കുക.

  ReplyDelete
  Replies
  1. കര്‍ഷകരുടെ സഹകരണമില്ലാതെ പരിസ്ഥിതി സംരക്ഷിക്കുക അസാദ്ധ്യമാണ്

   Delete
 9. ഈ വിഷയത്തില്‍ ഞാന്‍ ആകെ കണ്‍ഫ്യൂഷനില്‍ ആണ്. ഓരോ പക്ഷക്കാരുടെ ലേഖനങ്ങള്‍ വായിക്കുമ്പോഴും അതില്‍ അല്പം കാര്യമുണ്ടല്ലോ എന്ന് തോന്നും. എന്നാല്‍ എല്ലാ പക്ഷക്കാര്‍ക്കും സ്വീകാര്യമായ ഒരു പോംവഴി കാണുകയില്ലേ?

  ReplyDelete
  Replies
  1. റിപ്പോര്‍ട്ടുകള്‍ വായിച്ചുനോക്കിയാല്‍ സത്യം മനസ്സിലാകും.

   Delete
  2. റിപ്പോർട്ടുകൾ വായിച്ചു ചതികുഴികൾ മനസ്സിലാക്കാൻ സദാരനക്കാരന് കഴിയില്ല ..മലയോര കര്ഷകരെ ബാധിക്കുന്ന വിഷങ്ങളെക്കുറിച്ചു പലരും ഇതിനോടകം തന്നെ സൂചിപ്പിച്ചിട്ടുണ്ട് ..അതൊക്കെ ശരിയാണോ എന്ന് റിപ്പോർട്ടുകൾ നോക്കി ഉറപ്പാക്കുക ..ജനവാസകേന്ദ്രങ്ങൾ ഒഴിവാക്കി റിപ്പോര്ട്ട് നടപ്പാക്കട്ടെ ..അത്ര മാത്രമേ പ്രേദേശവാസികൾ ആവശ്യപ്പെടുന്നോള്ളൂ ..

   Delete
 10. വിഷയത്തെ കുറിച്ച് ഒരു കൃസ്തീയ പശ്ചാലത്തിൽ നിന്നുകൊണ്ടുള്ള ഒരു അഭിപ്രായം ആദ്യമായാണ് വായിക്കുന്നത്.
  അത്തരത്തിൽ ഒരുപാട് വിവരങ്ങൾ നല്കിയതിനു നന്ദി.
  ഞാൻ ഈ റിപ്പോർട്ടിന്റെ ഇരയല്ല, എങ്കിലും മനസ്സിലായത്, ഉദ്യോഗസ്ഥര് അവരുടെ ഇഷ്ടങ്ങൽക്കനുസരിച്ചു സ്ഥലങ്ങളെ ഒഴിവാക്കിയും കൂട്ടിച്ചേർത്തും കാര്യങ്ങൾ നീക്കുന്നുണ്ടെന്ന്, അതിന്റെ ഒരു വയനാട് ബണാസുഗർ ഭാഗത്തെ ഇരയാവുമെന്നു ഭയപ്പെടുന്ന സുഹൃത്ത് (മുസ്ലിമാണ്) പറഞ്ഞത് അറിയാം.

  ReplyDelete
 11. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ കൃത്യതയില്ലാത്ത പല നിര്‍ദ്ദേശങ്ങളും ഉണ്ട്.ഉദ്യോഗസ്ഥര്‍ക്ക് എങ്ങിനെയും വ്യാഖ്യാനിക്കാനും ജനങ്ങളെ പിഴിയാനും സൌകര്യം കൊടുക്കുന്ന നിര്‍ദ്ദേശങ്ങള്‍.

  ReplyDelete
 12. If any body comes and make report and people have to accept that it is very difficult to digest. no body had not approached them with suggestions is a lame excuse to justify the two reports. i have worked in the forest department for thirty years and present forest laws are very good enough to protect our forests and wild life.comparing with other states which are plundering precious forests for the sake mining is the most dangerous .in kerala if we have draw a electricity line it is very difficult. it is my personnel experience in the department

  ReplyDelete
  Replies
  1. ഈ രണ്ടു റിപ്പോര്‍ട്ടുകളെയും വസ്തുതകളായി നാം അംഗീകരിച്ചെ പറ്റു.നമുക്ക് അവയെ തമസ്ക്കരിക്കാന്‍ കഴിയില്ല.കര്‍ഷകനെ ദ്രോഹിക്കാതെ പ്രകൃതി സംരക്ഷിക്കപ്പെടണം.ജനവാസ മേഖലയും കൃഷിയിടങ്ങളും (എസ്റ്റേറ്റുകള്‍ ഉള്‍പ്പെടെ) പരിസ്ഥിതി ലോല മേഖലകളായി പരിഗണിക്കാന്‍ പാടില്ല എന്നു കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്.അത് നടപ്പിലാക്കിക്കിട്ടിയാല്‍ മതി.

   Delete
  2. >>ജനവാസ മേഖലയും കൃഷിയിടങ്ങളും (എസ്റ്റേറ്റുകള്‍ ഉള്‍പ്പെടെ) പരിസ്ഥിതി ലോല മേഖലകളായി പരിഗണിക്കാന്‍ പാടില്ല എന്നു കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്.അത് നടപ്പിലാക്കിക്കിട്ടിയാല്‍ മതി.<<

   ഇതും തമാശക്ക് വക നൽകുന്നുണ്ട് !

   ജനവാസ മേഖലയും കൃഷിയിടങ്ങളും പരിസ്ഥിതി ലോല മേഖലകളിൽ ഇല്ലായിരുന്നു എങ്കിൽ ഇപോഴത്തെ എതിർപ്പ് ഉണ്ടാകുമായിരുന്നില്ലല്ലോ !. പന്ത്രണ്ടു കളങ്ങള്‍ ഉണ്ടാക്കി അതില്‍ മൂന്നരമാത്രം ഇഎസ്എ ആയി പ്രഖ്യാപിച്ചതിലോ ജനസാന്ദ്രത പരിഗണിച്ചതിലോ ഒന്നും ജനകീയ താത്പര്യങ്ങളാണു കണക്കിലെടുത്തത് എന്നു കാണാനാവില്ല. ആശ്വാസ റിപ്പോര്‍ട്ടുണ്ടാക്കിയ കസ്തൂരിരംഗന്‍ കമ്മിറ്റി ചതുരശ്ര കിലോമീറ്ററില്‍ നൂറിനു താഴെ ആള്‍ക്കാര്‍ മാത്രമുള്ള പ്രദേശങ്ങളെ ഇഎസ്എ ആക്കിയുള്ളു എന്നാണു പരക്കെയുള്ള പ്രചാരണം. ഇഎസ്എ ആയി പ്രഖ്യാപിക്കാന്‍ കമ്മിറ്റി നിര്‍ദേശിച്ച വില്ലേജുകള്‍ പരിശോധിച്ചാല്‍ ഇതൊരു ശുദ്ധ തട്ടിപ്പാണെന്നു കാണാം.

   ജസാന്ദ്രത 410.14 ഉള്ളതാണ് ഉടുമ്പഞ്ചോല താലൂക്ക്. പീരുമേട്ടില്‍ 349.26 ഉം ദേവികുളത്ത് 168.61 ഉം ആണു ജനസാന്ദ്രത. ഇവയില്‍ ഉടുമ്പഞ്ചോലയും ദേവികുളവും മുഴുവായും പീരുമേട്ടില്‍ 12 ശതമാനം സ്ഥലം ഒഴിവാക്കിയും ഇഎസ്എ ആക്കി. വയനാട്ടില്‍ 403. 22 ജനസാന്ദ്രത ഉള്ള വൈത്തിരി, 375.18 ഉള്ള സുല്‍ത്താന്‍ ബത്തേരി, 323.26 ഉള്ള മാന്തവാടി എന്നിവയുടെ പകുതിയോളം ഭാഗങ്ങളാണ് ഇഎസ്എയില്‍ വരുന്നത്. കണ്ണൂര്‍ ജില്ലയിലെ ഇഎസ്എകളായി വന്ന കൊട്ടിയൂരില്‍ 140.22 ഉം ആറളത്ത് 246.23 ഉം ചെറുവാഞ്ചേരിയില്‍ 517-ഉം ആണു ജസാന്ദ്രത. മലപ്പുറം ജില്ലയിലെ കാളികാവില്‍ 1570-ഉം അകമ്പാടത്ത് 670 ഉം അമരമ്പലത്ത് 425 ഉം ഉണ്ട് ചതുരശ്ര കിലോമീറ്ററിലെ ജസംഖ്യ.

   സംസ്ഥാത്താകെ 13,108 ചതുരശ്ര കിലോമീറ്ററാണ് കസ്തൂരിരംഗന്‍ കമ്മിറ്റി പരിസ്ഥിതിലോലമായി പ്രഖ്യാപിച്ചത്. ഇവയിലാകെ 22.16 ലക്ഷം ജങ്ങള്‍ വസിക്കുന്നു. ശരാശരി ജനസാന്ദ്രത 169.02. അതായത് മൊത്തം പശ്ചിമഘട്ട പരിസ്ഥിതിലോലമായി കസ്തൂരിരംഗന്‍ പ്രഖ്യാപിച്ച സ്ഥലത്തെ ജനസാന്ദ്രതയുടെ ഇരട്ടിയാണ്. അതായതു കസ്തൂരിരംഗന്റെ ഇഎസ്എകളില്‍ വരുന്ന 52.12 ലക്ഷത്തില്‍ 22.16 ലക്ഷവും കേരളത്തില്‍. കേരളത്തിലെ 123 വില്ലേജുകളിലെ ശരാശരി ജസംഖ്യ 18,076. കേരളത്തിനു പുറമെയുള്ള 4,033 ഇഎസ്എ വില്ലേജുകളിലെ ശരാശരി ജസംഖ്യ 742.87. ഇഎസ്എയിലുള്ള പതിനായിരക്കണക്കിനു ഹെക്ടര്‍ വന്‍കിട തോട്ടങ്ങളും വനങ്ങളും ഒഴിവാക്കിയാല്‍ കേരളത്തിലെ ജനസാന്ദ്രത വീണ്ടും കൂടും.

   കേരളത്തില്‍ ചതുരശ്ര കിലോമീറ്ററിനു മുന്നൂറും നാനൂറും പേര്‍ താമസിക്കുന്ന പ്രദേശങ്ങള്‍ മുഴുവായി ഇഎസ്എയില്‍ പെടുത്തി. എന്നാല്‍, അയല്‍ സംസ്ഥാനങ്ങളില്‍ നൂറില്‍ താഴെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളുടെ പോലും പകുതിയില്‍ താഴെയേ ഇഎസ്എയില്‍ പെടുത്തിയുള്ളൂ എന്നത് ശ്രധികേണ്ടതാണ് .

   Delete
  3. ഒന്നുകില്‍ താങ്കള്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വായിച്ചിട്ടില്ല,അല്ലെങ്കില്‍ വെറുതെ പറയുന്നു.തമിള്‍ നാട്ടില്‍ ജനവാസം കുറഞ്ഞ വില്ലേജുകളേ ഒഴിവാക്കിയത് സംസ്ഥാന ഗവണ്‍മെന്‍റിന്റെ കത്തിന്‍റെ അടിസ്ഥാനത്തിലാണ്.ഇവിടെ സംസ്ഥാന ഗവണ്‍മെന്‍റ് (അച്യുതാനന്ദന്‍) വില്ലേജുകളേ ലോലമാക്കുന്നതില്‍ അനുകൂലമായിരുന്നു. അതിനെതിരെ നിവേദനം കിട്ടിയ വില്ലേജുകളേ കസ്തൂരിരംഗന്‍ പട്ടികയില്‍ നിന്നു ഒഴിവാക്കി.
   ഭൂമിക്ക് മുകളിലുള്ള പാറ ജനങ്ങളുടെ ആവശ്യത്തിനായി പൊട്ടിക്കാം എന്നതും കസ്തൂരിരംഗന്‍റെ ശുപാര്‍ശയാണ്.ഗാഡ്ഗില്‍ പരിസ്ഥിതിവാദികള്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ നഖശിഖാന്തം എതിര്‍ക്കുന്നതിന്‍റെ കാരണവും ഇതൊക്കെ തന്നെയാണ്.കസ്തൂരിരംഗനേ മുന്‍വിധിയോടെ സമീപിക്കാതെ,രാഷ്ട്രീയക്കളി കളിക്കാതെ കര്‍ഷകര്‍ക്കുവേണ്ടി മുന്നോട്ടിറങ്ങിയിരുന്നെങ്കില്‍ പിന്നീടുണ്ടായ വേദനയും വെപ്രാളവും ഒഴിവാക്കാമായിരുന്നു.

   Delete
 13. പാതിരിമാർ കര്‍ഷകരുടെ രക്ഷകരായി
  അവതരിക്കാന്‍ ആരംഭിച്ചത് മുതൽ തുടങ്ങിയ
  ചില കള്ളപ്രചരണങ്ങൾ ഇന്നും തുടർന്ന് പോകുന്നതിന്റെ
  ഉദാഹരണമാണീത് .ഏവർക്കും സ്വീകാര്യമായ നടപടികൾ
  എടുക്കാതെ പക്ഷം ചേർന്ന് ആരോപണം നടത്തുന്ന കാലം വരെ
  ഏതു റിപ്പോറ്ട്ട് വന്നാലും തഥൈവ തന്നെ എല്ലാ കാര്യങ്ങളും അല്ലേ ഭായ്

  ReplyDelete
  Replies
  1. അസത്യം അറിഞ്ഞുകൊണ്ട് തന്നെ പ്രചരിപ്പിക്കുകയാണ് ചിലര്‍ .കളവ് പറയുന്നതു ഏറ്റവും ഹീനമായ സ്വഭാവമാണ് എന്നു മാത്രമേ എനിക്കു പറയാനുള്ളൂ

   Delete
  2. ഏറ്റവും പ്രചരിക്കപ്പെട്ട ചില കളവുകൾ

   1. പശ്ചിമഘട്ട സംരക്ഷണത്തിന് അനിവാര്യമായ ഒരു നല്ല റിപ്പോര്‍ട്ടാണു ഗാഡ്ഗില്‍ കമ്മിറ്റി നല്കിയത്. ഖനമാഫിയയും നിക്ഷിപ്ത താത്പര്യക്കാരും ചേര്‍ന്ന് ആ റിപ്പോര്‍ട്ട് മാറ്റിവയ്പിച്ചു. പകരം കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഉണ്ടാക്കി. അതുപോലും നടപ്പാക്കാന്‍ മുന്‍പറഞ്ഞ ഗ്രൂപ്പുകള്‍ എതിരുനില്‍ക്കുന്നു.

   2. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയില്ലെങ്കില്‍ പശ്ചിമഘട്ടം നശിക്കും. കേരളം മരുഭൂമിയാകും.

   3. പശ്ചിമഘട്ട സംരക്ഷണത്തെ എതിര്‍ക്കുന്നവര്‍ പരിസ്ഥിതി നശിപ്പിക്കുന്നവരും ഖനമാഫിയക്കാരുമാണ്.

   4. കൃഷിക്കോ ജനവാസത്തിനോ എതിരായ ഒന്നും ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളിലില്ല. ഈ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കിയാല്‍ ഒരു കര്‍ഷകും അസൌകര്യം നേരിടില്ല.

   Delete
  3. ഈ നാലു കാര്യങ്ങളും അല്ല ഞാന്‍ പറഞ്ഞ കളവുകള്‍.ഇവയെക്കുറിച്ചുള്ള എന്റെ് അഭിപ്രായങ്ങള്‍ പറയാം.
   1.ഗാഡ്ഗില്‍ റിപ്പോര്ട്ട് പല കാര്യങ്ങളിലും കൃത്യതയില്ലാത്തതും തീവ്ര പരിസ്ഥിതിക്കാരുടെ ആഗ്രഹങ്ങള്‍ നിറഞ്ഞതുമാണ്.
   2.പശ്ചിമഘട്ടം നശിക്കുന്നത് കര്ഷ കര്ക്കും നല്ലതല്ല.മുകളില്‍ ശ്രീ ബേബി എഴുതിയതുപോലെ വനസംരക്ഷണം ഇപ്പോള്‍ ഒരു വിധം ഭംഗിയായി നടക്കുന്നുണ്ട്.
   3.എല്ലാവരും അല്ല.കര്ഷ‍കര്‍ വല്ലാത്ത ഭീതിയിലാണ്.ചിലര്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്ന പണി തുടരുന്നുമുണ്ട്
   4.സത്യത്തില്‍ ഗാഡ്ഗില്‍ റിപ്പോര്ട്ടി ന്റൊ ദോഷങ്ങളില്‍ നിന്നു ജനങ്ങളെ രക്ഷിക്കാന്‍ ഉണ്ടാക്കിയതാണ് കസ്തൂരിരംഗന്‍ സമിതി.ആ കമ്മിറ്റിയെ വേണ്ടവിധത്തില്‍ ഉപയോഗിക്കുന്നതില്‍ ഇപ്പോള്‍ കര്ഷ്കര്ക്ക് വേണ്ടി കരയുന്നവര്‍ ഒന്നും ചെയ്തില്ല.താങ്കള്‍ സമ്മതിക്കുന്നില്ലെങ്കിലും ഗാഡ്ഗില്‍ കമ്മിറ്റി ബന്ധപ്പെട്ട എല്ലാ സംസ്ഥാനങ്ങള്ക്കും റിപ്പോര്ട്ടി ന്റെല കരട് അയച്ചുകൊടുത്തിരുന്നു.തമിള്നാങടും ഗോവയും മറുപടി കൊടുത്തിരുന്നെങ്കിലും ഗാഡ്ഗില്‍ അത് പരിഗണിച്ചില്ല.പക്ഷേ കസ്തൂരിരംഗന്‍ ആ സംസ്ഥാനങ്ങളുടെ അഭിപ്രായം പൂര്ണ്ണലമായി സ്വീകരിച്ചു.കേരളത്തെ സംബന്ധിച്ചിടത്തോളം ഗാഡ്ഗില്‍ റിപ്പോര്ട്ട് നടപ്പാക്കണം എന്നായിരുന്നു സര്ക്കാര്‍ നയം.അച്യുതാനന്ദന്‍ അത് ഇപ്പൊഴും നിഷേധിക്കുന്നില്ല.അപ്പോള്‍ മറ്റ് നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് കസ്തൂരി രംഗന്‍ തീരുമാനമെടുത്തത്.കിട്ടിയ നിവേദനങ്ങള്‍ ഒന്നും തിരസ്കരിച്ചില്ല. കൃഷിയിടങ്ങളും ജനങ്ങള്‍ തിങ്ങിപ്പാര്ക്കു ന്ന ഇടങ്ങളും പരിസ്ഥിതി ലോലപ്രദേശങ്ങളാക്കരുത് എന്നത് കസ്തൂരിരംഗന്റെണ പ്രധാനപ്പെട്ട ശുപാര്ശസയാണ്.അതിന്റെ് അടിസ്ഥാനത്തില്‍ തീരുമാനം എടുത്താല്‍ ഇപ്പോഴുള്ള വില്ലേജുകളില്‍ ബഹുഭൂരിപക്ഷവും ലിസ്റ്റില്‍ നിന്നു ഒഴിവാകും .കാലുവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയവരും ഒരു നിവേദനം കൊടുക്കാന്‍ തയ്യാറാവാത്തവരും ആണ് ഇന്നത്തെ അവസ്ഥക്ക് ഉത്തരവാദികള്‍.

   Delete
 14. ഈ ലേഖനം അസലായിരിക്കുന്നു വെട്ടത്താന്‍ സാര്‍....

  എന്നെ ചിന്തിപ്പിച്ചത് മറ്റൊന്നാണ്....ദൈവത്തിന്റെ ദൂതന്മാര്‍ എന്ന് വിശേഷിപ്പിക്കുന്ന ഈ പുരോഹിതന്മാര്‍ രാഷ്ട്രീയക്കാരെ വെല്ലുന്ന രാഷ്ട്രീയക്കാര്‍ ആയതു ഏന് മുതലാണ്‌ എന്നാണു.അതിനു കാരണം ഇവിടുത്തെ കോണ്ഗ്രസ്കാര്‍ ആണ്. ഇത്തരം മത നേതാക്കന്മാരുടെയും ഒക്കെ തിണ്ണയില്‍ ഓച്ചാനിച്ചു നില്‍ക്കുന്ന ഒരു പൈതൃകത്തില്‍ നിന്ന് ഒഴിച്ച് കൂടാനാകാത്ത ഒരു ഘടകം ആയി മാറി രാഷ്ട്രീയത്തില്‍ ഈ മത മേലാളന്മാര്‍.അതിനെ പിന്‍ തുണച്ചു കൊണ്ട് ഇടതു പക്ഷ കുഷ്മാണ്ടങ്ങളും ഇപ്പോള്‍.ഈ പ്രശനത്തില്‍ ബലിയാടായത് പി.ടി .തോമസ്സും കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്നത്‌ ഇടതു പക്ഷവും ആണ് .സത്യത്തില്‍ കൃത്യമായി ഈ റിപ്പോര്‍ട്ട് വായ്ച്ചു പഠിച്ചവര്‍ ആണോ ഇവര്‍ എന്ന് തന്നെ ഞാന്‍ സംശയിക്കുന്നു.ഈ ലേഖനത്തിനു ആശംസകള്‍

  ReplyDelete
 15. നീട്ടിപ്പിടിച്ച ചാനല്‍ മൈക്കുകളുടെയും ക്യാമറകളുടെയും പ്രഭയില്‍ ഇടുക്കി മെത്രാന്‍ ഉറഞ്ഞു തുള്ളുന്നത് എല്ലാവരും കണ്ടല്ലോ.രാഷ്ട്രീയക്കാരെപ്പറ്റി മൂപ്പര്‍ പറയുന്നതു സ്വന്തം കാര്യത്തിലും ശരിയാണെന്ന് ആ മാലാഖ മറന്നു.മറ്റെന്ത് പറയാന്‍...........

  ReplyDelete
 16. ഒരു കാര്യവും ശരിയായി അറിയാന്‍ പറ്റാത്ത സങ്കടം.. എല്ലാറ്റിലും കണ്‍ഫ്യൂഷന്‍.. ഞാനിപ്പോ ആ സ്ഥിതിയിലാണ്..വിഷമം തോന്നുന്നു...

  വെട്ടത്താന്‍ ചേട്ടനെ സമ്മതിച്ചിരിക്കുന്നു... ഇത്രയൊക്കെ എഴുതാന്‍ കഴിഞ്ഞുവല്ലോ.. ഈ കുറിപ്പും മറുപടികളും ഇനിയും വായിക്കുന്നുണ്ട്...

  ReplyDelete
  Replies
  1. കാര്യം എന്താണെന്ന് അന്യോഷിക്കാന്‍ പോലും തയ്യാറാവാതെ വാളുമെടുത്ത് ഇറങ്ങുന്നവരെയാണ് ചുറ്റും കാണുന്നത്. കര്‍ഷകരെ പറ്റി കരയുന്നവരുടെയും പ്രകൃതിക്കുവേണ്ടി വിലപിക്കുന്നവരുടെയും യഥാര്‍ത്ഥമുഖം പലപ്പോഴും വികൃതമാണ്. ഗാഡ്ഗില്‍ കമ്മിറ്റി മെമ്പര്‍ ഡോക്റ്റര്‍ വിജയന്‍റെ മകന് കോടിക്കണക്കിനു വിദേശ ഫണ്ട് കിട്ടിയെന്നു പി.സി ജോര്‍ജ്ജ് ആരോപിച്ചിരുന്നു. പറഞ്ഞത് പി.സി ആണെങ്കിലും ഒരു നിഷേധക്കുറിപ്പ് ഇതുവരെ കണ്ടില്ല.ഓരോരുത്തര്‍ക്കും സ്വന്തം താല്‍പ്പര്യം സംരക്ഷിക്കാന്‍ ഓരോരോ വഴികള്‍ എന്നു തോന്നിപ്പോകും.

   Delete
 17. ഈ പോസ്റ്റില്‍ ഞാന്‍ എഴുതിയ കമന്റ് ഗൂഗിള്‍ കൊണ്ട് പോയി എന്ന് തോന്നുന്നു. ഗാട്ഗില്‍ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ എഴുതിയ ഈ പോസ്റ്റ്‌ ഇതിലെ ചര്‍ച്ചകള്‍ കൊണ്ട് ശ്രദ്ധേയമാവുന്നു ,. നിര്‍ഭയത്തോടെയുള്ള ഈ തുറന്നു പറച്ചിലിന് ഒരു ബിഗ്‌ ലൈക്.

  ReplyDelete
  Replies
  1. കമന്‍റ് സ്പാമിലും കണ്ടില്ലല്ലോ ഫൈസല്‍ജി.ഇടയ്ക്കു ഇങ്ങിനെയും സംഭവിക്കുന്നു. നുണ പ്രചരണങ്ങളുടെ ഫലം ചുറ്റും കാണുന്നു.മലയോരമേഖലയോട് ചേര്‍ന്ന വനം വ്യാപകമായി കത്തുകയാണ്.ഇതിനെതിരെ കര്‍ഷകര്‍ തന്നെ മുന്നോട്ട് വരുന്ന കാലം അതി വിദൂരമല്ല. ഇലക്ഷന്‍ കഴിഞ്ഞാല്‍ നടപടി ഉണ്ടാകുമെന്ന് കരുതാം.(ഇതിനിടയ്ക്ക് വനം മന്ത്രി സി.ബി.ഐ അന്യോഷണം എന്നു സൂചിപ്പിച്ചത് കൂടുതല്‍ വനം കത്താതിരിക്കട്ടെ എന്നു കരുതിയാവും.സി.ബി.ഐ വന്നാല്‍ ആരൊക്കെപ്രതിപ്പട്ടികയില്‍ വരും എന്നു കാണാം.

   Delete

Related Posts Plugin for WordPress, Blogger...