Wednesday 26 November 2014

അനുവിന്‍റെ അമ്മ




    നേരം വെളുത്തിട്ടില്ല. ടെലഫോണ്‍ തുടര്‍ച്ചയായി അടിച്ചുകൊണ്ടിരിക്കയാണ്. ജോസഫ് ഉറക്കച്ചടവോടെ ഫോണ്‍ എടുത്തു.
“ഹലോ, ജോസഫല്ലേ”. ഒരു നിമിഷം അയാള്‍ വിക്റ്ററിന്‍റെ സ്വരം തിരിച്ചറിഞ്ഞു. “എന്തുപറ്റി വിക്റ്റര്‍”
“മദര്‍ ഇന്‍ ലോ മരിച്ചു, ഒന്നിവിടം വരെ വരുമോ?” അയാള്‍ എഴുന്നേറ്റ് വേഗം റെഡിയായി. എന്താണ് പ്രശ്നമെന്ന് അന്യോഷിച്ച ഭാര്യയോട് “അനുവിന്റെ അമ്മ മരിച്ചു” എന്നു മാത്രം പറഞ്ഞു വിക്റ്ററിന്‍റെ വീട്ടിലേക്ക് നടന്നു.

    നാലു വീടുകള്‍ക്കപ്പുറമാണ് വിക്റ്ററിന്‍റെ വീട്. അയാളുടെ ആശുപത്രിയും അവിടെത്തന്നെ. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പു,  വളരെ തിരക്കുള്ള ഹോസ്പിറ്റല്‍ ആയിരുന്നു അത്. എപ്പോഴും രോഗികളുടെ തിരക്ക്. വിക്റ്ററിന്‍റെ “കൈപ്പുണ്യം” നാട്ടിലാകേ ഒരു വിശ്വാസമായിരുന്നു. രോഗികള്‍ക്ക് വിക്റ്ററിനെ കണ്ടാല്‍  മതി. ഊണു കഴിക്കാന്‍ പോലും നിവൃത്തിയില്ലാത്ത പ്രാക്റ്റീസ്, ആദ്യമൊക്കെ അയാളെ ഹരം കൊള്ളിച്ചിരുന്നു. പക്ഷേ പതിവുപോലെ അയാള്‍ക്ക് മടുത്തു. ക്രമേണ രോഗികളും വിക്റ്ററിനെ കയ്യൊഴിഞ്ഞു. പോരെങ്കില്‍ നാട്ടില്‍ പുതുതായി നാലഞ്ച് ആശുപത്രികള്‍ വേറെയുമുണ്ടായി. ഇപ്പോള്‍ തിരക്ക് നന്നേ കുറഞ്ഞു, രോഗികള്‍ വരുമ്പോള്‍ ഡോക്റ്റര്‍ വീട്ടില്‍ നിന്നു വരുന്ന രീതിയായി. ആശുപത്രിയില്‍ കിടത്തി ചികില്‍സിക്കുന്ന രോഗികള്‍ ഇല്ലെന്നു തന്നെ പറയാം. 

    ഏറ്റവും നല്ല വിദ്യാര്‍ത്ഥിക്കുള്ള സ്വര്‍ണ്ണ മെഡല്‍ വാങ്ങിയാണ് വിക്റ്റര്‍ എം.ബി.ബി.എസ് പാസ്സായത്. അദ്ധ്യാപകരുടെ കണ്ണിലുണ്ണിയായിരുന്നു അയാള്‍. സുമുഖന്‍. സരസ്സന്‍. ഏത് കമ്പനിയിലും പ്രസരിപ്പിന്‍റെ ഊര്‍ജ്ജം നിറയ്ക്കുന്ന രസികന്‍. അങ്ങിനെയുള്ള വിക്റ്ററിന്‍റെ മനസ്സില്‍ കയറിപ്പറ്റാന്‍ കഴിഞ്ഞത് സുഹറക്കാണ്. മറ്റ്   പെണ്‍കുട്ടികള്‍ സുഹറയെ അസൂയയോടെ നോക്കി. “ഭാഗ്യവതി” എന്നു മനസ്സില്‍ പലവുരു പറഞ്ഞു. പക്ഷേ അവര്‍ക്ക് ഒന്നാകാന്‍ കഴിഞ്ഞില്ല. രണ്ടുപേര്‍ക്കും ആഗ്രഹമുണ്ടായിരുന്നു. ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ചു അയാള്‍ക്ക് ഒപ്പമിറങ്ങാന്‍ സുഹറ തയ്യാറും ആയിരുന്നു. പക്ഷേ ആ ധൈര്യം വിക്റ്ററിന് ഇല്ലാതെ പോയി. രക്തത്തിന്‍റെ പരിശുദ്ധി സൂക്ഷിക്കുന്നതില്‍ ബദ്ധശ്രദ്ധരായ ഒരു സമൂഹത്തില്‍ പിറന്ന വിക്റ്ററിന്റെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും സമൂഹത്തിനു പുറത്തൊരു വിവാഹം അചിന്ത്യമായിരുന്നു. അവരെ ധിക്കരിക്കാനുള്ള  ശക്തി വിക്റ്ററിനും അന്യമായിരുന്നു. അങ്ങിനെയാണ് അനു അയാളുടെ ജീവിതത്തിലേക്ക് കടന്നു വന്നത്.

    വളരെ സുന്ദരിയായിരുന്നു അനു. ആരും ഒന്നുകൂടി നോക്കിപ്പോവുന്ന മുഖ കാന്തി .ഒരു പൊതുമേഖലാ സ്ഥാപനത്തിലെ ഉന്നതോദ്യോഗസ്ഥന്റെ ഏക മകള്‍. ധാരാളം സ്ത്രീധനവും കൊണ്ടാണ്   അനു കയറിവന്നത്. സ്വന്തക്കാര്‍ക്കും വീട്ടുകാര്‍ക്കും അനുവിനെ നന്നായി പിടിച്ചു. അവള്‍ സുന്ദരിയെന്നപോലെ മൃദുഭാഷിണിയുമാണ്. നന്നായി പെരുമാറും. അനുവിന്‍റെ സാമീപ്യത്തില്‍ വിക്റ്റര്‍ സുഹറയെ മറന്നു. അതൊക്കെ എന്നോ കഴിഞ്ഞുപോയ പൊയ്നാടകത്തിലെ കഥാപാത്രമാണെന്ന് അയാള്‍ക്ക് തോന്നി. വിക്റ്ററിന്‍റെ മനസ്സില്‍ അനുവും അവളുണര്‍ത്തിയ മൃദു മന്ദഹാസവും മാത്രമേ ബാക്കി നിന്നുള്ളൂ. എല്ലാ ഘടകങ്ങളും അവരുടെ ഇഴുകിച്ചേരലിന് അനുകൂലമായിരുന്നു. എന്നിട്ടും കുറച്ചുനാള്‍ പിന്നിട്ടപ്പോള്‍ വിക്റ്ററിന് ബോറടിക്കാന്‍ തുടങ്ങി. അനുവിന്‍റെ കുളിര്‍ തെന്നല്‍ പോലുള്ള പെരുമാറ്റം അയാള്‍ക്ക് പ്രചോദനം അല്ലാതായിത്തുടങ്ങി. പ്രത്യക്ഷത്തില്‍ അവളുടെ പെരുമാറ്റത്തില്‍ ഒരു കുറവും അയാള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. പക്ഷേ അയാളെ ഉണര്‍ത്തുന്ന എന്തോ ഒന്നിന്‍റെ അഭാവം വിക്റ്ററിന് ഫീല് ചെയ്യാന്‍ തുടങ്ങി. അയാള്‍ ആഗ്രഹിച്ചത് അനുവിനെപ്പോലെപ്പോലെ ഒരാളല്ല എന്നൊരു തോന്നല്‍ വിക്റ്ററില്‍ നിറഞ്ഞു.

    ആ സമയത്താണ് അനുവിന്‍റെ അച്ഛന്‍ പെന്‍ഷനായത്. നാട്ടിലുള്ളതെല്ലാം വിറ്റുപെറുക്കി ഏക മകളുടെ അടുത്ത് പൊറുതി തുടങ്ങാന്‍ അനു മാത്രമല്ല വിക്റ്ററും അവരെ പ്രേരിപ്പിച്ചു. സന്തോഷത്തിന്‍റെ നാളുകളായിരുന്നു അത്. കുട്ടികള്‍, മുത്തശ്ശന്‍റെയും മുത്തശ്ശിയുടെയും സാമീപ്യം നന്നായി ആസ്വദിച്ചു. കാരണവന്മാരും പേരക്കുട്ടികളുടെ കളിത്തോഴരായി. നാട്ടിലെ ഭൂമി വിറ്റു കിട്ടിയതും സര്‍വ്വീസില്‍ നിന്നു പിരിഞ്ഞപ്പോള്‍ കിട്ടിയതും എല്ലാം ചേര്‍ത്തു അനുവിന്‍റെ പേരില്‍ റബ്ബര്‍ തോട്ടം വാങ്ങി. പട്ടണ വാസിയായിരുന്ന അനുവിന്‍റെ അച്ഛന് റബ്ബറിലും കൃഷിയിലുമൊന്നും വലിയ താല്‍പ്പര്യമുണ്ടായിരുന്നില്ല. മകളുടെയും മരുമകന്‍റെയും താല്‍പ്പര്യത്തിന് ആ അച്ഛന്‍ വഴങ്ങുകയായിരുന്നു. എന്തായാലും ഇനിയുള്ള ജീവിതം മകളുടെയും കുടുംബത്തിന്റെയും കൂടെയാണ്. അവരുടെ സന്തോഷമാണ് തങ്ങളുടെ സന്തോഷം. 

    കുറച്ചു കഴിഞ്ഞപ്പോള്‍ അച്ഛന് മടുത്തു. രാവിലെ എഴുന്നേറ്റ് വരുമ്പോഴേക്കും കുട്ടികള്‍ സ്കൂളില്‍ പോയിട്ടുണ്ടാവും. വിക്റ്റര്‍ മിക്കവാറും തോട്ടത്തിലേക്ക് പോകും. അനു പാചക പരീക്ഷണങ്ങളിലോ സുഹൃത്തുക്കളുടെ തിരക്കിലോ ആവും. കുഞ്ഞന്നാമ്മ എവിടെയെങ്കിലും കുത്തിയിരുന്നു പിറുപിറുക്കുന്നുണ്ടാവും. അയാള്‍ക്ക് മിണ്ടാനോ സൌഹൃദം പങ്കുവെയ്ക്കാനോ ആരുമില്ലാത്ത അവസ്ഥ. വല്ലപ്പോഴും ഒന്നു സംസാരിക്കാന്‍ തയ്യാറാവുന്നത് ജോസഫ് ആണ്. അയാള്‍ക്കും തിരക്കുകളാണ്. സുഹൃത്തുക്കളെയും ബന്ധുക്കളെയും വിട്ടുപോന്നതില്‍ സ്വയം പഴിക്കലായി അച്ഛന്റെ ജീവിതം. കുട്ടികള്‍ക്ക് പോലും അയാളോട് മിണ്ടാന്‍ താല്‍പ്പര്യമില്ലെന്ന് അച്ഛന് തോന്നി. റബ്ബര്‍ തോട്ടം വിറ്റ് നാട്ടിലേക്കു തിരിച്ചുപോകാന്‍ അയാള്‍ ആഗ്രഹിച്ചു. പക്ഷേ മകളോ മരുമകനോ ആ ആഗ്രഹം അറിഞ്ഞതായിപ്പോലും നടിച്ചില്ല.

    സ്വയം പഴിച്ചുകൊണ്ടും പിറുപിറുത്തുകൊണ്ടുമുള്ള ആ ജീവിതം അധികം നീണ്ടില്ല. ഒരു നെഞ്ച് വേദന. മകളും മരുമകനും വീട്ടിലുണ്ടായിരുന്നില്ല. വേലക്കാരി പരിഭ്രാന്തിയോടെ വന്നു പറഞ്ഞപ്പോള്‍ ജോസഫ് ഓടിച്ചെന്നു. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. അച്ഛന്‍റെ ആഗ്രഹപ്രകാരം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. കുടുംബക്കല്ലറയില്‍ തന്നെ സംസ്ക്കകരിച്ചു.

    അച്ഛന്‍റെ മരണത്തോടെ കുഞ്ഞന്നാമ്മ കൂടുതല്‍ ഉള്‍വലിഞ്ഞു. എവിടെയെങ്കിലും തനിച്ചിരുന്നു പിറുപിറുക്കലായി ആ ജീവിതം. മകളുള്‍പ്പെടെ എല്ലാവരും അവരെ ഒഴിവാക്കി. പക്ഷേ ഇടയ്ക്കിടയ്ക്ക് ഓരോ തമാശകളിലൂടെ അവര്‍ അവരുടെ അസ്തിത്വം തെളിയിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ വിക്‍റ്ററും ജോസഫും കൂടി  സംസാരിച്ചിരിക്കയായിരുന്നു. തന്‍റെ പുതിയ പാചക പരീക്ഷണത്തിന്‍റെ പ്ലേറ്റുമായി അനുവും എത്തി. ഇത്തരം പാചകങ്ങളില്‍ അനു മിടുക്കിയായിരുന്നു. (“എന്‍റെ ഭാര്യ വലിയ പാചകക്കാരിയാണ് ,പക്ഷേ കപ്പയും മീന്‍ കറിയും ഉണ്ടാക്കാന്‍ അറിയില്ല” എന്നാണ് വിക്റ്ററിന്‍റെ സ്ഥിരം തമാശ) .പെട്ടെന്നു എവിടെ നിന്നോ എന്നത് പോലെ കുഞ്ഞന്നാമ്മ പ്രത്യക്ഷപ്പെട്ടു ,ഒരു കഴുകന്‍ കോഴിക്കുഞ്ഞിനെ റാഞ്ചുന്ന വേഗത്തില്‍ പ്ലേറ്റില്‍ ബാക്കിയുണ്ടായിരുന്ന പലഹാരവുമായി അപ്രത്യക്ഷയായി. ജോസഫിന് ചിരിയാണ് വന്നത്. പക്ഷേ അനുവിനും വിക്റ്ററിനും അതൊരു അപമാനമായി. “മമ്മിക്ക് ഇവിടെ ഒന്നും കിട്ടുന്നില്ല എന്നല്ലേ മറ്റുള്ളവര്‍ക്ക് തോന്നൂ” അതായിരുന്നു അവരുടെ സങ്കടം. അതിഥികള്‍ വരുമ്പോള്‍ പുറത്തേക്ക് വരരുതു എന്നായിരുന്നു കുഞ്ഞന്നാമ്മക്കുള്ള നിര്‍ദ്ദേശം. പക്ഷേ ആ അമ്മ അതൊന്നും പരിഗണിച്ചില്ല. അതിഥികളുടെ പ്ലേറ്റില്‍ നിന്നു പലഹാരം എടുത്തുകൊണ്ടുള്ള അവരുടെ ഓട്ടം തുടര്‍ന്നു. മകളുടെയും മരുമകന്‍റെയും താക്കീതുകള്‍ക്കും അപേക്ഷകള്‍ക്കും ഒരു ഫലവുമുണ്ടായില്ല. അതോടെ അവര്‍ ആ വീട്ടില്‍ തീര്‍ത്തൂം ഒറ്റപ്പെട്ടു. കുട്ടികള്‍ പോലും അവരെ ഒഴിവാക്കി.

    വിക്റ്ററിനെ സംബന്ധിച്ചിടത്തോളം എല്ലാം പെട്ടെന്നാണ്. നീണ്ട ആലോചനകളുടെയും കൂട്ടിക്കിഴിക്കലുകളുടെയും ഭാഗമായി ഒന്നും ആ ജീവിതത്തില്‍ സംഭവിക്കുന്നില്ല. അയാളുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം അങ്ങിനെ ഭവിക്കുന്നതാണ്. അത് കൊണ്ട് തന്നെ പെട്ടെന്നു വന്നു ചേരുന്ന അയാളുടെ തീരുമാനങ്ങളില്‍ ഇപ്പോഴിപ്പോള്‍ അനുവിന് പരിഭ്രമവും തോന്നാറില്ല. അങ്ങിനെയാണ് ശനിയാഴ്ച്ച ഉച്ചക്ക് എല്ലാവരും കൂടി ഊട്ടിക്ക് പുറപ്പെട്ടത്. ഊണ്‍ കഴിഞ്ഞിരിക്കുമ്പോള്‍ പെട്ടെന്നു വിക്റ്ററിന്‍റെ ആത്മഗതം “ഊട്ടിക്ക് ഒന്നു പോയാലോ” ആ മോഹം അനുവിനും ഇഷ്ടപ്പെട്ടു. കുട്ടികള്‍ അതേറ്റു പിടിച്ചു. ഒരേ ഒരു പ്രശ്നം മാത്രം –മമ്മിയെ എന്തു ചെയ്യും? ജാനു ലീവിലാണ്. വീട്ടില്‍ നില്‍ക്കാന്‍ ആളില്ല. അങ്ങിനെ കുഞ്ഞന്നാമ്മയും ആ ഉത്സവത്തിന്‍റെ ഭാഗമായി.

    ഊട്ടിയിലെത്തി. മൊത്തമൊന്നു കറങ്ങി. അനുവും കുട്ടികളും വീണുകിട്ടിയ ഉല്ലാസയാത്ര ശരിക്കും ആസ്വദിച്ചു. കുഞ്ഞന്നാമ്മ പക്ഷേ കാറില്‍ നിന്നു പുറത്തിറങ്ങിയില്ല. ഊട്ടിയും തണുപ്പും അവര്‍ക്ക് ദുസ്സഹമായി. വിറച്ചുകൊണ്ട് അവര്‍ കാറിനുള്ളില്‍ തന്നെയിരുന്നു. അതൊരു കണക്കിനു നന്നായി. അനുവിനും കുട്ടികള്‍ക്കും മമ്മിയുടെ ശല്യം ഒഴിവായി. ഊട്ടിക്ക് പോകുമ്പോള്‍ രാത്രി തിരിച്ചുവരാം എന്നായിരുന്നു പ്ലാന്‍. രാത്രി എട്ടരയായി. ഊട്ടിയില്‍ നിന്നു തിരിച്ചു ഡ്രൈവ് ചെയ്യാന്‍ വിക്റ്ററിന് ഒരു മടി. അങ്ങിനെ രാത്രി ഊട്ടിയില്‍ തങ്ങാന്‍ തീരുമാനമായി. വണ്ടി ഹോട്ടലിലേക്ക് തിരിച്ചു. കാറിനുള്ളില്‍ എന്തോ ഒരു ദുര്‍ഗ്ഗന്ധം ഉണ്ടായിരുന്നു. വിന്‍ഡോ തുറന്നിട്ട് ഹോട്ടലിലെത്തി. കുഞ്ഞന്നാമ്മ ഇറങ്ങുന്നില്ല. ചോദിച്ചിട്ട് ഒന്നും പറയുന്നുമില്ല. അനു അമ്മയുടെ കൈ പിടിച്ച് ഇറക്കാന്‍ നോക്കി. കഠിനമായ ദുര്‍ഗ്ഗന്ധം അവിടെ പരന്നു. മലത്തിന്‍റെ ഗന്ധം. അനുവിന് നിയന്ത്രണം വിട്ടു. മമ്മിയെ കാറിലേക്ക് തന്നെ തള്ളി. മടിച്ചുനിന്ന കുട്ടികളെയും കൂട്ടി അവര്‍ നാട്ടിലേക്കു മടങ്ങി.

    ഒഴിഞ്ഞ സ്ഥലത്തു വാട്ടര്‍ ടാപ്പ് കണ്ടു വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടത് അനു തന്നെയാണ്. കുഞ്ഞന്നാമ്മയെ പിടിച്ച് പുറത്തിറക്കി. ചെറിയ ബക്കറ്റ് എടുത്തു വെള്ളം കോരി ഒഴിച്ചു. ഉടുത്തിരുന്ന തുണി പിഴിഞ്ഞുടുപ്പിച്ചു. അമ്മ ഞരങ്ങുകയും മൂളുകയും ചെയ്യുന്നുണ്ടായിരുന്നു. ദുസ്സഹമായ തണുപ്പ്. വേറെ തുണികളും ഇല്ല. പിഴിഞ്ഞ്  വെള്ളം കളഞ്ഞ വസ്ത്രങ്ങളും ചുറ്റി അനു അമ്മയെ വണ്ടിയില്‍ കയറ്റി. തിരിച്ചു പോരുമ്പോള്‍ ആരും ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. ആഹ്ലാദത്തിന്റെയും ഉത്സവത്തിന്‍റെയും അന്തരീക്ഷം മാഞ്ഞു. എല്ലാവര്ക്കും എങ്ങിനെയെങ്കിലും വീടണഞ്ഞാല്‍ മതിയെന്ന അവസ്ഥ. നാട്ടിലെത്തിയപ്പോള്‍ ഒരു സമയമായി. വണ്ടി നിര്‍ത്തി വീട് തുറന്നു വിക്റ്റര്‍ അകത്തേക്ക് കയറിപ്പോയി. അമ്മയോട് ഇറങ്ങാന്‍ പറഞ്ഞതിന് ശേഷം അനു കുട്ടികളെ ഉണര്‍ത്തി മുറിയിലേക്ക് കൊണ്ടുപോയി. കുറച്ചു കഴിഞ്ഞിട്ടും കുഞ്ഞന്നാമ്മായെ കാണാതെ അനു വീണ്ടും പുറത്തേക്ക് വന്നു. കുലുക്കി വിളിച്ചിട്ടും വൃദ്ധ എഴുന്നേക്കുന്നില്ല. അനു ക്ഷോഭത്തോടെ അമ്മയെ കുലുക്കി വിളിച്ചു. പ്രതികരണമില്ല. എന്തോ പന്തികേടുപോലെ. അവള്‍ ഉടനെ ഭര്‍ത്താവിനെ കൂട്ടി വന്നു. ഒരു നിമിഷം വിക്റ്ററിന്‍റെ ഉള്ളുലഞ്ഞു.

അമ്മ മരിച്ചു.

ആ പരിഭ്രമത്തിന്‍റെ നിമിഷങ്ങളില്‍ ശക്തി ചോര്‍ന്ന് പോകുന്നത് പോലെ അയാള്‍ക്ക് തോന്നി. എന്തോ അരുതാത്തത് സംഭവിച്ചത് പോലെ. അയാള്‍ക്ക് തനിയെ കുഞ്ഞന്നാമ്മയെ പുറത്തേക്ക് എടുത്തു കിടത്താന്‍ വയ്യ. അനു പകച്ചു പടികളില്‍ ഇരിക്കുന്നു. വിക്റ്റര്‍ പതുക്കെ നടന്നു അകത്തു പോയി സഹോദരനെയും ജോസഫിനെയും വിവരം അറിയിച്ചു.

    ജോസഫ് ചെല്ലുമ്പോള്‍ മറ്റാരും എത്തിയിട്ടില്ല. ഒന്നും സംഭവിക്കാത്തത് പോലെ കുഞ്ഞന്നാമ്മ കാറില്‍ കിടക്കുന്നു. സ്വതവേ തടിച്ച ആ ശരീരം വല്ലാതെ ചീര്‍ത്തിട്ടുണ്ട്. ചുറ്റും നടക്കുന്നതൊന്നും അറിയാതെ ശാന്തമായി ഉറങ്ങുന്നു. അധികം താമസിയാതെ വിക്റ്ററിന്‍റെ സഹോദരന്‍ ചാക്കോച്ചന്‍ എത്തി. എല്ലാവരും ചേര്‍ന്ന് ആ അമ്മയെ അകത്തു കട്ടിലിലേക്ക് മാറ്റി. മടങ്ങിയിരുന്ന കാല്‍ നിവര്‍ത്താനുള്ള കാര്യങ്ങളൊക്കെ ചെയ്തത് ചാക്കോച്ചനും ഡ്രൈവറും കൂടിയാണ്. അയാള്‍ തന്നെ ഡ്രൈവറെ വിട്ടു ശവപ്പെട്ടിക്കുള്ള ക്രമീകരണവും ചെയ്തു. അപ്പോഴേക്കും വിക്റ്ററിന്‍റെ പിതാവും മറ്റ് സഹോദരങ്ങളും എത്തിച്ചേര്‍ന്നു. കുടുംബാംഗങ്ങള്‍ എല്ലാവരും ആലോചിച്ചു അമ്മയുടെ ശരീരം നാട്ടില്‍ അച്ഛനെയടക്കിയ കല്ലറയില്‍ തന്നെ സംസ്ക്കരിക്കാന്‍ തീരുമാനമായി. ശവപ്പെട്ടി എത്തിയാല്‍ താമസിയാതെ പുറപ്പെടാം.

    പെട്ടി എത്തിയപ്പോള്‍ പുതിയ പ്രശ്നം. ചീര്‍ത്തു വീര്‍ത്ത കുഞ്ഞന്നാമ്മയുടെ ശരീരം പെട്ടിയിലൊതുങ്ങുകയില്ല. വിക്റ്റര്‍ ഡോക്റ്റര്‍ സുഹൃത്തുക്കളേ വിളിച്ച് ആന്തരീയാവയവങ്ങള്‍ നീക്കം ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. പെട്ടെന്നു ആരെയും കിട്ടുന്നില്ല. ചാക്കോച്ചനും ജോസഫും കൂടി കുഞ്ഞന്നാമ്മയുടെ തമാശകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കുകയായിരുന്നു. വിക്റ്റര്‍ അങ്ങോട്ട് വന്നു. ആന്തരീയവയവങ്ങള്‍ നീക്കം ചെയ്യാന്‍ ഡോക്റ്റര്‍മാര്‍ ആരെയും കിട്ടിയിട്ടില്ല. എന്തു ചെയ്യും. പെട്ടെന്നു ചാക്കോച്ചന്‍ ഒരു ഉപായം പറഞ്ഞു. “കശാപ്പുകാരന്‍ മമ്മതിനെ വിളിക്കാം ,ഡോക്റ്റര്‍മാര്‍ ചെയ്യുന്നതിലും ഭംഗിയായി അയാള്‍ ചെയ്തു തരും”. ഒരു നിമിഷം ജോസഫിന് തല കറങ്ങുന്നത് പോലെ ,ഛര്‍ദ്ദിക്കാന്‍ വരുന്നത് പോലെ തോന്നി. അയാള്‍ വീഴാതിരിക്കാന്‍ അടുത്തുള്ള തൂണില്‍ പിടിച്ചു. അല്പ്പം കഴിഞ്ഞു വീട്ടിലേക്ക് തിരിഞ്ഞു നടക്കുമ്പോള്‍ ആ മനസ്സ് ശൂന്യമായിരുന്നു.

വെട്ടത്താന്‍
www.vettathan.blogspot.com

61 comments:

  1. ആ അമ്മയുടെ മരണം ഒരു ഞെട്ടലോടെ വായിച്ചു.
    ആ ഭാഗങ്ങളില്‍ എഴുത്ത് അതിതീവ്രമായി..
    കഥയെക്കാള്‍ അനുഭവം പോലെ....

    ReplyDelete
    Replies
    1. വെട്ടത്താന്‍ എന്തെഴുതിയാലും അനുഭവമായി തോന്നും അല്ലേ? ഇത് കഥയാണ് ജോസ്........

      Delete
  2. വേദന.... വേദന മാത്രം....

    ReplyDelete
    Replies
    1. നിസ്സഹായതയുടെ വേദന.

      Delete
  3. വെട്ടത്താന്‍ എന്തെഴുതിയാലും അനുഭവമായി തോന്നും...

    പൂർണമായും ഭാവനയാണെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നുന്നു. നേർരേഖയിൽ സംഭവവിവരണം പോലെയുള്ള എഴുത്തിനെ കഥയെന്നു വിളിക്കാനും ബുദ്ധിമുട്ടുണ്ട്....

    ReplyDelete
    Replies
    1. പൂര്‍ണ്ണമായും ഭാവനയായ ഏതെങ്കിലും സാഹിത്യ സൃഷ്ടി ഉണ്ടോ പ്രദീപ്.? നേര്‍ രേഖയില്‍ സംഭവ വിവരണം പോലുള്ള കഥകള്‍ പഴയ രീതിയാണ്. സംഭവ വിവരണങ്ങളിലൂടെയുള്ള കഥാ കഥനം. ഏതായാലും അനുഭവമാണെന്ന് വായനക്കാര്‍ക്ക് തോന്നുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്.

      Delete
  4. വെട്ടത്താന്‍ എന്തെഴുതിയാലും അനുഭവമായിത്തോന്നും. ഇതും അങ്ങനെ തോന്നും. കാരണം ഏറിയും കുറഞ്ഞും ഈ അനുഭവങ്ങള്‍ സമൂഹത്തില്‍ നിന്ന് വാര്‍ത്തകളായി എത്താറുണ്ടല്ലോ. പോകെപ്പോകെ ഇതൊന്നും വാര്‍ത്തയല്ലാതാകും. ആരെങ്കിലും സ്വന്തം മാതാപിതാക്കളെ സംരക്ഷിച്ചാല്‍ അതായേക്കാം നാളത്തെ വാര്‍ത്ത!!

    ReplyDelete
    Replies
    1. നന്ദി,അജിത്ത്.ഏത് കാര്യത്തിലും വാദിയുടെയും പ്രതിയുടെയും സ്ഥാനത്ത് നിന്നു ചിന്തിക്കുന്ന സ്വഭാവക്കാരനാണ് ഞാന്‍.അശരണരായ മാതാപിതാക്കള്‍ക്ക് അനുകൂലമായി വാദഗതികള്‍ ഏറെയുണ്ട്. 64 വയസ്സു കഴിഞ്ഞ എന്‍റെ മുന്നില്‍ നിസ്സഹായരായ മക്കളുടെ (എന്‍റെയല്ല കേട്ടോ) നെടുവീര്‍പ്പുകളും ഉണ്ട്.മറ്റുള്ളവര്‍ക്ക് ഭാരമാവാതെ മരിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ എന്നല്ലാതെ എന്തു പറയാന്‍?

      Delete
  5. അനുഭവാവിഷ്ക്കാരങ്ങൾ പോലെ
    എഴുതുവാനുള്ള ഈ കഴിവ് തന്നെയാണ്
    യഥാർത്ഥത്തിലുള്ള സർഗ്ഗവാസന കേട്ടൊ വെട്ടത്താൻ സാർ

    പണ്ട് ഞങ്ങളുടെ നാട്ടിൽ മക്കളെല്ലാം
    ചുറ്റ് വട്ടങ്ങളിലേക്ക് താമസമുണ്ടെങ്കിലും
    പഴയ തറവാട്ടു വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന
    ഒരു അമ്മാമ്മ വളഞ്ഞ് കിടന്ന് മരിച്ച ശേഷം
    ഒരു ദിവസം കഴിഞ്ഞ് നാട്ടുകാർ മക്കളെ അറിയിച്ച ശേഷം
    പോലീസിന് കൈക്കൂലി കൊടുത്ത് മഞ്ചയിൽ വെട്ടിയൊതുക്കിയ ഒരു മനുഷ്യ ജഡത്തിന്റെ ഒറിജിനൽ കഥ , ഈ അവസരത്തിൽ വേദനയോടെ ഓർമ്മിച്ചു ...!

    ReplyDelete
    Replies
    1. ജീവിച്ചിരിക്കുമ്പോള്‍ കാണിക്കുന്ന ക്രൂരതയിലും വേദനിപ്പിക്കുന്നത് മൃത ശരീരത്തോട് കാണിക്കുന്ന ഭീകരതയാണ്.കൈയ്യും കാലുമൊക്കെ വലിച്ചൊടിച്ചു പെട്ടിക്കുള്ളിലാക്കുന്നത് കണ്ടുനില്‍ക്കാന്‍ എനിക്കു ശക്തിയില്ല.അങ്ങിനെ ചെയ്യുന്ന മനുഷ്യരെ (പലപ്പോഴും അവര്‍ ബന്ധുക്കളാവില്ല) എപ്പോഴും വളരെ അകലെ നിര്‍ത്താനാണ് എനിക്കിഷ്ടം.
      നല്ല വാക്കുകള്‍ക്ക് നന്ദി.

      Delete
  6. പാലിലേക്കു പഞ്ചസാര ചേര്ക്കുന്നത് പോലെ അനുഭവങ്ങളിലേക്ക് ഭാവന ചാലിക്കുമ്പോലാണു നല്ല രചനകൾ ഉണ്ടാവുന്നത്...

    എന്തായാലും ഇതൊരു നല്ല കഥ തന്നെ...

    ReplyDelete
    Replies
    1. പ്രത്യേകം നന്ദി. സത്യത്തിന്‍റെ, അനുഭവത്തിന്‍റെ സ്പര്‍ശം പോലുമില്ലാത്ത കൃതികളുണ്ടാവുമോ? ലോര്‍ഡ് ബൈറണ്‍ പറഞ്ഞത് പോലെ തീര്‍ത്തൂം ഇല്ലാത്ത,സംഭവ്യമല്ലാത്ത ഒന്നു ചിന്തിക്കാന്‍ തന്നെ നമുക്ക് കഴിയുമോ?

      Delete
  7. കഥ ആണേലും വായിച്ചു കഴിഞ്ഞപ്പോൾ എന്തോ ഒരു വിഷമം.

    എവിടെയൊക്കെയോ സംഭവിച്ചേക്കാവുന്ന അല്ലെങ്കിൽ സംഭവിച്ചു കൊണ്ടിരിയ്ക്കുന്ന കാര്യമല്ലേ ഈ കഥയും...

    ReplyDelete
    Replies
    1. വൃദ്ധരുടെ പരാതികളും ഒറ്റപ്പെടലുകളും ധാരാളമായി പുറത്തു വരുന്ന കാലമാണിത്. ഇന്നത്തെ അണു കുടുംബ വ്യവസ്ഥിതിയില്‍ പറിച്ചു നടലുകളും വ്യാപകമാവുന്നു. നല്ല രീതിയില്‍ നടത്തപ്പെടുന്ന വൃദ്ധ സദനങ്ങളാണ് പരിഹാരം എന്നു തോന്നുന്നു.

      Delete
  8. ഭാവനയാണോ സംഭവകഥയാണോ എന്നു തിരിച്ചറിയുവാന്‍ കഴിയാത്ത ശൈലിയാണല്ലോ. അത് വായനക്കാരനെ മിസ് ലീഡ് ചെയ്യുവാന്‍ സാധ്യതയുണ്ടെന്നാണ് തോന്നുന്നത്. വായനാസുഖത്തേക്കാളുപരി എന്താണ് സംഭവം എന്നറിയുവാനുള്ള ജിജ്ഞാസ. ആദ്യമായാണ് വേട്ടത്താന്‍ ജി യുടെ കഥ വായിക്കുന്നത്. വേട്ടത്താന്‍ ജിയുടെ കഥയായതുകൊണ്ടായിരിക്കാം ഞാന്‍ കൂടുതല്‍ പ്രതീക്ഷിച്ചു.

    ReplyDelete
    Replies
    1. നന്ദി,സുധീര്‍ ദാസ്. പല രചനകളും കഥകളാണ്. അനുഭവം പോലെ എഴുതി എന്നേയുള്ളൂ. താങ്കള്‍ സൂചിപ്പിച്ച കാര്യം ശരിയാണ്. ഈ രചനയുടെ ഇടയ്ക്കു നീണ്ട ഇടവേളകളുണ്ടായി.എഴുതാന്‍ ഒരു മടി. ഞാന്‍ ഓണ്‍ ലൈന്‍ ചെസ്സ് കളിയുടെയും സോളിറ്ററിന്റെയും ലോകത്തായിരുന്നു.

      Delete
  9. വെട്ടത്താൻ സർ, കഥ വായിച്ചു. ഇഷ്ടമായി, അടുത്തറിഞ്ഞ ഒരാൾ ഒരു അനുഭവ കഥ വിവരിക്കുന്നത് പോലെ തോന്നി. ജീവിതത്തെ വായിക്കുമ്പോൾ ജീവിത കഥകളെ അടുത്തറിയുമ്പോൾ ബാക്കിയാവുന്നത് ഒരു ദീർഘ നിശ്വാസം മാത്രമാണ്

    ReplyDelete
    Replies
    1. അതാണ് ജീവിതം. ഇവിടെ വാദിയും പ്രതിയും കാഴ്ച്ചക്കാരനുമെല്ലാം വെറും നിസ്സഹായര്‍ മാത്രമാണു.

      Delete
  10. കഥ ഇഷ്ടപ്പെട്ടു. കുറച്ചു പരത്തി പറഞ്ഞപോലെ തോന്നി

    ReplyDelete
    Replies
    1. നന്ദി റോസിലി ,മാറ്റം വരുത്തണമെങ്കില്‍ ആകെ വീണ്ടും പൊളിച്ച് എഴുതണം എന്നു തോന്നി.അത് കൊണ്ട് വേണ്ടാ എന്നു വെച്ചു.

      Delete
  11. Well done Mr. Vettathan!

    ReplyDelete
  12. തെറ്റുകളും ശരികളും ആപേക്ഷികം ആയിരിക്കുന്നിടത്തോളം പൂര്‍ണ്ണമായ ശരി എന്ന് ഒന്നിനെക്കുറിച്ചും സ്ഥാപിക്കാന്‍ കഴിയില്ലല്ലോ. അതുകൊണ്ട് തന്നെ തെറ്റ് എന്ന് തോന്നുന്നതും അംഗീകരിക്കാന്‍ കഴിയാത്തതും പിന്നീടു ആംഗികരിക്കേണ്ടാതായ അവസ്ഥ വന്നുചേരുന്നുണ്ട്. മാറിക്കഴിഞ്ഞ കുടുംബ ബന്ധങ്ങളില്‍ അതത് സാഹചരങ്ങളിലെ രീതിക്കനുസരിച്ച് പ്രായോഗികമായ രീതികള്‍ സ്വീകരിക്കുക എന്നതായിരിക്കുന്നു കാര്യങ്ങള്‍. അവിടെ നമ്മള്‍ പലതും കടിച്ചോതുക്കേണ്ടിവരുന്നത് നന്മ നഷ്ടപ്പെടാത്ത മനസുകള്‍ക്ക് പൊരുത്തപ്പെടാന്‍ കാഴിയാത്ത സംഭവങ്ങളെ ശരിവേക്കേണ്ടി വരുന്നതുകൊണ്ടാണ്.
    ഇനിയിപ്പോള്‍ ഇത്തരം പലവിധ കാഴ്ചകളിലേക്കാണ് ജീവിതം മുന്നേറുന്നത് എന്ന് തോന്നുന്നു.
    ആശങ്ക ഉണര്‍ത്തുന്ന നേര്‍ക്കാഴ്ചകള്‍ നന്നായി എഴുതി.

    ReplyDelete
    Replies
    1. ശരി തെറ്റുകളെക്കുറിച്ചുള്ള ഈ പാരവശ്യം ഒരു സത്യമാണ്.ഓരോ ഭാഗത്തുനിന്നും നോക്കുമ്പോള്‍ തെറ്റും ശരിയും മാറി മാറി വരുന്നു. അത് കൊണ്ടാവുമല്ലോ ഭഗവാനു അടര്‍ക്കളത്തില്‍ അര്‍ജുനനെ ബോധവല്‍ക്കരിക്കേണ്ടി വന്നത്.

      Delete
  13. കഥയില്‍പ്പോലും ഇതൊന്നും സംഭവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല ,ക്ലൈമാക്സിലെ അനുഭവത്തിന്റെ മൂര്‍ച്ച ഒരല്‍പം ശ്രദ്ധിച്ചിരുന്നെങ്കില്‍ തുടക്കം മുതലേ കൈവരുത്താമായിരുന്നു .അഭിനന്ദനങ്ങള്‍ !

    ReplyDelete
    Replies
    1. അംഗീകരിക്കുന്നു. ഞാന്‍ മടിയുടെ ഒരു കാലഘട്ടത്തിലൂടെ കടന്നു പോകുകയായിരുന്നു.

      Delete
  14. മനസ്സിനെ സ്പര്‍ശിച്ച കഥ...

    ReplyDelete
  15. ഇതൊരു വെറും കഥ തന്നെ ആയിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു ..കാരണം പത്രതാളുകളിൽ കൂടിയുള്ള ഓട്ടത്തിൽ കാണാമല്ലോ ഇതിലും വിഷമം പിടിച്ച സംഭവങ്ങൾ :(

    ReplyDelete
    Replies
    1. സുഹൃത്തെ,ഭാവനയ്ക്കും അപ്പുറമാണ് യാഥാര്‍ത്ഥ്യങ്ങളുടെ ലോകം.

      Delete
  16. ഇത് ഒരു ചെറുകഥ ആണ് . പക്ഷെ നാട്ടില്‍ നടക്കുന്ന ചില സത്യങ്ങളുടെ നേര്‍ സാക്ഷ്യവും. ആശംസകള്‍

    ReplyDelete
    Replies
    1. സത്യവും ഭാവനയും ഒരു നാണയത്തിന്‍റെ രണ്ടു വശങ്ങളല്ലെ?

      Delete
  17. മനസ്സിനെ നോവിക്കുന്ന കഥാ,, അവസാന ഭാഗം ശെരിക്കും തീവ്രമായി എഴുതി ,,പ്രദീപ്‌ മാഷ്‌ പറഞ്ഞപോലെ വെറും കഥയായി തള്ളാന്‍ കഴിയുന്നില്ല ,,നമുക്ക് ചുറ്റും സംഭവിക്കുന്നത് ,അല്ല സംഭവിച്ച് കൊണ്ടിരിക്കുന്നത് !!..

    ReplyDelete
    Replies
    1. ഒരാള്‍ മരിച്ചുകഴിഞ്ഞാല്‍ ഒരു ബഹുമാനവുമില്ലാതെ ആ ശരീരത്തെ വളയ്ക്കുകയും ഒടിക്കുകയും ഒക്കെ ചെയ്യുന്നത് കണ്ടിട്ടുണ്ട്.സഹിക്കാന്‍ കഴിഞ്ഞിട്ടില്ല.

      Delete
  18. വായിച്ചിട്ട് കഥയെക്കാൾ അനുഭവം അന്നെന്നു വിശ്വസിക്കാൻ തോന്നുന്നു. സാറിന്റെ കുടിയേറ്റ കഥകള്ക്കായി കാത്തിരിക്കുന്നു.

    ReplyDelete
    Replies
    1. നന്ദി. കുടിയേറ്റ കഥകള്‍ക്ക് കാലിക പ്രസക്തി നഷ്ടപ്പെട്ടോ എന്നൊരു സംശയമാണ് പുറകോട്ടു പിടിച്ച് വലിക്കുന്നത്.

      Delete
  19. അനുഭവത്തോട് ചേർന്നു നില്ക്കുന്ന നല്ലൊരു കഥ. ആശംസകൾ

    ReplyDelete
  20. അനുഭവത്തിന്റെ വെളിച്ചത്തില്‍ മാത്രമേ നല്ല സൃഷ്ടി ഉണ്ടാകൂ, അത് തന്നെയാണ് ഈ കഥയും സൂചിപ്പിക്കുന്നത്.... വൃദ്ധര്‍ക്കും നമുക്കിടയില്‍ ഒരിടമുണ്ട്‌.....

    ReplyDelete
    Replies
    1. വികസിത രാജ്യങ്ങളെപ്പോലെ കേരളവും വൃദ്ധരുടെ ഇടമാകുകയാണ്. അവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കാന്‍ സമയമായി.

      Delete
  21. ക്രിസ്മസ്സിന് അവധി കിട്ടിയില്ല. എങ്കിൽ ഉച്ചഭക്ഷണം എങ്കിലും നന്നായി കഴിക്കാം എന്ന് കരുതി. ലഞ്ച് ബ്രേക്കിന് തൊട്ടു മുമ്പാണ് കഥ വായിച്ചത്. കഴിക്കുമ്പോൾ ചോറ് ഇറങ്ങുന്നില്ല. അനുവിന്റെ അമ്മയെ ഓർത്തല്ല. ചാക്കോച്ചന്റെ ഡയലോഗ് ഓർത്ത്...

    ReplyDelete
    Replies
    1. എന്തും പറയാനും എങ്ങിനെയും ചിന്തിക്കാനും കഴിയുന്ന മനുഷ്യരുണ്ട് സുഹൃത്തെ.അവരുടെ വാക്കുകളും പ്രവര്‍ത്തികളും ഉണ്ടാക്കുന്ന മുറിവ് ഒരിയ്ക്കലും ഉണങ്ങുകില്ല

      Delete
  22. വായിച്ചു.ഒരു അഭിപ്രായം എഴുതാനുള്ള മൂഡ്‌ പോയി...
    അൽപം അകന്ന ഒരു ബന്ധമുള്ള ഒരു മുത്തശ്ശന്റെ മരണം ഓർത്ത്‌ പോയി!!!

    ReplyDelete
    Replies
    1. ആഗ്രഹിക്കുമ്പോള്‍ മരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.....................................

      Delete
  23. എനിക്ക് ഭാവനയാണ് എന്ന് വിശ്വസിക്കാനാണിഷ്ട്ടം...ഇങ്ങനെയും ഉണ്ടാവുമോ മക്കൾ... കഥ പ്രസക്തം..ആശംസകൾ...

    ReplyDelete
    Replies
    1. യാഥാര്‍ത്ഥ്യവും ഭാവനയും ഇടകലര്‍ന്ന ഒരു തമാശയല്ലേ ജീവിതം

      Delete
  24. മനുഷ്യന്റെ ജീവിതം.. ഒന്നും പറയാൻ കഴിയുന്നില്ല

    ReplyDelete
    Replies
    1. ആഗ്രഹിക്കുമ്പോഴുള്ള മരണം ,അതിനു കഴിഞ്ഞിരുന്നെങ്കില്‍.............

      Delete
  25. ജോസഫ് എന്ന വ്യക്തി കഥാകൃത്താണെന്ന് തോന്നിപ്പോയി!
    മനസ്സിലൊരു വിങ്ങലായി മാറി ഈ കഥ..........
    ആശംസകള്‍ വെട്ടത്താന്‍ സാര്‍

    ReplyDelete
    Replies
    1. മരിച്ച ശരീരത്തോട് ഒരു ബഹുമാനവുമില്ലാതെ പെരുമാറുന്നതും പറയുന്നതും കാണുന്ന/കേള്‍ക്കുന്ന ആളിലുണ്ടാക്കുന്ന പ്രതികരണമാണ് ഈ കഥ.

      Delete
  26. വെട്ടത്താൻ സർ, മാതൃസ്നേഹത്തെ പോലും തിരിച്ചറിയാൻ വിസമ്മതിക്കുന്ന സമൂഹം. ജീവിച്ചാലും, മരിച്ചാലും വാർദ്ധക്യത്തെ ഇത്രത്തോളം മനുഷ്യത്വമില്ലാതെ ഒരു ഡോക്ടർ ചിന്തിക്കരുതായിരുന്നു അല്ലെ.

    ReplyDelete
    Replies
    1. മനുഷ്യന്‍ തീരെ നിസ്സഹായനായ ഒരു ജീവിയാണ്.ചില നേരങ്ങളില്‍ തീരെ ചെറുതായിപ്പോകും.

      Delete
  27. വായിക്കാ൯ വൈകി, ഉള്ളില് വലിയ കരച്ചിലും ഭയവും ബാക്കി നി൪ത്തി,എഴുത്ത് തീവ്രം, മായുന്നില്ല വായിച്ചതൊന്നും

    ReplyDelete
  28. ജയവിജയന്മാരിൽ വിജയൻ മരിച്ചിട്ട് നാട്ടിൽ എത്തിച്ചത് ഒരു കാറിൽ ഇരുത്തിയായിരുന്നു എന്നുംസംസ്കാരത്തിന് മുൻപ് ആ ശവത്തിന്റെ കൈകാലുകൾ നിവര്ത്തി കിടത്താൻ ഇതിൽ പറഞ്ഞപോലെ ആരുടെയോ സഹായം തേടേണ്ടി വന്നു എന്നും ആരോ പറഞ്ഞുകേട്ട ഓര്മ വന്നു.

    ReplyDelete
    Replies
    1. ന്യായീകരണം എന്താണെങ്കിലും മൃത ശരീരത്തോട് കാണിക്കുന്ന അവഹേളനം കണ്ടുനില്‍ക്കാന്‍ വിഷമമാണ്.

      Delete
  29. മാതൃ സ്നേഹത്തിന്റെ ഭീകര രൂപം..

    ReplyDelete
  30. മാതൃ സ്നേഹത്തിന്റെ ഭീകര രൂപം..

    ReplyDelete
  31. എന്തു സ്നേഹം? അതും ആര്‍ക്ക്?

    ReplyDelete

Related Posts Plugin for WordPress, Blogger...