Google+ Followers

Saturday, 5 September 2015

പ്രയാണം

    ഇളവില്ലാതെ പെയ്യുന്ന മഴയുടെ സംഗീതം ശ്രവിച്ച്, ഫോണ്‍ കമ്പികളിലൂടെ തെന്നി നീങ്ങുന്ന വെള്ളത്തുള്ളികളെയും നോക്കി , മനസ്സിന്‍റെ ജാലകങ്ങളും വാതായനങ്ങളും തുറന്നിട്ട് കൊണ്ട് അവളിരുന്നു.
     
 ഇപ്പോള്‍ സമയം അഞ്ചു മണി. ഈ കൊച്ചു പട്ടണം ഉണരുന്നതേയുള്ളൂ. വാഹനങ്ങളൊന്നും കാണാനില്ല. എന്തിന് മനുഷ്യര്‍ പോലും ആരുമില്ല. ഇവിടെ, റസ്റ്റ് ഹൌസിലെ  ഈ മുറിയില്‍ , കമ്പികളിലൂടെ ഒഴുകുന്ന വെള്ളത്തുള്ളികളെയും നോക്കിയിരിക്കുമ്പോള്‍ ബെഡ്ഡില്‍ ശാന്തനായുറങ്ങുന്ന കൂട്ടുകാരനില്ല,  ഈ ലോകത്ത് അവള്‍ മാത്രം. അവളുടെ ലോകത്ത് മഴയുടെ സംഗീതം മാത്രം. മഴയില്‍ വിധിയറിയാതെ കമ്പികളിലൂടെ ഉരുളുന്ന വെള്ളത്തുള്ളികള്‍ മാത്രം.

നിങ്ങളെങ്ങോട്ടാണ് കുട്ടികളെ?

കമ്പികളിലൂടെ ഉരുണ്ടുരുണ്ട് എങ്ങോട്ടാണ് യാത്ര?

ഓര്‍ക്കാന്‍ രസം തോന്നുന്നു. അണുവണുവായി വികസിച്ചു , ഒരുള്‍ക്കുളിരുമേന്തി ഉരുണ്ടുരുണ്ട് കമ്പികളിലൂടെ ................പിച്ച വെയ്ക്കാന്‍ പഠിക്കുന്ന കുട്ടികളെപ്പോലെ, പതുക്കെ കൈ എവിടെയെങ്കിലും അമര്‍ത്തി മുന്നോട്ട് നീങ്ങാനുള്ള ശ്രമം. പാവം കുട്ടി. പക്ഷേ സാരമില്ല. ധാരാളം അവസരങ്ങള്‍ ഇനിയുമുണ്ടല്ലോ.
പാവം വെള്ളത്തുള്ളികള്‍ക്കൊ? പിടിവിട്ടുപോയാല്‍ തീര്‍ന്നു. കുപ്പയും കുഴിയും തടവി മഹാപ്രവാഹത്തിന്‍റെ ഭാഗമായി അലിഞ്ഞു തീരുവാനാണ് വിധി.
എനിക്കോ? എനിക്കെന്തു വിധിയാണ് കാലം കരുതി വെച്ചിരിക്കുന്നത്? അവളുടെ മനസ്സ് തേങ്ങി.

    ബസ്സ് പുറപ്പെടാറായപ്പോള്‍ കൂടുതല്‍ അടുത്ത് നിന്നുകൊണ്ടു അയാള്‍ ചോദിച്ചു

“പെണ്ണേ ഇനി എന്നു കാണും?”

മറുപടിയായി അവള്‍ ചിരിച്ചു.

അയാളവളുടെ കൈത്തണ്ടയില്‍ മെല്ലെ വിരലമര്‍ത്തി. പെട്ടെന്നു വണ്ടിയുടെ ചക്രങ്ങള്‍ ഇളകാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ തെന്നി മാറി. റോഡില്‍ ആരോ സ്ഥാപിച്ച ഒരു കല്‍ത്തൂണ് പോലെ അങ്ങിനെ നിന്നു. പിന്നെ കൈകള്‍ ചലിപ്പിച്ച് അവള്‍ക്ക് യാത്രാ മംഗളങ്ങള്‍ നേര്‍ന്നു.
    
 ഓടുന്ന വണ്ടിയില്‍ പിന്നോക്കം നോക്കിയിരിക്കുമ്പോള്‍ തന്‍റെ മനസ്സില്‍ ആരോ തറച്ചു വെച്ച ഒരു മുള്ളാണയാള്‍ എന്നു അവള്‍ക്ക് തോന്നി. പെട്ടെന്നു തന്നെ ആ ചിന്ത യഥാര്‍ത്ഥമല്ലെന്ന് അവളോര്‍ത്തു. ഒരു നിശ്ചല പ്രതിമ പോലെ അകലുന്ന വണ്ടിയും നോക്കി നില്‍ക്കുന്ന അയാള്‍ തന്‍റെ കരളിലെ മുളളല്ല. എടുത്തു കളഞ്ഞാല്‍ കൂടുതല്‍ വേദനിക്കുമെന്നുള്ളത് കൊണ്ട് കരുതലോടെ താന്‍ കാത്തു സൂക്ഷിയ്ക്കുന്ന കാരമുളളല്ല അയാള്‍.
    
 വണ്ടി, വെള്ളം നിറഞ്ഞ  പാടങ്ങളും പിന്നിട്ട് ഓടിക്കൊണ്ടിരിക്കുമ്പോള്‍ അവളുടെ ചിന്ത അയാളെ തേടി ഓടി.   അവളയാളുടെ കഴുത്തില്‍ തൂങ്ങി. ചെറു താടി രോമങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ആ മുഖം തലോടി. ആ ചൂണ്ടുകളില്‍ വിരലുകളോടിച്ചു അയാളെ ചിരിപ്പിച്ചു. അവള്‍ പറഞ്ഞു. “ഞാന്‍ വേഗം വരാല്ലോ”
    
 പക്ഷേ റസ്റ്റ് ഹൌസില്‍  നിന്നിറങ്ങുമ്പോള്‍ ഇനിയോരിക്കലും താനയാളോടൊത്ത് വരില്ലന്നാണല്ലോ പറഞ്ഞതെന്ന് അവളോര്‍ത്തു. അവളുടെ മനസ്സ് വേദനിച്ചു. താനെന്നും അയാളെ വേദനിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നോര്‍ത്തപ്പോള്‍ അവള്‍ക്ക് അടക്കാന്‍ കഴിഞ്ഞില്ല. പരുപരുത്ത വിരലുകളുള്ള കൈകള്‍ കൊണ്ട് അവള്‍ മുഖം പൊത്തി.
     
 മുഖം തുടച്ച്, സാരി നേരെയാക്കി അവളിരുന്നു. പ്രഭാതം തരുന്ന കുളിരിന്‍റെ ഉടുപ്പുകളണിഞ്ഞുകൊണ്ട്, ബസ്സില്‍ മുട്ടിയുരുമ്മി ഇരിക്കുന്ന ഇണകളെ നോക്കി. അവരെല്ലാം ഇണകളായി വന്നു ഇണകളായിത്തന്നെ തിരിച്ചു പോകുന്നു. അവള്‍ക്ക് അസൂയ തോന്നി. വേര്‍തിരിക്കപ്പെട്ട ഒരു കൂട്ടിനുള്ളില്‍ മറ്റുള്ളവര്‍ക്കുവേണ്ടി ഏകനായി ജോലി ചെയ്യുന്ന ഡ്രൈവറെപ്പോലെയല്ലേ താനും എന്നവളോര്‍ത്തു. ഉടനെ തന്നെ തന്‍റെ ഉപമയുടെ ഭോഷത്തം അവളില്‍ ചിരിയുണര്‍ത്തി. ഈ പ്രഭാതത്തില്‍ താനാകെ മാറുന്നു. തന്‍റെ ചിന്തകളാകെ കാട് കയറുന്നു. മറ്റാര്‍ക്കും വേണ്ടി താനൊന്നും ചെയ്യുന്നില്ലല്ലോ .ആര്‍ക്കുവേണ്ടിയും ,അയാള്‍ക്ക് വേണ്ടി കൂടിയും താനൊന്നും ചെയ്യുന്നില്ല. ഓഫീസില്‍ ടൈപ്പിങ് മെഷീനുമായി മുഷിഞ്ഞിരിക്കുമ്പോള്‍ താന്‍ കാത്ത നിമിഷങ്ങളെയാണ് ശപിക്കുന്നത്. മരുഭൂമിയില്‍ ഇറ്റ് ജലം തന്ന മനുഷ്യനെയാണ് പഴിക്കുന്നത്. അവള്‍ നീറി.
    
  അവള്‍ പുറത്തേക്ക് നോക്കി. നേരം പുലരുന്നതെ ഉള്ളൂ. തന്‍റെ ജീവിതം പോലെ നിശ്ചലയായ പ്രകൃതി.  പകല്‍ ഉണരുന്നതും മനുഷ്യര്‍ നിറയുന്നതും കാത്തു നില്‍ക്കുന്ന പ്രകൃതി. പക്ഷേ തനിക്ക് എന്തു പ്രതീക്ഷയാണുള്ളത്? മോഹങ്ങളുടെ ഉറവുകള്‍ വറ്റിപ്പോയിരിക്കുന്നു. പ്രതീക്ഷിക്കാനൊന്നുമില്ല. ഓഫീസില്‍ ഏകാന്തത നിറഞ്ഞിരിക്കുന്ന മുറിയില്‍, വിരസതയുടെ യന്ത്ര രൂപത്തിന് മുന്നിലുള്ള ജീവിതം. ഇരുമ്പില്‍ അടിച്ചടിച്ചു പരന്നുപോയ വിരല്‍ത്തുമ്പുകള്‍. ജോലിസ്ഥലത്തുനിന്നു വളരെ അകലെ മണി ഓര്‍ഡര്‍ വരുന്നത് മാത്രം കാത്തിരിക്കുന്ന സ്നേഹമയികളായ ബന്ധുക്കള്‍.
     
 ബസ്സ് നിന്നു. ഒരു ചെറുപ്പക്കാരന്‍ വണ്ടിയില്‍ കയറി. സുന്ദരനായ ഒരു ഇരുപത്തഞ്ചുകാരന്‍. വണ്ടി ഓടിത്തുടങ്ങിയപ്പോള്‍ തന്നെ യാത്രയാക്കിയ മനുഷ്യന്‍റെ അരികിലേക്ക് അവളുടെ മനസ്സ് പാഞ്ഞു ചെന്നു. അയാളുടെ ബസ്സ് എട്ടരക്കാണെന്ന് അവളോര്‍ത്തു. പാവം റസ്റ്റ് ഹൌസിലെ മുറിയില്‍ സമയം ഇഴയുന്നതും നോക്കി ഇരിക്കയാവും. അയാളുടെ ഒട്ടിയ കവിളുകളും ജീവസ്സറ്റ കണ്ണുകളും അവളുടെ മനസ്സില്‍ തെളിഞ്ഞു. താന്‍ കാണുമ്പോഴേ അയാള്‍ അങ്ങിനെയായിരുന്നു. വേണ്ടവരൊക്കെ ഉപയോഗിച്ച് വലിച്ചെറിഞ്ഞ ചണ്ടി. അയാളുടെ പക്കല്‍ ആര്‍ക്കും ഒന്നും ബാക്കിയുണ്ടായിരുന്നില്ല. എന്തിന് സ്നേഹിക്കാന്‍ ഒരു ഹൃദയം പോലും ബാക്കിയില്ലാത്ത മനുഷ്യന്‍. എല്ലാം ഓരോരുത്തരായി വീതം വെച്ചു എടുത്തിരുന്നു.
     
 എന്താണ് തന്നെ അയാളിലേക്ക് അടുപ്പിച്ചതെന്ന് ആശ്ചര്യത്തോടെ അവളോര്‍ത്തു. ജീവനില്ലാത്ത അയാളുടെ കണ്ണുകളാണോ? കുറ്റി രോമം നിരന്ന അയാളുടെ ഒട്ടിയ കവിളുകളാണോ? ഒരു പക്ഷേ എല്ലാവരും പിടിച്ചുപറിച്ച ഒരു മനുഷ്യനു താന്‍ സ്നേഹം കൊടുക്കുകയായിരുന്നിരിക്കാം. പെട്ടെന്നു “സ്നേഹം കൊടുക്കുക” എന്ന പ്രയോഗമോര്‍ത്തു അവള്‍ക്ക് ചിരി വന്നു. അഞ്ചു മിനുട്ട് നേരത്തേക്ക് സ്നേഹം കൊടുക്കുന്നവര്‍ , ഒരു മണിക്കൂറിന് സ്നേഹം കൊടുക്കുന്നവര്‍. വര്‍ഷങ്ങളിലേക്ക് സ്നേഹം കൊടുക്കുന്നവര്‍. എല്ലാം ഒന്നു തന്നെ .ഇരയിട്ടു മീന്‍ പിടിക്കുന്ന പണി തന്നെ. ഇത്തിരി തേന്‍ വാരിപ്പൂശി കാര്യം കാണുന്ന പൂവിന്‍റെ കഥ തന്നെ. അയാളോട് താനും അത് തന്നെ ചെയ്യുകയായിരുന്നു. അയാളെ ചാണ്ടിയാക്കി മാറ്റിയവരുടെ കൂടെ തന്നെയാണ് തന്‍റെ സ്ഥാനവും.
    
  കഴിഞ്ഞുപോയ രണ്ടു ദിവസങ്ങള്‍ അവളുടെ സ്മരണയില്‍ തെളിഞ്ഞു വന്നു. തന്നോടു എന്തോ തെറ്റ് ചെയ്യുന്നു എന്ന ഭാവമായിരുന്നു അയാളുടെ മുഖത്ത്. അമര്‍ത്തി ചുംബിച്ചാല്‍ ഇതളടര്‍ന്നു പോകുന്നൊരു റോസാപുഷ്പത്തോടെന്ന പോലെയാണയാള്‍ പെരുമാറിയത്. എങ്കിലും തന്നെ കാണാതെ അധികം കാലം കഴിച്ചുകൂട്ടാന്‍ അയാള്‍ക്കാവില്ല. പാവം, അയാള്‍ക്ക് സ്വയം  നിയന്ത്രിക്കാനറിഞ്ഞുകൂടാ. ഈ ലോകത്തിന്‍റെ നിയമങ്ങള്‍ക്കനുസരിച്ച് പെരുമാറാനുമറിഞ്ഞുകൂടാ. തന്‍റെ സ്നേഹമില്ലായിരുന്നെങ്കില്‍ അയാള്‍ തകര്‍ന്നു പോകുമായിരുന്നു എന്നവള്‍ക്കു തോന്നി.
     
 അവള്‍ പുറത്തേക്ക് നോക്കി. ഇരുള്‍ മാറി ശരിക്ക് വെളുത്തിരിക്കുന്നു. നിരത്തില്‍ വാഹനങ്ങളും മനുഷ്യരും നിറഞ്ഞു തുടങ്ങി. കുട്ടികള്‍ സ്കൂളിലേക്കുള്ള യാത്ര തുടങ്ങിക്കഴിഞ്ഞു. അവള്‍ താനൊരിക്കലും കണ്ടിട്ടില്ലാത്ത അയാളുടെ കുട്ടികളെക്കുറിച്ചോര്‍ത്തു. അച്ഛനെപ്പോലെ തന്നെയാവുമോ മക്കളും? ഒന്നും നേടാന്‍ അറിയാത്തവര്‍, കൊടുക്കാന്‍ മാത്രം ശീലിച്ചവര്‍? എങ്കില്‍ മക്കളെ നിങ്ങള്‍ക്കാരു തണല്‍ തരും? പിടിച്ച് പറിക്കാരുടെ ഈ ലോകമോ? മേടിക്കാനല്ലാതെ കൊടുക്കാന്‍ അറിയാത്ത നിങ്ങളുടെ അമ്മയോ? അവളുടെ നെഞ്ചില്‍ സ്നേഹം ചുരന്നു. എന്‍റെ കുഞ്ഞുങ്ങള്‍, കാപട്യം അറിയാത്ത എന്‍റെ കുഞ്ഞുങ്ങള്‍ അവളുടെ മനസ്സ് തേങ്ങി.
     
 അവള്‍ ജോലി ചെയ്യുന്ന പട്ടണത്തിലേക്കു ഇനി അധിക ദൂരമില്ല. അവള്‍ക്ക് തന്‍റെ സന്തോഷം അകന്നകന്നു പോകുന്നത് പോലെ തോന്നി. തന്‍റെ സത്ത അലിഞ്ഞലിഞ്ഞു എവിടെയോ അപ്രത്യക്ഷമാകുന്നത് പോലെ. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം അവള്‍ വീണ്ടും തന്നെയോന്നു കരയിക്കാന്‍ കൂടി കഴിവില്ലാത്ത ഈ ശപിക്കപ്പെട്ട ലോകത്തിലേക്കു തിരിച്ചു വരുന്നു. അവളുടെ  സന്തോഷങ്ങളുടെ ലോകത്തില്‍ നിന്നു, അവളുടെ  ഉല്‍ക്കണ്ഠയുടെ തിരക്കില്‍ നിന്നു,  അവളുടെ   എല്ലാ ഭാവപ്രവാഹങ്ങളുടെയും നിലയ്ക്കാത്ത പാച്ചിലില്‍ നിന്നു..... .ഇനി അവള്‍ വെറുമൊരു ബിന്ദു. സ്വന്തം വഴികളില്ലാതെ, സ്വന്തമായൊന്നുമില്ലാതെ എല്ലാവരുടെയും മാര്‍ഗ്ഗങ്ങളിലൂടെ ചരിക്കുന്ന ഒരു കേവല ബിന്ദു.
     
 വണ്ടി നിന്നു. അവളിറങ്ങി ഹോസ്റ്റലിലേക്ക് നടന്നു.വെട്ടത്താന്‍
www.vettathan.blogspot.in


27 comments:

 1. മനസ്സിലേക്ക് ഒരു വിഷാദഗാനം പോലെ പെയ്തിറങ്ങി........
  ആശംസകള്‍ വെട്ടത്താന്‍ സാര്‍

  ReplyDelete
  Replies
  1. ഈ ആദ്യ കയ്യൊപ്പിന് പ്രത്യേകം നന്ദി.

   Delete
 2. ഭീകര നിരാശയാണല്ലോ.... ഒന്നുമല്ലെ൯കിലും അയാള്ക്ക് അവളെ കാണാതിരിക്കാ൯ പറ്റില്ലാന്ന് അവള്ക്ക് അറിയാലോ...

  ReplyDelete
  Replies
  1. പ്രത്യേകിച്ചു ഒന്നും ആശിക്കാനില്ലാത്തവരുടെ ജീവിതം.

   Delete
 3. നല്ലത്/ശരി മാത്രം ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് ലഭിക്കുന്നത് നിരാശ തന്നെ.
  കൊടുക്കാന്‍ ശീലിക്കുന്ന മനസ്സും മേടിക്കാന്‍ മാത്രം ശീലിക്കുന്ന മനസ്സും.
  ഇതിനിടയിലൂടെ മാത്രമേ ജീവിതം മുന്നോട്ടു പോകു.
  മനസ്സാണ് പ്രധാനം, ശീലങ്ങളും.
  നന്നായിരിക്കുന്നു.

  ReplyDelete
  Replies
  1. മേടിക്കാന്‍ മാത്രം അറിയാവുന്നവരുടെ ഇടയില്‍ ജീവിതം ഹോമിച്ചവരെത്ര...

   Delete
 4. നല്ല കയ്യടക്കത്തോടെ, കുറഞ്ഞ വരികളില്‍..
  മനോഹരമായി എഴുതി ജോര്‍ജേട്ടാ

  ReplyDelete
 5. മനസ്സിൽ വിഷാദം നിറച്ച കുറച്ചു വരികളാൽ മനോഹരമാക്കിയ കഥ. ആശംസകൾ സർ

  ReplyDelete
  Replies
  1. ജീവിതത്തില്‍ നഷ്ടം മാത്രം നേടുന്നവര്‍ എത്ര?

   Delete
 6. മനസ്സിൽ വിഷാദം നിറച്ച കുറച്ചു വരികളാൽ മനോഹരമാക്കിയ കഥ. ആശംസകൾ സർ

  ReplyDelete
 7. കൊടുക്കാനും മേടിക്കാനും പങ്കുവെക്കാനുമൊക്കെ
  ഇത്തിരി സമയയങ്ങൾ മതി , പക്ഷേ പിന്നീടത് ഒരിക്കലും
  എത്തിപ്പിടിക്കാനാകാതെ നഷട്ടപ്പെടുമ്പോഴുള്ള ദു:ഖം പരസ്പരം
  ഉള്ളിലൊതുക്കി അവർ ജീവിത വഞ്ചിയിൽ കയറി എങ്ങോട്ടോ തുഴഞ്ഞ്
  നീങ്ങുന്ന കാഴ്ച്ച ....

  എത്ര തീക്ഷ്ണതയോട് കൂടിയാണ്
  ഇവയെല്ലാം ഭാ‍യ് ഇവിടെ കുറിച്ചിട്ടിരിക്കുന്നത് ..!

  പണ്ടുണ്ടായ ഒരു
  അനുഭവാവിഷ്കാരമാണോ ജോർജ്ജ് സാറെ ഇത് ..?

  ReplyDelete
  Replies
  1. അനുഭവമല്ല മുകുന്ദന്‍ ജി. 19 വയസ്സുള്ളപ്പോള്‍ എഴുതി മുഴുവനാക്കാതെ വിട്ടോരു രചന ഇപ്പോള്‍ പൂര്‍ത്തിയാക്കിയതാണ്.

   Delete
 8. "അഞ്ചു മിനുട്ട് നേരത്തേക്ക് സ്നേഹം കൊടുക്കുന്നവര്‍ , ഒരു മണിക്കൂറിന് സ്നേഹം കൊടുക്കുന്നവര്‍. വര്‍ഷങ്ങളിലേക്ക് സ്നേഹം കൊടുക്കുന്നവര്‍. എല്ലാം ഒന്നു തന്നെ .ഇരയിട്ടു മീന്‍ പിടിക്കുന്ന പണി തന്നെ. ഇത്തിരി തേന്‍ വാരിപ്പൂശി കാര്യം കാണുന്ന പൂവിന്‍റെ കഥ തന്നെ."

  ReplyDelete
  Replies
  1. ശരിയല്ലേ ദാസ്,കൊട്ടിഘോഷിക്കപ്പെടുന്ന ബന്ധങ്ങളെല്ലാം അന്തിമ വിശകലനത്തില്‍ കൊടുക്കല്‍ വാങ്ങല്‍ തന്നെയല്ലേ?

   Delete
 9. വല്ലാതെ ദാഹിക്കുന്ന മനസ്സിന്റ വിങ്ങലുകൾ.......
  മനസ്സ് തേടുന്ന തുരുത്ത് അതെത്തുമ്പോൾ അഞ്ചുമിനുട്ട് അഞ്ചു മണിക്കൂറിനുസമം.....


  ReplyDelete
  Replies
  1. ശരിയാണ്. എന്നാലും മനസ്സിന്‍റെ വിങ്ങലുകള്‍ മാത്രം ബാക്കിയാവുന്നു.

   Delete
 10. ഒതുക്കത്തോടെ പറഞ്ഞ കഥ - ആശംസകൾ

  ReplyDelete
 11. മനസ്സിന്റെ നിരാശയോ...നിരാശയുടെ മനസ്സോ...? ഒരുപാട് ഹൃദ്യം.. ആശംസകള്‍ ജി

  ReplyDelete
  Replies
  1. ആശിക്കാനൊന്നുമില്ലാത്തവരുടെ മനസ്സു എങ്ങിനെയിരിക്കും അന്നൂസ്

   Delete
 12. സ്നേഹം കൊടുക്കുകയാണ്!!
  അളന്നളന്ന്!
  തിരിച്ച് കിട്ടുന്നതില്‍ അല്പം കുറവുണ്ടാകുമ്പോള്‍ കൊടുക്കലും അതനുസരിച്ച് കുറയും!
  തിരിച്ച് എന്തെങ്കിലും കിട്ടിയില്ലെങ്കിലും സ്നേഹം കൊടുക്കാന്‍ മാത്രം സ്നേഹനിക്ഷേപമുള്ള മനുഷ്യര്‍ എവിടെ!!

  ReplyDelete
  Replies
  1. തിരിച്ചു കിട്ടിയില്ലെങ്കിലും സ്നേഹം കൊടുക്കുന്ന മനസ്സ് പ്രായമേറുമ്പോള്‍ നഷ്ടപ്പെട്ടു പോകുന്നു. പ്രേമം ശാരീരികമാകുന്നതുപോലെ.

   Delete
 13. നഷ്ടങ്ങളുടെ ലോകത്ത്‌ ഞാനെന്നെത്തന്നെ മറക്കുന്നു...
  ഹൃദയസ്പർശിയായി കഥ.

  ReplyDelete
  Replies
  1. നന്ദി,വിജയകുമാര്‍

   Delete
 14. ആദ്യം മുതൽ അവസാനം വരെ ഒരേ ഒഴുക്കോടെ കഥ വായിച്ചു...... നൊമ്പരമുണത്തുന്ന ജീവിതങ്ങള്‍.....
  കറവപശുക്കള്‍ക്കുമുണ്ടൊരു ലോകം.......
  അവരും സ്നേഹം ആഗ്രഹിക്കുന്നു......
  വെട്ടത്താന്‍ ചേട്ടാ..... ആശംസകൾ നേരുന്നു....

  ReplyDelete
  Replies
  1. കൃത്യമായും. അവര്‍ക്കും മോഹങ്ങളുണ്ടെന്ന് ബന്ധുക്കള്‍ സൌകര്യപൂര്‍വ്വം മറക്കുന്നു.

   Delete

Related Posts Plugin for WordPress, Blogger...