Monday 12 November 2018

മുതലാളിപ്പള്ളി




            പെന്‍ഷന്‍ പറ്റി പിരിഞ്ഞാല്‍  ദിവസവും രാവിലെ പള്ളിയില്‍ പോകണം എന്ന് ഒരാശ ശ്രീമതി പണ്ടേ പറയുന്നതാണ്. എനിക്കു വിരോധം ഒന്നുമില്ല. പക്ഷേ പത്തു പന്ത്രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ആ ആശ അതേ പോലെ നില്‍ക്കുകയാണ്. 200 മീറ്റര്‍ പോയാല്‍ ഒരു പള്ളിയുണ്ട്. പോരെങ്കില്‍ അയല്‍ വാസികളായ രണ്ടു കുടുംബക്കാര്‍ എന്നും രാവിലെ കൂര്‍ബ്ബാനക്ക് പോകുന്നുമുണ്ട്. പക്ഷേ ശ്രീമതിയുടെ ആഗ്രഹം നടന്നിട്ടില്ല.

അയാള്‍ക്ക് എന്നെയും കൊണ്ട് പോകണം.

         എനിക്കു കുരിശ് കാണുമ്പോള്‍ ചെകുത്താനെ കാണുന്നത് പോലെയുള്ള തോന്നല്‍ ഒന്നുമില്ല. വേണ്ടവര്‍ പോകട്ടെ, വേണ്ട പുണ്യം നേടട്ടെ എന്നാണ് എന്‍റെ ഒരു ലൈന്‍ . അത് ഇപ്പോള്‍ ഏത് മത വിശ്വാസിയോടും എന്‍റെ ഒരു ലൈന്‍ അതാണ്. എന്നെ നിര്‍ബ്ബന്ധിക്കരുത്.  സ്വര്‍ഗ്ഗത്തില്‍ തന്നെ പോകണം എന്നൊരു നിര്‍ബ്ബന്ധവുമില്ലാത്ത ഒരു പാവമാണ് ഞാന്‍.

          അല്ലെങ്കില്‍ തന്നെ ഈ പ്രാര്‍ഥന എന്ന് കേള്‍ക്കുമ്പോഴേ എനിക്കു ഉറക്കം വരും. അത് കുട്ടിയായിരിക്കുമ്പോഴേ അങ്ങിനെയാണ്. പണ്ട് പറഞ്ഞിട്ടുള്ള ചതുരുപായങ്ങളും മാതാപിതാക്കള്‍ എന്‍റെ നേരെ പ്രയോഗിച്ചിട്ടുണ്ട്.  ഉപദേശങ്ങളും അടി , ഇടി, നുള്ളിപ്പറി തുടങ്ങിയ ദണ്ഡനങ്ങളും ലോഭമില്ലാതെ പ്രയോഗിച്ചിട്ടുണ്ട്. എഴുന്നേല്‍പ്പിച്ചു നിര്‍ത്തുക ,തലയില്‍ കിണ്ടിയിലെ വെള്ളം അപ്പാടെ കമിഴ്ത്തുക തുടങ്ങിയ ശിക്ഷകളും എന്നെ നന്നാക്കിയില്ല. ഞാന്‍ നിന്നും നനഞ്ഞും വീണ്ടും ഉറങ്ങി.

           സത്യം പറഞ്ഞാല്‍ എനിക്കു പ്രാര്‍ഥിക്കാന്‍ പ്രത്യേകമായി ഒന്നുമില്ല. സര്‍വ്വ ചരാചരങ്ങളെയും പാലിച്ച് വളര്‍ത്തുന്ന ദൈവത്തോട് ഈ പാവം ഞാന്‍ പ്രത്യേകിച്ചു എന്തെങ്കിലും പ്രാര്‍ഥിക്കേണ്ടതുണ്ടോ? അവന്‍റെ തലയില്‍ ഇടിത്തീ വീഴണം, അവനെ കൂത്ത് പാള എടുപ്പിക്കണം എന്നൊക്കെ പ്രാര്‍ഥിക്കുന്നത് ഒരു വക തേര്ഡ് റേറ്റ് ഇടപാടല്ലേ. തമ്പുരാന്‍ വെറുതെ ചിരിക്കും. മൂപ്പര്‍ക്കെല്ലാം  അറിയാം .പ്രത്യേക ചോദ്യവും കരച്ചിലും ഒന്നും വേണ്ട. അതാണ് എന്‍റെ ഒരു തോന്നല്‍. പോരെങ്കില്‍ ദൈവം സര്‍വ്വ വ്യാപിയല്ലേ . ഇനി അഥവാ പ്രാര്‍ഥിക്കണം എന്നുണ്ടെങ്കില്‍ തന്നെ നമ്മുടെ വീട്ടിലിരുന്നു സ്വസ്ഥമായി പ്രാര്‍ഥിച്ചാല്‍ പോരേ?

         പക്ഷേ ശ്രീമതി ചിലപ്പോള്‍ വയലന്‍റ്  ആകും . ഞായറാഴ്ച കൂര്‍ബ്ബാന കണ്ടിട്ട് മാസം ഒന്നായി, രണ്ടായി എന്നൊക്കെ ചൊറിയാന്‍ വരും. സത്യത്തില്‍ അവളുടെ ആത്മീയ കാര്യങ്ങള്‍ നോക്കേണ്ട ബാദ്ധ്യത എനിക്കുണ്ട്. പാവം. വേഗം റെഡിയായി ടൌണിലെ പള്ളിയിലേക്ക് തിരിക്കും. അവിടെ പോയാല്‍ രണ്ടുണ്ട് കാര്യം. പള്ളി എ സി യാണ്. ഇരിക്കാന്‍ നല്ല രസികന്‍ ചാരു ബഞ്ച്. എനിക്കു ഏകാഗ്രമായി ധ്യാനിക്കാം.  ടൌണിലെ പള്ളിയില്‍ പോകുന്നത് സത്യത്തില്‍ ഒരു പാക്കേജ് ആണ് . രാവിലെ പാരഗണില്‍ നിന്നു ടിഫിന്‍, അത് കഴിഞ്ഞു എ സി കൂര്‍ബ്ബാന , പിന്നെ ബീച്ചിലൂടെ ഒരു സവാരി . അത് കഴിഞ്ഞു ഒരു സിനിമ. ഉച്ചയൂണും കഴിഞ്ഞു വീട്ടിലേക്ക് പോരും. കുഴപ്പമില്ല.

             ഇന്ന് പക്ഷേ ശ്രീമതി പറഞ്ഞു  “ നമുക്ക്  മുതലാളിപ്പള്ളിയില്‍ പോകാം “ പരോപകാരിയും നല്ലവനുമായ ഒരു ഗള്‍ഫ് മുതലാളി പണിയിച്ചു കൊടുത്ത പള്ളിയാണ്. കവാടത്തില്‍ മുതലാളിയുടെ പേരുണ്ട്. മുതലാളിയുടെ മാത്രമല്ല ഭാര്യയുടെ, മക്കളുടെ , മരുമകന്‍റെ, എന്തിന് കൊച്ചു മക്കളുടെ വരെ പേര് ആലേഖനം  ചെയ്തിട്ടുണ്ട്. അദ്ദേഹം ഡിസൈന്‍ ചെയ്തു  നിര്‍മ്മിച്ചു കൊടുത്തതാണ്.  അഞ്ചു കോടിയാകും എന്നൊക്കെയാണ്  പണി തുടങ്ങുമ്പോള്‍ കേട്ടത്. തീര്‍ന്നപ്പോള്‍ 12 കോടിയായി , 15 കോടിയായി എന്നൊക്കെ കേട്ടിരുന്നു. എന്തോ ,കുശുമ്പു കൊണ്ടാകും ഞാന്‍ പോയില്ല.

          ഇന്നെന്തോ, മുതലാളിപ്പള്ളിയില്‍ പോകണം എന്ന ശ്രീമതിയുടെ ആഗ്രഹം സാധിച്ചു കൊടുക്കാം എന്ന് തീരുമാനിച്ചു. ഈ വയസ്സു കാലത്ത് ഞാനല്ലാതെ ആരാണ് അവള്‍ക്കൊരു തുണ?

              സത്യം പറയാമല്ലോ സംഗതി സൂപ്പര്‍ ആണ് കേട്ടോ. പള്ളിയുടെ അകം ശരിക്കും മനോഹരമാണ് . ലൈറ്റെല്ലാം ഇട്ടപ്പോള്‍  ഉള്ള  മാസ്മരികത ഒന്നു വേറെ തന്നെ. ചില ഭാഗങ്ങളൊക്കെ സ്വര്‍ണ്ണം പൊതിഞ്ഞതാണോ എന്ന് തോന്നിപ്പോകും. നല്ല സീറ്റിങ് അറേഞ്ച്മെന്‍റ്  . എല്ലാവര്ക്കും  സുഖ ശീതളിമ പകരുന്ന ഒറ്റ ഫാന്‍.  ഞാന്‍ സര്‍വ്വാംഗ പുളകിതനായി. കൂര്‍ബ്ബാന കഴിഞ്ഞു ശ്രീമതി തട്ടി വിളിച്ചപ്പോഴാണ് ഞാന്‍ ധ്യാനത്തില്‍ നിന്നു ഉണര്‍ന്നത്.

             ഞാന്‍ എന്താണ് പ്രാര്ഥിച്ചത്? നല്ല ഓര്‍മ്മയില്ല. മുതലാളിക്ക് ഒന്നിന് പത്തായി കൊടുക്കണമേ എന്നായിരിക്കും .അല്ലാതെ എന്തു പ്രാര്‍ഥിക്കാന്‍?



 വെട്ടത്താന്‍

19 comments:

  1. വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്ന
    പള്ളികളിൽ പോക്കുകളും അസ്സൽ പ്രാർത്ഥന ചിന്തകളും ....
    മുതലാളി പള്ളിയുടെ സൃഷ്ട്ടാവായ വമ്പൻ മുതലാളിമാരും മറ്റും
    ഇല്ലെങ്കിൽ നമ്മുടെ നാട്ടിലെ അമ്പലങ്ങളും പള്ളികളുമൊക്കെ എന്നേ
    ബ്രിട്ടനിലുള്ള പോലെ പബ്ബുകളോ കമ്യൂണിറ്റി സെന്ററുകളോ മറ്റോ ആയി മാറുമായിരുന്നു ..!

    ReplyDelete
  2. രണ്ടു വർഷം കൂടി എഴുതുന്ന ബ്ലോഗാണ്. ഫേസ് ബുക്കിന്റെ കടന്നു കയറ്റത്തിൽ മൃത പ്രായമായ ബ്ലോഗുലകത്തിനു പുനർ ജീവൻ കൊടുക്കണം എന്ന ,സുഹൃത്തുക്കളുടെ ആഹ്വാനം കേട്ട് ,ഒറ്റയടിക്ക് എഴുതിയതാണ്. നമ്മുടെ ലോകം തിരിച്ചു പിടിക്കുവാൻ കഴിയുമോ എന്നു ശ്രമിച്ചു നോക്കാം.ആദ്യ വരവിനും അഭിപ്രായത്തിനും പ്രത്യേകം നന്ദി. താങ്കളുടെ ബ്ലോഗ് എപ്പോഴാണ്?

    ReplyDelete
  3. നമ്മുടെ ആത്മീയത പലപ്പോഴും നമ്മുടെ കയ്യിൽ അല്ല അതു ചിലപ്പോൾ ഭാര്യയുടെയോ അമ്മയുടേയോ ഇഷ്ടത്തിന് അനുസരിച്ച് ആയിരിക്കും...എന്നാൽ പള്ളിയിൽ പോയാൽ ഒന്നു ഉറങ്ങാമെന്നു വച്ചാൽ അപ്പോൾ തൊണ്ടലും നുള്ളിപ്പറിയും തുടങ്ങും..നീയും പിള്ളേരും പൊക്കോ ഞാൻ വീട്ടിലിരുന്നോളം എന്നു പറഞ്ഞാൽ പിന്നെ അത് മതി....പിന്നെ ആകെ ഉള്ള സമാധാനം എന്താണെന്ന് വച്ചാൽ, ഇളയ പുത്രൻ നല്ല എനേർജെറ്റിക് ആയത് കൊണ്ട് മിക്കവർക്കും ഞാനും അവനും പള്ളിക്കു പുറത്തായിരിക്കും...

    ReplyDelete
  4. മാറ്റത്തിന്റെ കാലമാണ്.സ്ത്രീകൾക്കും കാര്യമറിയാം. പക്ഷെ അവർക്ക് ധൈര്യമില്ല.ഭയമാണ്.പുരോഹിതരെയും സമൂഹത്തെയും.മാറ്റങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും

    ReplyDelete
  5. ദൈവത്തിനുകൊടുത്തത് നാലാൾ അറിയണമല്ലോ! അതിനുമുണ്ടൊരു ഗമ!! പള്ളിയിലായാലും,അമ്പലത്തിലായാലും... ഇന്നാളുടെ 'വക'എന്നാകുമ്പോൾ സ്വർഗ്ഗംപ്പോലും തുറന്നുവരും!!!
    ആശംസകൾ വെട്ടത്താൻ സാർ

    ReplyDelete
    Replies
    1. പണ്ടൊക്കെ ഒരു കാണിക്ക വഞ്ചി ഉണ്ടാക്കിയിട്ടു "കിഴക്കൂട്ട് രാമന്‍ നായര്‍ വക" എന്നു എഴുതി വെയ്ക്കുമായിരുന്നു എന്നു കേട്ടിട്ടുണ്ട്. ഇന്നത്തെ കാലത്ത് ദൈവത്തെ മൊത്തമായി വാങ്ങാനുള്ള ശ്രമങ്ങള്‍ ഉണ്ടാവില്ല എന്നാണ് കരുതിയത്. തങ്കപ്പന്‍ ചേട്ടാ ,പ്രത്യേകം നന്ദി

      Delete
  6. നന്നായി. നമ്മൽ ജീവിക്കുന്ന കമ്മ്യൂണിറ്റിയെ
    അനുസരിച്ചിരിക്കും കുറേയൊക്കെ നമ്മുടെ ശീലങ്ങൾ. ആരും മറ്റുള്ളവരുടെ കാര്യം തിരക്കാനില്ലെങ്കിൽ ഇഷ്ടമാനുസരണം ജീവിക്കാം.

    ReplyDelete
    Replies
    1. സാറിനെ ഇന്ന് പള്ളിയില്‍ കണ്ടില്ലല്ലോ എന്നു വിളിച്ച് ചോദിക്കുന്ന വിധത്തിലേക്ക് നീളുകയാണ് മതത്തിന്‍റെ കരങ്ങള്‍. വെറുതെ ആളെക്കൂട്ടാനും പേശല്‍ ശക്തി വര്‍ദ്ധിപ്പിക്കാനുമുള്ള തന്ത്രങ്ങളാണ്. ഇതിനിടയ്ക്ക് ജീവിച്ച് പോകാന്‍ ഇത്തിരി വിഷമമാണ്

      Delete
  7. ഇനി ഇപ്പൊ എല്ലാ ആഴ്ചയും മുതലാളിപ്പള്ളിയിൽ പോയാൽ പോരെ?. ചേച്ചിയുടെ പിണക്കവും കാണേണ്ടല്ലോ

    ReplyDelete
    Replies
    1. എനിക്കു പ്രത്യേക വിഷമം ഒന്നുമില്ല. ധ്യാനത്തിന് പറ്റിയ അന്തരീക്ഷം

      Delete
  8. ഞാൻ പള്ളിയിലും അമ്പലത്തിലും പോയി ജപിയ്ക്കാറുണ്ട്...ഒരു വിശ്വാസത്തെയും പുച്ഛത്തോടെ കാണുന്ന ശീലം ഇല്ലാത്തതുകൊണ്ട് ഇങ്ങനങ്ങ്‌ പോകാൻ ബുദ്ധിമുട്ടില്ല.

    ReplyDelete
    Replies
    1. എനിക്കു ഒരു മതവിശ്വാസിയോടും പുശ്ചമില്ല. എന്നെ നന്നാക്കാന്‍ വരാതിരുന്നാല്‍ മതി. വിശ്വാസം പലര്‍ക്കും വലിയ ആശ്വാസമാണ്. അവരുടെ ദുഖങ്ങള്‍ മാറി സന്തോഷം നിറയട്ടെ.

      Delete
  9. ഇനി ഞാൻ കോഴിക്കോട് വരുമ്പോൾ ഈ പള്ളിയിൽ ഒന്നു പോകണം

    ReplyDelete
    Replies
    1. വെള്ളിമാട്കുന്നില്‍ ഞങ്ങളുടെ അടുത്താണ് പള്ളി. വരുമ്പോള്‍ വിളിക്കൂ

      Delete
  10. മുതലാളിപ്പള്ളി... അവിടെ കർത്താവിന് വലിയ പണിയൊന്നും ഉണ്ടാവില്ലല്ലോ വെട്ടത്താൻ ചേട്ടാ :)

    ReplyDelete
  11. അല്ലെങ്കിലും പാവം കർത്താവ് എന്തു ചെയ്യാനാണ്...

    ReplyDelete
  12. ഇനിയിപ്പോ എല്ലാ ആഴ്ചയും മുതലാളിപ്പള്ളിയില്‍ പോകാമല്ലോ. ഭാര്യക്കും സന്തോഷം.

    ReplyDelete
    Replies
    1. ധ്യാനിക്കാന്‍ നല്ല സൌകര്യമുണ്ട്. എന്നാലും എനിക്കു ബോറടിക്കും

      Delete
  13. അതെവിടെയാ സർ മുതലാളിപ്പള്ളി. വെള്ളിമാടു കുന്നിൽ വന്നു മുതലാളിപ്പള്ളി എന്ന് ചോദിച്ചാൽ കാണാൻ പറ്റുമോ

    ReplyDelete

Related Posts Plugin for WordPress, Blogger...