Google+ Followers

Tuesday, 8 November 2011

ഗോപാലകൃഷ്ണന്റെ മൂന്നു മാസം.







ഭാവി അറിയാനുള്ള മോഹം എല്ലാവരിലും ഉണ്ട്.ഇതിലൊന്നും വിശ്വാസമില്ല എന്ന് പറയുന്നവര്‍ പോലും , ഭാവി എന്താകും എന്ന് അറിയാന്‍ കൊതിക്കുന്നവരാണ്‌.ഹസ്ത രേഖാ,ജ്യോതിഷം എന്ന് വേണ്ട ബ്ലാക്ക് മാജിക് വരെ ആളുകളെ ആകര്‍ഷിക്കുന്നു.പഠിച്ചിരുന്ന കാലത്ത് അറിയപ്പെടുന്ന ഒരു ഹസ്ത രേഖാ ശാസ്ത്രജ്ഞനായിരുന്ന എനിക്ക് ചില വിശേഷാനുഭവങ്ങളും ഉണ്ട്.ക്ലാസ് എടുത്തു കൊണ്ടിരുന്ന, കന്യാസ്ത്രീ   ലക്ചറര്‍ പത്ത് മിനുട്ട് മുന്പ് ക്ലാസ് നിര്‍ത്തി എന്റെ നേരെ കൈ തുറന്നതാണ് അതിലൊന്ന്.


ഇതിനൊക്കെ ശാസ്ത്രീയമായ എന്തെങ്കിലും അടിത്തറ ഉണ്ടോ? അതൊരു വലിയ ചോദ്യമാണ്.ഉത്തരം പറയുന്നതിന് മുന്‍പ് മനുഷ്യന്‍ ആരാണ് എന്ന് നോക്കാം.

ഈ  അണ്ഡകടാഹത്തിലെ  ഒരു കീറാണ് നമ്മുടെ ഗാലക്സി.ആ ഗാലക്സിയിലെ ഒരു പൊട്ടാണ് നമ്മുടെ സൌരയുഥം.സൌരയൂഥത്തിലെ  ഒരു പീറ ഗ്രഹമാണ് നമ്മുടെ ഭൂമി.ഭൂമിയുടെ അഞ്ചില്‍ നാലും വെള്ളമാണ്.ബാക്കി കരയില്‍ വസിക്കുന്ന, കോടിക്കണക്കിനു ജീവ ജനുസ്സുകളില്‍ ഒന്ന് മാത്രമാണ് മനുഷ്യന്‍.നമ്മള്‍ ആണ് ഏറ്റവും ഉയര്‍ന്ന ലെവലില്‍ ഉള്ള ജീവി എന്ന് നമ്മള്‍ കരുതുന്നു.ജലത്തിലോ? കരയില്‍ ഉള്ളതിന്റെ പതിന്മടങ്ങ് ജീവജാലങ്ങളും സസ്യങ്ങളും അവിടെ ഉണ്ട്.
ഇനി മറ്റെവിടെ എങ്കിലും ജീവനുണ്ടോ? നമുക്ക് അറിഞ്ഞുകൂട.നമ്മുടെ അറിവ് പരിമിതമാണ്.പരിമിതം എന്നല്ല പറയേണ്ടത്.നമ്മുടെ അറിവ് തീരെ പരിമിതമാണ്.

ചന്ദ്രനെ ഒന്ന് നോക്ക്.ഭൂമിയുടെ ഒരു പാവം ഉപ ഗ്രഹമാണ് കക്ഷി.പണ്ടത്തെ കവികള്‍ പെണ്‍ കുട്ടികളുടെ മുഖത്തെ  ചന്ദ്രനോട് ഉപമിച്ചിരുന്നു.കക്ഷി അത്ര സുന്ദരന്‍ ഒന്നുമല്ല എന്ന് ഇന്ന് നമുക്ക് അറിയാം.പക്ഷെ  ഈ ചിന്നന്‍ ഉപഗ്രഹത്തിന്റെ ഒരു പ്രാഭവം  നോക്കൂ.അമാവാസി വരട്ടെ,ചന്ദ്രന്റെ ശക്തി നമ്മള്‍ കണ്ടറിയും.നമ്മുടെ കടല്‍ ഭൂമിയിലേക്ക്‌ ഇരച്ചു കയറും ,ഭൂമിയിലെ മണ്‍ തരികളെ ചുംബിച്ചു, ഭൂമിയെ ആലിംഗനം ചെയ്തു അങ്ങിനെ കിടക്കും.വൈകുന്നേരം അനിവാര്യമായ വിധിക്ക് കീഴടങ്ങി മടിയോടെ തിരിച്ചു പോകും.അത് കടലിന്റെ കഥ.നമ്മുടെ ആലയിലെ പശുവോ? അതിനു മതിയിളകും.മനുഷ്യന്റെ കാര്യമോ?  ആസ്തമ  പോലുള്ള രോഗങ്ങള്‍ ഇളകും.ചുരുക്കത്തില്‍ ഈ പ്രപഞ്ചത്തിലെ നിസ്സാരനായ ചന്ദ്രന് പോലും നമ്മെ,നമുക്ക് ചുറ്റുമുള്ളവയെ സ്വാധീനിക്കാന്‍ കഴിയും.അപ്പോള്‍ മറ്റു ഗ്രഹങ്ങള്‍ക്കോ? സൂര്യനോ?

നമുക്ക് കൃത്യമായി അറിയില്ല.പ്രായേണ ചെറിയ ഉപഗ്രഹമായ ചന്ദ്രന് നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്താമെങ്കില്‍ ഭീമന്മാരായ മറ്റു ഗ്രഹങ്ങള്‍ക്കും സൂര്യനും എന്തെങ്കിലുമൊക്കെ സ്വാധീനമുണ്ടാവില്ലേ? ആ ചിന്തയില്‍ നിന്നുയിര്‍ കൊണ്ട പഠനത്തിന്റെ ഫലമാണ് എല്ലാവരും രഹസ്യമായി നോക്കുകയും,പരസ്യമായി പരിഹസിക്കുകയും ചെയ്യുന്ന ജ്യോതിഷം.

ഇനി ഹസ്ത രേഖയുടെ കാര്യം.ഒരു മനുഷ്യന്‍ എന്താണ് എന്ന് അവന്റെ കൈ പറയും.അവന്റെ traits നൂറു ശതമാനം കൃത്യമായി നമുക്ക് പറയാം.പാശ്ചാത്യ രാജ്യങ്ങളിലൊക്കെ കുറ്റകൃത്യങ്ങള്‍ തടയാനും,കണ്ടുപിടിക്കാനും ഹസ്ത രേഖ ഔദ്യോഗികമായി തന്നെ ഉപയോഗിക്കുന്നുണ്ട്.ഭാവി പ്രവചിക്കാനോ? അത്‌ ഹസ്ത രേഖ വായിക്കുന്നവന്റെ മനോധര്‍മ്മമാണ്.ഒരു ഉദാഹരണം പറയാം.ഒരു അന്ധന്‍ പരസഹായമില്ലാതെ മുന്നോട്ടു പോകുകയാണ് എന്ന് കരുതുക.അയാളുടെ പത്തടി മുന്നില്‍  അഗാധമായ ഒരു പൊട്ടക്കിണര്‍ ഉണ്ടെന്നും കരുതുക.അന്ധന്റെ കൈ നോക്കുന്ന ആള്‍ക്ക് അയാള്‍ പത്ത് മിനിട്ടിനകം കിണറ്റില്‍ വീഴും എന്ന് പ്രവചിക്കാം.പക്ഷെ പെട്ടെന്ന് ഉണ്ടാകുന്ന അതി ഭയങ്കരമായ ഒരു ഇടിയും മിന്നലും കാര്യങ്ങളാകെ മാറ്റി മറിക്കാം.പെട്ടെന്ന് ഉള്ള ഞെട്ടലില്‍ അന്ധന്റെ ദിശ മാറി അയാള്‍ അപകടത്തില്‍ നിന്നു രക്ഷപ്പെടുന്നു.വിശ്വാസികള്‍ ഇതിനെ ദൈവാനുഗ്രഹം  എന്നും അല്ലാത്തവര്‍ ഭാഗ്യം എന്നും വിളിക്കും.എന്തായാലും പ്രവചനം തെറ്റി.ഭാവി പറയാന്‍ ഹസ്ത രേഖ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.

സാമുദ്രിക ശാസ്ത്രമുണ്ട്.നിമിത്തം,ലക്ഷണം ഒക്കെയുണ്ട്.ഒരാളുടെ നെറ്റിയില്‍ അയാളുടെ ജീവിതം എഴുതി വച്ചിട്ടുണ്ട് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ ഒരു പക്ഷെ ചിരിക്കാം.പക്ഷെ ഒരാളുടെ പൊതുവായ അവസ്ഥ അയാളുടെ നെറ്റിയില്‍ നിന്നു വായിക്കാം.ഏതായാലും ഇത്രയും വായിച്ചു.നിങ്ങള്‍ക്കൊരു അറിവ് പകര്‍ന്നു തരാം.അപരിചിതനായ ഒരാളെ കണ്ടാല്‍ അയാളുടെ പാദം നോക്കുക.സാധാരണ എല്ലാ പാദത്തിലും അടിയില്‍ ഒരു curve ഉണ്ട്.പാദം പൂര്‍ണമായും നിലത്തു അമരില്ല.പക്ഷെ ചിലരുടെ പാദത്തിന്റെ അടി  നിലം തല്ലി പോലെ പൂര്‍ണമായും നിലത്തു അമര്ന്നിരിക്കും.സൂക്ഷിക്കണം ,അയാളൊരു കള്ളനാണ്.അയാള്‍ക്ക്‌ മോഷ്ട്ടിക്കാതിരിക്കാന്‍ വയ്യ.ഇത്തരം കാര്യങ്ങള്‍ വിളിച്ചു പറയേണ്ട.തുടര്‍ച്ചയായി നിരീക്ഷിക്കുക.നിങ്ങള്ക്ക് സത്യം ബോധ്യപ്പെടും.

ഞാന്‍ എന്തിനാണ് ഇങ്ങനെ ഒരു ആമുഖം എഴുതുന്നത്‌ എന്ന് സംശയിക്കാം.അത്‌ മരിച്ചു പോയ ഒരാളെക്കുറിച്ച് പറയാനാണ്.ഗോപാലകൃഷ്ണന്‍ ,അതാണ്‌ അയാളുടെ പേര്.പുഷ്പ ശാസ്ത്രികള്‍ എന്നാണു അദ്ദേഹം അറിയപ്പെട്ടിരുന്നത്.സംഭവങ്ങള്‍ താക്കോല്‍ പഴുതിലൂടെ കാണുന്നത് പോലെ പറയും എന്നാണു ഖ്യാതി.അങ്ങിനെ പറയാന്‍ ഹസ്ത രേഖയില്‍ വകുപ്പില്ല.ജ്യോതിഷത്തിലും പറ്റില്ല എന്നാണു എന്റെ ധാരണ.ഏതായാലും ഡിഗ്രീ മാര്‍ക്ക് ലിസ്റ്റ് വരുന്ന അന്ന് രാവിലെ ഞാന്‍ ഗോപാലകൃഷ്ണനെ കാണാന്‍ പോയി.പാലസ് ലോഡ്ജിന്റെ ഏഴാം നമ്പ്ര മുറിയാണ് അദ്ദേഹത്തിന്റെ.ഞാന്‍ മുറിയില്‍ മുട്ടി.മുറി തുറന്നു വന്ന ആളെ എനിക്കത്ര പിടിച്ചില്ല.ഒരു ആറര അടി പൊക്കം.മെലിഞ്ഞിട്ടാണ്.ഷേവ് ചെയ്തിട്ടില്ല.എന്തിനു, ഇട്ടിരിക്കുന്ന ഷര്‍ട്ടും മുണ്ടും ആകെ മുഷിഞ്ഞിരിക്കുന്നു.ഇടക്ക് നഖം കടിച്ചു.(ആത്മ  വിശ്വാസം ഇല്ല എന്ന് ഫലം).

"എന്താ" ?
"കാണാന്‍ വന്നതാണ്"
"ഇരിക്ക്".ഒരു പഴഞ്ചന്‍ മരക്കസേരയില്‍ ഇരുന്നു.സ്ടൂളില്‍ ഇരുന്നു, ഗോപാലകൃഷ്ണന്‍ എന്റെ date of birth ചോദിച്ചു.പിന്നെ ഒരു പൂവിന്റെ പേരും.
എന്തോ, "തുളസി" എന്നാണു ഞാന്‍ പറഞ്ഞത്.

കടലാസ്സില്‍ എന്തൊക്കെയോ കുത്തി കുറിച്ച് അദ്ദേഹം പറഞ്ഞു.
"തുളസി ഒരു പൂവല്ല.എല്ലാവരും ചൂടും,ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയുകയും ചെയ്യും."
പിന്നെ എവിടെ നിന്നോ വായിക്കുന്നത് പോലെ അദ്ദേഹം തുടര്‍ച്ചയായി പറഞ്ഞു.പരീക്ഷയില്‍ ഓരോ പേപ്പറിനും കിട്ടുന്ന മാര്‍ക്കുകള്‍  തൊട്ടു മറ്റാരും കാണുകയോ അറിയുകയോ ചെയ്യാത്ത കാര്യങ്ങള്‍ വരെ  .ഞാന്‍ ആകെ വല്ലാത്ത ഒരവസ്തയിലായി.പെട്ടെന്ന് അടുത്ത പ്രവചനം "മൂന്നു മാസത്തിനുള്ളില്‍ നിങ്ങള്‍ മുന്‍കൈ എടുത്തു ഒരു പറമ്പ് വാങ്ങും"ഞാന്‍ ഉഷാറായി.

"നടക്കില്ല ആശാനെ,പത്തു പൈസ കൈയിലില്ല"
ഒരു നിമിഷം ശാസ്ത്രികള്‍ കണ്ണടച്ചു.എന്നിട്ട് പറഞ്ഞു തുടങ്ങി.."അല്‍പ്പം ഉയര്‍ന്ന സ്ഥലം,അതിനു മുന്‍പില്‍ ഒരു തോട്.പിന്നെ വയല്‍,അതുകഴിഞ്ഞ് തൈ തെങ്ങുകളാണ്.അത്‌ കഴിഞ്ഞാല്‍ മെയിന്‍ റോഡ്‌,എനിക്ക് തെറ്റില്ല" 
ഞാന്‍ പുശ്ചിച്ചു ചിരിച്ചു.
"പോട്ടെ,എന്നാണു എനിക്ക് പണി കിട്ടുക"?
"മൂന്നു മാസത്തിനുള്ളില്‍,അല്ല മൂന്നു വര്‍ഷത്തിനുള്ളില്‍....മൂന്നു മാസത്തിനകം സ്ഥിരം ജോലിയാകും"
"ഒന്ന് ഉറപ്പിച്ചു പറയൂ."
"മൂന്നു മാസം തന്നെ"
അന്ന് ഉച്ച കഴിഞ്ഞപ്പോള്‍ മാര്‍ക്ക് ലിസ്റ്റ് വന്നു.ഗോപാലകൃഷ്ണന് തെറ്റിയില്ല.മൂന്നു മാസത്തിനുള്ളില്‍ ശാസ്ത്രികള്‍ പറഞ്ഞ ഭൂമിയും വാങ്ങി.പക്ഷെ ജോലിയുടെ കാര്യം തെറ്റി.പല ജോലികളും,ട്രെയിനിങ്ങും കഴിഞ്ഞു സ്ഥിരം ജോലിയിലെ ആദ്യ ശമ്പളം വാങ്ങാന്‍ മൂന്നു വര്ഷം എടുത്തു.
നാല് വര്ഷം കഴിഞ്ഞു ഒരിക്കല്‍ തൊടുപുഴയില്‍ ചെന്നപ്പോള്‍ ഞാന്‍ ഗോപാലകൃഷ്ണനെ തേടി ചെന്നു.പാഴൂര്‍ പടിപ്പുരയിലെ കണ്ണിയായിരുന്ന ആ ദരിദ്രനായ മനുഷ്യന്‍ മരിച്ചിരുന്നു.
ഇപ്പോഴും എനിക്കറിയില്ല ഏത് ശാസ്ത്രത്തിന്റെ പിന്‍ ബലത്തിലാണ് അദ്ദേഹം ആ പ്രവചനങ്ങളൊക്കെ നടത്തിയതെന്നു.

വെട്ടത്താന്‍ .

3 comments:

  1. vayichu nannayi...ennalum jyothishathilum sathyangalund .pakshe ennu kureyavanmar aaa jyothishathe parayippikkunnu ...verum bussiness mind....aasamsakal

    ReplyDelete
  2. ജ്യോതിഷം , ജ്യോത്സ്യം ... ഇതിന്റെ ഒക്കെ സത്യാവസ്ഥ എന്താണെന്നു ഇന്നും എനിക്ക് മനസിലായിട്ടില്ല. പക്ഷെ ഈ പറയുന്നതിലൊക്കെ കുറച്ചു കാര്യങ്ങള്‍ ഇല്ലാതില്ല. ജീവിതത്തിന്റെ വിഷമ ഘട്ടത്തില്‍ ഭാവി എന്താകും എന്നറിയാനായി ഒരിക്കല്‍ ഒരു ജ്യോത്സ്യന്റെ അടുത്ത് ഞാന്‍ പോയിരുന്നു. അത്ഭുതം എന്ന് പറയട്ടെ , എന്റെ ഭൂതവും ഭാവിയും അദ്ദേഹം പറഞ്ഞത് ഒരുമാതിരി എല്ലാം കൃത്യമായിരുന്നു. എന്റെ ജീവിതത്തില്‍ ആദ്യമായാണ് ഞാന്‍ ആ മനുഷ്യനെ കാണുന്നത്. ഇതിലൊക്കെ എന്തെങ്കിലും സത്യം ഉണ്ടായിരിക്കും .

    ReplyDelete
  3. vayichu ishtapettu pakshe vinayapoorvam parayatte enikku ithil ottum viswaasam illa

    ReplyDelete

Related Posts Plugin for WordPress, Blogger...