Saturday 24 December 2011

മംഗളങ്ങള്‍


                   കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി ക്രിസ്തുമസ് ആശംസകളുമായി എനിക്കൊരു കത്ത് വരുന്നു.പോസ്റ്റ്‌ ബോക്സ്‌, നോക്ക് കുത്തിയായിട്ടും ആ കത്ത് മുടങ്ങിയിട്ടില്ല.ഇപ്രാവശ്യം ഇന്‍ലാന്റിനു  പുറത്തെ അഡ്രസ്‌ "Team,Anna Hazaare,New Delhi" എന്നായിരുന്നു.കഴിഞ്ഞ വര്ഷം അത്‌ രാഹുല്‍ ഗാന്ധി ആയിരുന്നു.ഓരോ വര്‍ഷവും ഡിസംബര്‍ പകുതി കഴിയുമ്പോള്‍ എന്റെ വീട്ടില്‍ ചര്‍ച്ച ഉയരും "ഇപ്രാവശ്യം ബഷീര്‍ ആരായിട്ടായിരിക്കും അവതരിക്കുക?"സാം മനേക് ഷാ തൊട്ടു സന്തോഷ്‌ മാധവന്‍ വരെയുള്ള പേരുകളില്‍ ഞങ്ങള്‍ക്ക്  ക്രിസ്തുമസ് ആശംസകള്‍ അയക്കുന്ന ബഷീര്‍ ഞങ്ങള്‍ക്ക് ആരാണ്.?

                   അഞ്ചു വര്‍ഷക്കാലം ഞങ്ങള്‍ സഹപാഠികളായിരുന്നു. എന്നും ഏതു കാര്യത്തിനും എതിര്‍ ചെരിയിലുള്ളവര്‍.ആകെ ബഹളക്കാരനും,സ്വതവേ മറ്റുള്ളവരെ അപേക്ഷിച്ച് വിവരമുള്ളവനും,പ്രതിഭയുള്ളവനും ആണെന്ന് സ്വയം അഹങ്കരിച്ചിരുന്ന ഞാന്‍.സൌമ്യനും അതെ സമയം ,ചില നേരങ്ങളില്‍ അതി ശക്തമായി പ്രതികരിക്കുന്നവനുമായ ബഷീര്‍.എല്ലാ കാര്യങ്ങളിലും ഞങ്ങള്‍ എതിര്‍ ചേരിയിലായിരുന്നു.ഒട്ടു മിക്കപ്പോഴും തര്‍ക്കങ്ങള്‍ ക്ഷോഭങ്ങളായി മാറും.നിരന്തരമായ തര്‍ക്കങ്ങളിലൂടെ , എതിര്‍ പ്രവര്ത്തനങ്ങളിലൂടെ ,ഞങ്ങളുടെ കലാലയ ജീവിതം സംഭവ ബഹുലമായി.

                  ഇതൊക്കെ  ക്ലാസുകള്‍ ഉള്ള കാലത്തെ കഥ.കോളേജു പൂട്ടി ഞാന്‍ വീട്ടിലേക്കു പോന്നാല്‍ ,മൂന്നാം നാള്‍ ബഷീറിന്റെ കത്തുമായി പോസ്റ്റ്മാന്‍ എത്തും.അന്ന് തന്നെ ഞാന്‍ മറുപടി എഴുതും.എട്ടും,പത്തും  പേജുള്ള കത്തുകള്‍.ഈ  അണ്ഡകടാഹത്തിലുള്ള എന്തും ഞങ്ങള്‍ക്ക് വിഷയമാകും.രാഷ്ട്രീയവും സാഹിത്യവും മതവുമൊക്കെ ഞങ്ങളെടുത്ത്‌  അമ്മാനമാടും.ബഷീര്‍ മാത്രമല്ല ജോര്‍ജു വര്‍ക്കിയും  ,സെബാസ്റ്റ്യനും ,കുന്നംകുഴയും,മാത്യുവും  എഴുതും.ഞങ്ങളുടെ തലമുറ മതി മറന്നു ആഹ്ലാദിച്ച ഒരു പരിപാടിയായിരുന്നു ഈ കത്തെഴുത്ത്.മൊബൈലിന്റെ,ഇ-മെയിലിന്റെ,ബ്ലോഗിന്റെ ഈ കാലത്ത് കത്തെഴുത്ത് അപ്രസക്തമായി.എങ്കിലും അന്നത്തെ കത്തുകള്‍ വീണ്ടുമെടുത്ത് വായിക്കുമ്പോള്‍ അറിയാതെ ചിരി വിടരും.

                 കഴിഞ്ഞ അഞ്ചാറു വര്‍ഷമായി ഞാന്‍ കത്ത് എഴുതാറില്ല.ഫോണില്‍ സംസാരിക്കുക എന്നതാണ് ഇപ്പോഴത്തെ രീതി.പക്ഷെ ഇപ്പോഴും ബഷീറിന്റെ കത്തുകള്‍ വരുന്നു.
                ഞാന്‍ എന്റെ പഴയ ഓട്ടോ ഗ്രാഫ് പൊടി തട്ടി എടുത്തു.ഇരുന്നൂറു പേജിന്റെ ആ നോട്ടു ബുക്കില്‍ ,ബഷീറിന്റെ പേജു

"ജോര്‍ജ്
നിന്റെ  ഓട്ടോ ഗ്രാഫില്‍ (ബുക്കൊഗ്രാഫ്?)
ബഷീര്‍ എന്തെഴുതാന്‍.
നിനക്കറിയാവുന്ന ഞാന്‍.എനിക്കറിയാവുന്ന നീ.മഷിയും,പേജുകളും,എനര്‍ജിയും.
സുഹൃത്തായ ജോര്‍ജും,ശത്രുവായിരുന്ന ജോര്‍ജും,
ഞാനും നീയും.
ബഷീര്‍."

ബഷീര്‍ നിനക്ക് ,നിന്റെ പ്രിയപ്പെട്ടവര്‍ക്ക് സര്‍വ്വ മംഗളങ്ങളും.

സസ്നേഹം
വെട്ടത്താന്‍.

5 comments:

  1. "kalahantha kale, antha kala kalaham, kalkkanda madhuram"

    ReplyDelete
  2. Thank you mbash,in fact we were bossom friends from the very begining.Difference of opinion in some matters were not barriers for hearty relation.

    ReplyDelete
  3. Thank u man,a belated Xmas greeting and a very warm new year greetings to you all.

    ReplyDelete
  4. ബഷീറെന്ന ആ നല്ല മിത്രത്തിന്
    എന്റെ വകയും ഒരു ഹാറ്റ്സ് ഓഫ്

    ReplyDelete

Related Posts Plugin for WordPress, Blogger...