ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍
പോയതായിരുന്നു . ഒരു കല്യാണം ഉറപ്പിക്കല്‍.
ലളിതമായ ചടങ്ങാണു. കുറച്ചു പേരെ ഉള്ളൂ. കാപ്പിയൊക്കെ കുടിച്ചു അവിടെയുള്ള കാരണവന്‍മാരോട്
“കത്തി” വെച്ചു ഇരിക്കയായിരുന്നു ഞാന്‍. പെണ്‍ വീട്ടുകാര്‍ വരാന്‍ ഇനിയും
സമയമുണ്ട്. അതുവരെ സമയം പോക്കണം. അകത്തെവിടെയോ നിന്നു കടമ്മനിട്ട സ്റ്റൈലില്‍ ഉള്ള
ഒരു ആലാപനം കേള്‍ക്കാം. ഇടക്കിടക്ക് അത് ആവര്‍ത്തിക്കുന്നുമുണ്ട്. കേള്‍ക്കാനൊരു
സുഖമൊക്കെയുണ്ട്. എന്താണ് സംഭവം എന്നു ആലോചിച്ചിരിക്കെ ഒരാള്‍ ബാബുവിനെ
കൂട്ടിക്കൊണ്ടുവന്നു. ചെറുക്കന്‍റെ അമ്മാവനാണ് കക്ഷി. മൂപ്പര്‍ എഴുതി ആലപിച്ച കവിത
എങ്ങിനെയുണ്ടെന്ന് നോക്കണം.
Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts
Friday, 28 June 2013
Sunday, 13 January 2013
കരിയുമ്മ
എല്ലാവരും അവരെ
“കരിയുമ്മ” എന്നു വിളിച്ചു. ഞാന്‍ കാണുമ്പോള്‍ ഉണങ്ങി വരണ്ടു ഒരു വിറകു കൊള്ളി
പോലെയായിരുന്നു അവര്‍. അത്യദ്ധ്വാനത്തിന്‍റെ ഫലം. കരിയുണ്ടാക്കി ,അത് നിലമ്പൂരു കൊണ്ടുപോയി ചായക്കടക്കാര്‍ക്ക് വില്‍ക്കുന്നതായിരുന്നു
അവരുടെ തൊഴില്‍. എണ്‍പതുകളില്‍ അതൊരു കാഴ്ചയായിരുന്നു. വലിയ ചാക്കുകളില്‍ കരി
നിറച്ചു പത്തും പതിനഞ്ചും കിലോമീറ്റര്‍ ചുമന്നു ഒരു പറ്റം മനുഷ്യര്‍ നിലമ്പൂരിലെ ചായക്കടകള്‍ പ്രവര്‍ത്തിപ്പിച്ചു.
നിലമ്പൂര്‍ ഒരു ഗ്യാസ് ഏജന്‍സി വന്നത് തൊണ്ണൂറുകളുടെ തുടക്കത്തിലാണ്. അതുവരെ
വിറകും കരിയുമായിരുന്നു ഇന്ധനം. ചാലിയാര്‍ പുഴ കടന്നു പത്തു പതിനഞ്ചു കിലോമീറ്റര്‍
അകലെയുള്ള കൃഷിസ്ഥലത്തേക്ക് പോകുമ്പോള്‍
കരി നിറച്ച ചാക്കുമായി
മനുഷ്യക്കോലങ്ങള്‍ നടന്നു നീങ്ങുന്നത് കാണാം. നാട്ടു പാതകളുണ്ട്. പക്ഷേ വാഹനമില്ല.
ആകെയുള്ള ഒരു ജീപ്പ് കിട്ടിയാല്‍ നമ്പൂരിപ്പൊട്ടി വരെയെത്താം. പിന്നേയും അഞ്ചാറ്
കിലോമീറ്റര്‍ ദൂരമുണ്ട്. നടപ്പ് അല്ലാതെ
വേറെ വഴിയില്ല.
Saturday, 22 December 2012
Tuesday, 4 December 2012
ഒരു അള്‍ത്താര ബാലന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍.
യൌസേഫ് പിതാവിന്‍റെ തിരുനാളാണ്. ചടങ്ങുകള്‍ക്കിടയില്‍
യൌസേഫ് പിതാവ് ഉണ്ണി ഈശോയേ എടുത്തിരിക്കുന്ന പ്രതിമ ആഘോഷമായി പ്രതിഷ്ഠിക്കുന്ന ചടങ്ങ് നടക്കുന്നു.
വലിയ അള്‍ത്താരയില്‍ വെച്ചിരിക്കുന്ന രൂപം പ്രാര്‍ഥനയുടെ അകമ്പടിയോടെ വൈദീകന്‍
ചെറിയ അള്‍ത്താരയിലേക്ക് എടുത്തു കൊണ്ട് പോകുകയാണ്. പെട്ടെന്നു വിശ്വാസികളുടെ
ഇടയില്‍ ഒരു ചിരി പടര്‍ന്നു. ഉണ്ണി ഈശോയുടെ തല പ്രതിമയില്‍ നിന്നടര്‍ന്ന് കാര്‍പ്പറ്റിലൂടെ
ഉരുണ്ടു പോയി. ഇതറിയാതെ കപ്യാര്‍ കുര്യന്‍ ചേട്ടന്‍ തന്‍റെ പരുപരുത്ത ശബ്ദത്തില്‍
പാട്ട് തുടരുന്നു. കുന്നപ്പള്ളി അച്ചന് ക്ഷോഭം കൊണ്ട് കണ്ണു കാണാതായി. കപ്യാരെ കൈ
കാട്ടി വിളിച്ച് ആ വൃദ്ധന്‍റെ ചെവി പിടിച്ച് തിരിച്ചു,
അച്ചന്‍ ആ ക്ഷോഭം തീര്‍ത്തു. ചെവി തിരുമ്മിക്കൊണ്ട് തെറിച്ചു പോയ ഉണ്ണി ഈശോയുടെ തല
തപ്പിയെടുത്തു കുര്യന്‍ ചേട്ടന്‍. അത് പതുക്കെ കഴുത്തിന് മുകളില്‍ വെച്ചു. ചടങ്ങുകള്‍
വീണ്ടും ഭക്തി നിര്‍ഭരമായി.
Saturday, 27 October 2012
ഒരു സര്‍ദാര്‍ജിയിന്‍ കനിവ്.
വളരെ
പെട്ടെന്നുള്ള ഒരു യാത്രയായിരുന്നു അത്. അതുകൊണ്ടുതന്നെ റിസര്‍വേഷന്‍ ഒന്നും
തരമായില്ല. അല്ലെങ്കിലും വീട്ടിലിരുന്നു എങ്ങോട്ടും യാത്ര പ്ലാന്‍ ചെയ്യാനും, ടിക്കറ്റ്
ബുക്ക് ചെയ്യാനും കഴിയുന്ന കാലവുമായിരുന്നില്ല. ഇന്‍റര്‍നെറ്റ് പോയിട്ടു
എസ്.റ്റി.ഡി തന്നെ വ്യാപകമല്ലാത്ത കാലം.1988 ല്‍ അടിയന്തിരമായി ബോംബേയ്ക്ക്
പോകേണ്ടി വരുന്ന മറ്റുള്ളവരെപ്പോലെ ഞാനും പല വാതിലുകളിലും മുട്ടി നോക്കി. ഫലം നാസ്തി. അവസാനം
ജനറല്‍ കംപാര്‍ട്മെന്‍റില്‍ കയറി ബോംബെയില്‍ എത്തി. രണ്ടു ദിവസം അവിടെനിന്നു
എങ്ങിനെയെങ്കിലും റിട്ടേണ്‍ ടിക്കറ്റ് ഒപ്പിച്ചു പോരാം എന്നു കരുതിയിരിക്കുമ്പോള്‍
കൃഷിസ്ഥലത്ത് ഒരു ചുമട്ടുതൊഴിലാളി പ്രശ്നം . ഉടനെ തിരിച്ചെത്തിയെ പറ്റൂ എന്ന
അവസ്ഥയില്‍ ഞാന്‍ തിരിച്ചു വണ്ടി കയറി.
Sunday, 14 October 2012
ശകുന്തള
ശകുന്തള എന്നുകേള്‍ക്കുമ്പോഴേ കാളിദാസന്‍റെ ശകുന്തളയിലേക്കു
നമ്മുടെ മനസ്സെത്തും. കാലില്‍ത്തറച്ച മുള്ളെടുക്കാനെന്നുള്ള വ്യാജേന ദുഷന്തനെ
ഒളിഞ്ഞു നോക്കുന്ന ശകുന്തള. കള്ളവും ചതിയുമറിയാത്ത താപസകന്യക. അനസൂയയും
പ്രിയംവദയും ഇരുപുറവും നിന്നു സ്നേഹം ചൊരിയുന്ന പ്രിയ സഖി. കാളിദാസന്‍റെ
വിശ്വോത്തരനാടകം വായിച്ചിട്ടുള്ളവരുടെ മനസ്സിലേക്ക് അതിമനോഹരമായ ആ നാലാം അങ്കവും
താത കണ്വന്‍റെ പാരവശ്യവും ഒക്കെ തിരയടിച്ചുവരാം.
Sunday, 2 September 2012
ഒരു മലവെള്ളപ്പാച്ചിലില്‍.
കാട് കാണാനുള്ള മോഹത്തില്‍ പോയതാണ്. പതിവ്
പോലെ സര്‍വ്വയര്‍മാരാണ് പ്രചോദനം. ഉടുമ്പന്നൂര്‍ കഴിഞ്ഞു ചീനിക്കുഴി. വീണ്ടും
അഞ്ചാറ് കിലോമീറ്റര്‍ നടന്നാല്‍ സ്ഥലത്തെത്താം. അവിടെ ഗിരിവര്‍ഗ്ഗക്കാരനായ
ബാലകൃഷ്ണനുണ്ട്. അയാളുടെ വീട്ടില്‍ താമസിക്കാം. പിറ്റെന്നു അയാളോടൊപ്പം മലകള്‍
കയറി ഇടുക്കിയിലെത്താം.എല്ലാക്കാര്യങ്ങളും സര്‍വ്വേയര്‍ ജനാര്‍ദ്ദനന്‍ പിള്ളയും
കൂട്ടുകാരും പറഞ്ഞുറപ്പിച്ചിട്ടുണ്ട്. അധ്യാപക സമരം കൊണ്ട് കോളേജ്
അടച്ചിരിക്കയാണ്. ഞങ്ങള്‍ (ജോസഫ്, ജോര്‍ജ് വര്‍ക്കി പിന്നെ ഞാനും ) പുറപ്പെട്ടു.നാലുമണിയോടെ
ബാലകൃഷ്ണന്‍റെ വീട്ടിലെത്തി. ബാലകൃഷ്ണന്‍ സമ്പന്നനാണു. ധാരാളം ഭൂസ്വൊത്ത്. എറണാകുളത്തു
ഉന്നത ഉദ്യോഗങ്ങളിലിരിക്കുന്ന ജ്യേഷ്ഠന്‍മാരുടെ കൃഷികള്‍ നോക്കി നടത്തുന്നതും
ബാലകൃഷ്ണനാണ്. വൈക്കോല്‍ മേഞ്ഞതെങ്കിലും വലിയ നാലുകെട്ടാണ്പുര. എന്തിന്, ഭാര്യമാര്‍ തന്നെ രണ്ടെണ്ണം.
പ്രായം ഒരു മുപ്പത്തഞ്ചിലധികമില്ല. രസികനായ ബാലകൃഷ്ണന്‍ ഞങ്ങളെ സഹര്‍ഷം
സ്വീകരിച്ചു.
Thursday, 16 August 2012
പരസ്സഹായം ജീവിത വ്രതമാക്കിയവര്‍
പുതിയ സീറ്റില്‍ ഞാന്‍ ചാര്‍ജെടുക്കുമ്പോള്‍
പഴയ ഓഫീസ്സര്‍ ഒരു ചെറുപ്പക്കാരനെ എനിക്കു പരിചയപ്പെടുത്തി. “ഇത്
മിസ്റ്റര്‍ ചുരുളി ,നമ്മുടെ ഓഫീസ്സ് യഥാര്‍ത്ഥത്തില്‍ മുന്നോട്ട് കൊണ്ട് പോകുന്നത്
ഇയാളാണ്” ഉയരം കുറഞ്ഞു തടിച്ചു കൊഴുത്തൊരു കാളക്കുട്ടിയുടെ ചേലുള്ള ആ
ചെറുപ്പക്കാരന്‍, പറഞ്ഞത് ശരിയാണെന്ന മട്ടില്‍ എന്നെ നോക്കി പുഞ്ചിരിച്ചു.
Wednesday, 1 August 2012
ചാട്ടത്തില്‍ പിഴച്ചവര്‍.
മാസത്തിന്‍റെ
ആദ്യ ദിവസങ്ങളിലൊന്നില്‍ എനിക്കൊരു സന്ദര്‍ശകനുണ്ടാകുമായിരുന്നു.ഒരു പഴയ
പരിചയക്കാരന്‍.1974-75 കാലയളവില്‍,ട്രെയിനിങ് സെന്‍ററില്‍ വെച്ചാണ്
പരിചയം.അടുത്ത പരിചയമൊന്നുമല്ല.കാണുമ്പോള്‍ ചിരിക്കും,ചിലപ്പോള്‍
എന്തെങ്കിലും പറയും അത്രമാത്രം.ഗോപാലകൃഷ്ണനെ ആരും ശ്രദ്ധിക്കും.ചുറ്റുമുള്ളവരെ
തന്നിലേക്ക് ആകര്‍ഷിക്കുന്ന എന്തോ ഒന്നു അയാളിലുണ്ടായിരുന്നു.ചടുലമായി
സംസാരിക്കാനുള്ള അയാളുടെ കഴിവാകാം.ഇടക്ക് ഒരു കണ്ണടച്ച് നിങ്ങളോട് സംവദിക്കുന്ന
രീതിയാകാം.എന്തായാലും നിങ്ങള്‍ക്കയാളെ ശ്രദ്ധിക്കാതിരിക്കാന്‍
കഴിയില്ല.ഇഷ്ടപ്പെടുകയോ വെറുക്കുകയോ ചെയ്യാം.പക്ഷേ അവഗണിക്കാന്‍ കഴിയില്ല.
Tuesday, 3 July 2012
അവിശ്വാസത്തിന്‍റെ പുകച്ചുരുളുകള്‍
ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു ഞങ്ങള്‍.കല്യാണമൊക്കെ
കഴിഞ്ഞു തിരിച്ചു പോകുമ്പോള്‍ ഗോപിനാഥന് പഴയ സുഹൃത്തിനെ ഒന്നു കാണണം.നേരത്തെ
ചെന്നിട്ട് പ്രത്യേക പരിപാടികള്‍ ഒന്നുമില്ലാതിരുന്നതുകൊണ്ടു ഞാന്‍ വഴങ്ങി.റോഡ്
നിരപ്പില്‍ നിന്നു അല്‍പ്പം ഉയരത്തിലുള്ള വീടിന്‍റെ മതിലില്‍ സുഹൃത്തിന്‍റെ ബോര്‍ഡ്
ഉണ്ട്.ആള്‍ ഡോക്റ്റര്‍ ആണ്.പേരിന്‍റെ കൂടെ “നായര്‍” എന്ന വാലുമുണ്ട്.
ബോര്‍ഡിന്‍റെ അടിയില്‍ കണ്ട വാക്കുകള്‍ കൌതുകമുണര്‍ത്തി. “യുക്തിവാദി സംഘം ജില്ലാ പ്രസിഡണ്ട്”. യുക്തിവാദികളെ എനിക്കു പൊതുവേ ഇഷ്ടമാണ്.മതത്തിന്‍റെ,പാര്‍ട്ടിയുടെ അനുയായികളായി നടക്കുന്ന മിക്കവരും മതമോ പാര്‍ട്ടിയോ നല്‍കുന്ന പ്ലാവില ഭക്ഷിക്കുന്ന കുഞ്ഞാടുകളാണ്.വേറിട്ടൊരു ചിന്ത അതുകൊണ്ടുതന്നെ അവര്‍ക്ക് അന്യവുമാണ്.അങ്ങിനെയുള്ള ബഹുഭൂരിപക്ഷത്തിനിടയില്‍ ഒരു സ്വതന്ത്ര ചിന്താഗതിക്കാരനെ കാണുക എന്നത് തന്നെ ആഹ്ലാദകരമാണ്.
സ്വതന്ത്രമായി
ചിന്തിക്കുന്ന പല സുഹൃത്തുക്കളും എനിക്കുണ്ട്.അവരോടു സംസാരിക്കുന്നതും
കത്തുകളെഴുതുന്നതും ഹരമായി കൊണ്ടുനടക്കുന്ന കാലവുമാണ്.പക്ഷേ ഒരു സംഘടനയുടെ നാലതിരുകള്‍ക്കുള്ളില്‍
ബുദ്ധിയെയും മനസ്സിനേയും തളയ്ക്കുന്ന ഇടപാട് എനിക്കത്ര പഥ്യമല്ല.സംഘടന ഒരു കൂട്ടായ്മയുടെ
ഭാഗമാകും.വ്യക്തിക്കല്ല,സംഘത്തിനാണ് പ്രാധാന്യം.എന്തായാലും ഡയലോഗ്
പറയാന്‍ ഒരാളെ കിട്ടിയ സന്തോഷത്തില്‍ ഞാനാ വീട്ടിലേക്ക് കയറി.
നമ്മുടെ
യുക്തിവാദി കറുത്തു തടിച്ചൊരു മധ്യവയസ്കനാണ്.കൈകളിലും മാറത്തും നിറയെ രോമങ്ങള്‍.ചെവിയിലുമുണ്ട്
രോമങ്ങള്‍.ആകപ്പാടെ കായികാദ്ധ്വാനം ചെയ്യുന്ന ഒരാളുടെ കെട്ടും മട്ടും.ഗോപിനാഥന്‍
എന്നെ പരിചയപ്പെടുത്തി.ഞങ്ങള്‍ യുക്തിവാദിയുടെ ഓഫീസ് മുറിയിലിരുന്നു സംസാരിക്കാന്‍
തുടങ്ങി.
എനിക്കെന്തോ
ബ്ലിറ്റ്സ് കരിഞ്ചിയായേ ഓര്‍മ്മ വന്നു.പുതിയ തലമുറയ്ക്ക് അത്ര ഓര്‍മ്മ
കാണണമെന്നില്ല.അറുപതുകളിലും എഴുപതുകളിലും ഇന്ത്യന്‍ യുവത്വത്തെ ഇളക്കി മറിച്ച
ബ്ലിറ്റ്സ് എന്ന ദ്വൈവാരികയും ധീഷണാശാലിയായ അതിന്‍റെ പത്രാധിപര്‍
കരിഞ്ചിയായും.അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ നിര്‍ഭയം പടനയിച്ച
അതുല്യ പോരാളി. കരിഞ്ചിയാ ഒരു ലക്കത്തില്‍ പ്രഖ്യാപിച്ചു. “ബ്ലിറ്റ്സ്,
സായിബാബായുടെ മുഖം മൂടി വലിച്ചു കീറാന്‍ പോകുന്നു.വിശദമായ അന്യോഷണത്തിനും
വിലയിരുത്തലുകള്‍ക്കുമായി പത്രാധിപരുടെ നേതൃത്വത്തിലുള്ള സംഘം പുട്ടപ്പര്‍ത്തിയിലേക്ക്
നീങ്ങുന്നു” സായിബാബാ, പണ്ഡിതരുടെയും പാമരരുടെയും ആരാധന
ഏറ്റുവാങ്ങി മുന്നേറുകയാണ്. സുപ്രീം കോടതി ജഡ്ജിമാര്‍ വരെ ആരാധകരുടെ
ഗണത്തിലുണ്ട്.അദ്ദേഹത്തിനെതിരെ എന്തെങ്കിലും പറഞ്ഞുപോയാല്‍ തല്ല് കിട്ടാന്‍ ചാന്‍സുള്ള
കാലം.എ.ടി.കോവൂര്‍ ബാബയെ വെല്ലുവിളിച്ചിരുന്നെങ്കിലും അതാരും കാര്യമായി
എടുത്തിരുന്നില്ല.ശൂന്യതയില്‍ നിന്നും എന്തുവേണമെങ്കിലും സൃഷ്ടിക്കാന്‍ കഴിയുന്ന
ബാബയ്ക്ക് കോവൂരുമായി പന്തയം കളിച്ചു ഒരു ലക്ഷം രൂപാ നേടണോ?
തമാശക്കും ഒരതിരില്ലെ?
പക്ഷേ
ശരിക്കും തമാശയാണ് പിന്നീട് കണ്ടത്.ബാബയെ തൊലിയുരിഞ്ഞു കാണിക്കാന്‍പോയ കരിഞ്ചിയ
ബാബയുടെ ആരാധകനും ഭക്തനുമായി തിരിച്ചു വന്നു.സ്വതന്ത്ര ചിന്തകരുടെ ആശാകേന്ദ്രമായ
ബ്ലിറ്റ്സിന്‍റെ അന്ത്യവും കൂടിയായിരുന്നു അത്.
എനിക്കെന്തോ
ഒരു സംശയം.നമ്മുടെ യുക്തിവാദിഡോക്റ്റര്‍ക്ക് കരിഞ്ചിയായുടെ ഒരു ഛായ ഉണ്ടോ?
എന്നെ
സംബന്ധിച്ചാണെങ്കില്‍ ഞാന്‍ ബാബയുടെ ഒരു ആരാധകനാണ്.അത് അദ്ദേഹം
ദിവ്യനായതുകൊണ്ടല്ല.ദിവ്യത്വം ഒക്കെ എന്നെപ്പോലുള്ള സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍
വയ്യാത്ത കാര്യങ്ങളാണ്.പക്ഷേ അദ്ദേഹത്തിന്റെ പേരിലുള്ള ട്രസ്റ്റ് നടത്തുന്ന
ആശുപത്രികളുടെ ദിവ്യത്വം എനിക്കു മനസ്സിലാകും.ജാതിയോ മതമോ നോക്കാതെ രോഗികള്‍ക്കാശ്രയമായി
മാറുന്ന ആ പുണ്യത്തിനു മുന്നില്‍ എങ്ങിനെ നമിക്കാതെയിരിക്കും?
ഗോപിനാഥന്‍റെ
പൊട്ടിച്ചിരി കേട്ടാണ്എനിക്കു പരിസരബോധം ഉണ്ടായത്.സുഹൃത്തുക്കള്‍ എന്തോ തമാശ
പറഞ്ഞതാണ്.പക്ഷേ എന്‍റെ കണ്ണെരിയുന്നു.കണ്ണില്‍ പുക കയറിയതുപോലെ.പോലെയല്ല,മുറിമുഴുവന്‍
പുകയാണ്.എന്തോ മണിയൊച്ചയും കേള്‍ക്കുന്നുണ്ട്.
“എന്താ ഡോക്ടര്‍ വല്ലാത്ത പുക” ഞാന്‍
ചോദിച്ചു.
“ഒരു പൂജ നടക്കുകയാണ്.അതിനിടയിലാണ്
നിങ്ങള്‍ വന്നത്.”
യുക്തിവാദി നേതാവിന്‍റെ വീട്ടില്‍
മൃത്യുഞ്ജയ പൂജ…………
ഞാന്‍ ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി.
Saturday, 31 March 2012
ഒരു വരള്‍ച്ചക്കാലത്ത്.
തിരുനെല്‍വേലിയില്‍ നിന്നു മധുരക്കുള്ള യാത്രയില്‍ വലിയ വലിയ പാലങ്ങള്‍ കാണാം.പക്ഷേ ഒരിടത്തും വെള്ളമില്ല.പുഴയോ ,എന്തിന് ഒരു തോടു പോലുമില്ലാത്ത ഇടങ്ങളിലെല്ലാം ഇത്തരം വലിയ പാലങ്ങള്‍ പണിതതിന്‍റെ കാരണം എത്ര ആലോചിച്ചിട്ടും എനിക്കു മനസ്സിലായില്ല.അതൊക്കെ പുഴകളായിരുന്നുവെന്നും വറ്റി വരണ്ടുപോയതാണെന്നും ഡ്രൈവര്‍ പറഞ്ഞതും എനിക്കത്ര വിശ്വാസയോഗ്യമായിത്തോന്നിയില്ല.എത്ര വറ്റിയാലും ഇങ്ങനെ വറ്റുമോ?
Wednesday, 1 February 2012
കഞ്ചാവ് വലിക്കുമ്പോള്‍ എടുക്കേണ്ട മുന്‍ കരുതലുകള്‍
മുള്ളരിങ്ങാട് വിടുമ്പോള്‍ രാത്രിയായി.കയ്യില്‍ വെളിച്ചമില്ല.യാത്ര പുറപ്പെടുമ്പോള്‍ കൈയ്യില്‍ കരുതിയിരുന്ന ചെറിയ ടോര്‍ച്ച് പണിമുടക്കി.ഞങ്ങള്‍ മൂന്നുപേരും,ജോര്‍ജ് വര്‍ക്കി, സെബാസ്റ്റ്യന്‍ ,ഞാന്‍ എന്തായാലും യാത്ര തുടരാന്‍ തീരുമാനിച്ചു.ഒരു പന്തം ഉണ്ടാക്കാം എന്നു കരുതി അങ്ങാടി മുഴുവന്‍ തിരഞ്ഞെങ്കിലും ഒരിടത്തും ഒരു തുള്ളി മണ്ണെണ്ണ പോലുമില്ല.ബംഗ്ലാദേശ് യുദ്ധം കഴിഞ്ഞിട്ടേയുള്ളൂ.ചിര വൈരിയായ പാക്കിസ്ഥാനെ മലര്‍ത്തിയടിച്ചതിന്‍റെ സന്തോഷത്തിലാണ് രാജ്യം.പക്ഷേ ഭണ്ഡാരത്തില്‍ ഒന്നുമില്ല.കൂടാതെ അമേരിക്കയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വിലക്കും.അഭിമാനത്തിന്‍റെയും വറുതിയുടെയും കാലം.
Friday, 6 January 2012
ഒരു ധീര യുവാവിന്‍റെ പരോപകാര ശ്രമങ്ങള്‍
സ്ത്രീകളുടെ മുന്നില്‍ അല്‍പ്പം ധൈര്യം പ്രകടിപ്പിക്കാന്‍ കിട്ടുന്ന അവസരം ഏത് ചെറുപ്പക്കാരനാണ് ഉപയോഗിക്കാതിരിക്കുക ? ഞാനും അത്രയേ ആഗ്രഹിച്ചുള്ളൂ. ഒരു സന്ധ്യക്ക് “അമ്മ വിളിക്കുന്നു” എന്നു പ്രസാദ് വന്നു പറഞ്ഞപ്പോള്‍ അതൊരു പാരയാകും എന്നു കരുതിയില്ല. ഒട്ടും വൈകാതെ ഓടിച്ചെന്നു. സന്ധ്യ ആകാന്‍ പോകുന്നു. ചേച്ചിയും കുട്ടികളും റോഡില്‍ നില്‍ക്കുകയാണ്.
Subscribe to:
Posts (Atom)