Google+ Followers

Sunday, 27 May 2012

ഡൈക്ക് നിന്‍റെ ഓര്‍മ്മയ്ക്ക്.
         

    സൂയിസൈഡ് പോയന്‍റിന്‍റെ അടിഭാഗത്ത് നടന്നെത്താനുള്ള ഒരു പരിശ്രമത്തിലായിരുന്നു ഞങ്ങള്‍ .വിദ്യാസാഗര്‍,സുബ്ബന്‍,ഞാന്‍ പിന്നെ വഴികാട്ടിയായി ജോസഫും.അതിരാവിലെ കോക്കേഴ്സ് വാക്കിന്‍റെ വലതു ഭാഗത്തൂടെ ഇറങ്ങിത്തുടങ്ങിയതാണ്.രണ്ടു മണിയായിട്ടും എവിടെയുമെത്തിയില്ല.വനവും കുത്തനെയുള്ള ഇറക്കങ്ങളും ഞങ്ങളെ തളര്‍ത്തി.രാത്രിയായാല്‍ വന്യമൃഗങ്ങളുടെ ശല്യമുണ്ടാകുമെന്ന ഭയവും.ഞങ്ങള്‍ ആ ശ്രമം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.തിരിച്ചു നടക്കുമ്പോള്‍ ഇരുട്ടാകുന്നതിന് മുമ്പു എങ്ങിനെയും തിരിച്ചെത്താനുള്ള വ്യഗ്രതയായിരുന്നു.പക്ഷേ ഇറങ്ങിയതുപോലെ, തിരിച്ചുകയറ്റം അത്ര എളുപ്പമുള്ള പണിയായിരുന്നില്ല.

    എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ക്കും ഒരു പൊതുസ്വഭാവമുണ്ട്.സഞ്ചാരികളെ സന്തോഷിപ്പിക്കാന്‍ നാട്ടുകാര്‍ എന്തും പറയും.വല്ലാതെ മാന്യതയും എളിമയും കാണിക്കും.പക്ഷേ അതു ഹൃദയത്തില്‍ നിന്നു വരുന്ന ഒരു പെരുമാറ്റമല്ല.സഞ്ചാരിയുടെ സന്തോഷമാണ് നാട്ടുകാരുടെ വയറ്റുപെഴപ്പ്.അത്രയേ ഉള്ളൂ.കൊഡൈക്കനാലില്‍ ചെന്ന നാള്‍ തൊട്ട് എനിക്കത് തോന്നിയിരുന്നു.ഭൂരിഭാഗം പേരും സഞ്ചാരികളുടെ മുന്നില്‍  അതിവിനയം കാണിക്കുന്നവര്‍.എന്നാല്‍ ഒട്ടു മിക്കവരെയും അങ്ങിനെ അങ്ങ് നമ്പാനും വയ്യ. പക്ഷേ ജോസഫിനെ ആ ഗണത്തില്‍ കൂട്ടാന്‍ തോന്നിയില്ല.പത്തുനാല്‍പ്പതു വയസ്സുള്ള,തീക്ഷ്ണമായ കണ്ണുകളുള്ള ഒരു താടിക്കാരന്‍.അയാള്‍ ടൌണില്‍ ഒരു ഫര്‍ണിച്ചര്‍ കട നടത്തുകയായിരുന്നു.ടൂറിസ്റ്റുകളെ ജോസഫ് എങ്ങിനെയാണ് കൈകാര്യം ചെയ്തിരുന്നതെന്ന് എനിക്കറിയില്ല.പക്ഷേ കുറച്ചുകാലംകൊണ്ടു വിദ്യാസാഗറിനും എനിക്കും അയാള്‍ നല്ല സുഹൃത്തായി.
    തിരിച്ചു വരുമ്പോള്‍ കോഡൈക്കനാലിലെ നായ്ക്കളെക്കുറിച്ച് പറഞ്ഞത് ജോസഫാണ്.നല്ല പെഡിഗ്രിയുള്ള നായ്ക്കളുണ്ട്.വംശാവലി രേഖപ്പെടുത്തിയ നായ്ക്കള്‍.നായ്ക്കളെക്കുറിച്ചുള്ള ചര്‍ച്ചകളുടെ ഉഷാറില്‍ സന്ധ്യയോടെ ഞങ്ങള്‍ തിരിച്ചെത്തി.വിദ്യാസാഗറിനും എനിക്കും ഓരോ നായ്ക്കുട്ടി വേണം.ജര്‍മ്മന്‍ ഷെപ്പേര്‍ഡിലും,രാജപാളയം ഹണ്ടറിലും തുടങ്ങി അവസാനം ഞാന്‍ കോക്കര്‍ സ്പാനിയലില്‍ എത്തി.
    രണ്ടുദിവസം കഴിഞ്ഞു ജോസഫ് ഒരു തൂവെള്ള നായ്ക്കുട്ടിയുമായി എത്തി.നീണ്ട,ഉറച്ച രോമങ്ങളുള്ള ഒരു സുന്ദരക്കുട്ടന്‍.(പൂടപ്പട്ടിയല്ല കേട്ടോ).അച്ഛന്‍ ഒന്നാംതരം കോക്കര്‍സ്പാനിയെലാണ്.അമ്മ ജര്‍മ്മന്‍ ഷെപ്പേര്‍ഡിലുണ്ടായ ഒരു ആംഗ്ലോ ഇന്ത്യക്കാരി.കക്ഷി പെഡിഗ്രിയുള്ളവനല്ല-ക്രോസ്സാണ്.ക്രോസ്സെങ്കില്‍ ക്രോസ്സ്, എനിക്കവനെ നന്നായി ഇഷ്ടപ്പെട്ടു.  ജോസഫിന് ഞാന്‍ പതിനഞ്ചു രൂപാ കൊടുത്തു.(1975ല്‍ ആ പൈസക്ക് കാള്‍ട്ടണ്‍ ഹോട്ടലില്‍ ഒരു ഫൈവ്കോഴ്സ് ഡിന്നര്‍ കിട്ടും.)
    പതിനഞ്ചു ദിവസം ഞങ്ങളവനെ ലാളിച്ചു സ്റ്റേഷനില്‍ തന്നെ വളര്‍ത്തി. വിലപിടിച്ച ഉപകരണങ്ങള്‍ക്കിടയിലൂടെ അവന്‍ കുസൃതി കാട്ടി ഓടിക്കളിച്ചു.കുടുംബത്തില്‍ ഒരു കൊച്ചുകുഞ്ഞു കൊണ്ടുവരുന്ന സന്തോഷം അവന്‍ ഞങ്ങള്‍ക്ക് തന്നു.ഒടുവില്‍ എനിക്കു ആസ്ത്മായുടെ രണ്ടാം വട്ട ചികില്‍സക്ക് മൂവാറ്റുപുഴക്ക് പോകേണ്ട ദിവസം വന്നു.ചികില്‍സ കഴിഞ്ഞു  കോഴിക്കോട്ടു വീട്ടിലും പോയിവരാം,നായ്ക്കുട്ടിയെ വീട്ടിലേല്‍പ്പിക്കാം എന്നായിരുന്നു പ്ലാന്‍.  
    നല്ലൊരു കാര്‍ഡ്ബോര്‍ഡ് പെട്ടിയെടുത്ത് നായ്ക്കുട്ടിയെ അതിനകത്താക്കി.ശ്വാസം വിടാന്‍ അഞ്ചാറ് തുളകളും ഇട്ടു.പെട്ടിയുമായി ഞാന്‍ വത്തലഗുണ്ട്,കമ്പം വഴി യാത്രയായി.സന്ധ്യയോടെ മൂവാറ്റുപുഴയില്‍ എത്തി പിറ്റെന്നു ചികില്‍സ തുടങ്ങാം എന്നാണ് ഉദ്ദേശം.നായ്ക്കുട്ടി പെട്ടിക്കുള്ളില്‍ കിടന്നു അവന്‍റെ സാന്നിധ്യം അറിയിക്കുന്നുണ്ട്.ഉച്ചയ്ക്ക് ഞങ്ങള്‍ കുമളിയില്‍ ഊണു കഴിച്ചു.തിരിച്ചുവരുമ്പോള്‍ പെട്ടിക്കുള്ളില്‍ നിന്നു ശബ്ദമൊന്നുമില്ല.പെട്ടിയില്‍ കൊട്ടി നോക്കിയിട്ടും ഫലമില്ല.ഞാന്‍ പെട്ടി തുറന്നു.നായ്ക്കുട്ടി അനങ്ങുന്നില്ല.ജീവനില്ലെ എന്നു സംശയം.  ടര്‍ക്കി വിരിച്ച് അവനെ എന്‍റെ മടിയില്‍ കിടത്തി.ശുദ്ധ വായുവും എന്‍റെ ലാളനയും അവനെ ഉണര്‍ത്തി.പക്ഷേ ഭയങ്കര തളര്‍ച്ച.നായ്ക്കുട്ടിയെ പെട്ടിക്കുള്ളിലല്ലാതെ കൊണ്ടുപോകണമെങ്കില്‍ ഫുള്‍ ചാര്‍ജ് വേണമെന്നായി കണ്ടക്റ്റര്‍.ഞാന്‍ കാര്‍ഡ്ബോര്‍ഡ് പെട്ടി പുറത്തേക്ക് വലിച്ചെറിഞ്ഞു.
    കോട്ടയത്തെത്തിയതും ഞാന്‍ പ്ലാന്‍ മാറ്റി.ലക്ഷ്മി ഹോട്ടലില്‍ മുറിയെടുത്തു.ഒരു പാലും ഒരു കാപ്പിയും ഓര്‍ഡര്‍ ചെയ്തു.വാതിലടച്ചു പാല്‍ കുറേശ്ശെ സോസറില്‍ ഒഴിച്ച് കൊടുത്തു.പാല്‍ അകത്തു ചെന്നതെ നായ്ക്കുട്ടി ഉഷാറായി.അവന്‍ ശബ്ദമുണ്ടാക്കാനും ഓടിക്കളിക്കാനും തുടങ്ങി.അന്ന് രാത്രി ഞങ്ങളവിടെ തങ്ങി.
    നാലു ദിവസത്തെ ചികില്‍സ കഴിഞ്ഞു,പേഴക്കാപ്പള്ളിയിലെ ചാരീസ് ഹോസ്പിറ്റലില്‍ നിന്നു പോരുമ്പോള്‍ എനിക്കു ഡോക്റ്റര്‍ ബാലകൃഷ്ണനെ വല്ലാതെ നിരാശപ്പെടുത്തേണ്ടി വന്നു.ഡോക്റ്റര്‍ക്ക് എന്‍റെ നായ്ക്കുട്ടിയെ വേണം.എത്ര പറഞ്ഞിട്ടും ഡോക്റ്റര്‍ വഴങ്ങുന്നില്ല.അടുത്ത പ്രാവശ്യം വരുമ്പോള്‍ ഒരു ഒറിജിനല്‍ കോക്കര്‍ സ്പാനിയേലിനെതന്നെ കൊണ്ടെകൊടുക്കാമെന്ന് പറഞ്ഞപ്പോള്‍ ഡോക്റ്റര്‍ക്ക് ഒറിജിനല്‍ വേണ്ട.ശ്വാസം മുട്ടലിന്‍റെ ലോകത്തുനിന്ന് എന്നെ കൈപിടിച്ചുയര്‍ത്തിയ ആളാണ്.പക്ഷേ എനിക്കു അവനെ വിട്ടുകൊടുക്കാന്‍ മനസ്സ് വന്നില്ല.(പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ഡോക്റ്ററുടെ നമ്പറില്‍  വിളിച്ച് അദ്ദേഹത്തെ ആവശ്യപ്പെട്ടു.അതല്‍പ്പം പ്രയാസമാണല്ലോ എന്നു ആഹ്ലാദം നിറഞ്ഞ ഒരു പെണ്‍ സ്വരം.എന്തു പറ്റീ എന്ന ചോദ്യത്തിന് മൂപ്പര് മരിച്ചിട്ടു കുറച്ചുകാലമായി എന്നൊരു തമാശ.അതല്ലേലും അങ്ങിനെതന്നെയാണ്.വന്നുകയറുന്നവര്‍ക്ക് മമതയുണ്ടാവണം എന്നൊരു നിര്‍ബ്ബന്ധവുമില്ല.)
    വീട്ടില്‍, മുഴങ്ങുന്ന ശബ്ദവുമായി അവന്‍ ഓടി നടന്നു.ഇതിനിടെ അവന്‍റെ പേരിടീലും കഴിഞ്ഞു.”ഡൈക്ക്”.പേര് എനിക്കത്ര പിടിച്ചില്ല.പക്ഷേ ഡിറ്റക്ടീവ് നോവലുകളുടെ ലോകത്ത് വിഹരിച്ചിരുന്ന അനുജന്‍ വഴങ്ങാന്‍ തയ്യാറായില്ല.
    മൂന്നു മാസം കഴിഞ്ഞാണ് ഞാന്‍ പിന്നീട് വീട്ടില്‍ വന്നത്.എന്നെക്കണ്ടതേ ഡൈക്ക് ഓടിവന്നു.വാലാട്ടി, എന്നെ ഉരുമ്മി നിന്നു.അതുവരെ അവനെപ്പോറ്റിയ, പരിപാലിച്ച അനുജനെ ഒരു നിമിഷംകൊണ്ട് മറന്നു.ഞാന്‍ ഉണ്ടെങ്കില്‍ പിന്നെ അവന് മറ്റാരെയും വേണ്ട.ഭക്ഷണം കൊടുക്കുന്നതും കുളിപ്പിക്കുന്നതും എല്ലാം ഞാന്‍ തന്നെ വേണം.അടുത്തുണ്ടെങ്കിലും ഇല്ലെങ്കിലും അവന്‍റെ യജമാനന്‍ ഞാനാണെന്നൊരു ഭാവം.
    1976 ജൂലൈയില്‍ ഞാന്‍ കോഴിക്കോട്ടെയ്ക്ക് ട്രാന്‍സ്ഫര്‍ ആയി വന്നു.നവംബറില്‍ വിവാഹവും നടന്നു.അതോടെ എന്‍റെ ഭാര്യ ഡൈക്കിന്റെ യജമാനത്തിയുമായി.മറ്റാരും കൊടുത്താല്‍ ഭക്ഷണം പോലും കഴിക്കില്ല.”ഒരു പട്ടിയുടെ അഹമ്മതി” അമ്മയ്ക്കത്ര പിടിച്ചില്ല.എത്രവിശന്നാലും അമ്മ കൊടുത്താല്‍ അവന്‍ ഭക്ഷണം കഴിക്കുകയുമില്ല.ഞങ്ങള്‍ സ്ഥാലത്തില്ലെങ്കില്‍ പെങ്ങള്‍ കൊടുക്കണം.
    ഞാന്‍ മിക്കവാറും രാവിലെ ആറരയ്ക്ക് തന്നെ വീട്ടില്‍നിന്നിറങ്ങും.കൂടെ ഡൈക്കും.അങ്ങാടിയുടെ തൊട്ട് തന്നെയാണ് ഞങ്ങളുടെ പുരയിടം.എന്നെ ബസ് കയറ്റിവിട്ടാല്‍ നേരെ വീട്ടിലേക്ക് മടങ്ങും.ശ്രീമതി സ്കൂളിലേക്ക് പോയാല്‍ പിന്നെ അവന്‍ തുടലിലായി.തുടലിലാണെങ്കിലും അവന്‍റെ ശബ്ദം ആളുകളെ ഭയപ്പെടുത്തും.ഡൈക്ക് ആകെ ഒരാളുടെ കയ്യിലെ ചാടി പിടിച്ചിട്ടുള്ളൂ.കടിച്ചില്ല.പക്ഷേ മുന്നോട്ട് പോകാന്‍ അനുവദിക്കാതെ അവിടെ നിര്‍ത്തി.
    പുറകിലെ തളത്തിലേക്ക് തുറക്കുന്ന വിധമായിരുന്നു ഞങ്ങളുടെ കിടപ്പുമുറി.കുട്ടികളാരെങ്കിലും അകത്തുണ്ടെങ്കില്‍ അവന്‍ അകത്തുകയറി തൊട്ടിലിന് അടിയില്‍   കിടക്കും.ശ്രീമതി മുറിയില്‍ വന്നാല്‍ ഞങ്ങളുടെ കിടപ്പുമുറിയുടെ മുന്നിലെ തളത്തിലേക്ക് മാറും.ഞാന്‍ സ്ഥലത്തില്ലെങ്കില്‍ അവന്‍ തളത്തില്‍ തന്നെയുണ്ടാവും.സാധാരണ രാത്രികളില്‍ ഞങ്ങളുടെ 
ജനലിന് നേരെയുള്ള ഇളം തിണ്ണയിലാവും അവന്‍റെ കിടപ്പ്.  പലപ്പോഴും വൈകി എത്തുന്ന ഞാന്‍ വരുന്നൂ എന്നതിന് ഒരു സിഗ്നലുണ്ട്.ഡൈക്ക് എഴുന്നേറ്റ് നിന്നു നന്നായി വാലാട്ടാന്‍ തുടങ്ങും.പിന്നെ ഒരോട്ടമാണ്.എന്നെ കൂട്ടിയാണ് മടക്കം.
1985ല്‍ ഞങ്ങള്‍ കുടുംബത്തില്‍നിന്ന് വീടുമാറി താമസിച്ചപ്പോള്‍ സ്വാഭാവികമായി ഡൈക്കും ഞങ്ങളുടെ കൂടെ വന്നു.മക്കള്‍ക്ക് നല്ലൊരു കളിക്കൂട്ടുകാരന്‍.ഞങ്ങള്‍ക്ക് ഏറ്റവും വിശ്വസ്ഥനായ സുഹൃത്ത്,അതായിരുന്നു അവന്‍.
    പ്രായം ഡൈക്കിലും മാറ്റങ്ങള്‍ വരുത്തി.രോമം വട്ടത്തില്‍ കൊഴിഞ്ഞുപോകാന്‍ തുടങ്ങി.ഡോക്റ്ററേ കാണിച്ചു അതിനു പരിഹാരം കണ്ടു.പതിമൂന്നു വയസ്സായപ്പോഴേക്കും ഇടയ്ക്കിടെ ചുമ,തളര്‍ച്ച ഒക്കെ സാധാരണമായി.പക്ഷേ മുഴങ്ങുന്ന ആ ശബ്ദത്തിന്നുമാത്രം ഒരു തളര്‍ച്ചയുമില്ല.
    ശ്രീമതിയുടെ സുഖമില്ലാത്ത അമ്മാവനെക്കാണാന്‍ ഞങ്ങള്‍ക്ക് ആലപ്പുഴക്ക് പോകേണ്ടിവന്നു.മൂന്നുദിവസത്തെ ഒരു യാത്ര.ഡൈക്കിനുള്ള ഭക്ഷണം ഉണ്ടാക്കി ഫ്രിഡ്ജില്‍ വെച്ചു.അത് സമയത്തിനെടുത്തുകൊടുക്കാന്‍ അനുജനെയും ഏല്‍പ്പിച്ചു.കുട്ടികളുമായുള്ള ദുരിതം പിടിച്ചൊരു യാത്രകഴിഞ്ഞു ഞങ്ങള്‍ തിരിച്ചെത്തുമ്പോള്‍ ഡൈക്ക് ഇല്ല.മക്കളടക്കം എല്ലാവരും അവനെ തിരക്കി.ഡൈക്കിനെ വെടിവെച്ചു കൊന്നു എന്നു അനുജന്‍ പറഞ്ഞത് ഞങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.ഞങ്ങള്‍ പോയ അന്ന് ,തുടലിലായിരുന്ന ഡൈക്കിനെ ഏതോ നായ്ക്കള്‍ കടിച്ചത്രേ.അനുജന്‍ വരുമ്പോള്‍ അയല്‍പക്കത്തെ ചെറിയാനാണ് ഡൈക്കിനെ കടിച്ചത് പേപ്പട്ടിയാണെന്ന് പറഞ്ഞത്.”സാര്‍ വന്നാല്‍ കൊല്ലാന്‍ സമ്മതിക്കില്ല”.എന്നു പറഞ്ഞു തോക്കുകാരനെ ഇടപാടാക്കിക്കൊടുത്തതും ചെറിയാന്‍.
    നീണ്ട പതിമൂന്നു വര്‍ഷത്തെ സ്നേഹത്തിന് ഞങ്ങള്‍ തന്ന പ്രതിഫലം-ഒരു ബുള്ളറ്റ്.ഇന്നും,ഇതെഴുതുമ്പോഴും ഞാന്‍ വിതുമ്പിപ്പോകുന്നു.നിന്‍റെ സ്നേഹസ്മരണക്ക് എന്‍റെ ഒരുതുള്ളി കണ്ണീര്‍. 

27 comments:

 1. നായ്ക്കളുടെ സ്നേഹത്തേയും വിശ്വസ്തതയേയുംക്കുറിച്ച് ഒട്ടേറെ കേട്ടിട്ടുണ്ട്. ഫിഡിലിറ്റി എന്ന പേരില്‍ ഒരു ഇംഗ്ലീഷ് കവിത വായിച്ചതും ഓര്‍ക്കുന്നു. എന്തായാലും ഡൈക്കിനെ കുറിച്ചുള്ള ഈ അനുസ്മരണം കണ്ണ് നനയിക്കും.

  ReplyDelete
  Replies
  1. ഈ വരവിനും അഭിപ്രായത്തിനും പ്രത്യേകം നന്ദി.

   Delete
 2. എന്‍റെ വീട്ടിലെ ടിപ്പു എന്ന നായയെ ഇതുപോലെ പേയുടെ ലക്ഷണം കാണിച്ചതിനാല്‍ കറന്റ് അടിപ്പിച്ചു കൊല്ലേണ്ടി വന്നിട്ടുണ്ട്!(തോക്കില്ലായിരുന്നു)

  നല്ല നായ്ക്കള്‍ നമുക്ക് കൂടപ്പിറപ്പുകളെക്കാള്‍ സ്നേഹം പകര്‍ന്നു നല്‍കും. എങ്കിലും നമുക്ക് അവ വെറും നായ്ക്കള്‍ മാത്രം!

  ReplyDelete
  Replies
  1. ഞങ്ങള്‍ക്ക് അവന്‍ വെറും നായയായിരുന്നില്ല.കുടുംബാംഗം തന്നെയായിരുന്നു.അതിനുശേഷം നായ്ക്കളെ വളര്‍ത്തിയിട്ടില്ല.

   Delete
 3. "ഭൂരിഭാഗം പേരും സഞ്ചാരികളുടെ മുന്നില്‍ അതിവിനയം കാണിക്കുന്നവര്‍."

  ഡൈക്കിനെക്കുറിച്ചുള്ള അനുസ്മരണം നന്നായി. എങ്കിലും കൊന്നു എന്നറിയുമ്പോള്‍ ഒരു നൊമ്പരം.

  ReplyDelete
  Replies
  1. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ആളുകളുടെ പൊതുസ്വഭാവം അത് തന്നെയാണ്.
   ഡൈക്കിനെ കടിച്ചത് പേപ്പട്ടി ആയിരുന്നു എന്നു എനിക്കിപ്പോഴും വിശ്വാസമില്ല.മുറ്റത്തിന് താഴെ നിന്നു വിളിച്ചതിന്നു ശേഷം മാത്രം വീട്ടില്‍ വരാന്‍ പറ്റിയിരുന്ന ചെറിയാന്‍ അവസരം മുതലാക്കി എന്നാണ് കരുതുന്നത്.

   Delete
  2. ഞാന്‍ ഈ പോസ്റ്റിനെ കണ്ടത്‌ താന്കള്‍ എഴുതിയ മറുപടി പോലെ കണ്ടു എന്നതിനാല്‍ തന്നെയാണ് "അതിവിനയം" എന്നത്‌ ഒരു പൊതുസ്വഭാവം എന്ന് കോട്ട് ചെയ്തത്. അതിവിനയം മൂലം അറിയപ്പെടാന്‍ കഴിയാതെ പോകുന്ന സത്യങ്ങള്‍...

   Delete
 4. എങ്ങനെ കണ്ണ് നനയാതിരിക്കും..

  ReplyDelete
  Replies
  1. ഇന്നും ആ ഓര്‍മ്മ ഞങ്ങളെ വേദനിപ്പിക്കും.

   Delete
 5. "ഡൈക്കി"നെ ക്കുറിച്ചുള്ള അനുസ്മരണം ഹൃദയസ്പര്‍ശിയായി.
  അതീവശ്രദ്ധയോടെ സംരക്ഷിച്ച ഡൈക്കിന്‍റെ അന്ത്യം....!!!
  ആശംസകളോടെ

  ReplyDelete
  Replies
  1. ഞാന്‍ ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും കൊല്ലുമായിരുന്നില്ല.നന്ദി തങ്കപ്പന്‍ ചേട്ടാ.

   Delete
 6. നായ്ക്കളുടെ സ്നേഹത്തെപ്പറ്റി എത്രയെത്ര സാക്ഷ്യങ്ങളാണ്. ഹോളിവുഡില്‍ സംഭവകഥകളെ അടിസ്ഥാനമാക്കി വളരെ ചലച്ചിത്രങ്ങളും ഉണ്ട്. ഞാനും എഴുതിയിട്ടുണ്ട് ഒരു നായയുടെ ഓര്‍മ്മ http://yours-ajith.blogspot.com/2011/08/blog-post.html


  (വെട്ടത്താന്‍ സാര്‍, താങ്കള്‍ കുറെക്കൂടി ഫ്രീക്വന്റ് ആയി എഴുതണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. അനുഭവവും പക്വതയുമുള്ള ഇത്തരം എഴുത്തുകള്‍ ബ്ലോഗില്‍ അധികരിക്കട്ടെ.)

  ReplyDelete
  Replies
  1. നന്ദി അജിത്ത്,ഈ ബ്ലോഗ് 15 ദിവസം മുമ്പു എഴുതിയിരുന്നു.പക്ഷേ കമ്പ്യൂട്ടര്‍ തകരാറില്‍ പൊയ്പ്പോയി.കുറെദിവസം കമ്പ്യൂട്ടര്‍ പരീക്ഷണങ്ങളുമായി നടന്നു.ഇന്നലെയാണ് ശരിയായത്.വീണ്ടും എഴുതുമ്പോള്‍ രചന തീര്‍ത്തൂം വ്യത്യസ്ഥമായി.

   Delete
 7. എന്റെ നന്നേ ചെറുപ്പം മുതല്‍ വീട്ടില്‍ ഒന്നോ രണ്ടോ നായകളെ വളര്‍ത്തിയിരുന്നു എന്നു മാത്രമല്ല ഞാന്‍ എവിടെ ചെന്നാലും അവിടെയുള്ള നായകള്‍ എന്നോട് ഒരു പ്രത്യേക അടുപ്പം കാട്ടറുള്ളത് അല്‍പം അത്ഭുതത്തോടെ ശ്രദ്ധിച്ചിട്ടുമുണ്ട്.

  ReplyDelete
  Replies
  1. തോമാ,ഇതുവഴി വന്നതിനു നന്ദി.മനുഷ്യരെക്കാള്‍ നായ്ക്കളെ വിശ്വസിക്കാം.

   Delete
 8. Excellent Working Dear Friend Nice Information Share all over the world.am really impress your work Stay Blessings On your Work...God Bless You.
  secondhand bikes in london
  used bikes in uk

  ReplyDelete
 9. അച്ഛനു ഇഷ്ട്മല്ലാത്തത് കൊണ്ട് വീട്ടിൽ നായ്ക്കളെ വളർത്തിയിരുന്നില്ല. പക്ഷേ നിന്നു പഠിച്ച വീട്ടിലെ നായയുടെ സ്നേഹം അനുഭവിച്ചറിഞ്ഞതാണു.സവിശേഷ ബുദ്ധിയാണതുങ്ങൾക്ക്... സ്നേഹം കൊടുത്താൽ ഉപാദികളില്ലാതെ തിരിച്ചു തരും....

  നല്ല എഴുത്ത്...

  ReplyDelete
  Replies
  1. അത് ശരിയാണ് സുമേഷ്.കോട്ടയത്തെക്കുള്ള യാത്രയില്‍ ഞാന്‍ കാണിച്ച കരുതലിന് ഒരു ജീവിതം മുഴുവന്‍ അവന്‍ സ്നേഹം തന്നു.

   Delete
 10. മനുഷ്യനെക്കാള്‍ സ്നേഹം മൃഗങ്ങല്‍ക്കാനെന്നു തോന്നിയിട്ടുണ്ട്.. സ്വാര്‍ഥത ഇല്ലല്ലോ..


  മൃഗയാ എന്ന ചിത്രത്തിന്റെ ക്ലയ്മാകസ് കാണുമ്പോള്‍ ഇതേ വേദന ഉണ്ടായി..സിനിമ ആയിട്ടുപോലും..

  നല്ല കുറിപ്പ്..

  ReplyDelete
  Replies
  1. ഇണങ്ങിയ മൃഗങ്ങളുടെ സ്നേഹം ഒന്നു വേറെ തന്നെയാണ്.നന്ദി.

   Delete
 11. സ്നേഹിക്കുവാന്‍ മനുഷ്യരെക്കാള്‍ നന്ന് നായയാണ്‌. ഈ കുറിപ്പ് നന്നായി എഴുതി . അഭിനന്ദനങ്ങള്‍

  ReplyDelete
 12. കണക്കൂര്‍,ഈ വരവിന് പ്രത്യേകം നന്ദി.

  ReplyDelete
 13. anujan cheythathu shariyayilla. enteyum kannu niranju.

  ReplyDelete
  Replies
  1. പ്രവാഹിനി,അനുജന്‍ ചെറിയാന്‍റെ കെണിയില്‍ വീണതാണ്.

   Delete
 14. ഇത് വായിക്കുമ്പോള്‍ എന്തോ വല്ലാത്ത ഒരു ഹൃദയ വേദന എനിക്കുണ്ടാക്കുന്നു ...
  ഓര്‍മ്മകളെ എന്നെയും കൂട്ടി കൊണ്ട് പോകുന്നു അവനും ഇത് പോലെ ആയിരുന്നല്ലോ @ PUNYAVAALAN

  ReplyDelete
 15. ഗതകാലസ്മരണകള്‍ ഉണര്‍ത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

  ReplyDelete
 16. ഡൈക്കിനെ കുറിച്ചുള്ള ഈ അനുസ്മരണം വായിക്കുന്നവരുടെ കണ്ണ് നനയിക്കും അപ്പൊ അനുഭവിക്കുന്ന വെട്ടത്താന്‍ചേട്ടന്റെ അവസ്ഥ എന്താവും ..?

  ReplyDelete

Related Posts Plugin for WordPress, Blogger...