Tuesday 3 July 2012

അവിശ്വാസത്തിന്‍റെ പുകച്ചുരുളുകള്‍




   ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു ഞങ്ങള്‍.കല്യാണമൊക്കെ കഴിഞ്ഞു തിരിച്ചു പോകുമ്പോള്‍ ഗോപിനാഥന് പഴയ സുഹൃത്തിനെ ഒന്നു കാണണം.നേരത്തെ ചെന്നിട്ട് പ്രത്യേക പരിപാടികള്‍ ഒന്നുമില്ലാതിരുന്നതുകൊണ്ടു ഞാന്‍ വഴങ്ങി.റോഡ് നിരപ്പില്‍ നിന്നു അല്‍പ്പം ഉയരത്തിലുള്ള വീടിന്‍റെ മതിലില്‍ സുഹൃത്തിന്‍റെ ബോര്‍ഡ് ഉണ്ട്.ആള്‍ ഡോക്റ്റര്‍ ആണ്.പേരിന്‍റെ കൂടെ “നായര്‍” എന്ന വാലുമുണ്ട്.
    
        ബോര്‍ഡിന്‍റെ അടിയില്‍ കണ്ട വാക്കുകള്‍ കൌതുകമുണര്‍ത്തി. “യുക്തിവാദി സംഘം ജില്ലാ പ്രസിഡണ്ട്”. യുക്തിവാദികളെ എനിക്കു പൊതുവേ ഇഷ്ടമാണ്.മതത്തിന്‍റെ,പാര്‍ട്ടിയുടെ അനുയായികളായി നടക്കുന്ന മിക്കവരും മതമോ പാര്‍ട്ടിയോ നല്‍കുന്ന പ്ലാവില ഭക്ഷിക്കുന്ന കുഞ്ഞാടുകളാണ്.വേറിട്ടൊരു ചിന്ത അതുകൊണ്ടുതന്നെ അവര്‍ക്ക് അന്യവുമാണ്.അങ്ങിനെയുള്ള ബഹുഭൂരിപക്ഷത്തിനിടയില്‍ ഒരു സ്വതന്ത്ര ചിന്താഗതിക്കാരനെ കാണുക എന്നത് തന്നെ ആഹ്ലാദകരമാണ്.
    സ്വതന്ത്രമായി ചിന്തിക്കുന്ന പല സുഹൃത്തുക്കളും എനിക്കുണ്ട്.അവരോടു സംസാരിക്കുന്നതും കത്തുകളെഴുതുന്നതും ഹരമായി കൊണ്ടുനടക്കുന്ന കാലവുമാണ്.പക്ഷേ ഒരു സംഘടനയുടെ നാലതിരുകള്‍ക്കുള്ളില്‍ ബുദ്ധിയെയും മനസ്സിനേയും തളയ്ക്കുന്ന ഇടപാട് എനിക്കത്ര പഥ്യമല്ല.സംഘടന ഒരു കൂട്ടായ്മയുടെ ഭാഗമാകും.വ്യക്തിക്കല്ല,സംഘത്തിനാണ് പ്രാധാന്യം.എന്തായാലും ഡയലോഗ് പറയാന്‍ ഒരാളെ കിട്ടിയ സന്തോഷത്തില്‍ ഞാനാ വീട്ടിലേക്ക് കയറി.
    നമ്മുടെ യുക്തിവാദി കറുത്തു തടിച്ചൊരു മധ്യവയസ്കനാണ്.കൈകളിലും മാറത്തും നിറയെ രോമങ്ങള്‍.ചെവിയിലുമുണ്ട് രോമങ്ങള്‍.ആകപ്പാടെ കായികാദ്ധ്വാനം ചെയ്യുന്ന ഒരാളുടെ കെട്ടും മട്ടും.ഗോപിനാഥന്‍ എന്നെ പരിചയപ്പെടുത്തി.ഞങ്ങള്‍ യുക്തിവാദിയുടെ ഓഫീസ് മുറിയിലിരുന്നു സംസാരിക്കാന്‍ തുടങ്ങി.
എനിക്കെന്തോ ബ്ലിറ്റ്സ് കരിഞ്ചിയായേ ഓര്‍മ്മ വന്നു.പുതിയ തലമുറയ്ക്ക് അത്ര ഓര്‍മ്മ കാണണമെന്നില്ല.അറുപതുകളിലും എഴുപതുകളിലും ഇന്ത്യന്‍ യുവത്വത്തെ ഇളക്കി മറിച്ച ബ്ലിറ്റ്സ് എന്ന ദ്വൈവാരികയും ധീഷണാശാലിയായ അതിന്‍റെ പത്രാധിപര്‍ കരിഞ്ചിയായും.അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ നിര്‍ഭയം പടനയിച്ച അതുല്യ പോരാളി. കരിഞ്ചിയാ ഒരു ലക്കത്തില്‍ പ്രഖ്യാപിച്ചു. “ബ്ലിറ്റ്സ്, സായിബാബായുടെ മുഖം മൂടി വലിച്ചു കീറാന്‍ പോകുന്നു.വിശദമായ അന്യോഷണത്തിനും വിലയിരുത്തലുകള്‍ക്കുമായി പത്രാധിപരുടെ നേതൃത്വത്തിലുള്ള സംഘം പുട്ടപ്പര്‍ത്തിയിലേക്ക് നീങ്ങുന്നു” സായിബാബാ, പണ്ഡിതരുടെയും പാമരരുടെയും ആരാധന ഏറ്റുവാങ്ങി മുന്നേറുകയാണ്. സുപ്രീം കോടതി ജഡ്ജിമാര്‍ വരെ ആരാധകരുടെ ഗണത്തിലുണ്ട്.അദ്ദേഹത്തിനെതിരെ എന്തെങ്കിലും പറഞ്ഞുപോയാല്‍ തല്ല് കിട്ടാന്‍ ചാന്‍സുള്ള കാലം.എ.ടി.കോവൂര്‍ ബാബയെ വെല്ലുവിളിച്ചിരുന്നെങ്കിലും അതാരും കാര്യമായി എടുത്തിരുന്നില്ല.ശൂന്യതയില്‍ നിന്നും എന്തുവേണമെങ്കിലും സൃഷ്ടിക്കാന്‍ കഴിയുന്ന ബാബയ്ക്ക് കോവൂരുമായി പന്തയം കളിച്ചു ഒരു ലക്ഷം രൂപാ നേടണോ? തമാശക്കും ഒരതിരില്ലെ?
    പക്ഷേ ശരിക്കും തമാശയാണ് പിന്നീട് കണ്ടത്.ബാബയെ തൊലിയുരിഞ്ഞു കാണിക്കാന്‍പോയ കരിഞ്ചിയ ബാബയുടെ ആരാധകനും ഭക്തനുമായി തിരിച്ചു വന്നു.സ്വതന്ത്ര ചിന്തകരുടെ ആശാകേന്ദ്രമായ ബ്ലിറ്റ്സിന്‍റെ അന്ത്യവും കൂടിയായിരുന്നു അത്.
    എനിക്കെന്തോ ഒരു സംശയം.നമ്മുടെ യുക്തിവാദിഡോക്റ്റര്‍ക്ക് കരിഞ്ചിയായുടെ ഒരു ഛായ ഉണ്ടോ?
    എന്നെ സംബന്ധിച്ചാണെങ്കില്‍ ഞാന്‍ ബാബയുടെ ഒരു ആരാധകനാണ്.അത് അദ്ദേഹം ദിവ്യനായതുകൊണ്ടല്ല.ദിവ്യത്വം ഒക്കെ എന്നെപ്പോലുള്ള സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ വയ്യാത്ത കാര്യങ്ങളാണ്.പക്ഷേ അദ്ദേഹത്തിന്റെ പേരിലുള്ള ട്രസ്റ്റ് നടത്തുന്ന ആശുപത്രികളുടെ ദിവ്യത്വം എനിക്കു മനസ്സിലാകും.ജാതിയോ മതമോ നോക്കാതെ രോഗികള്‍ക്കാശ്രയമായി മാറുന്ന ആ പുണ്യത്തിനു മുന്നില്‍ എങ്ങിനെ നമിക്കാതെയിരിക്കും?
    ഗോപിനാഥന്‍റെ പൊട്ടിച്ചിരി കേട്ടാണ്എനിക്കു പരിസരബോധം ഉണ്ടായത്.സുഹൃത്തുക്കള്‍ എന്തോ തമാശ പറഞ്ഞതാണ്.പക്ഷേ എന്‍റെ കണ്ണെരിയുന്നു.കണ്ണില്‍ പുക കയറിയതുപോലെ.പോലെയല്ല,മുറിമുഴുവന്‍ പുകയാണ്.എന്തോ മണിയൊച്ചയും കേള്‍ക്കുന്നുണ്ട്.
“എന്താ ഡോക്ടര്‍ വല്ലാത്ത പുക” ഞാന്‍ ചോദിച്ചു. 
“ഒരു പൂജ നടക്കുകയാണ്.അതിനിടയിലാണ് നിങ്ങള്‍ വന്നത്.”
യുക്തിവാദി നേതാവിന്‍റെ വീട്ടില്‍ മൃത്യുഞ്ജയ പൂജ…………
ഞാന്‍ ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി.

12 comments:

  1. ഹഹഹ...യുക്തിവാദി നേതാവിന്‍റെ വീട്ടില്‍ മൃത്യുഞ്ജയ പൂജ

    ReplyDelete
  2. അത് കലക്കി. ഇതാണ് പല നേതാക്കളുടെയും തനിനിറം!

    ReplyDelete
  3. മൃത്യുജ്ഞയപൂജ യുക്തിവാദി വേര്‍ഷനും കാണുമായിരിക്കും.

    ReplyDelete
  4. സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ച് വാദിക്കലാണ് ഇപ്പോഴത്തെ യുക്തി.

    ReplyDelete
  5. യുക്തിപൂര്‍വ്വം നിറം മാറുന്നവന്‍ = യുക്തിവാദി.
    കൊള്ളാം ..

    ReplyDelete
  6. @സുമേഷ് ,നമ്മുടെ ആദര്‍ശ വാദികളുടെ തനിനിറം അടുത്തറിയുമ്പോഴേ മനസ്സിലാകൂ.@ജോസലേറ്റ് -സത്യം.അജിത്ത്,ആ കമന്‍റ് അസ്സാരം രസിച്ചു.റാംജി ഇത് നമ്മള്‍ ദിവസവും കണ്ടുകൊണ്ടിരിക്കുന്നതല്ലേ.ഉളുപ്പ് എന്നൊന്ന് ഇക്കൂട്ടര്‍ക്കില്ല.
    @ കണക്കൂര്‍ പുതിയ നിര്‍വ്വചനം കൊള്ളാം.
    കമന്‍റ് എഴുതിയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

    ReplyDelete
  7. മൃതരായി ജീവിക്കുന്നവർക്ക്‌ എവിടെ മൃത്യുഞ്ജയം?
    സുന്ദരമായി.

    ReplyDelete
  8. പുക കണ്ടപ്പോഴല്ലേ മനസ്സിലായുള്ളു,അല്ലെങ്കിലോ?...............
    ആശംസകള്‍

    ReplyDelete
  9. ശ്രീ വിജയകുമാര്‍,തങ്കപ്പന്‍ ചേട്ടന്‍,ശരിയാണ്.മൃതരായി ജീവിക്കുന്നവര്‍ക്ക് എങ്ങിനെ ആ അവസ്ഥയെ അതിജീവിക്കാന്‍ കഴിയും?നേരിട്ടറിയുമ്പോഴേ കപട ജീവികളെ തിരിച്ചറിയാന്‍ കഴിയൂ.

    ReplyDelete
  10. അങ്ങനെ പരസ്യമായിട്ട് ചെയ്യില്ലല്ലോ..........

    ReplyDelete
  11. അസ്സലായി.....ആശംസകള്‍............... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... സംസ്ഥാന ചലച്ചിത്ര അവാര്‍ഡു........ വായിക്കണേ.........

    ReplyDelete
  12. ഹഹഹ യുക്തിവാദം പുറത്ത് മാത്രം, തലയിൽ മുണ്ടിട്ട് അല്പം ഈശ്വര ധ്യാനമൊക്കെയാവാം :)

    ReplyDelete

Related Posts Plugin for WordPress, Blogger...