Sunday 14 October 2012

ശകുന്തള



 
    ശകുന്തള എന്നുകേള്‍ക്കുമ്പോഴേ കാളിദാസന്‍റെ ശകുന്തളയിലേക്കു നമ്മുടെ മനസ്സെത്തും. കാലില്‍ത്തറച്ച മുള്ളെടുക്കാനെന്നുള്ള വ്യാജേന ദുഷന്തനെ ഒളിഞ്ഞു നോക്കുന്ന ശകുന്തള. കള്ളവും ചതിയുമറിയാത്ത താപസകന്യക. അനസൂയയും പ്രിയംവദയും ഇരുപുറവും നിന്നു സ്നേഹം ചൊരിയുന്ന പ്രിയ സഖി. കാളിദാസന്‍റെ വിശ്വോത്തരനാടകം വായിച്ചിട്ടുള്ളവരുടെ മനസ്സിലേക്ക് അതിമനോഹരമായ ആ നാലാം അങ്കവും താത കണ്വന്‍റെ പാരവശ്യവും ഒക്കെ തിരയടിച്ചുവരാം.


 
     അത്രക്കൊന്നും അങ്ങോട്ടുപോയില്ലെങ്കിലും വയലാര്‍ രചിച്ചു യേശുദാസ് മനോഹരമായി ആലപിച്ച  
“ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍  ശകുന്തളേ നിന്നെ ഓര്മ്മ വരും” എന്ന പാട്ടെങ്കിലും നിങ്ങളുടെ മനസ്സിലേക്കോടി വരാതിരിക്കില്ല. അയലത്തെ പെണ്‍കുട്ടികളുടെ പേര് ചേര്‍ത്ത് നമ്മുടെ ചെറുപ്പക്കാര്‍ എത്ര ആവര്‍ത്തി ഇത് പാടിയിട്ടുണ്ടാകും.ഇനി നിങ്ങളല്‍പ്പം കുസൃതിക്കാരനാണെങ്കില്‍ തിക്കുറിശ്ശിയുടെ “ശങ്കുപ്പിള്ള കണ്ണിറുക്കുമ്പോള്‍.......”എന്ന പാട്ടാവും പെട്ടെന്നു നിങ്ങള്‍ക്കോര്‍മ്മ വരിക.

     പഴയ ശകുന്തളയുടെ കാര്യംപറഞ്ഞു വെറുതെ കാട് കേറുന്നില്ല.ഇതൊരു നാടന്‍ ശകുന്തളയാണ്.പ്രായം പതിനേഴല്ല.അറുപത്തിനാലു കഴിഞ്ഞു. നാലുവര്‍ഷം മുന്‍പാണ് കക്ഷി ഞങ്ങളുടെ വീട്ടില്‍ വന്നത്.അറുപതിലും സുന്ദരിയായിരുന്നു അവര്‍.ആ കണ്ണും ,മൂക്കും ആ മുഖവും ചെറുപ്പത്തില്‍ അവരെന്തായിരുന്നു എന്നു വിളിച്ചോതി.മകളുടെ കല്യാണം അടുത്തുവരുന്നു.അലക്കലും തുടയ്ക്കലും എല്ലാം കൂടി  തന്നെ ചെയ്യാന്‍ ശ്രീമതിക്ക് വയ്യ. ഓഫീസിലെ തിരക്കുകൊണ്ട് എനിക്കു ലീവെടുക്കാനും നിവര്‍ത്തിയില്ല. സഹായത്തിനൊരാളുവേണം. അങ്ങിനെ വന്നതായിരുന്നു ശകുന്തള. വീട് അടിച്ചുവാരി തുടക്കണം. തുണികള്‍ കഴുകണം. രണ്ടും അവര്‍ നന്നായി ചെയ്തു.

     രണ്ടു വീടുകളിലായിരുന്നു ശകുന്തള “സര്‍വ്വീസ്” ചെയ്തിരുന്നത്.പിന്നെ അത് നാലുവീടുകളില്‍ വരെയായി. കുഴപ്പം പറയരുതല്ലോ. അലക്കുപണികള്‍ അവര്‍ ഭംഗിയായിട്ടു ചെയ്തു. നാലുവീടുകളില്‍വരെ പോകേണ്ടപ്പോള്‍ അടിച്ചുവാരല്‍ ഒരല്‍പ്പം ഒരുവകയാവും.

     ശകുന്തളയുടെ ഭര്‍ത്താവ് പിണങ്ങി നടക്കുകയാണ്. വര്‍ഷങ്ങളായി അവരോടു മിണ്ടിയിട്ട്. മൂത്ത രണ്ടാണ്‍മക്കള്‍ വേറെയാണ് താമസം. ഒരുത്തന്‍ കല്‍പ്പണിക്കാരനാണ്.കോണ്‍ക്രീറ്റ് വീടുണ്ട്. സുഖമായ് ജീവിക്കുന്നു. മറ്റെ മകനും ഭേദപ്പെട്ട നിലയിലാണ്. അയാള്‍ തിരക്കുള്ള പ്ലംബറാണ്. അയാളുടെ ഒരു മകന്‍ ഗള്‍ഫിലുമാണ്. ഇളയമകനും കുടുംബവുമാണ് ശകുന്തളയോടൊപ്പം ലക്ഷം വീട്ടില്‍ താമസം. അയാളാണെങ്കില്‍ ചെറിയ പണികള്‍ക്കൊന്നും പോകില്ല. കൈ നനഞ്ഞാല്‍ ആയിരം രൂപയെങ്കിലും കിട്ടണം. ഒരു വിധം പണികള്‍ക്കൊന്നും അത്രയും കൂലി കിട്ടില്ല. അതുകൊണ്ടുതന്നെ അയാള്‍ മിക്കപ്പോഴും വീട്ടില്‍ കാണും. ഭാര്യയെയും പണിക്കു വിടില്ല. പെണ്ണുങ്ങള്‍ സമ്പാദിക്കാന്‍ തുടങ്ങിയാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല എന്നാണ് മൂപ്പരുടെ പക്ഷം. ഈ ചിന്താഗതിക്കാരെ ഞാന്‍ ധാരാളം കണ്ടിട്ടുണ്ട്. ഒട്ടു വളരെ ചെറുപ്പക്കാര്‍ പണിക്ക് പോകാതെ ചീട്ടുകളിച്ചും നാടന്‍ ചായക്കടകളിലിരുന്നു പരദൂഷണം പറഞ്ഞും സമയം പോക്കും.സാധാരണ പണികള്‍ക്ക് പോകുന്നത് ഇവര്‍ക്ക് നാണക്കേടാണ്. കള്ളത്തടി വെട്ടാനോ മണലൂറ്റാനോ പോകാന്‍ മടിയില്ല. അത് പക്ഷേ വല്ലപ്പോഴും ഉണ്ടാകുന്ന പണിയാണ്. കിട്ടുന്ന കൂലി സ്വന്തം ചെലവിന് തന്നെ തികയില്ല. ഭാഗ്യ ദോഷത്തിന് വല്ല കേസ്സിലും പെട്ടാലോ?. അതുവരെ കുടിച്ചത് മുഴുവന്‍ കക്കിയാലും പ്രശ്നം തീരില്ല. എന്നാലും താല്‍പര്യം അമിതമായ വേതനം കിട്ടുന്ന പണികള്‍ തന്നെ. ഫലത്തില്‍ അമ്മയും പെങ്ങമ്മാരും കുടുംബ ചെലവ് നടത്തണം. ഏതെങ്കിലും തരത്തില്‍ അമ്മക്ക് വയ്യാതാകുകയോ പെങ്ങമ്മാര്‍ വിവാഹിതരാവുകയോ ചെയ്താല്‍ പിന്നെ ഭാര്യ പണിക്കിറങ്ങേണ്ടി വരും. അങ്ങിനെ കൊണ്ടുവരുന്ന കാശില്‍ നിന്നു മദ്യപിക്കാനുള്ള വകയുണ്ടാക്കുന്നവരെയും കണ്ടിട്ടുണ്ട്.   ശകുന്തളക്കാണെങ്കില്‍ ഇളയ മോനോടു പൊരിഞ്ഞ സ്നേഹവും വാല്‍സല്യവുമാണ്. സര്‍വ്വീസ് ചെയ്യുന്ന വീടുകളുടെ എണ്ണം കൂടുന്നതും ജോലി കഴിഞ്ഞു തിരിച്ചു പോകാന്‍ വൈകുന്നതും ഒന്നും ആ അമ്മ കാര്യമാക്കില്ല.

     ഒരു ദിവസം ശകുന്തള വന്നില്ല. അന്യോഷിച്ചപ്പോളാണ് അറിയുന്നതു, അവരുടെ ഭര്‍ത്താവ് മരിച്ചു. ഇരുപതു വര്‍ഷമായി അവരോടു മിണ്ടാത്ത ആളാണെങ്കിലും, ഭര്‍ത്താവാണ്. അവരുടെ മൂന്നു മക്കളുടെ അച്ഛനാണ്.പോരെങ്കില്‍ ആ വീട് അയാളുടെ പേരിലാണ്. സാമാന്യ മര്യാദക്ക് ആ വീട് വരെ ഒന്നു പോകാമെന്ന് കരുതി. അപ്പോഴാണറിയുന്നത് ബോഡി വീട്ടിലേക്ക് കൊണ്ടുവരുന്നില്ല. അയാള്‍ സെക്യൂരിറ്റി ആയി ജോലി ചെയ്യുന്നിടത്ത് വെച്ചാണ് മരണം. അവിടുന്നു നേരെ ശ്മശാനത്തിലേക്ക് എടുക്കുകയാണ്.വീട്ടില്‍ കൊണ്ടുവന്നാല്‍ മറ്റ് മക്കള്‍ സഹകരിക്കില്ല.

     മൂന്നാം നാള്‍ അവര്‍ ജോലിക്കു വന്നു. മരിച്ച ആളോടു സ്നേഹമൊന്നും ബാക്കിയില്ല. കാരണം എത്രയോ കാലമായി അയാള്‍ അവരുടെ മനസ്സിലില്ല. പക്ഷേ ആ മരണം പ്രശ്നങ്ങള്‍ ഉണ്ടാക്കി.മൂത്ത മക്കള്‍ക്ക് രണ്ടു പേര്‍ക്കും  വീടിന്‍റെ വീതം വേണം.അച്ഛന് അവരോടായിരുന്നു കൂടുതല്‍ സ്നേഹം. അച്ഛന്‍റെ സമ്പാദ്യത്തിന്‍റെ വീതം കിട്ടാന്‍ പഞ്ചായത്തിലും ബാങ്കിലും ഒക്കെ കയറി ഇറങ്ങാന്‍ തുടങ്ങി.ഒന്നും ഏല്‍ക്കുന്നില്ല എന്നു മനസ്സിലായപ്പോള്‍ അവര്‍ക്ക് പണി കൊടുക്കരുത് എന്ന ആവശ്യവുമായി എന്‍റെ വീട്ടിലുമെത്തിയ രണ്ടാമനെ ഞാന്‍ ഓടിച്ചു വിട്ടു. എത്ര അടുത്തതും ഊഷ്മളവുമായ ബന്ധമാണെങ്കിലും ശിഥിലമാകാന് നിസ്സാര കാരണങ്ങള്‍ മതി .ഒരു നിമിഷം മതി.

     മറ്റ് വീടുകളെയും അവിടുത്തെ മനുഷ്യരെയും കുറിച്ചു അറിയുന്നതു ശകുന്തള വഴിയാണ്. മജീദ്ക്കയുടെ വീട്ടിലെ, നരിമറ്റത്തെ ഒക്കെ വിവരങ്ങളറിയുന്നതും  അങ്ങിനെ അവരെയൊക്കെ മനസ്സില്‍ പരിചയപ്പെടുന്നതും ശകുന്തള വഴി ശ്രീമതിയിലൂടെയാണ്. അവരൊക്കെ നേരത്തെ അവിടെയുണ്ടായിരുന്നു. കാണുമ്പോള്‍ ചിരിക്കുമായിരുന്നു. പക്ഷേ അന്യോന്യം ഒന്നും അറിയില്ലായിരുന്നു. പക്ഷേ ഇപ്പോഴിപ്പോള്‍ തമ്മില്‍ കാണുമ്പോള്‍ ഞങ്ങള്‍ ചിരിക്കുക മാത്രമല്ല എന്തെങ്കിലും രണ്ടു വാക്ക് പറയാനും തുടങ്ങി. ശകുന്തളയുടെ സംഭാവനയായിരുന്നു ഈ സൌഹൃദം.     നഗരത്തില്‍ വീടുകള്‍ തമ്മിലും മനുഷ്യര്‍ തമ്മിലും ഗ്രാമങ്ങളിലെപ്പോലെ  കൂടുതല്‍ അടുത്ത ബന്ധമില്ല. ഒന്നാമത് തിരക്ക് പിടിച്ച നഗര ജീവിതത്തില്‍ ആര്‍ക്കും അതിനു സമയമില്ല. അല്ലെങ്കില്‍ താല്പര്യമില്ല. ശകുന്തള  പക്ഷേ ആരുടേയും കുറ്റം പറയില്ല. എല്ലാവരുടെയും നല്ല കാര്യങ്ങളെ അവരുടെ നാവില്‍ നിന്നു വരൂ. അത് കൊണ്ടുതന്നെ നമ്മളെക്കുറിച്ച് മറ്റുള്ളവരുടെ അടുത്ത് പരദൂഷണം പറയില്ല എന്നു കരുതാം.

     അങ്ങിനെയിരിക്കെ ശകുന്തളക്ക് നഗരത്തിലെ ഒരു ഡോക്റ്ററുടെ വീട്ടില്‍ പണി കിട്ടി. രാവിലെ ഒന്‍പതിന് ചെല്ലണം.മൂന്നരക്ക് തിരിച്ചു പോരാം. വേതനം, നാലു വീടുകളില്‍ നിന്നു  കിട്ടുന്ന അത്രയും ലഭിക്കില്ല.പക്ഷേ കഷ്ടപ്പാടില്ല. നാലു വര്‍ഷത്തെ അത്യദ്ധ്വാനം അവരെ ആകെ വയസ്സിയാക്കി മാറ്റിയിരുന്നു.അവര്‍ പോകുന്നത് ഞങ്ങള്‍ക്കൊക്കെ നഷ്ടമാണ്. സാരമില്ല. ഈ പ്രായത്തില്‍ ഇപ്പോഴത്തെ രീതിയില്‍ അവര്‍ക്ക് അധികം മുന്നോട്ട് പോകാന്‍ കഴിയില്ല.

     മൂന്നാല് മാസത്തിനു ശേഷം ശകുന്തളയെ കണ്ടപ്പോള്‍ സന്തോഷം തോന്നി. അവരല്‍പ്പം നന്നായിട്ടുണ്ട്. ഒരു കാര്യത്തിലെ വിഷമം തോന്നിയുള്ളൂ. ശകുന്തളയിലൂടെ, അയല്‍ക്കാരുമായി ഉണ്ടായ സൌഹൃദം മുരടിച്ചു പോയി. ഞങ്ങള്‍ ഇപ്പോള്‍ അന്യോന്യം ഒന്നുമറിയുന്നില്ല. കാണുമ്പോള്‍ ഒന്നു ചിരിച്ചു എന്നു വരുത്തിയാലായി. സംസാരിക്കാനോ ഊഷ്മള സൌഹൃദം പ്രകടിപ്പിക്കാനോ പറ്റുന്നില്ല. ശകുന്തളയുടെ അഭാവം വരുത്തിയ നഷ്ടം.

     കഴിഞ്ഞ ദിവസം ശകുന്തള വന്നിരുന്നു. അവര്‍ പണി അന്യോഷിച്ചു വന്നതാണ്. അല്‍പ്പം അകലെ മൂന്നു സെന്‍റ് സ്ഥലം വാങ്ങാന്‍ ചാന്‍സ് ഒത്തു  വന്നിട്ടുണ്ട്.പറ്റിയാല്‍ അത് വാങ്ങണം. അതിനു ഇപ്പോള്‍ കിട്ടുന്ന വരുമാനം പോരാ. പണിക്കു നാലരക്ക് മുന്‍പ് എത്താം. പഴയ പോലെ അടിക്കലും തുടക്കലും അലക്കും എല്ലാം ചെയ്യാം. പറയുന്നതു പോലെയൊന്നും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ലെന്ന് ഞങ്ങള്‍ക്കറിയാം. എന്നാലും എല്ലാവരും അവര്‍ക്ക് പണി കൊടുത്തു. നാലു നാലരക്ക് വരുന്ന അവര്‍ ആറേ കാലോടെ തിരിച്ചു പോകും. ഒന്നര കിലോമീറ്റര്‍ നടന്നാലെ അവരുടെ വീടെത്തൂ.

     ശകുന്തളയുടെ വരവോടെ ഞങ്ങള്‍ അയല്‍പക്കംകാര്‍ തമ്മില്‍ വീണ്ടും കൂടുതല്‍ അറിയാന്‍ തുടങ്ങിയോ എന്നൊരു സംശയം.   ഞങ്ങളുടെ ഇടയില്‍  സൌഹൃദത്തിന്‍റെ പുഞ്ചിരി വിരിയാന്‍ തുടങ്ങി. ഊഷ്മളമായ സൌഹൃദങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ കാത്തിരിക്കാനും തുടങ്ങി......

23 comments:

  1. നന്നായിരിക്കുന്നു. ശകുന്തളയുടെ പോലെ നല്ല മനസ്സുള്ളവർ ഉണ്ടാകുന്നത് കൊന്റാനു ഇന്നും ഈ ലോകം നിലനിൽക്കുന്നത്.

    ReplyDelete
    Replies
    1. മുല്ല,ഈ ആദ്യ കമന്‍റിനു പ്രത്യേകം നന്ദി.

      Delete
  2. ഇത്തരം സ്വഭാവമഹിമയുള്ള ശകുന്തളമാരെ കണ്ടുകിട്ടാന്‍ ഇക്കാലത്ത് വിഷമമാണ്.
    സാധാരണ അപ്പുറത്തെ കുറ്റങ്ങളും,കുറവുകളും
    ഇപ്പുറത്ത് പറഞ്ഞ് മുതലെടുപ്പ് നടത്താന്‍ തല്പരരാണ്
    പലരും.അങ്ങനെയുള്ളവരെ വേഗം തിരിച്ചറിയും.
    അകറ്റി നിര്‍ത്തും.
    നന്നായിരിക്കുന്നു അനുഭവക്കുറിപ്പ്.
    ആശംസകള്‍

    ReplyDelete
    Replies
    1. ആ സ്വഭാവത്തിന്‍റെ പ്രത്യേകത കൊണ്ടാണ് എല്ലാവരും അവര്‍ക്ക് വീണ്ടും ജോലി കൊടുത്തത്.പക്ഷേ ഈ അത്യധ്വാനം അവര്‍ എത്രകാലം തുടരും?

      Delete
  3. നന്മകള്‍ നശിച്ചിട്ടില്ലാത്ത ചിലരെങ്കിലും അവശേഷിക്കുന്നു എന്ന് കേള്‍ക്കുന്നതില്‍ സന്തോഷമുണ്ട്.
    അകല്‍ച്ച ഇപ്പോള്‍ ഗ്രാമങ്ങളിലും കൂടി വരുന്നു.

    ReplyDelete
    Replies
    1. ശരിയാണ് റാംജി,ഗ്രാമവും ഗ്രാമസ്വഭാവങ്ങളും അന്യം നിന്നുകൊണ്ടിരിക്കയാണ്.പെന്‍ഷനായപ്പോള്‍ ഗ്രാമത്തില്‍ താമസമാക്കിയാലോ എന്നു ആലോചിച്ചതാണ്.പക്ഷേ ഗ്രാമത്തില്‍ വീടുള്ള ഒരു പത്ര പ്രവര്‍ത്തക സുഹൃത്ത് ശക്തിയായി എതിര്‍ത്തു.അയാളുടെ വാദമുഖങ്ങള്‍ അവഗണിക്കാന്‍ തോന്നിയില്ല.

      Delete
  4. നന്മയുടെ അംശം ഇനിയും ഈ മണ്ണില്‍ ബാക്കി....
    ആശംസകള്‍..

    എനിക്കുമുണ്ടൊരു ബ്ലോഗ്‌... വന്നു കണ്ടു അഭിപ്രായം പറയണം... ചങ്ങാതി ആകാനും ശ്രമിക്കുക...
    www.vinerahman.blogspot.com

    ReplyDelete
    Replies
    1. നന്ദി,വിനീത് വാവ.ബ്ലോഗില്‍ ഞാന്‍ എത്തുന്നുണ്ട്.

      Delete
  5. Sakunthalammaye orikkal kandittund.Oru punchiry eppozum kanam.God bless her.Avarodu adhikam joly venda makanodu poiy paniyedukkan
    parayanam.Ammayude kastappad kanan kaziyathavan makanano? Mary.

    ReplyDelete
  6. മേരി പ്രത്യേകം നന്ദി.ജി മെയില്‍ ഉപയോഗിച്ചും എഴുതാം.ശകുന്തളാമ്മയുടെ കാര്യം-ഓരോരുത്തര്‍ക്കും അവരവരുടെ വിധിയുണ്ട്.രക്ഷയില്ല.(മൈക്രോസോഫ്റ്റ് indic ലാംഗ്വേജ് ഡൌണ്‍ ലോഡ് ചെയ്താല്‍,അല്ലെങ്കില്‍ google transiltrator ഡൌണ്‍ ലോഡ് ചെയ്താല്‍ മലയാളത്തില്‍ എഴുതാം)

    ReplyDelete
  7. ജീവിതയാത്രയില്‍ ഇങ്ങനെ പലരെയും നമ്മള്‍ കണ്ടുമുട്ടും.ചിലര്‍ നമ്മെ ഒന്ന് സ്പര്‍ശിക്കാതെ പോവില്ല, മനസ്സില്‍ നിന്നും പടിയിറങ്ങാന്‍ മടി കാണിക്കും ....സസ്നേഹം

    ReplyDelete
  8. യാത്രികന്‍,ഈ ആദ്യ വരവിന് പ്രത്യേകം നന്ദി.

    ReplyDelete
  9. നമുക്കിടയിൽ സൌഹൃദത്തിന്‍റെ പുഞ്ചിരി
    വിരിയിക്കുവാൻ ഇത്തരം ശകുന്തളമാർ അനേകം
    ഉണ്ടാകുമാറാകട്ടേ.. അല്ലേ ഭായ്
    നന്നായി അവതരിപ്പിച്ചിറ്റുണ്ട്ട്ടാ‍ാ

    ReplyDelete
  10. താങ്കളുടെ വാക്കുകള്‍ എനിക്കു പ്രചോദനം തരുന്നു.ആത്മ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.

    ReplyDelete
  11. ഇതു പോലെയുള്ള മനുഷ്യർ എന്നും അത്ഭുതമാണ്.

    നഗരത്തിലുള്ളവർക്കും ഗ്രാമത്തിലുള്ളവർക്കും വീടു വീടാന്തരം ന്യൂസുകൾ എത്തിച്ച് കൊടുക്കുന്നവരെ പെട്ടെന്ന് ഇഷ്ടമാകും ;)

    വെട്ടത്താൻ ചേട്ടന്റെ അനുഭവങ്ങളിൽ നിന്നുള്ള ഏടുകൾ ഇനിയും പോരട്ടെ.

    ReplyDelete
    Replies
    1. മറ്റുള്ളവരുടെ കുറ്റം പറയാതുള്ള അവരുടെ രീതി ആകര്‍ഷകമായി തോന്നി.(എഴുത്തു എങ്ങിനെ?)

      Delete
  12. ഈ തലമുറയിലെ അവശേഷിക്കുന്ന ചില കണ്ണികള്‍.,

    .....അടുത്ത കാലം ആലോചിച്ചു തല പുണ്ണക്കേണ്ട! വല്ലകാലത്തും മക്കള്‍ക്ക്‌ തള്ളയെ ഒന്നു വന്നു കാണാന്‍ മതെര്സ് ഡേയ് എങ്കിലും ഉണ്ട്. തന്തമാരുടെ കാര്യമാ.......?

    ReplyDelete
    Replies
    1. അല്ലേലും തള്ളമാര്‍ക്ക് പൊതുവേ ഡിമാണ്ടാണ്.അവര്‍ യൂറോപ്പിലും,അമേരിക്കയിലും,ആസ്ത്രേലിയയിലുമൊക്കെ പോയി പിള്ളേരെ നോക്കുന്നു.തന്തമാരുടെ കാര്യം സ്വാഹാ...

      Delete
  13. സാര്‍ പങ്കുവയ്ക്കുന്നത് പോലെ നഗരങ്ങളില്‍ അയല്‍വക്ക സ്നേഹം തീരെ ഇല്ലാണ്ടായിവുരുകയാണ് . അപ്പുറതാരക്കെയാ എന്ന് പോലും അറിയാന്‍ മേലാത്ത ഒരു സ്ഥിതിഗതിയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത് . അപ്പുറത്തെ കാര്യം ഇപ്പുറത്തും ഇപ്പുറത്തെ കാര്യം അപ്പുറത്തും ചെയ്യുന്നു പറയുന്നത് നല്ല കാര്യം അല്ലാ എങ്കില്‍ കൂടെ നല്ലതായതൊകെ കടന്നു പോകുന്നതില്‍ സന്തോഷം സ്നേഹാശംസകള്‍

    ReplyDelete
    Replies
    1. പുണ്യവാളാ,തിരക്കിനിടയിലും ഇതുവഴിവന്നതിന് പ്രത്യേകം നന്ദി.റെസിഡെന്‍സ് അസോസ്യേഷനുകള്‍ നഗരവാസികളെ കൂടുതല്‍ അടുപ്പിക്കാന്‍ വഴിയൊരുക്കുന്നുണ്ട്.മാലിന്യ നിര്‍മ്മാജ്ജനത്തിലും അസോസ്യേഷനുകള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയും.

      Delete
    2. സാറിന്റെ ഈ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു കൂടുതല്‍ സഹകരണത്തോടെ പുതിയ പാതകള്‍ മാതൃകകള്‍ സൃഷ്ടിക്കാന്‍ ഇടവരട്ടെ എന്നാശിക്കുന്നു പ്രാര്‍ഥിക്കുന്നു

      Delete
  14. ശകുന്തളയെക്കുരിച്ചുള്ള ഈ എഴുത്ത് വളരെ ഭംഗിയായി. അഭിനന്ദനങ്ങള്‍. അവരുടെ നന്മയെ പരിചയപ്പെടുത്തിയത് ഒന്നാന്തരമായി.

    ReplyDelete
  15. ശകുന്തളയെപ്പോലുള്ള ആളുകളെ കിട്ടുക ഈ കാലത്ത് വളരെ പ്രയാസമാണ് ...അടുത്തുള്ള ആളുകളെ കാണുമ്പോള്‍ ഒരു ചെറു പുഞ്ചിരി അല്ലേല്‍ ഒരു ഹായ് പറഞ്ഞു പോകുകയാണ് പലരും കാരണം മറ്റൊന്നുമല്ല എല്ലാരും തിരക്കുള്ളവര്‍ ആണ് ...പിന്നെ എന്തേലും പരുപാടികള്‍ വരണം എല്ലാരും ഒന്ന് ഒത്തുകൂടാനും , സ്നേഹം പങ്കിടാനും ഒക്കെ ..!

    ReplyDelete

Related Posts Plugin for WordPress, Blogger...