Tuesday 4 December 2012

ഒരു അള്‍ത്താര ബാലന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍.




     യൌസേഫ് പിതാവിന്‍റെ തിരുനാളാണ്. ചടങ്ങുകള്‍ക്കിടയില്‍ യൌസേഫ് പിതാവ് ഉണ്ണി ഈശോയേ എടുത്തിരിക്കുന്ന പ്രതിമ  ആഘോഷമായി പ്രതിഷ്ഠിക്കുന്ന ചടങ്ങ് നടക്കുന്നു. വലിയ അള്‍ത്താരയില്‍ വെച്ചിരിക്കുന്ന രൂപം പ്രാര്‍ഥനയുടെ അകമ്പടിയോടെ വൈദീകന്‍ ചെറിയ അള്‍ത്താരയിലേക്ക് എടുത്തു കൊണ്ട് പോകുകയാണ്. പെട്ടെന്നു വിശ്വാസികളുടെ ഇടയില്‍ ഒരു ചിരി പടര്‍ന്നു. ഉണ്ണി ഈശോയുടെ തല പ്രതിമയില്‍ നിന്നടര്‍ന്ന് കാര്‍പ്പറ്റിലൂടെ ഉരുണ്ടു പോയി. ഇതറിയാതെ കപ്യാര്‍ കുര്യന്‍ ചേട്ടന്‍ തന്‍റെ പരുപരുത്ത ശബ്ദത്തില്‍ പാട്ട് തുടരുന്നു. കുന്നപ്പള്ളി അച്ചന് ക്ഷോഭം കൊണ്ട് കണ്ണു കാണാതായി. കപ്യാരെ കൈ കാട്ടി വിളിച്ച് ആ വൃദ്ധന്‍റെ ചെവി പിടിച്ച് തിരിച്ചു, അച്ചന്‍ ആ ക്ഷോഭം തീര്‍ത്തു. ചെവി തിരുമ്മിക്കൊണ്ട് തെറിച്ചു പോയ ഉണ്ണി ഈശോയുടെ തല തപ്പിയെടുത്തു കുര്യന്‍ ചേട്ടന്‍. അത് പതുക്കെ കഴുത്തിന് മുകളില്‍ വെച്ചു. ചടങ്ങുകള്‍ വീണ്ടും ഭക്തി നിര്‍ഭരമായി.


    എനിക്കു ഒരേ സമയം ചിരിയും ഭയവുമുണ്ടായി. ഞങ്ങള്‍ എട്ട് കുട്ടികള്‍ അള്‍ത്താര ബാലന്മാരാകാനുള്ള പരിശീലനത്തിലാണ്. പത്തു-പന്ത്രണ്ടു പ്രായ പരിധിയിലുള്ള എട്ട് കുട്ടികള്‍. 1960-61 കാലഘട്ടമാണ്. അന്ന് സുറിയാനി കത്തോലിക്കരുടെ കുര്‍ബ്ബാനയും ആരാധനയുമെല്ലാം സുറിയാനിയിലാണ്. തമ്പുരാനോട് മലയാളത്തില്‍ ഒന്നു പ്രാര്‍ത്ഥിക്കാന്‍ നിവര്‍ത്തിയില്ല. ലത്തീന്‍ കാരുടെ കൂര്‍ബ്ബാന ലത്തീനിലാണ്. സുറിയാനി അല്ലെങ്കില്‍ ലത്തീനില്‍ പ്രാര്‍ത്ഥിച്ചാലെ ദൈവ സന്നിധിയിലെത്തൂ. കൂര്‍ബ്ബാനക്ക് സഹായിക്കാനുള്ള പാഠങ്ങള്‍ വികാരിയച്ചനാണ് പഠിപ്പിക്കുന്നത്. അതിനു പുസ്തകമുണ്ട്. മലയാളം ലിപിയില്‍ എഴുതി വെച്ചിരിക്കുന്ന സുറിയാനി പ്രാര്‍ഥനകള്‍ അച്ഛന്‍ വായിച്ചു പഠിപ്പിക്കും. തുടക്കത്തിലെ വികാരിയച്ചന്‍ പറഞ്ഞു. “മക്കളെ നിങ്ങളെ ദൈവം തിരഞ്ഞെടുത്തതാണ് ,ദൈവത്തിനു ഇഷ്ടമുള്ള കുട്ടികളായി വളരണം. പാപങ്ങളില്‍ നിന്നും പാപ സാഹചര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം” എന്‍റെ സ്റ്റോക്കില്‍ കുറച്ചു പാപങ്ങളെ ഉള്ളൂ. ഇടക്കിടക്ക് കുമ്പസാരിച്ചു ഞാന്‍ പാപ മോചനം നേടാറും ഉണ്ട്. എല്ലാ പ്രാവശ്യവും ഒരേ പാപങ്ങളാണ്.   “നുണ പറഞ്ഞിട്ടുണ്ട്, പള്ളിയില്‍ ഇരുന്നു വര്‍ത്തമാനം പറഞ്ഞിട്ടുണ്ട് (എത്ര ശ്രമിച്ചാലും അതൊഴിവാക്കാന്‍ സാത്താന്‍ സമ്മതിക്കില്ല) ,അനുസരണക്കേട് കാണിച്ചിട്ടുണ്ട്.” ഇടക്ക് അമ്മയറിയാതെ അടുക്കളയില്‍ നിന്നു ഓരോന്ന് എടുത്തു തിന്നുന്നത് ചിലപ്പോള്‍ പറയും. എപ്പോഴും പറഞ്ഞാല്‍ അച്ചന്‍ എന്തു കരുതും?

    അല്‍പ്പം മുതിര്‍ന്ന ചിലരും ഞങ്ങളുടെ കൂടെയുണ്ട്. ഇടക്ക് ഞങ്ങളുടെ തലയ്ക്ക് ഒന്നു കിഴുക്കാന്‍ മടിയില്ലാത്തവര്‍. ഒരു വൈകുന്നേരം പഠിക്കാന്‍ ഞങ്ങള്‍ പള്ളിയില്‍ ചെന്നു. ആരോ സന്ദര്‍ശകരുണ്ടായത് കൊണ്ട് ഞങ്ങളോടു സങ്കീര്‍ത്തിയില്‍ കാത്തിരിക്കാന്‍ പറഞ്ഞു അച്ചന്‍. അന്ന് കൂര്‍ബ്ബാനക്കുള്ള ഡ്രസ്സുകളൊക്കെ ധരിച്ചു ഒരുങ്ങുന്നത് സങ്കീര്‍ത്തിയിലാണ്. ഞങ്ങള്‍ കൂട്ടം കൂടി വര്‍ത്തമാനം പറഞ്ഞു നിന്നു. പെട്ടെന്നു ഒരു ശബ്ദം കേട്ടു തിരിഞ്ഞു നോക്കുമ്പോള്‍ വര്‍ക്കി ഒരു സ്നേഹ പ്രകടനത്തില്‍  ആണ്. പിറ്റെന്നു പെരുന്നാളിന് ഉപയോഗിക്കേണ്ട യൌസേഫ് പിതാവിന്‍റെ രൂപം വര്‍ക്കി വൃത്തിയാക്കാന്‍ തുടങ്ങി. എന്‍റെ ഉണ്ണീശോയെ എന്നു വിളിച്ച് വര്‍ക്കി ഉണ്ണീശോയുടെ രൂപത്തിനൊരു ഉമ്മ കൊടുത്തു. അടുത്ത നിമിഷം ഉണ്ണീശോയുടെ തല വര്‍ക്കിയുടെ വായ്ക്കുള്ളിലായി. ഷോ കഴിഞ്ഞു നോക്കുമ്പോള്‍ ഉണ്ണീശോയുടെ തല നിലത്തു കിടക്കുന്നു. ഞങ്ങളാകെ പേടിച്ച് പോയി. വര്‍ക്കി വേര്‍പെട്ടു പോയ തല പ്രതിമയില്‍ ചേര്‍ത്തു വെച്ചു ആരോടും പറയരുതു എന്നു ഞങ്ങളോടു കെഞ്ചി.

    ആദ്യമായി കുര്‍ബ്ബാനക്ക് സഹായിച്ച അന്ന് അപ്പന്‍ (എന്‍റെ ചാച്ചന്‍റെ അപ്പന്‍ ) എന്നെയും കൂട്ടി ജവുളിക്കടയില്‍ പോയി ഒരു വെള്ളമുണ്ട് മേടിച്ചു തന്നു. പൊതുവേ ഭക്തി കാണിക്കുന്നതില്‍ അല്‍പ്പം പിശുക്കുള്ളതാണ് ഞങ്ങളുടെ കുടുംബം. കുടുംബത്തില്‍ തലമുറകളായി തന്നെ വൈദീകര്‍ ആരും ഇല്ല. വിശ്വാസികളാണ്. പള്ളിയില്‍ പോകുകയും കര്‍മ്മങ്ങളില്‍ പങ്കുകൊള്ളുകയും ഒക്കെ ചെയ്യും. വൈദീകരും കന്യാസ്ത്രീകളും ആയി നല്ല ബന്ധവുമാണ്. പക്ഷേ പള്ളിയില്‍ പോയാല്‍, കൂര്‍ബ്ബാന കഴിഞ്ഞാല്‍, നേരെ വീട്ടില്‍ എത്തണം എന്നാണ് ഓര്‍ഡര്‍. ഒരു റോഡിന്‍റെ എതിര്‍ വശങ്ങളിലാണ് പള്ളിയും ഞങ്ങളുടെ പറമ്പും.
   
    നീണ്ട ഏഴു വര്‍ഷം ഞാനൊരു അള്‍ത്താര ബാലനായിരുന്നു. ആ കാലഘട്ടം അവസാനിക്കുമ്പോഴേക്കും ഞാനൊരു വിശ്വാസിയല്ലാതായി മാറിയിരുന്നു. കഥകള്‍ വായിക്കുന്നതിന് ഒപ്പം തന്നെ വിമര്‍ശനപരമായ ധാരാളം പുസ്തകങ്ങളും വായിച്ചു.  സംശയങ്ങള്‍ കൊണ്ട് ഞാന്‍ വീര്‍പ്പ് മുട്ടി. എന്‍റെ സംശയങ്ങള്‍ക്ക് തൃപ്തികരമായ മറുപടി ഒരിടത്ത് നിന്നും കിട്ടിയില്ല. സഭയെ സംബന്ധിച്ചിടത്തോളം     ഭൂരിപക്ഷം വൈദീകരും വൈദീകവൃത്തിയെ ഗൌരവതരമായി കാണുന്നില്ല എന്നു എനിക്കു തോന്നി. അവരില്‍ പലരും വളരെ നല്ല മനുഷ്യരായിരുന്നു. പലരുടേയും ജീവിതം സേവനത്തിന് വേണ്ടി ഉഴിഞ്ഞു വെച്ചതുമായിരുന്നു. അമ്പതുകളിലും  അറുപതുകളിലും   മലബാറിലെ കുടിയേറ്റഗ്രാമങ്ങളില്‍ അവര്‍ നടത്തിയ സേവനം ആര്‍ക്കും മറക്കാന്‍ കഴിയുന്നതല്ല. അവരുടെ വിശ്വാസം പക്ഷേ യുക്തിഭദ്രമായി തോന്നിയില്ല.

    ഏഴാം തരത്തില്‍ പഠിക്കുമ്പോള്‍ എന്നെ വൈദീകനാക്കാന്‍ ഒരു ശ്രമം നടന്നു. ഞങ്ങളുടെ അയല്‍വാസിയായ ഒരു ചെറുപ്പക്കാരന്‍ സെമിനാരിയിലുണ്ടായിരുന്നു. അദ്ദേഹം എനിക്കു കത്തുകളെഴുതാന്‍ തുടങ്ങി. എല്ലാം ഉപദേശങ്ങളാണ്. അവിടെ തൊടരുത്, ഇവിടെ തൊടരുതു, അതെല്ലാം പാപമാണ് എന്നതായിരുന്നു ലൈന്‍. കത്ത് വായിച്ച അമ്മ “നീ ഇനി അവന് കത്തെഴുതേണ്ട” എന്നു വിലക്കിയതോടെ എന്‍റെ ദൈവ വിളി അവസാനിച്ചു.

    അവിശ്വാസികളും യുക്തിവാദികള്‍ എന്നു പറയുന്നവരും   പലപ്പോഴും വിശ്വാസികളെപ്പോലെ തന്നെ അന്ധ വിശ്വാസികളാണ് എന്നതാണു എന്‍റെ അനുഭവം. പലരും ഗ്രൂപ്പുകളുടെയും ക്ലിക്കുകളുടെയും ഭാഗമാണ്. ജനനം കൊണ്ട് ഒരാള്‍ ഒരു വിശ്വാസത്തിന്‍റെ ഭാഗമാകുന്നതുപോലെ സൌഹൃദത്തിന്‍റെയും രാഷ്ട്രീയ ധാരണകളുടെയും ബലത്തില്‍ ഒരാള്‍ യുക്തിവാദിയുടെ പട്ടം അണിയുന്നു, അണിയുന്നതായി ഭാവിക്കുന്നു. യുക്തിഭദ്രമായ ഒരു ചിന്താ ശൈലി രണ്ടിടത്തും കുറവാണ്. യുക്തിപൂര്‍വ്വം ചിന്തിക്കുന്നവന്‍റെ ഒരു ഗതികേട് അവന്‍ ഒരു ഗ്രൂപ്പിലും പെടുന്നില്ല എന്നതാണു. മിക്കവാറും അയാള്‍ കൂട്ടം തെറ്റിയ ഒരുവനാവും.

    അള്‍ത്താര ബാലന്‍റെ കാര്യം പറഞ്ഞാണ് തുടക്കം. എട്ടുപേരില്‍ ചാക്കോ മാത്രം വൈദീകനായി. ഇപ്പോള്‍ ഇംഗ്ലണ്ടില്‍ ഏതോ മഠത്തില് സേവനം ചെയ്യുന്നു. ആ ശമ്പളം കൊണ്ട് അടുത്ത കാലത്ത് നാട്ടില്‍ ഭേദപ്പെട്ട ഒരു വീട് വെച്ചു. ഞാന്‍, വിശ്വാസക്കാര്യത്തില്‍,   എന്താണ്  ഏതാണ് എന്നു ഒരുറപ്പുമില്ലാതെ ജീവിതം തള്ളി നീക്കുന്നു. വര്‍ക്കി ഏഴാം ക്ളാസ്സില്‍ വെച്ചു പഠിപ്പ് നിര്‍ത്തി .പിന്നീട് വിപ്ലവപ്പാര്‍ട്ടിക്കാരനായി. ഇടക്ക് നിഘണ്ടു വെച്ചു മൂലധനം പഠിക്കുന്നു എന്നു കേട്ടിരുന്നു. ഒരു കേസ്സില്‍ പെട്ട് അപ്പനുണ്ടാക്കിയ സ്വൊത്തൊക്കെ കളഞ്ഞു കുളിച്ചു. ഇപ്പോള്‍ പുറത്തിറങ്ങാറില്ല.


വെട്ടത്താന്‍
http://vettathan.blogspot.com

24 comments:

  1. >>ഞാന്‍,വിശ്വാസക്കാര്യത്തില്‍, എന്താണ് ഏതാണ് എന്നു ഒരുറപ്പുമില്ലാതെ ജീവിതം തള്ളി നീക്കുന്നു.<<

    ഏതാണ്ട് മിക്കവാറും എല്ലാപേരുടെയും കാര്യം ഇതെപോലെയാണ്.. വിശ്വാസത്തിനും അവിശ്വാസത്തിനും ഇടക്കുല്ല ഒരു നൂല്പ്പ്ലതിലാണ് ജീവിതം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. വേണ്ടപ്പോള്‍ ദൈവത്തെ വിളിക്കുകയും ആവശ്യമില്ലാതെ ഇരിക്കുമ്പോള്‍ ദൈവത്തെ മറന്നു ജീവിക്കയും ചെയ്യുന്നവാനാണ് സാധാരണ മനുഷ്യന്‍ .

    ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ പണ്ട് പ്രീ ഡിഗ്രീ കാലം ഓര്‍മ്മ വന്നു .അന്ന് കൂട്ടത്തില്‍ അച്ചന്‍ പട്ടത്തിനു പഠിക്കുന്ന അഞ്ചു പേര്‍ ഉണ്ടായിരുന്നു. ഒരാള്‍ മാത്രം കൂട്ടം തെറ്റി, സിനിമാ, പുകവലി (ഇന്നത്തെ പോലെ അല്ല അന്ന് മദ്യപാനം ഒക്കെ പ്രീടിഗ്രിക്കാര്‍ക്ക് പേടിയാണ് ) ക്ലാസ്സ്‌ കട്ട് ചെയ്തു പെണ്ണുങ്ങളെ വായിനോട്ടം എന്നീ കലാ പരിപാടികള്‍ക്ക് പോകുന്നതിനാല്‍, കന്നുകാലി അച്ചന്‍ എന്ന് ഞങ്ങള്‍ വിളിച്ചിരുന്നു. കന്നുകാലി അച്ചനെ പറ്റി ആവട്ടെ, പുതുവര്‍ഷത്തിലെ എന്റെ അടുത്ത പോസ്റ്റ്‌..



    വെട്ടത്താന്‍ സാറിനു ക്രിസ്മസ് ആശംസകള്‍..


    ReplyDelete
    Replies
    1. സന്തോഷം,ഒരു ബ്ലോഗിന് ഞാന്‍ കാരണമാവുന്നല്ലോ.

      Delete
  2. palliyumaayittilla changaatham, cheruppathiley nostalgia, ellvarkkum undaakum itharam anubhavam.any way it is good..

    ReplyDelete
  3. അൾത്താര ബാലന്റെ അനുഭവങ്ങൾ ഹ്രുദ്യമായി!!
    തുടർന്നും പോരട്ടെ വിശേഷങ്ങൾ!
    എല്ലാ ഭാവുകങ്ങളും!!

    ReplyDelete
  4. വായിക്കാന്‍ വിട്ടുപോയ വളരെ കുറച്ചു പോസ്റ്റ്‌ ഇന്നാണ് വായിക്കാന്‍ സാധിച്ചത് ..ഓര്‍മ്മയിലെ എല്ലാ വിശേഷങ്ങളും ഇനിയും പോരട്ടെ ...!

    ReplyDelete
    Replies
    1. കൊച്ചുമോള്‍, ബ്ലോഗുകള്‍ വായിച്ചു അഭിപ്രായം എഴുതിയതിന് പ്രത്യേകം നന്ദി.നിങ്ങളുടെ നല്ല വാക്കുകള്‍ വീണ്ടും എഴുതാന്‍ പ്രേരിപ്പിക്കുന്നു.

      Delete
  5. വിശേഷങ്ങള്‍ ഇനിയും പോന്നോട്ടെ.
    ഒന്നിലും വിശ്വാസമില്ലാതെ വന്നാല്‍ പിന്നെന്തു വിശ്വാസം അല്ലെ.

    ReplyDelete
    Replies
    1. ഒന്നിലും അങ്ങോട്ട് ഉറക്കാന്‍ കഴിയുന്നില്ല റാംജി,പതിനേഴ് വയസ്സിലെ വിഹ്വലത തന്നെയാണ് ഈ അറുപത്തിരണ്ടിലും.

      Delete
  6. ഇതിലെഴുതിയത് പലതും എന്നെപ്പറ്റിയാണു. ഞാന്‍ അള്‍ത്താര ബാലനൊന്നുമായിരുന്നില്ല.അതെനിക്ക് വയ്യല്ലോ. എന്നാലും വിശ്വാസത്തിന്‍റേയും അവിശ്വാസത്തിന്‍റേയും പിടിയില്‍ കിടന്ന് ഞാന്‍ നുറുങ്ങിപ്പോയിട്ടുണ്ട്. ചോദ്യങ്ങളുടെ ഉത്തരം തേടി ഞാന്‍ കൂട്ടം തെറ്റുകയും ചെയ്തു.

    എഴുത്ത് എനിക്ക് വലിയ ഇഷ്ടമായി. പെട്ടെന്ന് എന്നെ കണ്ടതു പോലെ തോന്നി. അഭിനന്ദനങ്ങള്‍ ജ്യേഷ്ഠാ.....

    ReplyDelete
    Replies
    1. സന്തോഷമുണ്ട് എച്മു,നമ്മള്‍ നിസ്സഹായരാണ്,ഒന്നിലും ഉറയ്ക്കാന്‍ കഴിയാത്തവര്‍.അറിവ് പരിമിതമാണെന്ന് മാത്രം അറിയുന്നവര്‍.ഇതിങ്ങനെ തുടരട്ടെ.

      Delete
  7. വിശ്വാസസംബന്ധിയായി വെട്ടത്താന്‍ പറഞ്ഞ കാര്യങ്ങളൊക്കെ കറക്റ്റ്
    പഴയ അനുഭവങ്ങള്‍ വായിയ്ക്കുന്നതൊരു രസമാണ്
    തുടര്‍ന്നും പോസ്റ്റ് ചെയ്യുക

    ReplyDelete
    Replies
    1. നന്ദി,അജിത്ത്.നിങ്ങളെ കാണാത്തപ്പോള്‍ എനിക്കോരു വെപ്രാളമായിരുന്നു.എനിക്കു ബഷീറിനെയാണ് ഓര്മ്മ വരുക.

      Delete
  8. എട്ടുപേരില്‍ ഒരാള്‍...,............
    ഓര്‍മ്മക്കുറിപ്പുകള്‍ നന്നായിരിക്കുന്നു വെട്ടത്താന്‍ സാര്‍
    ഇനിയും വിശേഷങ്ങള്‍ക്ക്‌.....,................
    ആശംസകളോടെ

    ReplyDelete
    Replies
    1. സന്തോഷം തങ്കപ്പന്‍ ചേട്ടാ.

      Delete
  9. Pazaya kalangalilekku oru yathra.valare nannaiyrikkunnu.Kuttikkalathe
    ormakal rasakaram.Best wishes. Mary.

    ReplyDelete
    Replies
    1. മേരി "ചാക്കോയെയും" വര്‍ക്കിയെയും അറിയുമല്ലോ അല്ലേ?

      Delete
    2. Kappyare ariyam.Achan Transfer aaye.Chacko &Varkey pidikittiyilla.

      Delete
  10. അവിശ്വാസികളും യുക്തിവാദികള്‍ എന്നു പറയുന്നവരും പലപ്പോഴും വിശ്വാസികളെപ്പോലെ തന്നെ അന്ധ വിശ്വാസികളാണ് എന്നതാണു എന്‍റെ അനുഭവം. പലരും ഗ്രൂപ്പുകളുടെയും ക്ലിക്കുകളുടെയും ഭാഗമാണ്. ജനനം കൊണ്ട് ഒരാള്‍ ഒരു വിശ്വാസത്തിന്‍റെ ഭാഗമാകുന്നതുപോലെ സൌഹൃദത്തിന്‍റെയും രാഷ്ട്രീയ ധാരണകളുടെയും ബലത്തില്‍ ഒരാള്‍ യുക്തിവാദിയുടെ പട്ടം അണിയുന്നു, അണിയുന്നതായി ഭാവിക്കുന്നു. യുക്തിഭദ്രമായ ഒരു ചിന്താ ശൈലി രണ്ടിടത്തും കുറവാണ്. യുക്തിപൂര്‍വ്വം ചിന്തിക്കുന്നവന്‍റെ ഒരു ഗതികേട് അവന്‍ ഒരു ഗ്രൂപ്പിലും പെടുന്നില്ല എന്നതാണു. മിക്കവാറും അയാള്‍ കൂട്ടം തെറ്റിയ ഒരുവനാവും...’

    തീർത്തും ശരിയായ കാര്യങ്ങൾ...!

    ReplyDelete
    Replies
    1. വിശ്വാസക്കാര്യത്തില്‍ മാത്രമല്ല ഈ ഒറ്റപ്പെടല്‍. എഴുത്തുകാരുടെ കാര്യമെടുക്കുക. ക്ലിക്കുകളിലോ ഗ്രൂപ്പുകളിലോ പെടാത്ത എഴുത്തുകാര്‍ അവഗണിക്കപ്പെടുന്നു.കെ.സുരേന്ദ്രന്‍,ജെ.കെ.വി തുടങ്ങി എത്ര ഉദാഹരണങ്ങള്‍...

      Delete
  11. അനുഭവം വളരെ താല്‍പ്പര്യത്തോടെ വായിച്ചു, സര്‍. അനുഭവം ഗുരു. താങ്കള്‍ മനസ്സിലാക്കിയത്, മനസ്സില്‍ തോന്നുന്നത് കലര്‍പ്പില്ലാതെ എഴുതുന്നു. അതെ, വിശ്വാസികളിലും അവിശ്വാസികളിലും ഒരു ''ആധുനിക രാഷ്ട്രീയ'' ചുവ പലപ്പോഴും നമുക്ക് അനുഭവ പ്പെടാറുണ്ട്. നമ്മുടെ അനുഭവങ്ങള്‍, അറിവുകള്‍, സംശയങ്ങള്‍ എന്നിവയ്ക്കൊക്കെ പലപ്പോഴും ശരിയായ മറുപടി കിട്ടുന്നുമില്ല. എനിക്ക് തോന്നുന്നത്, ഈ മനുഷ്യജീവിതത്തില്‍ പറയുന്നതുപോലെയൊന്നും നമുക്ക് ജീവിക്കാന്‍ ആവുന്നില്ല. ആവുന്നതും, പ്രകൃതിയോടു ഇണങ്ങി ജീവിക്കാന്‍ നോക്കുക. ഞാന്‍ പ്രകൃതി എന്ന് ഉദ്ദേശിച്ചതിന് വളരെ അഗാധമായ അര്‍ത്ഥമുണ്ട് - ദൈവം, സത്യം, ശരി, നന്മ, ന്യായം, നീതി തുടങ്ങിയ അനേകം അര്‍ഥങ്ങള്‍. ഈ വാക്കുപോലെ തന്നെ, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുകയാണെങ്കില്‍ ഒരുപാട് ഒരുപാട് ഉണ്ടുതാനും.

    ReplyDelete
    Replies
    1. ഡോക്റ്റര്‍ജി താങ്കള്‍ പറഞ്ഞത് സത്യമാണ്.കഴിയുന്നതും പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ നോക്കുക.അത്ര മാത്രം.

      Delete
  12. ഹൃദ്യമായ ഓർമ്മക്കുറിപ്പ്. നന്നായിട്ടുണ്ട്.

    ReplyDelete
  13. നന്ദി സതീഷ്

    ReplyDelete

Related Posts Plugin for WordPress, Blogger...