Sunday 13 January 2013

കരിയുമ്മ




    എല്ലാവരും അവരെ “കരിയുമ്മ” എന്നു വിളിച്ചു. ഞാന്‍ കാണുമ്പോള്‍ ഉണങ്ങി വരണ്ടു ഒരു വിറകു കൊള്ളി പോലെയായിരുന്നു അവര്‍. അത്യദ്ധ്വാനത്തിന്‍റെ ഫലം. കരിയുണ്ടാക്കി ,അത് നിലമ്പൂരു കൊണ്ടുപോയി  ചായക്കടക്കാര്‍ക്ക് വില്‍ക്കുന്നതായിരുന്നു അവരുടെ തൊഴില്‍. എണ്‍പതുകളില്‍ അതൊരു കാഴ്ചയായിരുന്നു. വലിയ ചാക്കുകളില്‍ കരി നിറച്ചു പത്തും പതിനഞ്ചും കിലോമീറ്റര്‍ ചുമന്നു ഒരു പറ്റം മനുഷ്യര്‍  നിലമ്പൂരിലെ ചായക്കടകള്‍ പ്രവര്‍ത്തിപ്പിച്ചു. നിലമ്പൂര്‍ ഒരു ഗ്യാസ് ഏജന്‍സി വന്നത് തൊണ്ണൂറുകളുടെ തുടക്കത്തിലാണ്. അതുവരെ വിറകും കരിയുമായിരുന്നു ഇന്ധനം. ചാലിയാര്‍ പുഴ കടന്നു പത്തു പതിനഞ്ചു കിലോമീറ്റര്‍ അകലെയുള്ള കൃഷിസ്ഥലത്തേക്ക് പോകുമ്പോള്‍  കരി  നിറച്ച ചാക്കുമായി മനുഷ്യക്കോലങ്ങള്‍ നടന്നു നീങ്ങുന്നത് കാണാം. നാട്ടു പാതകളുണ്ട്. പക്ഷേ വാഹനമില്ല. ആകെയുള്ള ഒരു ജീപ്പ് കിട്ടിയാല്‍ നമ്പൂരിപ്പൊട്ടി വരെയെത്താം. പിന്നേയും അഞ്ചാറ് കിലോമീറ്റര്‍ ദൂരമുണ്ട്.  നടപ്പ് അല്ലാതെ വേറെ വഴിയില്ല.

    ചെറുപ്പത്തിന്‍റെ ഊറ്റത്തില്‍ കൃഷിക്കാരനാവാന്‍ പോയതാണ് ഞാന്‍. ശനിയാഴ്ച അതിരാവിലെ വീട്ടില്‍ നിന്നിറങ്ങും. പല വണ്ടി കയറി എട്ട് മണിയോടെ നിലമ്പൂരെത്തും. മഴക്കാലമല്ലെങ്കില്‍ പത്തു മിനുട്ടുകൊണ്ട് ചാലിയാര്‍ കടക്കാം. മഴക്കാലത്ത് നിറഞ്ഞു കവിഞ്ഞൊഴുകുന്ന പുഴ കണ്ടാല്‍ തന്നെ പേടിയാവും. നിറയെ ആളെ കയറ്റിയ തോണി അക്കരെയെത്താന്‍ ഒന്നൊന്നേകാല്‍ മണിക്കൂറെടുക്കും. വലിയ തോണി   നിറയെ ആളുകളുണ്ടാവും. തോണിക്കാരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല ,അത്രയധികം ആളുകളുണ്ട് പുഴ കടക്കാന്‍. ജനത്തിന്‍റെയും സാധനങ്ങളുടെയും  ഭാരം കൊണ്ട് തോണി വല്ലാതെ വെള്ളത്തില്‍ താണിട്ടുണ്ടാവും.   കൊച്ചുപിച്ചടക്കമുള്ള യാത്രക്കാര്‍ അധികം സംസാരിക്കാതെ നല്ല അച്ചടക്കത്തോടെ തോണിക്കുള്ളില്‍ ഇരിക്കും. ഓരോ യാത്രയിലും,  തോണിയുടെ ഓരോ ആട്ടത്തിലും ഞാന്‍ വല്ലാതെ ഭയക്കും. എനിക്കു വെള്ളം അത്ര പരിചയമില്ല. നീന്തല്‍ അറിയില്ല. പിറ്റെന്നു വീട്ടില്‍ തിരിച്ചെത്തി തോണി യാത്രയെക്കുറിച്ച് പറയുമ്പോള്‍ ഭാര്യ പറയും “നീന്തലറിഞ്ഞിട്ടും കാര്യമില്ല, ആ കുത്തൊഴുക്കില്‍ ആര്‍ക്കും നീന്തിക്കയറുക എളുപ്പമല്ല.” 

    പുഴ കടന്നാല്‍ ചിലപ്പോള്‍ നമ്പൂരിപ്പൊട്ടി വരെ ജീപ്പ് കിട്ടും. ഇല്ലെങ്കില്‍ ആ ദൂരവും നടക്കണം. വഴിയില്‍ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിഞ്ഞ കരിച്ചാക്കുകളുമേന്തി  നടന്നു വരുന്ന മനുഷ്യരെക്കാണാം. ബാലനും ഉണ്ണിക്കേലുവും മൊഹമ്മദും സൈനബയുമൊക്കെ സംഘത്തില്‍   കാണും. മനുഷ്യന്‍ ഒരു ചാണ്‍ വയറിനുവേണ്ടി ഇത്രയൊക്കെ കഷ്ടപ്പെടേണ്ടതുണ്ടോ എന്നു എനിക്കു തോന്നിയിട്ടുണ്ട്. പണ്ട്, ഒരു കഷണം റൊട്ടി കിട്ടാതെ  കലാപക്കൊടുംകാറ്റ് അഴിച്ചു വിട്ട തെരുവിലെ മനുഷ്യരെക്കുറിച്ച് ഫ്രാന്‍സിലെ  റാണി “അവര്‍ക്ക് കേക്ക് തിന്നു കൂടെ?” എന്നു നിഷ്കളങ്കമായി ചോദിച്ച കഥ കേട്ടിട്ടുണ്ട്. ഏതാണ്ട് അതുപോലൊരു തോന്നലായിരുന്നു എന്‍റെതും. ആ എണ്‍പതുകളിലും പട്ടിണി നമ്മുടെ നാട്ടില്‍ ഒരു യാഥാര്‍ഥ്യമായിരുന്നു. ഇഷ്ടം പോലെ പണിക്കാരെ കിട്ടുന്ന കാലമായിരുന്നു അത്. പണി ഉണ്ടായിരുന്നില്ല. ഞാന്‍ സ്ഥലം കാണാന്‍ ചെല്ലുമ്പോള്‍ അടുത്ത പറമ്പില്‍ പണിക്കാരുണ്ടായിരുന്നു. ഉണക്ക അവലും മധുരമിടാത്ത കട്ടന്‍ ചായയുമായിരുന്നു പത്തു മണിക്കുള്ള ആഹാരം. ഉച്ചക്ക് വെള്ളം നിറഞ്ഞ കഞ്ഞിയും ചുട്ട ഉണക്കമീനും. ഭക്ഷണം കൊടുക്കുന്നതു അലുമനീയത്തിന്‍റെ പിഞ്ഞാണങ്ങളില്‍.

    കാട് വെട്ടിത്തെളിച്ച് തീയിട്ടു. അടുത്ത പണി റബ്ബര്‍ നടാന്‍ കുഴികളെടുക്കുകയാണ്. കത്താതെ കിടക്കുന്ന ചെറു മരങ്ങള്‍ എടുത്തോട്ടെ എന്നു ചോദിച്ചു ഉണ്ണിക്കേലു. അയാളും സൈനബയും ഒക്കെച്ചേര്‍ന്നു മരങ്ങളൊക്കെ പെറുക്കിക്കൂട്ടി ചൂളയ്ക്ക് വെച്ചു. ധാരാളം കരി കിട്ടി. ആ കരി നിലമ്പൂരിലെ സമോവറുകള്‍ പ്രവര്‍ത്തിപ്പിച്ചു. ഇന്നിപ്പോള്‍ സമോവറുകള്‍ ഒരു അപൂര്‍വ്വ കാഴ്ചയാണ് . ഒരു കാലത്ത് മലയാളികള്‍ സമോവറില്‍ ഉണ്ടാക്കുന്ന ചായയെ കുടിച്ചിരുന്നുള്ളൂ. ആ ചായയുടെ രുചിയും ഒന്നു വേറെ തന്നെയാണ്.

  റഷ്യന്‍ നോവലുകളില്‍ സമോവറുകളെക്കുറിച്ച് ധാരാളം പരാമര്‍ശം ഉണ്ട്. ഗോര്‍ക്കിയുടെ “അമ്മ”യിലും മറ്റും സമോവാറിന് ഒരു കഥാപാത്രത്തിന്‍റെ മാനം ഉള്ളതായി തോന്നിയിട്ടുണ്ട്. വിപ്ലവകാരികളുടെ ബൈബിളായിരുന്നു ഗോര്‍ക്കിയുടെ “അമ്മ”. ഇന്ന് വിപ്ലവ ചിന്തകളും ഉപരിപ്ലവമായി. ഗോര്‍ക്കിയും അമ്മയുമൊന്നും ചെറുപ്പക്കാരുടെ നാവിന്‍ തുമ്പത്തുള്ള പേരുകളല്ലാതായി. സോവ്യറ്റ് യൂണിയന്‍റെ പതനവും, നല്ല ഭംഗിയുള്ള കടലാസ്സില്‍ നാമമാത്രമായ വിലയ്ക്ക് പ്രഭാത് ബുക്സ് നല്കിയിരുന്ന റഷ്യന്‍ ബുക്കുകള്‍ കിട്ടാതായതും, കാരണമാവാം. പാര്‍ട്ടി സാഹിത്യം മാത്രമല്ല പ്രഭാത് ബുക്സിലൂടെ കിട്ടിയിരുന്നത്. അമൂല്യമായ ബാല സാഹിത്യ കൃതികളും  റഷ്യന്‍ കഥകളും നോവലുകളും എല്ലാം ചെറുപ്പക്കാര്‍ ആഹ്ലാദത്തോടെ വാങ്ങിക്കൂട്ടി. വൈജ്ഞ്ജാനിക ഗ്രന്ഥങ്ങളും ഏറെയായിരുന്നു. പക്ഷേ ചെലവ് ചുരുക്കലിന്‍റെയും വറുതിയുടെയും കാലത്ത്  രാഷ്ട്രീയവും സംസ്കാരവും കയറ്റുമതി ചെയ്യുന്ന പണി റഷ്യ നിര്‍ത്തിക്കളഞ്ഞു. അതോടെ റഷ്യന്‍ ബുക്കുകളുടെ വരവും നിന്നു.
  
    രാവിലെ കരിപ്പണിക്കാര്‍ കയറിപ്പോകുന്നത് കാണാം. ആണും പെണ്ണും അടങ്ങുന്ന സംഘങ്ങള്‍. വനത്തിലേക്കാണ്. വീണു കിടക്കുന്ന മരങ്ങള്‍ മുറിച്ച് അവര്‍ ചൂളയ്ക്ക് വെക്കും. മരങ്ങള്‍ അടുക്കി അതിനു മുകളില്‍ ചളികൊണ്ടു കവചമുണ്ടാക്കിയാണ് ചൂള ഒരുക്കുക. ചകിരി ഉപയോഗിച്ച് ദഹിപ്പിക്കുന്ന രീതി തന്നെ. മണ്ണിന്‍റെ ആവരണം പൊട്ടിപ്പോയാല്‍ എല്ലാം നശിച്ചു. കരിക്ക് പകരം ചാരമേ കിട്ടൂ. അങ്ങിനെ ഇടക്ക് സംഭവിക്കാറുമുണ്ട്.

    ഫോറസ്റ്റ്കാര്‍ക്ക് കൈക്കൂലി കൊടുക്കാതെ കാട്ടില്‍ ഒരു പണിയും നടക്കില്ല. കരിയുടെ അളവനുസരിച്ച് ആണ് കൈക്കൂലി. കൈക്കൂലി വാങ്ങുമെങ്കിലും വിരട്ടലിന് കുറവൊന്നുമില്ല. സാധാരണ കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് വിധേയത്വത്തിന്‍റെ മാനസികാവസ്ഥയാണുണ്ടാവുക. പക്ഷേ പാവങ്ങളുടെ കാര്യത്തില്‍ അതങ്ങിനെയല്ല. അവരില്‍ നിന്നു പരിധിയില്ലാത്ത വിധേയത്വമാണ് പല ഉദ്യോഗസ്ഥരും പ്രതീക്ഷിക്കുക. പ്രദേശ വാസികളെ വനം കൊള്ളക്കും ശിക്കാറിനും വനം കയ്യേറ്റത്തിനും പ്രേരിപ്പിക്കുന്നത് വനപാലകര്‍ തന്നെയാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. കണക്ക് പറഞ്ഞു കൈക്കൂലിയും വാങ്ങും. എന്നിട്ട് കുറച്ചു കാലം കഴിയുമ്പോള്‍ നാട്ടുകാര്‍ക്കെതിരെ കേസ്സും എടുക്കും.

    എല്ലാവരും അങ്ങിനെയുള്ളവരല്ല. അപൂര്‍വ്വമായി കൈക്കൂലിക്കാരല്ലാത്തവരും ഉണ്ട്. അങ്ങിനെയുള്ളവര്‍ പട്ടിണിക്കാരന്‍റെ ചെറിയ ചെറിയ തെറ്റുകള്‍ക്ക് നേരെ കണ്ണടയ്ക്കുന്നതായും കണ്ടിട്ടുണ്ട്. സമീപ പ്രദേശങ്ങളില്‍ കൂലിപ്പണി കിട്ടാന്‍ തുടങ്ങിയപ്പോള്‍ കരിയുണ്ടാക്കുന്ന ജോലി ക്രമേണ നിന്നു പോയി. അത്രക്ക് കഷ്ടപ്പെടാതെ തന്നെ ജീവിക്കാമെന്ന അവസ്ഥ വന്നു. ആദ്യ കാലങ്ങളില്‍ വന്‍ കിടക്കാര്‍ ഫോറസ്റ്റ്കാരുടെ സഹായത്തോടെ മരങ്ങള്‍ ഈര്‍ന്ന് കടത്തുന്ന രീതിയാണുണ്ടായിരുന്നത്. പിന്നെപ്പിന്നെ വ്യാപകമായ മരം കൊള്ളകളായി. സത്യസന്ധരും കാടിനോട് സ്നേഹമുള്ളവരും ഉയര്ന്ന ഉദ്യോഗസ്ഥരായി വന്നപ്പോഴാണ് വനം കൊള്ളക്ക് അറുതി വന്നത്. കാട് സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന ഒരു അവബോധം ജനങ്ങളിലും ഉണ്ടായി. പരിസരങ്ങളിലൊക്കെ ടെലഫോണ്‍ സൌകര്യം ഉണ്ടായതും വനസംരക്ഷണത്തെ സഹായിച്ചു. ഇന്ന് നമ്മുടെ കാടുകളില്‍ അതിക്രമിച്ചു കടക്കുന്നവര്‍ വിരളമാണ്. ഏതെങ്കിലും ഒരാള്‍ അതിനു മുതിര്‍ന്നാല്‍ പത്തു മിനുട്ടിനുള്ളില്‍ വിവരം മന്ത്രിയുടെ ഓഫീസില്‍ വരെ എത്തും. മൊബൈല്‍ ഫോണിന്‍റെ ഗുണം.

    അവിവാഹിതയായിരുന്ന കരിയുമ്മക്ക് ഒരു ആണ്‍ കുട്ടിയുണ്ടായിരുന്നു. ഒരു വനപാലകന്‍റെ സംഭാവന. അവരുടെ ജീവിതം ആ കുട്ടിക്ക് വേണ്ടി മാത്രമുള്ളതായിരുന്നു. ട്രാന്‍സ്ഫറായി നാട് വിട്ടുപോയ വനപാലകനെക്കുറിച്ച് അവര്‍ക്ക് പരിഭവമില്ല. അച്ഛനെ അന്യോഷിച്ചു മകനെ ഒട്ടു പറഞ്ഞു വിടുകയുമില്ല. അവരുടെ വാക്കുകള്‍ ഇപ്പൊഴും എന്‍റെ കാതില്‍ മുഴങ്ങുന്നുണ്ട്. “അതിനെന്താ സാറേ,  നല്ലൊരു  ആണ്‍ കുട്ടിയെ കിട്ടിയില്ലേ, എനിക്കത് മതി”
  

62 comments:

  1. നല്ല സ്മരണകള്‍

    പണ്ട്, ഒരു കഷണം റൊട്ടി കിട്ടാതെ കലാപക്കൊടുംകാറ്റ് അഴിച്ചു വിട്ട തെരുവിലെ മനുഷ്യരെക്കുറിച്ച് ഫ്രാന്‍സിലെ റാണി “അവര്‍ക്ക് കേക്ക് തിന്നു കൂടെ?”

    മുമ്പ് നമ്മുടെ ഒരു മന്ത്രീം പറഞ്ഞാരുന്നു. മുട്ടേം പാലും കഴിച്ചൂടേ’ന്ന്

    ReplyDelete
    Replies
    1. ഭരണാധികാരികള്‍ ജനങ്ങളില്‍ നിന്നു എത്രയകലെയാണെന്നതിന്‍റെ തെളിവുകളാണ് ഇത്തരം പ്രസ്താവനകള്‍. ആ മന്ത്രി അത്തരം പല തമാശകളും പറഞ്ഞിട്ടുണ്ട്.
      ഈ ആദ്യ വരവിന് പ്രത്യേകം നന്ദി

      Delete
  2. ഈ ഓര്‍മ്മക്കുറിപ്പ്‌ എനിക്ക് നല്ലൊരു പുലര്‍കാല വായന തന്നു. ചാലിയാര്‍ കടന്നു നിലമ്പൂരിലെ നിബിഡ വനാന്തരങ്ങളുടെ അതിര്‍ത്തി ഗ്രാമങ്ങളിലൂടെ ഒരു മഞ്ഞു പെയിത പുലര്‍കാലത്ത് പ്രഭാത സവാരി ചെയ്ത അനുഭൂതി. ഹൃദ്യമായ പോസ്റ്റ്‌.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
    Replies
    1. കരിയുമ്മ എന്ന കഥാപാത്രം ഇത് വായിക്കുന്നവരുടെ ഉള്ളില്‍ തെളിഞ്ഞു വരും.
      ഇത്തരം നിഷ്ക്കളങ്കര്‌ വനപാലകരുടെയും നിയമപാലകരുടെയും ഇരകളാകുന്നു - എല്ലാ അര്‍ത്ഥത്തിലും!

      Delete
    2. കൂടുതല്‍ എഴുതിയില്ല എന്നേയുള്ളൂ. ചെറിയ അധികാരികള്‍ പോലും പാവങ്ങളെ വല്ലാതെ മുതലെടുത്തിരുന്നു.

      Delete
  4. എന്‍റെ ജന്മത്തിനു മുമ്പ് എന്‍റെ നാട്ടില്‍ ഉണ്ടായിരുന്ന ഒരു ജീവിത രീതിയാണ്‌ ഇതില്‍ പരാമര്ഷിട്ടുള്ളത് എന്‍റെ കേട്ടറിവുകളില്‍ ഒത്തിരി കടന്നു വന്ന കഥാപാത്രങ്ങള്‍ ആണ് ഇവിടെ ഉള്ളത് ചൂള വെക്കലും ചൂളക്ക് കാവലിരിക്കലും എല്ലാം ഓര്‍മകളില്‍ തെളിഞ്ഞു വരുന്ന ഒരു ചിത്രം ആശംസകള്‍ ഇന്നും വനപാലകര്‍ കൊടുത്ത കേസ് കെട്ടുമായി കഴിയുന്ന ഒത്തിരി കുടുംബങ്ങളെ എനിക്കറിയാം നല്ല പോസ്റ്റ് ആശംസകള്‍

    ReplyDelete
    Replies
    1. 2000 രൂപ വാങ്ങി ഒരു ഗാര്‍ഡ് വീണു കിടന്ന ഒരു മരം മോഷ്ടിക്കാന്‍ നാട്ടുകാരനെ പ്രേരിപ്പിച്ചു.പിന്നീട് അയാള്‍ തന്നെ അത് കേസ്സാക്കി. ഈ പ്രശ്നത്തില്‍ എനിക്കു ഇടപെടേണ്ടി വന്നിട്ടുണ്ട്.

      Delete
  5. 85-90 കളിലൊക്കെ നാട്ടിന്‍പുറത്തെ കടകളില്‍ സമോവര്‍ കണ്ടിട്ടുണ്ട്..... കാലത്തെ പത്രം വായിക്കാന്‍ ചായയുമായി ഇരിക്കുന്ന കുറെ മനുഷ്യര്‍.. ഉറക്കെ മറ്റുള്ളവര്‍ക്കായി വാര്‍ത്തകള്‍ വായിക്കുന്നവര്‍ ..ഇന്ന് അതൊരു അപൂര്‍വ കാഴ്ച്ചയായിരിക്കുന്നു

    ReplyDelete
    Replies
    1. സമോവറിന്റെ ഒരു പടം കൊടുക്കണമെന്നുണ്ടായിരുന്നു. എന്തോ ശരിയായില്ല. സമോവര്‍ ചായയില്‍ നിന്നുള്ള മാറ്റം പൊടിച്ചായയിലൂടെയാണ്. ആ ചായക്ക് വേറിട്ടൊരു രുചി തന്നെയായിരുന്നു.

      Delete
  6. കുറിപ്പ് ഇഷ്ടമായി ജോര്‍ജേട്ടാ,

    ഇന്ന് എല്ലാവരും വനഭൂമി കയ്യേറ്റക്കാര്‍,എന്നാല്‍ ജീവിക്കാനായി വനത്തെ ഉപയോഗപ്പെടുത്തി, കൃഷിയിറക്കി മൂന്നാറും ഹൈറേഞ്ചും ഇന്നുകാണുന്ന ടൂറിസ് പ്ലേസ് ആകുന്നതിനും ഒക്കെ ഒരുപാട് കാലം മുന്‍പ് മണ്ണിനെ സ്നേഹിച്ച മണ്മറഞ്ഞു പോയ ഒരുപിടി അധ്വാനത്തിന്റെ കഥകള്‍ പലരും പറഞ്ഞു കേട്ടിട്ടുണ്ട് ....(കാക്കനാടന്റെ ഒറോത പോലെ..)

    പഴയ കുടിയേറ്റത്തിന്റെ കഥകള്‍ വിശദമായി പോന്നോട്ടെ.....

    ReplyDelete
    Replies
    1. കുടിയേറ്റത്തിന്‍റെ കഥകള്‍ തുടങ്ങിയില്ല ജോസ്. അതിനുള്ള ധൈര്യം ആര്‍ജ്ജിക്കാനുള്ള ശ്രമമാണ് ഇതൊക്കെ.

      Delete
  7. നല്ല ഭംഗിയുള്ള കടലാസ്സില്‍ നാമമാത്രമായ വിലയ്ക്ക് പ്രഭാത് ബുക്സ് നല്കിയിരുന്ന റഷ്യന്‍ ബുക്കുകള്‍ കിട്ടാതായതും, കാരണമാവാം. പാര്‍ട്ടി സാഹിത്യം മാത്രമല്ല പ്രഭാത് ബുക്സിലൂടെ കിട്ടിയിരുന്നത്. അമൂല്യമായ ബാല സാഹിത്യ കൃതികളും റഷ്യന്‍ കഥകളും നോവലുകളും എല്ലാം ചെറുപ്പക്കാര്‍ ആഹ്ലാദത്തോടെ വാങ്ങിക്കൂട്ടി. വൈജ്ഞ്ജാനിക ഗ്രന്ഥങ്ങളും ഏറെയായിരുന്നു. പക്ഷേ ചെലവ് ചുരുക്കലിന്‍റെയും വറുതിയുടെയും കാലത്ത് രാഷ്ട്രീയവും സംസ്കാരവും കയറ്റുമതി ചെയ്യുന്ന പണി റഷ്യ നിര്‍ത്തിക്കളഞ്ഞു. അതോടെ റഷ്യന്‍ ബുക്കുകളുടെ വരവും നിന്നതോടെ അന്നത്തെ ആ നല്ല വായനകളും നിന്നു അല്ലേ

    പിന്നെ കരിയുമ്മ നന്നായിട്ടുണ്ട് കേട്ടൊ

    ReplyDelete
    Replies
    1. എന്‍റെ മക്കള്‍ക്കു വായിക്കാന്‍ അമ്പതോളം റഷ്യന്‍ ബാല സാഹിത്യ കൃതികള്‍ ഉണ്ടായിരുന്നു.എല്ലാം ഓരോരുത്തരായി കൊണ്ടുപോയി.ഇപ്പോള്‍ കൊച്ചുമക്കള്‍ക്കു കൊടുക്കാന്‍ ഒന്നുമില്ല. വാങ്ങാനും കിട്ടുന്നില്ല.അങ്ങിനെ നോക്കുമ്പോള്‍ ശീത സമരവും നന്നായിരുന്നു അല്ലേ?

      Delete
    2. എന്റെ കുട്ടികള്‍ക്ക് കൊടുക്കാനായി "അച്ഛന്റെ ബാല്യം" എന്നാ ബുക്ക്‌ തപ്പി ഞാന്‍ ഇനി കയറാത്ത സ്ഥലങ്ങള്‍ ഇല്ല.

      താങ്കളുടെ കുടിയേറ്റ കഥകള്‍ക്കായി കാത്തിരിക്കുന്നു..

      Saju

      Delete
    3. സാജു ഈ വരവിന് നന്ദി, കുടിയേറ്റ കഥകള്‍ ഈ വര്ഷം തന്നെ തുടങ്ങാം എന്നു കരുതുന്നു.

      Delete
    4. റഷ്യൻ കഥകൾ ഇപ്പോഴും മധുരമുള്ള ഒരു ഓർമയാണ്
      മാതൃഭൂമി റഷ്യൻ കഥകൾ വീണ്ടും പബ്ലിഷ് ചെയ്യുന്നു
      http://buy.mathrubhumi.com/books/mathrubhumi/prepublication/details/1369/soviet-stories

      Delete
  8. അത്യദ്ധ്വാനം ചെയ്ത് കരിയുണ്ടാക്കി നിലമ്പൂരിൽ കൊണ്ടുപോയി ചായക്കടക്കാർക്ക് വിറ്റിരുന്ന ഉണങ്ങി വരണ്ടു ഒരു വിറകു കൊള്ളി പോലെയായിരുന്ന കരിയുമ്മയെപ്പറ്റി മാത്രമല്ല പറഞ്ഞത്..... പഴയ ആളുകൾ പലരും മറന്നു തുടങ്ങിയതും, പുതുതലമുറക്ക് തികച്ചും അന്യവുമായ ഒരു കാലഘട്ടം കൂടിയാണ് സാർ ഇവിടെ വരച്ചുവെച്ചത്. നിലവാരമുള്ള കടലാസ്സിൽ നാമമാത്രമായ വിലയ്ക്ക് പ്രഭാത് ബുക്സ് നല്കിയിരുന്ന റഷൻ ബുക്കുകളെപ്പറ്റി പുതുതലമുറക്ക് അറിയില്ല. ചായ തിളപ്പിക്കുന്ന സമോവറുകൾ, ചുടുചായ മൊത്തിയുള്ള നാട്ടിൻ പുറത്തിന്റെ നന്മകൾ, ഭയത്തിന്റെ തോണിയാത്രകൾ, ഭാരം ചുമന്നുള്ള കാൽനടകൾ, വനഭൂമിയും, വനപാലകരും അവർക്കിടയിലെ അഴിമതിയും വരെ വിഷയമാക്കിയ നല്ലൊരു പോസ്റ്റായി വായിക്കുന്നു

    ReplyDelete
    Replies
    1. നന്ദി ശ്രീ പ്രദീപ്കുമാര്‍. ഈ മാറിയ കാലം ഒന്നുമല്ല എന്ന മട്ടില്‍ ഫേസ് ബുക്കിലും മറ്റും കമന്‍റുകള്‍ വരുമ്പോള്‍ ഞാനാ പഴയ കാലവും വറുതിയും ഓര്‍ക്കും.രണ്ടുനേരം കൂട്ടി മുട്ടിക്കാന്‍ മനുഷ്യന്‍ എത്രമാത്രം കഷ്ടപ്പെട്ടിരുന്നു.അവര്‍ എന്തെല്ലാം ചൂഷണങ്ങള്‍ക്ക് വിധേയമായിരുന്നു എന്നെല്ലാം ഓര്‍ക്കും.പുതിയ തലമുറ ഇതെല്ലാം അറിയേണ്ടേ?

      Delete
  9. പഴയകാല അനുഭവങ്ങളിലൂടെ അന്നത്തെ കഷ്ടപ്പാടുകൾ മനസ്സിലാക്കാൻ കഴിയുന്നു.ഇന്നത്തെ സൌകര്യങ്ങളുടെ വില മനസ്സിലാകുന്നതപ്പോഴാണ്.പുതിയ തലമുറക്ക് തങ്ങളൂടെ ചരിത്രത്തെക്കുറിച്ചൊരു ബോധമുണ്ടാവാൻ ഇതു പോലുള്ള എഴുത്തുകൾ അനിവാര്യമാണ്.

    ReplyDelete
    Replies
    1. നന്ദി മുനീര്‍ .ജോലി കിട്ടാതിരുന്ന കാലം മാറി ജോലിക്കു ആളെ കിട്ടാത്ത കാലമായി.നമ്മുടെ പുതു തലമുറക്ക് ഈ സത്യങ്ങള്‍ അന്യമായിക്കൂടാ.

      Delete
  10. ഞാനിപ്പോള്‍ കുമ്പളങ്ങ കറി വെക്കാന്‍ നന്നാക്കുകയായിരുന്നു. അതിന്റെ തൊലി ചെത്തികൊണ്ടിരുന്നപ്പോള്‍ കൂടെ ഉള്ള സുഹൃത്തിനോട് പറഞ്ഞു, എന്റെ ചെറുപ്പത്തില്‍ നാലിലും അഞ്ചിലും ഒക്കെ പഠിക്കുമ്പോള്‍ എന്റെ അപ്പൂപ്പന്‍ പാടത്ത് കുമ്പളവും പടവലവും മാത്തനും കൈപ്പയ്കയും ഒക്കെ കൃഷി ചെയ്യുന്നതിന്റെയും അത് എട്ടു കിലോമീറ്റര്‍ നടന്നു ഇരിങ്ങാലക്കുട ചന്തയില്‍ കൊണ്ടുവില്‍ക്കുന്നതും മറ്റും. തലേദിവസം രാത്രി പാടത്തുനിന്നു പറിച്ചുകൊണ്ടുവന്ന കുമ്പളത്തിന്റെ പുറമെയുള്ള വെളുത്ത പൊടി വൈക്കോല്‍ ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കുന്ന ജോലി ഞങ്ങള്‍ക്കായിരുന്നു. അതെല്ലാം ഓര്‍ത്തു പോയി.
    വളരെ നന്നായി ഈ സ്മരണകള്‍

    ReplyDelete
    Replies
    1. നമ്മുടെ കുട്ടികള്‍ക്ക് ,പുതു തലമുറക്ക് അന്നത്തെ അത്യദ്ധ്വാനവും പട്ടിണിയുമൊന്നും അറിയില്ല. വെറും 20-25 വര്‍ഷങ്ങള്‍ കൊണ്ട് സമൂഹത്തില്‍ വന്ന മാറ്റങ്ങള്‍ എത്ര വലുതാണ്......

      Delete
  11. കരിയുമ്മ, അറക്കപ്പൊടി ചേട്ടത്ത്യാര്, ചാണക വരളി മാമി..... ഇങ്ങനെ എത്ര പേര്‍..... എല്ലാ നാട്ടിലും ഇവരൊക്കെയുണ്ടായിരുന്നു...

    നന്നായി എഴുതി... അഭിനന്ദനങ്ങള്‍.

    ReplyDelete
    Replies
    1. ശരിയാണ് എച്മുക്കുട്ടി, ആളും സ്ഥലവും മാത്രമേ മാറുന്നുള്ളൂ.ദൈന്യതയുടെ മുഖം എല്ലായിടത്തും ഒന്നു തന്നെ.

      Delete
  12. തികച്ചും അപരിചിതമായൊരു ലോകം, അവരുടെ കഷ്ടപ്പാടുകള്‍ അനുവാചകര്‍ക്ക് പരിചയപ്പെടുത്തിത്തന്നതിന് നന്ദി.. അഭിനന്ദനങ്ങള്‍ ....

    ReplyDelete
    Replies
    1. ലോകം മാറിയാലും മനുഷ്യര്‍,അവരുടെ വേദനകളും കഷ്ടപ്പാടുകളും, എല്ലായിടത്തും ഒന്നു തന്നെയാണ്.

      Delete
  13. “അതിനെന്താ സാറേ, നല്ലൊരു ആണ്‍ കുട്ടിയെ കിട്ടിയില്ലേ, എനിക്കത് മതി”
    അതെ, നല്ല ഒരു വായനാനുഭവം കിട്ടിയില്ലേ എനിക്ക്‌. അതു മതി.


    ReplyDelete
  14. നന്നായെഴുതി, മാഷേ. കരിയുമ്മയെ വളരെ നന്നായി അവതരിപ്പിച്ചു.

    ReplyDelete
  15. നന്മയുടെയും,നിഷ്കളങ്കതയുടെയും ഭാവതീവ്രമായ നഷ്ടബോധങ്ങള്‍ മനസ്സില്‍
    തെളിഞ്ഞുവരുംവിധം പകര്‍ത്തിയിരിക്കുന്നു വെട്ടത്താന്‍ സാര്‍ ഈ ഓര്‍മ്മക്കുറിപ്പില്‍,.................?! അഭിനന്ദനങ്ങള്‍.,.
    ആശംസകളോടെ

    ReplyDelete
    Replies
    1. നന്ദി തങ്കപ്പന്‍ ചേട്ടാ.

      Delete
  16. കരിഉമ്മ യുടെ കഥ ഒരു ദേശത്തിന്റെ കഥ ആക്കി
    അവതരിപ്പിച്ചല്ലോ ജോര്‍ജ് ചേട്ടന്‍...

    വളരെ നല്ല ഒരു വായന തന്നതിന് നന്ദി കേട്ടോ..
    റഷ്യന്‍ കഥകള്‍,വന പാലകര്‍,പകലന്തിയോളം
    പണി എടുക്കാന്‍ മാത്രം വിധിക്കപ്പെട്ട പാവങ്ങള്‍..
    ഇന്നത്തെ തലമുറയ്ക്ക് അന്യമായ യധാര്ധ്യങ്ങള്‍
    പലതും ഓര്‍മയില്‍ ഓടിയെത്തി...

    ReplyDelete
    Replies
    1. ഓരോ വ്യക്തിയും സമൂഹത്തിന്‍റെ ഭാഗമല്ലേ.ആഹാരത്തിന് വേണ്ടി മുന്‍ തലമുറ എത്രമാത്രം കഷ്ടപ്പെട്ടിരുന്നു എന്നു പുതിയ കുട്ടികള്‍ക്ക് അറിഞ്ഞുകൂടാ. പണിയെടുക്കാന്‍ ആളെ കിട്ടാത്ത ലോകത്താണ് അവര്‍ ജീവിക്കുന്നതു.

      Delete
  17. ഇന്നത്തെ തലമുറയ്ക്കു ഇതെല്ലാം നിസാര കാര്യങ്ങൾ....പണ്ടത്തെ കഷ്ട്ടപ്പാടിന്റെ കാര്യം പറഞ്ഞാൽ അവർ ചോദിക്കും...ഇന്ന് അതൊന്നും ഇല്ലാത്തത് ഞങ്ങളുടെ കുറ്റമാണോ എന്ന്....
    കാലം മാറിപ്പോയി സാർ....
    ഓർമ്മകളെ അറുപത്കളിലേയ്ക്കു കൊണ്ടുപോയി ഈ പോസ്റ്റ്....ആശംസകളോടെ

    ReplyDelete
    Replies
    1. "ഇവിടെ എന്തു പുരോഗതിയാണുണ്ടായത്" എന്നു ഫേസ് ബുക്കിലൂടെ നമ്മുടെ ചെറുപ്പക്കാര്‍ ചോദിക്കുന്നത് കാണുമ്പോള്‍ ഞാന്‍ പഴയ കാലം ഓര്‍ക്കും.നാല്‍പ്പതുകളിലെ കുടിയേറ്റത്തെക്കുറിച്ച് അന്യോഷിക്കുന്ന ആളെന്ന നിലയില്‍ അന്നത്തെ ദുരിതങ്ങളെക്കുറിച്ചും ഓര്‍ക്കും.പുതിയ തലമുറക്ക് പഴയതൊന്നും അറിയില്ലല്ലോ എന്ന സങ്കടവും ബാക്കിയാവും.

      Delete
  18. വ്യക്തതയുള്ള പാത്രസൃഷ്ടി ബ്ലോഗില്‍ ഞാന്‍ ആദ്യമായി കാണുന്നതു ഇവിടെയാ........
    ഒറോതയെ പോലെ, അമരം എന്ന ചിത്രത്തിലെ അപകര്‍ഷതാബോധം ഉള്ള രഘുവിനെ (അശോകന്‍) പോലെ, കാമ്പും കഴമ്പുമുള്ള കഥാപാത്രം........

    ReplyDelete
    Replies
    1. സത്യം പറഞ്ഞാല്‍ എഴുത്തിന് ശേഷം ഒന്നു തിരുത്താന്‍ സമയം കിട്ടിയില്ല.സാധാരണ രണ്ടു മൂന്നു വായനയും തിരുത്തലും നടത്താറുണ്ട്. താങ്കളുടെ വാക്കുകള്‍ എനിക്കു പ്രചോദനം ആകും.

      Delete
    2. ഇതില്‍ ഇനി തിരുത്തല്‍ വേണ്ട മാഷേ.... ലോഹിതദാസ് പറഞ്ഞിട്ടുണ്ട്, ശുഭം എന്ന് ഞാന്‍ വരച്ചു കഴിഞ്ഞാല്‍ പിന്നെ അതില്‍ തിരുത്തലുകള്‍ ഉണ്ടാകാറില്ല എന്ന്....
      ഇതൊരു ഒഴുക്കാണ്......
      അങ്ങനെ തന്നെ ഒഴുകട്ടെ...
      തിരുത്തും വായനയും പിന്നെയും കടന്നു വന്നാല്‍ അത് artificial ആയിപ്പോകും....
      ഇതില്‍ സ്വഭാവികതയുണ്ട്...

      Delete
    3. നന്ദി വിനീത്

      Delete
  19. ജീവിതത്തിന് ഇങ്ങനെയും ഒരു മുഖമുണ്ടെന്നു ഇവിടെ വന്നപ്പോള്‍ മനസ്സിലായി ,കരിയുമ്മ ഉള്ളിലിങ്ങനെ വല്യൊരു വിങ്ങലായി നില്‍ക്കുന്നു ...സര്‍ , എന്‍റെ എല്ലാ വിധ ആശംസകളും !

    ReplyDelete
    Replies
    1. മിനി,കുറെയധികം യാതനകള്‍ക്കും വേദനകള്‍ക്കും ശേഷമാണ് ഇന്നത്തെ സമൃദ്ധി കൈ വന്നത്.

      Delete
  20. പണ്ടത്തെ കഷ്ട്ടപ്പാടിന്റെ കാര്യം ന്റെ മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട് ഒരു കഥ കേള്‍ക്കുന്ന പോലെ ആകാംക്ഷയോടുകൂടി ഞങ്ങള്‍ കേട്ടിരിക്കും ... മിക്കവാറും കഥപറച്ചിലില്‍ ആ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നതും കണ്ടിട്ടുണ്ട് ..കുഞ്ഞായിരുന്നപ്പോള്‍ ആ കണ്ണുനീരിന്റെ അര്‍ഥം മനസ്സിലാകാതെ ഞാന്‍ കളിയാക്കി ചിരിച്ചിട്ടുണ്ട് ...എപ്പോളും എന്തേലും പറഞ്ഞു കരയുന്ന ആളെ കണ്ടിട്ടുണ്ടോ ? കാണാത്തവര്‍ ഇങ്ങോട്ട് നോക്കൂ എന്നൊക്കെ പറഞ്ഞു കളിയാക്കും ..ഇന്ന് അതോര്‍ത്ത് ദുഖവും ഉണ്ട് കാരണം നല്ല അറിയാരായപ്പോള്‍ മുത്തശ്ശി ഞങ്ങളെ വിട്ടു പിരിഞ്ഞു ...:(

    പാവം കരിയുമ്മ..!

    ReplyDelete
    Replies
    1. പണ്ടത്തെ കഷ്ടപ്പാടിന്‍റെ കാര്യം പറയാന്‍ മാത്രമല്ല കരിയുമ്മയുടെ കഥ എഴുതിയത്.അവരുടെ വാക്കുകള്‍ എന്‍റെ മനസ്സിലുണ്ടാക്കിയ ചലനങ്ങള്‍ അത്ര ശക്തമായിരുന്നു.

      Delete
  21. പണ്ടത്തെ നമ്മുടെ മുന്‍ഗാമികള്‍ ചെയ്തു കൂട്ടിയതിന്റെ ഫലങ്ങള്‍ അനുഭവിക്കുന്നത് നമ്മളൊക്കെ ആണ്....എന്നിട്ടും അവര്‍ക്കൊക്കെ ഏകാന്തതകള്‍ വിധിക്കുന്ന നാം .....!!! നല്ല പോസ്റ്റ് മാഷേ

    ReplyDelete
    Replies
    1. കുട്ടികളെ മുന്‍ തലമുറയുടെ കഷ്ടപ്പാടുകളുടെ കഥകള്‍ അറിയിക്കാതെ വളര്‍ത്തുന്നത് ശരിയല്ല സുഹൃത്തെ. അങ്ങിനെ ചെയ്യുന്നത് കൊണ്ടാണ് അവര്‍ മാതാപിതാക്കളെ മറന്നു കളയുന്നത്.

      Delete
  22. ഉപ്പ കുറച്ചു കാലം നിലമ്പൂരില്‍ ഉണ്ടായിരുന്നു ,അത് കൊണ്ട് തന്നെ കുട്ടിക്കാലത്ത് ഉപ്പ പറഞ്ഞു തന്ന കഥകള്‍ പലതും ഈ പോസ്റ്റില്‍ കൂടി വീണ്ടും വായിക്കാനായി ...നല്ല പോസ്റ്റ്‌ വീണ്ടും വരാം .

    ReplyDelete
  23. ഞാന്‍ ഫൈസലിന്‍റെ ബ്ലോഗില്‍ പോയി. "കരിയുമ്മ" യില്‍ എഴുതിയ കഷ്ടപ്പാടിന്‍റെ ജീവിതം നയിക്കുന്ന പ്രവാസികള്‍ ഉണ്ടെന്നറിഞ്ഞതില്‍ ദുഖം തോന്നുന്നു. നമ്മുടെ ആളുകള്‍ തന്നെയാണ് ഈ പാവങ്ങളെ പറ്റിക്കുന്നതും.

    ReplyDelete
  24. നന്നായി എഴുതി. ആശംസകള്‍
    ഗ്യാസ് വില ഇക്കണക്കിനു പോയാല്‍ പഴയ കരിയുമ്മയെ തിരക്കി പോകേണ്ടി വരും . ഇല്ലേ ?

    പിന്നെ ഇന്ന് വനം കൊള്ള ഇല്ല എന്നത് തീരെ ശരിയല്ല . കൊള്ള ചെയ്യുവാന്‍ വനം ഇല്ല എന്നതാണ് ശരി

    ReplyDelete
  25. നന്ദി,ശ്രീ കണക്കൂര്‍.

    ReplyDelete
  26. വളരെ നന്നായി
    ആശംസകള്‍

    ReplyDelete
  27. samovar anyam vannu poyaathupoley kadathuvanjikkum vamsanaasam nerittukondirikkunnoo..

    ReplyDelete
  28. കടത്ത് വഞ്ചി ഇല്ലാതാവാന്‍ ഇനിയും കാലമെടുക്കും. എന്തായാലും പ്രധാന സ്ഥലങ്ങളിലെല്ലാം പാലം വന്നു കഴിഞ്ഞു.

    ReplyDelete
  29. നന്നായി എഴുതി,“അതിനെന്താ സാറേ, നല്ലൊരു ആണ്‍ കുട്ടിയെ കിട്ടിയില്ലേ, എനിക്കത് മതി”
    അങ്ങനെയും കുറെ മനുഷ്യര്‍

    ReplyDelete
    Replies
    1. ഈ വാക്കുകള്‍ കരിയുമ്മയുടെ മാത്രമല്ല. മാന്തളിര്‍ പോലൊരു പെണ്‍ കിടാവിനെ ഒരു വിവാഹത്തട്ടിപ്പുകാരന്‍ പറ്റിച്ചു കടന്നു കളഞ്ഞപ്പോഴും മറ്റുപല സന്ദര്‍ഭങ്ങളിലും പാവം മനുഷ്യര്‍ ഇങ്ങിനെ സമാശ്വസിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഭര്‍ത്താക്കന്‍മാര്‍ പറ്റിച്ചു കടന്നു കളഞ്ഞ പലരും ആ നാട്ടിലുണ്ടായിരുന്നു.

      Delete
  30. ന്റെ കുട്ടിക്കാലത്ത്‌ ഞാനും കണ്ടിരിക്കുന്നു ഒരുപാട്‌ കരിയുമ്മകളെ..
    നാട്ടിൻപ്പുറത്തെ ഒരു പ്രദേശത്തിലെ സ്ത്രീകളുടെ ഉപജീവനമാർഗ്ഗമായിരുന്നു അത്‌..
    ഫോറസ്റ്റുക്കാരെ ഭയന്ന് കരിചാക്കുകൾ വഴിയോരത്തിട്ട്‌ ഓടുന്ന കരിയുമ്മകളുടെ ദയനീയ മുഖം ഓർമ്മയിൽ തെളിയുന്നു..
    ഓർമ്മകളിലേക്ക്‌ വഴിവെട്ടി ഈ ലേഖനം..നന്ദി

    ReplyDelete
    Replies
    1. ഇന്ന് "കരിയുമ്മ"മാര്‍ ഇല്ല. അസുഖബാധിതരും മിഥ്യാഭിമാനികളും അല്ലാതെ ഉള്ളവരുടെ ഇടയില്‍ പട്ടിണിയും ഇല്ല. സ്ത്രീകള്‍ക്കിടയില്‍ വിദ്യാഭ്യാസപരമായി ഉണ്ടായ മുന്നേറ്റമാണ് മറ്റൊരു നേട്ടം. സ്വാഭാവികമായും, വര്ഷം തോറും വിവാഹം ചെയ്തിരുന്നവര്‍ക്ക് പിന്മുറക്കാരും ഇല്ലാതായി.

      Delete

Related Posts Plugin for WordPress, Blogger...