Wednesday 20 March 2013

ചില കുടുംബ കാര്യങ്ങള്‍.





    ഇന്നലെ കാലത്ത് എനിക്കു ഒരു സന്ദര്‍ശകനുണ്ടായിരുന്നു. എന്‍റെ    നാട്ടുകാരനും അയല്‍ക്കാരനുമാണ്. വല്ലപ്പോഴും വരും. സ്വന്തം പ്രശ്നങ്ങളുടെ കെട്ടഴിക്കും. വേറൊരാളോടാണ് പറയുന്നതെന്ന് പരിഗണിക്കാതെ എല്ലാം വിട്ടു പറയും. എന്‍റെ ഭാര്യക്ക് കക്ഷിയെ അത്ര പിടിക്കില്ല. അയാളുടെ ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും കുറ്റങ്ങള്‍ തുറന്നടിക്കുന്നത് കൊണ്ടാണ്. പിന്നെ, വന്നാല്‍ ഉടനെ ഒന്നും പോകില്ല. ഔചിത്യം നോക്കാതെ ചടഞ്ഞു കൂടുന്നവരെ “അളിയന്‍” എന്നാണവള്‍  വിളിക്കുക. അളിയന്‍മാര്‍ ഓരോ സ്ഥലത്തും ഉണ്ടാവാറുണ്ട്. മറ്റുള്ളവരുടെ സാഹചര്യം മനസ്സിലാക്കാതെ ചടഞ്ഞു കൂടുന്നവര്‍. ബാബുവിനും ഞങ്ങളുടെ ഇടയിലെ വിളിപ്പേര് “അളിയന്‍” എന്നു തന്നെ.  
    രണ്ടു ദിവസം മുന്‍പ് ബാബു വിളിച്ചിരുന്നു. അയാളുടെ ജ്യേഷ്ഠന്‍റെ ഭൂമി ഒരു കേസില്‍ പെട്ടു നഷ്ടപ്പെട്ടു. കേറിക്കിടക്കാന്‍ കൂരയില്ലാതായി. തല്‍ക്കാലം മകളുടെ വീട്ടില്‍ കൂടുകയാണ് ,അയാള്‍ അങ്ങോട്ട് പോകുകയാണ് എന്നു പറഞ്ഞു. ബാബുവിന്‍റെ സഹോദരന്‍ ഒരു നല്ല മനുഷ്യനായിരുന്നു. അങ്ങിനെയുള്ളവരെയാണല്ലോ കുബുദ്ധികള്‍ക്ക് എളുപ്പം പറ്റിക്കാന്‍  കഴിയുക. എനിക്കു വിഷമം തോന്നി. ഞങ്ങളുടെ നാട്ടില്‍ ആയിരുന്നപ്പോള്‍ ഒരു വിധം നല്ല നിലയില്‍ കഴിഞ്ഞിരുന്നവരാണ്. കഠിനാദ്ധ്വാനിയായിരുന്നു ബാബുവിന്‍റെ ചേട്ടന്‍.   അയാളുടെ വിയര്‍പ്പ് വീണു കുതിര്‍ന്ന മണ്ണായിരുന്നു അവരുടേത്. അവരുടെ അച്ഛന്‍റെ  പിടിവാശിക്ക് ആ ഭൂമി വിറ്റു നാട് വിട്ടതാണ്. വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം കാണുമ്പോള്‍  ബാബു നഗരത്തിലെ  ആശുപത്രിയില്‍ ജോലിയാണ്. മകളെ കല്യാണം കഴിച്ചു അയച്ചു. മകന് വിവാഹം അന്യോഷിക്കുന്നു. അല്ലലില്ലാത്ത ജീവിതം. ഒരു വിഷമം മാത്രം മകന്‍റെ പഠിത്തം അങ്ങ് ശരിയായില്ല. അംഗീകാരമില്ലാത്ത ഒരു പ്രൈവറ്റ് കോഴ്സ്  പഠിച്ചു ഒരു ചെറിയ ജോലിയുമായി കഴിയുകയാണ് പയ്യന്‍.

    ഒരു വര്‍ഷം മുന്‍പ് ബാബു വന്നിരുന്നു. രണ്ടു മണിക്കൂര്‍ സമയം അയാള്‍ തന്‍റെ ജീവിതത്തിന്‍റെ മാറാപ്പു എന്‍റെ മുന്നില്‍ തുറന്നിട്ടു. മകന്‍റെ കല്യാണം ശരിയാവുന്നില്ല. നല്ല നല്ല ആലോചനകള്‍ വരുന്നുണ്ട്. പക്ഷേ പയ്യന്‍ അടുക്കുന്നില്ല. തീരെ നിസ്സാര കാരണങ്ങള്‍ പറഞ്ഞു ഒഴിവാക്കിക്കളയുന്നു. അവന്‍റെ കുറവുകള്‍ അവന്‍ അറിയുന്നില്ല. പോരെങ്കില്‍ അവന് തീരെ അനുസരണയില്ല. അച്ഛനോടും അച്ഛന്‍റെ    വാക്കിനോടും ഒരു ബഹുമാനവുമില്ല. മകന്‍ അച്ഛനെ കൈകാര്യം ചെയ്യുമോ  എന്നു ഭയക്കുന്നു എന്നുവരെ അയാള്‍ പറഞ്ഞു വെച്ചു. ഞാന്‍ അയാള്‍ക്ക് ആത്മ വിശ്വാസം പകരുന്ന വിധത്തില്‍ സംസാരിച്ച് പതുക്കെ ഒഴിവാക്കി വിട്ടു.

    അഞ്ചു മാസം മുന്‍പായിരുന്നു ബാബുവിന്‍റെ മകന്‍റെ വിവാഹം.   കൊള്ളാവുന്ന ഒരു കുടുംബത്തില്‍ നിന്നാണ്. പെണ്‍കുട്ടി നഗരത്തിലെ  ഒരാശുപത്രിയില്‍ ജോലി ചെയ്യുന്നു. ബി.എസ്.സി നേഴ്സാണു.   ബാബുവും ഭാര്യയും അതീവ സന്തുഷ്ടരായി കാണപ്പെട്ടു. മാതാപിതാക്കള്‍  പെണ്‍ മക്കളെ കല്യാണം കഴിച്ചു വിടുമ്പോള്‍ പയ്യന്‍റെ വിദ്യാഭ്യാസ  യോഗ്യതയൊന്നും നോക്കാറില്ലെ എന്നൊരു കുശുമ്പു മനസ്സില്‍  മുളപൊട്ടിയെങ്കിലും ഞാനതടക്കി. ബാബുവിന്‍റെ ജീവിതം  സന്തോഷകരമായിരിക്കട്ടെ എന്നു മനസ്സില്‍ ആശംസിക്കുകയും ചെയ്തു.

    എന്‍റെ മുന്നിലിരിക്കുന്ന ബാബുവിനെ നോക്കുമ്പോള്‍ ഞാന്‍ കാണുന്നത് അയാളുടെ അച്ഛനെയാണ്.അത്രയും തടിയില്ല പക്ഷേ ആറടിക്ക് മേലുള്ള ഉയരവും സ്വാര്‍ത്ഥത ഒളിഞ്ഞിരിക്കുന്ന കണ്ണുകളും ഒരു കൌശലക്കാരന്‍റെ മുഖവും ബാബുവിന് പകര്‍ന്നു കിട്ടിയിട്ടുണ്ട്. ആരോടും സ്നേഹമില്ലാത്ത, ഒരു വെറും സ്വാര്‍ത്ഥനായിരുന്നു ആ മനുഷ്യന്‍. മക്കളോ നാട്ടുകാരോ അയാളെപ്പറ്റി നല്ലതൊന്നും പറഞ്ഞുകേട്ടിട്ടില്ല. മൂത്തമകന്‍റെ ഭാര്യ അയാളുടെ ക്രൂരതകളെപ്പറ്റിപറഞ്ഞു കരയുമായിരുന്നു. മരിക്കുന്നതുവരെ അയാള്‍ മക്കളെ പീഡിപ്പിച്ച് കൊണ്ടിരുന്നു. അയാളുടെ മരണം മക്കള്‍ക്ക് ആശ്വാസമായിരുന്നു എന്നു തന്നെ പറയാം. ആയ കാലത്ത് തല ഉയര്‍ത്തി നടന്ന അയാള്‍ പരിഹാസ്യനായാണ് മരിച്ചത്. അയാളെ കാണാതെ പരിചയക്കാര്‍ ഒഴിഞ്ഞു മാറുമായിരുന്നു. എന്നാലും ദിവസവും പുതിയ താമസസ്ഥലത്ത് നിന്നു മൂന്നു മൈല്‍ നടന്നു അയാള്‍ ഞങ്ങളുടെ നാട്ടിലെത്തും. ആദ്യകാലങ്ങളില്‍ സുഹൃത്തുക്കളുടെ കടകളായിരുന്നു അയാളുടെ വിഹാരരംഗം. പിന്നെ പിന്നെ എന്നും ബസ് സ്റ്റോപ്പില്‍ കാണുന്ന ഒരു കിഴവനെന്ന പേര് അയാള്‍ക്ക് വീണു. ആരെങ്കിലും പരിചയക്കാരെ കണ്ടാല്‍ ചെറു തുകകള്‍ ചോദിക്കാന്‍ അയാള്‍ക്ക് മടിയില്ലാതായി. 

    “എന്താണ് പ്രശ്നം”? ബാബു വിസ്തരിച്ചിരുന്നു. എന്നിട്ട് ചിരിച്ചുകൊണ്ടു പറഞ്ഞു “മരണ ഭീതി, എന്‍റെ മകന്‍ എന്നെ കൊല്ലുമോ എന്ന ഭീതി.”  തരിച്ചിരിക്കുന്ന എന്നെ നോക്കി അയാള്‍ പറഞ്ഞു. മകനെക്കൊണ്ടു വലിയ പ്രശ്നമായിരിക്കുന്നു. ചിലപ്പോള്‍ അവന്‍ വല്ലാതെ വയലന്‍റ് ആകുന്നു. മറ്റൊരു നഗരത്തില്‍ ജോലിചെയ്തിരുന്ന മകനെ ഇവിടെ കൊണ്ടുവന്നു ജോലി വാങ്ങിക്കൊടുത്തു. ഇപ്പോള്‍ അയാളെക്കൊണ്ട് ഒരു രക്ഷയുമില്ല. പോരെങ്കില്‍ ഭാര്യക്ക് തീരെ സുഖമില്ല.

“അയാളുടെ കല്യാണം കഴിഞ്ഞതല്ലെ ഉള്ളൂ. അയാള്‍ ഭാര്യയോട് എങ്ങിനെയാണ്?
“അതല്ലേ തമാശ. അയാള്‍ക്ക് അവളെ തീരെ വിശ്വാസമില്ല. അവളുടെ ബന്ധുക്കളായ പുരുഷന്മാരോട് സംസാരിക്കുന്നതു ഇഷ്ടമല്ല. അല്ലെങ്കിലും അവന് ചേര്‍ന്ന പെണ്ണാണോ അവള്‍? കണ്ടാല്‍ ഒരു വര്‍ക്കത്തില്ല. പോയി കണ്ടതെ അവന് ഇഷ്ടപ്പെട്ടു എന്നു പറഞ്ഞു. ഞങ്ങള്‍ നടത്തിക്കൊടുത്തു. അത്രയേ ഉള്ളൂ.”
“പെണ്‍ കുട്ടി കാണാന്‍ അത്ര മോശമല്ലല്ലോ”
“അത്ര മോശമല്ല ,എന്നാലും അവന്‍റെ അത്ര സൌന്ദര്യമില്ല.”
“അത് ശരി, പ്രീഡിഗ്രീ തോറ്റ് ഒരു കടലാസ് കോഴ്സും പാസ്സായി മാസം അയ്യായിരം വാങ്ങുന്ന അവന് കിട്ടിയ ലോട്ടറിയല്ലേ ഈ പെണ്‍ കുട്ടി ”?
“കാര്യം ഒക്കെ ശരിയാണ് പക്ഷേ അവന് മനസ്സിലാവണ്ടേ? ഒഴിഞ്ഞു പോകുന്നെങ്കില്‍ പോകട്ടെ എന്നൊരു മട്ടാണ് അവന്.
“അവര് തമ്മില്‍ എപ്പോഴും വഴക്കാണോ?”
“അതല്ലേ തമാശ ചിലപ്പോള്‍ വലിയ സ്നേഹമാണ്. ഞങ്ങള്‍ ഇരിക്കുന്നു എന്ന തോന്നല്‍ പോലുമില്ല”
“അതെന്താ”
കഴിഞ്ഞ ദിവസം ഞങ്ങള്‍ എല്ലാവരും കൂടി ടി.വി കണ്ടുകൊണ്ടിരിക്കുമ്പോള്‍ അവള്‍ അവന്‍റെ മടിയില്‍ കിടന്നു.
താനെവിടെയായിരുന്നു ഇരുന്നതു ?
ഞാന്‍ മുന്നില്‍.
അവരോ?
അവര്‍ ഏറ്റവും പുറകില്‍.
താനെന്തിനാ തിരിഞ്ഞു നോക്കിയത്?
ഞാനല്ല ,അമ്മയാണ് കണ്ടത്.
പെണ്‍ കുട്ടി ഗര്‍ഭിണിയാണോ?
അതല്ലേ തമാശ. ദൈവം നീതിമാനാണ് എന്നതിന് വേറെ തെളിവ് വേണ്ട.
അതെന്താ 
എന്തായിരുന്നു അവളുടെ ഗര്‍വ്വ്. എന്തൊക്കെയാണ് പറഞ്ഞുകൂട്ടിയത് .ദൈവം പൊറുത്തില്ല.
എന്താ അവള്‍ പറഞ്ഞത്.
ഞാനെന്‍റെ മോനേ നാടന്‍ കോഴിയെപ്പോലെ അഴിച്ചുവിട്ടു വളര്‍ത്തും.ഒരിക്കലും ബ്രോയിലര്‍ കോഴിയെപ്പോലെ കൂട്ടിലിട്ട് വളര്‍ത്തില്ല എന്നു. ആ അഹമ്മതി ദൈവം ക്ഷമിച്ചില്ല.
ദൈവം എന്താ ചെയ്തത്?
നാലുമാസം കഴിഞ്ഞപ്പോള്‍ പിന്നെ കുട്ടിക്ക് വളര്‍ച്ചയില്ല. അവസാനം ടെര്‍മിനേറ്റ് ചെയ്യേണ്ടി വന്നു.
ഞാന്‍ ബാബുവിന്‍റെ മുഖത്തേക്ക് നോക്കി.ആ മുഖത്ത് ദുഖത്തിന്‍റെ ലാഞ്ചനപോലുമില്ല. എതിരാളിയെ തോല്‍പ്പിച്ചവന്‍റെ ഗര്‍വ്വ് മാത്രം.
“തന്‍റെ മകന് ദുഖമുണ്ടായില്ലെ?”
അതിനു അവന് മറ്റാരോടെങ്കിലും സ്നേഹമുണ്ടായിട്ടു വേണ്ടേ?
അവന് തന്‍റെ അച്ഛന്‍റെ ഛായയാണുള്ളത് .സ്വഭാവവും അതുപോലെ തന്നെ. തികഞ്ഞ സ്വാര്‍ത്ഥന്‍. ഇങ്ങിനെയുള്ളവര്‍ വിവാഹം കഴിക്കരുത്.
ഞാന്‍ പക്ഷേ അങ്ങിനെയല്ല.
ഞാന്‍ പറഞ്ഞില്ലല്ലോ. ആട്ടെ, മകന് അമ്മയെ ഇഷ്ടമാണോ?
പിന്നെ. ഇരുപത്തഞ്ചു വയസ്സു വരെ അമ്മയുടെ കൂടെയല്ലേ കിടന്നിരുന്നത്.
മകന്‍ കല്യാണം കഴിച്ചതിന് ശേഷമാണോ  ഭാര്യക്ക് സുഖമില്ലാതായത്.  
ഒരു തലവേദന. മാറുന്നില്ല.
ഭാര്യ പോയാല്‍   ഇവന്‍ പിന്നേയും അമ്മയുടെ കൂടെയാവുമോ കിടപ്പ്?
പെട്ടെന്നു ബാബുവിന് ഞാന്‍ കളിയാക്കുകയാണോ എന്നൊരു തോന്നല്‍. ആ മുഖം മുറുകി.
“ബാബു ഞാന്‍ കളിയാക്കിയത് തന്നെയാണ്. നിങ്ങള്‍ക്ക് ആ ചെറുപ്പക്കാരുടെ ജീവിതത്തില്‍ നിന്നു ഒഴിഞ്ഞു പോകാന്‍ പറ്റുമോ?”
ഒഴിഞ്ഞു പോകാനോ? ഞങ്ങളോ? അവളല്ലെ ഒഴിഞ്ഞു പോകേണ്ടത്?

ഞാനൊന്നും മിണ്ടിയില്ല. മിണ്ടിയിട്ടു കാര്യമില്ല.

വെട്ടത്താന്‍

43 comments:

  1. ഞാനൊന്നും മിണ്ടിയില്ല. മിണ്ടിയിട്ടു കാര്യമില്ല.
    ഓരോ കഥാപാത്രങ്ങൾ [ അല്ല അവരെ ''അവതാരങ്ങൾ'' എന്ന് വിളിക്കാം :) ]അങ്ങിനെയാണ്. പറഞ്ഞിട്ട് കാര്യമില്ല. ദൈനംദിന അനുഭവങ്ങളില്നിന്നും ഒരു പാഠം.
    ''അളിയന്മാരെ'' അകറ്റി നിര്ത്തുക
    സ്വന്തം വീട്ടില് സമാധാനം ഉണ്ടാകട്ടെ :)

    ReplyDelete
  2. പെരുത്ത് സന്തോഷം ഡോക്റ്റര്‍ജി. ശരിയാണ് ചില ആളുകളോട് മൌനം പാലിക്കുന്നത് ത്തന്നെയാണ് ഉചിതം.

    ReplyDelete
  3. പറക്കപറ്റിയാല്‍ തുറന്നു വിടണം. ഇല്യോ?
    ഇന്നത്തെ കുടുംബ അസ്വാരസ്യങ്ങക്ക് നശിച്ച സീരിയലുകള്‍ വഹിക്കുന പങ്കും ചില്ലറയല്ല.

    ReplyDelete
  4. ചില അച്ഛനമ്മമാര്‍ മക്കളുടെ ജീവിതം കുളം തോണ്ടും. സ്നേഹമല്ല,സ്നേഹപ്പാര.

    ReplyDelete
  5. പ്രിയപ്പെട്ട വെട്ടത്താൻ ജി,

    സമകാലീന സംഭവങ്ങൾ ഇങ്ങിനെയൊക്കെ തന്നെ !

    ഒരു പാട് കുടുംബങ്ങളിൽ സംഭവിക്കുന്നു . മനുഷ്യബന്ധങ്ങൾ ,നിരാശയിലും കണ്ണുനീരിലും .

    ചെറുപ്പം മുതൽ മൂല്യങ്ങൾ അറിയാതെ പോകുന്ന സമൂഹം ഭാവിയുടെ പേടിസ്വപ്നം !

    ഹാര്ദമായ അഭിനന്ദനങ്ങൾ !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. അനു,ഈ ആദ്യ വരവിന് പ്രത്യേകം നന്ദി. ചില മാതാപിതാക്കള്‍ സ്വാര്‍ത്ഥതയും ക്രൂരതയും മാത്രമാണു തലമുറകള്‍ക്ക് പകര്‍ന്നു കൊടുക്കുന്നതു.

      Delete
  6. മക്കളെ ജീവിക്കാൻ വിടാത്ത മാതാപിതാകൾ ധാരാളം ഉണ്ട്..
    തലമുറകളായി സ്വാർഥത മാത്രം കൈമാറി വരുന്ന അവരുടെ വ്യക്തമായ ഒരു ചിത്രം വരികളിൽ നിന്നും കിട്ടി
    അഭിനന്ദനങ്ങൾ

    ReplyDelete
    Replies
    1. സത്യമാണ് അബൂതി,സ്വാര്‍ഥതയും ക്രൂരതയും തലമുറകളിലൂടെ വീണ്ടും വരുന്നു. ഇത്തരക്കാരെ അകറ്റി നിര്‍ത്തുകയെ നിവൃത്തിയുള്ളൂ.

      Delete
  7. വിചിത്രാവതാരങ്ങള്‍. അല്ലേ?

    ReplyDelete
    Replies
    1. വിചിത്രം തന്നെ,പക്ഷേ ചുറ്റും ഇത്തരക്കാരെ കാണാം.

      Delete
  8. കൂടിയാലും കുറഞ്ഞാലും കുഴപ്പം തന്നെ.
    എന്തൊക്കെ പറയുമ്പോഴും എന്തു ചെയ്യണം എന്ന വ്യക്തമില്ലായമായും ഇന്നത്തെ കുഴപ്പങ്ങളില്‍ പെടുന്നുണ്ട്.
    പലപ്പോഴും പലതരം വാശികളും കാരണങ്ങളാണ്.

    ReplyDelete
    Replies
    1. ചിലര്‍ അങ്ങിനെയാണ് റാംജി അവര്‍ക്ക് ജയിക്കണം .മറ്റൊന്നും പ്രശ്നമല്ല.

      Delete
  9. പഴമക്കാര്‍ പറയാറില്ലെ 'കുടുംബമഹിമ,കുടുംബപാരമ്പര്യം' എന്നൊക്കെ
    അതാണ്‌ വെട്ടത്താന്‍ സാറിന്‍റെ ഈ കഥയില്‍നിന്ന്‌ വ്യക്തമാകുന്നത്.കണ്ണികളില്‍
    ചിലത് ആ പാരമ്പര്യസ്വഭാവം നിലനിര്‍ത്താനായി ആവിര്‍ഭവിക്കും.
    എവിടെയും നടക്കുന്ന,നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഹൃദ്യമായി എഴുതി.
    ആശംസകളോടെ

    ReplyDelete
    Replies
    1. ജനിതകമായി പകര്‍ന്നു കിട്ടുന്ന സ്വഭാവങ്ങളില്‍ നിന്നു രക്ഷപ്പെടുക വിഷമമാണ്.ഇത്തരക്കാരോട് ബന്ധപ്പെടുന്നവരുടെ കാര്യമാണ് കഷ്ടം.നന്ദി,തങ്കപ്പന്‍ ചേട്ടാ

      Delete
  10. ഞാനൊന്നും മിണ്ടിയില്ല, മിണ്ടിയിട്ട് കാര്യമില്ല. സത്യമാണ് വെട്ടത്താന്‍ ചേട്ടാ.മിണ്ടിയിട്ട് കാര്യമില്ല.....
    നന്നായി എഴുതി കേട്ടോ. അഭിനന്ദനങ്ങള്‍ ഈ ലളിതമായ കുറിപ്പിന്...

    ReplyDelete
    Replies
    1. നന്ദി,എച്മു.ഒരിയ്ക്കലും മാറാത്ത മനസ്സാണ് ഇത്തരക്കാര്‍ക്ക്.

      Delete
  11. ഇതൊരു യഥാർത്ഥ സംഭവം പോലെ തോന്നിച്ചു. ഇത്തരം കഥാപാത്രങ്ങൾ നമ്മുടെ നാട്ടിലുണ്ടാവാം. അച്ഛനെ അനുസരണം പഠിപ്പിക്കാനാണ്‌ മകന്‌ താൽപര്യം. അമ്മയുടെകൂടെ കിടക്കാനും

    ReplyDelete
    Replies
    1. യാഥാര്‍ത്ഥ്യം കഥയെക്കാള്‍ കൈപ്പു നിറഞ്ഞതാണ്.നന്ദി മധുസൂദന്‍ ജി

      Delete
  12. പ്രിയ സുഹൃത്തേ,
    ഏതായാലും നാട്ടിലേക്കധികം പോവാതിരിക്കുന്നതാണ് നല്ലത്. കഥാപാത്രങ്ങള്‍ ഓടിച്ചിട്ടു തല്ലിക്കൊല്ലാന സാദ്ധ്യത ഉണ്ട്.

    ReplyDelete
  13. പ്രിയ സുഹൃത്തേ,
    ഏതായാലും നാട്ടിലേക്കധികം പോവാതിരിക്കുന്നതാണ് നല്ലത്. കഥാപാത്രങ്ങള്‍ ഓടിച്ചിട്ടു തല്ലിക്കൊല്ലാന സാദ്ധ്യത ഉണ്ട്.

    ReplyDelete
    Replies
    1. ചങ്കെടുത്ത് കാണിച്ചാലും ചെമ്പരത്തിപ്പൂ. കഥയെഴുതിയാലും നടന്ന സംഭവമാണെന്ന ധ്വനി.അതെന്താ അങ്ങിനെ?

      Delete
  14. മിണ്ടിയിട്ടു കാര്യമില്ല...ഓരോരോ അവതാരങ്ങൾ

    ReplyDelete
    Replies
    1. ഒരു കാര്യവുമില്ല.നിലപാടുകളില്‍ അണുവിട മാറ്റമില്ല. പിന്നെന്തിന് പറയണം?

      Delete


  15. പലപ്പോഴും ഇതിലും വിചിത്രവും ഭയാനകവും ആവാറുണ്ട് ജീവിതം എന്ന് മാത്രം പറയുന്നു. മറ്റെന്തു പറയാൻ

    ReplyDelete
    Replies
    1. അണു കുടുംബം മകന്‍റെ ഭാര്യയെപ്പോലും പുറന്തള്ളാന്‍ ശ്രമിക്കുന്നു.പുറത്തു നിന്നു ഒരാളെയും സഹിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല

      Delete
  16. മരുമക്കളെല്ലാം വീടിനുള്ളിലേക്ക്
    ഒരു ഭൂതത്തെപ്പോൽ കയറിവന്നവരാണേന്ന്
    കരുതുന്ന അനേകമടുംബങ്ങളിലൊന്നിന്റെ നേർക്കാഴ്ച്ച...!

    ReplyDelete
  17. മരുമകളെ കുടുംബത്തിന്‍റെ ഭാഗമായി കാണാന്‍ കഴിയുന്നവര്‍ അപൂര്‍വ്വമാണ്.

    ReplyDelete
  18. ജീവിതത്തില്‍ ഇങ്ങിനെയൊക്കെ എന്തെല്ലാം നടക്കുന്നു.വളരെ നന്നായി അവതരിപ്പിച്ചു.

    ReplyDelete
    Replies
    1. നന്ദി സുഹൃത്തെ. ജീവിതം കാണുന്നതിലും സങ്കീര്‍ണ്ണമാണ്.

      Delete
  19. ന്യൂക്ലിയര്‍ ഫാമിലിയിലെ കുട്ടികള്‍ മാതാപിതാക്കാന്മാരുമായി അട്ടാച്ചുമെന്റ്റ്‌ കൂടും . അവരുടെ ജീവിതത്തില്‍ അധികം ഇടപെടാതെ മാറി നിന്ന് നോക്കി കാണുന്നതാണ് നല്ലത്.

    ReplyDelete
    Replies
    1. മാതാപിതാക്കളുടെ കാര്യവും തഥൈവ. പുതിയ ഒരാളെ ഉള്‍ക്കൊള്ളാന്‍ എല്ലാവര്‍ക്കും മടിയാണ്.

      Delete
  20. ശരി തന്നെയാണ് മാഷേ. ഇതു പോലുള്ള 'അളിയന്‍' മാരെ കഴിയുമെങ്കില്‍ അകറ്റി നിര്‍ത്തുന്നതു തന്നെയാണ് ഭേദം.

    ReplyDelete
    Replies
    1. ഒരു രക്ഷയുമില്ല ശ്രീ,ചില അളിയന്‍മാര്‍ ക്ഷമയുടെ നെല്ലിപ്പടി കാണിക്കും.

      Delete
  21. ഇതുപോലെ ഒരമ്മേം മോനും ഒരു പാവം പെൺകുട്ടിയുടെ ജീവിതം തുലച്ച് സുഖായിട്ട് കഴിയുന്നു!!
    ആ അളിയനെ പറഞ്ഞു നേരായാക്കാൻ നോക്കിയോ?

    ReplyDelete
    Replies
    1. ചില ആളുകളെ നേരെ പറഞ്ഞു മനസ്സിലാക്കുക അസാദ്ധ്യമാണ്. പരിഹാസം ചിലപ്പോള്‍ ഗുണം ചെയ്തേക്കും. മകന്‍റെ വിവാഹം കഴിഞ്ഞാല്‍ മാറാത്ത തലവേദന വരുന്ന അമ്മമാര്‍ക്ക് അടിയന്തിര ചികില്‍സ വേണം.ഇല്ലെങ്കില്‍ എല്ലാം കൈവിട്ടുപോകും.

      Delete
  22. എന്തായാലും ആ ഉപദേശം എനിക്ക് ഇഷ്ടായി ...നല്ല കൌണ്‍സിലിങ്ങിന്റെ കുറവു ചേട്ടന്റെ കൂട്ടുകാരനുണ്ട് എന്ന് തോന്നുന്നു ..

    ReplyDelete
  23. ഇത്തരം രോഗങ്ങള്‍ക്ക് വൈകിയാല്‍ ചികില്‍സ ഫലിക്കില്ല. എന്തു ചെയ്യാം.

    ReplyDelete
  24. ഇന്നത്തെ കുടുംബാന്തരീക്ഷത്തിൽ പലതും നേരെയാക്കാൻ കൌൺസിലിങ് അത്യാവശ്യമായിരിക്കുന്നു. മാത്രമല്ല കൌൺസിലിംങ് എന്നതൊരു ഫാഷനായി മാറുകയാണോന്നും സംശയമുണ്ട്..
    അണു കുടുംബത്തിൽ ഒരു സംശയനിവാരണത്തിനു പോലും അനുഭവസ്ഥരായ ആളുകളില്ലാത്തത് വല്ലാത്ത ഒരു അവസ്ഥ തന്നെയാണ്.
    ആശംസകൾ...

    ReplyDelete
    Replies
    1. അണു കുടുംബത്തിൽ ഒരു സംശയനിവാരണത്തിനു പോലും അനുഭവസ്ഥരായ ആളുകളില്ലാത്തത് വല്ലാത്ത ഒരു അവസ്ഥ തന്നെയാണ്.....ഇന്നത്തെ ജീവിതം...

      Delete
  25. എന്ത് ചെയ്യാനാ വെട്ടത്താന്‍ ചേട്ടാ മിണ്ടിയിട്ടു ഒരു കാര്യോമില്ല ഇതുങ്ങളോട് ,കഷ്ടം ..

    ReplyDelete
  26. പണ്ട്‌ കണ്ട ചിദംബരം എന്ന സിനിമ ഓർത്തുപോയി ഇത്‌ വായിച്ചപ്പോൾ. നല്ല വിവരണം.....

    ReplyDelete
    Replies
    1. ബാബുവിന്‍റെ കഥയുടെ രണ്ടാം ഭാഗമുണ്ട്.

      Delete

Related Posts Plugin for WordPress, Blogger...