Sunday 29 May 2011

കുഞ്ഞാപ്പയും കുഞ്ഞൂഞ്ഞും.




                       എന്താണെങ്കിലും   തങ്ങള്‍ അത് ചെയ്യരുതായിരുന്നു. ശിഹാബു തങ്ങള്‍ ആയിരുന്നെങ്ങില്‍ ഒരിക്കലും ഇത്തരം മര്യാദകേട്‌ കാട്ടില്ലായിരുന്നു.   പരിചയക്കുറവു കൊണ്ടാകാം. അല്ലെങ്കില്‍ സമ്മര്‍ദ്ദം   കൊണ്ടാകാം. പക്ഷെ ചെയ്തത് ചീപ് ആയിപ്പോയി.പാവം മഞ്ഞളാംകുഴി അലിയെ പറ്റിക്കുന്നതിന്‍റെ  ഭാഗമായിട്ടുള്ള  ഗൂഡാലോചനയില്‍ തങ്ങളും വേഷം കെട്ടി. ജനത്തിന് ലീഗിന്‍റെ അണിയറക്കളികളിലോന്നും വലിയ താല്പര്യമില്ല. കുഞ്ഞാപ്പ എന്തെങ്കിലും ചെയ്യട്ടെ മുനീറിനെ ഒതുക്കട്ടെ. കൂടെ നില്‍ക്കുന്നവരെ മന്ത്രിയാക്കട്ടെ .അതൊന്നും നമ്മുടെ കാര്യമല്ല. പക്ഷെ തങ്ങള്‍ കുഞ്ഞൂഞ്ഞിന്‍റെ പണിയെടുത്തത് തീരെ ശരിയായില്ല. കാരണം കുഞ്ഞൂഞ്ഞു പുതുപ്പള്ളിക്കാരുടെ വെറും കുഞ്ഞൂഞ്ഞു മാത്രം അല്ല. കേരളത്തിന്‍റെ  മുഖ്യമന്ത്രിയാണ്. മന്ത്രിമാരെ നിശ്ചയിക്കുന്നതും അവര്‍ക്ക് വകുപ്പുകള്‍ വീതിച്ചുകൊടുക്കുന്നതും  മുഖ്യമന്ത്രിയുടെ പണിയാണ്. ആ പണി തങ്ങള്‍ ചെയ്യാന്‍ പാടില്ലായിരുന്നു. ജനം ഇതെല്ലാം കാണുന്നുണ്ട്. അത് മറക്കരുത് .കേരളം എന്നത് മലപ്പുറത്തിന്‍റെ ഒരു ഭാഗമല്ല. തിരിച്ചാണ്. ഇരുപതു സീറ്റിന്‍റെ അഹങ്കാരം വേണ്ട. എഴുപത്തിയൊന്നാകാന്‍ പല ഇരുപതുകള്‍ വേണം എന്ന കാര്യം മറക്കരുത്. ഇതൊക്കെ ഇപ്പോഴെഴുതാന്‍ കാരണമുണ്ട്. ഇന്നലെ ശങ്കരനെ കണ്ടതാണ് പെട്ടന്നുള്ള പ്രകോപനം. ശങ്കരന്‍ കോണ്‍ഗ്രസ്കാരനാണ്. പക്ഷെ ശങ്കരന്‍ പറഞ്ഞു "ഈ യു.ഡി.എഫ്.കാര്‍ക്ക്  വോട്ടു ചെയ്യരുത്. അധികാരം കിട്ടിയാല്‍ പിന്നെ ഭരണം ലീഗിന്‍റെയാണ്". തിരഞ്ഞെടുപ്പിന് മുന്‍പേ ഈനാട്ടിലെ ഹിന്ദുക്കള്‍ക്കും  മറ്റു പലര്‍ക്കും ഇങ്ങനെ തോന്നിയതുകൊണ്ടാണ് യു.ഡി.എഫ്.ഈ പരുവത്തില്‍ ആയതു. രണ്ടായിരത്തി ആറിലും   ഈ വികാരം കണ്ടിരുന്നു. ലീഗ് ഇത് കാണാതെ പോകരുത്. കാരണം വളരെ ഉത്തരവാദിത്വ ബോധം  കാണിക്കേണ്ട പാര്‍ട്ടി  ആണത്. ശിഹാബു തങ്ങള്‍ ആ ഉത്തരവാദിത്വം കാണിച്ചിട്ടുണ്ട്. പുതിയ തങ്ങള്‍ അത് കാണാതെ പോകരുത്. പിന്നെ കുഞ്ഞൂഞ്ഞിനെ വിട്ടു പിണറായിയുടെ അടുത്തേക്ക്    പോകാമെന്ന് കരുതരുത്. അച്ചുമ്മാന്‍ ജീവിച്ചിരിക്കുമ്പോള്‍ അത് നടക്കില്ല. അത് കഴിഞ്ഞാല്‍ ആ സ്ഥാനത്ത് മറ്റാരെങ്കിലും വരും.
വെട്ടത്താന്‍.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...