Friday 28 June 2013

കവി



   
    ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു  . ഒരു കല്യാണം ഉറപ്പിക്കല്‍. ലളിതമായ ചടങ്ങാണു. കുറച്ചു പേരെ ഉള്ളൂ.  കാപ്പിയൊക്കെ കുടിച്ചു അവിടെയുള്ള കാരണവന്‍മാരോട് “കത്തി” വെച്ചു ഇരിക്കയായിരുന്നു ഞാന്‍. പെണ്‍ വീട്ടുകാര്‍ വരാന്‍ ഇനിയും സമയമുണ്ട്. അതുവരെ സമയം പോക്കണം. അകത്തെവിടെയോ നിന്നു കടമ്മനിട്ട സ്റ്റൈലില്‍ ഉള്ള ഒരു ആലാപനം കേള്‍ക്കാം. ഇടക്കിടക്ക് അത് ആവര്‍ത്തിക്കുന്നുമുണ്ട്. കേള്‍ക്കാനൊരു സുഖമൊക്കെയുണ്ട്. എന്താണ് സംഭവം എന്നു ആലോചിച്ചിരിക്കെ ഒരാള്‍ ബാബുവിനെ കൂട്ടിക്കൊണ്ടുവന്നു. ചെറുക്കന്‍റെ അമ്മാവനാണ് കക്ഷി. മൂപ്പര്‍ എഴുതി ആലപിച്ച കവിത എങ്ങിനെയുണ്ടെന്ന് നോക്കണം.


    ഒന്നാന്തരം ഒരു കര്‍ഷകനാണ് ബാബു. ജോലി ചെയ്യാന്‍ സമയം തികയുന്നില്ല എന്ന മട്ടില്‍ മണ്ണില്‍ അദ്ധ്വാനിക്കുന്ന സാധാരണക്കാരന്‍ . അയാളുടെ സഹോദരങ്ങളും കര്‍ഷകരാണ്. സാഹിത്യത്തിനും കലയ്ക്കും പൊതുവേ അവരുടെ ജീവിതത്തില്‍ സ്ഥാനമില്ല. അല്ലെങ്കില്‍ അതിനു സമയമില്ല. സാമാന്യ വിദ്യാഭ്യാസത്തിന് ശേഷം കൃഷിയിലേക്ക് എന്നതാണു  അവരുടെ ഒരു കുടുംബ ലൈന്‍. അങ്ങിനെയുള്ള ഒരു വീട്ടില്‍ നിന്നു ഒരു കവി. അയാളുടെ മൊബൈലില്‍ റിക്കാര്‍ഡ് ചെയ്ത കവിത ഉയര്‍ന്നു തുടങ്ങി.

    ആദ്യം ശ്രദ്ധിച്ചത് ആ ആലാപന ശൈലിയാണ്. നല്ല മുഴങ്ങുന്ന ശബ്ദം. വാക്കുകള്‍ മുറിക്കാതെ, അര്‍ത്ഥ ക്ലിഷ്ടത വരുത്താതെയുള്ള ആലാപനം. രചനയും കൊള്ളാം. അയാളുടെ നാട്ടിലുണ്ടായ ഒരു പ്രകൃതി ദുരന്തം മനുഷ്യര്‍ക്കുണ്ടാക്കിയ നാശങ്ങളും നഷ്ടങ്ങളുമാണ് പ്രമേയം. ചുറ്റുപാടില്‍ നിന്നു തന്നെ തിരഞ്ഞെടുത്ത ബിംബങ്ങള്‍ വളരെ നന്ന്. അധികം വായനയൊന്നുമില്ലാത്ത ഒരു പ്രീഡിഗ്രീക്കാരനില്‍ നിന്നു പ്രതീക്ഷിക്കാവുന്നതില്‍   അധികം മിടുക്ക് ഞാനയാളില്‍ കണ്ടു. അത് ബാബുവിന്‍റെ ആദ്യ കവിതയുമാണ്. എന്‍റെ അനുമോദനം അയാളെ സന്തോഷഭരിതനാക്കി. പിന്നീട് രചിച്ച രണ്ടു കവിതകള്‍ കൂടി അയാള്‍ കേള്‍പ്പിച്ചു. ആദ്യ രചനയുടെ അടുത്തെത്തില്ല. എന്നാലും കവിത എന്നപേരില്‍ ഓരോ ഇടങ്ങളില്‍ വായിക്കുന്ന സൃഷ്ടികളെക്കാള്‍ ഭേദം. അഭിപ്രായം ഞാന്‍ തുറന്നു പറയുകയും ചെയ്തു. പെട്ടെന്നു ബാബുവിന്‍റെ  കണ്ഠം ഇടറി, കണ്ണു നിറഞ്ഞു.  എന്‍റെ കൈ രണ്ടും  കൂട്ടിപ്പിടിച്ചു അയാള്‍ വിതുമ്പി “ ഇത് എന്‍റെ ഭാര്യയോടും മകനോടും

ഒന്നു പറയണം”

    ഒരു നിമിഷം ഞാന്‍ പകച്ചു പോയി. കാര്യങ്ങള്‍ എങ്ങോട്ടാണ് നീങ്ങുന്നത് എന്നു എനിക്കു മനസ്സിലായില്ല. എല്ലാവരും ഞങ്ങളെത്തന്നെയാണ് ശ്രദ്ധിക്കുന്നത്. ഞാന്‍ പതുക്കെ എഴുന്നേറ്റ് ബാബുവിനെയും കൂട്ടി പുറത്തേക്കിറങ്ങി. അയാള്‍ പറഞ്ഞുതുടങ്ങി. കവിത എഴുതി, മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍  ആലപിച്ചപ്പോള്‍ എല്ലാവരും അഭിനന്ദിച്ചു. ഇനിയുമെഴുതണമെന്ന് പലരും പറഞ്ഞു. പക്ഷേ വീട്ടില്‍ ചെന്നപ്പോള്‍ അന്തരീക്ഷം ആകെ മാറി. അച്ഛന്‍റെ “പൊട്ടക്കവിത” മകന് വലിയ അപമാനമായാണ് തോന്നിയത്. പ്ലസ് ടുവിനു പഠിക്കുന്ന അയാളുടെ കൂട്ടുകാര്‍ വല്ലാതെ കളിയാക്കിയത്രേ. അതുകൊണ്ട് ബാബു ഇനി കവിതയും കൊണ്ട് നടക്കരുത്. കവിതയെഴുത്തും ആലാപനവും ഉടനെ നിര്‍ത്തണം. അച്ഛനും അമ്മയും, മകളും മകനും മാത്രമുള്ള ആ വീട് അതുവരെ സന്തോഷം മാത്രം നിറഞ്ഞതായിരുന്നു. അച്ഛനും മകനും എന്നതിലേറെ ബാബു മകന്‍റെ കൂട്ടുകാരനുമായിരുന്നു. ബാബുവിന് നാലാളുടെ മുന്നില്‍ ലഭിച്ച അംഗീകാരം കൈവിടാന്‍ മടി. അയാള്‍ പിന്നേയും കവിതയെഴുതുകയും പരിചയക്കാരുടെ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു. അതോടെ മകന്‍റെ എതിര്‍പ്പ് കൂടി. അമ്മയും മകന്‍റെ പക്ഷം ചേര്‍ന്നതോടെ ബാബുവിന്‍റെ ജീവിതം ദുസ്സഹമായി.

    ഞാനയാളുടെ മകനുമായി സംസാരിക്കാമെന്നേറ്റു. പയ്യന്‍ പക്ഷേ തീരെ അടുക്കുന്നില്ല.  അച്ഛന്‍ കവിതയെഴുത്ത് നിര്‍ത്തി പഴയത് പോലെ പണികളുമായി കൂടണം എന്നാണ് അയാളുടെ ഡിമാന്‍റ്. ബാബു ഒരു വിധം നന്നായി കവിത എഴുതുന്നുണ്ടല്ലോ എന്നു പറഞ്ഞതും അയാള്‍ക്ക് ബോധ്യമായില്ല. വീട്ടിലെ പണികള്‍ എല്ലാം അച്ഛന്‍ തന്നെയല്ലേ ചെയ്യുന്നത് എന്ന ചോദ്യത്തിന് പഴയത് പോലെ ശുഷ്കാന്തി ഇല്ലെന്നായി ആരോപണം.  അയാള്‍ക്ക് പ്ലസ് വണ്ണിന് എത്ര മാര്‍ക്കുണ്ടെന്ന് ചോദിച്ചപ്പോള്‍ അത്ര പോരാ എന്നു മറുപടി. സ്വന്തം ജോലി ശരിക്ക് ചെയ്യാതെ അച്ഛനെ വിമര്‍ശിക്കാന്‍ നിനക്കെന്താണ് അവകാശം എന്നു ചോദിച്ചപ്പോള്‍ പയ്യന്‍ ക്ഷുഭിതനായി അകത്തേക്ക് കയറിപ്പോയി. പോകുമ്പോള്‍ “ഒരു കാരണവശാലും കവിതയെഴുതാന്‍ ഞാന്‍ സമ്മതിക്കില്ല” എന്നവന്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു.    എല്ലാം കേട്ടു നിന്ന അമ്മ  മകനെ പിന്തുണച്ചു എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.

    എല്ലാം ശരിയാകും എന്നു കവിയെ ആശ്വസിപ്പിച്ചു ഞാന്‍ പതുക്കെ രക്ഷപ്പെട്ടൂ.  ആറ് മാസം കഴിഞ്ഞു. ബാബു ഇപ്പൊഴും കവിതയെഴുതുന്നുണ്ടോ ആവോ.......

29 comments:

  1. കുത്തിക്കുറിച്ചുകൊണ്ടിങ്ങിരുന്നാല-
    ലത്താഴമുണ്ണാനെന്തുചെയ്യും.
    എന്ന ചോദ്യമാണ് ചില വീടുകളില്‍നിന്ന് മുഴങ്ങാറ്.
    അതോടെ തീര്‍ന്നില്ലേ എല്ലാം.
    വെട്ടത്താന്‍ സാറിന്‍റെ താല്പര്യവും,പ്രോത്സാഹനവും അയാളെ ഉത്തേജിപ്പിക്കാന്‍ പ്രാപ്തമാക്കി.
    പക്ഷെ,വീട്ടുകാരുടെ പുച്ഛത്തോടെയുള്ള പെരുമാറ്റം...
    ആശംസകള്‍

    ReplyDelete
    Replies
    1. ബാബു വീട്ടു ജോലികള്‍ വിട്ട് കവിതയെഴുത്ത് മാത്രമായി കൂടുകയായിരുന്നില്ല.ആ സ്ത്രീയുടെ കുടുംബ പശ്ചാത്തലം തന്നെയാവും പ്രശ്നങ്ങള്‍ക്ക് കാരണം.

      Delete
  2. കേട്ടിടത്തോളം മകന്റെ നിലപാടുകള്‍ക്കു പിന്നില്‍ അമ്മയാണെന്ന് സംശയം തോന്നുന്നു.....
    ആ കുടുംബം തകരാതിരിക്കാന്‍ ബാബു എഴുത്തു നിര്‍ത്തുന്നതാണ് നല്ലത്. അല്ലാതെ മറ്റു മാര്‍ഗമില്ല....

    ReplyDelete
    Replies
    1. ആ നിഗമനം ശരിയാണ്. കുറെ പണിയെടുക്കുക.നിറച്ചു ഉണ്ണുക. എന്നതിനപ്പുറം മറ്റ് ചിലതുകൂടിയുണ്ടെന്ന് ആ സ്ത്രീക്ക് ആര് പറഞ്ഞു കൊടുക്കും?

      Delete
  3. നിങ്ങളുടെ മുത്തുകളെ പന്നികള്‍ക്ക് മുമ്പില്‍ വിതറരുത് എന്ന് മഹദ് വചനം

    ReplyDelete
    Replies
    1. മനസ്സമാധാനത്തോടെ ജീവിക്കണം എങ്കില്‍ അയാള്‍ എഴുത്ത് നിര്‍ത്തേണ്ടി വരും. ആ ഭാര്യയെയും മകനെയും തിരുത്തുക വിഷമം തന്നെയാണ്.

      Delete
  4. കഴിഞ്ഞയാഴ്ച ചൈനീസ് റെസ്റ്ററന്റില്‍ പോയപ്പോള്‍ അവരുടെ "ഫോര്‍ച്ചൂണ്‍ കുക്കീ"യില്‍ നിന്നു കിട്ടിയത്:
    "Those who do not stand up for anything, will fall for everything"

    അതാണ് എനിയ്ക്ക് ബാബുവിനോടു പറയാനുള്ളത്. കുറച്ചൊക്കെ നീക്കുപോക്കുകള്‍ ആകാം - അല്ലാതെ ഈ temper tantrums നു വഴങ്ങേണ്ട കാര്യമൊന്നുമില്ല.

    ReplyDelete
    Replies
    1. വഴങ്ങേണ്ട കാര്യമില്ല.പക്ഷേ അയാളുടെ മനസ്സമാധാനം നഷ്ടപ്പെടും. അയാള്‍ കവിതയെഴുത്ത് നിര്‍ത്തില്ല എന്നു ആശിക്കാം.

      Delete
  5. Kudumbam nokkathe appan kavithayumkondirunnal sariyalla.Veettukaryangal nadathunnathinte
    koode apna apna estangal cheyyunnathinu entha kuzappam.Makanodu poye avante pany nokkan parayuka.Ammakku vivaramillayrikkum. Mary.

    ReplyDelete
    Replies
    1. വീട്ടിലെ ജോലികള്‍ അയാള്‍ തന്നെയാണ് ചെയ്യുന്നത്. മക്കളെ കൂട്ടുകാരെപ്പോലെ വളര്‍ത്തുന്ന അച്ഛന്‍മാരുടെ ഗതികേട് കൂടിയാണിത്.

      Delete
  6. വെട്ടത്താന്‍ സാര്,
    സത്യം പറയാലോ, ആ ചെക്കന് തല്ലിന്‍റെ അസ്സല് കുറവുണ്ട്. അച്ഛന്‍ കവിതയെഴുതുന്നത് അവന് അപമാനമാണുപോലും.

    ReplyDelete
    Replies
    1. എന്തു ചെയ്യാം ഉണ്ണി വീട്ടില്‍ ഒരു ഗ്രൂപ്പ് രൂപപ്പെടുമ്പോള്‍ അയാള്‍ ഒറ്റപ്പെട്ടു പോകുന്നു.

      Delete
  7. ഇതുവരെ കേട്ടിട്ടില്ലാത്ത അനുഭവം!
    വെട്ടത്താന്‍ സാറേ, വല്ലാത്തൊരു ദൌത്യം തന്നെ സാര്‍ ഏറ്റെടുത്തത്.

    (ഇനിയുംവരും)

    ReplyDelete
    Replies
    1. ഉപദ്രവകാരികളായ ഭര്‍ത്താക്കന്മാരെ വളര്‍ന്ന് വരുന്ന മക്കളെക്കൊണ്ട് നേരിടുന്ന അമ്മമാരെക്കുറിച്ച് കേട്ടിട്ടുണ്ട്. അച്ഛന്റെ കവിതയെഴുത്ത് നിര്‍ത്താന്‍ മകനെ കരുവാക്കുന്ന അമ്മ ഒരു പുതുമയാണ്.

      Delete
  8. വായിച്ചു. വളരെ വേദന തോന്നി.
    മാതാപിതാക്കള്‍ പണ്ട് കുട്ടികളുടെ കഴിവുകള്‍ അടിച്ചമര്‍ത്തി എന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോ..?

    ReplyDelete
    Replies
    1. കവിതയ്ക്കും കഥയ്ക്കും ആസ്വാദനത്തിനും ഒരു കുടുംബ പശ്ചാത്തലം വേണം. അതില്ലാത്തിടത്ത് കവിതയെഴുത്ത് ഒരു തോന്ന്യവാസമാണ്.

      Delete
  9. ഈ എതിര്‍പ്പുകളൊക്കെ അദേഹത്തിനു തരണം ചെയ്യാനാകും.... അല്ലെങ്കി പിന്നെന്തു കവി.. എന്ത് കവിത...

    ReplyDelete
    Replies
    1. അങ്ങിനെ പ്രതീക്ഷിക്കാം.

      Delete
  10. വായിച്ചിട്ട് വിഷമം തോന്നുന്നു...

    ReplyDelete
  11. പ്ലസ്‌ ടു വിനു പഠിക്കുന്ന ഒരു മകനെ ഭയന്നിട്ട് വേണോ ഒരച്ഛനു കവിത എഴുതാന്‍. ആ മനുഷ്യന് വീട്ടില്‍ ഒരു വിലയും ഇല്ലേ...?

    ReplyDelete
    Replies
    1. മക്കളെ സുഹൃത്തുക്കളായി വളര്‍ത്തുന്നതിന് ഇങ്ങിനെ ചില ദോഷങ്ങളുമുണ്ട്.

      Delete
  12. ''Saadhithyo? Athoru thozhilaanodo?''
    Vithukal - MTyude kadhayile dialogue orthupoyi.
    Good post.

    ReplyDelete
    Replies
    1. പലര്‍ക്കും ഇന്നും അതൊരു തോന്ന്യവാസമാണ്.

      Delete
    2. Sahithyarachanayil njaan erppedumpol,
      vere pani onnum ille enna chodyam njaan neridunnundu !

      Delete
    3. സമൂഹത്തിലെ ധാരാളം ആളുകള്‍ക്ക് എഴുത്ത് ഒരു വൃഥാ വ്യായാമമാണ്.ഗൂഗിള്‍ പ്ലസ് അല്ലാതെ സാറിപ്പോള്‍ ബ്ലോഗ് സൈറ്റ് സൂക്ഷിക്കുന്നില്ലേ?

      Delete
    4. Thirakkaayirunnu. Ithu randum undu:
      drpmalankot0.blogspot.com
      drpmalankot2000.blogspot.com

      Delete
  13. നല്ല പോസ്റ്റ്. പക്ഷേ, അവസാനത്തെ വരി പ്രതീക്ഷിച്ചില്ല. ആറു മാസത്തിനിടക്ക് ചെറുതായെങ്കിലും ഇടപെടണമായിരുന്നു. ചുരുങ്ങിയപക്ഷം ഒന്ന് അന്വേഷിക്കുകയെങ്കിലും...
    ഇത്രക്കൊന്നും പ്രശ്നമല്ലെങ്കിലും ഇതുപോലെ ചില പ്രശ്നങ്ങൾ നേരിടുന്നയാളായതുകൊണ്ട് ബാബുവിനോടു പറയാനുള്ളത്, ചെയ്യാനുള്ളത് ചെയ്യുക.എതിർപ്പുള്ളവരിൽനിന്ന് അഭിനന്ദനം പ്രതീക്ഷിക്കാതിരിക്കുക. അവരുടെ മുമ്പിൽ സൃഷ്ടികളുമായി പോവാതിരിക്കുക.

    ReplyDelete
    Replies
    1. വരവിനും അഭിപ്രായത്തിനും നന്ദി. അവരുടെ കുടുംബ കാര്യങ്ങളില്‍ ഇടപെടാന്‍ നമുക്ക് പരിമിതികളുണ്ടല്ലോ. അവര്‍ 50 കിലോമീറ്റര്‍ ദൂരെയുമാണ്. എങ്കിലും അയാളുടെ സഹോദരങ്ങളോട് ഞാന്‍ കാര്യങ്ങള്‍ വ്യക്തമാക്കി. അവരും ഒരു പരിധി വരെ നിസ്സഹായരാണ്.

      Delete
  14. കവിത ആര്‍ക്കും മുടക്കാനാവില്ല. അവതരണമേ മകന് തടയാനാവൂ

    ReplyDelete

Related Posts Plugin for WordPress, Blogger...